30 Nov 2013

പുണ്യാളന്‍ അഗര്‍ബത്തീസ് - ആസ്വാദനത്തിന്റെ സുഖന്ധം പരത്തുന്ന അഗര്‍ബത്തികള്‍! 6.50/10

മലയാളികളെ എക്കാലവും ചിരിപ്പിക്കുകയും ചിന്തിപ്പികുകയും ചെയ്തിട്ടുള്ള ആക്ഷേപഹാസ്യപരമായ സിനിമകള്‍ അവര്‍ക്കെന്നും പ്രിയപെട്ടവയാണ്. പഞ്ചവടിപ്പാലവും, വെള്ളാനകളുടെ നാടും, വരവേല്‍പ്പും, സന്ദേശവും, പ്രാഞ്ചിയേട്ടനുമെല്ലാം മേല്പറഞ്ഞ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന സിനിമകളാണ്. സമൂഹത്തിലെ തിന്മകളെ പരിഹസിക്കുന്ന കഥകള്‍ എല്ലാത്തരം പ്രേക്ഷകരെയും ആസ്വദിപ്പിക്കും എന്നതിലാണ് രഞ്ജിത്ത് ശങ്കര്‍ അത്തരത്തിലുള്ള പ്രമേയങ്ങള്‍ സിനിമാകളാക്കുന്നത്. അദ്ദേഹത്തിന്റെ മുന്‍കാല സിനിമകളായ പാസഞ്ചറും അര്‍ജുനന്‍ സാക്ഷിയും മോളി ആന്റി റോക്ക്സും പോലെയൊരു സിനിമയിലേക്ക് സംവിധായകന്‍ വീണ്ടുമെത്തിയത് ഇതേ കാരണങ്ങളാണ്. ഇത്തവണെ സംവിധായകന്‍ രഞ്ജിത്ത് ശങ്കറിനൊപ്പം നടന്‍ ജയസുര്യയും സംയുക്തമായി നിര്‍മ്മിച്ച്‌, രഞ്ജിത്ത് ശങ്കര്‍ സംവിധാനം നിര്‍വഹിച്ചു, ജയസുര്യ അഭിനയിച്ച സിനിമയായ പുണ്യാളന്‍ അഗര്‍ബത്തീസും സമൂഹത്തിലെ അനീതികളെ ചോദ്യം ചെയുന്ന ആക്ഷേപഹാസ്യ സിനിമകളില്‍ ഒന്നാകുന്നു. സംവിധായകന്‍ രഞ്ജിത്ത് ശങ്കറിനൊപ്പം, നവാഗതരായ അഭയകുമാറും അനില്‍ കുര്യനും ചേര്‍ന്നാണ് പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രചന നിര്‍വഹിച്ചത്. സുജിത് വാസുദേവ് ചായഗ്രഹണവും, ലിജോ പോള്‍ ചിത്രസന്നിവേശവും, ബിജിബാല്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ഡ്രീംസ് ആന്‍ഡ്‌ ബിയോണ്ടിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമ വിതരണം ചെയ്തിരിക്കുന്നത് സെന്‍ട്രല്‍ പിക്ചേഴ്സ് ആണ്. 

തൃശൂര്‍ നിവാസിയായ ജോയ് താക്കോല്‍ക്കാരന്‍ എന്ന യുവകച്ചവടക്കാരന്‍ അയാളുടെ പുതിയ കച്ചവട സംരംഭം തുടങ്ങുന്നതിനു വേണ്ടി നടത്തുന്ന ശ്രമങ്ങളും, അതിനെതിരെ പ്രവര്‍ത്തിക്കുന്നവരെക്കെതിരെ നടത്തുന്ന ഒറ്റയാള്‍ പോരാട്ടവുമാണ് പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന സിനിമയുടെ കഥ. ആനപിണ്ഡത്തില്‍ നിന്നും ചന്ദനത്തിരിയുണ്ടാക്കി വില്‍ക്കുന്ന കച്ചവടം തുടങ്ങുവാന്‍ തീരുമാനിക്കുന്ന ജോയ് താക്കോല്‍ക്കാരന് സമൂഹത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുടെ ആക്ഷേപഹാസ്യപരമായ ആവിഷ്ക്കാരമാണ് ഈ സിനിമ. ജോയ് താക്കോല്‍കാരനായി ജയസുര്യ അഭിനയിച്ചിരിക്കുന്നു. ക്ലാസ്മേറ്റ്സിലെ സതീശനും, ബ്യൂട്ടിഫുളിലെ സ്റ്റീഫന്‍ ലൂയിസിനും ശേഷം ജയസുര്യയ്ക്ക് ലഭിച്ച മികച്ച കഥാപാത്രമാണ് ജോയ് താക്കോല്‍ക്കാരന്‍.

കഥ, തിരക്കഥ: ഗുഡ്
അഭയകുമാറും അനില്‍ കുര്യനും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് ഈ സിനിമയ്ക്ക് വേണ്ടി കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ എഴുതിയിരിക്കുന്നത്. ലളിതമായ ഒരു കഥ തിരഞ്ഞെടുത്ത മൂവരും, എല്ലാത്തരം സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന കഥാസന്ദര്‍ഭങ്ങളിലൂടെ സിനിമയുടെ കഥ അവതരിപ്പിച്ചു എന്നതാണ് ഈ സിനിമയുടെ വിജയം. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സ്വന്തമായി ഒരു കച്ചവടം തുടങ്ങുവാന്‍ ശരാശരി മലയാളി അനുഭവിക്കേണ്ടി വരുന്ന കഷ്ടപാടുകള്‍ രസകരമായി അവതരിപ്പിച്ചത് രഞ്ജിത്ത് ശങ്കറിന്റെ കഴിവ് തന്നെ. നര്‍മ്മത്തിന്റെ മേമ്പൊടിയോടെ എഴുതിയിരിക്കുന്ന ഓരോ രംഗങ്ങളും, കഥാപാത്രങ്ങളുടെ സ്വഭാവത്തിലുള്ള നര്‍മ്മവും, ദ്വയാര്‍ഥ പ്രയോഗങ്ങളില്ലാത്ത സത്യസന്ധമായ തമാശകളും, ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പികുകയും ചെയ്യുന്ന സംഭാഷണങ്ങളും പ്രേക്ഷകരെ രസിപ്പിച്ചു. ഇതുപോലുള്ള രസകരമായ തിരക്കഥകള്‍ രചിക്കുവാന്‍ അഭയകുമാറിനും അനില്‍ കുര്യനും രഞ്ജിത്ത് ശങ്കറിനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

സംവിധാനം: എബവ് ആവറേജ്
രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമയാണ് പുണ്യാളന്‍ അഗര്‍ബത്തീസ്. സമൂഹത്തില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ പോരാടുന്ന വ്യക്തികളുടെ കഥകളാണ് രഞ്ജിത്ത് ശങ്കറിന്റെ കഴിഞ്ഞ മൂന്ന് സിനിമകളിലും നമ്മള്‍ കണ്ടത്. അവയില്‍ നിന്നെല്ലാം ഒരല്പം വ്യസ്തസ്തമായി കുടുംബ പശ്ചാത്തലത്തില്‍ നര്‍മ്മത്തിന്റെ മേമ്പൊടിയോടെയാണ് ഇക്കുറി രഞ്ജിത്ത് ശങ്കര്‍ സിനിമയെ സമീപിച്ചിരിക്കുന്നത്. നര്‍മ്മങ്ങള്‍ ഏറെയുള്ള കതസന്ദര്‍ഭങ്ങള്‍ വിശ്വസനീയതയോടെ അവതരിപ്പിക്കുവാന്‍ രഞ്ജിത്ത് ശങ്കറിന് സാധിച്ചു. ഓരോ കഥാപാത്രങ്ങള്‍ക്കും അനിയോജ്യരായ നടീനടന്മാരെ കണ്ടെത്തി അഭിനയിപ്പിക്കുവാനും, സുജിത് വാസുദേവിനെയും ബിജിബാലിനെയും പോലുള്ള മികച്ച കലാകാരന്മാരെ സാങ്കേതിക വശങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്തതും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ഈ സവിശേഷതകളൊക്കെ വേണ്ടുവോളം ഉണ്ടെങ്കിലും, സിനിമയുടെ ആദ്യപകുതിയിലും രണ്ടാം പകുതിയിലും ഇഴച്ചില്‍ അനുഭവപെട്ടിരുന്നു. കുറച്ചുകൂടി വേഗതയോടെ രംഗങ്ങള്‍ അവതരിപ്പിക്കുവാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍, രഞ്ജിത്ത് ശങ്കറിന്റെ മുന്‍കാല സിനിമകളേക്കാള്‍ ഈ സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുമായിരുന്നു. കണ്ടുമടുത്ത പ്രമേയങ്ങളും വിദേശ സിനിമകളുടെ പകര്‍പ്പും മലയാള സിനിമയില്‍ ദുര്‍ഗന്ധം പരത്തുന്നതിനിടയില്‍, രഞ്ജിത്ത് ശങ്കറിന്റെ ഈ പുണ്യാളന്‍ അഗര്‍ബത്തികള്‍ ഒരല്പം സുഗന്ധം പരത്തുന്നുണ്ട് എന്ന രീതിയില്‍ അദേഹത്തിന് അഭിമാനിക്കാം.

സാങ്കേതികം: എബവ് ആവറേജ്
മെമ്മറിസിന് ശേഷം സുജിത് വാസുദേവ് ചായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയാണ് പുണ്യാളന്‍ അഗര്‍ബത്തീസ്. മികച്ച ഫ്രെയിമുകള്‍ ഒരുക്കി പ്രേക്ഷകരെ ബോറടിപ്പിക്കാതെ കഥ മുന്‍പോട്ടു കൊണ്ടുപോകുവാന്‍ സുജിത് വാസുദേവിന്റെ ദ്രിശ്യങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ഒരല്പം ഇഴച്ചില്‍ പലയിടങ്ങളിയായി അനുഭവപെട്ടിട്ടുണ്ടെങ്കിലും, ലിജോ പോളിന്റെ ചിത്രസന്നിവേശം മോശമാവാതെ സിനിമയുടെ കഥയോട് ചേര്‍ന്നുനിന്നു. സന്തോഷ് വര്‍മ്മ രചിച്ചു പാട്ടുകള്‍ക്ക് ഈണം പകര്‍ന്നത് ബിജിബാലാണ്. ഈ സിനിമയിലെ ഒരു പാട്ട് പാടിയിരിക്കുന്നത് നടന്‍ ജയസുര്യയാണ്. ഓരോ രംഗങ്ങള്‍ക്കും അനിയോജ്യമായ പശ്ചാത്തല സംഗീതം നല്‍ക്കികൊണ്ടു ബിജിബാല്‍ ഒരിക്കല്‍ക്കൂടി പ്രേക്ഷകരുടെ കയ്യടി നേടി. നാഥന്‍ മണ്ണൂരിന്റെ കലാസംവിധാനവും, സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും, ശ്രീജിത്തിന്റെ മേക്കപ്പും മികവു പുലര്‍ത്തി.

അഭിനയം: ഗുഡ് 
ജയസുര്യ എന്ന നടന്റെ അഭിനയ ജീവിതത്തിലെ നാഴികകല്ലായി മാറുവാന്‍ സാധ്യതയുള്ള ഒരു കഥാപാത്രമാണ് ജോയ് താക്കോല്‍ക്കാരന്‍. തൃശൂര്‍ ഭാഷ ജയസുര്യ കൈകാര്യം ചെയ്തിരിക്കുന്ന രീതി പ്രശംസനീയമാണ്. അതിഭാവുകത്വമല്ലാത്ത അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ തന്മയത്ത്വത്തോടെ ജോയ് എന്ന കഥാപാത്രത്തെ ജയസുര്യ അവതരിപ്പിച്ചിരിക്കുന്നു. വില്ലത്തരങ്ങളെല്ലാം ഉപേക്ഷിച്ച് തമാശ കഥാപാത്രങ്ങള്‍ അഭിനയിക്കുവാന്‍ തുടങ്ങിയ നടന്മാരുടെ പട്ടികയില്‍ ശ്രീജിത്ത്‌ രവിയും ചേര്‍ന്നിരിക്കുന്നു. അഭയകുമാര്‍ എന്ന ഓട്ടോ റിക്ഷ ഡ്രൈവറുടെ വേഷത്തില്‍ ഗംഭീര പ്രകടനം കാഴ്ച്ചവെക്കുവാന്‍ ശ്രീജിത്ത്‌ രവിയ്ക്ക് സാധിച്ചു. ഗ്രീനി എന്ന ജോയിയുടെ സുഹൃത്തിന്റെ വേഷം അഭിനയിച്ച അജു വര്‍ഗീസും, അനു എന്ന ജോയിയുടെ ഭാര്യ വേഷം അഭിനയിച്ച നൈല ഉഷയും, വക്കീല്‍ വേഷത്തിലെത്തിയ രചന നാരയണന്‍കുട്ടിയും, ജഡ്ജിന്റെ കഥാപാത്രം അവതരിപ്പിച്ച സുനില്‍ സുഖദയും അഭിനയ മികവു പുലര്‍ത്തി. ഇവരെ കൂടാതെ ഇന്നസെന്റ്, ടീ,ജി.രവി, മാള അരവിന്ദന്‍, ശിവജി ഗുരുവായൂര്‍, ഇടവേള ബാബു, ഇര്‍ഷാദ്, സുധീര്‍ കരമന, ജയരാജ് വാര്യര്‍, വിജയന്‍ പെരിങ്ങോട്, മുസ്തഫ, തരികിട സാബു, തൃശൂര്‍ എല്‍സി, പൊന്നമ്മ ബാബു, തെസ്നി ഖാന്‍ എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. രസകരമായ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും
2. രഞ്ജിത്ത് ശങ്കറിന്റെ സംവിധാനം
3. ജയസുര്യ, ശ്രീജിത്ത്‌ രവി എന്നിവരുടെ അഭിനയം
4. സുജിത് വാസുദേവിന്റെ ചായാഗ്രഹണം
5. ബിജിബാലിന്റെ പശ്ചാത്തല സംഗീതം  

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. ഇഴഞ്ഞു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍ 

പുണ്യാളന്‍ അഗര്‍ബത്തീസ് റിവ്യൂ: ആക്ഷേപഹാസ്യപരമായ കഥാസന്ദര്‍ഭങ്ങളിലൂടെ ലളിതമായൊരു കഥ അവതരിപ്പിച്ച രഞ്ജിത്ത് ശങ്കറും, കഥാസന്ദര്‍ഭങ്ങള്‍ക്ക്‌ മാറ്റുകൂട്ടുന്ന അഭിനയം കാഴ്ചവെച്ച നടീനടന്മാരും ആസ്വാദനത്തിന്റെ സുഖന്ധം പ്രേക്ഷകര്‍ക്ക്‌ സമ്മാനിച്ചു!

പുണ്യാളന്‍ അഗര്‍ബത്തീസ് റേറ്റിംഗ്: 6.50/10
കഥ, തിരക്കഥ: 7/10[ഗുഡ്]
സംവിധാനം: 6/10[എബവ് ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍ 19.5/30 [6.5/10]

സംവിധാനം: രഞ്ജിത്ത് ശങ്കര്‍
കഥ, തിരക്കഥ: രഞ്ജിത്ത് ശങ്കര്‍, അഭയകുമാര്‍, അനില്‍ കുര്യന്‍
ബാനര്‍: ഡ്രീംസ് ആന്‍ഡ്‌ ബിയോണ്ട്
നിര്‍മ്മാണം: രഞ്ജിത്ത് ശങ്കര്‍, ജയസുര്യ
ചായാഗ്രഹണം: സുജിത് വാസുദേവ്
ചിത്രസന്നിവേശം: ലിജോ പോള്‍
ഗാനരചന: സന്തോഷ്‌ വര്‍മ്മ
സംഗീതം: ബിജിബാല്‍
പശ്ചാത്തല സംഗീതം: ബിജിബാല്‍
കലാസംവിധാനം: നാഥന്‍ മണ്ണൂര്‍
മേക്കപ്പ്: ശ്രീജിത്ത്‌ ഗുരുവായൂര്‍
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: സെന്‍ട്രല്‍ പിക്ചേഴ്സ് റിലീസ്

No comments:

Post a Comment