10 Nov 2013

ഫിലിപ്സ് ആന്‍ഡ്‌ ദി മങ്കിപെന്‍ - ഓരോ മാതാപിതാക്കളും കുട്ടികളോടൊപ്പം കണ്ടിരിക്കേണ്ട സിനിമ!!! 6.70/10

രസകരമായ കഥാസന്ദര്‍ഭങ്ങളിലൂടെ സംഭാഷണങ്ങളിലൂടെ നിരവധി സന്ദേശങ്ങള്‍ കുട്ടികള്‍ക്ക് നല്‍ക്കുന്ന മങ്കിപ്പെനും, അത്ഭുതപെടുത്തുന്ന അഭിനയം കാഴ്ചവെച്ച സനൂപ് സന്തോഷും മലയാള സിനിമ പ്രേമികളുടെയും കുടുംബ പ്രേക്ഷകരുടെയും പ്രിയപെട്ടവയായി മാറിയിരിക്കുന്നു. കൌതുകകരമായ സിനിമാ പേരുകള്‍ മുതിര്‍ന്നവരേക്കാള്‍ കുട്ടികളെയാണ് കൂടുതല്‍ ആകര്‍ഷിക്കാറുള്ളത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഫിലിപ്സ് ആന്‍ഡ്‌ ദി മങ്കിപെന്‍ എന്ന ഈ സിനിമ. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ്‌ ബാബുവും സാന്ദ്ര തോമസും തോമസ്‌ ജോസഫ്‌ പട്ടത്താനവും സംയുക്തമായി നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതരായ റോജിന്‍ തോമസും ഷാനില്‍ മുഹമ്മദും ചേര്‍ന്നാണ്.

