13 Feb 2013

നത്തോലി ഒരു ചെറിയ മീനല്ല - പ്രമേയത്തിലുള്ള വലുപ്പം നത്തോലിയുടെ തിരക്കഥയിലില്ല! 5.80/10

നമ്മള്‍ നത്തോലികളായി ജീവിക്കണോ? അതോ, നത്തോലി എന്ന് തോന്നിപ്പിക്കും വിധം സ്രാവ് മീനുകളായി ജീവിക്കണോ? നത്തോലി ഒരു ചെറിയ മീനല്ല എന്ന സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും ചിന്തിക്കുന്നത്, അവര്‍ ഓരോരുത്തരും വെറും നത്തോലികളാണോ അതോ വലിയ സ്രാവ് മീനുകളാണോ എന്നതാവും. പ്രേം കൃഷ്ണന്‍ എന്ന പ്രേമനെ നത്തോലിയായാണ്‌ അയാളുടെ കൂടെയുള്ളവര്‍ കാണുന്നത്. എന്നാല്‍, അയാള്‍ക്കുള്ള കഴിവും വിവേകവും അയാള്‍ സ്വയം തിരിച്ചറിയാത്തതാണ് അയാളുടെ കുഴപ്പം. ഒരു പ്രത്യേക സാഹചര്യത്തില്‍ പ്രേമന്‍ ഒരു തിരക്കഥ എഴുതുന്നു. അതിലൂടെ നരേന്ദ്രന്‍ എന്ന കഥാപാത്രത്തെ പ്രേമന്‍ സൃഷ്ടിക്കുന്നു. അയാളുടെ ചിന്തകളിലുള്ള നരേന്ദ്രന്‍ എന്ന സാങ്കല്‍പ്പിക കഥാപാത്രം വെറുമൊരു നത്തോലിയല്ല എന്ന് തെളിയിക്കുന്നു. നമ്മള്‍ ഓരോരുത്തരിലും ഒരു നരേന്ദ്രനുണ്ട്. പക്ഷെ, നമ്മള്‍ വെറും പ്രേം കൃഷ്ണന്മാരായി ജീവിക്കുന്നു എന്നതാണ് കഥയുടെ സാരാംശം.

അജി മേടയില്‍, ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്ന് ഗുഡ് കമ്പനിയുടെയും എയ്ഞ്ചല്‍ വര്‍ക്ക്സിന്റെയും ബാനറില്‍ നിര്‍മ്മിച്ച ഈ സിനിമ വി.കെ.പ്രകാശാണ് സംവിധാനം ചെയ്തത്. ഉറുമിയിലൂടെ മലയാള സിനിമയിലേക്ക് ശക്തമായ വരവ് നടത്തിയ ശങ്കര്‍ രാമകൃഷ്ണനാണ് ഈ സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയത്. പ്രേമനായും നരേന്ദ്രനായും ഫഹദ് ഫാസിലും, പ്രഭയായി കമാലിനി മുഖര്‍ജീയും അഭിനയിച്ചിരിക്കുന്നു.

കഥ,തിരക്കഥ: എബവ് ആവറേജ്
മലയാള സിനിമകളില്‍ വിരളം മാത്രം കാണപെടുന്ന ഒന്നാണ് വ്യതസ്തമായ പ്രമേയങ്ങളുള്ള കഥകള്‍. ശങ്കര്‍ രാമകൃഷ്ണന്‍ എഴുതിയ ഈ സിനിമയുടെ പ്രമേയം, ലോകോത്തര സിനിമകളുടെ പ്രമേയവുമായി താരതമ്യം ചെയ്യുവാന്‍ അര്‍ഹിക്കുന്ന ഒന്നാണ്. സിനിമ എന്ന കലാരൂപം എല്ലാത്തരം പ്രേക്ഷകനും ഗ്രഹിക്കാനും ആസ്വദിക്കാനും പറ്റുന്ന ഒന്നായി കാണുന്ന സ്ഥിതിക്ക്, ഇത്തരത്തിലുള്ള കഥകള്‍ മിതമായ രീതിയില്‍ പ്രേക്ഷകര്‍ക്ക്‌ മനസ്സിലാക്കാന്‍ സാധിക്കുന്ന വിധത്തില്‍ എഴുതിയിരുന്നു എങ്കില്‍, മലയാള സിനിമയിലെ പുതിയൊരു അദ്ധ്യായം ആകുമായിരുന്നു ഈ സിനിമയും ശങ്കര്‍ രാമകൃഷ്ണന്‍ എന്ന എഴുത്തുകാരനും. പക്ഷെ, ഈ സിനിമയുടെ തിരക്കഥയിലെ പല രംഗങ്ങളും സാധാരണ സിനിമകള്‍ ഇഷ്ടപെടുന്നവര്‍ക്ക് ഗ്രഹിക്കുവാന്‍ പ്രയാസമാണ്. ഇത് തന്നെയാണ് ഈ സിനിമയുടെ പ്രധാന പോരായ്മകളില്‍ ഒന്ന്. മലയാളത്തില്‍ ആരും പരീക്ഷിക്കാന്‍ തയ്യാറാവാത്ത ഒരു തിരക്കഥ ശൈലിയാണ് ശങ്കര്‍ രാമകൃഷ്ണന്‍ ഈ സിനിമയിലൂടെ പ്രേക്ഷകര്‍ക്ക്‌ സമ്മാനിച്ചത്‌. അദ്ദേഹത്തിന്റെ ഈ പരീക്ഷണത്തെ അഭിനന്ദിക്കുക തന്നെ വേണം. 

സംവിധാനം: ആവറേജ്
വി.കെ.പ്രകാശ്‌ എന്ന സംവിധായകന്റെ ബ്യൂട്ടിഫുള്‍ എന്ന സിനിമയും ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയും രസകരമായ രണ്ടു വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത സിനിമകളായിരുന്നു. മേല്പറഞ്ഞ രണ്ടു സിനിമകളെയും ലളിതമായ രീതിയില്‍, എല്ലാത്തരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാന്‍ ഉതകുന്ന രീതിയില്‍ ആണ് സംവിധായകന്‍ സമീപിച്ചത്. അദ്ദേഹത്തിന്റെ പോപ്പിന്‍സ്‌ എന്ന സിനിമയുടെ അവതരണവും, നത്തോലി ഒരു ചെറിയ മീനല്ല എന്ന സിനിമയുടെ അവതരണവും സാധാരണ പ്രേക്ഷകര്‍ക്ക്‌ ദഹിക്കുവാന്‍ പ്രയാസമുള്ള രീതിയിലാണ്. വിജയപരായജയങ്ങളില്‍ നിന്നും പാഠം ഉള്‍കൊണ്ടിരുന്നുവെങ്കില്‍ വി.കെ.പ്രകാശ് ഈ സിനിമയെ സമീപിക്കുമായിരുന്ന രീതി  വേറെയാകുമായിരുന്നു. പ്രമേയത്തിലും അവതരണത്തിലും ഒരേ പോലെ മികച്ച സിനിമകളെ മാത്രമേ കലാമേന്മയുള്ള സിനിമകളയി പ്രേക്ഷകര്‍ വിലയിരുത്തുകയുള്ളൂ. ഈ സിനിമയുടെ കഥയും സന്ദേശവും പ്രേക്ഷകരിലേക്ക് എത്തിക്കുവാന്‍ സംവിധായകന്‍ തിരഞ്ഞെടുത്ത ശൈലി തെറ്റായിപോയി എന്നതല്ലാതെ, സംവിധാനത്തില്‍ വേറൊരു പാകപിഴയും കണ്ടില്ല.

സാങ്കേതികം: ഗുഡ്
മുന്‍കാല വി.കെ.പ്രകാശ്‌ സിനിമകളിലും കണ്ടിട്ടുള്ള സാങ്കേതിക മികവു ഈ സിനിമയിലുമുണ്ട്. അരുണ്‍ ജെയിംസിന്റെ ചായാഗ്രഹണം, അജയ് മാങ്ങാടിന്റെ കലാസംവിധാനം, രാജേഷ്‌ നെന്മാറയുടെ മേക്കപ്പ്, ലിജി-ഷീബ ടീമിന്റെ വസ്ത്രാലങ്കാരം, അഭിജിത്ത്-ആണ് എലിസബത്ത്‌ ടീമിന്റെ ഗാനങ്ങള്‍ എന്നിവ വ്യതസ്തവും മികവു പുലര്‍ത്തുന്നവയുമായിരുന്നു. സിനിമയിലുടനീളം ഒരല്പം ഇഴച്ചില്‍ അനുഭവപെട്ടത്‌ മഹേഷ് നാരായണന്‍റെ ചിത്രസന്നിവേശത്തിന്റെ കുഴപ്പമാണോ, അതോ സംവിധായകന്റെ നിര്‍ദേശ പ്രകാരമാണോ എന്നതറിയില്ല. എന്നിരുന്നാലും തികഞ്ഞ സാങ്കേതിക മികവുള്ള സിനിമയാണ് നത്തോലി ഒരു ചെറിയ മീനല്ല.  

