17 Dec 2013

വെടിവഴിപാട് - ചീറ്റിപ്പോയ നവയുഗ വഴിപാട് 3.20/10

തിരുവനന്തപുരം നഗരത്തില്‍ ആറ്റുകാല്‍ പൊങ്കാല ദിവസം രാഹുല്‍, പ്രദീപ്‌, സഞ്ജയ്‌ എന്നീ മൂന്ന് ഭര്‍ത്താക്കന്മാര്‍ ചേര്‍ന്ന് ഒരു വെടിവഴിപാട് നേരുന്നു. രാഹുലിന്റെ ഭാര്യ രാധിക പൊങ്കാലയിടുവാന്‍ സുഹൃത്തിന്റെ വീട്ടിലും, പ്രദീപിന്റെ ഭാര്യ വിദ്യ പ്രദീപിന്റെ സുഹൃത്ത് ജോസഫിന്റെ വീട്ടിലും, ടെലിവിഷന്‍ അവതാരകയായ സഞ്ജയ്‌യിന്റെ ഭാര്യ രശ്മി പൊങ്കാലയുടെ ചിത്രീകരണത്തിനായി അമ്പലത്തിന്റെ പരിസരത്തും എത്തിച്ചേരുന്നു. ദാമ്പത്യ ജീവിതത്തില്‍ പലതരം കല്ലുകടികള്‍ മൂലം ദുരിതം അനുഭവിക്കുന്ന രാഹുലും പ്രദീപും സഞ്ജയ്‌യും ഭാര്യമാര്‍ വീട്ടിലില്ലാത്ത സന്ദര്‍ഭം മുതലെടുക്കുവാനയാണ് അനുമോള്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ രാഹുലിന്റെ വീട്ടിലെത്തിക്കുന്നത്. ഇതേ അവസരത്തില്‍, രശ്മിയുടെ മേലുദ്യോഗസ്ഥന്‍ തെറ്റായ ഉദ്ദേശത്തില്‍ രശ്മിയെ സമീപിക്കുകയും, അതില്‍ നിന്നും ബുദ്ധിപരമായി രക്ഷപെടുകയും ചെയ്യുന്നു. ജോസഫിന്റെ ഫ്ലാറ്റില്‍ പോങ്കലയ്ക്കാവശ്യമായാ സാധനങ്ങള്‍ പാചകം ചെയ്യുവാനെത്തുന്ന വിദ്യയും ജോസഫുമായി തെറ്റായ രീതിയിലുള്ള സൗഹൃദം ആരംഭിക്കുകയും ചെയുന്നു. അങ്ങനെ, ഒരുപാട് തിരക്കുള്ള ആറ്റുകാല്‍ പൊങ്കാല ദിവസം തിരുവനന്തപുരം നഗരത്തില്‍ അരങ്ങേറുന്ന മേല്പറഞ്ഞ സംഭവങ്ങളും, അതിനു ശേഷം അന്നേ ദിവസം രാഹുലിന്റെയും പ്രദീപിന്റെയും സഞ്ജയ്‌യുടെയും ജോസഫിന്റെയും വിദ്യയുടെയും രശ്മിയുടെയും രാധികയുടെയും ജീവിതത്തില്‍ സംഭവിക്കുന്ന അനന്തര ഫലങ്ങലുമാണ് വെടിവഴിപാടിന്റെ കഥ. രാഹുലായി മുരളി ഗോപിയും, ജോസഫായി ഇന്ദ്രജിത്തും, പ്രദീപായി ശ്രീജിത്ത്‌ രവിയും, സഞ്ജയ്‌യായി സൈജു കുറുപ്പും, വിദ്യയായി മൈഥിലിയും, രശ്മിയായി അനുശ്രീ നായരും, രാധികയായി അഞ്ജന ഹരിദാസും അഭിനയിച്ചിരിക്കുന്നു.

കോക്ക്ടെയ്ല്‍, ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ സിനിമകളുടെ സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദ് നിര്‍മ്മിച്ചിരിക്കുന്ന വെടിവഴിപാട് സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖം ശംഭു പുരുഷോത്തമനാണ്. സത്യജിത് റേ ഫിലിം ഇന്‍സ്റ്റിട്യൂട്ടിലെ സംവിധായകന്റെ സഹപാടിയായിരുന്ന ഷെഹ്നാദ് ജലാലാണ് ഈ സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചത്. പ്രജിഷ് പ്രകാശ് ചിത്രസന്നിവേശവും, ബിജിബാല്‍ പശ്ചാത്തല സംഗീത സംവിധാനവും നിര്‍വഹിചിരിക്കുക്കുന്നു. തമീന്‍സ് ഈ സിനിമ വിതരണം ചെയ്തിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
ദാമ്പത്യ ജീവിതത്തിലെ രസക്കെടുകള്‍ മൂലം മനസ്സമാദനം നഷ്ടപെട്ട കഥയിലെ നായകന്മാര്‍ ഒരല്പം വഴിവിട്ട പ്രവര്‍ത്തി ചെയ്യുവാന്‍ തീരുമാനിക്കുന്നു. എന്നാല്‍ മൂവരും ഭാര്യമാരുടെ സാന്നിധ്യമില്ലാതെ തന്നെ തെറ്റു ചെയ്യാതെ പരാജയപെടുന്നു. മറുവശത്ത് സദാചാരവാദികള്‍ എന്ന സ്വയം അവകാശപെടുന്ന ചിലര്‍ വഴിവിട്ട പ്രവര്‍ത്തികള്‍ക്ക് ശ്രമിക്കുന്നു. അവരും പരാജയപെടുന്നു. ഇതാണ് ഈ സിനിമ ചര്‍ച്ചചെയ്യുന്ന പ്രമേയം. ഇത്തരത്തിലുള്ള ഒരു പ്രമേയം മികച്ച രീതിയില്‍ അവതരിപ്പിക്കുവാന്‍ ശംഭു പുരുഷോത്തമന്‍ എന്ന തിരക്കഥകൃത്തിനു സാധിച്ചില്ല. പുതുമയോടെ അവതരിപ്പിച്ചു തുടങ്ങിയ കഥാസന്ദര്‍ഭങ്ങള്‍, പ്രവചിക്കാനവുന്ന കണ്ടുമടുത്ത സന്ദര്‍ഭങ്ങലിലേക്ക് എത്തിച്ചേര്‍ന്നു. അതിലുപരി, കണ്ടിരിക്കാന്‍ പ്രയാസമുള്ള ഒട്ടനവധി രംഗങ്ങളും സംഭാഷണങ്ങളും ചേര്‍ന്നപ്പോള്‍, മലയാള സിനിമ ഇത്രയ്ക്ക് അധപധിച്ചോ എന്നുവരെ തോന്നിപോയ പ്രേക്ഷകരുണ്ടായിരുന്നു. പാഴായിപ്പോയ നവയുഗ സിനിമകളുടെ പട്ടികയില്‍ വെടിവഴിപാടിന്റെ രസീതി കൂടെ ചേര്‍ക്കുന്നു.

സംവിധാനം: മോശം
ന്യൂ ജനറേഷന്‍ സിനിമ അഥവാ നവയുഗ സിനിമ എന്നാല്‍ കള്ളുകുടിയും പുകവലിയും സെക്സും അസഭ്യവും അടങ്ങുന്നതാണെന്നും, പുതിയ തലമുറ കാണുവാന്‍ ആഗ്രഹിക്കുന്നത് ഇതൊക്കെയാണെന്നുമുള്ള തെറ്റുധാരണയിലാണ് മലയാള സിനിമ സംവിധാനം ചെയ്യുവാന്‍ തീരുമാനിക്കുന്ന ചില സംവിധായകര്‍. ശംഭു പുരുഷോത്തമന്‍ എന്ന പുതുമുഖ സംവിധായകനും മേല്പറഞ്ഞ ഗണത്തില്‍ ഉള്‍പെടുത്തവുന്ന ഒരാളാണ് എന്ന തെളിയിക്കുന്ന അദ്ദേഹത്തിന്റെ ആദ്യ സംരംഭമായ വെടിവഴിപാട്. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളും, അത് ഭാര്യ ഭര്‍ത്താക്കന്മാരെ ഏതു തരത്തില്‍ ബാധിക്കുന്നു എന്നും ഈ സിനിമയിലെ ഒരു ചര്‍ച്ച വിഷയമാണ്. മേല്പറഞ്ഞതാണ് പ്രമേയമെങ്കിലും, ന്യൂ ജനറേഷന്‍ പ്രേക്ഷകരെ തൃപ്തിപെടുത്തുവാന്‍ വേണ്ടി കഥയുടെ അവതരണ രീതി സംവിധായകന്‍ മാറ്റിമറിച്ചു. അങ്ങനെ, കള്ളുകുടിയും സെക്സും അസഭ്യവും അശ്ലീലവും നിറഞ്ഞ രംഗങ്ങളും സംഭാഷണങ്ങളും മാത്രമായ ചീറ്റിപോയ നവയുഗ വഴിപാടായി അവസാനിച്ചു ഈ സിനിമ. മലയാള സിനിമയിലെ നവയുഗ പ്രേക്ഷകര്‍ക്ക്‌ പുതുമയുള്ള പ്രമേയത്തിന്റെ പുതുമയുള്ള അവതരണമാണ് കാണേണ്ടത്. ആ സിനിമയ്ക്ക് വേഗതയില്ലെങ്കിലും തമാശകള്‍ ഇല്ലെങ്കിലും, ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലെങ്കിലും വിജയ്ക്കുമെന്നും പ്രേക്ഷകര്‍ സ്വീകരിക്കുമെന്നും ഉറപ്പാണ്. അന്നയും റസൂലും എന്ന സിനിമ തന്നെ ഉദാഹരണം.

സാങ്കേതികം: ആവറേജ്
ഷെഹ്നാദ് ജലാല്‍ തനിക്കാവും വിധം മികച്ച രീതിയില്‍ തന്നെ ആറ്റുകാല്‍ പൊങ്കാലയിടുന്ന ഭക്തരുടെ രംഗങ്ങള്‍ ചിത്രീകരിച്ചു. അതുകൂടാതെ, സിനിമ കൈകാര്യം ചെയ്യുന്ന വിഷയം പ്രേക്ഷകരിലെക്കിത്തിക്കുവാന്‍ കഴിയുന്ന രംഗങ്ങള്‍ പുതുമയൊന്നും നല്‍ക്കാതെ ചിത്രീകരിച്ചു. പ്രജിഷ് പ്രകാശാണ് രംഗങ്ങള്‍ കോര്‍ത്തിണക്കിയത്. ഇത്തരത്തിലുള്ള ഒരു പ്രമേയം വേഗതയോടെ അവതരിപ്പിച്ചിരുന്നുവെങ്കില്‍ പ്രേക്ഷകര്‍ ഈ സിനിമ സ്വീകരിക്കുമായിരുന്നു. ആദ്യ പകുതിയും രണ്ടാം പകുതിയും ഒരേ പോലെ ഇഴഞ്ഞു നീങ്ങുന്ന പരുവത്തിലാണ് പ്രജിഷ് സന്നിവേശം ചെയ്തിരിക്കുന്നത്. ബിജിബാലിന്റെ പശ്ചാത്തല സംഗീതവും വേണ്ടത്ര മികവു പുലര്‍ത്തിയില്ല. പല രംഗങ്ങളും നിശബ്ദമായി തന്നെ അവസാനിച്ചത്‌ പ്രേക്ഷകര്‍ക്ക്‌ ബോറന്‍ അനുഭവമായി. സുഭാഷ് കരുണിന്റെ കലാസംവിധാനവും, ഷിബു പരമേശ്വറിന്റെ വസ്ത്രങ്കാരവും സിനിമയോട് ചേര്‍ന്ന് പോകുന്നവയാണ്.

അഭിനയം: എബവ് ആവറേജ്
ചുരിങ്ങിയ കാലയളവുകൊണ്ട് തന്നെ നല്ലൊരു അഭിനേത്രി എന്ന പേര് കരസ്ഥമാക്കിയ നടിമാരില്‍ ഒരാളാണ് അനുമോള്‍. മലയാള സിനിമയിലെ പ്രമുഖ നടിമാരില്‍ ആരും തന്നെ സ്വീകരിക്കുവാന്‍ തയ്യാറാവാത്ത ഒരു കഥാപാത്രത്തെയാണ് അനുമോള്‍ ഈ സിനിമയില്‍ അവതരിപ്പിച്ചത്. ഈ കഥയിലെ പ്രധാന്യമുള്ള മറ്റു വേഷങ്ങള്‍ അഭിനയിച്ചത് മുരളി ഗോപി, ഇന്ദ്രജിത്ത്, ശ്രീജിത്ത്‌ രവി, സൈജു കുറുപ്പ്, സുനില്‍ സുഖദ, അശ്വിന്‍ മാത്യു, മൈഥിലി, അനുശ്രീ നായര്‍, അഞ്ജന ഹരിദാസ്, ആശ എന്നിവരാണ്. അവരവരുടെ കഥാപാത്രങ്ങള്‍ വിശ്വസനീയതയോടെ അവതരിപ്പിക്കുവാന്‍ ഓരോ അഭിനേതാക്കള്‍ക്കും സാധിച്ചു.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. അഭിനേതാക്കളുടെ പ്രകടനം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. പ്രമേയം
2. കഥയും കഥാപാത്രങ്ങളും
3. ഇഴഞ്ഞു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍
4. സംവിധാനം

വെടിവഴിപാട് റിവ്യൂ: നല്ല ഉദ്ദേശത്തോടെ സിനിമയെടുക്കുന്ന അണിയറപ്രവര്‍ത്തകരും, കലാമൂല്യമുള്ള സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകരും സദാചാരവാദികള്‍ക്ക് പുറമേ ശംഭു പുരുഷോത്തമാനോടും അരുണ്‍ കുമാറിനോടും പൊറുക്കട്ടെ!

വെടിവഴിപാട് റേറ്റിംഗ്: 3.20/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 1/10 [മോശം]
സാങ്കേതികം: 2.5/5 [ആവറേജ്]
അഭിനയം: 3/5 [എബവ് ആവറേജ്]
ടോട്ടല്‍ 9.5/30 [3/10]

രചന, സംവിധാനം: ശംഭു പുരുഷോത്തമന്‍
നിര്‍മ്മാണം: അരുണ്‍ കുമാര്‍ അരവിന്ദ്
ബാനര്‍: കര്മ്മയുഗ് മുവീസ്
ചായാഗ്രഹണം: ഷെഹ്നാദ് ജലാല്‍
ചിത്രസന്നിവേശം: പ്രജിഷ് പ്രകാശ്
പശ്ചാത്തല സംഗീതം: ബിജിബാല്‍
കലാസംവിധാനം: സുഭാഷ് കരുണ്‍
മേക്കപ്പ്: ബൈജു ബാലരാമപുരം
വസ്ത്രാലങ്കാരം: ഷിബു പരമേശ്വര്‍
ശബ്ദമിശ്രണം: ഗോട്ലിന്‍ ടിമോ കോശി
വിതരണം: തമീന്‍സ് റിലീസ്

No comments:

Post a Comment