9 Nov 2013

കഥവീട് - കെട്ടുറപ്പില്ലാത്ത കഥാസന്ദര്‍ഭങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട വീട് 4.60/10

വൈക്കം മുഹമ്മദ്‌ ബഷീറിന്റെ പൂവന്‍പഴം, എം.ടി.വാസുദേവന്‍‌ നായരുടെ ദാര്‍-എസ്-സലാം, മാധവികുട്ടിയുടെ നെയ്പ്പായസം എന്നീ ചെറുകഥകള്‍ക്ക് കാലനുശ്രിത മാറ്റങ്ങള്‍ വരുത്തി സോഹന്‍ലാല്‍ തിരക്കഥയും സംഭാഷണങ്ങളും എഴുതി സംവിധാനം ചെയ്ത സിനിമയാണ് കഥവീട്. ആന്തോളോജി വിഭാഗത്തില്‍ ഉള്‍പെടുത്താവുന്ന ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് വിഷ്വല്‍ ഡ്രീംസിന്റെ ബാനറില്‍ ജോബ്‌ ജി.ഉമ്മനും, ബി പോസിറ്റീവ് മൂവി ക്രിയേഷന്‍സിന്റെ ബാനറില്‍ ബവേഷ് പട്ടേലും ചേര്‍ന്നാണ്. കുഞ്ചാക്കോ ബോബന്‍, ലാല്‍, മനോജ്‌ കെ.ജയന്‍, ബിജു മേനോന്‍, കലാഭവന്‍ ഷാജോണ്‍, ഭാമ, ഋതുപര്‍ണ സെന്‍ഗുപ്ത, മല്ലിക, സ്വപ്ന മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടി.ഡി.ശ്രീനിവാസന്‍ ചായാഗ്രഹണവും, വി.ടി.ശ്രീജിത്ത്‌ ചിത്രസന്നിവേശവും, എം.ജയചന്ദ്രന്‍ സംഗീത സംവിധാനവും, ഓ.എന്‍.വി.കുറുപ്പും സോഹന്‍ലാലും ചേര്‍ന്ന് ഗാനരചനയും നിര്‍വഹിച്ചിരിക്കുന്നു. 

യുവ സിനിമ സംവിധായകനായ രാജ് കാര്‍ത്തിയുടെ സ്വപ്ന സാക്ഷാത്കാരമാണ് കഥവീട് എന്ന അയാളുടെ സിനിമ. ദാമ്പത്യം വേര്‍പ്പെടുത്തിക്കൊണ്ട് ഇരുവഴിക്കും പിരിഞ്ഞ മാതാപിതാക്കളെ ഓര്‍ത്തുകൊണ്ട്‌ എന്നും സങ്കടപെടാറുള്ള രാജ് കാര്‍ത്തിയുടെ കഥവീട് എന്ന സിനിമയുടെ പ്രമേയവും ഭാര്യ-ഭര്‍തൃ ബന്ധത്തെ കുറിച്ച് തന്നെയാണ്. അന്തോളജി വിഭാഗത്തില്‍ ഉള്‍പെടുത്താവുന്ന മൂന്ന് കഥകളുള്ള രാജ് കാര്‍ത്തിയുടെ സിനിമയുടെ ആദ്യകഥ നടക്കുന്നത് 1960 കാലഘട്ടത്തിലാണ്. കല്യാണപ്പിറ്റെന്നു മുതല്‍ വാര്‍ദ്ധക്യ കാലഘട്ടം വരെയുള്ള അബ്ദുള്‍ഖാദറിന്റെയും ബീവിയുടെയും സ്നേഹത്തിന്റെ കഥയാണ് ആദ്യ കഥയിലൂടെ രാജ് കാര്‍ത്തി പറയുന്നത്. രാജ് കാര്‍ത്തിയുടെ ജീവിതത്തില്‍ അയാള്‍ പരിചയപെട്ട മേജര്‍ മുകുന്ദന്റെയും മേജറിന്റെ പത്നി റീത്തയുടെയും കഥയാണ് രണ്ടാമത്തെ കഥയ്ക്ക്‌ ആധാരം. അകാലത്തില്‍ ഭാര്യയെ നഷ്ടപെടുന്ന വിവരം കുട്ടികളില്‍ നിന്നും ഒളിച്ചുവെച്ചുക്കൊണ്ട് കഷ്ടപെടുന്ന ബാലചന്ദ്രന്റെ ഒറ്റപെടലിന്റെ കഥയാണ് രാജ് കാര്‍ത്തിയുടെ മൂന്നാമത്തെ ലഘു സിനിമ. ഇതിനു പുറമേ രാജ് കാര്‍ത്തിയുടെയും അയാളുടെ കാമുകി ജീനയുടെയും ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളും ഈ സിനിമയിലൂടെ ചര്‍ച്ചചെയുന്നു. രാജ് കാര്‍ത്തിയായി കുഞ്ചാക്കോ ബോബനും, അബ്ദുള്‍ ഖാദറായി മനോജ്‌ കെ.ജയനും, മേജര്‍ മുകുന്ദനായി ലാലും, ബാലചന്ദ്രനായി ബിജു മേനോനും, ജീനയായി ഭാമയും, റീത്തയായി ബംഗാളി നടി ഋതുപര്‍ണ സെന്‍ഗുപ്തയും, അബ്ദുള്‍ഖാദര്‍ സാഹിബിന്റെ ബീവിയായി മല്ലികയും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ് 
മികവുറ്റ മൂന്ന് പ്രമേയം ലഭിച്ചിട്ടും സോഹന്‍ലാലിന് ശക്തമായ കഥാസന്ദര്‍ഭങ്ങള്‍ എഴുതുവാന്‍ സാധിക്കാതെ പോയതാണ് ഈ സിനിമയുടെ പരാജയം.ഭാര്യ-ഭര്‍തൃ ബന്ധത്തിന്റെ വ്യതസ്ത തലങ്ങള്‍ വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിച്ചു എന്നതല്ലാതെ പ്രത്യേകിച്ച് മേന്മയൊന്നും ഈ സിനിമയുടെ തിരക്കഥയിലില്ല. ഒരു സംവിധായകന്റെ കാഴ്ചപ്പാടിലൂടെ മൂന്ന് കുടുംബത്തിന്റെ കഥ പറയുന്ന രീതിയൊക്കെ പഴഞ്ചനാണെന്ന് സോഹന്‍ലാല്‍ മനസ്സിലാക്കിയില്ല. തൊട്ടടുത്ത രംഗങ്ങളില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് പ്രേക്ഷകര്‍ക്ക് മനസ്സിലാകുന്ന രീതിയിലാണ് ഈ സിനിമയുടെ തിരക്കഥ എഴുതപെട്ടിരിക്കുന്നത്. സ്നേഹവും വിട്ടുവീഴ്ചയും വിശ്വാസവുമാണ് ദാമ്പത്യ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമെന്നും, വേര്‍പാപാടാണ് ഏറ്റവും വലിയ ദുഖമെന്നും ഇതിലും മികച്ച രീതിയില്‍ പല സിനിമകളിലും പ്രേക്ഷകര്‍ കണ്ടു മനസ്സിലാക്കിയിട്ടുള്ളതാണ്. ഓര്‍ക്കുക വല്ലപ്പോഴും എന്ന സിനിമ എല്ലാകാലവും പ്രേക്ഷകര്‍ ഓര്‍മ്മിക്കുന്നതാണെങ്കില്‍, കഥവീട് ഒരിക്കലും ഓര്‍ക്കാത്ത ഒരു സിനിമയായി മാറുമെന്നുറപ്പ്. 

സംവിധാനം: ആവറേജ്
ഓര്‍ക്കുക വല്ലപ്പോഴും എന്ന സിനിമയ്ക്ക് ശേഷം സോഹന്‍ലാല്‍ സംവിധാനം ചെയ്ത കഥവീടിലൂടെ ദാമ്പത്യ ജീവിതത്തിലെ സ്നേഹവും വിട്ടുവീഴ്ചയും വെറുപ്പും വേര്‍പാടിന്റെ നൊമ്പരവും പ്രേക്ഷകര്‍ക്ക്‌ മനസ്സിലാക്കികൊടുക്കുവാനാണ് സംവിധായകന്‍ ശ്രമിച്ചത്. കാലമെത്രയായാലും സാഹചര്യങ്ങള്‍ ഏതായാലും ഭാര്യ-ഭര്‍തൃ ബന്ധത്തിലെ സ്നേഹവും വിട്ടുവീഴച്ചയും ആദ്യ കഥയിലൂടെ പറഞ്ഞു തരുന്നു സംവിധായകന്‍. 1960 കാലഘട്ടം വിശ്വസനീയതയോടെ അവതരിപ്പിക്കുവാന്‍ സോഹന്‍ലാലിന് സാധിച്ചു. പക്ഷെ, നാടകീയമായ കഥാസന്ദര്‍ഭങ്ങളും കെട്ടിച്ചമച്ച സംഭാഷണങ്ങളും ആ കഥയുടെ ആസ്വാദനത്തെ മോശമായി ബാധിച്ചു. കഥാനായകന്‍ രാജ് കാര്‍ത്തിയും കാമുകി ജീനയും തമിലുള്ള ബന്ധം അവതരിപ്പിക്കുന്ന രംഗങ്ങള്‍ കഴമ്പില്ലാത്തതുപോലെ അനുഭവപെട്ടു. മേജര്‍ മുകുന്ദനും ഭാര്യ റീത്തയും തമിലുള്ള കഥാസന്ദര്‍ഭങ്ങളും ആ കഥയുടെ ക്ലൈമാക്സ് രംഗങ്ങളും, ഭാര്യയുടെ മരണത്താല്‍ ഒറ്റപെടുന്ന ബാലചന്ദ്രന്റെ മാനസിക സംഘര്‍ഷങ്ങളും പ്രേക്ഷകരെ നൊമ്പരപെടുത്തി. പക്ഷെ, പഴഞ്ചന്‍ രീതിയിലുള്ള അവതരണം മേല്പറഞ്ഞ രംഗങ്ങള്‍ക്ക് പുതുമയൊന്നും സമ്മാനിക്കാതെ ഏവരെയും ബോറടിപ്പിച്ചു. വൈക്കം മുഹമ്മദ്‌ ബഷീറും മാധവികുട്ടിയും എം.ടി.വാസുദേവന്‍‌ നായരും സംവിധായകനോട് പൊറുക്കട്ടെ.

സാങ്കേതികം: എബവ് ആവറേജ്
ഓ.എന്‍.വി. കുറുപ്പ്, സംവിധായകന്‍ സോഹന്‍ലാല്‍ എന്നിവരുടെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ ഈണമിട്ട മൂന്ന് ഹൃദ്യമായ പാട്ടുകള്‍ ഈ സിനിമയുടെ പ്രധാന സവിശേഷതകളില്‍ ഒന്നാണ്. കാട്ടിലെ പൂമണം..., മറക്കനുള്ളത്...എന്നീ പാട്ടുകള്‍ സമീപകാലത്തെ മികച്ച വരികളാണ്. ടി.ഡി.ശ്രീനിവാസന്റെ ദ്രിശ്യങ്ങള്‍ മികവു പുലര്‍ത്തി. വ്യതസ്ത കഥാപശ്ചാത്തലത്തിലെ രംഗങ്ങള്‍ മികവോടെ ചിത്രീകരിക്കുവാന്‍ ശ്രീനിവാസിന് സാധിച്ചത് സിനിമയ്ക്ക് ഗുണം ചെയ്തു. സിനിമയ്ക്ക് ദോഷം ചെയ്യാത്ത രീതിയില്‍ ദ്രിശ്യങ്ങള്‍ കോര്‍ത്തിണക്കുവാന്‍ വി.ടി.ശ്രീജിത്തിനും സാധിച്ചിട്ടുണ്ട്. ആദ്യപകുതിയിലെ കഥാസന്ദര്‍ഭങ്ങള്‍ ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയിലായത് സംവിധായകന്റെ അവതരണ രീതിയിലുള്ള പ്രശ്നങ്ങള്‍ കൊണ്ടുതന്നെയാണ്. അരുണ്‍ കല്ലുമ്മുടിന്റെ കലാസംവിധാനവും മികവു പുലര്‍ത്തി.

അഭിനയം: എബവ് ആവറേജ് 
കുറെ നാളുകള്‍ക്കു ശേഷം കുഞ്ചാക്കോ ബോബന് ലഭിച്ച അഭിനയ പ്രാധാന്യമുള്ള വേഷമാണ് ഈ സിനിമയിലെ രാജ് കാര്‍ത്തി. വൈകാര്യ മുഹൂര്‍ത്തങ്ങളെല്ലാം മിതത്വമാര്‍ന്ന അഭിനയത്തിലൂടെ അവതരിപ്പിക്കുവാന്‍ ചാക്കോച്ചനു സാധിച്ചു. ലാലിന്‍റെ മേജര്‍ മുകുന്ദനും ബിജു മേനോന്റെ ബാലചന്ദ്രനും മനോജ്‌ കെ ജയന്റെ അബ്ദുള്‍ഖാദറും അഭിനയത്തിന്റെ കാര്യത്തില്‍ മികവു പുലര്‍ത്തി. ബംഗാളി നടി ഋതുപര്‍ണ സെന്‍ഗുപ്ത റീത്തയെ മികച്ച രീതിയില്‍ അവതരിപ്പിച്ചു. ഭാമ അവതരിപ്പിച്ച ജീനയും ബീവിയുടെ വേഷത്തിലെത്തിയ മല്ലികയും മോശമാക്കിയില്ല. ഇവരെ കൂടാതെ, കലാഭവന്‍ ഷാജോണ്‍, കൃഷ്ണപ്രസാദ്, കെ.ടി.സി.അബ്ദുള്ള, വെങ്കിടരാമന്‍, ടോണി, സ്വപ്ന മേനോന്‍, പാര്‍വതി നായര്‍ എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1.നടീനടന്മാരുടെ അഭിനയം
2.ടി.ഡി.ശ്രീനിവാസന്റെ ചായാഗ്രഹണം
3.എം.ജയചന്ദ്രന്റെ സംഗീതം 

സിനിമയില്‍ ഇഷ്ടപെടാത്തവ:
1.കഥാസന്ദര്‍ഭങ്ങള്‍
2.സംവിധാനം 
3.ഇഴഞ്ഞുനീങ്ങുന്ന ആദ്യപകുതി

കഥവീട് റിവ്യൂ: ഭാര്യ-ഭര്‍തൃ ബന്ധത്തിന്റെ പലമുഖങ്ങള്‍ വരച്ചുകാട്ടുന്ന മൂന്ന് ചെറുകഥകളെ ആസ്പദമാക്കി സോഹന്‍ലാല്‍ എഴുതിയ കെട്ടുറപ്പില്ലാത്ത കഥാസന്ദര്‍ഭങ്ങളാലും പഴഞ്ചന്‍ സംവിധാന രീതിയാലും നിര്‍മ്മിക്കപെട്ട ജീവനില്ലാത്ത വീടാണ് സോഹന്‍ലാലിന്‍റെ കഥവീട്.

കഥവീട് റേറ്റിംഗ്: 4.60/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്] 
സംവിധാനം: 5/10[ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 14/30 [4.6/10]

തിരക്കഥ, സംവിധാനം: സോഹന്‍ലാല്‍
കഥ: വൈക്കം മുഹമ്മദ്‌ ബഷീര്‍, എം.ടി.വാസുദേവന്‍‌ നായര്‍, മാധവികുട്ടി 
ബാനര്‍: വിഷ്വല്‍ ഡ്രീംസ്‌, ബി പോസിറ്റീവ് മൂവി ക്രിയേഷന്‍സ് 
നിര്‍മ്മാണം: ജോബ്‌ ഉമ്മന്‍, ബവേഷ് പട്ടേല്‍
ചായാഗ്രഹണം: ടി.ഡി.ശ്രീനിവാസ്
ചിത്രസന്നിവേശം: വി.ടി.ശ്രീജിത്ത്‌
ഗാനരചന: ഓ.എന്‍.വി.കുറുപ്പ്, സോഹന്‍ലാല്‍
സംഗീതം: എം.ജയചന്ദ്രന്‍
കലാസംവിധാനം: അരുണ്‍ കല്ലുമ്മൂട്
വസ്ത്രാലങ്കാരം: ഇന്ദ്രന്‍സ് ജയന്‍
വിതരണം: സ്നേഹ ഫിലിംസ് റിലീസ്

No comments:

Post a Comment