അഭിനയം: എബവ് ആവറേജ്
പ്രേമന്‍, നരേന്ദ്രന്‍ എന്നീ രണ്ടു കഥാപാത്രങ്ങളെയും ഉജ്ജ്വല ഭാവാഭിനയവും ചലനങ്ങളും ഉപയോഗിച്ച് മികവുറ്റതാക്കുവാന്‍ ഫഹദ് ഫാസിലിന് സാധിച്ചു. പ്രഭ എന്ന അഹങ്കാരിയായ കഥാപാത്രത്തെ കമാലിനി മുഖര്‍ജീയാണ് അവതരിപ്പിച്ചത്. ഇവരെ കൂടാതെ റീമ കല്ലിങ്കല്‍, പി.ബാലചന്ദ്രന്‍, സത്താര്‍, കൃഷ്ണ, വി.കെ.ശ്രീരാമന്‍, ലക്ഷ്മി, മുകുന്ദന്‍, ജയന്‍ ചേര്‍ത്തല, ആശ, ഗോവിന്ദ് പത്മസുര്യ, ഇര്‍ഷാദ് എന്നിവരുമുണ്ട്‌ ഈ സിനിമയില്‍. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. പ്രമേയം
2. പുതുമയുള്ള അവതരണം
3. ഫഹദ് ഫാസിലിന്റെ അഭിനയം
4. സംഭാഷണങ്ങള്‍
5. ചായാഗ്രഹണം

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. ഗ്രഹിക്കാന്‍ പ്രയാസമുള്ള കഥാഗതി 
2. ഇഴഞ്ഞു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍
3. വി.കെ.പ്രകാശിന്റെ സംവിധാനം

നത്തോലി ഒരു ചെറിയ മീനല്ല റിവ്യൂ: മലയാള സിനിമയില്‍ ഇന്നേവരെ പരീക്ഷിക്കപെടാത്ത പ്രമേയവും അഭിനയവും ഈ സിനിമയെ വ്യതസ്തമാക്കുമ്പോള്‍, പ്രേക്ഷകര്‍ക്ക്‌ ദഹിക്കാത്ത കഥാഗതിയും കഥാസന്ദര്‍ഭങ്ങളും സംവിധാനത്തിലുള്ള അപാകതകളും നത്തോലിയുടെ വലുപ്പം കൂട്ടുന്നില്ല.

നത്തോലി ഒരു ചെറിയ മീനല്ല റേറ്റിംഗ്: 5.80/10
കഥ, തിരക്കഥ: 6/10 [എബവ് ആവറേജ്]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 3.5/5 [ഗുഡ്]
അഭിനയം: 3/5 [എബവ് ആവറേജ്]
ടോട്ടല്‍ 17.5/30 [5.80/10]

സംവിധാനം: വി.കെ.പ്രകാശ്‌
രചന: ശങ്കര്‍ രാമകൃഷ്ണന്‍
നിര്‍മ്മാണം: അജി മേടയില്‍, ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം
ചായാഗ്രഹണം: അരുണ്‍ ജെയിംസ്‌
ചിത്രസന്നിവേശം: മഹേഷ്‌ നാരായണന്‍
ഗാനരചന: അനു എലിസബത്ത്‌ തോമസ്‌
സംഗീതം: അഭിജിത്ത് ശൈലനാഥ്
കലാസംവിധാനം: അജയ് മങ്ങാട്
മേക്കപ്പ്: രാജേഷ്‌ നെന്മാറ
വസ്ത്രാലങ്കാരം: ലിജി പ്രേമന്‍, ഷീബ റോഷന്‍
വിതരണം: എയ്ഞ്ചല്‍ റിലീസ്

1 comment: