16 Feb 2013

ബ്ലാക്ക്‌ ബട്ടര്‍ഫ്ലൈ - സ്വീറ്റ് ആന്‍ഡ്‌ ബോള്‍ഡ് ബട്ടര്‍ഫ്ലൈ 6.30/10മണിയന്‍പിള്ള രാജു നിര്‍മ്മിച്ച്‌ പ്രശസ്ത നിര്‍മ്മാതാവ് എം.രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയുന്ന സിനിമയാണ് ബ്ലാക്ക്‌ ബട്ടര്‍ഫ്ലൈ. 2012ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ്‌ തമിഴ് സിനിമ വഴക്ക് 18/9 എന്ന സിനിമയുടെ ഔദ്യോഗിക റിമേക്ക് ആണ് ഈ സിനിമ. യുവതാരങ്ങളായ മിഥുന്‍ മുരളി, നിരഞ്ജന്‍, മാളവിക മേനോന്‍, സംസ്കൃതി ഷേണായി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഈ സിനിമയില്‍ ജനാര്‍ദനന്‍, മണിയന്‍പിള്ള രാജു, നെല്‍സണ്‍, ഗണപതി, ജെ.പള്ളാശ്ശേരി, ഇര്‍ഷാദ്, മാസ്റ്റര്‍ ധനന്ജയ്, സിതാര, സീമ ജി.നായര്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ബാലാജി ശക്തിവേലാണ് ഈ സിനിമയുടെ കഥ. ജെ.പള്ളാശേരിയാണ് ഈ സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. അഴഗപ്പാണ് ചായാഗ്രഹണം. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം ഈ സിനിമയുടെ പ്രധാന സവിശേഷതകളില്‍ ഒന്നാണ്.

കുട്ടികാലം മുതലേ ഒരുപാട് കഷ്ടപാടുകള്‍ സഹിച്ചാണ് ബെന്നി  വളര്‍ന്നത്‌. ചെറുപ്പത്തില്‍ തന്നെ അച്ഛനെയും അമ്മയെയും നഷ്ടപെട്ട ബെന്നി വളര്‍ന്നത്‌ ബാലവേല ചെയ്താണ്. അമ്മയുടെ മരണവിവരം പോലും അറിയിക്കാത്ത ദുഷ്ടരായ കമ്പനി മുതലാളിയോട് വഴക്കിട്ടു ബെന്നി തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് എത്തുന്നു. അവിടത്തെ ഒരു പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുന്നതിനിടയില്‍ റീന എന്ന പെണ്‍കുട്ടിയെ പരിച്ചയപെടുന്നു. പെട്രോള്‍ പമ്പിനടുത്തുള്ള ഒരു ഫ്ലാറ്റിലാണ് റീന വേലക്കാരിയായി ജോലിചെയുന്നത്. റീന ജോലി ചെയുന്ന വീട്ടിലെ പെണ്‍കുട്ടിയാണ് ആരതി. ആരതിയുടെ ഫ്ലാറ്റിനു മുകളില്‍ താമസിക്കുന്ന ദീപക് എന്ന പ്ലസ്‌ ടു വിദ്യാര്‍ഥി അരതിയെ പരിചയപെടാനും തുടര്‍ന്ന് സൗഹൃദം തുടരുവാനും ശ്രമിക്കുന്നു. ആരതിയുടെയും ദീപകിന്റെയും, റീനയുടെയും ബെന്നിയുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവമാണ് ഈ സിനിമയുടെ കഥ. ബെന്നിയായി മിഥുനും, റീനയായി മാളവികയും, ദീപകായി നിരന്ജനും, ആരതിയായി സംസ്കൃതിയും അഭിനയിച്ചിരിക്കുന്നു.


കഥ, തിരക്കഥ: ഗുഡ് 
ബാലാജി ശക്തിവേലിന്റെ കഥയ്ക്ക്‌,  തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത് ജെ.പള്ളാശ്ശേരിയാണ്. ഇന്നത്തെ തലമുറയിലെ കുട്ടികള്‍ സഞ്ചരിക്കുന്ന തെറ്റായ വഴികള്‍ മാതാപിതാക്കളുടെ അറിവിലേക്കായി ശ്രദ്ധതിരിച്ചു വിടുന്ന നിരവധി കഥകള്‍ മലയാള സിനിമയില്‍ മുമ്പ് ഇറങ്ങിയിട്ടുണ്ടെങ്കിലും, അവയൊന്നും ഹൃദയസ്പര്‍ശിയായ തിരക്കഥയിലൂടെ പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തിയിട്ടില്ല. ഒരു കൊച്ചു നഗരത്തില്‍ സംഭവിക്കുന്ന റിയലസ്റ്റിക്ക് സംഭവങ്ങളാണ് ഈ സിനിമയുടെ കഥാസന്ദര്‍ഭങ്ങള്‍. സിനിമയുടെ ആദ്യ പകുതിയില്‍ കഥയില്‍ വലിയ ചലനങ്ങളൊന്നും സൃഷ്ടിക്കുന്നില്ലെങ്കിലും, കൗമാരക്കാരുടെ പ്രണയരംഗങ്ങള്‍ കൗതുകത്തൊടെ കണ്ടിരിക്കുവാന്‍ സാധിക്കുന്നതാണ്. ഓരോ കഥാപാത്രങ്ങളുടെ സ്വഭാവ വിവരണവും, അവരുടെ കഴിഞ്ഞ കാലവും, അവരുടെ ഇന്നത്തെ ജോലിയും സാഹചര്യങ്ങളുമാണ് ആദ്യ പകുതില്‍ കാണിക്കുന്നത്. ഇത്രയും കാണുന്ന പ്രേക്ഷകന് ഈ സിനിമയില്‍ നിന്നും പുതിയതൊന്നും പ്രതീക്ഷിക്കേണ്ടതില്ല എന്ന ചിന്തിക്കുന്ന അവസരത്തിലാണ്, ഗൗരവമുള്ള ഒരു വിഷയവുമായി സിനിമയുടെ രണ്ടാം പകുതിയും ക്ലൈമാക്സ് രംഗങ്ങളും വരുന്നത്. അക്ഷരാര്‍ഥത്തില്‍ പ്രേക്ഷകനെ നൊമ്പരപെടുത്തുന്ന ക്ലൈമാക്സ് രംഗങ്ങളാണ് ഈ സിനിമയുടെ പ്രധാന സവിശേഷത. ജെ.പള്ളശേരിയുടെ തിരക്കഥയില്‍ ഉടനീളം ചെറിയ തെറ്റുകുറ്റങ്ങള്‍ ഉണ്ടെങ്കിലും, സിനിമയിലൂടെ പ്രേക്ഷകന് നല്‍ക്കുന്ന സന്ദേശത്തെ അതൊന്നും ബാധിക്കുന്നില്ല. 

സംവിധാനം: എബവ് ആവറേജ്
രജപുത്ര ഫിലിംസിന്‍റെ ഉടമ എം.രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ബ്ലാക്ക്‌ ബട്ടര്‍ഫ്ലൈ. സിനിമയുടെ ആദ്യ പകുതിയില്‍ കഥയ്ക്ക്‌ ആവശ്യമില്ലാത്ത ചില രംഗങ്ങള്‍ സിനിമയില്‍ ഉള്പെടുത്തിയതും, ചില കഥാസന്ദര്‍ഭങ്ങള്‍ക്ക് ഇഴച്ചില്‍ അനുഭവപെട്ടതും സംവിധായകന് പരിചയസമ്പതില്ലത്തത് കൊണ്ടാവണം. സിനിമയുടെ രണ്ടാം പകുതിയിലൂടെ ഇന്നത്തെ തലമുറ ചിന്തിക്കുന്ന രീതിയും, അതിന്റെ ദോഷഫലങ്ങളും, ഹൃദയസ്പര്‍ശിയായ ക്ലൈമാക്സും, സിനിമയിലൂടെ ലഭിക്കുന്ന സന്ദേശവും ഒക്കെ കണ്ടു കഴിയുമ്പോഴാണ്  ആദ്യ പകുതിയിലുള്ള ചെറിയ തെറ്റുകളൊക്കെ പ്രേക്ഷകര്‍ ക്ഷമിക്കുന്നത്. പുതുമുഖ നടീനടന്മാരെ മികച്ച രീതിയില്‍ അഭിനയിപ്പിച്ച സംവിധായകന്‍ പ്രശംസ അര്‍ഹിക്കുന്നു. ഈ സിനിമയില്‍ പോലീസിന്‍റെ വേഷത്തില്‍ അഭിനയിച്ച നടനും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. അതുപോലെ അഴഗപ്പന്റെ ചായാഗ്രഹണവും, ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും മികച്ചതായിരുന്നു. യുക്തിയെ ചോദ്യം ചെയ്യാത്ത രീതിയില്‍, ലളിതമായ ഒരു കഥയിലൂടെ, മികച്ചൊരു സന്ദേശം ഇന്നത്തെ തലമുറയിലെ പെണ്‍കുട്ടികള്‍ക്കും, മാതാപിതാക്കള്‍ക്കും അവരിലൂടെ സമൂഹത്തിനും നല്‍ക്കുവാന്‍ സാധിച്ചതില്‍ എം.രഞ്ജിതിനും മണിയന്‍പിള്ള രാജുവിനും അഭിമാനിക്കാം.  

