17 Feb 2013

സെല്ലുലോയ്ഡ് - ഓരോ മലയാള സിനിമ പ്രേമിയും കണ്ടിരിക്കേണ്ട സിനിമ 7.50/10

  
വിനു എബ്രഹാം രചിച്ച "നഷ്ട നായിക" എന്ന നോവലിനേയും, ചെലങ്ങാട് ഗോപാലകൃഷ്ണന്‍ എഴുതിയ ജെ.സി.ഡാനിയലിന്റെ ജീവചരിത്രത്തെയും ആസ്പദമാക്കി സംവിധായകന്‍ കമല്‍ തിരക്കഥയും സംഭാഷണങ്ങളും എഴുതി സംവിധാനം ചെയ്ത സിനിമയാണ് സെല്ലുലോയ്ഡ്‌. മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനിയലിന്റെ ജീവചരിത്രത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് സെല്ലുലോയ്ഡ്‌. 

1928 തിരുവിതാംകൂറിലെ പട്ടം ദേശത്തു ജീവിച്ചിരുന്ന ജെ.സി.ഡാനിയല്‍ നാടാര്‍ എന്ന വ്യക്തിയുടെ സിനിമ മോഹം അദ്ദേഹത്തെ കൊണ്ടെത്തിച്ചത് സാക്ഷാല്‍ ഫാല്‍കെയുടെ അടുത്താണ്. ഫാല്‍കെയില്‍ നിന്നും സിനിമയെ കുറിച്ച് കൂടുതല്‍ പഠിച്ച ഡാനിയല്‍, ഒരു മലയാള സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിക്കുന്നു. ഡാനിയല്‍ തന്റെ സകല സമ്പാദ്യങ്ങളും വിറ്റു ക്യാമറയും സിനിമയ്ക്കാവശ്യമുള്ള സാധങ്ങളും മറ്റും വാങ്ങുന്നു. സിനിമയുക്ക് വേണ്ടി നല്ലൊരു കഥ കണ്ടെത്തുന്നു. ആ കഥയ്ക്ക്‌ വിഗതകുമാരന്‍ എന്ന് നാമകരണം ചെയ്യുന്നു. റോസമ്മ എന്ന ദളിത് ക്രിസ്ത്യന്‍ യുവതിയെ വീഗതകുമാരനിലെ പ്രധാന കഥാപാത്രമായ നായര്‍ യുവതിയുടെ വേഷം അഭിനയിക്കാന്‍ ക്ഷണിക്കുന്നു. സിനിമ എന്തെന്ന് പോലും അറിയാത്ത റോസമ്മ, ആ സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിക്കുന്നു. അങ്ങനെ, ജെ.സി.ഡാനിയല്‍ അയാളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നു. ക്യാപിറ്റോള്‍ തിയറ്ററില്‍ മലയാളത്തിലെ ആദ്യ സിനിമ വിഗതരകുമാരന്‍ പ്രദര്‍ശനത്തിനു സജ്ജമാകുന്നു. സിനിമയുടെ ആദ്യ പ്രദര്‍ശനത്തിനു ശേഷം ആ നാട്ടില്‍ ചില സംഭവങ്ങള്‍ ഉണ്ടാകുന്നു. അതോടെ വിഗതകുമാരന്‍ എന്ന സിനിമ എന്നെന്നേക്കുമായി പെട്ടിയിലാകുന്നു. തുടര്‍ന്ന് ഡാനിയലിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങള്‍ ചെലങ്ങാട് ഗോപാലകൃഷ്ണന്‍ എന്ന മാധ്യമ പ്രവര്‍ത്തകനിലൂടെ ലോകം അറിയുന്നു. ഇതാണ് സെല്ലുലോയ്ഡ്‌ എന്ന സിനിമയുടെ കഥ.

