14 Apr 2014

റിംഗ് മാസ്റ്റര്‍ - കുട്ടിക്കള്‍ക്കും കുടുംബങ്ങള്‍ക്കും കണ്ടിരിക്കാവുന്നൊരു എന്റര്‍റ്റെയിനര്‍ 5.30/10

സ്കൂള്‍ അവധികാലത്ത് കുടുംബങ്ങള്‍ക്കും അവരുടെ കുട്ടികള്‍ക്കും ചിരിച്ചാസ്വദിക്കാവുന്നൊരു സിനിമയാണ് റാഫി-ദിലീപ് ടീമിന്റെ റിംഗ് മാസ്റ്റര്‍. വൈശാഖ സിനിമയ്ക്ക് വേണ്ടി വൈശാഖ് രാജന്‍ നിര്‍മ്മിച്ച്‌, റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടിലെ റാഫി ആദ്യമായി സംവിധാനം നിര്‍വഹിച്ച റിംഗ് മാസ്റ്ററില്‍ ദിലീപിനൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ മൂന്ന് പട്ടികളാണ്. ഒരു പ്രത്യേക സാഹചര്യത്തില്‍ ഡയാന എന്ന പട്ടിയുടെ ചുമതല ഏറ്റെടുക്കേണ്ടി വരുന്ന പ്രിന്‍സ് എന്ന കഥാപാത്രമാണ് ദിലീപിന്റെത്. ഡയാനയെ കൂടാതെ കാര്‍ത്തിക എന്ന അന്ധയായ പെണ്‍കുട്ടിയുടെ ചുമതലയും പ്രിന്‍സ് ഏറ്റെടുക്കുന്നു. ഈ സാഹചര്യത്തില്‍ പൂര്‍വ കാമുകി കൂടിയായ സിനിമ താരം ഡയാന പ്രിന്‍സിനെ വീണ്ടും കാണുന്നു. അതോടെ പ്രിന്‍സ് പ്രശ്നങ്ങളുടെ ഊരാക്കുടുക്കില്‍ ചെന്നെത്തുന്നു. പ്രിന്‍സ് നേരിടുന്ന പ്രശ്നങ്ങളും അവയെല്ലാം അയാള്‍ തരണം ചെയ്യുന്നതുമാണ് രസകരമായ കഥാസന്ദര്‍ഭങ്ങളിലൂടെ നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ സംഭാഷണങ്ങളിലൂടെ റിംഗ് മാസ്റ്റര്‍ എന്ന സിനിമയിലൂടെ റാഫി അവതരിപ്പിച്ചിരിക്കുന്നത്. കാര്‍ത്തികയായി മേനകയുടെ മകള്‍ കീര്‍ത്തി സുരേഷും, ഡയാനയായി ഹണി റോസും അഭിനയിച്ചിരിക്കുന്നു. 

കഥ, തിരക്കഥ: ആവറേജ്
പഞ്ചാബി ഹൗസ്, തെങ്കാശിപട്ടണം, തിളക്കം, പാണ്ടിപ്പട എന്നീ സിനിമകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച തിരക്കഥകൃത്തുക്കളാണ് റാഫി മെക്കാര്‍ട്ടിന്‍. റാഫി സ്വതന്ത്രമായി തിരക്കഥ രചിക്കുന്ന ആദ്യത്തെ സിനിമയായ റിംഗ് മാസ്റ്ററും മേല്പറഞ്ഞ സിനിമകള്‍ പോലെ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഇഷ്ടമാകുന്ന എല്ലാ ഘടഗങ്ങളും കൃത്യമായ അളവില്‍ ചേര്‍ത്തിരിക്കുന്ന തിരക്കഥയാണ് ഈ സിനിമയുടെത്. പുതുമയുള്ള കഥയിലൂടെ നര്‍മ്മം കലര്‍ന്ന സംഭാഷണങ്ങളിലൂടെ മുന്‍പോട്ടു നീങ്ങുന്ന ഈ സിനിമ സമീപകാലത്തിറങ്ങിയ ദിലീപ് സിനിമകളെ അപേക്ഷിച്ച് ഭേദമാണ്. യുക്തിയെ ചോദ്യം ചെയുന്നവയാണ് ഭൂരിഭാഗം രംഗങ്ങളെങ്കിലും അവയൊന്നും തന്നെ പ്രേക്ഷകരെ ബോറടിപ്പിക്കുന്നില്ല. ആദ്യ പകുതിയിലും രണ്ടാം പകുതിയില്‍ തമാശ രംഗങ്ങള്‍ സമാസമം ചേര്‍ക്കുന്നത്തിലും റാഫി വിജയിച്ചു. ദിലീപ്, ഷാജോണ്‍, സുരാജ്, അജു, സംവിധായകന്‍ റാഫി എന്നിവരുടെ നര്‍മ്മ സംഭാഷണങ്ങള്‍ പ്രദര്‍ശനശാലകളെ ഇളക്കിമറിച്ചു. ഒരല്പം കൂടെ ശ്രദ്ധിച്ചു തിരക്കഥ എഴുതിയിരുന്നെങ്കില്‍, യുക്തിയെ ചോദ്യം ചെയ്യുന്ന കഥാസന്ദര്‍ഭങ്ങള്‍ എല്ലാം തന്നെ ഒഴിവാക്കാമായിരുന്നു. രണ്ടു മാസത്തോളം കുട്ടികളെയും കുടുംബങ്ങളെയും ആകര്‍ഷിക്കുവാന്‍ ഈ സിനിമയ്ക്ക് കഴിയുമെന്ന് തോന്നുന്നു. ലവ് ഇന്‍ സിംഗപ്പൂരും, ചൈന ടൌണും നല്‍ക്കിയ ചീത്തപേരില്‍ നിന്നുള്ള റാഫിയുടെ മോച്ചനമാകട്ടെ ഈ സിനിമ.

സംവിധാനം: ആവറേജ് 
റാഫിയുടെ സംവിധാനവും ദിലീപിന്റെ മിന്നുന്ന പ്രകടനവും ഒത്തുചേര്‍ന്നു വന്നാല്‍ ആ സിനിമ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന വിശ്വാസമാണ് റിംഗ് മാസ്റ്റര്‍ പോലുള്ള ഒരു വലിയ സിനിമയുണ്ടാക്കുന്നതില്‍ വൈശാഖ് രാജനെ പ്രേരിപ്പിച്ചത്. ആ വിശ്വാസം ശരിയാകുന്ന രീതിയില്‍ തന്നെയാണ് റാഫിയുടെ സംവിധാനവും, ദിലീപും സുരാജും ഷാജോണും അജുവും ചേര്‍ന്നുള്ള പ്രകടനവും. കുട്ടികളെ ആകര്‍ഷിക്കുവാന്‍ വേണ്ടി കാര്‍ട്ടൂണ്‍ രംഗങ്ങളിലൂടെ അവതരിപ്പിച്ച സിനിമയുടെ ടൈറ്റില്‍ മുതല്‍, ദിലീപും പട്ടികളും ചേര്‍ന്നുള്ള നൃത്ത രംഗങ്ങള്‍ വരെ കുട്ടികളെ ആകര്‍ഷിക്കുവാന്‍ വേണ്ടിയാണ്. യുക്തിയെ ചോദ്യം ചെയ്യുന്നവയാണ്  ഇവയെങ്കിലും, കുട്ടികള്‍ക്കും കുടുംബത്തിനും വേണ്ടി ഒരിക്കിയ കഥാസന്ദര്‍ഭങ്ങള്‍ ആയതിനാല്‍ പ്രേക്ഷകര്‍ ആസ്വദിക്കുന്നുണ്ട്. നര്‍മ്മത്തിന് വേണ്ടിയുള്ള കൃത്യമായ ചേരുവകള്‍ ചേര്‍ക്കുകയും, നര്‍മ്മ രംഗങ്ങള്‍ കൈകാര്യം ചെയുന്നതില്‍ കഴിവ് തെളിയിച്ചിട്ടുള്ള നടീനടന്മാരെ അഭിനയിപ്പിക്കുകയും ചെയ്തതുകൊണ്ട് റാഫിയ്ക്ക് ശരാശരി നിലവാരം പുലര്‍ത്തുന്ന ഒരു സിനിമയുണ്ടാക്കുവാന്‍ സാധിച്ചു. സിനിമയുടെ ദൈര്‍ഘ്യം ഒരല്പം വെട്ടികുറചിരുന്നുവെങ്കില്‍, ഇതിലും മികച്ചതായി പ്രേക്ഷകര്‍ക്ക്‌ അനുഭവപെടുമായിരുന്നു. മൂന്ന് പാട്ടുകളും ക്ലൈമാക്സ് സംഘട്ടനവും സിനിമയുടെ കഥയില്‍ യാതൊരു പ്രധാന്യമില്ലായെങ്കിലും, അവ രണ്ടും നന്നായി തന്നെ ചിത്രീകരിച്ചിട്ടുണ്ട് സംവിധായകന്‍ റാഫി. 

സാങ്കേതികം: എബവ് ആവറേജ് 
കളര്‍ഫുള്‍ വിഷ്വല്‍സ് ഒരുക്കി ഓരോ രംഗങ്ങള്‍ക്കും സിനിമയുടെ കഥ ആവശ്യപെടുന്ന ജീവന്‍ നല്ക്കുവാന്‍ ഷാജിയുടെ ചായാഗ്രഹണത്തിനു സാധിച്ചിട്ടുണ്ട്. കാര്‍ട്ടൂണ്‍ രംഗങ്ങള്‍ എല്ലാം തന്നെ വൃത്തിയായി തന്നെ അവതരിപ്പിക്കുവാനും റാഫിയ്ക്കും ഗ്രാഫിക്സ് നിര്‍വഹിച്ച വ്യക്തിയ്ക്കും സാധിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ ഇത്രയും മികച്ച ഗ്രാഫിക്സ് മുമ്പ് ഒരു സിനിമയിലും കണ്ടിട്ടില്ല എന്നത് പ്രശംസനീയം തന്നെ. ആദ്യ പകുതിയിലെ ചില രംഗങ്ങള്‍ ഇഴഞ്ഞു നീങ്ങുന്ന ഗതിയിലായത് ശ്യാം ശശിധരന്റെ പിഴവ് തന്നെ. സിനിമയുടെ ദൈര്‍ഘ്യം പ്രാധാന പോരായ്മകളില്‍ ഒന്നാണ്. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം സിനിമയോട് ചേര്‍ന്നുപോക്കുന്നവയായിരുന്നു.  പക്ഷെ, ഈ സിനിമയിലെ പാട്ടുകള്‍ ഒന്നും തന്നെ നിലവാരം പുലര്‍ത്തുന്നയായിരുന്നില്ല. ബി.കെ.ഹരിനാരായണനും നാദിര്‍ഷയും ചേര്‍ന്നാണ് പാട്ടുകളുടെ വരികള്‍ എഴുതിയിരിക്കുന്നത്. സന്തോഷ്‌ രാമന്റെ കലാസംവിധാനവും, റോഷന്റെ മേക്കപ്പും, എസ്.ബി.സതീഷിന്റെ വസ്ത്രാലങ്കാരവും മോശമായില്ല.


അഭിനയം: എബവ് ആവറേജ് 
ദിലീപ്, സുരാജ് വെഞ്ഞാറമൂട്, കലാഭവന്‍ ഷാജോണ്‍, അജു വര്‍ഗീസ്‌, സംവിധായകന്‍ റാഫി, വിജയരാഘവന്‍, സായി കുമാര്‍, അബു സലിം, ആനന്ദ്‌, മോഹന്‍ ജോസ്, ഗിന്നസ് പക്രു, അനില്‍ മുരളി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഷിജു, സാജു കൊടിയന്‍, ഏലൂര്‍ ജോര്‍ജ്, നാരായണന്‍കുട്ടി, ദിനേശ് പണിക്കര്‍, ചാലി പാല, കലാഭവന്‍ ഹനീഫ്, മാഫിയ ശശി, കീര്‍ത്തി സുരേഷ്, ഹണി റോസ്, രഞ്ജിനി, മോളി കണ്ണമാലി എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. തമാശ രംഗങ്ങളെല്ലാം മികച്ച രീതിയില്‍ അവതരിപ്പിക്കുവാന്‍ ദിലീപിന് സാധിച്ചു. ചിലയിടങ്ങളില്‍ അമിതാഭിനയമായിരുന്നുവെങ്കിലും കുട്ടികളെ രസിപ്പിക്കുന്നതില്‍ ദിലീപ് വിജയിച്ചു. സുരാജിന്റെ വക്കീല്‍ വേഷവും, ഷാജോണിന്റെ ഡോക്ടര്‍ വേഷവും, റാഫിയുടെ പാമ്പ് രവി എന്ന സംവിധായക വേഷവും പ്രേക്ഷകരെ രസിപ്പിച്ചു. കീര്‍ത്തിയും ഹണിയും അവരവരുടെ കഥാപാത്രങ്ങള്‍ മോശമാക്കിയില്ല. 

സിനിമയില്‍ ഇഷ്ടപെട്ടവ:
1. നര്‍മ്മം നിറഞ്ഞ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും 
2. ദിലീപ്, സുരാജ്, ഷാജോണ്‍, റാഫി എന്നിവരുടെ അഭിനയം
3. ഗ്രാഫിക്സ്
4. കളര്‍ഫുള്‍ വിഷ്വല്‍സ്
5. പാട്ടുകളുടെ ചിത്രീകരണം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. സിനിമയുടെ ദൈര്‍ഘ്യം
2. ലോജിക്കില്ലാത്ത ചില കഥാസന്ദര്‍ഭങ്ങള്‍

റിംഗ് മാസ്റ്റര്‍ റിവ്യൂ: കുട്ടികളെയും കുടുംബങ്ങളെയും ചിരിപ്പിക്കുവാനും രസിപ്പിക്കുവാനും ദിലീപ്-റാഫി ടീമിന്റെ റിംഗ് മാസ്റ്ററിന് സാധിച്ചു.

റിംഗ് മാസ്റ്റര്‍ റേറ്റിംഗ്: 5.30/10
കഥ, തിരക്കഥ: 5/10 [ആവറേജ്]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 3/5 [എബവ് ആവറേജ്]
ടോട്ടല്‍ 16/30 [5.30/10]

രചന, സംവിധാനം: റാഫി
നിര്‍മ്മാണം: വൈശാഖ രാജന്‍
ബാനര്‍: വൈശാഖ് സിനിമ
ചായാഗ്രഹണം: ഷാജി 
ചിത്രസന്നിവേശം: ശ്യാം ശശിധരന്‍ 
വരികള്‍: ബി.കെ.ഹരിനാരായണന്‍, നാദിര്‍ഷ
സംഗീതം: ഗോപി സുന്ദര്‍
കലാസംവിധാനം: സന്തോഷ്‌ രാമന്‍
മേക്കപ്പ്: റോഷന്‍
വസ്ത്രാലങ്കാരം: എസ്.ബി.സതീഷ്‌
സംഘട്ടനം: മാഫിയ ശശി 
വിതരണം: വൈശാഖ സിനിമാസ്.

No comments:

Post a Comment