4 Aug 2012

ലാസ്റ്റ് ബെഞ്ച്‌ - വരുംകാല മലയാള സിനിമയില്‍ ആദ്യ ബെഞ്ചുകളില്‍ സ്ഥാനം നേടാന്‍ സാധ്യതയുള്ള ഒരുപറ്റം ചെറുപ്പക്കാരുടെ നല്ല ശ്രമമാണ് ലാസ്റ്റ് ബെഞ്ച്‌ 5.50/10


കമലം ഫിലിംസിനു വേണ്ടി ടി.ബി.രഘുനാഥ് നിര്‍മ്മിച്ച്‌, നവാഗതനായ ജിജു അശോകന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് ലാസ്റ്റ് ബെഞ്ച്‌. അങ്ങാടിതെരു എന്ന സൂപ്പര്‍ ഹിറ്റ്‌ തമിഴ് സിനിമയിലൂടെ സിനിമയിലെത്തിയ മഹേഷ്‌ നായകനായി അഭിനയിക്കുന്ന ലാസ്റ്റ് ബെഞ്ചില്‍ ബിയോണ്‍, വിജീഷ്, മുസ്തഫ എന്നിവരും നായകതുല്യമായ വേഷങ്ങള്‍ കൈകാര്യം ചെയുന്നു. ജ്യോതികൃഷ്ണ, സുകന്യ, ലക്ഷ്മിപ്രിയ എന്നിവരും ഒട്ടനേകം പുതുമുഖങ്ങളും ഈ സിനിമയിലെ താരനിരയിലുണ്ട്. പ്രകാശ്‌ വേലായുധന്‍ ചായാഗ്രഹണവും ലിജോ പോള്‍ ചിത്രസന്നിവേശവും നിര്‍വഹിച്ചിരിക്കുന്നു. തമിഴ് സിനിമ ഓട്ടോഗ്രാഫ്, മലയാളം സിനിമ ക്ലാസ് മേറ്റ്സ്, മഞ്ചാടിക്കുരു എന്നീ സിനിമകള്‍ പ്രേക്ഷകര്‍ സ്വീകരിക്കുവാനുള്ള കാരണം, ആ സിനിമകളിലൂടെ പ്രേക്ഷകര്‍ ആസ്വദിച്ച സുഖമുള്ള ചില ഓര്‍മ്മപെടുത്തലുകള്‍ കൊണ്ടാണ്. ഓരോ വ്യക്തികള്‍ക്കും പ്രിയപ്പെട്ട ഒന്നായിരിക്കും സ്കൂള്‍ കാലഘട്ടത്തിലെ സൗഹൃദങ്ങള്‍. വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞാലും നമ്മള്‍ പഠിച്ച സ്കൂളും സ്കൂളിലെ കൂട്ടുകാരും എന്നും നമ്മുടെ ഓര്‍മകളില്‍ ഉണ്ടായിരിക്കും. അങ്ങനെ ഒരു സ്കൂള്‍ കാലഘട്ടവും, ആ കാലഘട്ടത്തിലെ നാല് സുഹൃത്തുക്കളുടെ ഓര്‍മ്മകളുമാണ് ലാസ്റ്റ് ബെഞ്ച്‌ എന്ന സിനിമയുടെ കഥ.

പത്തേമാരി റഷീദ്, ട്രൌസര്‍ ജോഷി, ലോലാപ്പി റെജിമോന്‍, രാമാനുജം സാംകുട്ടി എന്നീ ഇരട്ടപേരുള്ള റഷീദ്, ജോഷി, റെജിമോന്‍, സാംകുട്ടി എന്നിവര്‍ ഉറ്റചങ്ങാതിമാരാണ്. ഈ നാല്‍വര്‍ സംഘം പത്താം ക്ലാസ് വിദ്യാര്‍ഥികളും ലാസ്റ്റ് ബെഞ്ചിലിരുന്നു പഠിക്കാതെ ജീവിതം ഉഴപ്പിനടക്കുന്നവരുമാണ്. സ്കൂളിനും ടീച്ചര്‍മാര്‍ക്കും നിത്യതലവേദനയായ ഈ നാല്‍വര്‍ സംഘത്തെ മര്യാദക്കരക്കാന്‍ ശ്രമിക്കുന്ന ഏക വ്യക്തിയാണ് റോസ്‌ലിന്‍ ടീച്ചര്‍. നാല്‍വര്‍ സംഘത്തിന്റെ പ്രധാന ശത്രുവായ റോസ്‌ലിന്‍ ടീച്ചര്‍ അവരെ നന്നാകുന്നു. മേല്പറഞ്ഞ സംഭവങ്ങള്‍ നാല്‍വര്‍ സംഘത്തിന്റെ ഓര്‍മകളിലൂടെയാണ്‌ പറഞ്ഞുപോകുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം റെജിയുടെ വിവാഹച്ചടങ്ങിന് പങ്കെടുക്കാന്‍ എത്തുന്ന സുഹൃത്തുക്കള്‍ പഴയ കാലഘട്ടത്തിന്റെ ഓര്‍മകളിലേക്ക് പോകുന്നു. ആ പഴയ സ്കൂള്‍ കാലഘട്ടത്തില്‍ അവരുടെ ജീവിതത്തില്‍ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങാളാണ് ഈ സിനിമയുടെ കഥ. 

കഥ,തിരക്കഥ: എബവ് ആവറേജ് 
ഒരു നവാഗത തിരക്കഥകൃത്താണ് ജിജു അശോകന്‍ എന്ന പ്രേക്ഷകരെ തോന്നിപ്പിക്കാത്ത രീതിയിലുള്ള കഥയും കഥാസന്ദര്‍ഭങ്ങളുമാണ് ഈ സിനിമയുടെത്. റിയലസ്റ്റിക്കായ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും പ്രേക്ഷകര്‍ക്ക് നൊമ്പരപെടുത്തുന്ന ഓര്‍മ്മകള്‍ നല്‍ക്കുന്നു. നമ്മളുടെ സ്കൂള്‍ കാലഘട്ടത്തില്‍ നമ്മള്‍ ഓരോരുത്തരും കടന്നുപോയിട്ടുള്ള അതെ സംഭവങ്ങള്‍ സിനിമയില്‍ കാണുമ്പോള്‍ അത് ഇതൊരു പ്രേക്ഷകനെയും ആ പഴയ സ്കൂള്‍ കാലഘട്ടത്തിന്റെ ഓര്‍മകളിലേക്ക് കൊണ്ടുപോകും. അതുകൂടാതെ, കുട്ടികള്‍ ആയിരിക്കുമ്പോള്‍ നമ്മള്‍ ചെയ്യരുത്താത്ത കാര്യങ്ങള്‍ ചെയ്യുമ്പോള്‍, നമ്മളെ ഉപദേശിക്കുന്ന മാതപിതക്കളൊടും ഗുരുക്കന്മാരോടും നമ്മള്‍ക്ക് തോന്നുന്ന ദേഷ്യം തെറ്റാണു എന്നും ഈ സിനിമയിലൂടെ പറയുന്നുണ്ട്. കുട്ടികാലത്ത് നമ്മള്‍ ചെയുന്ന തെറ്റുകള്‍ നിസ്സരമാല്ലത്തതാണ് എന്നും, പില്‍ക്കാലത്ത്‌ ആ തെറ്റുകള്‍ കൊണ്ട് ദുരിതം അനുഭവിക്കേണ്ടി വരുന്നവരുണ്ട്‌ എന്നും ഈ സിനിമയിലൂടെ പറഞ്ഞുപോകുന്നു. അതുപോലെ, സൗഹൃദത്തിന്റെ പ്രാധാന്യം എന്താണ് എന്നും സിനിമയിലൂടെ ജിജു അശോകന്‍ പ്രേക്ഷകര്‍ക്ക്‌ പറഞ്ഞുതരുന്നുണ്ട്.  

സംവിധാനം: ആവറേജ് 
ജിജു അശോകന്‍ എന്ന സംവിധായകന്‍ ഏറെ പരിചയസമ്പത്തുള്ള ഒരു വ്യക്തിയായിരുന്നുവെങ്കില്‍ ലാസ്റ്റ് ബെഞ്ച്‌ എന്ന സിനിമ 2012ലെ മികച്ച സിനിമകളില്‍ ഒന്നാകുമായിരുന്നു. കൊച്ചു കൊച്ചു നന്മകളുള്ള സന്ദേശങ്ങള്‍ ഈ സിനിമയുടെ കഥാസന്ദര്‍ഭങ്ങളില്‍ ഉണ്ടെങ്കിലും സംവിധാനത്തിലുള്ള പോരായ്മകള്‍ കാരണം പ്രേക്ഷകരിലേക്ക് ആ സന്ദേശങ്ങള്‍ പൂര്‍ണമായും എത്തുന്നില്ല. ചെലവ് ചുരുക്കിയ രീതിയില്‍ പുതുമുഖ അണിയറപ്രവര്‍ത്തകരെ ഉപയോഗിച്ച് രംഗങ്ങള്‍ ചിത്രീകരിക്കുകയും, രംഗങ്ങള്‍ സന്നിവേശം ചെയ്യുകയും, പാട്ടുകള്‍ക്ക് സംഗീതം നല്‍ക്കുകയും സിനിമയുടെ നിലവാരത്തെ ചെറിയതോതില്‍ ബാധിച്ചിട്ടുണ്ട്. എന്നിരിന്നാലും ചെറിയ ചിലവില്‍ പരിചയസമ്പത്തില്ലാത്ത സാങ്കേതിക പ്രവര്‍ത്തകരെ ഉപയോഗിച്ച് സിനിമ ചിത്രീകരിച്ചു പ്രേക്ഷകര്‍ക്ക്‌ സന്ദേശം നല്‍ക്കി എന്നത് ഒരു ചെറിയ കാര്യമല്ല. ജിജു അശോകന് അഭിനന്ദനങ്ങള്‍!  

സാങ്കേതികം: ആവറേജ് 
പ്രകാശ് വേലായുധന്റെ ചായാഗ്രഹണവും ലിജോ പോളിന്റെ ചിത്രസന്നിവേശവും ശരാശരി നിലവാരമേ പുലര്‍ത്തുന്നുള്ളൂ. റഫീക്ക് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിതാര, വിഷ്ണു ശരത് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം നല്ക്കിയിരിക്കുന്നത്.  

അഭിനയം: എബവ് ആവറേജ്
അങ്ങാടിതെരു എന്ന സിനിമയിലൂടെ സിനിമയിലെത്തിയ മഹേഷ്‌ നായകനായി അഭിനയിക്കുന്ന ആദ്യ മലയാള സിനിമയാണ് ലാസ്റ്റ് ബെഞ്ച്‌. മലയാള ഭാഷ അറിയാത്ത ഒരാള്‍ മലയാള സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്നങ്ങള്‍ ഈ സിനിമയിലെ മഹേഷിന്റെ അഭിനയത്തില്‍ കാണാം. ഒരു മലയാളി താരത്തിനെ ഈ കഥാപാത്രം അവതരിപ്പിക്കുവാന്‍ എന്തുകൊണ്ട് സംവിധായകന്‍ ശ്രമിച്ചില്ല എന്നത് അറിയില്ല. ബിയോണ്‍ എന്ന നടന് സിനിമാ ജീവിതത്തില്‍ ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമാണ് ഈ സിനിമയിലെ പത്തേമാരി റഷീദ്. തികഞ്ഞ ആത്മാര്‍ഥതയോടെ റഷീദിനെ അവതരിപ്പിക്കുവാന്‍ ബിയോണ് സാധിച്ചു. വിജീഷ് തന്റെ തനതായ ശൈലിയില്‍ ജോഷിയായി അഭിനയിച്ചു. പലേരി മാണിക്യം എന്ന രഞ്ജിത്ത്-മമ്മൂട്ടി സിനിമയിലൂടെ സിനിമയിലെത്തിയ മുസ്തഫയും മികവുറ്റ രീതിയില്‍ സംകുട്ടിയെ അവതരിപ്പിച്ചിരിക്കുന്നു. റോസ്‌ലിന്‍ ടീച്ചറുടെ വേഷത്തില്‍ സുകന്യയും തരക്കേടില്ലാത്ത രീതിയില്‍ അഭിനയിച്ചിട്ടുണ്ട്. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.പ്രമേയം
2.കഥാസന്ദര്‍ഭങ്ങള്‍
3.നമ്മയുള്ള സന്ദേശം
4.സംഭാഷണങ്ങള്‍
5.അഭിനയം

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.ചായാഗ്രഹണം
2.മഹേഷിന്റെ അഭിനയം
3.പാട്ടുകള്‍ 

ലാസ്റ്റ് ബെഞ്ച്‌ റിവ്യൂ: സൗഹൃദത്തിന്റെ സുഖമുള്ള നൊമ്പരപെടുത്തലുകളും ഓര്‍മ്മപെടുത്തലുകളും പ്രധാന ചര്‍ച്ചാവിഷയമായ നന്മയുള്ള ഒരു സിനിമയാണ് ജിജു അശോകന്റെ ലാസ്റ്റ് ബെഞ്ച്‌. 

ലാസ്റ്റ് ബെഞ്ച്‌ റേറ്റിംഗ്: 5.50/10
കഥ,തിരക്കഥ: 6/10 [എബവ് ആവറേജ്]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 2.5/5 [ആവറേജ്]
അഭിനയം: 3/5 [എബവ് ആവറേജ്]
ടോട്ടല്‍ 16.5/30 [5.5/10]

രചന,സംവിധാനം: ജിജു അശോകന്‍
നിര്‍മ്മാണം: ടി.ബി.രഘുനാഥ്
ബാനര്‍: കമലം ഫിലിംസ്
ചായാഗ്രഹണം:പ്രകാശ് വേലായുധന്‍
ചിത്രസന്നിവേശം: ലിജോ പോള്‍
ഗാനരചന: റഫീക്ക് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
സംഗീതം: മോഹന്‍ സിതാര, വിഷ്ണു ശരത്

No comments:

Post a Comment