3 May 2014

മോസയിലെ കുതിര മീനുകള്‍ - യുക്തിയില്ലാതെ ഇഴയുന്ന മീനുകള്‍ എന്നതാവും ഉചിതം! 4.20/10

അസിഫ് അലി നായകനായി അഭിനയിച്ചിട്ടുള്ള ഭൂരിഭാഗം സിനിമകള്‍ക്കും കൌതുകമുണര്‍ത്തുന്ന സിനിമാപേരുകളാണ് അതിന്റെ അണിയറപ്രവര്‍ത്തകര്‍ നല്‍ക്കാറുള്ളത്. ലക്ഷദ്വീപിലെ കടലില്‍ കാണപെടാറുള്ള ഉയരമുള്ള തിരമാലകളെ അവിടത്തുക്കാര്‍ വിളിക്കുന്നത്‌ മോസ എന്നാണ്. സ്വന്തം ലക്ഷ്യങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍ക്കാറുള്ള ചില മനുഷ്യരെ പോലെ, ചില മീനുകളുമുണ്ട്. അത്തരത്തിലുള്ള മീനുകളെയാണ് കുതിര മീനുകള്‍ എന്ന് വിശേഷിപ്പിക്കുന്നത്. ചില പ്രത്യേക ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി ലക്ഷദ്വീപിലെത്തുന്ന അക്ബര്‍ അലിയും അലക്സ് കുര്യനുമാണ് ഈ സിനിമയിലെ കുതിര മീനുകള്‍. അക്ബര്‍ അലിയായി സണ്ണി വെയ്നും അലക്സ് കുര്യനായി ആസിഫ് അലിയുമാണ് അഭിനയിച്ചിരിക്കുന്നത്.

ഫ്രെയ്മ്സ് ഇനവെറ്റബിളിന്റെ ബാനറില്‍ നിയാസ് ഇസ്മെയ്ല്‍ നിര്‍മ്മിച്ച്‌, പുതുമുഖം അജിത്‌ പിള്ള സംവിധാനം നിര്‍വഹിച്ച മോസയിലെ കുതിര മീനുകളിന്റെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത് സംവിധായകന്‍ അജിത്‌ പിള്ളയും വിപിന്‍ രാമചന്ദ്രനും ചേര്‍ന്നാണ്. അമേന്‍ എന്ന സിനിമയ്ക്ക് ശേഷം അഭിനന്ദന്‍ രാമാനുജന്‍ ചായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമാകൂടിയണിത്. പ്രശാന്ത്‌ പിള്ളയാണ് പാട്ടുകളുടെ സംഗീതവും പശ്ചാത്തല സംഗീത സംവിധാനവും നിര്‍വഹിച്ചത്. രതീഷ്‌ രാജാണ് ചിത്രസന്നിവേശം.

കഥ, തിരക്കഥ: ബിലോ ആവറേജ്
വെള്ളമടി, ബീഡി വലി, കള്ളപണം, ജയില്‍ ചാട്ടം എന്നിവയെല്ലാമാണല്ലോ ആസിഫ് അലി അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ സ്ഥിരം സ്വഭാവ സവിശേഷതകള്‍. മേല്പറഞ്ഞ സ്വഭാവവിശേഷണങ്ങളുളള അലസമായ ജീവിതം നയിക്കുന്ന ചെറുപ്പകാരനായാണ് തിരക്കഥകൃത്തുക്കള്‍ ഈ സിനിമയിലും ആസിഫ് അലിയുടെ അലക്സ് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്. കണ്ടുമടുത്തതാണെങ്കിലും അതെല്ലാം ക്ഷമിച്ചു സിനിമ കാണുന്ന പ്രേക്ഷകരുടെ യുക്തിയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ളതായിരുന്നു അലക്സ് ജയില്‍ ചാടുന്ന രംഗങ്ങള്‍. ഇരുട്ടറയിലെ കുറ്റവാളികളെ പൂട്ടിയിടാറില്ല എന്നതിലുപരി, തൂക്കികൊല്ലാന്‍ ഉപയോഗിക്കുന്ന മുറയില്‍ എളുപ്പത്തില്‍ കടന്നു ചെല്ലുന്നതും അവിടെ നിന്ന് രക്ഷപെടുന്നതും കൂടി കണ്ടപ്പോള്‍ ഈ സിനിമയിലുള്ള പ്രേക്ഷകരുടെ പ്രതീക്ഷ നഷ്ടപെട്ടു. അലക്സ് ജയില്‍ ചാടുന്നതിനോപ്പം ജയില്‍ ചാടിയ അക്ബര്‍ അലിയ്ക്ക് ലോക്കപ്പിന്റെ പൂട്ട്‌ തല്ലിപൊളിക്കാനുള്ള കമ്പിപാര എവിടെ നിന്ന് കിട്ടി എന്ന സംശയം ബാക്കിനിര്‍ത്തികൊണ്ട് പ്രേക്ഷകര്‍ ആദ്യപകുതി കണ്ടവസാനിപ്പിച്ചു. രണ്ടാം പകുതിയില്‍ അലക്സും അക്ബറും ലക്ഷദ്വീപില്‍ എത്തിച്ചേരുവാന്‍ വേണ്ടി കപ്പില്‍ കയറുന്ന രംഗം കൂടി കണ്ടപ്പോള്‍, തീര്‍ത്തും നിരാശരായി പാവം പ്രേക്ഷകര്‍. ഒരു കൂട്ടം ജനങ്ങളെയും കപ്പലിലെ ജീവനക്കാരെയും വിഡ്ഢികളാക്കി, തിരിച്ചറിയല്‍ കാര്‍ഡു പോലുമില്ലാതെ ഇരുവരെയും കപ്പലില്‍ കയറ്റിയ തിരക്കഥകൃത്തുക്കളുടെ ബുദ്ധി അപാരം തന്നെ. കഥയുടെ അവസാനം അക്ബര്‍ തിമീംഗലത്തെ നിസ്സാരമായി കീഴ്പെടുത്തുന്ന രംഗങ്ങള്‍ കൂടി കണ്ടപ്പോള്‍ പ്രേക്ഷകരുടെ ക്ഷമ പൂര്‍ണമായും നശിച്ചു. യുക്തിയെ ചോദ്യം ചെയ്യുന്ന നിരവധി രംഗങ്ങളുടെ ഘോഷയാത്രയാണ് ഈ സിനിമയുടെ തിരക്കഥ. ഏതൊരു സിനിമയുടെയും നട്ടെല്ല് ആ സിനിമയുടെ തിരക്കഥയാണെന്ന് എന്നാണാവോ അജിത്‌ പിള്ളയും വിനു രാമചന്ദ്രനും മനസ്സിലാക്കുവാന്‍ പോക്കുന്നത്.

