25 Feb 2013

ഡേവിഡ്‌ ആന്‍ഡ്‌ ഗോലിയാത്ത് - 15 മിനിറ്റ് കഥയുടെ 2 മണിക്കൂര്‍ അവതരണം 4.00/10

ഇടുക്കിയിലെ വാഗമണ്‍ എന്ന മലയോര ഗ്രാമത്തിലെ ഒറ്റപെട്ടു സ്ഥിതി ചെയ്യുന്ന ഒരു ദേവാലയവും, ദേവാലയത്തിലെ പള്ളിവികാരിയും, പള്ളി വികാരി എടുത്തു വളര്‍ത്തിയ ഡേവിഡും ആ നാട്ടുകാര്‍ക്ക് പ്രിയപെട്ടവരായിരുന്നു. ചില പ്രത്യേക സാഹചര്യങ്ങളാല്‍ പഠനം അവസാനിപ്പിക്കുന്ന ഡേവിഡ്‌, സ്വന്തമായി  യന്ത്രങ്ങള്‍ ഉണ്ടാക്കുന്നതില്‍ കേമാനയിരുന്നു. നിഷ്കളങ്കനായ ഡേവിഡിന് അയാള്‍ ഉണ്ടാകുന്ന യന്ത്രങ്ങളുടെ മേന്മയോ വിലയോ അറിയില്ലായിരുന്നു. ഈ അവസരത്തിലാണ് സണ്ണി എന്ന കച്ചവടക്കാരന്‍ ഡേവിഡിനെ അന്വേഷിച്ചു ആ നാട്ടില്‍ എത്തുന്നത്. തുടര്‍ന്ന് ഡേവിഡിന്‍റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. 

കോക്ക്ടെയ്ല്‍ എന്ന ഫാമിലി സസ്പെന്‍സ് ത്രില്ലര്‍, സൗഹൃദത്തിന്‍റെ വ്യതസ്ഥ കഥയുമായി വന്ന ബ്യൂട്ടിഫുള്‍, ലോഡ്ജ് അന്തേവാസികളുടെ പച്ചയായ ജീവിതകഥ പറഞ്ഞ ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ സിനിമകള്‍ക്ക് ശേഷം അനൂപ്‌ മേനോന്‍റെ രചനയില്‍ ജയസൂര്യ നായകനാകുന്ന നാലാമത്തെ സിനിമയാണ് രാജീവ് നാഥ് സംവിധാനം ചെയ്ത ഡേവിഡ്‌ ആന്‍ഡ്‌ ഗോലിയാത്ത്. ഈ സിനിമയ്ക്ക് വേണ്ടി സംഭാഷണങ്ങള്‍ എഴുതുന്നതില്‍ സംവിധായകന്‍ അജി ജോണ്‍ അനൂപ്‌ മേനോനെ സഹായിച്ചിട്ടുണ്ട്. ഡേവിഡ്‌ എന്ന നിഷ്കളങ്കനായ യുവാവിനെ അവതരിപ്പിച്ചിരിക്കുന്നത് ജയസൂര്യയും, സണ്ണി എന്ന വക്രബുദ്ധിക്കാരനായ കച്ചവടക്കാരനെ അവതരിപ്പിച്ചിരിക്കുന്നത് അനൂപ്‌ മേനോനുമാണ്. ഇവരെ കൂടാതെ പി.ബാലചന്ദ്രന്‍, ഇന്ദ്രന്‍സ്, അജി ജോണ്‍, അരുണ്‍, മജീദ്‌, മാസ്റ്റര്‍ ധനന്‍ജയ്‌, ഗീഥ സലാം, ലെന, നന്ദു, അനുമോള്‍, സൗമ്യ, സുകുമാരി എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു ഈ സിനിമയില്‍.

