30 Dec 2013

ഒരു ഇന്ത്യന്‍ പ്രണയകഥ - കുടുംബങ്ങള്‍ക്ക് കണ്ടാസ്വദിക്കാനൊരു അന്തിക്കാടന്‍ നര്‍മ്മകഥ 5.30/10

മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപെടുന്ന 80-90റുകളില്‍ നിരവധി കുടുംബ ചിത്രങ്ങള്‍ക്ക് പണം മുടക്കിയിട്ടുള്ള സെന്‍ട്രല്‍ പിക്ചേഴ്സ് നിര്‍മ്മിച്ച്‌, ചുരുങ്ങിയ കാലയളവില്‍ മലയാള സിനിമയില്‍ തന്റേതായൊരു വ്യതിമുദ്ര പതിപ്പിച്ച കഥാകൃത്ത്‌ ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറം രചന നിര്‍വഹിച്ച്, മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളായ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്തു, മലയാളിയായ തെന്നിന്ത്യന്‍ താരം അമല പോളും നവയുഗ തരംഗമായി വിശേഷിപ്പിക്കപെടുന്ന ഫഹദ് ഫാസിലും നായികാനായകന്‍മാരായി അഭിനയിച്ച സിനിമയാണ് ഒരു ഇന്ത്യന്‍ പ്രണയകഥ. പ്രദീപ്‌ നായര്‍ ചായാഗ്രഹണവും, കെ.രാജഗോപാല്‍ ചിത്രസന്നിവേശവും, വിദ്യാസാഗര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാനുള്ള തയ്യാറെടുപ്പ് നടത്തുന്ന യുവ രാഷ്ട്രീയ നേതാവ് അയ്മനം സിദ്ധാര്‍ത്ഥന്‍ ചില പ്രത്യേക കാരണങ്ങളാല്‍ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നും ഒഴിവക്കപെടുന്നു. അതില്‍ മനംനൊന്ത് നടക്കുന്ന സിദ്ധാര്‍ത്ഥനെ ഗുരുതുല്യനായ ഉതുപ്പ് വള്ളിക്കാടന്‍ മറ്റൊരു ദൗത്യം ഏല്‍പ്പിക്കുന്നു. ഉതുപ്പിന്റെ പരിചയത്തിലുള്ള ഐറിന്‍ ഗാര്‍ഡനര്‍ എന്ന ഇന്ത്യന്‍ വംശജയായ കനേഡിയന്‍ യുവതിയെ സഹായിക്കുക എന്ന ദൗത്യം അയ്മനം സിദ്ധാര്‍ത്ഥന്‍ ഏറ്റെടുക്കുന്നു. പ്രത്യേക ലക്ഷ്യങ്ങളുമായി ഇന്ത്യയിലെത്തിയ ഐറിന്‍, സിദ്ധാര്‍ത്ഥന്റെ സഹായത്തോടെ ലക്ഷ്യത്തിലെത്തിചേരുന്നു. എന്താണ് ഐറിന്റെ ലക്ഷ്യം, അവര്‍ എങ്ങനെ ലക്ഷ്യത്തിലെത്തിചേരുന്നു എന്നെല്ലാമാണ് ഈ സിനിമയുടെ കഥ. അയ്മനം സിദ്ധാര്‍ത്ഥനായി ഫഹദ് ഫാസിലും, ഐറിന്‍ ഗാര്‍ഡനറായി അമല പോളും, വള്ളിക്കാടനായി ഇന്നസെന്റും അഭിനയിച്ചിരിക്കുന്നു. 

കഥ, തിരക്കഥ: ആവറേജ്
ഡയമണ്ട് നെക്ക്ലെയ്സിന് ശേഷം ഡോക്ടര്‍ ഇക്ക്ബാല്‍ കുറ്റിപ്പുറം രചന നിര്‍വഹിച്ചിരിക്കുന്ന ഈ സിനിമയുടെ കഥ മലയാള സിനിമ പ്രേക്ഷകര്‍ക്ക്‌ സുപരിചിതമായ കഥ തന്നെയാണ്. ആ കഥയെ സത്യന്‍ അന്തിക്കാടിന്റെ കുടുംബ പ്രേക്ഷകര്‍ക്കും ഫഹദ് ഫാസിലിന്റെ ആരാധകര്‍ക്കും ഇഷ്ടപെടുന്ന രീതിയില്‍, വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളിലൂടെ അവതരിപ്പിക്കുവാനാണ് തിരക്കഥകൃത്ത് ശ്രമിച്ചത്. ആദ്യ പകുതിയുടെ അവസാനത്തോടെ കഥ മനസ്സിലാവുന്ന പ്രേക്ഷകര്‍ക്ക്‌ തുടര്‍ന്നങ്ങോട്ടുള്ള രംഗങ്ങളെല്ലാം തന്നെ പ്രവചിക്കനാവുന്ന രീതിയിലായത് സിനിമയുടെ ആസ്വാദനത്തെ ബാധിച്ചിട്ടുണ്ട്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും നര്‍മ്മരസമുളവാക്കുന്ന രംഗങ്ങളും സംഭാഷണങ്ങളും പ്രേക്ഷകരെ രസിപ്പിച്ചിട്ടുണ്ട്. അതുപോലെ, ഐറിന്‍ തന്റെ ലക്ഷ്യത്തിലെത്തിചേരുന്ന കഥാസന്ദര്‍ഭങ്ങളും വിശ്വസനീയമായി എഴുതുവാന്‍ സാധിച്ചതും സിനിമയ്ക്ക് ഗുണം ചെയ്തു. സിനിമയുടെ മൂല കഥയെതെന്നു ചിന്തിക്കുമ്പോള്‍, ആദ്യപകുതിയിലെ അയ്മനം സിദ്ധാര്‍ത്ഥന്റെ രാഷ്ട്രീയ കളികളും പ്രേമവും ഒക്കെ ഈ സിനിമയില്‍ ആവശ്യമുണ്ടോ എന്ന ചിന്തകുഴപ്പത്തിലാവും പാവം പ്രേക്ഷകര്‍. മികച്ച തിരക്കഥകള്‍ എഴുതിയിട്ടുള്ള ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപുറത്തില്‍ നിന്നും ഇതിലും മികച്ച ഒരു തിരക്കഥയായിരുന്നു പ്രേക്ഷകര്‍ പ്രതീക്ഷിച്ചത്.

സംവിധാനം: ആവറേജ്
ഒരു സത്യന്‍ അന്തിക്കാട്‌ സിനിമയില്‍ നിന്നും കുടുംബ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെന്താണോ ആ ഘടകങ്ങളെല്ലാം കൃത്യമായ ചേരുവയായി ഈ സിനിമയില്‍ അദ്ദേഹം ചേര്‍ത്തിട്ടുണ്ട്. പുതിയ തീരങ്ങള്‍ എന്ന സിനിമയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്ത ഒരു ഇന്ത്യന്‍ പ്രണയകഥ ഒരു അന്തിക്കാട്‌ കയോപ്പ് പതിഞ്ഞ സിനിമയല്ല. മുന്‍കാല അന്തിക്കാട്‌ സിനിമകള്‍ പോലെ, ലളിതമായ കഥയും അവതരണവും, ഏച്ചുകെട്ടല്ലിലാത്ത കഥാസന്ദര്‍ഭങ്ങളും, ലാളിത്യമാര്‍ന്ന നര്‍മ്മ മുഹൂര്‍ത്തങ്ങളും, കുടുംബബന്ധത്തിനെ ശക്തിയെതെന്നു മനസ്സിലാക്കിത്തരുന്ന രംഗങ്ങളും ഈ സിനിമയിലുണ്ടെങ്കിലും, അവയൊന്നും പുതുമ നല്‍ക്കുന്നവയോ പ്രേക്ഷകരെ തൃപ്തിപെടുത്തുന്നവയൊ അല്ല. രസകരമായ രീതിയില്‍ ഇക്ക്ബാല്‍ എഴുതിയ കഥാസന്ദര്‍ഭങ്ങള്‍ ചിത്രീകരിച്ചു എന്നതല്ലാതെ ഇത്രയും വര്‍ഷത്തെ സംവിധായകന്റെ അനുഭവസമ്പതോന്നും സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചതായി തോന്നിയില്ല. ഈ കുറവുകളൊക്കെ സിനിമയിലുണ്ടെങ്കിലും, കുടുംബങ്ങള്‍ക്ക് അവധിക്കാലത്ത് കണ്ടാസ്വദിക്കാവുന്നൊരു സത്യന്‍ അന്തിക്കാട്‌ സിനിമ തന്നെയാണ് ഒരു ഇന്ത്യന്‍ പ്രണയകഥ.

സാങ്കേതികം: എബവ് ആവറേജ്
പ്രദീപ്‌ നായരുടെ ചായഗ്രഹണവും, വിദ്യാസാഗറിന്റെ പശ്ചാത്തല സംഗീതവും സിനിമയുടെ ആസ്വാദനത്തിന്റെ മാറ്റുകൂട്ടുന്നതില്‍ സഹായിച്ച ഘടഗങ്ങള്‍ തന്നെ. സത്യന്‍ അന്തിക്കാട്‌ ശൈലിയില്‍ തന്നെ കെ. രാജഗോപാല്‍ ചിത്രസന്നിവേശം നിര്‍വഹിച്ചു. റഫീക്ക് അഹമ്മദ് രചിച്ച വരികള്‍ക്ക് വിദ്യാസാഗര്‍ ഈണമിട്ട 4 പാട്ടുകളുണ്ട് ഈ സിനിമയില്‍. ഓമനപ്പൂവേ എന്ന തുടങ്ങുന്ന പാട്ട് മാത്രമാണ് പ്രേക്ഷകരെ രസിപ്പികുന്നത്. പാണ്ട്യന്റെ മേക്കപ്പും, എസ്.ബി.സതീശന്റെ വസ്ത്രാലങ്കാരവും സിനിമയുടെ കഥ ആവശ്യപെടുന്ന രീതിയില്‍ തന്നെയാണ്.

അഭിനയം: എബവ് ആവറേജ്
നവയുഗ സിനിമകളുടെ അഭിവാജ്യഘടകമായ ഫഹദ് ഫാസില്‍ ജനകീയ നായകവേഷത്തിലെത്തിയ കഥാപാത്രമാണ് അയ്മനം സിദ്ധാര്‍ത്ഥന്‍. സിദ്ധാര്‍ത്ഥനെ തനിക്കാവുംവിധം മികവോടെ അവതരിപ്പിക്കുവാന്‍ ഫഹദിന് സാധിച്ചിട്ടുണ്ട്. ഫഹദിനൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തില്‍ അഭിനയിച്ച അമല പോള്‍ മികവുറ്റ അഭിനയമാണ് കാഴ്ചവെച്ചത്. ഐറിന്‍ എന്ന കഥാപാത്രത്തെ അമിതാഭിനയം കാഴ്ച്ചവെക്കാതെ മിതത്വമാര്‍ന്ന രീതിയില്‍ അവതരിപ്പിക്കുവാന്‍ അമല പോളിന് സാധിച്ചു. ഇവരെ കൂടാതെ, ഇന്നസെന്റ്, പ്രകാശ്‌ ബാരെ, നീരജ് മാധവ്, ലക്ഷ്മി ഗോപാലസ്വാമി, മുത്തുമണി, ഷഫ്ന, കൃഷ്ണപ്രഭ, വത്സല മേനോന്‍, റിയാ സൈറാ എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കള്‍.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ഫഹദ് ഫാസില്‍ - അമല പോള്‍
2. നര്‍മ്മ മുഹൂര്‍ത്തങ്ങളും സംഭാഷണങ്ങളും
3. പ്രദീപ്‌ നായരുടെ ചായാഗ്രഹണം
4. പശ്ചാത്തല സംഗീതം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. പ്രവചിക്കാനവുന്ന കഥാസന്ദര്‍ഭങ്ങള്‍ 

ഒരു ഇന്ത്യന്‍ പ്രണയകഥ റിവ്യൂ: കേട്ടുപഴകിയ കഥയും പ്രവചിക്കാനവുന്ന കഥാസന്ദര്‍ഭങ്ങളും സിനിമയുടെ പോരായ്മകളാണെങ്കിലും, 2 മണിക്കൂര്‍ പ്രേക്ഷകരെ മുഷിപ്പിക്കാതെ പിടിചിരുത്തുവാന്‍ അന്തിക്കാടന്‍ ശൈലിയിലുള്ള അവതരണത്തിനും, ഫഹദ് ഫാസില്‍ - അമല പോള്‍ തരജോടികള്‍ക്കും സാധിക്കുന്നു. 

ഒരു ഇന്ത്യന്‍ പ്രണയകഥ റേറ്റിംഗ്: 5.30/10
കഥ, തിരക്കഥ: 5/10[ആവറേജ്]
സംവിധാനം: 5/10[ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 16/30 [5.3/10]

സംവിധാനം: സത്യന്‍ അന്തിക്കാട്‌
രചന: ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറം
നിര്‍മ്മാണം: സെന്‍ട്രല്‍ പിക്ചേഴ്സ്
ചായാഗ്രഹണം: പ്രദീപ്‌ നായര്‍
ചിത്രസന്നിവേശം: കെ. രാജഗോപാല്‍
വരികള്‍: റഫീക്ക് അഹമ്മദ്
സംഗീതം: വിദ്യാസാഗര്‍
കലാസംവിധാനം: പ്രശാന്ത്‌ മാധവ്
മേക്കപ്പ്: പാണ്ട്യന്‍
വസ്ത്രാലങ്കാരം: എസ്.ബി.സതീശന്‍ 
വിതരണം: സെന്‍ട്രല്‍ പിക്ചേഴ്സ് റിലീസ്

1 comment:

  1. abinayathine good kodukamayirunnu. anyway good review and nyc film. fahad is awesome..

    ReplyDelete