സംവിധാനം: ബിലോ ആവറേജ്
യുക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍ എഴുതിയുണ്ടാക്കിയത്തിനു ശേഷം അവ ഓരോന്നും പ്രവചിക്കാനാവുന്ന രീതിയില്‍ പുതുമകളില്ലാതെ ചിത്രീകരിക്കുകയും കൂടി ചെയ്തു അജിത്‌ പിള്ള എന്ന നവാഗത സംവിധായകന്‍. കണ്ടുമടുത്തതും യുക്തിയെ ചോദ്യം ചെയ്യുന്നതുമായിരുന്നു ആദ്യ പകുതിയുടെ പ്രശ്നമെങ്കില്‍, ഇഴഞ്ഞുനീങ്ങുന്ന രംഗങ്ങളായിരുന്നു സിനിമയുടെ രണ്ടാം പകുതിയുടെ പ്രശ്നം. ആദ്യ പകുതിയില്‍ അലക്സിന്റെ കുത്തഴിഞ്ഞ ജീവിതത്തില്‍ തുടങ്ങിയ കഥ, രണ്ടാം പകുതിയിലെത്തിയപ്പോള്‍ അക്ബറിന്റെ പ്രണയകഥയായി മാറി. കഥയിലെ ചില വഴിത്തിരുവുകള്‍ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ടെങ്കിലും, ഈ വഴിത്തിരുവുകള്‍ സംഭവിക്കുന്നത്‌ മന്ദഗതിയിലായത് പ്രേക്ഷകരെ ബോറടിപ്പിച്ചു. ഒരു സംവിധായകനെന്ന നിലയില്‍ മികച്ച സാങ്കേതിക പ്രവര്‍ത്തകരെ ഈ സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചു എന്നതല്ലാതെ അജിത്‌ പിള്ളയ്ക്ക് ആശ്വസിക്കാവുന്ന ഒന്നും ഈ സിനിമ നല്ക്കുന്നില്ല. ഇന്നുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത ലക്ഷദ്വീപിലെ മനോഹരമായ ലോക്കെഷനുകളിലൂടെ സഞ്ചരിക്കുന്ന കഥാഗതിയാണ് ഈ സിനിമ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഏക ഘടകം. എത്ര മനോഹരമായ ലൊക്കേഷനുകളില്‍ ചിത്രീകരിച്ചാലും കഥയില്‍ ലോജിക്കില്ലയെങ്കില്‍ മലയാള സിനിമ പ്രേക്ഷകര്‍ അതു സ്വീകരിക്കില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സിനിമ.

സാങ്കേതികം: ഗുഡ്
ആമേന്‍ എന്ന സിനിമയ്ക്ക് വേണ്ടി ആലപ്പുഴയിലെ കായലോരങ്ങളെ അത്ഭുതഭൂമിയാക്കി സൃഷ്ട്ടിച്ച അഭിനന്ദന്‍ രാമാനുജന്റെ രണ്ടാമത്തെ സിനിമയാണ് മോസയിലെ കുതിര മീനുകള്‍. ലക്ഷദ്വീപിലെ കാണാകാഴ്ചകള്‍ മനോഹരമായിതന്നെ ചിത്രീകരിക്കുവാന്‍ അഭിനന്ദന് സാധിച്ചിട്ടുണ്ട്. അമേനിലെ ചായാഗ്രഹണ മികവോന്നും ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ക്കില്ല എങ്കിലും, കടലിനടിയില്‍ ചിത്രീകരിച്ചിരിക്കുന്ന രംഗങ്ങളും തിമീംഗലത്തെ കീഴ്പെടുത്തുന്ന രംഗങ്ങളും വിശ്വസനീയമായി അനുഭവപെട്ടു. രതീഷ്‌ രാജിന്റെ ചിത്രസന്നിവേശവും പ്രശാന്ത്‌ പിള്ളയുടെ പാട്ടുകളും സിനിമയുടെ കഥയ്ക്കും സംവിധായകന്‍ സിനിമ അവതരിപ്പിക്കുന്ന രീതിയിക്കും അനിയോജ്യമായിരുന്നു. മറ്റൊരു എടുത്ത പറയേണ്ട പ്രശംസിക്കേണ്ടതാണ് പ്രശാന്ത്‌ പിള്ളയുടെ പശ്ചാത്തല സംഗീതം. സംവിധായകന്റെ മനസ്സറിഞ്ഞു രംഗങ്ങള്‍ക്ക് സംഗീതം നല്‍ക്കുന്ന വിരളം സംഗീത സംവിധായകരില്‍ ഒരാളാണ് പ്രശാന്ത്‌ പിള്ള. എം. ബാവയുടെ കലാസംവിധാനവും, ധന്യ ബാലകൃഷ്ണന്റെ വസ്ത്രാലങ്കാരവും സിനിമയുടെ കഥയോടും അവതരണത്തോടും യോജിച്ചുപോകുന്നവയാണ്. 

അഭിനയം: എബവ് ആവറേജ്
ആസിഫ് അലി, സണ്ണി വെയ്ന്‍, ജിജോയ്, ജോജോ, നെടുമുടി വേണു, നിഷാന്ത് സാഗര്‍, ചെമ്പന്‍ വിനോദ്, വിനോദ് കെടാമംഗലം, ജനനി അയ്യര്‍, സ്വാതി റെഡി എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കള്‍. അക്ബര്‍ എന്ന കഥാപാത്രമായി സണ്ണി വെയ്നും അലക്സ് എന്ന കഥാപാത്രമായി അസിഫ് അലിയും മോശമല്ലാത്ത അഭിനയം കാഴ്ച്ചവെചിട്ടുണ്ട്. അമേനിലെ പോലെ മികച്ച രീതിയില്‍ തന്നെ തന്റെ കഥാപാത്രത്തെ സ്വാതി റെഡി അവതരിപ്പിച്ചിട്ടുണ്ട്. ജിജോയിയും ജോജോയും നെടുമുടി വേണുവും അവരവരുടെ കഥാപാത്രങ്ങള്‍ ഭംഗിയാക്കി. 

സിനിമയില്‍ ഇഷ്ടപെട്ടവ:
1. അഭിനന്ദന്‍ രാമാനുജന്റെ ചായാഗ്രഹണം
2. പ്രശാന്ത്‌ പിള്ളയുടെ പശ്ചാത്തല സംഗീതം
3. ലക്ഷദ്വീപിലെ ലോക്കെഷന്‍സ് 

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. യുക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍
2. ഇഴഞ്ഞു നീങ്ങുന്ന രണ്ടാം പകുതിയിലെ രംഗങ്ങള്‍

മോസയിലെ കുതിര മീനുകള്‍ റിവ്യൂ: യുക്തിയെ ചോദ്യം ചെയ്യുന്ന കഥാസന്ദര്‍ഭങ്ങളുള്ള ആദ്യപകുതിയും ഇഴഞ്ഞു നീങ്ങുന്ന രംഗങ്ങളുള്ള രണ്ടാം പകുതിയും കൃത്യമായി കോര്‍ത്തിണക്കി അവതരിപ്പിച്ച ഈ സിനിമയ്ക്ക് അനിയോജ്യമായ പേര് "യുക്തിയില്ലാതെ ഇഴയുന്ന മീനുകള്‍" എന്നതായിരുന്നു.

മോസയിലെ കുതിര മീനുകള്‍ റേറ്റിംഗ്: 4.20/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 3/10[ബിലോ ആവറേജ്]
സാങ്കേതികം: 3.5/5[ഗുഡ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 12.5/30[4.2/10]

സംവിധാനം: അജിത്‌ പിള്ള
രചന: അജിത്‌ പിള്ള, വിനു രാമചന്ദ്രന്‍
നിര്‍മ്മാണം: നിയാസ് ഇസ്മെയ്ല്‍  
ബാനര്‍: ഫ്രെയ്മ്സ് ഇനെവെറ്റിബിള്‍
ചായാഗ്രഹണം: അഭിനന്ദന്‍ രാമാനുജന്‍
ചിത്രസന്നിവേശം: രതീഷ്‌ രാജ്
സംഗീതം: പ്രശാന്ത്‌ പിള്ള
കലാസംവിധാനം: എം.ബാവ
വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്‍ 
വിതരണം: വി.കെ.എം ഫിലിംസ്

No comments:

Post a Comment