27 May 2012

അരികെ

ഋതു, എലക്ട്ര എന്നീ സിനിമകള്‍ക്ക്‌ ശേഷം ശ്യാമപ്രസാദ് തിരക്കഥയും സംഭാഷണങ്ങളും എഴുതി സംവിധാനം നിര്‍വഹിച്ച സിനിമയാണ് അരികെ. ഈ സിനിമയുടെ കഥ എഴുതിയിരിക്കുന്നത് സുനില്‍ ഗംഗോപധ്യയ് ആണ്. പിക്ചര്‍ പെര്‍ഫെക്ടിന്റെ ബാനറില്‍ അരികെ നിര്‍മ്മിച്ചിരിക്കുന്നത് ടി.കെ.സുരേഷ്ബാബുവാണ്. ശ്യാമപ്രസാദിന്റെ മുന്‍കാല സിനിമകളില്‍ ഒന്നുരണ്ടെണ്ണം നിര്‍മ്മിച്ച വിന്ധ്യനാണ് ഈ സിനിമയുടെ വിതരണം. ഭാഷകളെ കുറിച്ചുള്ള ഗവേഷണം നടത്തുന്ന അനാഥനായ ശന്തനു, എല്ലാവിധ സുഖസൌകര്യങ്ങളോടെ മാതാപിതാക്കളുടെ ലാളനയില്‍ വളര്‍ന്ന കല്‍പ്പന, ജീവിത നേര്കാഴ്ചകളോട് പോരാടുന്ന കോളേജ് അദ്ധ്യാപിക അനുരാധ എന്നിവരുടെ പ്രണയത്തെ പറ്റിയുള്ള കാഴ്ചപാടുകളും ചിന്തകളുമാണ് ഈ സിനിമയുടെ ഇതിവൃത്തം. ശന്തനുവായി ദിലീപും കല്പനയായി സംവൃതയും അനുരാധയായി മമ്തയും ആണ് ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്.

ശന്തനുവും കല്‍പ്പനയും പ്രണയത്തിലാണ്. കല്‍പ്പനയുടെ ആത്മമിത്രം അനുരാധയാണ് ശന്തനുവിന്റെയും കല്പ്പനയുടെയും പ്രണയ ബന്ധത്തെ അനുകൂലിക്കുന്ന ഏക വ്യക്തി. ഈ കാലഘട്ടത്തിലെ കമിതാക്കളില്‍ കാണാത്ത നന്മയും പരിശുദ്ധിയും കാത്തു സൂക്ഷിച്ചു കൊണ്ട്, തികഞ്ഞ ആത്മാര്‍ത്ഥതയോടെ സ്നേഹിക്കുന്ന വ്യക്തികളാണ് ശന്തനുവും കല്പനയും. ഇവരുടെ പ്രണയം സത്യസന്ധമാണെന്നു അറിയാവുന്നത് കൊണ്ടാണ് അനുരാധ ഇവരുടെ പ്രണയത്തെ അനുകൂലിക്കുന്നത്. പ്രണയം, വിവാഹം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ഒട്ടും വിശ്വാസം ഇല്ലാത്ത അനുരാധ എന്ന പെണ്‍കുട്ടി കല്പനയില്‍ നിന്നും ഏറെ വ്യതസ്തയാണ്. ഇരുവരും പ്രണയത്തെയും ജീവിതത്തെയും നോക്കിക്കാണുന്ന രീതിയും ഏറെ വ്യതസ്ഥാമാണ്. ശന്തനുവിന്റെയും കല്പനയുടെയും അനുരാധയുടെയും ജീവിതത്തില്‍ പ്രണയം മൂലം ഉണ്ടാകുന്ന ചില മാറ്റങ്ങളും അവരുടെ ചിന്തകളും ഒക്കെയാണ് ഈ സിനിമയിലൂടെ ചര്ച്ചചെയ്യപെടുന്ന പ്രധാന വിഷയം. കോഴിക്കോട് നഗരത്തിന്റെ നിഷ്കളംഗമായ മുഖം ഒപ്പിയെടുത്തത് ചായാഗ്രാഹകന്‍ അഴഗപ്പനാണ്. വിനോദ് സുകുമാരനാണ് ചിത്രസന്നിവേശം. 
    
കഥ, തിരക്കഥ: എബവ് ആവറേജ് 
ഒരേ കടലിനു ശേഷം സുനില്‍ ഗംഗോപധ്യയ് എഴുതിയ കഥയ്ക്ക്‌ തിരക്കഥയും സംഭാഷണങ്ങളും രചിച്ചു കൊണ്ട് ശ്യാമപ്രസാദും സുനില്‍ ഗംഗോപധ്യയും ഒന്നിക്കുന്ന സിനിമാകൂടിയാണ് അരികെ. അനുരാധയുടെ കൌമാര പ്രായത്തില്‍ സ്വന്തം ബന്ധുവിന്റെ വിവാഹ വാഗ്ദാനങ്ങള്‍ക്ക് മുമ്പില്‍ ചതിക്കപെട്ടതിനു ശേഷം പ്രണയം, വിവാഹം എന്നിങ്ങനെയുള്ള ഒന്നിനോടും താല്പര്യം പ്രകടിപ്പിക്കാത്ത വ്യക്തിയായി മാറുയിരുന്നു അനുരാധ. ശന്തനുവും കല്പനയും തമ്മിലുള്ള പ്രണയ ബന്ധത്തിലാണ് അവള്‍ ആകെ സത്യസന്ധമായ സ്നേഹം തിരിച്ചറിഞ്ഞിരിക്കുന്നത്. സമ്പന്നതയുടെയും മാതാപിതാക്കളുടെ ലാളനയിലും വളര്‍ന്ന കല്പന പ്രണയത്തെ നോക്കിക്കാണുന്ന രീതിയില്ലല്ല അനാഥനായി വളര്‍ന്ന ശന്തനു പ്രണയം എന്നതിനെ ഉള്കൊണ്ടിരിക്കുന്നത്. പ്രണയത്തിന്റെയും വിവാഹത്തിന്റെയും അടിസ്ഥാനം എന്നത് പരസ്പരമുള്ള മനസിലാക്കലുകളും വിട്ടുവീഴ്ചകളുമാണ് എന്ന തിരിച്ചറിവ് ഇന്നത്തെ കാലഘട്ടത്തിലെ കമിതാക്കള്‍ക്കില്ല എന്നതാണ് സംവിധായകന്‍ ഉദ്ദേശിചിരിക്കുന്നത്. ഈ സിനിമയില്‍ ചര്ച്ചചെയ്യപെടുന്ന വിഷയം എന്നത് പരസ്പരം മനസിലാക്കുന്നവര്‍ തമ്മില്‍ പ്രണയിക്കുന്നുമില്ല, പ്രണയത്തില്‍ അകപെട്ടിരിക്കുന്നവര്‍ പരസ്പരം മനസിലാക്കുന്നതുമില്ല. മേല്പറഞ്ഞ പ്രമേയവും കഥയും വളരെ റിയാലസ്റ്റിക്ക് കഥാസന്ദര്‍ഭങ്ങളിലൂടെ തിരക്കഥയില്‍ ഉള്പെടുത്തിയിട്ടുന്ടെങ്കിലും, പ്രേക്ഷരിലേക്ക് അതെത്തിക്കുവാന്‍ സംവിധായകന് സാധിച്ചിട്ടില്ല എന്നതാണ് സത്യം. 

സംവിധാനം: ആവറേജ് 
എലക്ട്രയ്ക്ക് ശേഷം ശ്യാമപ്രസാദ് സംവിധാനം നിര്‍വഹിച്ച അരികെ, സമീപകാലത്തിറങ്ങിയ കുടുംബ കഥകള്‍ ചര്ച്ചചെയ്യപെടുന്ന സിനിമകളെ അപേക്ഷിച്ച് ഏറ്റവും റിയലസ്റ്റിക്ക് ആയി ചിത്രീകരിച്ച സിനിമ എന്ന് തന്നെ വിശേഷിപ്പിക്കാം. പ്രേക്ഷകരുടെ യുക്തിയെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള രംഗങ്ങളോ അഭിനയമോ ഒന്നും തന്നെ ഈ സിനിമയിലില്ല. മികച്ചൊരു കഥ തിരെഞ്ഞെടുക്കുകയും, എല്ലാ കഥാപാത്രങ്ങള്‍ക്കും അവരവരുടെ വ്യക്തിത്വത്തിന് ഉതകുന്ന സംഭാഷണങ്ങള്‍ നല്‍കുകയും, നല്ല രീതിയില്‍ അഭിനയിക്കുവാന്‍ കഴിവുള്ള നടീനടന്മാരെ ഈ സിനിമയിലേക്ക് അഭിനയിക്കുവാന്‍ ക്ഷണിച്ചതും  ഒക്കെ നല്ലൊരു സിനിമയുണ്ടാക്കുവാന്‍ വേണ്ടി ശ്യാമപ്രസാദ് എന്ന സംവിധായന്‍ ചെയ്ത നല്ല കാര്യങ്ങളാണ്. ഈ മികവുകളൊക്കെ ഈ സിനിമയില്‍ ഉണ്ടെങ്കിലും, ദിലീപ് എന്ന നടന് അനിയോജ്യമാകാത്ത ഒരു കഥാപാത്രമാണ് ഈ സിനിമയിലെ ശന്തനു. ദിലീപിനെക്കാള്‍ കുറച്ചുകൂടി പ്രായം കുറവുള്ള ഒരാള്‍ ഈ സിനിമയില്‍ നായകനായി അഭിനയിച്ചിരുന്നു എങ്കില്‍ പ്രേക്ഷകര്‍ക്ക്‌ ആ കഥാപാത്രത്തിനോട് ഒരിഷ്ടമോക്കെ തോന്നുമായിരുന്നു. ഈ സിനിമയുടെ ക്ലൈമാക്സില്‍ ശന്തനു എന്ന കഥാപാത്രത്തോട് പ്രേക്ഷകര്‍ക്ക്‌ ഇഷ്ടവും സഹതാപവും തോന്നിയില്ലെങ്കില്‍, ഈ സിനിമ പാഴായിപ്പോയ ഒരു ശ്രമം മാത്രമായേ പ്രേക്ഷകര്‍ കാണുകയുള്ളൂ.  

സാങ്കേതികം: ആവറേജ്
അരികെ എന്ന സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചത് അഴഗപ്പനാണ്. പ്രത്യേകിച്ച് പുതുമകളൊന്നും ഈ സിനിമയ്ടെ ലോക്കെഷനുകള്‍ക്കില്ലെങ്കിലും, ചിത്രീകരിച്ച രംഗങ്ങള്‍ എല്ലാം മികവു പുലര്‍ത്തിയിട്ടുണ്ട്. സിനിമയിലുടനീളം പല കഥാസന്ദര്‍ഭങ്ങളും ഇഴഞ്ഞുനീങ്ങുന്ന രീതിയ്ലാണ് പ്രേക്ഷകര്‍ക്ക്‌ അനുഭവപെട്ടത്‌. കുറെക്കൂടെ കൃത്യതയാര്‍ന്ന സന്നിവേശം നിര്‍വഹിക്കുവാന്‍ വിനോദ് സുകുമാരന് സാധിച്ചിരുന്നു എങ്കില്‍ നന്നാവുമായിരുന്നു. ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ ഈണം പകര്‍ന്ന 2 പാട്ടുകളാണ് ഈ സിനിമയില്‍ ഉള്ളത്. മമ്ത മോഹന്‍ദാസ്‌ തന്നെ പാടിയഭിനയിച്ച പാട്ട് ഈ സിനിമയോട് ചേര്‍ന്ന് നില്‍ക്കുന്നു. മേയിക്കപ്പും, കലാസംവിധാനവും, വസ്ത്രാലംഗാരവും സിനിമയ്ക്ക് ഗുണം ചെതിട്ടുണ്ട്. 

അഭിനയം: എബവ് ആവറേജ്
മറ്റുള്ള സിനിമകളില്‍ മോശമായി അഭിനയിക്കുന്ന നടീനടന്മാര്‍ വരെ ശ്യാമപ്രസാദിന്റെ സിനിമയില്‍ മികച്ച അഭിനയം കാഴ്ചവെക്കുന്നത് പ്രേക്ഷകര്‍ ഇതിനു മുമ്പും കണ്ടിട്ടുണ്ട്. ഈ സിനിമയില്‍ അഭിനയിച്ച പല നടന്മാരുടെയും നടിമാരുടെയും സമീപകാലതുള്ള ഏറ്റവും മികച്ച അഭിനയമാണ് ഈ സിനിമയിലെത്. മയൂഖം, പാസഞ്ചര്‍, കഥ തുടരുന്നു എന്നീ സിനിമകള്‍ക്ക്‌ ശേഷം മമതയുടെ മികച്ച അഭിനയമാണ് ഈ സിനിമയിലെത്. ചെറിയ വേഷത്തില്‍ ആണെങ്കിലും അതിമനോഹരമായ പ്രകടനമാണ് വിനീത് നടത്തിയിരിക്കുന്നത്. ശന്തനു എന്ന കഥാപാത്രം എന്തുകൊണ്ടാണ് വിനീതിന് നല്ക്കാഞ്ഞത് എന്ന് ശ്യാമപ്രസാദിനോട് ചോദിക്കേണ്ടിവരും[?]. ഈ സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന സംവൃതയും ദിലീപും മോശമാക്കാതെ അഭിനയിച്ചിട്ടുണ്ട്. ഇവരെ കൂടാതെ, ഇന്നസെന്റ്, അജ്മല്‍ അമീര്‍, ദിനേശ് പണിക്കര്‍, പ്രകാശ് ബാരെ, മാടമ്പ് കുഞ്ഞിക്കുട്ടന്‍, കോഴിക്കോട് നാരായണന്‍ നായര്‍, ശ്രീനാഥ് ഭാസി, ഉര്‍മ്മിള ഉണ്ണി, ചിത്ര അയ്യര്‍, വത്സല മേനോന്‍ എന്നിവരുമുണ്ട് ഈ സിനിമയില്‍.
  
സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.
കഥയും കഥാസന്ദര്‍ഭങ്ങളും 
2. മമ്ത മോഹന്‍ദാസ്‌, വിനീത്, സംവൃത എന്നിവരുടെ മികവുറ്റ അഭിനയം
3.
റിയലസ്റ്റിക് ആയ അവതരണം 

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. ദിലീപ് എന്ന നടന് അനിയോജ്യമല്ലാത്ത കഥാപാത്രം
2. ഇഴഞ്ഞുനീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍

അരികെ റിവ്യൂ: വ്യതസ്ത കുടുംബ പശ്ചാത്തലത്തില്‍ വളരുകയും വിവിധ സാഹചര്യങ്ങളില്‍ ജീവിക്കുകയും ചെയ്യുന്ന മൂന്ന് വ്യക്തികള്‍ പ്രണയത്തെ എങ്ങനെ നോക്കികാണുന്നു എന്ന ലളിതമായ കഥ, റിയലസ്റ്റിക്ക് ആയ കഥാസന്ദര്‍ഭങ്ങളിലൂടെ മികവുറ്റ അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ പറഞ്ഞുപോകുന്ന സിനിമയാണ് ശ്യാമപ്രസാദിന്റെ അരികെ.

അരികെ റേറ്റിംഗ്: 5.50 / 10
കഥ, തിരക്കഥ: 6 / 10 [എബവ് ആവറേജ്]
സംവിധാനം: 5 / 10 [ആവറേജ്]
സാങ്കേതികം: 2.5 / 5 [ആവറേജ്]
അഭിനയം: 3 / 5 [എബവ് ആവറേജ്]
ടോട്ടല്‍: 16.5 / 10 [5.5 / 10]

തിരക്കഥ, സംഭാഷണം, സംവിധാനം: ശ്യാമപ്രസാദ്
കഥ: സുനില്‍ ഗംഗോപധ്യയ്
നിര്‍മ്മാണം: ടി.കെ.സുരേഷ്ബാബു
ചായാഗ്രഹണം: അഴഗപ്പന്‍
ചിത്രസന്നിവേശം: വിനോദ് സുകുമാരന്‍
വരികള്‍: ഷിബു ചക്രവര്‍ത്തി
സംഗീതം: ഔസേപ്പച്ചന്‍
വിതരണം: രമ്യ റിലീസ് -
വിന്ധ്യന്‍

No comments:

Post a Comment