12 Apr 2014

ഗ്യാംഗ്സ്റ്റര്‍ - അതിഭീകരമാം വിധം പൈശാചികം!!! 3.80/10

അധോലോക സംഘങ്ങള്‍ തമ്മിലുള്ള പോരാട്ടങ്ങള്‍ വിഷയമാക്കിയിട്ടുള്ള നിരവധി സിനിമകള്‍ മലയാളത്തിലും അന്യഭാഷാ സിനിമകളിലും നിര്‍മ്മിക്കപെടാറുണ്ട്. അവയോരോന്നും കാണുവാന്‍ ആകാംഷയോടെ കാത്തിരിക്കുന്നവരാണ് മലയാളികള്‍. മമ്മൂട്ടിയുടെ തന്നെ സിനിമകളായ സാമ്ര്യജ്യവും അതിരാത്രവും ബിഗ്‌ ബി യുമൊക്കെ തന്നെ അതിനുദാഹരണം. അധോലോക പരിവേഷം നന്നായി ഇണങ്ങുന്ന നടന്മാരില്‍ ഒരാളായ മമ്മൂട്ടിയും, നവയുഗ സംവിധായകരില്‍ സ്വന്തം കഴിവ് തെളിയച്ച ആഷിക് അബുവും ചേരുമ്പോള്‍ മറ്റൊരു മികച്ച ആക്ഷന്‍ സിനിമ പ്രേക്ഷകര്‍ ആഗ്രഹിക്കുക തെറ്റല്ല. പ്രേക്ഷകരെല്ലാവരും അമിത പ്രതീക്ഷയിലാണെന്ന് അറിയാവുന്ന ഏതൊരു സംവിധായകനും തിരക്കഥകൃത്തും പുതുമയുള്ള എന്തെങ്കിലും അവര്‍ക്ക് നല്‍ക്കുവാനെ ശ്രമിക്കുകയുള്ളു. പക്ഷെ, ഗ്യാംഗ്സ്റ്റര്‍ എന്ന സിനിമയുടെ കാര്യത്തില്‍ സംഭവിച്ചത് വിപരീതമാണ്.

കണ്ടുമടുത്തതും കേട്ടുപഴകിയതും പ്രവചിക്കനാവുന്നതുമായ കഥാഗതിയും കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും കൃത്യമായി സമന്വയിപ്പിച്ചത് എങ്ങനെയെന്ന് ആഷിക് അബുവിനും അഭിലാഷ് കുമാറിനും അഹമ്മദ് സിദ്ദിക്കിനും മാത്രമറിയാവുന്ന കാര്യമാണ്. ആഷിക് അബുവിന്റെ ഇടുക്കി ഗോള്‍ഡ്‌ എന്ന സിനിമയുടെ പരസ്യവാചകം അതിഭീകമാം വിധം സാധാരണം എന്നാണെങ്കില്‍, ഗ്യാംഗ്സ്റ്ററിന് പ്രേക്ഷകര്‍ നല്‍ക്കുന്ന അവസാനവാചകം അതിഭീകരമാം വിധം പൈശാചികം എന്നതാവും.

