12 Oct 2013

കാഞ്ചി - വെടിയുണ്ടയില്ലാത്ത തോക്കിലെ കാഞ്ചിവലിച്ച പാവം പ്രേക്ഷകര്‍! 3.70/10

ബോംബെ മാര്‍ച്ച്, കര്‍മ്മയോദ്ധ എന്നീ സിനിമകള്‍ക്ക്‌ ശേഷം റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ്‌ നിര്‍മ്മിച്ച സിനിമയാണ് കാഞ്ചി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയ്ക്ക് ശേഷം ഇന്ദ്രജിത്തും മുരളി ഗോപിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാഞ്ചി സംവിധാനം ചെയ്തിരിക്കുന്നത് ജി.എന്‍.കൃഷ്ണകുമാറാണ്. വസന്തബാലന്റെ അങ്ങാടിതെരു, മധുപാലിന്റെ ഒഴിമുറി, മണിരത്നത്തിന്റെ കടല്‍ എന്നീ സിനിമകളുടെ തിരക്കഥ രചിച്ച ജയമോഹനാണ് കാഞ്ചിയുടെ രചന നിര്‍വഹിച്ചത്. ത്രില്ലര്‍ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചത് രവിചന്ദ്രനും ചിത്രസന്നിവേശം നിര്‍വഹിച്ചത് ബാബു രത്നവുമാണ്. ജി.എന്‍.പത്മകുമാറിന്റെ വരികള്‍ക്ക് അഫ്സല്‍ യുസഫ് ഈണം പകര്‍ന്നിരിക്കുന്നു.  


മാധവന്‍ എന്ന സാധരണക്കരാനായ നാട്ടിന്‍പുറത്തുകാരനാണ് ഈ കഥയിലെ നായകന്‍. കല്യാണമുറപ്പിച്ചത്തിന്റെ സന്തോഷം കെട്ടടുങ്ങത്തിനുമുമ്പ് തന്നെ മാധവന്‍ ഒരു കെണിയില്‍പെടുന്നു.അയാളുടെ പലച്ചരക്കുക്കടയുടെ മുമ്പില്‍ ഒരു കൊലപാതകം നടക്കുകയും, അയാള്‍ അതിനു ദ്രിക്സാക്ഷിയാകുകയും ചെയ്യുന്നു. പണത്തിനും സ്വാധീനത്തിനും കയ്യൂക്കിനും പേരുകേട്ട പെരുങ്ങോടനാണ് കൊലയാളി. ശത്രുതയുടെ പേരില്‍ അതെ നാട്ടിലെ മറ്റൊരു പ്രമുഖ വ്യാപാരിയുടെ മകനെയാണ് പെരുങ്ങോടന്‍ പട്ടാപ്പകല്‍ കൊല ചെയ്തത്. ഈ രണ്ടു വന്‍ശക്തികളുടെയും ഭീഷണിക്ക് മുമ്പില്‍ അകപെടുന്ന മാധവന്റെ നിസ്സഹയാവസ്ഥയും, അതില്‍ നിന്നും അയാള്‍ രക്ഷപെടുന്നതുമാണ് കാഞ്ചിയുടെ കഥ. മാധവനായി ഇന്ദ്രജിത്തും, പെരിങ്ങോടനായി മുരളി ഗോപിയും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
ഒഴിമുറി എന്ന മലയാളത്തിലെ ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക പ്രശംസ നേടിയ തിരക്കഥകൃത്താണ് ജയമോഹന്‍. ഒരുപാട് പ്രതീക്ഷയ്ക്ക് വക നല്‍ക്കുന്ന ഒരു പ്രമേയമാണ് ഈ സിനിമയുടെതെങ്കിലും, കേട്ടുപഴകിയ ഒരു കഥയും കണ്ടുമടുത്തതും പ്രവചിക്കാനാവുന്നതുമായ കഥാസന്ദര്‍ഭങ്ങളും സിനിമയുടെ രസംകൊല്ലികളായി. ഈ സിനിമയുടെ കഥയിലെ പല പ്രധാന വഴിത്തിരുവുകളിലും പ്രധാന സാക്ഷിയവുന്നത് ഒരു തോക്കാണ്. പലരിലൂടെയും കൈമാറിയ തോക്ക് അവസാനം വില്ലനെ കൊല്ലുന്നതിനു വരെ നായകനെ സഹായിച്ചു. മേല്പറഞ്ഞ കഥാസന്ദര്‍ഭങ്ങള്‍ അവിശ്വസനീയതയോടയാണ് ജയമോഹന്‍ എഴുതിയിരിക്കുന്നത് എന്നതും സിനിമയുടെ പ്രധാന പോരായ്മകളില്‍ ഒന്നാണ്. ആന്ധവിശ്വാസങ്ങളും ദുരാചാരങ്ങളുമായി ജീവിക്കുന്ന പെരുങ്ങോടന്‍ എന്ന കഥാപാത്രവും ഒരല്പം അളവുകൂടിയ രീതിയിലാണ് പ്രേക്ഷകര്‍ക്ക്‌ തോന്നിയത്. അങ്ങാടിതെരു, ഒഴിമുറി, കടല്‍ എന്നീ വ്യതസ്തവും പുതുമയുള്ളതുമായ കഥകള്‍ എഴുതിയ ഒരാള്‍ക്ക് എങ്ങനെയാണ് ഇത്തരത്തിലുള്ള നിലവാരമില്ലത്തൊരു തിരക്കഥ എഴുതുവാന്‍ സാധിച്ചത് അതിശയം തന്നെ.

സംവിധാനം: ബിലോ ആവറേജ്
കോളേജ് ഡേയ്സ് എന്ന സിനിമയ്ക്ക് ശേഷം അതെ ഗണത്തില്‍പെടുത്താവുന്ന ഒരു സിനിമയുമായി പ്രേക്ഷകരിലെക്കെത്തിയ ജി. എന്‍. കൃഷ്ണകുമാര്‍ ഇക്കുറിയും പ്രേക്ഷകരെ നിരാശപെടുത്തി. എത്രയോ സിനിമകളില്‍ പ്രേക്ഷകര്‍ കണ്ട സ്ഥിരം കാഴ്ചകളാണ് ഈ സിനിമയിലും സംവിധായകന്‍ ചിത്രീകരിക്കുവാന്‍ തീരുമാനിച്ചത്. ഇഴഞ്ഞുനീങ്ങുന്ന കഥാഗതിയ്ക്ക് പുറമേ സ്ലോ മോഷന്‍ രംഗങ്ങള്‍ക്കൂടി ചേര്‍ത്തപ്പോള്‍ പ്രേക്ഷകര്‍ വെറുപ്പോടെയാണ് സിനിമ കണ്ടുതീര്‍ത്തത്. കഥാപാത്രങ്ങള്‍ക്ക് അനിയോജ്യരായ നടീനടന്മാരെ അഭിനയിപ്പിച്ചു എന്നതല്ലാതെ സംവിധായകന്റെ കുപ്പായമണിഞ്ഞ കൃഷ്ണകുമാര്‍ മറ്റൊന്നും ഈ സിനിമയുടെ മൂല്യം കൂട്ടുവാന്‍ വേണ്ടി ചെയ്തിട്ടില്ല. പലരാലും കൈമാറി സഞ്ചരിക്കുന്ന തോക്കിന്റെ രംഗങ്ങളെല്ലാം സംവിധാനമാറിയാത്ത ഒരാള്‍ ചിത്രീകരിച്ചതുപോലെ അനുഭവപെട്ടു. ഒരു ത്രില്ലര്‍ സ്വഭാവമുള്ള സിനിമയെ വലിച്ചുനീട്ടി രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ കൊണ്ടെത്തിച്ചപ്പോള്‍, സംവിധായകന്‍ എന്നയാളുടെ ജോലി വിജയകരമായി കൃഷ്ണകുമാര്‍ പൂര്‍ത്തികരിചുക്കൊണ്ട് പ്രേക്ഷകരെ വെറുപ്പിച്ചു. അങ്ങനെ, ഹനീഫ് മുഹമ്മദ്‌ എന്ന നിര്‍മ്മാതാവ് മൂന്നാമങ്കത്തിലും പരാജയപെട്ടു. പരജിതനായാലും, ബോംബെ മാര്‍ച്ചും കര്‍മ്മയോദ്ധയും അപേക്ഷിച്ച് കാഞ്ചി തന്നെ ഭേദം.

സാങ്കേതികം: ആവറേജ്
ത്രസിപ്പിക്കുന്ന സിനിമ എന്ന അവകാശവാദത്തോടെ പുറത്തിറങ്ങിയ ത്രസിപ്പിക്കാത്ത രസിപ്പിക്കാത്ത ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത് രവിചന്ദ്രനാണ്.രവി ചന്ദ്രന്റെ ദ്രിശ്യങ്ങള്‍ വലിച്ചുനീട്ടുന്നതിന്റെ പരമാവധി നീട്ടിയത് ബാബു രത്നമാണ്. ജി. എന്‍. പത്മകുമാര്‍ എഴുതിയ വരികളുടെ സംഗീത സംവിധാനം നിര്‍വഹിച്ചത് അഫ്സല്‍ യുസഫാണ്. മുരളി ഗോപി ആലപിച്ച ടൈറ്റില്‍ പാട്ടും, ഒരു യുഗ്മഗാനവും പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റുന്നില്ല. കോയയുടെ കലാസംവിധാനവും, ട്വിന്‍സിന്റെ വസ്ത്രാലങ്കാരവും, ബിജുവിന്റെ മേക്കപ്പും സിനിമയോടു ചേര്‍ന്ന് പോവുന്നവയാണ്.

അഭിനയം: ആവറേജ് 
പെരുങ്ങോടന്‍ എന്ന കഥാപാത്രം മികച്ച രീതിയില്‍ അവതരിപ്പിച്ചു വിശ്വസനീയത നല്‍ക്കുവാന്‍ മുരളി ഗോപിയ്ക്ക് സാധിച്ചിട്ടുണ്ട്. വില്ലന്‍ കഥാപാത്രമാണെങ്കിലും, തന്മയത്ത്വോടെയുള്ള മുരളി ഗോപിയുടെ സമീപനം സമീപകാലഘട്ടത്തിലെ ഏറ്റവും മികച്ച വില്ലന്‍ വേഷങ്ങളില്‍ ഒന്നായി മാറ്റുവാന്‍ അദ്ദഹത്തിന് സാധിച്ചിട്ടുണ്ട്. സാധാരണക്കാരന്റെ വേഷത്തില്‍ ഇന്ദ്രജിത്തും മോശമക്കാതെ മാധവനെ അവതരിപ്പിച്ചു. ഒരല്പം വ്യതസ്തമായി അഭിനയിച്ചത് പി.ബാലചന്ദ്രനാണ്. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധെയനായിക്കൊണ്ടിരിക്കുന്ന ഷൈന്‍ ടോമിനും ലഭിച്ച നല്ല കഥാപാത്രമായിരുന്നു ഈ സിനിമയിലെത്. ഇന്ദ്രജിത്ത്, മുരളി ഗോപി, ജോയ് മാത്യു, പി.ബാലചന്ദ്രന്‍, സുധീര്‍ കരമന, ഷൈന്‍ ടോം ചാക്കോ, സത്താര്‍, അര്‍ച്ചന ഗുപ്ത, സിജ റോസ്, ദേവി അജിത്‌, രേണുക, സോജ, ചിത്ര ഷേണായി എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കള്‍.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. മുരളി ഗോപിയുടെ അഭിനയം


സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥയും കഥാസന്ദര്‍ഭങ്ങളും
2. പ്രവചിക്കാനവുന്ന കഥാഗതി
3. കൃഷ്ണകുമാറിന്റെ സംവിധാനം
4. ക്ലൈമാക്സ്

കാഞ്ചി റിവ്യൂ: കേട്ടുപഴകിയതും കണ്ടുമടുത്തതുമായൊരു പഴഞ്ചന്‍ പ്രതികാര കഥയുമായി ജയമോഹനും ജി.എന്‍.കൃഷ്ണകുമാറും പാവം പ്രേക്ഷകരെയും നിര്‍മ്മതിവിനെയും വഞ്ചിച്ചു!

കാഞ്ചി റേറ്റിംഗ്: 3.70/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 3/10[ബിലോ ആവറേജ്]
സാങ്കേതികം: 2.5/5[ആവറേജ്]
അഭിനയം: 2.5/5[ആവറേജ്]
ടോട്ടല്‍ 11/30[3.7/10]

സംവിധാനം: ജി.എന്‍.കൃഷ്ണകുമാര്‍
രചന: ജയമോഹന്‍ 
നിര്‍മ്മാണം: ഹനീഫ് മുഹമ്മദ്‌
ബാനര്‍: റെഡ് റോസ് ക്രിയേഷന്‍സ്
ചായാഗ്രഹണം: രവിചന്ദ്രന്‍
ചിത്രസന്നിവേശം: ബാബു രത്നം
ഗാനരചന: ജി.എന്‍.പത്മകുമാര്‍
സംഗീതം: അഫ്സല്‍ യുസഫ്
കലാസംവിധാനം: കോയ
വസ്ത്രാലങ്കാരം: ട്വിന്‍സ്
മേക്കപ്പ്: ബൈജു ബാലരാമപുരം
വിതരണം: റെഡ് റോസ് റിലീസ്

No comments:

Post a Comment