2 Mar 2013

കിളിപോയി...- അസഭ്യ സംഭാഷണങ്ങള്‍ കേട്ട് ആസ്വദിക്കാന്‍ കഴിയുന്ന യുവാക്കള്‍ക്കായൊരു സിനിമ 3.80/10

കൗതുകകരമായ സിനിമ പേരുകള്‍ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കും എന്ന വിപണന തന്ത്രം ശരിക്കും ഫലിച്ചതിന്‍റെ ഉത്തമ ഉദാഹരണമാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ കിളിപോയി എന്ന മലയാള സിനിമ. കിളിപോയി എന്നാല്‍ വട്ടായി പോയി എന്നാണ് ഈ സിനിമയുടെ അണിയറ പ്രവത്തകര്‍ ഉദ്ദേശിച്ചിരിക്കുന്നത്. യുവത്വം ആഘോഷമാക്കുവാന്‍ ശ്രമിച്ച ബംഗലൂരു നിവാസികളായ രണ്ടു മലയാളി സുഹൃത്തുക്കളുടെ അതിസാഹസികമായ തോന്നിവാസങ്ങളുടെ രസകരമായ ദ്രിശ്യാവിഷ്കാരമാണ് വിനയ് ഗോവിന്ദ് ആദ്യമായി സംവിധാനം ചെയ്യുന്ന കിളിപോയി എന്ന സിനിമയുടെ ഇതിവൃത്തം. കള്ളും കഞ്ചാവും മറ്റു ലഹിരി പാനീയങ്ങളും ഒക്കെ ഉപയോഗിച്ചു ജീവിതം അര്‍മാദിച്ചു നടക്കുന്ന ചാക്കോ, ഹരി എന്നീ സുഹൃത്തുക്കള്‍ ചെന്നുപെടുന്ന ചില പൊല്ലാപ്പുകളും അതിന്‍റെ അനന്തര ഫലങ്ങലുമാണ് ഈ സിനിമയുടെ പ്രധാന കഥ. ചാക്കോയായി ആസിഫ് അലിയും ഹരിയായി അജു വര്‍ഗീസും അഭിനയിച്ചിരിക്കുന്നു.

എസ്.ജെ.എം എന്ന പുതിയ നിര്‍മ്മാണ കമ്പിനിയ്ക്ക് വേണ്ടി സിബി-ജോബി എന്നിവര്‍ സംയുക്തമായി നിര്‍മ്മിച്ച കിളിപോയി സംവിധാനം ചെയ്തിരിക്കുന്നത് വി.കെ.പ്രകാശിന്‍റെ സംവിധാന സഹായിയായിരുന്ന വിനയ് ഗോവിന്ദാണ്. നവാഗതരായ ജോസഫ്‌ കുര്യന്‍, വിവേക് രഞ്ജിത്, സംവിധായകന്‍ വിനയ് ഗോവിന്ദ് എന്നിവര്‍ ചേര്‍ന്നാണ് ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ രചിച്ചിരിക്കുന്നത്. പ്രദീഷ് എം.വര്‍മ്മയുടെ ചായഗ്രഹണവും, മഹേഷ്‌ നാരായണന്‍റെ ചിത്രസന്നിവേശവും, രാഹുല്‍ രാജിന്‍റെ പശ്ചാത്തല സംഗീതവും, അന്‍പറിവിന്റെ സംഘട്ടന രംഗങ്ങളും മികച്ചു നില്‍ക്കുന്ന സിനിമയാണിത്. ആസിഫ് അലി, അജു വര്‍ഗീസ്‌, സമ്പത്ത് കുമാര്‍, ശ്രീജിത്ത്‌ രവി, രവീന്ദ്രന്‍, വിജയ്‌ ബാബു, മൃദുല്‍ നായര്‍, ജോജു, എം.ബാവ, ചെമ്പന്‍ വിനോദ്, സാന്ദ്ര തോമസ്‌, സമാന്ത അഗര്‍വാള്‍, സബ്രീന്‍ ബേകര്‍ എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കള്‍. 

