9 Dec 2013

ബൈസിക്കിള്‍ തീവ്സ് - ട്വിസ്റ്റുകളാല്‍ ചലിക്കുന്ന ബൈസിക്കിള്‍ ഒരുവട്ടം കണ്ടിരിക്കാം 4.50/10

ഹണി ബീ എന്ന സിനിമയ്ക്ക് ശേഷം ആസിഫ് അലി കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ബൈസിക്കിള്‍ തീവ്സ് സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖം ജിസ് ജോയ് ആണ്. സംവിധായകന്‍ ജിസ് തന്നെയാണ് ഈ സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്. ധാര്‍മിക് ഫിലിംസിന്റെ ബാനറില്‍ ഡോക്ടര്‍ എസ്.സജികുമാര്‍ നിര്‍മ്മിച്ചിരിക്കുന്ന ബൈസിക്കിള്‍ തീവ്സ്, യു.ടി.വി.യാണ് കേരളത്തില്‍ റിലീസ് ചെയ്യുന്നത്. പുതുമുഖം ബൈനേന്ദ്ര മേനോനാണ് ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ പകര്‍ത്തിയത്. രതീഷ്‌ രാജ് ചിത്രസന്നിവേശവും, ദീപക് ദേവ് പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. എ ബി സി ഡി എന്ന മലയാള സിനിമയിലൂടെ അഭിനയ ജീവിതം തുടങ്ങിയ അപര്‍ണ്ണ ഗോപിനാഥാണ് ഈ സിനിമയിലെ ആസിഫ് അലിയുടെ നായിക. 22 ഫീമെയില്‍ കോട്ടയത്തിലൂടെ സിനിമയിലെത്തിയ നിര്‍മ്മാതാവ്(ഫ്രൈഡേ ഫിലിം ഹൗസ്)കൂടിയായ വിജയ്‌ ബാബു മുഖ്യ വേഷത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

അനാഥനായ ചാക്കോച്ചന്‍ എന്ന ചാക്കോയാണ് കഥാനായകന്‍. ചില പ്രത്യേക സാഹചര്യങ്ങളാല്‍ സൈക്കിള്‍ മോഷ്ടാക്കളുടെ കൂടെ ചെറുപ്പത്തില്‍ എത്തിച്ചേരുന്ന ചാക്കോ, വളര്‍ന്നു വലുതായപ്പോള്‍ മോഷണം തന്നെ തൊഴിലായി സ്വീകരിക്കുന്നു. ചാക്കോവിന്റെ മോഷണ ശ്രമങ്ങള്‍ക്കിടയില്‍ മീര എന്ന യുവതിയെയും, കാശിനാഥന്‍ എന്ന കോടീശ്വരനെയും പരിച്ചയപെടുന്നു. തുടര്‍ന്ന്‍ ചാക്കോചന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായ സംഭവങ്ങള്‍ അരങ്ങേറുന്നു. കഥാവസാനം ചില വഴിത്തിരിവുകളിലൂടെ ചാക്കോയുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷട്ടിക്കുന്നവരെ കണ്ടുപിടിക്കുന്നു. മീരയായി അപര്‍ണ്ണ ഗോപിനാഥും, കാശിനാഥനായി വിജയ്‌ ബാബുവും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
സംവിധാന രംഗത്തേക്ക് ആദ്യ കാല്‍വെപ്പ്‌ നടത്തിയ ജിസ് ജോയ് തന്നെയാണ് ഈ സിനിമയുടെ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും രചിച്ചത്. യുക്തിയെ ചോദ്യം ചെയ്യുന്ന നിരവധി കഥാസന്ദര്‍ഭങ്ങളും, കഥയില്‍ അനിവാര്യമല്ലാത്ത കുറെ കഥാപാത്രങ്ങളും പ്രധാന രസംകൊല്ലികളായി പ്രേക്ഷകര്‍ക്ക്‌ അനുഭവപെടുന്നു. കണ്ടുമടുത്ത കഥാസന്ദര്‍ഭങ്ങള്‍ക്ക് പുറമേ കേട്ടുപഴകിയ ഒന്ന് രണ്ടു തമാശകളും സിനിമയുടെ ദൂഷ്യ ഫലങ്ങളായി. ഈ കുറവകളൊക്കെ ഏറെക്കുറെ പ്രേക്ഷകര്‍ മറക്കുന്നത് ഇടയ്ക്കിടെയുള്ള നര്‍മ്മരസമായ സംഭാഷണങ്ങളാണ്. കൃത്രിമമല്ലാത്ത സംഭാഷണങ്ങളും, തിരക്കഥയില്‍ സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതിയുമാണ് ജിസ് ജോയിയുടെ ആദ്യ തിരക്കഥ രചനയെ രക്ഷിച്ചത്‌. സിനിമയിലെ ചില രംഗങ്ങള്‍ മികച്ചു നിന്നപ്പോള്‍, മറ്റുചിലത് ബോറന്‍ അനുഭവമായി. ഇഴഞ്ഞു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍ കണ്ടുമടുക്കുന്ന പ്രേക്ഷകര്‍ക്ക്‌ ഒരല്പം ആശ്വാസം പകരുന്നത് പുതുമയുള്ള ട്വിസ്റ്റുകള്‍ നിറഞ്ഞ ക്ലൈമാക്സ് രംഗങ്ങളാണ്. കുറേക്കൂടി പരിച്ചയസമ്പത്തുള്ള ഒരു തിരക്കഥ രചയ്താവിന്റെ സഹായത്തോടെ രചന നിര്‍വഹിചിരുന്നുവെങ്കില്‍, ഇതേ കഥ മികച്ച രീതിയില്‍ അവതരിപ്പിക്കുവാന്‍ സംവിധായകന് സാധിക്കുമായിരുന്നു. 

സംവിധാനം: ആവറേജ്
സിനിമയിലെ ഡബ്ബിംഗ് രംഗത്ത് സജീവമായിരുന്ന ജിസ് ജോയ് ഏതാനും സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിചിട്ടുണ്ടുമുണ്ട്. അത്തരത്തില്‍ ലഭിച്ച ചെറിയ പരിചയസമ്പത്ത് ഉപയോഗിച്ചാണ് ആദ്യ സിനിമ ജിസ് സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥയിലെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് പ്രേക്ഷകര്‍ക്ക്‌ കണ്ടു രസിക്കുവാനുള്ള ഘടഗങ്ങള്‍ ചേര്‍ത്തുക്കൊണ്ട് ബൈസിക്കിള്‍ തീവ്സ് എന്ന സിനിമ പ്രേക്ഷകരിലേക്കെത്തിക്കുവാന്‍ ജിസ് ജോയിയ്ക്കും കൂട്ടര്‍ക്കും സാധിച്ചിട്ടുണ്ട്. സിനിമയുടെ ദൈര്‍ഘ്യം കുറയ്ക്കുകയും, വേഗതയോടെ കഥ അവതരിപ്പിക്കുകയും, യുക്തിയെ ചോദ്യം ചെയ്യുന്ന കഥാസന്ദര്‍ഭങ്ങള്‍(ഉദാഹരണം: മോഷണ രംഗങ്ങള്‍) ഒഴിവാകുകയും ചെയ്തിരുന്നുവെങ്കില്‍, പ്രേഷകര്‍ ഈ സിനിമ മികച്ച രീതിയില്‍ തന്നെ സ്വീകരിക്കുമായിരുന്നു. പ്രധാന നടിനടന്മാരായ ആസിഫ് അലി, വിജയ്‌ ബാബു, അപര്‍ണ്ണ ഗോപിനാഥ് എന്നിവരുടെ അഭിനയവും, ക്ലൈമാക്സിലെ ചില വഴിത്തിരുവുകളുടെ യുക്തിയോടെയുള്ള അവതരണവും, പാട്ടുകളുടെ ചിത്രീകരണവും ഒക്കെയാണ് ജിസ് എന്ന സംവിധായകനെ രക്ഷിച്ചത്. ഇതിലും മികച്ച സിനിമകള്‍ സംവിധാനം ചെയ്യുവാന്‍ ജിസ് ജോയ്ക്ക് സാധിക്കട്ടെ എന്ന്‍ ആശംസിക്കുന്നു.

സാങ്കേതികം: ആവറേജ് 
പ്രത്യേകിച്ച് പുതുമകള്‍ ഒന്നും തന്നെ അവകാശപെടാനില്ലാത്തെ സംവിധായകന്‍ നിര്‍ദേശിച്ച രംഗങ്ങള്‍ ചിത്രീകരിക്കുവാന്‍ ചായാഗ്രാഹകന്‍ ബൈനേന്ദ്ര മേനോന് സാധിച്ചിട്ടുണ്ട്. ഇഴഞ്ഞു നീങ്ങുന്ന പരുവത്തില്‍ പ്രേക്ഷകരെ ബോറടിപ്പിക്കുന്ന രീതിയില്‍ രംഗങ്ങള്‍ കോര്‍ത്തിണക്കിയ രതീഷ്‌ രാജ് വിമര്‍ശനം അര്‍ഹിക്കുന്നു. അനു എലിസബത്ത്‌ തോമസും ജിസ് ജോയ്യും ചേര്‍ന്ന് എഴുതിയ വരികള്‍ക്ക് ദീപക് ദേവാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. ശങ്കര്‍ മഹാദേവന്‍ ആലപിച്ച പുഞ്ചിരി തഞ്ചും എന്ന പാട്ട് കേള്‍ക്കുവാന്‍ ഇമ്പമുള്ളതാണ്. ദീപക് ദേവിന്റെ പശ്ചാത്തല സംഗീതവും മികച്ചു നിന്ന ഘടഗങ്ങളില്‍ ഒന്നാണ്. ജോ കൊരട്ടിയുടെ മേക്കപും, ധന്യയുടെ വസ്ത്രാലങ്കാരവും ശരാശരി നിലവാരം പുലര്‍ത്തി.

അഭിനയം: എബവ് ആവറേജ് 
മുന്‍കാല സിനിമകളെ അപേക്ഷിച്ച് ഭേദപെട്ട അഭിനയമാണ് ആസിഫ് അലി ഈ സിനിമയില്‍ കാഴ്ചവെച്ചിരിക്കുന്നത്. ചാക്കോ എന്ന കഥാപാത്രത്തെ രസകരമായ മാനറിസങ്ങളിലൂടെ ആസിഫ് അവതരിപ്പിച്ചിട്ടുണ്ട്. വളരെ തന്മയത്തത്ത്വോടെ കാശിനാഥനെ അവതരിപ്പിച്ചുക്കൊണ്ട് കാശിനാഥനായി ജീവിക്കുകയായിരുന്നു വിജയ്‌ ബാബു. ക്ലൈമാക്സ് രംഗത്തിലെ ചെറിയൊരു അമിതാഭിനയം ഒഴിച്ചുനിര്‍ത്തിയാല്‍ വിജയ്‌ ബാബു നാളിതുവരെ ചെയ്തിട്ടുള്ളതില്‍ ഏറ്റവും മികച്ചത് എന്ന് തന്നെ വിശേഷിപ്പിക്കാവുന്നതാണ് ഈ സിനിമയിലെ അഭിനയം. താരതമ്യേനെ പുതുമുഖമായ നായിക അപര്‍ണ്ണ ഗോപിനാഥും നിരാശപെടുത്താത മീരയെ അവതരിപ്പിച്ചു. ഇവരെ കൂടാതെ സിദ്ദിക്ക്, സായികുമാര്‍, ദേവന്‍, ശേഖര്‍ മേനോന്‍, അജു വര്‍ഗീസ്‌, ബാലു വര്‍ഗീസ്‌, സലിം കുമാര്‍, സൈജു കുറുപ്പ്, ബിനിഷ് കോടിയേരി, സുനില്‍ സുഖദ, കെ.പി.എ.സി.ലളിത എന്നിവരും പ്രധാന കഥാപാത്രങ്ങളെ ഈ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ആസിഫ് അലി, വിജയ്‌ ബാബു എന്നിവരുടെ അഭിനയം
2. സംഭാഷണങ്ങള്‍
3. പാട്ടുകള്‍
4. ക്ലൈമാക്സിലെ ട്വിസ്റ്റുകള്‍

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥയും കഥാസന്ദര്‍ഭങ്ങളും
2. ഇഴഞ്ഞു നീങ്ങുന്ന രംഗങ്ങള്‍
3. സിനിമയുടെ ദൈര്‍ഘ്യം
4. യുക്തിയെ ചോദ്യം ചെയുന്ന മോഷണ രംഗങ്ങള്‍ 

ബൈസിക്കിള്‍ തീവ്സ്  റിവ്യൂ: പ്രവചിക്കാനവുന്ന കഥയും ഇഴഞ്ഞു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങളും പ്രേക്ഷകരെ ബോറടിപ്പിക്കുന്നുണ്ടെങ്കിലും, നടീനടന്മാരുടെ അഭിനയവും, രസകരമായ സംഭാഷണങ്ങളും, ക്ലൈമാക്സിലെ ട്വിസ്റ്റുകളും ആസ്വാദ്യകരമാണ്.

ബൈസിക്കിള്‍ തീവ്സ് റേറ്റിംഗ്: 4.50/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 5/10[ആവറേജ്]
സാങ്കേതികം: 2.5/5[ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 13.5/30 [4.5/10]

തിരക്കഥ, സംഭാഷണങ്ങള്‍, സംവിധാനം: ജിസ് ജോയ്
നിര്‍മ്മാണം: ഡോക്ടര്‍ എസ്. സജികുമാര്‍
ബാനര്‍: ധാര്‍മ്മിക് ഫിലിംസ്
ചായാഗ്രഹണം: ബൈനേന്ദ്ര മേനോന്‍
ചിത്രസന്നിവേശം: രതീഷ്‌ രാജ്
ഗാനരചന: അനു എലിസബത്ത്‌, ജിസ് ജോയ്
സംഗീതം, പശ്ചാത്തല സംഗീതം: ദീപക് ദേവ്
കലാസംവിധാനം: ഉണ്ണി
മേക്കപ്പ്: ജോ കൊരട്ടി
വസ്ത്രാലങ്കാരം: ധന്യ
വിതരണം: യു.ടി.വി. റിലീസ്

No comments:

Post a Comment