ഓ.പി.എം.ന്റെ ബാനറില്‍ സംവിധായകന്‍ ആഷിക് അബു തന്നെ നിര്‍മ്മിച്ചിരിക്കുന്ന ഗ്യാംഗ്സ്റ്ററില്‍ മമ്മൂട്ടിയെ കൂടാതെ ശേഖര്‍ മേനോന്‍, കുഞ്ചന്‍, ജോണ്‍ പോള്‍, ടി.ജി.രവി, ഹരീഷ് പരേടി, ദിലീഷ് പോത്തന്‍, നൈല ഉഷ, അപര്‍ണ്ണ ഗോപിനാഥ് എന്നിവരുമുണ്ട്. അഭിലാഷ് കുമാറും അഹമ്മദ് സിദ്ദികും(കെ.ടി.മിറാഷ് - സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ ഫെയിം) ചേര്‍ന്നാണ് ഗ്യംഗ്സ്റ്ററിന്റെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. ആല്‍ബി ചായാഗ്രഹണവും, സൈജു ശ്രീധരന്‍ ചിത്രസന്നിവേശവും, ദീപക് ദേവ് പശ്ചാത്തല സംഗീത സംവിധാനവും, അജയന്‍ ചാലിശേരി കലാസംവിധാനവും, ഡാന്‍ ജോസ് ശബ്ദമിശ്രണവും, സമീറ സനീഷ് വസ്ത്രാലങ്കാരവും, റോണക്സ്‌ മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
അഭിലാഷ് കുമാറും അഹമ്മദ് സിദ്ദിക്കും ചേര്‍ന്ന് എഴുതിയ കഥാസന്ദര്‍ഭങ്ങള്‍ക്ക് അവരോളം തന്നെ കാലപഴക്കമുള്ളതാണെന്ന് അറിയണമെങ്കില്‍ മമ്മൂട്ടി തന്നെ അഭിനയിച്ച അധോലോക നായക കഥാപാത്രങ്ങള്‍ കണ്ടാലറിയാം. രണ്ടു അധോലോക സംഘങ്ങള്‍ തമ്മിലുള്ള പകപോക്കലും അവയ്ക്കൊടുവില്‍ നായകന്‍ ജയിച്ചു വരുന്നതുമൊക്കെ എത്രയോ സിനിമകളില്‍ പ്രേക്ഷകര്‍ കണ്ടുമടുത്തതാണെന്ന് അഭിലാഷ് കുമാറിനും അഹമ്മദ് സിദ്ദിക്കിനും അറിയാത്തതാണെന്ന് അവിശ്വസനീയമായ കാര്യമാണ്. മമ്മൂട്ടിയുടെ താരമൂല്യം വിറ്റുകാശാക്കാന്‍ സാധ്യതകള്‍ ഏറെയുള്ള ഒരു സാഹചര്യത്തില്‍ സിനിമ ലാഭകരമാവുക എന്നത് ഒരു പ്രശനമെയല്ല. ആ സ്ഥിതിയ്ക്ക് ഓരോ രംഗങ്ങളും പ്രവചിക്കാനാവുന്ന ഗതിയിലായാലും, മുന്‍കാല സിനിമകളിലൂടെ പ്രേക്ഷകര്‍ കണ്ടുമടുത്തതായാലും തിരക്കഥകൃത്തുക്കളെ ദോഷകരമായി ബാധികുകയില്ലല്ലോ എന്ന ചിന്തയാവും ഇതിനു പിന്നില്‍. ഒരു പുതുമയും അവകാശപെടാനില്ലാത്ത ഈ തിരക്കഥ മമ്മൂട്ടിയെ എങ്ങനെ ആകര്‍ഷിച്ചു എന്നത് മനസ്സിലാകാത്ത മറ്റൊരു കാര്യമാണ്. ഇനിയും ഇതുപോലുള്ള തിരക്കഥകള്‍ എഴുതിയാല്‍ ഉണ്ടാവുന്ന ഫലം മനസ്സിലാക്കാന്‍ അഭിലാഷ് കുമാറും അഹമ്മദ് സിദ്ദിക്കിനും സാധിക്കട്ടെ. 

സംവിധാനം: ബിലോ ആവറേജ്
വെടിയും പുകയും നിറഞ്ഞ അന്തരീക്ഷം, സ്ലോ മോഷനില്‍ നടക്കുന്ന അത്യാവശ്യത്തിനു മാത്രം സംസാരിക്കുന്ന നായകന്‍, കണ്ടാല്‍ മാന്യരെന്നു തോന്നിക്കാത്ത കുറെ അനുയായികള്‍, എന്തിനോ വേണ്ടി മരിക്കുന്ന നായകന്റെ കുടുംബം, തെറ്റുകള്‍ മാത്രം ചെയ്യുന്ന കുറെ വില്ലന്മാര്‍ക്ക് നടുവിലേക്ക് കഞ്ചാവ് വലിച്ചും പെണ്ണുങ്ങളെ പീഡിപ്പിച്ചും അവതരിക്കുന്ന പ്രധാന വില്ലന്‍, നായകനും വില്ലനും തമില്ലുള്ള മൗനം, പ്രതികാരം, പകവീട്ടല്‍, കൊലപാതകങ്ങള്‍, അങ്ങനെ കണ്ടുമടുത്ത കഥാപാത്രങ്ങളുടെയും കഥാസന്ദര്‍ഭങ്ങളുടെയും ഘോഷയാത്രയാണ് ഈ ആഷിക് അബു സിനിമ. മേല്പറഞ്ഞ രംഗങ്ങള്‍ക്ക് പുതുമകള്‍ ഒന്നുംതന്നെ അവകാശപെടാനില്ലയെങ്കിലും, പാവം പ്രേക്ഷകര്‍ക്ക്‌ മനസ്സിലാകുംവിധമെങ്കിലും ചിത്രീകരിക്കാമായിരുന്നു. രണ്ടാം പകുതിയില്‍ അക്ബര്‍ അലി തിരിച്ചു വന്നതിനു ശേഷമുള്ള രംഗങ്ങള്‍ പലതിലും എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകണമെങ്കില്‍ ഈ സിനിമ ഒരുവട്ടം കൂടി കാണേണ്ടിവരും. ബിലാല്‍ ജോണ്‍ കുരിശിങ്കലിനെ പ്രേക്ഷകര്‍ സ്വീകരിച്ചത് ബിഗ്‌ ബി എന്ന സിനിമയുടെ പുതുമ നിറഞ്ഞ കഥാസന്ദര്‍ഭങ്ങളിലൂടെ ആ കഥാപാത്രം നടത്തുന്ന പ്രവര്‍ത്തികളാണ്. അതരത്തില്ലുള്ള പുതുമയുള്ള പശ്ചാത്തലമെങ്കിലും ഈ സിനിമയ്ക്ക് ആഷിക് അബുവിന് നല്‍കാമായിരുന്നു. മമ്മൂട്ടിയുടെ ആരാധകരെ വെറുപ്പിക്കുന്ന മറ്റൊരു ഘടകം എന്നത് ശേഖര്‍ മേനോന്‍ എന്ന നടന് മമ്മൂട്ടിയെക്കാള്‍ കൂടുതല്‍ രംഗങ്ങള്‍ നല്‍ക്കി എന്നതിനാലാണ്. ഇതൊക്കെ ആഷിക് അബുവിന് പറ്റിയ അബദ്ധങ്ങള്‍ മാത്രമാണ്. ആല്‍ബി എന്ന ചായഗ്രഹകാന്‍ സംവിധയകനോടൊപ്പം കൂടെയില്ലയിരുന്നെങ്കില്‍, ഒരു പക്ഷെ ഗ്യാംഗ്സ്റ്റര്‍ എന്ന സിനിമ രണ്ടാം ദിനം തിയറ്ററുകളില്‍ നിന്ന് പോകുമായിരുന്നു. സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ മുതല്‍ ഇടുക്കി ഗോള്‍ഡ്‌ വരെ പ്രേക്ഷകരെ ആസ്വദിപ്പിച്ച ആഷിക് അബുവിനോട് എല്ലാവര്‍ക്കും ക്ഷമിക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

സാങ്കേതികം: എബവ് ആവറേജ്


ആല്‍ബി എന്ന ചായഗ്രാഹകന്റെ ഏറ്റവും മികച്ച വിഷ്വല്‍സ് എന്നതിലുപരി മലയാള സിനിമയില്‍ കാണാത്തതരം ഉജ്വലമായ ചില ഫ്രെയിമുകള്‍ ഈ സിനിമയിലൂടെ മലയാളികള്‍ക്ക് കാണുവാന്‍ സാധിക്കും. സമീപകാല മലയാള സിനിമ കണ്ടത്തില്‍ വെച്ച് ഏറ്റവും മികച്ചത് എന്ന് തന്നെ വിശേഷിപ്പിക്കേണ്ടിവരും. അല്‍ബി പകര്‍ത്തിയ രംഗങ്ങള്‍ തരക്കേടില്ലാതെ കോര്‍ത്തിണക്കുവാന്‍ സൈജു ശ്രീധരന് സാധിച്ചു. ഇഴഞ്ഞു നീങ്ങുന്ന രീതിയിലാണ് രംഗങ്ങള്‍ മുന്‍പോട്ടു പോകുന്നതെങ്കിലും, അവയൊന്നും ചിത്രസന്നിവേശകന്റെ കുഴപ്പമല്ല എന്ന പ്രേക്ഷകര്‍ക്ക്‌ തിരിച്ചറിയാനാവും. ദീപക് ദേവ് ഈണമിട്ട പശ്ചാത്തല സംഗീതം ചില രംഗങ്ങളെ രസിപ്പിക്കുമെങ്കിലും, പ്രേക്ഷര്‍ക്കു ഓര്‍ത്തിരിക്കുവാനുള്ള മഹിമായൊന്നുമില്ല. അജയന്‍ ചാലിശേരിയുടെ കലാസംവിധാനവും, സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും, ഡാന്‍ ജോസിന്റെ ശബ്ദമിശ്രണവും മികവു പുലര്‍ത്തി.