കഥ തിരക്കഥ: മോശം 
ഫക്ക് എന്ന തെറി പത്ത് പ്രാവശ്യം പറഞ്ഞതുകൊണ്ടോ, അശ്ലീല രംഗങ്ങളും അസഭ്യ സംഭാഷണങ്ങളും സിനിമയില്‍ ഉള്‍പെടുത്തിയത്‌ കൊണ്ടോ ഒരു സിനിമയും ന്യൂ ജനറേഷന്‍ സിനിമയായി കണ്ട് യുവാക്കള്‍ സ്വീകരിക്കാന്‍ പോകുന്നില്ല. ലഹിരി പാനീയങ്ങള്‍ ഉപയോഗിക്കുന്നത് പോലെ നിമിഷ നേരങ്ങള്‍ക്ക് മാത്രം ലഭിക്കുന്ന ചെറിയൊരു സുഖം മാത്രമായിരിക്കും കിളിപോയി പോലുള്ള സിനിമകള്‍. ഇംഗ്ലീഷ് സിനിമകള്‍ കാണുമ്പോള്‍ ലഭിക്കുന്ന ഒരു ദ്രിശ്യാനുഭവം പ്രേക്ഷകര്‍ക്ക്‌ നല്‍ക്കാന്‍ സാധിച്ച വിനയ് ഗോവിന്ദിന്, എല്ലാത്തരം പ്രേക്ഷകരെയും ത്രിപ്പ്തിപെടുത്തുന്ന ഒരു തിരക്കഥ എഴുതുവാന്‍ സാധിച്ചില്ല. ന്യൂ ജനറേഷന്‍ കോപ്രായങ്ങള്‍ കാണിക്കുകയും, പഴയ മോഹന്‍ലാല്‍ സിനിമകളിലെ രംഗങ്ങള്‍ കാണിക്കുകയും ചെയ്‌താല്‍ പ്രേക്ഷകരെ കഭളിപ്പിച്ചു സമയം കളയാം എന്ന തന്ത്രവും പാഴയിപോയ കാഴ്ചയാണ് ഈ സിനിമയില്‍ കണ്ടത്. രസകരമായ ഒരു തിരക്കഥ, സഭ്യമായ സംഭാഷണങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നുവെങ്കില്‍, കിളിപോയി മറ്റൊരു ട്രാഫിക്കോ സോള്‍ട്ട് ആന്‍ഡ്‌ പെപ്പറോ ചാപ്പ കുരിശോ ഒക്കെ ആകുമായിരുന്നു.  

സംവിധാനം: ആവറേജ് 
വി.കെ.പ്രകാശിന്‍റെ ശിഷ്യനാണെന്ന് തെളിയിക്കുന്ന രീതിയിലാണ് വിനയ് ഗോവിന്ദ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഇംഗ്ലീഷ് സിനിമ എന്ന് തോന്നിപ്പിക്കും വിധം മികച്ച വിഷ്വല്‌സും എഫ്ഫെക്ടുകളും ചടുലമായ സംവിധാനവും സിനിമയ്ക്ക് ഗുണം ചെയ്തു. മികച്ച സാങ്കേതിക പ്രവര്‍ത്തകരെ ഈ സിനിമയ്ക്ക് വേണ്ടി ഒന്നിപ്പിച്ചു, സിനിമയ്ക്കുതകുന്ന രീതിയില്‍ പുതിയൊരു ദ്രിശ്യഭാഷ നല്‍ക്കുവാന്‍ വിനയ് ഗോവിന്ദിന് സാധിച്ചു. തിരക്കഥയിലെ പോരായ്മകളും, ന്യൂ ജനറേഷന്‍ പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാകുവാന്‍ വേണ്ടി അശീലങ്ങളും അസഭ്യങ്ങളും അമിതമായി കുത്തിനിറച്ചതും സിനിമയെ നശിപ്പിച്ചു. മലയാള സിനിമ പ്രേക്ഷകര്‍ ഇതാണോ കാണുവാന്‍ ആഗ്രഹിക്കുന്നത് എന്ന് ഗുരുനാഥനായ വി.കെ.പി.യോടെങ്കിലും വിനയ് ഗോവിന്ദിന് ചോദിക്കാമായിരുന്നു. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും കാണാന്‍ പറ്റാത്ത തരത്തിലുള്ള അശ്ലീലങ്ങളെങ്കിലും ഒഴുവാക്കമായിരുന്നു. മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടത്തിലുള്ള സിനിമകളിലെ ചില സംഭാഷണങ്ങള്‍ ഉള്‍പെടുത്തിയത്‌ പ്രേക്ഷകരില്‍ ചിരിയുണര്‍ത്തി എന്നതല്ലാതെ, ഒരു രീതിയിലും യുവാക്കള്‍ ഈ സിനിമ ആസ്വദിചിട്ടില്ല. കിളിപോയി എന്ന സിനിമ കണ്ടവര്‍ക്ക് കാശും സമയവും പോയി എന്നതല്ലാതെ കിളിപോകുന്ന രീതിയിലൊന്നും തന്നെ ഈ സിനിമയിലില്ല.  

സാങ്കേതികം: എബവ് ആവറേജ്
പ്രദീഷ് എം.വര്‍മ്മയുടെ ചായാഗ്രഹണ മികവും, മഹേഷ്‌ നാരായണന്‍റെ ചടുലമായ ചിത്രസന്നിവേശവും, രാഹുല്‍ രാജിന്‍റെ സംഗീതവും, അന്‍പറിവിന്റെ സംഘട്ടന രംഗങ്ങളും, വിഷ്വല്‍ എഫ്ഫെക്ടുകളും സിനിമയ്ക്ക് പുതിയൊരു ദ്രിശ്യഭാഷ നല്‍ക്കി. തിരക്കഥയിലെ താളപിഴവുകള്‍ കുറെയേറെ പരിഹരിച്ചത് സിനിമയുടെ സാങ്കേതിക മികവുകൊണ്ടാണ്. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!

അഭിനയം: ആവറേജ് 
ബാച്ച് ലര്‍ പാര്‍ട്ടിയ്ക്ക് ശേഷം ആസിഫ് അലിയ്ക്ക് ലഭിക്കുന്ന മറ്റൊരു തരികിട കഥാപാത്രമാണ് ഈ സിനിമയിലെ ചാക്കോ. യുവത്വം ആഘോഷമാക്കി നടക്കുന്ന മറ്റൊരു തരികിട കഥാപാത്രം. ആസിഫിന്‍റെ അഭിനയ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് തരക്കേടില്ലാതെ ചാക്കോ എന്ന കഥാപാത്രം അവതരിപ്പിച്ചു. തട്ടത്തിന്‍ മറയത്തിനു ശേഷം അജു വര്‍ഗീസിന് ലഭിക്കുന്ന രസകരമായ കഥാപാത്രമാണ് ഈ സിനിമയിലെ ഹരി. എല്ലാ തരികിടകള്‍ക്കും ചാക്കൊനോടൊപ്പം കൂടുന്ന ഹരി എന്ന കഥാപാത്രം തരക്കേടില്ലാതെ അജു വര്‍ഗീസ്‌ അവതരിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തിയ ശ്രീജിത്ത്‌ രവി ഭേദപെട്ട അഭിനയം കാഴ്ചവെച്ചപ്പോള്‍, രവീന്ദ്രന്‍ ഒരല്പം അമിതാഭിനയം കാഴ്ചവെച്ചു ഡിസ്ക്കോ ഡഗ്ലസിനെ അവതരിപ്പിച്ചു. ഫ്രൈഡേ എന്ന മലയാള സിനിമയുടെ നിര്‍മ്മാതാവ് സാന്ദ്ര തോമസാണ് രാധിക എന്ന കഥാപാത്രമായി അഭിനയിച്ചത്. അജിതിന്‍റെ മങ്കാത്തയെ ഓര്‍മ്മിപ്പിക്കുന്ന പോലെയുള്ള മാനറിസങ്ങളുമായി സമ്പത്ത് കുമാറും തന്‍റെ വേഷം മോശമാക്കാതെ അവതരിപ്പിച്ചു. 


സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.സിനിമയുടെ ദൈര്‍ഘ്യം 

2.പ്രദീഷ് വര്‍മ്മയുടെ ചായാഗ്രഹണം 
3.മഹേഷ്‌ നാരായണന്‍റെ ചിത്രസന്നിവേശം 
4.രാഹുല്‍ രാജിന്‍റെ പശ്ചാത്തല സംഗീതം
5.വിഷ്വല്‍ എഫ്ഫെക്ട്സ്  


സിനിമയുടെ മൈനസ് പോയിന്റ്സ്:
1.സഭ്യമല്ലാത്ത രംഗങ്ങളും സംഭാഷണങ്ങളും
2.കണ്ടുമടുത്ത കഥാസന്ദര്‍ഭങ്ങള്‍
3.നടീനടന്മാരുടെ അലസമായ അഭിനയം


കിളിപോയി റിവ്യൂ: ഒരു ഇംഗ്ലീഷ് സിനിമ കാണുന്ന ദ്രിശ്യാനുഭവം സമ്മാനിക്കാന്‍ സാധിച്ച വിനയ് ഗോവിന്ദിനും കൂട്ടര്‍ക്കും, ഒരല്പം സഭ്യമായ രംഗങ്ങളും സംഭാഷണങ്ങളും എഴുതിക്കൊണ്ട് യുവാക്കളെ രസിപ്പിക്കമായിരുന്നു.

കിളിപോയി റേറ്റിംഗ്: 3.80/10
കഥ തിരക്കഥ: 1/10 [മോശം]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്] 
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്‍ 11.5/30 [3.8/10]

സംവിധാനം: വിനയ് ഗോവിന്ദ്
ബാനര്‍: എസ്.ജെ.എം.എന്‍റര്‍റ്റെയിന്‍മെന്റ്റസ്
നിര്‍മ്മാണം: സിബി തോട്ടുപുറം, ജോബി മുണ്ടമറ്റം
രചന: ജോസഫ്‌ കുര്യന്‍, വിവേക് രഞ്ജിത്ത്, വിനയ് ഗോവിന്ദ്
ചായാഗ്രഹണം: പ്രദീഷ് വര്‍മ്മ
ചിത്രസന്നിവേശം: മഹേഷ്‌ നാരായണന്‍
സംഗീതം, പശ്ചാത്തല സംഗീതം: രാഹുല്‍ രാജ്
കലാസംവിധാനം: എം.ബാവ
മേക്കപ്പ്: അബ്ദുല്‍ റഷീദ്
നൃത്ത സംവിധാനം: ഗായത്രി രഘുറാം
സംഘട്ടനം: അന്‍പറിവ്
വിതരണം: എസ്.ജെ.എം. ത്രു മുളകുപാടം റിലീസ്

No comments:

Post a Comment