28 Feb 2013

ഷട്ടര്‍ - ജോയ് മാത്യു തുറന്ന ഷട്ടറിലൂടെ മികച്ചൊരു സന്ദേശം പ്രേക്ഷകരിലേക്കെത്തിയിരിക്കുന്നു 7.20/10

ജോണ്‍ അബ്രഹാമിന്‍റെ അമ്മ അറിയാന്‍ എന്ന സിനിമയിലെ നായകന്‍ ജോയ് മാത്യു ആദ്യമായി രചന നിര്‍വഹിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത സിനിമയാണ് ഷട്ടര്‍. 17-മത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലും, 9-മത് ദുബായ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ചു പ്രേക്ഷക ശ്രദ്ധ നേടിയ ഷട്ടറിനു, 2012ലെ പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച സിനിമയ്ക്കുള്ള സില്‍വര്‍ ക്രോ ഫീസെന്റ് അവാര്‍ഡ്‌ ലഭിച്ചു. അബ്ര ഫിലിംസിന്‍റെ ബാനറില്‍ സരിത ആന്‍ തോമസ്‌ നിര്‍മ്മിച്ച ഷട്ടറില്‍ ലാല്‍, ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട്‌, സജിത്ത മടത്തില്‍, റിയ സൈറ, പ്രേംകുമാര്‍, അഗസ്റ്റിന്‍, വിജയന്‍ പെരിങ്ങോട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ഹരി നായര്‍ ചായാഗ്രഹണവും, ബിജിത്ത് ബാല ചിത്രസന്നിവേശവും, ഷഹബാസ് അമ്മന്‍ സംഗീതവും, രംഗനാഥ് രവി ശബ്ദമിശ്രണവും നിര്‍വഹിച്ചിരിക്കുന്നു.

കഥ,തിരക്കഥ: വെരി ഗുഡ്
ഗള്‍ഫില്‍ നിന്നും നാട്ടില്‍ അവധിക്കെത്തിയ റഷീദ്, അയാളുടെ സുഹൃത്തുക്കളുടെ പ്രേരണയാലും മദ്യത്തിന്‍റെ ലഹരിയാലും ഒരു തെറ്റ് ചെയ്യുകയും, അതിനെ തുടര്‍ന്ന് വലിയൊരു അബദ്ധത്തില്‍ ചെന്ന് ചാടുകയും, തുടര്‍ന്ന്, റഷീദ് ചില മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോവുകയും ചെയ്യുന്ന കഥയാണ് ഷട്ടര്‍ എന്ന സിനിമയുടേത്. തെറ്റായ കൂട്ടുകെട്ടും മദ്യത്തിന്റെ ലഹരിയും ഒരു മനുഷ്യനെ ഏതെല്ലാം തരത്തില്‍ മോശക്കരനാക്കുന്നു എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ഷട്ടര്‍ എന്ന ഈ സിനിമ. മുന്‍ തലമുറയില്‍പെട്ടവര്‍ക്ക് ഈ സിനിമ ഒരു ഓര്‍മ്മപെടുത്തലാണെങ്കില്‍, ഈ തലമുറയിലുള്ളവര്‍ക്ക് ഇതൊരു പാഠമാണെന്ന് കരുതാം. പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന രീതിയിലാണ് ഈ സിനിമ തിരക്കഥ എഴുതിയിരിക്കുന്നത്. റിയലസ്റ്റിക്കായ കഥാസന്ദര്‍ഭങ്ങളിലൂടെ വികസിക്കുന്ന ഈ സിനിമ നല്ലൊരു സന്ദേശവും സമൂഹത്തിനു നല്‍ക്കുന്നു. സമീപകാലത്തിറങ്ങിയ ഏറ്റവും മികച്ച തിരക്കഥയാണ് ഷട്ടര്‍ എന്ന സിനിമയുടെത്‌. ജോയ് മാത്യുവിന് അഭിനന്ദനങ്ങള്‍!

സംവിധാനം: ഗുഡ്
കാലികപ്രസക്തിയുള്ളൊരു പ്രമേയവും കഥയും രചിക്കുന്നതിനോടൊപ്പം കഴിവുള്ള സാങ്കേതിക പ്രവര്‍ത്തകരുടെ പിന്‍ബലത്തോടെ ഒരു ത്രില്ലര്‍ സിനിമ സംവിധാനം ചെയ്യുവാനും ജോയ് മാത്യുവിന് സാധിച്ചു. റിയലസ്റ്റിക്കായ കഥാസന്ദര്‍ഭങ്ങള്‍ എല്ലാത്തരം സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകര്‍ക്കും മനസ്സിലാകുവാനും ആസ്വദിക്കുവാനും സാധിക്കുന്ന രീതിയില്‍ ഈ സിനിമ സംവിധാനം ചെയ്തതാണ് ജോയ് മാത്യു ചെയ്ത മികച്ച കാര്യം. ഓരോ കഥയും സമീപിക്കേണ്ട രീതിയില്‍ സംവിധായന്‍ സമീപിച്ചാല്‍, അതൊരു വന്‍വിജയമാകുമെന്നതിന്റെ തെളിവാണ് ഷട്ടറിന്റെ വിജയം. മറ്റൊരു എടുത്തു പറയേണ്ട ഘടകം എന്നത് ഈ സിനിമയിലെ അഭിനേതാക്കളാണ്. ഓരോ കഥാപാത്രത്തിനും അനിയോജ്യരായ നടീനടന്മാരെ അഭിനയിപ്പിച്ചുകൊണ്ട്‌ ജോയ് മാത്യു മികവു തെളിയിച്ചു. ഫിലിം ഫെസ്റിവലില്‍ മാത്രം പ്രദര്‍ശിപ്പിച്ചു, ചില സിനിമാ പ്രേമികള്‍ക്ക്  മാത്രം കാണുവാന്‍ അവസരം ഉണ്ടാക്കാതെ, കേരളത്തിലെ പ്രമുഖ പ്രദര്‍ശനശാലകളില്‍ ഈ സിനിമ റിലീസ് ചെയ്ത നിര്‍മ്മാതാവിനും വിതരണക്കാര്‍ക്കും നന്ദി!


സാങ്കേതികം:എബവ് ആവറേജ്
ഷട്ടര്‍ എന്ന ഈ സിനിമയെ മികവുറ്റതാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഘടഗങ്ങളില്‍ രംഗനാഥ് രവിയുടെ ശബ്ദമിശ്രണവും ഹരി നായരുടെ ചായാഗ്രഹണവും ഉള്‍പെടുന്നു.  ഓരോ രംഗങ്ങളും വിശ്വസനീയമായ ശബ്ദം നല്‍ക്കി സിനിമയുടെ മാറ്റുക്കൂട്ടുന്നതില്‍ രംഗനാഥ് രവി നിര്‍വഹിച്ച പങ്കു ചെറുതല്ല. അതുപോലെ വിശ്വസനീയമായ രീതിയില്‍ ദ്രിശ്യങ്ങള്‍ ക്യാമറയില്‍ ഹരി നായര്‍ പകര്‍ത്തിയതും മികവു പുലര്‍ത്തി. ബിജിത്ത് ബാലയുടെ ചിത്രസന്നിവേശം ആദ്യപകുതിയില്‍ മികവു പുലര്‍ത്തിയില്ലെങ്കിലും, രണ്ടാം പകുതിയും ക്ലൈമാക്സിലും മികവു പുലര്‍ത്തി. ഷഹബാസ് അമ്മനാണ് ഗാനരചനയും സംഗീതസംവിധാനവും നിര്‍വഹിച്ചത്. രഞ്ജിത്ത് അമ്പാടിയുടെ മേക്കപും സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും സിനിമയ്ക്കുതകുന്നവയാണ്.
 

അഭിനയം: വെരി ഗുഡ്
ലാല്‍, വിനയ് ഫോര്‍ട്ട്‌, ശ്രീനിവാസന്‍, പുതുമുഖം സജിത മടത്തില്‍ എന്നിവരുടെ അവിസ്മരണീയമായ പ്രകടനമാണ് ഷട്ടര്‍ എന്ന സിനിമയെ വ്യതസ്തമാക്കുന്നത്. ഒഴിമുറിയ്ക്ക് ശേഷം ലാലിന് ലഭിച്ച മികച്ച കഥാപാത്രമാണ് ഈ സിനിമയിലെ റഷീദ്. റഷീദിന്റെ മാനസിക സംഘര്‍ഷങ്ങള്‍ മികച്ച ഭാവഭിനയത്തോടെ അവതരിപ്പിച്ച ലാലിന് അംഗീകാരം ലഭിക്കാത്തത് എന്തുകൊണ്ടെന്നറിയില്ല. മറ്റൊരു മികച്ച അഭിനയം കാഴ്ചവെച്ചത് പുതുമുഖം സജിത മടത്തിലാണ്. അതുപോലെ, വിനയ് ഫോര്‍ട്ടും ശ്രീനിവാസനും മികച്ച പിന്തുണ നല്‍ക്കി. ഏവര്‍ക്കും അഭിനന്ദനങ്ങള്‍. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. ലാല്‍, വിനയ്, സജിത മടത്തില്‍ എന്നിവരുടെ അഭിനയം
2. കഥ, തിരക്കഥ
3. സംവിധാനം 
4. ശബ്ദമിശ്രണം
5. മികച്ചൊരു സന്ദേശം നല്‍ക്കുന്നു. 

ഷട്ടര്‍ റിവ്യൂ: റിയലസ്റ്റിക്ക് കഥാസന്ദര്‍ഭങ്ങളിലൂടെ മികച്ചൊരു സന്ദേശം പ്രേക്ഷകരിലെക്കെത്തിച്ച ജോയ് മാത്യുവിന്‍റെ ഷട്ടര്‍, മലയാള സിനിമയില്‍ പുതിയൊരു വഴിത്തിരിവാകുമെന്നുറപ്പ്.

ഷട്ടര്‍ റേറ്റിംഗ്: 7.20/10
കഥ,തിരക്കഥ: 8/10 [വെരി ഗുഡ്]
സംവിധാനം: 7/10 [ഗുഡ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 3.5/5 [വെരി ഗുഡ്]
ടോട്ടല്‍ 21.5/30 [7.2/10]

രചന, സംവിധാനം: ജോയ് മാത്യു
നിര്‍മ്മാണം: സരിത ആന്‍ തോമസ്‌
ബാനര്‍: അബ്ര ഫിലിംസ്
ചായാഗ്രഹണം: ഹരി നായര്‍
ചിത്രസന്നിവേശം:ബിജിത്ത് ബാല
ഗാനരചന, സംഗീതം: ഷഹബാസ് അമ്മന്‍
കലാസംവിധാനം: സുനില്‍ കൊച്ചനൂര്‍
മേക്കപ്പ്:രഞ്ജിത്ത് അമ്പാടി
വസ്ത്രാലങ്കാരം: സമീറ സനീഷ്
ശബ്ദമിശ്രണം: രംഗനാഥ് രവി

No comments:

Post a Comment