അഭിനയം: ആവറേജ്
അക്ബര്‍ അലി എന്ന അധോലോക നായകനെ മികച്ച രീതിയില്‍ തന്നെ മമ്മൂട്ടി അവതരിപ്പിച്ചു. ഇതിലും മികച്ച രീതിയിലാണ് അദ്ദേഹം താരദാസിനെയും അലകസാണ്ടറെയും  ബിലാലിനെയും അവതരിപ്പിച്ചതെങ്കിലും, അക്ബര്‍ അലിയും മമ്മൂട്ടിയുടെ ആരാധകരെ ആവേശഭരിതരാകുമെന്നുറപ്പ്. ശേഖര്‍ മേനോന്‍ അവതരിപ്പിച്ച വില്ലന്‍ വേഷം പല രംഗങ്ങളിലും അമിതാഭിനയമായി തീര്‍ന്നു. കുഞ്ചനും ജോണ്‍ പോളിനും കൈകാര്യം ചെയ്യുവാന്‍ സാധിക്കാത്ത കഥാപാത്രമായി ഈ സിനിമയിലെ വില്ലന്‍ വേഷങ്ങള്‍. നൈല ഉഷയും അപര്‍ണ്ണ ഗോപിനാഥും വെറുതെ വന്നുപോയി. ടി.ജി.രവിയും ദിലീഷ് പോത്തനും ഹരീഷ് പരേടിയും മോശമാക്കിയില്ല.  

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ആല്‍ബിയുടെ ചായാഗ്രഹണം
2. മമ്മൂട്ടി

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥയും കഥാസന്ദര്‍ഭങ്ങളും
2. സംഭാഷണങ്ങള്‍
3. സംവിധാനം
4. രണ്ടാം പകുതിയിലെ രംഗങ്ങള്‍

ഗ്യാംഗ്സ്റ്റര്‍ റിവ്യൂ: മമ്മൂട്ടി എന്ന താരത്തെ ആരാധിക്കുന്നവര്‍ക്ക് ഒരുവട്ടം കണ്ടുനോക്കാവുന്ന പരീക്ഷണം മാത്രമാണ് ഗ്യാംഗ്സ്റ്ററെങ്കില്‍, മമ്മൂട്ടി എന്ന നല്ല  നടനെ സ്നേഹിക്കുന്ന ആരാധകര്‍ക്ക് ഇതൊരു സിനിമ ദുരന്തം മാത്രം.

ഗ്യാംഗ്സ്റ്റര്‍ റേറ്റിംഗ്: 3.80/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്‍ 11.5/30 [3.8/10]

നിര്‍മ്മാണം, സംവിധാനം: ആഷിക് അബു
ബാനര്‍: ഓ.പി.എം.
രചന: അഭിലാഷ് കുമാര്‍, അഹമ്മദ് സിദ്ദിക്ക്
ചായാഗ്രഹണം: ആല്‍ബി
ചിത്രസന്നിവേശം: സൈജു ശ്രീധരന്‍
പശ്ചാത്തല സംഗീതം: ദീപക് ദേവ്
കലാസംവിധാനം: അജയന്‍ ചാലിശ്ശേരി
ശബ്ദമിശ്രണം: ഡാന്‍ ജോസ്
വസ്ത്രാലങ്കാരം: സമീറ സനീഷ്
മേക്കപ്പ്: റോണക്സ്‌ സേവ്യര്‍
വിതരണം: ആന്‍ മെഗാ മീഡിയ റിലീസ് 

2 comments:

  1. "ആരാധകരെ വെറുപ്പിക്കുന്ന.. ", "ആരാധകരെ ആവേശഭരിതരാകുമെന്നുറപ്പ്", "ആരാധകര്‍ക്ക് ഇതൊരു സിനിമ ദുരന്തം"..
    ആരാധകര്ക്ക് വേണ്ടിയുള്ള റിവ്യൂ ആണോ? :)

    ReplyDelete
  2. I have been following Niroopanam for more than 6 months in a row. Honest attempt from author on almost movies. On Gangster movie, like anyone expectation was high. Better luck for Mammotty and Aashiq Abu next time.

    ReplyDelete