10 Dec 2013

സൈലന്‍സ് - മമ്മൂട്ടിയുടെ ആരാധകരെ മാത്രം ത്രസിപ്പിക്കുന്ന കുറ്റാന്വേഷണ സിനിമ! 4.80/10

ഗുലുമാല്‍, ത്രീ കിംഗ്സ് എന്നീ സിനിമകള്‍ക്ക്‌ ശേഷം വൈ.വി.രാജേഷിന്റെ രചനയില്‍ വി.കെ.പ്രകാശ് സംവിധാനം നിര്‍വഹിച്ച സിനിമയാണ് സൈലന്‍സ്. ട്വന്റി 20 എന്ന സിനിമയ്ക്ക് ശേഷം ശേഷം മമ്മൂട്ടി വീണ്ടും വക്കീല്‍ വേഷത്തിലെത്തുന്ന കുറ്റാന്വേഷണ സിനിമ എന്ന രീതിയില്‍ ഏറെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച സിനിമയാണ് സൈലന്‍സ്. അയ്ഷ ഫിലിംസിന്റെ ബാനറില്‍ അഫ്സീന സലീമാണ് സൈലന്‍സ് നിര്‍മ്മിച്ചിരിക്കുന്നത്. പോലിസ് എന്ന പ്രിഥ്വിരാജ്-ഇന്ദ്രജിത്ത് സിനിമയ്ക്ക് ശേഷം വി.കെ.പ്രകാശ്‌ സംവിധാനം ചെയുന്ന കുറ്റാന്വേഷണ സ്വഭാവമുള്ള സസ്പെന്‍സ് ത്രില്ലര്‍ സിനിമയാണ് സൈലന്‍സ്. മമ്മൂട്ടിയെ കൂടാതെ അനൂപ്‌ മേനോനും പ്രധാനപെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പല്ലവി ചന്ദ്രനാണ് ഈ സിനിമയിലെ മമ്മൂട്ടിയുടെ നായിക. പുതുമുഖം മനോജ്‌ കട്ടോയിയാണ് ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചത്. മഹേഷ്‌ നാരായണന്‍ ചിത്രസന്നിവേശവും, രതീഷ്‌ വേഗ സംഗീത സംവിധാനവും, എം.ബാവ കലാസംവിധാനവും, റോഷന്‍ മേക്കപ്പും, ലിജി പ്രേമന്‍ വസ്ത്രാലങ്കാരവും നിര്‍വഹിച്ചിരിക്കുന്നു.

ജഡ്ജ് പദവി ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അഭിഭാഷകന്മാരില്‍ ഒരാളാണ് അരവിന്ദ് ചന്ദ്രശേഖര്‍. ഔദ്യോഗിക ജീവിതത്തില്‍ മറ്റാര്‍ക്കും കൈവരിക്കാനാവത്ത അപൂര്‍വ നേട്ടം സ്വന്തമാക്കിയതിന്റെ പിറ്റേന്ന് അരവിന്ദിന് ഒരു അഞ്ജാതന്റെ ഫോണ്‍ കോള്‍ വരുന്നു. അരവിന്ദ് വാദിച്ച ഒരു കേസില്‍ ശിക്ഷിക്കപെട്ട നിരപരാധികളാണ് അവര്‍ എന്നും, അവരെ ശിക്ഷിച്ചതിന്റെ പ്രതികാരം തീര്‍ക്കുമെന്നും ഭീഷണിപെടുത്തുന്നു. അങ്ങനെ അരവിന്ദ് ചന്ദ്രശേഖറിനെ വേട്ടയാടുന്ന ഒരുകൂട്ടം അഞ്ജാതര്‍ക്കെതിരെ അരവിന്ദും സുഹൃത്ത് നീല്‍ എന്ന പോലീസ് ഉദ്യോഗസ്ഥനും ചേര്‍ന്ന് നടത്തുന്ന കുറ്റാന്വേഷണവും അതില്‍ നിന്നും ചില സത്യങ്ങള്‍ മനസ്സിലാകുന്നതുമാണ് സൈലന്‍സ് എന്ന സിനിമയുടെ കഥ.

കഥ, തിരക്കഥ: ബിലോ ആവറേജ്
വൈ.വി.രാജേഷും വി.കെ.പ്രകാശും ഒന്നിക്കുന്ന മൂന്നാമത് സിനിമയാണ് സൈലന്‍സ്. ആദ്യ രണ്ടു സിനിമകളും ഹ്യൂമര്‍ പശ്ചാത്തലത്തില്‍ ആയിരുന്നുവെങ്കില്‍, സൈലന്‍സ് പൂര്‍ണമായും ഒരു സസ്പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പെടുത്താവുന്ന സിനിമയാകുന്നു. മുന്‍കാല ഔദ്യോഗിക ജീവിതത്തിലുണ്ടായ ചില പിഴവുകളുടെ നിജസ്ഥിതി അറിവുവാനായി ഇറങ്ങിതിരിക്കുകയും ഒടുവില്‍ അത് കണ്ടെത്തുകയും ചെയ്യുന്ന കഥയ്ക്ക്‌ അനിയോജ്യമാല്ലത്ത കഥാസന്ദര്‍ഭങ്ങളാണ് ഈ സിനിമയ്ക്ക് വേണ്ടി വൈ വി രാജേഷ്‌ എഴുതിയിരിക്കുന്നത്. ആദ്യ പകുതിയിലെ കഥാസന്ദര്‍ഭങ്ങള്‍ പുതുമ നിറഞ്ഞ രീതിയില്‍ രചിച്ച രാജേഷ്‌, പുതുമയില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍ കുത്തിനിറച്ചു കഥ അവസാനിപ്പിക്കുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ രണ്ടാം പകുതിയില്‍ കണ്ടത്. യുക്തിയെ ചോദ്യം ചെയുന്ന രംഗങ്ങളോ, സംഭാഷണങ്ങളോ, ദ്വയാര്‍ഥ പ്രയോഗങ്ങളോ ഒന്നുമില്ലാത്ത സിനിമയാണ് എന്നല്ലാതെ പ്രേക്ഷകര്‍ക്ക്‌ പുതുമ സമ്മാനിക്കുന്ന കഥയോ കഥാഗതിയോ സസ്പെന്‍സോ ഈ സിനിമയിലില്ല. അതുപോലെ കൊലപാതകം ചെയ്യുവാനുള്ള ശക്തമായ കാരണങ്ങളോ, പ്രതിനായകന്റെ കഥാപാത്ര രൂപികരണമോ, പ്രേക്ഷകരെ പ്രകമ്പനം കൊള്ളിക്കുന്ന സസ്പെന്‍സ് രംഗങ്ങളോ സിനിമയിലില്ലാത്തത് ഈ സിനിമയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.

സംവിധാനം: ആവറേജ്
വൈ.വി.രാജേഷിന്റെ ശരാശരി നിലവാരത്തിലുള്ള തിരക്കഥയെ ഉദ്യോഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുവാന്‍ വി.കെ.പ്രകാശിന് സാധിച്ചതിനാല്‍ കണ്ടിരിക്കാവുന്ന ഒരു ആദ്യ പകുതി ഈ സിനിമയ്ക്ക് ലഭിച്ചു. മമ്മൂട്ടിയുടെ ആരാധകരെ ത്രിപ്ത്തിപെടുത്തുന്ന രീതിയില്‍ തന്നെ അരവിന്ദ് ചന്ദ്രശേഖറിനെ സംവിധായകന്‍ അവതരിപ്പിച്ചു. ആദ്യ പകുതി സംവിധാനം നിര്‍വഹിച്ച അതെ തീവ്രതയോടെയാണോ വി.കെ.പി ഈ സിനിമയുടെ രണ്ടാം പകുതി സംവിധാനം ചെയ്തത് എന്ന് സംശയിക്കുന്നു. കണ്ടുമടുത്ത കഥാസന്ദര്‍ഭങ്ങളെ ത്രസിപ്പിക്കാത്ത രീതിയില്‍ ചിത്രീകരിച്ചതും, നായകന്‍ സസ്പെന്‍സ് കണ്ടെത്തുന്ന രംഗങ്ങള്‍ ലാഘവത്തോടെ ചിത്രീകരിച്ചതും, ക്ലൈമാക്സില്‍ അനാവശ്യമായ സംഘട്ടന രംഗം ഉള്‍പെടുത്തിയതും സംവിധായകന്റെ കഴിവുകേട് തന്നെ. അതിലുപരി വെള്ളത്തിനടിയില്‍ വെച്ചുള്ള സംഘട്ടന രംഗങ്ങള്‍ അവിശ്വസനീയമായി തോന്നുകയും ചെയ്തു. കഥയുടെ നിര്‍ണ്ണായക ഘട്ടത്തില്‍ നായകന്‍ കുറ്റവാളിയെ കണ്ടെത്തുന്ന രംഗത്തിലെ നിശബ്ദതയായിരിക്കാം ഈ സിനിമയ്ക്ക് സൈലന്‍സ് എന്ന പേര് നല്‍ക്കുവാനുള്ള കാരണം. സിനിമയുടെ കഥയ്ക്ക്‌ അനിയോജ്യമായ പേരാണ് സൈലന്‍സ് എങ്കിലും, അതൊന്നും മനസ്സിലാകാത്ത പാവം പ്രേക്ഷകര്‍ ഇന്നും ചിന്താകുഴപ്പതിലാണ്. ഇതിലും മികച്ച സസ്പെന്‍സ് ത്രില്ലറുകള്‍ക്കായി വി.കെ.പ്രകാശും മമ്മൂട്ടിയും ഒന്നിക്കട്ടെ.

സാങ്കേതികം: ആവറേജ്
മനോജ്‌ കട്ടോയിയാണ് ത്രസിപ്പിക്കുന്ന രീതിയില്‍ ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. പാലക്കാടിന്റെ ഗ്രമീണതയില്‍ തുടങ്ങി, ബംഗളൂരൂവിന്റെ നാഗരികതയുടെ ചടുലതയും നെല്ലിയാമ്പതിയിലെ ഡാമും ചുറ്റുമുള്ള കാടിന്റെ ദുരൂഹതയും ഒരേപോലെ മികച്ച രീതിയില്‍ അവതരിപ്പിക്കുവാന്‍ മനോജിനു സാധിച്ചത് സിനിമയ്ക്ക് ഗുണം ചെയ്തിട്ടണ്ട്. ത്രസിപ്പിക്കുന്ന പാശ്ചാത്തല സംഗീതത്തോടെ രതീഷ്‌ വേഗ നല്‍കിയ ശബ്ദങ്ങള്‍ സിനിമയുടെ ത്രില്ലര്‍ സ്വഭാവത്തിന് മാറ്റുകൂട്ടി. ഈ നല്ല വശങ്ങളുടെ മറുവശം എന്ന രീതിയില്‍ മഹേഷ്‌ നാരായണന്‍ നിര്‍വഹിച്ച ചിത്രസന്നിവേശം ഇത്തരത്തിലുള്ള ഒരു സിനിമയ്ക്ക് ചേരുന്ന രീതിയിലായിരുന്നില്ല. വേഗത്തെ നഷ്ടപെട്ട പോലെ രണ്ടാം പകുതിയിലെ രംഗങ്ങള്‍ ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയിലായത് സന്നിവേശകന്റെ അലസമായ സമീപനമാണ്. എം.ബാവയുടെ കലാസംവിധാനവും, റോഷന്റെ മേക്കപ്പും, ലിജി പ്രേമന്റെ വസ്ത്രാലങ്കാരവും ശരാശരി മികവു പുലര്‍ത്തി.

അഭിനയം: എബവ് ആവറേജ്
അരവിന്ദ് ചന്ദ്രശേഖര്‍ എന്ന കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലര്‍ത്തുന്ന രീതിയിലാണ് മമ്മൂട്ടി അഭിനയിച്ചത്. തന്നെ വേട്ടയാടുന്ന ഒരുകൂട്ടം അഞ്ജാതരില്‍ നിന്ന് കുടുംബത്തെ സംരക്ഷിക്കുന്ന ആദ്യപകുതിയിലെ രംഗങ്ങളില്‍ മികച്ച അഭിനയമാണ് മമ്മൂട്ടി കാഴ്ചവെച്ചത്. മമ്മൂട്ടിയോടൊപ്പം അനൂപ്‌ മേനോനും മോശമല്ലാത്ത അഭിനയം കാഴ്ച്ചവെച്ചുക്കൊണ്ട് സിനിമയുടെ ത്രസിപ്പിക്കുന്ന രംഗങ്ങള്‍ക്ക് മാറ്റുകൂട്ടി. ഇവരെ കൂടാതെ പല്ലവി ചന്ദ്രന്‍, ബേസില്‍, ജോയ് മാത്യു, ജയപ്രകാശ് കുളൂര്‍, ഷാജു ശ്രീധര്‍, രവി വള്ളത്തോള്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, രാഘവന്‍, ശങ്കര്‍ രാമകൃഷ്ണന്‍, അപര്‍ണ്ണ നായര്‍, ശ്രീലത എന്നിവരും ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളാകുന്നു.

സിനിമയില്‍ ഇഷ്ടപെട്ടവ:
1.  മമ്മൂട്ടിയുടെ അഭിനയം
2. വി.കെ.പ്രകാശിന്റെ സംവിധാനം
3. സിനിമയുടെ ആദ്യ പകുതി
4. മനോജിന്റെ ചായാഗ്രഹണം
5. പശ്ചാത്തല സംഗീതം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥയും കഥാസന്ദര്‍ഭങ്ങളും
2. രണ്ടാം പകുതിയും, ക്ലൈമാക്സ് സംഘട്ടനവും
3. ചിത്രസന്നിവേശം

സൈലന്‍സ് റിവ്യൂ: സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതിയും, ആദ്യ പകുതിയിലെ രംഗങ്ങളുടെ ത്രസിപ്പിക്കുന്ന അവതരണവും, പശ്ചാത്തല സംഗീതവും, മമ്മൂട്ടിയുടെ സാന്നിധ്യവുമൊക്കെ ആരാധകരെ സന്തോഷിപ്പിക്കുമെങ്കിലും, കണ്ടുമടുത്ത കഥയും കഥാപശ്ചാത്തലവും കഥാസന്ദര്‍ഭങ്ങളും നല്ല ത്രില്ലര്‍ സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകരെ നിശബ്ദരാക്കുന്നു.

സൈലന്‍സ് റേറ്റിംഗ്: 4.80/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 2.5/5 [ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 14.5/30 [4.8/10]

സംവിധാനം: വി.കെ.പ്രകാശ്
നിര്‍മ്മാണം: അഫ്സീന സലിം
ബാനര്‍: ആയിഷ ഫിലിംസ്
രചന: വൈ.വി.രാജേഷ്‌
ചായാഗ്രഹണം: മനോജ്‌ കട്ടോയി
ചിത്രസന്നിവേശം: മഹേഷ്‌ നാരായണന്‍
വരികള്‍: രാജീവ്‌ ആലുങ്കല്‍
സംഗീതം: രതീഷ്‌ വേഗ
കലാസംവിധാനം: എം.ബാവ 
വസ്ത്രാലങ്കാരം: ലിജി പ്രേമന്‍
മേക്കപ്പ്: റോഷന്‍
വിതരണം: ആയിഷ ഫിലിംസ് റിലീസ്

No comments:

Post a Comment