22 Dec 2013

ദൃശ്യം - നടന വൈഭവവും സംവിധാന മികവും ചേര്‍ന്ന ദൃശ്യ വിസ്മയം! 7.20/10

"മനപ്പൂര്‍വമായി കെട്ടിച്ചമച്ചുണ്ടാക്കിയ ദൃശ്യങ്ങള്‍ ചിലപ്പോള്‍ സത്യങ്ങളെക്കാള്‍ വിശ്വസനീയമാകും" എന്നാണ് ജീത്തു ജോസഫ്‌ അണിയിച്ചൊരുക്കിയ ദൃശ്യം എന്ന സിനിമ പ്രേക്ഷകരോട് പറയുന്നത്. മേല്പറഞ്ഞ വാചകങ്ങള്‍ എന്താണ് സൂചിപ്പിക്കുന്നതെന്ന് മനസ്സിലാകണമെങ്കില്‍ മോഹന്‍ലാല്‍-ജീത്തു ജൊസഫ് ടീമിന്റെ ദൃശ്യം എന്ന സിനിമ കാണുകതന്നെ ചെയ്യണം. നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അനാഥനായ ജോര്‍ജുകുട്ടി സ്വപ്രയത്നത്താല്‍ ജീവിച്ചു ഭദ്രതയുള്ള കുടുംബം കെട്ടിപടുത്തയാളാണ്. മലയോര ഗ്രാമപ്രദേശത്തെ കേബിള്‍ ടി.വി. നടത്തിപ്പുക്കാരനും, കൃഷിക്കാരനുമായ ജോര്‍ജുകുട്ടിയുടെ കുടുംബത്തില്‍ ഭാര്യ റാണിമോളും, മക്കളായ അഞ്ചുവും അനുമോളുമാണുള്ളത്. സമാധാനപരമായ അവരുടെ കുടുംബ ജീവിതത്തില്‍ അപ്രതീക്ഷിതമായ ഒരു സംഭവമുണ്ടാകുന്നു. ആ പ്രശ്നങ്ങള്‍ അവര്‍ കുടുംബസമേതം നേരിടുന്നതും തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളുമാണ് ദൃശ്യം എന്ന സിനിമയുടെ കഥ. ജോര്‍ജുകുട്ടിയായി മോഹന്‍ലാലും, റാണിയായി മീനയും, മക്കളുടെ വേഷത്തില്‍ അന്‍ഷിബയും ബേബി എസ്തറും അഭിനയിച്ചിരിക്കുന്നു. 

ആശിവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച്‌, ജീത്തു ജൊസഫ് രചനയും സംവിധാനവും നിര്‍വഹിച്ച ദൃശ്യത്തിന്റെ ചായാഗ്രഹണം നിര്‍വഹിച്ചത് സുജിത് വാസുദേവാണ്. പുതുമുഖം അയൂബ് ഖാനാണ് ഈ സിനിമയുടെ ചിത്രസന്നിവേശം നിര്‍വഹിച്ചത്. സന്തോഷ്‌ വര്‍മ്മ രചിച്ച വരികള്‍ക്ക് അനില്‍ ജോണ്‍സണ്‍-വിനു തോമസ്‌ എന്നിവര്‍ ചേര്‍ന്ന് സംഗീതം നല്‍കിയിരിക്കുന്നു. അനിലും വിനും ചേര്‍ന്നാണ് സിനിമയുടെ പശ്ചാത്തല സംഗീതവും നിര്‍വഹിച്ചത്. മാക്സ്ലാബ് ആണ് ഈ സിനിമ റിലീസ് ചെയ്തിരിക്കുന്നത്.

കഥ, തിരക്കഥ: ഗുഡ്
കുടുംബ പശ്ചാത്തലത്തിലുള്ള ഒരു സസ്പെന്‍സ് ത്രില്ലര്‍ സിനിമയുടെ കഥാസന്ദര്‍ഭങ്ങള്‍ എഴുതുമ്പോള്‍, ആ രംഗങ്ങള്‍ കുടുംബ പ്രേക്ഷകരെയും ത്രില്ലര്‍ സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകരെയും ഒരേ പോലെ തൃപ്തിപെടുത്തണം. അതിലുപരി, യുക്തിയെ ചോദ്യം ചെയ്യുന്ന കഥാസന്ദര്‍ഭങ്ങളോ, സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതിയോ പാളിപോകാതെയുള്ള കഥാസന്ദര്‍ഭങ്ങള്‍ രചിക്കുവാനുള്ള കഴിവും വേണം. മേല്പറഞ്ഞ എല്ലാ വസ്തുതകളും മികച്ച രീതിയില്‍ തന്നെ ജീത്തു ജോസഫിന്റെ തിരക്കഥ രചനയില്‍ ഒത്തുചേര്‍ന്നുവന്നിട്ടുണ്ട് എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. കുടുംബത്തെ രക്ഷപെടുത്തുന്നതിനു വേണ്ടി ജോര്‍ജുകുട്ടി നടത്തുന്ന ശ്രമങ്ങള്‍ വിശ്വസനീയതയോടെ തിരക്കഥയിലാക്കുവാന്‍ ജീത്തു ജോസഫിന് സാധിച്ചു. കുറ്റാന്വേഷണത്തിന്റെ ഭാഗമായി നടക്കുന്ന ചോദ്യോത്തരവേളയില്‍ ജോര്‍ജുകുട്ടിയും കുടുംബവും നടത്തുന്ന ചെറുത്തുനില്‍പ്പും അത്യുഗ്രമായ രംഗങ്ങളിലൂടെ തിരക്കഥയില്‍ അവതരിപ്പിച്ചു. രണ്ടാം പകുതിയും ക്ലൈമാക്സ് രംഗങ്ങളിലുമുള്ള ഓരോ രംഗങ്ങളും സംഭാഷണങ്ങളും കയ്യടിയോടെയാണ് പ്രേക്ഷകര്‍ കണ്ടത്. അഭിനന്ദനങ്ങള്‍!!!

സംവിധാനം: വെരി ഗുഡ്
മൈ ബോസ്, മെമ്മറീസ് എന്നീ സിനിമകള്‍ക്ക്‌ ശേഷം ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഈ സിനിമ സമീപകാലത്തിറങ്ങിയ ഏറ്റവും മികച്ച ത്രില്ലര്‍ സിനിമകളില്‍ ഒന്നായത്തിന്റെ കാരണം ജീത്തു ജോസഫിന്റെ സംവിധാന മികവു തന്നെ. മലയാള സിനിമ പ്രേക്ഷകര്‍ക്ക്‌ സുപരിചിതമായ നന്മയുള്ള ഗ്രാമീണന്റെ കുടംബകഥ എന്നൊരു തോന്നലുണ്ടാക്കുകയും, ഇതേ തോന്നലുളവാക്കുന്ന രംഗങ്ങളോടെ മുന്‍പോട്ടു നീങ്ങുന്ന ആദ്യപകുതി ശരാശരി നിലവാരത്തിനു മുകളില്‍ കൊണ്ടെത്തിച്ചതും സംവിധായകന്റെ കഴിവ് തന്നെ. ചില അപ്രതീക്ഷിത വഴിതിരുവകളോടെ അവസാനിച്ച ആദ്യപകുതിയും, ഉദ്യോഗജനകമായ സന്ദര്‍ഭങ്ങളിലൂടെ കഥാഗതിയെ നിയന്ത്രിക്കുന്ന രണ്ടാം പകുതിയും, ഓരോ പ്രേക്ഷകനെയും ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് അവസാനിക്കുന്ന ക്ലൈമാക്സും വിശ്വസനീയതയോടെ അവതരിപ്പിക്കുവാന്‍ ജീത്തു ജോസഫിന് സാധിച്ചതാണ് ഈ സിനിമയുടെ വിജയം. സഹദേവന്‍ എന്ന കഥാപാത്രം കലാഭവന്‍ ഷാജോണിന് നല്‍ക്കുവാനുള്ള സംവിധായകന്റെ തീരുമാനം പ്രശംസനീയം തന്നെ. കഥയില്‍ പ്രാധാന്യമില്ലാത്ത രംഗങ്ങളോ, സംഭാഷണങ്ങളോ, അഭിനേതാക്കളോ ഈ സിനിമയില്ലത്തതും സംവിധാന മികവു തന്നെ. ഒരുപാട് നാളുകള്‍ക്കു ശേഷം മലയാളികള്‍ ഇഷ്ടപെടുന്ന പഴയ ലാലേട്ടനെ തിരികെ തന്നതിനും, കുടുംബസമേതം ത്രില്ലടിച്ചുക്കൊണ്ട് കാണുവാന്‍ ഒരു ക്രിസ്തുമസ് സമ്മാനം തന്നതിനും ഒരു പ്രേക്ഷകനെന്ന നിലയില്‍ ജീത്തു ജോസഫിനും, ആന്റണി പെരുമ്പാവൂരിനും നന്ദി!

സാങ്കേതികം: എബവ് ആവറേജ്
കഥ ആവശ്യപെടുന്ന രീതിയിലുള്ള ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും, അമിതമായ ക്യാമറ ഗിമ്മിക്സുകള്‍ കാണിക്കാതെ ലളിതമായ ഫ്രെയിമുകള്‍ ഒരുക്കി ദൃശ്യവല്ക്കരിക്കുകയും ചെയ്ത സുജിത് വാസുദേവന്‍‌ നല്ലൊരു ത്രില്ലര്‍ ഒരുക്കുന്നതില്‍ ജീത്തു ജോസഫിനെ സഹായിച്ചിട്ടുണ്ട്. പുതുമുഖം ആയുബ് ഖാന്‍ കോര്‍ത്തിണക്കിയ രംഗങ്ങള്‍ ആദ്യപകുതിയില്‍ ഇഴഞ്ഞു നീങ്ങുന്നുണ്ടെങ്കിലും, രണ്ടാം പകുതിയില്‍ വേഗത നിലനിര്‍ത്തുവാന്‍ സാധിച്ചിട്ടുണ്ട്. സിനിമയുടെ ദൈര്‍ഘ്യം ഒരല്പം കുറച്ചിരിന്നുവെങ്കില്‍, പ്രേക്ഷകര്‍ ഇതിലും ത്രില്ലടിക്കുമായിരുന്നു. അനില്‍ ജോണ്‍സണ്‍-വിനു തോമസ്‌ എന്നിവര്‍ ചേര്‍ന്നു നല്‍ക്കിയ പശ്ചാത്തല സംഗീതം സിനിമയുടെ ആസ്വാദനത്തെ സഹായിച്ചിട്ടുണ്ട്. സന്തോഷ്‌ വര്‍മ്മ എഴുതിയ വരികള്‍ക്ക് സംഗീതം നല്കിയതും അനില്‍ ജോണ്‍സണും വിനു തോമസും ചേര്‍ന്നാണ്. സാബു റാമിന്റെ കലാസംവിധാനവും ലിന്റയുടെ വസ്ത്രാലങ്കാരവും സിനിമയ്ക്ക് ചേര്‍ന്ന് പോകുന്നവയാണ്.

അഭിനയം: ഗുഡ്
മോഹന്‍ലാല്‍, മീന, സിദ്ദിക്ക്, കലാഭവന്‍ ഷാജോണ്‍, ആശ ശരത്, ഇര്‍ഷാദ്, കുഞ്ചന്‍, കോഴിക്കോട് നാരായണന്‍ നായര്‍, കെ.ശ്രീകുമാര്‍, റോഷന്‍ ബഷീര്‍, നീരജ് മാധവ്, കലാഭവന്‍ ഹനീഫ്, കലാഭവന്‍ റഹ്മാന്‍, ആന്റണി പെരുമ്പാവൂര്‍, ബൈജു വി.കെ, ബാലാജി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, പ്രദീപ്‌ ചന്ദ്രന്‍, ശോഭ മോഹന്‍, അന്ഷിബ, ബേബി എസ്തര്‍ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. ഭ്രമരത്തിലെ ശിവന്‍കുട്ടിയ്ക്ക് ശേഷം ഏറെ അഭിനയസാധ്യതകളുള്ള ഒരു കഥാപാത്രമാണ് ദൃശ്യത്തിലെ ജോര്‍ജുകുട്ടി. പ്രേക്ഷകരെ ആവേശഭരിതരാക്കിക്കൊണ്ട് അവിസ്മരണീയമായ അഭിനയമാണ് ഇന്ത്യന്‍ സിനിമയുടെ നടന വിസ്മയം കാഴ്ചവെച്ചിരിക്കുന്നത്. നാളിതുവരെ ലഭിച്ച കഥാപാത്രങ്ങളില്‍ ഏറ്റവും വ്യതസ്തവും അഭിനയ പ്രാധാന്യമുള്ളതുമായ വേഷമാണ് ഈ സിനിമയില്‍ കലാഭവന്‍ ഷാജോണിനു ലഭിച്ചത്. സഹദേവന്‍ എന്ന കഥാപാത്രമായി മികച്ച അഭിനയം കാഴ്ച്ചവെക്കുവാന്‍ ഷജോണിനു സാധിച്ചിട്ടുണ്ട്. റാണിയായി മീനയും, അഞ്ചുവായി ആന്‍ശിബയും, അനുമോളായി എസ്തെറും മികച്ച അഭിനയം കാഴ്ച്ചവെചിട്ടുണ്ട്. പുത്രദുഃഖം അനുഭവിക്കുന്ന വേഷത്തില്‍ സിദ്ദിക്കും, കര്‍മ്മനിരധയായ പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തില്‍ ആശ ശരത്തും മോശമല്ലാതെ അഭിനയിച്ചിട്ടുണ്ട്. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ത്രസിപ്പിക്കുന്ന കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും
2. ജീത്തു ജോസഫിന്റെ സംവിധാനം
3. മോഹന്‍ലാലിന്‍റെ അഭിനയം
4. കലാഭവന്‍ ഷജോണിന്റെ വില്ലന്‍ വേഷം
5. സുജിത് വാസുദേവിന്റെ ചായാഗ്രഹണം
6. ക്ലൈമാക്സ് രംഗങ്ങള്‍

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. സിനിമയുടെ ദൈര്‍ഘ്യം

ദൃശ്യം റിവ്യൂ: വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളിലൂടെ, ഉദ്യോഗജനകമായ ക്ലൈമാക്സിലൂടെ, കൃത്യതയാര്‍ന്ന സംവിധാനത്തിലൂടെ, മികവുറ്റ അഭിനയത്തിലൂടെ മോഹന്‍ലാലും ജീത്തു ജോസഫും കൂട്ടരും ചേര്‍ന്ന് മലയാളികള്‍ക്ക് സമ്മാനിച്ച ക്രിസ്തുമസ് സമ്മാനമാണ് ദൃശ്യം. അഭിനന്ദനങ്ങള്‍!!!

ദൃശ്യം റേറ്റിംഗ്: 7.20/10
കഥ, തിരക്കഥ: 7/10[ഗുഡ്]
സംവിധാനം: 8/10[വെരി ഗുഡ്]
സാങ്കേതികം: 3/5[എബവ് ആവറേജ്] 
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍: 21.5/30 [7.20/10]

രചന, സംവിധാനം: ജീത്തു ജോസഫ്‌
നിര്‍മ്മാണം: ആന്റണി പെരുമ്പാവൂര്‍
ബാനര്‍: ആശിര്‍വാദ് സിനിമാസ്
ചായാഗ്രഹണം: സുജിത് വാസുദേവ്
ചിത്രസന്നിവേശം: അയൂബ് ഖാന്‍
ഗാനരചന: സന്തോഷ്‌ വര്‍മ്മ
സംഗീതം: അനില്‍ ജോണ്‍സണ്‍ - വിനു തോമസ്‌
പശ്ചാത്തല സംഗീതം: അനില്‍ ജോണ്‍സണ്‍ - വിനു തോമസ്‌
കലാസംവിധാനം: സാബുറാം
മേക്കപ്പ്: റോഷന്‍ എന്‍.ജി.
വസ്ത്രാലങ്കാരം: ലിന്റ ജീത്തു
വിതരണം: മാക്സ്ലാബ് റിലീസ്

5 comments:

  1. Hi you have a nice site over here! Thanks for sharing this interesting stuff for us! If you keep up this good work I’ll visit your weblog again. Thanks!
    free movies

    ReplyDelete