27 Jul 2012

സിനിമ കമ്പനി - പുത്തന്‍ പ്രതീക്ഷ നല്‍ക്കുന്ന സിനിമ കമ്പനിയും മമ്മാസും 6.20/10

2005ല്‍ പുറത്തിറങ്ങിയ ഉദയനാണ് താരം എന്ന സിനിമയിലൂടെ മലയാള സിനിമയിലെത്തിയ പുതിയ കഥാതന്തുവാണ് സിനിമയ്ക്കുള്ളിലെ സിനിമ. ഒരുപറ്റം സുഹൃത്തുക്കള്‍ നല്ലൊരു സിനിമ ചെയ്യുവാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ നേരിടേണ്ടി വരുന്ന തടസ്സങ്ങളും, ആ തടസ്സങ്ങളെല്ലാം അവരെങ്ങനെ തരണം ചെയ്യുന്നു എന്നതും ഉദയനാണ് താരത്തിനു ശേഷം നിരവധി മലയാള സിനിമ സാക്ഷ്യം വഹിച്ച കഥയായിരുന്നു. സിനിമയ്ക്കുളിലെ സിനിമ എന്ന കഥ ചര്‍ച്ചചെയ്യപെട്ട വ്യതസ്ത സിനിമകളായിരുന്നു രഞ്ജിത്തിന്റെ തിരക്കഥയും, അക്കു അക്ബറിന്റെ ദിലീപ് സിനിമ വെള്ളരിപ്രാവിന്റെ ചങ്ങാതിയും. മേല്പറഞ്ഞ രണ്ടു സിനിമകളും പ്രമേയപരമായി വ്യതസ്തമായതിനാല്‍ ഏറെ ശ്രദ്ധിക്കപെട്ടു. ആ ശ്രേണിയിലേക്ക് മമ്മാസ് രചനയും സംവിധാനവും നിര്‍വഹിച്ച സിനിമ കമ്പനി എന്ന സിനിമയും ചേരുന്നു. 

സിനിമയെ സ്നേഹിക്കുന്ന 4 സുഹൃത്തുക്കള്‍ ചേര്‍ന്ന് സ്വന്തമായി ഒരു സിനിമ നിര്‍മ്മിക്കുവാനും സംവിധാനം ചെയ്യുവാനും ശ്രമിക്കുന്നതും, അതിനിടയില്‍ അവര്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും, ആ പ്രശ്നങ്ങള്‍ അവരുടെ സൗഹൃദത്തെ എങ്ങനെ ബാധിക്കുന്നു എന്നെല്ലാമാണ് മമ്മാസിന്റെ സിനിമ കമ്പനി എന്ന സിനിമ. നാല്‍വര്‍ സംഘത്തിന്റെ സൗഹൃദത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും ഫലമാണ് അവരുടെ പുതിയ സിനിമ "സിനിമ കമ്പനി". പക്ഷെ, അവരുടെ ജീവിതത്തില്‍ അവിചാരിതമായി നടക്കുന്ന ചില സംഭവങ്ങള്‍ സിനിമ കമ്പനി എന്ന സിനിമയെയും അവരുടെ സൌഹൃദത്തെയും ദോഷകരമായി ബാധിക്കുന്നു. സിനിമയ്ക്കുള്ളിലെ സിനിമ എന്ന കഥതന്തുവില്‍ നിന്ന് കൊണ്ട് സൗഹൃദത്തിന്റെ ശക്തമായ കഥപറയുന്ന ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌ പുതുമുഖങ്ങളാണ്. പാപ്പി അപ്പച്ചാ എന്ന സിനിമയ്ക്ക് ശേഷം മമ്മാസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമ കമ്പനി നിര്‍മ്മിച്ചിരിക്കുന്നത് ഫരീദ് ഖാനാണ്. 

കഥ, തിരക്കഥ: എബവ് ആവറേജ്
പാപ്പി അപ്പച്ചാ എന്ന സിനിമയില്‍ നിന്നും സിനിമ കമ്പനി എന്ന ഈ സിനിമയില്‍ എത്തിയപ്പോള്‍, തിരക്കഥകൃത്ത് എന്ന നിലയില്‍ മമ്മാസ് ഏറെ പക്വത കൈവരിച്ചിരിക്കുന്നു. ദിലീപിന്റെ ആരാധകരെ ത്രിപ്ത്തിപെടുത്തുന്ന മോശമല്ലാത്ത ഒരു സിനിമയായിരുന്നു പാപ്പി അപ്പച്ചാ. പക്ഷെ, നല്ല സിനിമകളെ സ്നേഹിക്കുന്നവരില്‍ നിന്നും വിമര്‍ശനം ലഭിച്ചിട്ടുള്ള മമ്മാസ്, ഒരു തട്ടിക്കൂട്ട് സിനിമ സംവിധാനം ചെയ്ത ഒരു നവാഗത സംവിധായകന്റെ അവസ്ഥ ഈ സിനിമയിലൂടെ ഉണ്ണി ശിവപാല്‍ എന്ന നടന്‍ അവതരിപ്പിച്ച സംവിധായകന്റെ കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തിക്കുന്നുണ്ട്. സിനിമ കണ്ടുകൊണ്ടിരിക്കുന്നവര്‍ക്ക് പ്രവചിക്കനാവുന്നതാണ് ഈ സിനിമയുടെ കഥയെങ്കിലും, കഥസന്ദര്‍ഭങ്ങളിലെ പുതുമ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്. നാല്‍വര്‍ സംഘത്തിന്റെ സൗഹൃദവും, സ്നേഹവും, പരസ്പര വിശ്വാസവും ഒരു സിനിമ എടുക്കുന്നതിനു എങ്ങനെ ഗുണം ചെയ്യും എന്ന് ഈ സിനിമയിലൂടെ മമ്മാസ് പ്രേക്ഷകര്‍ക്ക്‌ മനസ്സിലാക്കിതരുന്നു  എന്നത് തന്നെയാണ് ഈ സിനിമയുടെ സവിശേഷത. ഏതൊരു നല്ല സിനിമയുടെയും അടിസ്ഥാനം കൂട്ടായ്മയും പരസ്പര വിശ്വാസവുമാണെന്ന സന്ദേശം ഇന്നത്തെ ന്യൂ ജെനറേഷന്‍ സിനിമകള്‍ എടുക്കുന്നവര്‍ മനസ്സിലാക്കിയാല്‍ മമ്മാസ് വിജയിച്ചു. അതുപോലെ, നല്ല സുഹൃത്തുക്കളെ നഷ്ടപെടുത്തരുത് എന്ന സന്ദേശം ഇന്നത്തെ തലമുറയ്ക്ക് മനസ്സിലായാല്‍ മമ്മാസ് എന്ന സംവിധായകന്‍ പരാജയപെട്ടാലും, മമ്മാസ് എന്ന തിരക്കഥ രചയ്താവിനു ആശ്വസിക്കാം, സന്തോഷിക്കാം. 

സംവിധാനം: എബവ് ആവറേജ്
മേല്‍പറഞ്ഞതുപോലെ ഒരു തട്ടിക്കൂട്ട് സിനിമയ്ക്ക് ശേഷം മമ്മാസ് സംവിധാനം ചെയ്ത സൌഹൃദത്തിന്റെ സിനിമ കമ്പനി, സാധാരണ ന്യൂ ജെനറേഷന്‍ എന്ന വിശേഷിപ്പിക്കുന്ന സിനിമകളില്‍ നിന്നും ഏറെ വ്യതസ്തമാണ്. ഇന്നത്തെ തലമുറയിലെ പ്രേക്ഷകര്‍ക്ക്‌ ആവശ്യമുള്ള എല്ലാ ഘടഗങ്ങളും ഈ സിനിമയില്‍ ഉള്‍പെടുത്തിയത്‌ സംവിധായകന്റെ കഴിവ് തന്നെ. വേഗതയോടെ കഥ പറഞ്ഞുപോകുന്ന രീതിയും, എല്ലാ നടീനടന്മാരെയും നല്ല രീതിയില്‍ അഭിനയിപ്പിച്ചതും, കഥയില്‍ ആവശ്യമില്ലാത്ത തമാശകളോ പാട്ടുകളോ രംഗങ്ങളോ ഉള്പെടുത്തഞ്ഞതും സിനിമയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. പുതുമുഖങ്ങള്‍ക്ക് പരിശീലനം നല്ക്കിയതും, അനിയോജ്യരായ നടീനടന്മാരെ കണ്ടെത്തിയതും, മികച്ച സാങ്കേതിക പ്രവര്‍ത്തകരെ ഈ സിനിമയില്‍ ഉപയോഗിച്ചതും, കളര്‍ഫുള്‍ രംഗങ്ങള്‍ ചിത്രീകരിച്ചതും മമ്മാസ് എന്ന സംവിധായകന്റെ കഴിവ് തന്നെ. ഈ കാര്യപ്രാപ്തി സിനിമയുടെ തിരക്കഥ രചനയിലും(രണ്ടാം പകുതിയിലെ ചില രംഗങ്ങള്‍))) കണ്ടിരുന്നുവെങ്കില്‍, ട്രാഫിക്കും സോള്‍ട്ട് ആന്‍ഡ്‌ പെപ്പറും ബ്യൂട്ടിഫുളും പോലെ മറ്റൊരു വമ്പന്‍ ഹിറ്റ് പ്രതീക്ഷിക്കാമായിരുന്നു. 

സാങ്കേതികം: ഗുഡ്
ജിബൂ ജേക്കബ്‌ പകര്‍ത്തിയ കളര്‍ഫുള്‍ ദ്രിശ്യങ്ങളും, ശ്രീകുമാര്‍ നായര്‍ കൂട്ടിയോജിപ്പിച്ച രംഗങ്ങളും, അല്‍ഫോന്‍സ്‌ നിര്‍വഹിച്ച പശ്ചാത്തല സംഗീതവും പാട്ടുകളുടെ സംഗീതവും, സുനില്‍ ലവണ്യയുടെ കലാസംവിധാനവും മമ്മാസ് എന്ന സംവിധായകനെ സഹായിച്ച പ്രധാന ഘടഗങ്ങളാണ്. ഇവയില്‍ ഏറ്റവും മികച്ചത് എന്ന വിശേഷിപ്പിക്കാവുന്നത് ജിബൂ ജേക്കബിന്റെ ചായഗ്രഹണവും, അല്‍ഫോന്‍സ്‌ നിര്‍വഹിച്ച സംഗീതവുമാണ്. "വെള്ളിപറവകളായി..." എന്ന പാട്ട് കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. റഫീക്ക് അഹമ്മദ്‌, സന്തോഷ്‌ വര്‍മ്മ എന്നിവരാണ് പാട്ടുകളുടെ വരികള്‍ രചിച്ചത്. റസാക് തിരൂര്‍ നിര്‍വഹിച്ച വസ്ത്രാലങ്കാരം, റഹിം കൊടുങ്ങല്ലൂര്‍ ചെയ്ത മേക്കപ്പ്, ശ്രീജിത്തിന്റെ നൃത്ത സംവിധാനം എന്നിവയും മികവു പുലര്‍ത്തി. 

അഭിനയം: എബവ് ആവറേജ് 
പുതുമുഖങ്ങളായ ബേസില്‍, ബദ്രി, സഞ്ജീവ്, ശ്രുതി എന്നിവരാണ് സിനിമ കമ്പനിയിലെ പ്രധാന താരങ്ങള്‍... ഇവര്‍ യഥാക്രമം പോള്‍, ഫസല്‍, വര്‍ഗീസ്‌ പണിക്കര്‍, പാര്‍വതി എന്നീ കഥാപാത്രങ്ങളായാണ് ഈ സിനിമയിലെത്തുന്നത്. ഇവരെ കൂടാതെ സനം, ലക്ഷ്മി, നിതിന്‍, ശിബിയ, സ്വസിക എന്നീ പുതുമുഖങ്ങളും, ലാലു അലക്സ്, കോട്ടയം നസീര്‍, ടി.പി.മാധവന്‍,ബാബുരാജ്‌, കൃഷ്ണ, നാരായണന്‍കുട്ടി, ഉണ്ണി ശിവപാല്‍, ബിജു പറവൂര്‍, അംബിക മോഹന്‍ എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. നാല്‍വര്‍ സംഘത്തിലെ സംവിധായകന്റെ വേഷത്തിലെത്തിയ സഞ്ജീവ് (വര്‍ഗീസ്‌ പണിക്കര്‍ - കഥാപാത്രം) മികച്ച രീതിയില്‍ അഭിനയിച്ചിട്ടുണ്ട്. അതുപോലെ തന്നെ, പാര്‍വതിയായി അഭിനയിച്ച ശ്രുതിയും മികവു പുലര്‍ത്തി. ബേസിലും ബദ്രിയും നിതിനും സ്വസികയും ലക്ഷ്മിയും സനവും അവരവരുടെ രംഗങ്ങള്‍ ഭംഗിയാക്കി. ലാലു അലക്സും കോട്ടയും നസീറും ബാബു രാജും ടി.പി.മാധവനും പുതുമുഖങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കി.   

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.മമ്മാസിന്റെ സംവിധാനം
2.സംഭാഷണങ്ങള്‍
3.സിനിമയുടെ ആദ്യപകുതി, ക്ലൈമാക്സ്
4.ജിബു ജേക്കബിന്റെ ചായാഗ്രഹണം
5.അല്‍ഫോന്‍സ്‌ നിര്‍വഹിച്ച പശ്ചാത്തല സംഗീതം

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.പ്രവചിക്കനാവുന്ന കഥ
2.രണ്ടാം പകുതിയിലെ കഥാസന്ദര്‍ഭങ്ങള്‍

സിനിമ കമ്പനി റിവ്യൂ: ഏതൊരു നല്ല സിനിമയ്ക്കും പിന്നില്‍ കെട്ടുറപ്പുള്ള ഒരുപറ്റം സുഹൃത്തുക്കള്‍ ഉണ്ടെന്നു തെളിയിക്കുന്ന മമ്മാസിന്റെ സിനിമ കമ്പനി ഇന്നത്തെ തലമുറയിലുള്ള സൗഹൃദത്തിനും മലയാള സിനിമയ്ക്കും പുത്തന്‍ പ്രതീക്ഷ നല്‍ക്കുന്നു. 


സിനിമ കമ്പനി റേറ്റിംഗ്: 6.20/10
കഥ, തിരക്കഥ: 6/10[എബവ് ആവറേജ്]
സംവിധാനം: 6/10[എബവ് ആവറേജ്]
സാങ്കേതികം: 3.5/5[ഗുഡ്]
അഭിനയം: 3/5[എബവ് ആവറേജ്] 
ടോട്ടല്‍:: 18.5/30 [6.2/10]

രചന, സംവിധാനം: മമ്മാസ്
നിര്‍മ്മാണം: ഫരീദ് ഖാന്‍
ബാനര്‍: വൈറ്റ്സാന്റ്സ് മീഡിയ ഹൗസ്
ചായാഗ്രഹണം: ജിബൂ ജേക്കബ്‌
ചിത്രസന്നിവേശം: ശ്രീകുമാര്‍ നായര്‍
സംഗീതം, പശ്ചാത്തല സംഗീതം: അല്‍ഫോന്‍സ്‌ ജോസഫ്‌ 
വരികള്‍: റഫീക്ക് അഹമ്മദ്‌, സന്തോഷ്‌ വര്‍മ്മ
കലാസംവിധാനം: സുനില്‍ ലാവണ്യ 
വസ്ത്രാലങ്കാരം: റസാക് തിരൂര്‍ 
മേക്കപ്പ്: റഹിം കൊടുങ്ങല്ലൂര്‍ 
നൃത്ത സംവിധാനം: ശ്രീജിത്ത്‌ 

1 comment:

  1. വളരെ മോശം നിരൂപണം എന്ന് പറയാതെ പറ്റില്ല. മോശം അഭിനയം, ഇഴഞ്ഞു നീങ്ങുന്ന കഥ, സംവിധാനം average.

    Overall, ഈയിടത് കണ്ടത്തില്‍ മോശം സിനിമ

    ReplyDelete