കഥ, തിരക്കഥ: ബിലോ ആവറേജ് 
അനൂപ്‌ മേനോന്‍ എഴുതിയ തിരക്കഥകളില്‍ ഒന്നില്‍ പോലും പ്രേക്ഷകര്‍ കണ്ടുമടുത്ത കഥയോ കഥാപാത്രങ്ങളൊ സംഭാഷണങ്ങളോ ഇതുവരെ ഉണ്ടായിരുന്നില്ല. ഡേവിഡ്‌ ആന്‍ഡ്‌ ഗോലിയാത്ത് എന്ന സിനിമയിലുടനീളം പ്രേക്ഷകര്‍ കണ്ടുമടുത്ത കഥാസന്ദര്‍ഭങ്ങളും പ്രവചിക്കാനവുന്ന സംഭാഷണങ്ങളും ഏറെയുണ്ട്. അതുപോലെ മുന്‍കാല അനൂപ്‌ മേനോന്‍ സിനിമകളില്‍ കാണപെട്ട മോഹന്‍ലാല്‍ സാന്നിധ്യം ഈ സിനിമയിലുമുണ്ട്. ഒരാവശ്യവുമില്ലാതെ കിരീടത്തിലെയും സ്പടികത്തിലെയും രംഗങ്ങള്‍ സിനിമയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ഈ സിനിമയിലെ കഥാപാത്രങ്ങളായ ഡേവിഡും പള്ളിവികാരിയും ജൈനമ്മയും ഉള്‍പ്പടെ പലവരുടെയും കഥാപാത്രങ്ങള്‍ ക്രിത്ത്രിമത്വം നിറഞ്ഞതായി അനുഭവപെട്ടു. അതുപോലെ സിനിമയിലെ ആദ്യ പകുതിയിലെ കുറെയേറെ രംഗങ്ങള്‍ വലിച്ചുനീട്ടിയിരിക്കുന്നുണ്ട്. അനൂപ്‌ മേനോന്‍ എഴുതിയ ഏറ്റവും മോശം തിരക്കഥയാണ് ഈ സിനിമയുടേത്.  

സംവിധാനം: ബിലോ ആവറേജ് 
പകല്‍ നക്ഷത്രങ്ങള്‍ എന്ന മോഹന്‍ലാല്‍ സിനിമയ്ക്ക് ശേഷം അനൂപ്‌ മേനോന്‍റെ തിരക്കഥയില്‍ രാജീവ്‌ നാഥ് സംവിധാനം ചെയ്ത ഡേവിഡ്‌ ആന്‍ഡ്‌ ഗോലിയാത്ത്. നല്ലൊരു കഥയുടെ അഭാവം ഈ സിനിമയിലുടനീളം ഉണ്ടെങ്കിലും, ജയസുര്യയുടെ അഭിനയ മികവുകൊണ്ടും, ജിത്തു ദാമോദറിന്റെ ചായാഗ്രഹണ മികവുകൊണ്ടും ഡേവിഡ്‌ ആന്‍ഡ്‌ ഗോലിയാത്ത് വ്യതസ്തമാകുന്നു. രാജീവ്‌ നാഥിന്‍റെ മുന്‍കാല സിനിമകളായ അഹം, പകല്‍ നക്ഷത്രങ്ങള്‍ എന്നീ സിനിമകള്‍ പ്രമേയപരമായി വ്യതസ്തവും അവതരണത്തില്‍ പുതുമകള്‍ ഉണ്ടായിരുന്നവയുമാണ്. സാങ്കേതികതികവില്ലാത്ത സിനിമകളായിരുന്നു അഹവും പകല്‍ നക്ഷത്രങ്ങളും എന്നായിരുന്നു ആ കാലഘട്ടത്തിലെ സിനിമ പ്രേമികള്‍ ആ സിനിമകളെ കുറിച്ച് പറഞ്ഞിരുന്നത്. ആ കുറവ് പരിഹരിക്കുന്ന രീതിയിലാണ് ഈ സിനിമ രാജീവ്‌ നാഥ് സംവിധാനം ചെയ്തിരിക്കുന്നത്. സാങ്കേതിക തികവോടെ സിനിമയെ സമീപിച്ച രാജീവ്‌ നാഥ്, അനൂപ്‌ മേനോന്‍ എന്ന എഴുത്തുകാരനെ കണ്ണടച്ച് വിശ്വസിച്ചു, അനൂപ്‌ എഴുതിയ ശരാശരി നിലവാരം പോലുമില്ലാത്ത തിരക്കഥ അതേപടി സംവിധാനം ചെയ്തത് സിനിമയ്ക്ക് വിനയായി. ഈ സിനിമയിലെ പ്രധാനപെട്ട രംഗങ്ങളില്‍ ഒന്നില്‍, അനൂപ്‌ മേനോന്‍ ചെയ്യുന്ന കഥാപാത്രം സണ്ണിയുടെ സംഭാഷണങ്ങളും ചുണ്ടനക്കവും തമ്മില്‍ ഒരു ബന്ധവുമില്ലാതെ ചിത്രീകരിച്ചത് സംവിധായകന്‍റെ അശ്രദ്ധമൂലമാണ്. ഇത് പോലെ തന്നെ, ലെന അവതരിപ്പിക്കുന്ന ജെയിനമ്മ എന്ന കഥാപാത്രത്തിന്‍റെ ഡബ്ബിംഗ് മോശമായിരുന്നു. രാജീവ്‌ നാഥില്‍ നിന്നും അഹം പോലെയുള്ള മറ്റൊരു ക്ലാസ്സ്‌ സിനിമയ്ക്കായി കാത്തിരിക്കാം. 

സാങ്കേതികം: എബവ് ആവറേജ്
ഇഴഞ്ഞു നീങ്ങുന്ന കഥാഗതിയും സംവിധാനവും സിനിമയെ ദോഷകരമായി ബാധിച്ചപ്പോള്‍, ജിത്തു ദാമോദറിന്റെ ചായാഗ്രഹണവും അര്‍ക്കന്‍ കൊല്ലം നിര്‍വഹിച്ച കലാസംവിധാനവും രതീഷ്‌ വേഗയുടെ സംഗീതവും സിയാന്‍റെ ചിത്രസന്നിവേശവും സിനിമയെ രക്ഷിച്ചു എന്ന് പറയേണ്ടിവരും. വാഗമണ്‍ എന്ന സ്ഥലത്തിന്‍റെ പച്ചപ്പിന്‍റെ സൌന്ദര്യം മുഴുവന്‍ ചിത്രീകരിക്കുവാന്‍ ജിത്തു ദാമോദറിന് സാധിച്ചു. മറ്റു എടുത്തു പറയേണ്ടതാണ് ഈ സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ച രതീഷ്‌ വേഗയുടെ സംഭാവന. ഓരോ രംഗങ്ങള്‍ക്ക് അനിയോജ്യമായ സംഗീതം നല്‍ക്കുവാന്‍ രതീഷിനു സാധിച്ചു. കരുമോന്‍ ബിനുവിന്‍റെ മേക്കപ്പും അസീസ്‌ പാലക്കാടും സിനിമയ്ക്കുതക്കുന്നവയാണ്.

അഭിനയം: എബവ് ആവറേജ്
ട്രിവാന്‍ഡ്രം ലോഡ്ജിലെ അബ്ദുവിന് ശേഷം ജയസൂര്യയ്ക്ക് ലഭിച്ച മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ഈ സിനിമയിലെ നിഷ്കളങ്കനായ ഡേവിഡ്‌ എന്ന കഥാപാത്രം. തികഞ്ഞ ആത്മാര്‍ഥതയോടെ ഡേവിഡിനെ അവതരിപ്പിക്കുവാന്‍ ജയസൂര്യ ശ്രമിച്ചിട്ടുണ്ട്. ആ ശ്രമം പൂര്‍ണമായി വിജയിച്ചില്ലെങ്കിലും, സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളിലുള്ള അഭിനയം മികവു പുലര്‍ത്തി. സണ്ണി എന്ന വക്രബുദ്ധിയുള്ള കച്ചവടക്കാരനെ അനൂപ്‌ മേനോനും തനതായ ശൈലിയില്‍ അവതരിപ്പിച്ചു. പള്ളിവികാരിയുടെ വേഷത്തിലെത്തിയ പി.ബാലചന്ദ്രനും നിരാശപെടുത്താതെ അഭിനയിച്ചിട്ടുണ്ട്. വ്യതസ്ത രീതിയില്‍ ജൈനമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ലെന മറ്റു സിനിമകളില്‍ അഭിനയിച്ച രീതിയിലുള്ള മികവു പുലര്‍ത്തിയില്ല. ലെനയ്ക്ക് വേണ്ടി ശബ്ദം നല്‌ക്കിയ ഭാഗ്യലക്ഷ്മിയുടെ ശബ്ദം ആ കഥാപാത്രത്തിനു അനിയോജ്യമായി അനുഭവപെട്ടില്ല. പുതുമുഖം സൗമ്യയും, അനുമോളും അവരവരുടെ രംഗങ്ങള്‍ മോശമാക്കാതെ അഭിനയിച്ചു. സംവിധായകന്‍ അജി ജോണും ഒരു ചെറിയ കഥാപാത്രത്തെ ഈ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.ജയസുര്യയുടെ അഭിനയം
2.ജിത്തു ദാമോദറിന്റെ ചായാഗ്രഹണം
3.ലോക്കെഷന്‍സ്
4.രതീഷ്‌ വേഗയുടെ പശ്ചാത്തല സംഗീതം

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.കഥ, തിരക്കഥ
2.രാജിവ് നാഥിന്‍റെ സംവിധാനം
3.ഡബ്ബിംഗ്

ഡേവിഡ്‌ ആന്‍ഡ്‌ ഗോലിയാത്ത് റിവ്യൂ: നിഷ്കളങ്കനായ ദാവീദോ വക്രബുദ്ധിയ്ക്കുടമയായ ഗോലിയാത്തോ പ്രേക്ഷകരെ രസിപ്പിക്കുന്നുമില്ല ത്രസിപ്പിക്കുന്നുമില്ല.

ഡേവിഡ്‌ ആന്‍ഡ്‌ ഗോലിയാത്ത് റേറ്റിംഗ്: 4.00/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 3/5 [എബവ് ആവറേജ്]
ടോട്ടല്‍ 12/30 [4/10]

സംവിധാനം: രാജീവ്‌ നാഥ്
കഥ, തിരക്കഥ: അനൂപ്‌ മേനോന്‍
സംഭാഷണങ്ങള്‍: അനൂപ്‌ മേനോന്‍, അജി ജോണ്‍
നിര്‍മ്മാണം: സുധീപ് കരാട്ട്, അരുണ്‍ എം.സി, ശ്രീകുമാരി സി.എസ്.
ബാനര്‍: സല്‍റോസാ മോഷന്‍ പിക്ചേഴ്സ്, ലൈന്‍ ഓഫ് കളേഴ്സ്
ചായാഗ്രഹണം: ജിത്തു ദാമോദര്‍
ചിത്രസന്നിവേശം: സിയാന്‍
ഗാനരചന: കാവാലം നാരായണ പണിക്കര്‍, അനൂപ്‌ മേനോന്‍
സംഗീതം: രതീഷ്‌ വേഗ
കലാസംവിധാനം: അര്‍ക്കന്‍ കൊല്ലം
മേക്കപ്പ്: കരുമോന്‍ ബിനു
വസ്ത്രാലങ്കാരം: അസീസ്‌ പാലക്കാട്
വിതരണം: മുരളി ഫിലിംസ്

No comments:

Post a Comment