സാങ്കേതികം: എബവ് ആവറേജ്
റിയലസ്റ്റിക് വിഷ്വല്‍സ് ഒരുക്കി സിനിമയ്ക്ക് ഉടനീളം ഒരു വിശ്വസനീയത കൊണ്ടുവന്നത് അഴഗപ്പന്റെ ചായാഗ്രഹണ മികവുകൊണ്ടാണ്. അഴഗപ്പന്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സന്നിവേശം ചെയ്തത് വി.സാജനാണ്. കുറച്ചുക്കൂടി വേഗതയോടെ ഈ സിനിമയുടെ രംഗങ്ങള്‍ കോര്‍ത്തിണക്കിയിരുന്നുവെങ്കില്‍ സിനിമയില്‍ ഉടനീളമുള്ള ഇഴച്ചില്‍ ഒഴിവാകുമായിരുന്നു. മറ്റൊരു എടുത്തു പറയേണ്ട പ്രശംസിക്കേണ്ട വ്യക്തിയാണ് ഗോപി സുന്ദര്‍. ബ്ലാക്ക്‌ ബട്ടര്‍ഫ്ലൈയിനെ സ്വീറ്റ് ആന്‍ഡ്‌ ബോള്‍ഡ് ബട്ടര്‍ഫ്ലൈയാക്കിയതിന്റെ പ്രധാന പങ്കു വഹിച്ച ഘടകമാണ് പശ്ചാത്തല സംഗീതം. ഗോകുല്‍ ദാസിന്റെ കലാസംവിധാനവും, പട്ടണം റഷീദിന്റെ മേക്കപ്പും, എസ്.ബി.സതീശന്റെ വസ്ത്രാലങ്കാരവും മികവു പുലര്‍ത്തി.  

അഭിനയം: എബവ് ആവറേജ്
മിഥുന്‍ മുരളി, നിരഞ്ജന്‍, മാളവിക, സംസ്കൃതി ഷേണായി എന്നീ നാല് കൗമാരക്കാരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കള്‍. നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജുവിന്റെ മകനാണ് നിരഞ്ജന്‍. മേല്പറഞ്ഞ നാലുപേരും അവരവുടെ രംഗങ്ങള്‍ മികച്ച രീതിയില്‍ അഭിനയിച്ചിട്ടുണ്ട്. ജനാര്‍ദനന്‍, മണിയന്‍പിള്ള രാജു, ജെ.പള്ളാശ്ശേരി, സീമ ജി.നായര്‍, സിത്താര എന്നിവരും മോശമല്ലാതെ അഭിനയിച്ചുകൊണ്ട് പുതുമുഖങ്ങള്‍ക്ക് പിന്തുണ നല്‍കി. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.പ്രമേയം, കഥ
2.കഥാസന്ദര്‍ഭങ്ങള്‍, സംഭാഷണങ്ങള്‍
3.ക്ലൈമാക്സ് രംഗങ്ങള്‍
4.പശ്ചാത്തല സംഗീതം
5.മിഥുന്‍ മുരളി, ഗണപതി, മാളവിക എന്നിവരുടെ അഭിനയം

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.ആദ്യപകുതിയിലെ ചില കഥാസന്ദര്‍ഭങ്ങള്‍ 
2.ഇഴഞ്ഞു നീങ്ങുന്ന ആദ്യ പകുതി
3.ചിത്രസന്നിവേശം 

ബ്ലാക്ക്‌ ബട്ടര്‍ഫ്ലൈ റിവ്യൂ: മികച്ചൊരു സന്ദേശം സമ്മാനിച്ച ഈ സ്വീറ്റ് ആന്‍ഡ്‌ ബോള്‍ഡ് ബട്ടര്‍ഫ്ലൈയെ ന്യൂ ജനറേഷന്‍ പ്രേക്ഷകരും ഓള്‍ഡ്‌ ജനറേഷന്‍ പ്രേക്ഷകരും സ്വീകരിക്കും എന്നുറപ്പ്.
 
ബ്ലാക്ക്‌ ബട്ടര്‍ഫ്ലൈ റേറ്റിംഗ്: 6.30/10
കഥ, തിരക്കഥ: 7/10 [ഗുഡ്]
സംവിധാനം: 6/10 [എബവ് ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 3/5 [എബവ് ആവറേജ്]
ടോട്ടല്‍ 19/30 [6.3/10]

സംവിധാനം: എം.രഞ്ജിത്ത്
നിര്‍മ്മാണം: മണിയന്‍പിള്ള രാജു
തിരക്കഥ, സംഭാഷണം: ജെ.പള്ളാശ്ശേരി
കഥ: ബാലാജി ശക്തിവേല്‍
ചായാഗ്രഹണം: അഴഗപ്പന്‍
ചിത്രസന്നിവേശം: വി.സാജന്‍
പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
കലാസംവിധാനം: ഗോകുല്‍ദാസ്
മേക്കപ്പ്: പട്ടണം റഷീദ്
വസ്ത്രാലങ്കാരം: എസ്.ബി.സതീശന്‍
വിതരണം: വൈശാഖ സിനിമ

1 comment: