14 Oct 2013

ഇടുക്കി ഗോള്‍ഡ്‌ - ഒരുവട്ടം ആസ്വദിക്കാം ഈ നൊസ്റ്റാള്‍ജിക് സൗഹൃദ ലഹരി! 5.50/10

1976 കാലഘട്ടത്തില്‍ ഇടുക്കിയിലെ സ്കൂളില്‍ സഹപാഠികളായിരുന്ന മൈക്കള്‍, മദന്‍ മോഹന്‍, രവി, ആന്റണി, രാമന്‍ എന്നിവരാണ് ഈ കഥയിലെ നായകന്മാര്‍. സ്കൂള്‍ കാലഘട്ടത്തിനു ശേഷം പലവഴിയ്ക്കു പിരിഞ്ഞ സുഹൃത്ത്‌ സംഘത്തെ തേടി 35 വര്‍ഷങ്ങള്‍ക്കു ശേഷം മൈക്കള്‍ കേരളത്തിലെത്തുന്നു. കുടുംബത്തിലെ പ്രശ്നങ്ങളില്‍ നിന്നും ഒരിടവേളയെടുത്ത് ഓര്‍മ്മകള്‍ അയവറക്കാനായി സുഹൃത്തുക്കളെ തേടിയെത്തിയ മൈക്കളും, അവിവാഹിതനായി കഴിയുന്ന രവിയും, വിവാഹ ബന്ധം വേര്‍പ്പിരിയലിലെത്തിനില്‍ക്കുന്ന മദനും, ഭാര്യയുടെ നിയന്ത്രണത്തില്‍ വീര്‍പ്പുമുട്ടി കഴിയുന്ന ആന്റണിയും, രണ്ടാം വിവാഹത്തിനു തയ്യാറെടുക്കുന്ന രാമനും ഒരുമിച്ചു കൂടുന്നു. ജീവിത പ്രശ്നങ്ങളെല്ലാം മറന്നുള്ള ഒത്തുചേരല്‍ കൊഴിപ്പിക്കാനായി അഞ്ചംഗ സംഘം വീണ്ടും ഇടുക്കിയിലെ സ്കൂളും അവര്‍ ചിലവഴിച്ച സ്ഥലങ്ങളും ഒരിക്കല്‍ക്കൂടി കണ്ടാസ്വദിക്കാനായി അവിടെയ്ക്ക് യാത്രതിരിക്കുന്നു. ആ യാത്രയില്‍ അവര്‍ അന്വേഷിച്ചതും കണ്ടെത്താന്‍ ആഗ്രഹിച്ചതും ഇടുക്കി ഗോള്‍ഡാണ്. എന്താണ് ഇടുക്കി ഗോള്‍ഡ്‌? അവര്‍ക്കത്‌ ലഭിക്കിമോ? എന്നെല്ലാമാണ് ഈ സിനിമയുടെ സസ്പെന്‍സും ക്ലൈമാക്സും. ഇടുക്കിയിലെക്കുള്ള യാത്രയിലൂടെ അവരുടെ ഭൂതകാലത്തിലെ സൗഹൃദവും, വര്‍ത്തമാനകാലത്തിലെ ജീവിത പ്രശ്നങ്ങളും, അതോടൊപ്പം ചില ഓര്‍മ്മപെടുത്തലുകളുമാണ് ഈ സിനിമയുടെ കഥ. മൈക്കളായി പ്രതാപ് പോത്തനും, മദന്‍ മോഹനായി മണിയന്‍പിള്ള രാജുവും, രവിയായി രവീന്ദ്രനും, ആന്റണിയായി ബാബു ആന്റണിയും, രാമനായി വിജയരാഘവനും അഭിനയിച്ചിരിക്കുന്നു.

തൊട്ടതെല്ലാം പൊന്നാക്കുന്ന സംവിധായകന്‍ ആഷിക് അബുവിന്റെ അഞ്ചാമത്തെ സിനിമയാണ് ഇടുക്കി ഗോള്‍ഡ്‌. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയ്ക്ക് ശേഷം രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്ത് നിര്‍മ്മിച്ചിരിക്കുന്ന ഇടുക്കി ഗോള്‍ഡിന്റെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത് ശ്യാം പുഷ്കരനും ദിലീഷ് നായരും ചേര്‍ന്നാണ്. സന്തോഷ്‌ ഏച്ചിക്കാനത്തിന്റെ ഇടുക്കി ഗോള്‍ഡ്‌ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് തിരക്കഥക്രുത്തുക്കള്‍ ഈ സിനിമയുടെ രചന നിര്‍വഹിച്ചത്. ഷൈജു ഖാലിദാണ് ചായാഗ്രഹണം. വി. സാജന്‍ ചിത്രസന്നിവേശവും, ബിജിബാല്‍ പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.

കഥ,തിരക്കഥ: ആവറേജ്
ഡാ തടിയാ എന്ന ആഷിക് അബു സിനിമയ്ക്ക് ശേഷം ശ്യാം പുഷ്കരനും ദിലീഷ് നായരും ചേര്‍ന്ന് എഴുതിയ ഈ സിനിമയുടെ കഥാസന്ദര്‍ഭങ്ങള്‍ക്ക് പ്രത്യേകിച്ച് പുതുമകളൊന്നും അവകാശപെടാനില്ല. അഞ്ചു സുഹൃത്തുക്കളുടെ ഭൂതകാലത്തിലെ ഓര്‍മ്മകളും വര്‍ത്തമാനകാലത്തെ ജീവിതവും അതിശയോക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങളിലൂടെ നര്‍മ്മം കലര്‍ന്ന സംഭാഷണങ്ങളിലൂടെ തിരക്കഥയില്‍ ഉള്‍പെടുത്തിയിരിക്കുന്നു. മേല്പറഞ്ഞവയെല്ലാം രസാവഹമായ ഘടകങ്ങളാണെങ്കിലും, മറുവശത്ത്‌, ശക്തമായ കഥയുടെ പിന്‍ബലമില്ലാതെ എഴുതിയ തിരക്കഥ എന്ന രീതിയില്‍ ഒരുപാട് കുറവുകള്‍ വ്യക്തമായി പ്രേക്ഷകര്‍ക്ക്‌ അനുഭവപെടുന്നുണ്ട്. അഞ്ചു സുഹൃത്തുക്കളുടെ ജീവിതവും ഓര്‍മ്മകളും ഇഷ്ടാനിഷ്ടങ്ങളും പറയുവാന്‍ എന്തിനാണ് മദ്യപാനവും പുകവലിയും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും ഉപയോഗിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഒട്ടുമിക്ക രംഗങ്ങളും ഒന്നുകില്‍ തുടങ്ങുന്നത് അല്ലെങ്കില്‍ അവസാനിക്കുന്നത് ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗതിലെന്നത് ബോറന്‍ രീതിയായി മാറിയിരിക്കുന്നു. ഈ രംഗങ്ങള്‍ ആരെയും വഴിതെറ്റിക്കുന്ന കാരണത്താലല്ല പ്രേക്ഷകര്‍ വിമര്‍ശിക്കുന്നത്. അതിനു കാരണം, സമീപകാലത്തിറങ്ങിയ ഒട്ടുമിക്ക സിനിമകളിലും കണ്ടുമടുത്ത രംഗങ്ങളായാതുക്കൊണ്ടാണ്. ഒരുപാട് കഴിവുകളുള്ള ഈ കൂട്ടുകെട്ടില്‍ നിന്നും ഇനിയും മികച്ച തിരക്കഥകള്‍ പ്രതീക്ഷിക്കുന്നു.

സംവിധാനം: ആവറേജ്
ആഷിക് അബു എന്ന സംവിധായകന്റെ സിനിമ എന്ന നിലയില്‍ ഏറെ പ്രതീക്ഷ നല്‍കിയാണ്‌ ഇടുക്കി ഗോള്‍ഡ്‌ പ്രദര്‍ശനത്തിനെത്തിയത്. നൊസ്റ്റാള്‍ജിയും സൗഹൃദവും സമാസമം ചേര്‍ത്തു ഒരല്പം നര്‍മ്മവും കലര്‍ത്തി, മനോഹരമായ ലൊക്കേഷനുകളില്‍ ചിത്രീകരിച്ചു, ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും രംഗങ്ങള്‍ക്ക് നല്‍കി, അനിയോജ്യരായ നടീനടന്മാരെ അഭിനയിപ്പിച്ച സംവിധായകന്‍ പ്രേക്ഷകരെ രസിപ്പിക്കുവാന്‍ മറന്നില്ല. ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്ന രംഗങ്ങളും, അവരുടെ തമാശകള്‍ കലര്‍ന്ന സംഭാഷണങ്ങളും, അവര്‍ ചെറുപ്പത്തില്‍ കാട്ടുന്ന തോന്ന്യാസങ്ങളും, തേനീച്ചക്കൂട്ടില്‍ ആന്റണി സ്പര്‍ശിക്കുന്ന രംഗവും, ക്ലൈമാക്സ് രംഗവുമൊക്കെ പ്രേക്ഷകരെ ഏറെ രസിപ്പിച്ചിട്ടുണ്ട്. നല്ലൊരു കഥയുടെ പിന്‍ബലംക്കൂടി തിരക്കഥയ്ക്ക് ഉണ്ടായിരുന്നെങ്കില്‍, ആഷിക് അബുവിന്റെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാകുമായിരുന്നു ഇടുക്കി ഗോള്‍ഡ്‌. അഞ്ചംഗ സംഘത്തിന്റെ ഭൂതകാലം ഓരോ പാഠങ്ങളായി അവതരിപ്പിച്ചത് പുതുമ നല്‍കിയപ്പോള്‍, അവരുടെ വര്‍ത്തമാനകാലം ഇഴഞ്ഞുനീങ്ങുന്ന രീതിയില്‍ ചിത്രീകരിച്ചത് പ്രേക്ഷകരെ മുഷിപ്പിച്ചു. ഇത് കൂടാതെ, നല്ല പാട്ടുകളുടെ അഭാവം സിനിമയെ ദോഷകരമായി ബാധിച്ച ഘടഗങ്ങളില്‍ ഒന്നാണ്. സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ മുതല്‍ ഡാ തടിയാ വരെയുള്ള സിനിമകള്‍ കണ്ടിരുന്നു വേഗത ഈ സിനിമയില്‍ നഷ്ടപെട്ടത് എന്തുകൊണ്ടെന്നറിയില്ല. യുവാക്കളെ മാത്രം ആകര്‍ഷിക്കുന്ന അവതരണ രീതി കുടുംബപ്രേക്ഷകരെ സിനിമയില്‍ നിന്നും അകറ്റും എന്ന് ആഷിക് അബു ചിന്തിക്കാത്തതും എന്തുകൊണ്ടെന്നറിയില്ല. അമിത പ്രതീക്ഷിയില്ലാതെ ഒരുവട്ടം കണ്ടിരിക്കാം എന്ന പരസ്യവാചകം വരും ദിവസങ്ങളില്‍ ഈ സിനിമയ്ക്ക് നല്‍കിയാല്‍, ഇടുക്കി ഗോള്‍ഡ്‌ ഒരുപക്ഷെ ഓള്‍ കേരള ഗോള്‍ഡ്‌ ആയി മാറുവാന്‍ സാധ്യതയുണ്ട്.

സാങ്കേതികം: എബവ് ആവറേജ് 
ഷൈജു ഖാലിദിന്റെ മനോഹരമായ ഫ്രെയിമുകളും ബിജിബാലിന്റെ പശ്ചാത്തല സംഗീതവും ഈ സിനിമയുടെ മുതല്‍ക്കൂട്ടാണ്. ഇടുക്കിയുടെ ദ്രിശ്യഭംഗി മുഴുവന്‍ ഒപ്പിയെടുത്ത ഷൈജു ഖാലിദിന്റെ ചായാഗ്രഹണം സമീപകാലത്തെ മികച്ച ചായാഗ്രഹണങ്ങളില്‍ ഒന്നാണ്. അഞ്ചംഗ സംഘത്തിന്റെ കഥപറയുന്ന രണ്ടു കാലഘട്ടങ്ങളും മികച്ച രീതിയില്‍ ചിത്രീകരിച്ചിട്ടുണ്ട്. വി.സാജനാണ് ചിത്രസന്നിവേശം നിര്‍വഹിച്ചത്. പഴയ കാലഘട്ടവും പുതിയ കാലഘട്ടവും ഇടകലര്‍ന്നു കാണിച്ച രംഗങ്ങള്‍ തമ്മില്‍ കോര്‍ത്തിണക്കിയത് ചിലയിടങ്ങളില്‍ മികവു പുലര്‍ത്തിയപ്പോള്‍, മറ്റു ചിലയിടങ്ങളില്‍ അപകതയായി തോന്നി. ബിജിബാല്‍ ഈണമിട്ട പാട്ടുകള്‍ ശ്രദ്ധ നേടുന്നില്ലെങ്കിലും, പശ്ചാത്തല സംഗീതം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു. പ്രത്യേകിച്ച്, ബാബു ആന്റണിയെ അവതരിപ്പിച്ച രംഗങ്ങളുടെ പശ്ചാത്തല സംഗീതം. അജയന്റെ കലാസംവിധാനവും സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും റോനക്സിന്റെ മേക്കപ്പും അന്‍പറിവിന്റെ സംഘട്ടന രംഗങ്ങളും സിനിമയ്ക്ക് ചേരുന്ന രീതിയിലായിരുന്നു.

അഭിനയം: എബവ് ആവറേജ്
എണ്‍പത്കളില്‍ മലയാള സിനിമകളില്‍ നിറഞ്ഞു നിന്നിരുന്ന രവീന്ദ്രനും ബാബു ആന്റണിയും ശക്തമായൊരു തിരിച്ചുവരവ് നടത്തിയ സിനിമയായിട്ടായിരിക്കും ഇടുക്കി ഗോള്‍ഡ്‌ അറിയപെടുക എന്നതില്‍ തര്‍ക്കമില്ല. മ്ലേച്ഛന്‍ രവി എന്ന കഥാപാത്രവും ആന്റണി എന്ന കഥാപാത്രവും മികച്ച രീതിയില്‍ അവതരിപ്പിക്കുവാന്‍ ഇരുവര്‍ക്കും സാധിച്ചു. സിനിമാ ജീവിതത്തിലെ രണ്ടാംവരവ് ഗംഭീരമാക്കി ജൈത്രയാത്ര തുടരുന്ന പ്രതാപ് പോത്തനും, മലയാള സിനിമയിലെ സ്ഥിര സാന്നിധ്യങ്ങളായ വിജയരാഘവനും മണിയന്‍ പിള്ള രാജുവും മികവു പുലര്‍ത്തി. ഇവരുടെ ചെറുപ്പകാലം അവതരിപ്പിച്ച കുട്ടികള്‍ അതിഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. അവര്‍ അഞ്ചുപേരും മലയാള സിനിമയിലെ നിറസാന്നിധ്യമാകും എന്നതില്‍ സംശയമില്ല. അതിഥി വേഷത്തില്‍ ലാലും ജോയ് മാത്യുവും അഭിനയിച്ചിരിക്കുന്നു. ഇവരെ കൂടാതെ, സജിത മടത്തില്‍, പ്രസീത മേനോന്‍, ശശി കലിങ്ക എന്നിവരുമുണ്ട് ഈ സിനിമയില്‍.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. സംഭാഷണങ്ങള്‍
2. ഷൈജു ഖാലിദിന്റെ ചായാഗ്രഹണം
3. ബിജിബലിന്റെ പശ്ചാത്തല സംഗീതം
4. നടീനടന്മാരുടെ അഭിനയം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥ
2. ഇഴഞ്ഞുനീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍

ഇടുക്കി ഗോള്‍ഡ്‌ റിവ്യൂ: നൊസ്റ്റാള്‍ജിയയും സൗഹൃദവും സമാസമം ചേര്‍ത്തു ആഷിക് അബു തയ്യാറാക്കിയ ഇടുക്കി ഗോള്‍ഡ്‌ യുവാക്കളെ രസിപ്പിക്കുന്നു.

ഇടുക്കി ഗോള്‍ഡ്‌ റേറ്റിംഗ്: 5.50/10
കഥ,തിരക്കഥ: 5/10 [ആവറേജ്]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍ 16.5/30[5.5/10]

സംവിധാനം: ആഷിക് അബു
കഥ: സന്തോഷ്‌ ഏച്ചിക്കാനം
തിരക്കഥ, സംഭാഷണങ്ങള്‍: ശ്യാം പുഷ്ക്കരന്‍, ദിലീഷ് നായര്‍
നിര്‍മ്മാണം: എം.രഞ്ജിത്ത്
ബാനര്‍: രജപുത്ര വിഷ്വല്‍ മീഡിയ
ചായാഗ്രഹണം:ഷൈജു ഖാലിദ്
ചിത്രസന്നിവേശം: വി.സാജന്‍
ഗാനരചന: റഫീക്ക് അഹമ്മദ്
സംഗീതം: ബിജിബാല്‍
പശ്ചാത്തല സംഗീതം: ബിജിബാല്‍
കലാസംവിധാനം: അജയന്‍ ചാല്ലിശ്ശേരി
വസ്ത്രാലങ്കാരം: സമീറ സനീഷ്
മേക്കപ്പ്: റോനക്സ്
സംഘട്ടനം:അന്‍പറിവ്
വിതരണം:രജപുത്ര ആന്‍ഡ്‌ കാളീശ്വരി റിലീസ്

2 comments: