22 Dec 2013

ഏഴു സുന്ദര രാത്രികള്‍ - ജനപ്രിയ നായകനും ജനപ്രിയ സംവിധായകനും ഒന്നിച്ച ഏഴു സുന്ദരമല്ലാത്ത രാത്രികള്‍ 4.70/10

ചന്ദ്രനുദിക്കുന്ന ദിക്കില്‍, മീശമാധവന്‍, രസികന്‍, ചാന്തുപൊട്ട്, മുല്ല, സ്പാനിഷ് മസാല എന്നീ സിനിമകള്‍ക്ക്‌ ശേഷം ജനപ്രിയ നായകന്റെയും ജനപ്രിയ സംവിധായകന്റെയും ഏഴാമത്തെ വരവ്,  കേരളക്കരയാകെ ആസ്വദിച്ച സൗഹൃദത്തിന്റെ ഓര്‍മ്മകള്‍ സമ്മാനിച്ച ക്ലാസ്മേറ്റസ് എന്ന സിനിമയുടെ തിരക്കഥകൃത്ത് ജെയിംസ് ആല്‍ബര്‍ട്ടും സംവിധയകന്‍ ലാല്‍ ജോസും ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിക്കുന്ന സിനിമ, ഏഴു കോടിയോളം ചാനല്‍ വിതരണ അവകാശം ലഭിച്ച മലയാള സിനിമ എന്നീ പ്രത്യേകതകളുള്ള സിനിമയാണ് ലാല്‍ ജോസ് - ദിലീപ് ടീമിന്റെ ഏഴു സുന്ദര രാത്രികള്‍. എബി എന്ന പരസ്യചിത്ര സംവിധായകന്റെ വിവാഹത്തിനു മുമ്പുള്ള ഏഴു ദിവസത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ പ്രമേയം. സുഹൃത്തുകള്‍ക്ക് നല്‍ക്കിയ അത്താഴവിരുന്നിടയില്‍ പ്രണയത്തെപറ്റി വാചാലനായ എബി തന്റെ പൂര്‍വ കാമുകിയായ സിനിയെ കുറിച്ച് ഓര്‍ക്കുകയും, പിന്നീട് അവളുടെ വീട്ടില്‍ ചെന്ന് കല്യാണം വിളിക്കുകയും ചെയുന്നു. ഈ സംഭവം എബിയുടെയും സിനിയുടെയും ജീവിതം മാറ്റിമറയ്ക്കുന്നതുമാണ് ഏഴു സുന്ദര രാത്രികളുടെ കഥ. എബിയായി ദിലീപും സിനിയായി റിമ കല്ലിങ്കലും വേഷമിടുന്നു.


സ്മോള്‍ ടൌണ്‍ സിനിമയുടെ ബാനറില്‍ രതിഷ് അമ്പാട്ട്, പ്രകാശ്‌ വര്‍മ്മ, ജെറി ജോണ്‍ കല്ലാട്ട് എന്നിവര്‍ സംയുക്തമായി നിര്‍മ്മിച്ചിരിക്കുന്ന ഏഴു സുന്ദര രാത്രികള്‍ ചിത്രീകരിച്ചത് പ്രദീഷ് എം. വര്‍മ്മയും, രംഗങ്ങള്‍ കോര്‍ത്തിണക്കിയത് രഞ്ജന്‍ അബ്രഹാമും, അവയ്ക്ക് അനിയോജ്യമായ സംഗീതം നല്ക്കിയത് പ്രശാന്ത്‌ പിള്ളയുമാണ്.

കഥ, തിരക്കഥ: ബിലോ ആവറേജ്
ജെയിംസ് ആല്‍ബര്‍ട്ടിന്റെ ബുദ്ധിപരമായ തിരക്കഥകളായ ക്ലാസ്സ്‌മേറ്റ്സും സൈക്കിളും ഇവിടം സ്വര്‍ഗ്ഗമാണും പ്രേക്ഷകര്‍ ആവേശത്തോടെ കണ്ടിരുന്ന സിനിമകളായിരുന്നു. എന്നാല്‍ മേല്പറഞ്ഞവയില്‍ നിന്നും ജവാന്‍ ഓഫ് വെള്ളിമലയും, ഇപ്പോള്‍ ഏഴു സുന്ദര രാത്രികളും ശരാശരി നിലവാരം പോലും പുലര്‍ത്താതെ പ്രേക്ഷകരെ നിരാശരക്കുന്നവിധം കെട്ടുറപ്പില്ലാത്ത രീതിയിലാണ് എഴുതിയിരിക്കുന്നത്. ഒരു രീതിയിലും വിശ്വസനീയമല്ലാത്ത കഥാസന്ദര്‍ഭങ്ങളാണ് ഈ സിനിമയുടെ പ്രധാന പ്രശ്നമായി പ്രേക്ഷകര്‍ക്ക്‌ തോന്നിയത്. പൂര്‍വ കാമുകിയെ കല്യാണം ക്ഷണിക്കാന്‍ ചെല്ലുന്ന നായകന് പറ്റുന്ന അബദ്ധങ്ങളും, എന്തുകൊണ്ടാണ് തന്നെ അവള്‍ പണ്ട് വഞ്ചിച്ചത് എന്ന് അന്വേഷിക്കാതെ അവള്‍ക്കു എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്നതും, പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും തന്നെയില്ലാതെ ഭര്‍ത്താവില്‍ നിന്ന് ചില കാര്യങ്ങള്‍ സിനി ഒളുപ്പിച്ചുവെയ്ക്കുന്നതും അവിശ്വസനീയമായി അനുഭവപെട്ടു. ട്വിസ്റ്റുകള്‍ വരുന്ന രംഗങ്ങള്‍ കഥയുടെ അവാസന രംഗങ്ങളിലാണ് കാണിക്കുന്നത് എങ്കിലും, പ്രേക്ഷകര്‍ക്ക്‌ പ്രവചിക്കാവുന്നതിനപ്പുറം ഒന്നും തന്നെയില്ല ഈ സിനിമയില്‍. നായകനും നായികയും ചേര്‍ന്നുണ്ടാക്കുന്ന കുരുക്കള്‍ അവസാനിപ്പിച്ച്‌ നായികയുടെ കുടുംബ പ്രശ്നങ്ങള്‍ അവസാനിക്കുന്ന രംഗങ്ങളും, നായകന്റെ വിവാഹം നടക്കുന്നതിനുള്ള സാഹചര്യങ്ങളും സിനിമയില്‍ മികവു പുലര്‍ത്തിയ രംഗങ്ങളാണ്. ഇതിലും മികച്ച തിരക്കഥകള്‍ എഴുതുവാന്‍ ജെയിംസ് ആല്‍ബര്‍ട്ടിന് സാധിക്കട്ടെ.

സംവിധാനം: ആവറേജ്
ഇമ്മാനുവല്‍, പുള്ളിപുലികളും ആട്ടിന്‍കുട്ടിയും എന്നീ സിനിമകള്‍ക്ക് ശേഷം ലാല്‍ ജോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന സിനിമയാണിത്. മേല്പറഞ്ഞ രണ്ടു സിനിമകളും ശരാശരി വിജയം നേടിയ ചിത്രങ്ങളാണെങ്കിലും, ലാല്‍ ജോസ് കയോപ്പ് പതിയാത്ത സിനിമകളായിരുന്നു. രസകരമായ രീതിയില്‍ കഥപറയുന്ന ലാല്‍ ജോസ് ശൈലിയാണ് അദ്ദേഹത്തെ ജനപ്രിയ സംവിധയകനാക്കിയത്. ശരാശരി നിലവാരം പോലുമില്ലാത്ത ഒരു തിരക്കഥയെ കണ്ടിരിക്കനാവുന്ന പരുവത്തിലെത്തിച്ചത് ലാല്‍ ജോസിന്റെ സംവിധാന മാജിക് തന്നെ. ലാല്‍ ജോസിന്റെ മികവുറ്റ സിനിമകള്‍ നോക്കിയാല്‍ അതെല്ലാം മികച്ച തിരക്കഥയുടെ അടിസ്ഥാനത്തിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. പക്ഷെ, കഴിഞ്ഞ മൂന്ന് നാല് സിനിമകളായി അതില്‍ നിന്നും വേറിട്ട ശൈലിയിലുള്ള തിരക്കഥകളാണ് ലാല്‍ ജോസ് തിരഞ്ഞെടുക്കറുള്ളത്. അത് തന്നെയാവും ഏഴു സുന്ദര രാത്രികളെയും പ്രേക്ഷകര്‍ തിരസ്കരിക്കുന്നത്. യുക്തിയെ ചോദ്യം ചെയ്യുന്ന ഒരൊറ്റ രംഗം പോലും ലാല്‍ ജോസ് സിനിമകള്‍ കാണാറുണ്ടായിരുന്നില്ല. ഏഴു സുന്ദര രാത്രികളെ പല രംഗങ്ങളും യുക്തിയെ ചോദ്യം ചെയുന്നതും, പ്രേക്ഷകരെ കണ്‍ഫ്യൂഷണിലാക്കുന്നതുമാണ്. അവസാനത്തെ ഒന്ന് രണ്ടു ട്വിസ്റ്റുകള്‍ അല്ലാതെ പ്രേക്ഷകരെ രസിപ്പിക്കുന്ന ഘടകങ്ങളൊന്നും ഈ ലാല്‍ ജോസ് സിനിമയിലില്ല എന്നത് ജനപ്രിയ സംവിധായകന്റെ ആരാധകരെ നിരാശരാകുന്ന കാര്യങ്ങളാണ്.

സാങ്കേതികം: എബവ് ആവറേജ്
പ്രദീഷ് എം വര്‍മ്മയാണ് ഏഴു സുന്ദര രാത്രികളുടെ ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. എല്ലാ ലാല്‍ ജോസ് ചിത്രങ്ങളെയും പോലെ ഏഴു സുന്ദര രാത്രികളും ദ്രിശ്യസുന്ദരമാണ്. കളര്‍ഫുള്‍ ദ്രിശ്യങ്ങള്‍ സിനിമയിലുടനീളം നിലനിര്‍ത്തുവാന്‍ പ്രദീഷിനു സാധിച്ചിട്ടുണ്ട്. ലാല്‍ ജോസ് സിനിമകളുടെ സന്തത സഹചാരിയായ രഞ്ജന്‍ അബ്രഹാമാണ് ഈ സിനിമയുടെ രംഗങ്ങള്‍ കോര്‍ത്തിണക്കിയത്. രസകരമായ രീതിയില്‍ തന്നെയാണ് രഞ്ജന്‍ എബ്രഹാം ഈ സിനിമയുടെ ചിത്രസന്നിവേശം നിര്‍വഹിച്ചിരിക്കുന്നത്. അമേനിലൂടെ ശ്രദ്ധേയനായ പ്രശാന്ത്‌ പിള്ളയാണ് ഈ സിനിമയുടെ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് പ്രശാന്ത്‌ പിള്ള ഈണമിട്ട 3 പാട്ടുകളാണ് സിനിമയിലുള്ളത്. പാട്ടുകള്‍ക്ക് ഏറെ പ്രധാന്യമുണ്ടാകാറുള്ള ലാല്‍ ജോസിന്റെ മുന്‍കാല സിനിമകളെ അപേക്ഷിച്ച് ഈ സിനിമയിലെ പാട്ടുകള്‍ വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ല. ശ്രീജിത്ത്‌ ഗുരുവായൂരിന്റെ മേക്കപ്പും, സമീറ സനീഷിന്റെ വസ്ത്രലങ്കാരവും മികവു പുലര്‍ത്തി.

അഭിനയം: എബവ് ആവറേജ്
എബി എന്ന കഥാപാത്രത്തെ തന്റെ സ്ഥിരം മാനറിസങ്ങളില്‍ നിന്നും മോചിതനാക്കിയാണ് ദിലീപ് അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഇഷ്ടമാകുന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍ ദിലീപിന്റെ വകയായി ഈ സിനിമയിലുണ്ട്. ഒരല്പം പരുക്കന്റെ വേഷത്തില്‍ മുരളി ഗോപിയും, ഭര്‍ത്താവിന്റെ ദാര്‍ഷ്ട്യം സഹിച്ചു ജീവിക്കുന്ന സിനിയായി റിമ കല്ലിങ്കലും മോശമാകാതെ അഭിനയിച്ചിട്ടുണ്ട്. ഇവരെ കൂടാതെ പാര്‍വതി നമ്പ്യാര്‍, ഹരിശ്രീ അശോകന്‍, ടിനി ടോം, പ്രവീണ, ശേഖര്‍ മേനോന്‍, അനില്‍ രാജഗോപാല്‍, വിജയരാഘവന്‍, സുരാജ് വെഞ്ഞാറമൂട്, ശ്രീജിത്ത്‌ രവി, അരുണ്‍, ഷിജു, രാമു, സുജ, സുരഭി, അംബിക മോഹന്‍ എന്നിവരാണ് പ്രധാന താരങ്ങള്‍.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ദിലീപ്
2. ക്ലൈമാക്സ്
3. ചില ട്വിസ്റ്റുകള്‍

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥയും കഥാസന്ദര്‍ഭങ്ങള്‍ 
2. പ്രവചിക്കനാവുന്ന കഥാസന്ദര്‍ഭങ്ങള്‍ 
3. പാട്ടുകള്‍

ഏഴു സുന്ദര രാത്രികള്‍ റിവ്യൂ: പുതുമകളൊന്നും സമ്മാനിക്കാതെ കടന്നു പോയ സുന്ദരമല്ലാത്ത ഏഴു രാത്രികള്‍ ചിരിപ്പിക്കുന്നിമില്ല ചിന്തിപിക്കുന്നുമില്ല.

ഏഴു സുന്ദര രാത്രികള്‍ റേറ്റിംഗ്: 4.70/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 5/10[ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 14/30 [4.70/10]

സംവിധാനം: ലാല്‍ ജോസ്
കഥ, തിരക്കഥ, സംഭാഷണങ്ങള്‍: ജെയിംസ് ആല്‍ബര്‍ട്ട്
നിര്‍മ്മാണം: രതിഷ് അമ്പാട്ട്, പ്രകാശ്‌ വര്‍മ്മ, ജെറി ജോണ്‍ കല്ലാട്ട്
ബാനര്‍: സ്മോള്‍ ടൌണ്‍ സിനിമ
ചായാഗ്രഹണം: പ്രദീഷ് എം. വര്‍മ്മ
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം
ഗാനരചന: റഫീക്ക് അഹമ്മദ്
സംഗീതം: പ്രശാന്ത്‌ പിള്ള
കലാസംവിധാനം: ഗോകുല്‍ ദാസ്
മേക്കപ്പ്: ശ്രീജിത്ത്‌ ഗുരുവായൂര്‍
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: എല്‍.ജെ.ഫിലിംസ് റിലീസ്

No comments:

Post a Comment