19മത്തെ വയസ്സില്‍ ഒളിച്ചോടി വിവാഹം ചെയ്ത റോയ് ഫിലിപ്പ് - സമീറ എന്നിവരുടെ ഏക മകനാണ് റയാന്‍ ഫിലിപ്പ്. കണക്കില്‍ മുള്ളി എന്ന ഇരട്ടപേരില്‍ സ്കൂളില്‍ അറിയപെടുന്ന റയാന്‍ ഫിലിപ്പ് സ്കൂളിലെ മറ്റു കുട്ടികള്‍ക്കും അധ്യാപകര്‍ക്കും സ്ഥിരം തലവേദനയാണ്. ഹോംവര്‍ക്ക് ചെയ്യാത്തെ സ്കൂളില്‍ വരുകയും, പപ്പന്‍ എന്ന കണക്ക് അധ്യാപകന്റെ ശകാരവും അടിയും ലഭിക്കുക എന്നതും റയാന്‍ ഫിലിപ്പിന് പുത്തരിയല്ല. പപ്പന്‍ സാറിനോടുള്ള പകയും, ക്ലാസ്സിലെ മികച്ച വിദ്യാര്‍ഥിയുമായുള്ള ശത്രുതയും റയാന്റെ മനസ്സില്‍ വളര്‍ന്നു. റയാന്‍ ഫിലിപ്പിന്റെ സുഹൃത്തുക്കളും അവനോടൊപ്പം പപ്പനെതിരെ പാരവെയ്ക്കുവാന്‍ കൂടി. വലിയൊരു പ്രശനത്തില്‍ ചെന്നുപെടുന്ന റയാന്‍ ഫിലിപ്പിനെ അച്ഛന്‍ റോയ് ഫിലിപ്പും ശകാരിക്കുന്നു. ഇതിനിടയിലാണ് റയാന്‍ ഫിലിപ്പിന് മങ്കിപെന്‍ എന്ന മാന്ത്രിക പേന ലഭിക്കുന്നത്. തുടര്‍ന്ന് അവന്റെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് ഈ സിനിമയുടെ കഥ. റയാന്‍ ഫിലിപ്പായി നടി സനൂഷയുടെ സഹോദരന്‍ സനൂപ് സന്തോഷ്‌ അഭിനയിക്കുന്നു. പപ്പനായി വിജയ്‌ ബാബുവും, റോയ് ഫിലിപ്പായി ജയസുര്യയും, സമീറയായി രമ്യ നമ്പീശനും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: എബവ് ആവറേജ്
ഷാനില്‍ മുഹമ്മദിന്റെ കഥയ്ക്ക്‌ ഷാനിലും റോജിന്‍ തോമസും ചേര്‍ന്ന് തിരക്കഥയും സംഭാഷണങ്ങളും എഴുതിയ ഫിലിപ്സ് ആന്‍ഡ്‌ ദി മങ്കിപെന്‍ സമീപകാലത്തിറങ്ങിയ ഏറ്റവും മികച്ച കഥാസന്ദര്‍ഭങ്ങളുള്ള മലയാള സിനിമയാണ് എന്നതില്‍ തര്‍ക്കമില്ല. സ്കൂള്‍ കുട്ടികളുടെ മനസ്സ് തുള്ളിച്ചാടുന്ന കുരങ്ങനെ പോലെയാണ് എന്ന് വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളിലൂടെ പറയുവാന്‍ തിരക്കഥക്രുത്തുക്കള്‍ക്ക് സാധിച്ചു. നര്‍മ്മത്തിന്റെ മേമ്പൊടിയോടെ കുട്ടികളെയും മുതിര്‍ന്നവരെയും ചിരിപ്പിക്കുവാന്‍ സാധിക്കുന്ന കഥാസന്ദര്‍ഭങ്ങളാണ് ഈ സിനിമയുടെ പ്രധാന സവിശേഷത. അതിലുപരി, സ്കൂള്‍ കുട്ടികള്‍ക്ക് ഗ്രഹിക്കുവാനും പ്രബല്യത്തിലാക്കുവാനും കഴിയുന്ന നിരവധി കൊച്ചു സന്ദേശങ്ങള്‍ ഈ സിനിമയിലൂടെ ചര്ച്ചചെയ്യുണ്ട്. അവയെല്ലാം കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും ജീവിതത്തില്‍ ശീലമാക്കെണ്ടാതാണ് എന്നൊരു സത്യവും എല്ലാവര്‍ക്കും മനസ്സിലാക്കികൊടുക്കുവാന്‍ ഷാനിലിനും റോജിനും സാധിച്ചു. മങ്കിപെനിന്റെ സഹായത്തോടെ റയാന്‍ ഫിലിപ്പ് മനസിലാക്കുന്ന പത്തു കാര്യങ്ങള്‍ സ്കൂള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്ന രംഗങ്ങളും, സ്കൂള്‍ വാഹനങ്ങളുടെ വേഗത കുറച്ചുകൊണ്ട് കുട്ടികളുടെ ജീവന്‍ രക്ഷിക്കുക എന്ന റയാന്‍ എഴുതിവെയ്ക്കുന്ന രംഗങ്ങളും, ക്ലൈമാക്സില്‍ മങ്കിപെന്‍ ആരാണ് എന്ന തിരിച്ചറിയുവാന്‍ വേണ്ടി റയാനും അച്ഛന്‍ റോയിയും നടത്തുന്ന സംഭാഷണങ്ങളും ഈ സിനിമയിലെ ഏറ്റവും മികച്ച രംഗങ്ങളില്‍ ചിലതാണ്. ഈ മേന്മാകളൊക്കെ ഉണ്ടെങ്കിലും, ചില രംഗങ്ങള്‍ക്ക് ലോജിക്കില്ലാത്തെ രീതിയില്‍ അനുഭവപെടുന്നുമുണ്ടായിരുന്നു. ഉദാഹരണം, കണക്കു മാഷ്‌ മാത്രം കുട്ടികളോട് സ്നേഹത്തോടെ പെരുമാറുക, കണക്കില്‍ മാത്രം ശോഭിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ സ്കൂളിലെ മികച്ച വിദ്യാര്‍ഥിയായി തിരഞ്ഞെടുക്കുക എന്നിവയെല്ലാം ലോജിക്കില്ലത്തതായി തോന്നിയെങ്കിലും, അവയൊന്നും സിനിമയെ ദോഷകരമായി ബാധിച്ചിട്ടില്ല. കുട്ടികള്‍ക്ക് വേണ്ടി മികച്ച സന്ദേശങ്ങള്‍ നല്ക്കുന്നതോടൊപ്പം അവരെയും മാതാപിതാക്കളെയും രസിപ്പിക്കുന്നതിലും വിജയിച്ച ഷാനില്‍-റോജിന്‍ ടീമിന് അഭിനന്ദനങ്ങള്‍!

സംവിധാനം: ഗുഡ്
തിരക്കഥ രചയ്തക്കളായ റോജിന്‍-ഷാനില്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഓരോ രംഗങ്ങളും ഏവര്‍ക്കും ആസ്വദിക്കുന്ന രീതിയില്‍ അതിശയോക്തിയില്ലാതെ സംവിധാനം ചെയ്തിരിക്കുന്നത് പ്രശംസനീയം തന്നെ. മങ്കിപെന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു ഫാന്റസി സിനിമ എന്ന് മാത്രം പ്രതീക്ഷിച്ചു സിനിമ കാണാന്‍ കയറുന്ന പ്രേക്ഷകരെ രസിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും സംവിധായകര്‍ക്ക് സാധിച്ചു എന്നതാണ് ഈ സിനിമയുടെ വിജയം. കുട്ടികളുടെ ജീവിതത്തില്‍ അരങ്ങേറുന്ന രസകരമായ സന്ദര്‍ഭങ്ങളിലൂടെ മുതിര്‍ന്നവരെയും അവരുടെ ബാല്യകാലഘട്ടത്തിലേക്ക് കൊണ്ടുപോകുവാനും, കുട്ടികള്‍ക്കെന്ന പോലെ മുതിര്‍ന്നവര്‍ക്കും ജീവിതത്തില്‍ ശീലമാക്കാവുന്ന ഒരുപിടി സന്ദേശങ്ങളും കൃത്യമായ അളവില്‍ നല്‍കുവാനും സംവിധായകര്‍ക്ക് സാധിച്ചിട്ടുണ്ട്. റയാന്‍ ഫിലിപ്പ് എന്ന കഥാപാത്രം അവതരിപ്പിക്കുവാന്‍ സനൂപ് സന്തോഷിനെ കണ്ടെത്തിയതാണ് ഈ സിനിമ വിജയിക്കുവാനുള്ള പ്രധാന കാരണം. സനൂപിനെ പോലെ കുറെ കുട്ടികളെ മികച്ച രീതിയില്‍ അഭിനയിപ്പിക്കുവാന്‍ സംവിധായകര്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നതും വിജയകാരണങ്ങളില്‍ ഒന്നാണ്. മികച്ച രീതിയില്‍ രംഗങ്ങള്‍ ചിത്രീകരിക്കുവാനും, നല്ല പാട്ടുകള്‍ ഉള്പെടുത്തുവാനും, കഥാപാത്രങ്ങള്‍ക്ക് അനിയോജ്യരായ നടീനടന്മാരെ അഭിനയിപ്പിക്കുവാനും റോജിനും ഷാനിലിനും സാധിച്ചിട്ടുണ്ട്. അഭിനന്ദനങ്ങള്‍!

സാങ്കേതികം: ഗുഡ്
നീ കൊ ഞ ച, ഹൗസ്ഫുള്‍ എന്നീ സിനിമകള്‍ക്ക്‌ ശേഷം നീല്‍ ഡി കൂഞ്ഞ ചായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയാണിത്. വ്യതസ്തമായ ഫ്രെയിമുകള്‍ ഒരുക്കിക്കൊണ്ട് ഓരോ രംഗങ്ങള്‍ക്കും മിഴിവേകുവാന്‍ നീല്‍ ഡി കൂഞ്ഞയ്ക്ക് സാധിച്ചിട്ടുണ്ട്. റയാന്‍ ഫിലിപ്പ് താമസിക്കുന്ന വീടും കടലോരവും സ്കൂള്‍ പരിസരവും അങ്ങനെ എല്ലാ ലോക്കെഷനുകളും സിനിമയുടെ കഥയ്ക്ക്‌ അനിയോജ്യമായ രീതിയിലായത് വിശ്വസനീയത കൂട്ടുവാന്‍ കാരണമായിട്ടുണ്ട്. നീല്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ പ്രജിഷ് പ്രകാശാണ് സന്നിവേശം ചെയ്തത്. ഒരല്പം ഇഴച്ചില്‍ രണ്ടാം പകുതിയില്‍ അനുഭവപെട്ടെങ്കിലും, രംഗങ്ങള്‍ മികച്ച രീതിയില്‍ തന്നെ കോര്‍ത്തിണക്കുവാന്‍ പ്രെജിഷിനും സാധിചു. സിബി പടിയറ, അനു എലിസബത്ത്‌, മമത എന്നിവരുടെ വരികള്‍ക്ക് നടി രമ്യ നമ്പീശന്റെ സഹോദരന്‍ രാഹുല്‍ സുബ്രമണ്യം ഈണം പകര്‍ന്നിരിക്കുന്നു. കണിമലരെ..മമ മലരേ...എന്ന തുടങ്ങുന്ന പാട്ടാണ് നാല് പാട്ടുകളടങ്ങുന്ന ഈ സിനിമയിലെ ഏറ്റവും മികച്ചത്. അതുപോലെ തന്നെ, ഓരോ രംഗങ്ങള്‍ക്കും മികച്ച രീതിയില്‍ പശ്ചാത്തല സംഗീതം നല്ക്കുവാനും രാഹുലിന് സാധിച്ചു. വിനീഷ് ബംഗ്ലന്റെ കലാസംവിധാനവും, ജിത്തു കെ.ഡി-ബിനോയ്‌ കൊല്ലം എന്നിവരുടെ മേക്കപ്പും, സുനില്‍ റഹ്മാന്റെ വസ്ത്രാലങ്കാരവും സിനിമയ്ക്ക് അനിയോജ്യമായ രീതിയിലാണ്. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!

അഭിനയം: ഗുഡ്
കാഴ്ച എന്ന ബ്ലെസി സിനിമയിലൂടെ മികച്ച അഭിനയം കാഴ്ച്ചവെച്ചുക്കൊണ്ട് സിനിമയിലെക്കിതിയ ബാലതാരമായിരുന്നു സനൂഷ. 7 വര്‍ഷങ്ങള്‍ക്കു ശേഷം സനൂഷയുടെ സഹോദരന്‍ സനൂപ്, സഹോദരിയേക്കാള്‍ മികച്ച അഭിനയം കാഴ്ച്ചവെച്ചുക്കൊണ്ട് സിനിമയിലെക്കെത്തിയിരിക്കുന്നു. റയാന്‍ ഫിലിപ്പ് എന്ന കഥാപാത്രത്തിലൂടെയാണ് സംവിധായകര്‍ ഈ സിനിമയുടെ കഥ അവതരിപ്പിച്ചിരിക്കുന്നത്.റയാന്‍ ഫിലിപ്പിനെ അവതരിപ്പിക്കുന്ന ബാലതാരത്തിന്റെ അഭിനയം മോശമായാല്‍, ഈ സിനിമ വലിയ ഒരു പരാജയമാകുമായിരുന്നു. പക്ഷെ, മിതത്വമാര്‍ന്ന അഭിനയത്തിലൂടെ റയാന്‍ ഫിലിപ്പ് എന്ന പോക്കിരിയെ അവതരിപ്പിച്ചുക്കൊണ്ട് സനൂപ് ഏവരെയും ഞെട്ടിച്ചിരിക്കുന്നു. സനൂപിനു അഭിനന്ദനങ്ങള്‍! സനൂപിന്റെ സുഹൃത്തുക്കളായി അഭിനയിച്ച മറ്റു ബാലതാരങ്ങളും മികവുറ്റ അഭിനയമാണ് കാഴ്ചവെച്ചത്. ബാലതാരങ്ങളെ കൂടാതെ ജയസുര്യ, മുകേഷ്, വിജയ്‌ ബാബു, ജോയ് മാത്യു, ഇന്നസെന്റ്, ശശി കലിങ്ക, രമ്യ നമ്പീശന്‍ എന്നിവരും ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ജയസുര്യയ്ക്ക് ലഭിച്ച നല്ല കഥാപാത്രങ്ങളില്‍ ഒന്നാണ് ഈ സിനിമയിലെ റോയ് ഫിലിപ്പ്. വിജയ്‌ ബാബുവും, ജോയ് മാത്യുവും നൂറു ശതമാനം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു രീതിയിലാണ് അവരവരുടെ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. മുകേഷും ഇന്നസെന്റും അവരവരുടെ കഥാപാത്രങ്ങള്‍ മോശമാക്കാതെ അഭിനയിച്ചു.

സിനിമയില്‍ ഇഷ്ടപെട്ടവ:
1.സനൂപ് സന്തോഷിന്റെ (റയാന്‍ ഫിലിപ്പ്) അഭിനയം
2.മികച്ച സന്ദേശം നല്‍ക്കുന്ന കഥാസന്ദര്‍ഭങ്ങള്‍
3.രസകരമായ സംഭാഷണങ്ങള്‍
4.ക്ലൈമാക്സ് 
5.ചായാഗ്രഹണം
6.പശ്ചാത്തല സംഗീതം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. ലോജിക്കില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍

ഫിലിപ്സ് ആന്‍ഡ്‌ ദി മങ്കിപെന്‍ റിവ്യൂ: രസകരമായ കഥാസന്ദര്‍ഭങ്ങളിലൂടെ സംഭാഷണങ്ങളിലൂടെ കൊച്ചു കൊച്ചു സന്ദേശങ്ങള്‍ സ്കൂള്‍ കുട്ടികള്‍ക്ക് നല്‍ക്കുന്ന ഈ സിനിമ ഓരോ മാതാപിതാക്കളും അവരുടെ കുട്ടികളോടൊപ്പം കണ്ടിരിക്കേണ്ടതാണ്.

ഫിലിപ്സ് ആന്‍ഡ്‌ ദി മങ്കിപെന്‍ റേറ്റിംഗ്: 6.70/10 
കഥ, തിരക്കഥ: 6/10[എബവ് ആവറേജ്]
സംവിധാനം: 7/10[ഗുഡ്]
സാങ്കേതികം: 3.5/5[ഗുഡ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍ 20/30 [6.7/10]

രചന, സംവിധാനം: റോജിന്‍ തോമസ്‌, ഷാനില്‍ മുഹമ്മദ്‌
കഥ: ഷാനില്‍ മുഹമ്മദ്‌ 
നിര്‍മ്മാണം: വിജയ്‌ ബാബു, സാന്ദ്ര തോമസ്‌, തോമസ്‌ ജോസഫ്‌ പട്ടത്താനം
ബാനര്‍: ഫ്രൈഡേ ഫിലിം ഹൗസ്
ചായാഗ്രഹണം: നീല്‍ ഡി കൂഞ്ഞ
ചിത്രസന്നിവേശം: പ്രജിഷ് പ്രകാശ്
ഗാനരചന: സിബി പടിയറ, അനു എലിസബത്ത്‌ ജോസ്, മമത
സംഗീതം: രാഹുല്‍ സുബ്രമണ്യം
കലാസംവിധാനം: വിനീഷ് ബംഗ്ലാന്‍
മേക്കപ്പ്: ജിത്തു കെ.ഡി, ബിനോയ്‌ കൊല്ലം
വസ്ത്രാലങ്കാരം: സുനില്‍ റഹ്മാന്‍
വിതരണം: ഫ്രൈഡേ ടിക്കറ്റ്സ്

No comments:

Post a Comment