കഥ,തിരക്കഥ: ഗുഡ് 
മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനിയലിന്റെ ജീവിതത്തില്‍ എന്താണ് സംഭവിച്ചത്?, എന്ത് കാരണങ്ങളാലാണ് വിഗതകുമാരന്‍ റിലീസ് ആകാതിരുന്നത്?, എന്ത് കൊണ്ടാണ് ജെ.സി.ഡാനിയല്‍ എന്ന വ്യക്തിയെ അംഗീകരിക്കാന്‍ വൈകിയത്? എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് വിനു എബ്രഹാമിന്റെ "നഷ്ടനായിക" എന്ന നോവലും, ചെലങ്ങാട് ഗോപാലകൃഷ്ണന്‍ എന്ന വ്യക്തിയും ലോകത്തോട്‌ പറഞ്ഞത്. മേല്പറഞ്ഞ രണ്ടു വ്യക്തികളില്‍ നിന്നും ലഭിച്ച അറിവില്‍ നിന്നണ് കമല്‍ ഈ സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയത്. ഒരു ജീവചരിത്രം സിനിമയാക്കുമ്പോള്‍, എല്ലാതരം സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷനും ആ സിനിമയും കഥയും ദഹിക്കണമെന്നില്ല. പക്ഷെ ഈ സിനിമയില്‍ ഒരൊറ്റ രംഗം പോലും പ്രേക്ഷകനെ ബോറടിപ്പിക്കുന്നില്ല, യുക്തിയെ ചോദ്യം ചെയ്യുന്നില്ല, കൃത്രിമത്വം തോന്നിപ്പിക്കുന്നുമില്ല. 1928ലെ ആദ്യ മലയാള സിനിമ എങ്ങനെയാണ് ഉണ്ടാക്കിയത് എന്നുള്ള ചരിത്രം അറിയുവാന്‍ താല്പര്യമുള്ളവര്‍ക്കും, വര്‍ഷങ്ങളായി സിനിമയുടെ പുറകില്‍ പ്രവര്‍ത്തിച്ചവര്‍ക്കും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും ഈ സിനിമയുടെ തിരക്കഥ അവരുടെ മനസ്സിനെ സ്വാധീനിക്കും എന്നുറപ്പാണ്. കമലിനോടൊപ്പം നിര്‍മ്മാണ പങ്കാളിത്തം ഏറ്റെടുത്ത ഉബൈദിനെയും അഭിനന്ദിക്കുന്നു!

സംവിധാനം: വെരി ഗുഡ്
1928ല്‍ ജെ.സി.ഡാനിയല്‍ സിനിമ സ്വന്തമായി നിര്‍മ്മിക്കണമെന്നു തീരുമാനിക്കുന്ന കാലഘട്ടം, 1930ല്‍ വിഗതകുമാരന്‍ പ്രദര്‍ശനത്തിനെത്തുന്ന കാലഘട്ടം, 1938ല്‍ സിനിമ മോഹം ഉപേക്ഷിച്ചു ഡാനിയല്‍ ദന്ത ഡോക്ടറായി ജോലി ചെയ്യുന്ന കാലഘട്ടം,1966ല്‍ ഡാനിയല്‍ ജീവിച്ചിരിക്കുന്നു എന്ന് ചെലങ്ങാട് ഗോപാലകൃഷ്ണന്‍ അറിയുന്ന കാലഘട്ടം, 1975ല്‍ മരണപെട്ട ജെ.സി.ഡാനിയലിനെ 2000ത്തില്‍ ആദരിക്കുന്ന കാലഘട്ടം എന്നിവയെല്ലാം മികച്ച രീതിയില്‍ കോര്‍ത്തിണക്കി, വിശ്വസനീയമായ രീതിയില്‍ രംഗങ്ങള്‍ ചിത്രീകരിച്ചു, എല്ലാ കഥാപാത്രങ്ങളുടെ അഭിനയത്തിന്‍റെ കാര്യങ്ങളിലും അവരുടെ വേഷവിധാനത്തിലും മേക്കപ്പിലും വരെ സംവിധായകന്‍ ശ്രദ്ധിച്ചു എന്നത് പ്രശംസനീയം തന്നെ. ഒരു രംഗം പോലും ബോറടിപ്പിക്കാതെ സംവിധാനം ചെയ്തു എന്നത് ഈ സിനിമയുടെ പ്രധാന ഗുണങ്ങളില്‍ ഒന്നാണ്. മേഘമല്‍ഹാറും പെരുമഴക്കാലവും കറുത്തപക്ഷികളും നെഞ്ചിലേറ്റിയ എല്ലാ പ്രേക്ഷകര്‍ക്കും, മേല്പറഞ്ഞ സിനിമകളുടെ പട്ടികയില്‍ ഉള്‍പെടുത്താന്‍ ഇനി കൂട്ടിനു സെല്ലുലോയ്ഡ്‌ എന്ന സിനിമയും. 

സാങ്കേതികം: വെരി ഗുഡ്
മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനിയലിനോട് മുഖസാമ്യം തോന്നുന്ന രീതിയില്‍ പ്രിഥ്വിരാജിന് രൂപപെടുത്തിയെടുത്ത മേക്കപ്മാന്‍ പട്ടണം റഷീദിനും വസ്ത്രാലങ്കാരം നിര്‍വഹിച്ച എസ്.ബി.സതീശനും സാധിച്ചു. അതുപോലെ 1928, 1930, 1938, 1966 എന്നീ പഴയകാലത്തിലേക്ക്‌ പ്രേക്ഷകരെ കൊണ്ടുപോകുന്നതില്‍ സുരേഷ് കൊല്ലത്തിന്റെ കലാസംവിധനത്തിനും സാധിച്ചു. ഈ സവിശേഷതകളൊക്കെ ക്യാമറയില്‍ പകര്‍ത്തിയ വേണുവും തനിക്കു ലഭിച്ച അവസരം നല്ല രീതിയില്‍ ഉപയോഗിച്ചു. വേണു പകര്‍ത്തിയ രംഗങ്ങള്‍ ഇഴച്ചില്‍ തോന്നിപ്പിക്കാതെ കെ.രാജഗോപാല്‍ കോര്‍ത്തിണക്കുകയും ചെയ്തു. റഫീക്ക് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ ചേര്‍ന്ന് എഴുതിയ രണ്ടു ഗാനങ്ങള്‍ക്കും ഈണം പകര്‍ന്നത് എം.ജയചന്ദ്രനാണ്. മികച്ച പാട്ടുകളാണ് ഈ സിനിമയ്ക്ക് വേണ്ടി എം.ജയചന്ദ്രന്‍-റഫീക്ക് അഹമ്മദ്-ചന്ദ്രശേഖരന്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. തപസ് നായകിന്റെ ശബ്ദമിശ്രണം മികവു പുലര്‍ത്തിയ മറ്റൊരു ഘടകമാണ്. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!   

അഭിനയം: ഗുഡ്   
വാസ്തവം, തലപ്പാവ്, ഉറുമി, ഇന്ത്യന്‍ റുപ്പി, അയാളും ഞാനും തമ്മില്‍ എന്നീ സിനിമകള്‍ക്ക്‌ ശേഷം പ്രിഥ്വിരാജിന് ലഭിച്ച ശക്തമായ കഥാപാത്രമാണ് ജെ.സി.ഡാനിയല്‍. ആ കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലര്‍ത്തുവാന്‍ പ്രിഥ്വിരാജിന് സാധിച്ചു. മൂന്ന് കാലഘട്ടങ്ങളിലൂടെ പറഞ്ഞുപോകുന്ന ഈ സിനിമയില്‍ രണ്ടു കഥാപാത്രത്തെയാണ് പ്രിഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്. സിനിമയെ സ്നേഹിച്ച 35 വയസുള്ള ചെറുപ്പക്കാരനായും, സ്വത്തുക്കളെല്ലാം നഷ്ടപെട്ടു ദുരിത ജീവിതം നയിക്കേണ്ടി വന്ന മധ്യവയസ്ക്കനായും, ജരാനരകള്‍ ബാധിച്ചു രോഗാവസ്ഥയില്‍ കഴിയുന്ന വൃദ്ധനായും അഭിനയിച്ച പ്രിഥ്വിരാജ് പ്രേക്ഷകര്‍ക്ക്‌ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു. മലയാള സിനിമയിലെ ആദ്യ നായിക റോസമ്മയായി അഭിനയിച്ചത് പിന്നണി ഗായിക ചാന്ദിനിയാണ്. സിനിമ എന്തെന്നറിയാത്ത പാവപെട്ട ക്രിസ്ത്യന്‍ ദളിത്‌ പെണ്‍കുട്ടിയായി ചാന്ദിനിയും മികച്ച രീതിയില്‍ അഭിനയിച്ചു. മമ്ത മോഹന്‍ദാസ്‌, ശ്രീനിവാസന്‍, ജയരാജ് സെഞ്ച്വറി, ശ്രീജിത്ത്‌ രവി, ടീ.ജി.രവി, ചെമ്പില്‍ അശോകന്‍, രമേശ്‌ പിഷാരടി, സിദ്ദിക്ക്, നെടുമുടി വേണു, ജയരാജ് വാര്യര്‍, തലൈവാസല്‍ വിജയ്‌, മീന ഗണേഷ്, ശ്രുതി ദിലീപ് എന്നവരും മികച്ച അഭിനയം കാഴ്ച്ചവെചിട്ടുണ്ട്. 

സിനിമയുടെ പ്ലസ് പോയിന്റ്സ്:
1.തിരക്കഥ, സംഭാഷണങ്ങള്‍
2.കമലിന്‍റെ സംവിധാനം
3.പ്രിഥ്വിരാജിന്‍റെ അഭിനയം
4.വേണുവിന്‍റെ ചായാഗ്രഹണം
5.എം.ജയചന്ദ്രന്‍ ഈണമിട്ട പാട്ടുകള്‍
6.മേക്കപ്പ്, വസ്ത്രാലങ്കാരം,ശബ്ദമിശ്രണം
7.കലാസംവിധാനം
 
സെല്ലുലോയ്ഡ്‌ റിവ്യൂ: മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനിയലിന്റെ ജീവിതകഥ, ആദ്യ മലയാള സിനിമയുടെ കഥ, മലയാള സിനിമ ഇഷ്ടപെടുന്ന ഓരോരുത്തരും കണ്ടിരിക്കേണ്ട സിനിമാകഥ. കമലിനും പ്രിഥ്വിയ്ക്കും അഭിനന്ദനങ്ങള്‍!

സെല്ലുലോയ്ഡ്‌ റേറ്റിംഗ്: 7.50/10
1.കഥ,തിരക്കഥ: 7/10 [ഗുഡ്]
2.സംവിധാനം: 8/10 [വെരി ഗുഡ്]
3.സാങ്കേതികം: 4/5 [വെരി ഗുഡ്]
4.അഭിനയം: 3.5/5 [ഗുഡ്]   
ടോട്ടല്‍ 22.5/30 [7.50/10] 

തിരക്കഥ,സംഭാഷണം,സംവിധാനം: കമല്‍
കഥ: വിനു എബ്രഹാം
നിര്‍മ്മാണം: കമല്‍, ഉബൈദ്
ബാനര്‍: പ്രൈം ടൈം സിനിമ
ചായാഗ്രഹണം: വേണു
ചിത്രസന്നിവേശം: കെ.രാജഗോപാല്‍
ഗാനരചന: റഫീക്ക് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
സംഗീതം: എം.ജയചന്ദ്രന്‍ 
കലാസംവിധാനം: സുരേഷ് കൊല്ലം
മേക്കപ്പ്: പട്ടണം റഷീദ്
വസ്ത്രാലങ്കാരം: എസ്.ബി.സതീശന്‍
ശബ്ദമിശ്രണം: തപസ് നായക്
വിതരണം:മുരളി ഫിലിംസ്

2 comments: