10 Aug 2012

സിംഹാസനം = ആറാം തമ്പുരാന്‍ + നരസിംഹം + വല്യേട്ടന്‍ + താണ്ഡവം 3.10 / 10

മാളവിക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ്.ചന്ദ്രകുമാര്‍ നിര്‍മ്മിച്ച്‌ പ്രിഥ്വിരാജ് ആദ്യമായി അഭിനയിക്കുന്ന ഷാജി കൈലാസ് സിനിമയാണ് സിംഹാസനം. 25 വര്‍ഷങ്ങളായി സിനിമയില്‍ സജീവമായ ഷാജി കൈലാസ് സ്വതന്ത്രമായി കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതി സംവിധാനം ചെയ്ത സിംഹാസനം അച്ഛനും-മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥപറയുന്ന സിനിമയാണ്. ചന്ദ്രഗിരി എന്ന സ്ഥലത്തെ നാട്ടുരാജവായി വാഴുന്ന മാധവ മേനോനായി സായികുമാറും, അച്ഛന് വേണ്ടി സ്വന്തം ജീവന്‍ ത്യേജിക്കാന്‍ വരെ തയ്യാറുള്ള സ്നേഹനിധിയായ മകനായി പ്രിഥ്വിരാജും വേഷമിടുന്ന സിംഹാസനത്തില്‍ ഒരു നീണ്ട താരനിര തന്നെ അണിനിരക്കുന്നു. മൂന്ന് ചായഗ്രാഹകര്‍ (ഷാജി-ശരവണന്‍-വിഷ്ണു നമ്പൂതിരി) ചായാഗ്രഹണം നിര്‍വഹിക്കുന്ന ഈ സിനിമയുടെ പ്രധാന ലൊക്കേഷന്‍ പാലക്കാടുള്ള വരിക്കാശ്ശേരി മനയാണ്. ഡോണ്‍ മാക്സ് ചിത്രസന്നിവേശം നിര്‍വഹിക്കുന്ന സിംഹാസനം ഷാജി കൈലാസ് സംവിധാനം ചെയ്ത ഏറ്റവും ദൈര്‍ഘ്യം കൂടിയ സിനിമകളില്‍ ഒന്നാണ്. ചിറ്റൂര്‍ ഗോപി, വയലാര്‍ ശരത് എന്നിവര്‍ എഴുതിയ വരികള്‍ക്ക് റോണി റാഫേല്‍ ഈണം നല്ക്കിയിരിക്കുന്നു. മാഫിയ ശശിയാണ് സംഘട്ടനം ഒരുക്കിയിരിക്കുന്നത്.  

ചന്ദ്രഗിരി എന്ന നാട്ടിലെ തമ്പുരാനായി വാഴുന്ന മാധവ മേനോനെ തിന്മ ചെയ്യുന്നവര്‍ക്ക് ഭയമായിരുന്നു. അവരുടെയെല്ലാം തിന്മകളെ നശിപ്പിക്കുവാനും അവരെ തകര്‍ക്കുവാനുമുള്ള കഴിവുള്ള വ്യക്തിയാണ് മാധവ മേനോന്‍. ബംഗലൂരുവില്‍ ഉപരിപഠനം പൂര്‍ത്തിയാക്കുന്ന അര്‍ജുന്‍ മാധവാണ് മാധവ മേനോന്റെ ഏക മകന്‍. ചന്ദ്രഗിരി എന്ന സ്ഥലത്തുനിന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് നാടുകടത്തപെട്ട കൃഷ്ണുണ്ണിയുടെ മക്കള്‍ മാധവ മേനോനോട് പ്രതികാരം ചെയ്യുവാനായി ചന്ദ്രഗിരിയില്‍ എത്തുന്നതും, അവരുമായി അച്ഛന് വേണ്ടി മകന്‍ അര്‍ജുന്‍ പടയൊരുക്കുന്നതും വിജയിക്കുന്നതുമാണ് സിംഹാസനം എന്ന സിനിമയുടെ കഥ. അര്‍ജുന്‍ മാധവായി പ്രിഥ്വിരാജും, കൃഷ്ണന്‍ ഉണ്ണിയുടെ മക്കളായി ദേവനും, സിദ്ദിക്കും, വിജയകൃഷ്ണനും അഭിനയിക്കുന്നു. ഐശ്വര്യ ദേവനും, വന്ദനയുമാണ്‌ ഈ സിനിമയിലെ പ്രിഥ്വിയുടെ നായികമാര്‍.

കഥ,തിരക്കഥ: മോശം
ഷാജി കൈലാസിന്റെ തന്നെ മുന്‍കാല സിനിമകളായ ആറാം തമ്പുരാന്‍, നരസിംഹം, വല്യേട്ടന്‍, താണ്ഡവം എന്നീ സിനിമകളുടെ പകര്‍പ്പാണ് സിംഹാസനം എന്ന സിനിമ. മേല്പറഞ്ഞ സിനിമകളിലെ കഥയും കഥാസന്ദര്‍ഭങ്ങളും എന്നുവേണ്ട സംഭാഷണങ്ങള്‍ വരെ പകര്‍ത്തിയാണ് ഷാജി കൈലാസ് സിംഹാസനം എന്ന സിനിമയുടെ തിരക്കഥ എഴുതിയിരുന്നത്. റെഡ് ചില്ലീസും, ദ്രോണയും, ആഗസ്റ്റ്‌ 15 ഒക്കെ പ്രേക്ഷകര്‍ സ്വീകരിച്ചില്ല എങ്കിലും, അവയൊന്നും മറ്റൊരു സിനിമകളുടെയും പകര്‍പ്പയിരുന്നില്ല. നാടുവാഴികള്‍ എന്ന സിനിമയുടെ പ്രമേയുമായി നല്ല സാമ്യമുള്ള ഈ സിനിമ, നാടുവാഴികള്‍ സിനിമയുടെ റീമേയിക് ആയിരുന്നാല്‍ കൂടി പ്രേക്ഷകര്‍ സ്വീകരിക്കുമായിരുന്നു. പ്രേക്ഷകര്‍ ഏറെ ആസ്വദിച്ചിരുന്ന ഷാജി കൈലാസിന്റെ സംവിധാനത്തിലെ മാജിക് നഷ്ടമായി തുടങ്ങിയിരിക്കുന്നു എന്നതാണ് വസ്തുത. സമീപകാലത്തിറങ്ങിയ ഏറ്റവും മോശം തിരക്കഥകളില്‍ ഒന്നാണ് സിംഹാസനം എന്ന സിനിമയുടെത്. എന്നാണാവോ ഇനിയൊരു മികച്ച ഷാജി കൈലാസ് സിനിമ കാണുവാന്‍ സാധിക്കുക?

സംവിധാനം: ബിലോ ആവറേജ്
കണ്ടുമടുത്ത കഥയും കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും കുത്തിനിറച്ച തിരക്കഥ ഇനി മണിരത്നം സംവിധാനം ചെയ്താലും മോശമാവുകയെയുള്ളൂ എന്നതാണ് സത്യം.
ഷാജി കൈലാസിനെ പോലുള്ള പരിചയസമ്പത്തുള്ള സംവിധായകര്‍ എന്ത്കൊണ്ടാണ് പഴയ കഥകള്‍ തന്നെ വീണ്ടും സിനിമയ്ക്ക് വേണ്ടി തിരഞ്ഞെടുക്കുന്നത് എന്നത് അവ്യക്തം. ജോഷിയും, സത്യന്‍ അന്തിക്കാടും, കമലും, സിബി മലയിലും പുതിയ പാതയിലൂടെ സഞ്ചരിച്ചുകൊണ്ടു വിജയം കൈവരിക്കുന്ന ഈ കാലഘട്ടത്തില്‍, പ്രഗല്‍ബനായ സംവിധായകരില്‍ ഒരാളായ ഷാജി കൈലാസിന് മാത്രം എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം തന്നെ തിരിച്ചറിയുന്ന സമയം വൈകാതെ സംഭവിക്കും എന്ന് പ്രതീക്ഷിക്കാം.

സാങ്കേതികം: എബവ് ആവറേജ്
ഷാജി കൈലാസ് സിനിമകളുടെ പ്രധാന സവിശേഷതയായ ചായഗ്രഹണവും ചിത്രസന്നിവേശവും ഈ സിനിമയുടെയും പ്രധാന സവിശേഷതകളില്‍ പെടുന്നു. ഷാജി, ശരവണന്‍, വിഷ്ണു നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് പകര്‍ത്തിയ ചടുലതയുള്ള
ദ്രിശ്യങ്ങളും, ഡോണ്‍ മാക്സ് നിര്‍വഹിച്ച ചിത്രസന്നിവേശവുമാണ് സിംഹാസനം എന്ന സിനിമയെ രക്ഷിച്ചത്‌. വരിക്കാശ്ശേരി മനയുടെ പ്രൌഡ ഗംഭീരമായ വിഷ്വലുകള്‍ നായക കഥാപാത്രങ്ങള്‍ക്ക് കരുത്തു നല്ക്കുന്നുണ്ട്. രണ്ടര മണിക്കൂറില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള ഈ സിനിമയില്‍, രംഗങ്ങള്‍ കോര്‍ത്തിണക്കിയ രീതി പുതുമ നല്ക്കുന്നുണ്ടായിരുന്നു. ചിറ്റൂര്‍ ഗോപി, വയലാര്‍ ശരത് എന്നിവര്‍ രചിച്ച വരികള്‍ക്ക് സംഗീതം നല്ക്കിയത് റോണി റാഫേല്‍ ആണ്. ഉത്സവ പ്രതീതി തോന്നുപ്പിക്കുന്ന രീതിയിലുള്ള പാട്ടുകള്‍ എന്നതല്ലാതെ പ്രത്യേകിച്ച് പുതുമകളൊന്നും ഇല്ലാത്ത രണ്ടു പാട്ടുകളുണ്ട് ഈ സിനിമയില്‍. മാഫിയ ശശി ഒരുക്കിയ സംഘട്ടന രംഗങ്ങള്‍ ഈ സിനിമയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്.    
 
അഭിനയം: ആവറേജ്
ചന്ദ്രഗിരി മാധവ മേനോനായി മികവുറ്റ അഭിനയം കാഴ്ച്ചവെച്ചുകൊണ്ട്  ശക്തമായ തിരിച്ചുവരവ്‌ നടത്തിയിരിക്കുകയാണ് സായികുമാര്‍. അര്‍ജുന്‍ മാധവായി അഭിനയിച്ച പ്രിഥ്വിയും തനിക്കു ലഭിച്ച കഥാപാത്രത്തിനോട് നീതി പുലര്‍ത്തി. ഇവരെ കൂടാതെ തിലകന്‍, സിദ്ദിക്ക്, ദേവന്‍, ബിജു പപ്പന്‍, കുഞ്ചന്‍, റിയാസ് ഖാന്‍, വിജയകൃഷ്ണന്‍, ഷമ്മി തിലകന്‍, മണികുട്ടന്‍, രാജീവ്‌, ശ്രീരാമന്‍, ജയന്‍ ചേര്‍ത്തല, പി.ശ്രീകുമാര്‍, രാമു
, നന്ദു പൊതുവാള്‍, വിജയകുമാര്‍, ഇര്‍ഷാദ്, സ്പടികം ജോര്‍ജ്, കൊല്ലം അജിത്‌, ഐശ്വര്യാ ദേവന്‍, വന്ദന എന്നിവരും സിംഹാസനത്തില്‍ അഭിനയിച്ചിട്ടുണ്ട്. കുറെ നാളുകള്‍ക്കു ശേഷം ബിജു പപ്പന് ലഭിച്ച മികച്ച കഥാപാത്രമാണ് ഈ സിനിമയിലെ ജമാല്‍. മോശമാക്കാതെ ജാമാലായി അഭിനയിക്കുവാന്‍ ബിജുവിന് സാധിച്ചു. ഈ സിനിമയിലെ ഒട്ടുമിക്ക കഥാപാത്രങ്ങളെല്ലാം ഷാജി കൈലാസിന്റെ മുന്‍കാല സിനിമകളില്‍ പ്രേക്ഷര്‍ കണ്ടിട്ടുള്ളതായത് കൊണ്ട് ഒരു കഥാപാത്രത്തിന് പോലും പുതുമ തോന്നിയില്ല. മലയാള സിനിമയിലെ മികച്ച അഭിനെത്താക്കളായ തിലകന്‍, സിദ്ദിക്ക് എന്നിവരുടെ കഥാപാത്രങ്ങള്‍ നിരാശപെടുത്തി. അതുപോലെ തന്നെ റിയാസ് ഖാന്‍, നായികയായി അഭിനയിച്ച ഐശ്വര്യാ, സീരിയല്‍ നടന്‍ രാജീവ്‌ എന്നിവരുടെ അഭിനയം വളരെ മോശമായി അനുഭവപെട്ടു.  
 
സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. ഡോണ്‍ മാക്സ് നിര്‍വഹിച്ച ചിത്രസന്നിവേശം
2. പ്രിഥ്വിരാജ്, സായികുമാര്‍ എന്നിവരുടെ അഭിനയം 
  
 
സിനിമയുടെ മൈനസ് പോയിന്റ്സ്:
1. കഥ
2. കഥാപാത്രങ്ങള്‍, കഥാസന്ദര്‍ഭങ്ങള്‍, സംഭാഷണങ്ങള്‍
3. സംവിധാനം
4. പാട്ടുകള്‍  
 
സിംഹാസനം റിവ്യൂ: നാടുവാഴികള്‍ എന്ന സിനിമയുടെ പ്രമേയവും, ആറാം തമ്പുരാന്‍ എന്ന സിനിമയുടെ കഥയും കഥാസന്ദര്‍ഭങ്ങളും, നരസിംഹം-വല്യേട്ടന്‍-താണ്ഡവം എന്നീ സിനിമകളിലൂടെ കണ്ടുമടുത്ത കഥാപാത്രങ്ങളും സംഭാഷണങ്ങളും സംവിധാന രീതിയും ഒക്കെ വീണ്ടും കാണാന്‍ താല്പര്യമുള്ളവര്‍ക്കും, ക്ഷമയുള്ളവര്‍ക്കും കണ്ടുനോക്കാം ഷാജി കൈലാസിന്റെ സിംഹാസനം.   
 
സിംഹാസനം റേറ്റിംഗ്: 3.10 / 10
കഥ,തിരക്കഥ: 1 / 10 [മോശം]
സംവിധാനം: 3 / 10 [ബിലോ ആവറേജ്]
സാങ്കേതികം: 3 / 5 [എബവ് ആവറേജ്]
അഭിനയം: 2.5 / 5[ആവറേജ്]
ടോട്ടല്‍: 9.5 / 30 [3.1 / 10]


കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ഷാജി കൈലാസ്
നിര്‍മ്മാണം: എസ്.ചന്ദ്രകുമാര്‍
ബാനര്‍: മാളവിക പ്രൊഡക്ഷന്‍സ്
ചായാഗ്രഹണം: ഷാജി, ശരവണന്‍, വിഷ്ണു നമ്പൂതിരി
ചിത്രസന്നിവേശം: ഡോണ്‍മാക്സ്
വരികള്‍:ചിറ്റൂര്‍ ഗോപി, വയലാര്‍ ശരത്ചന്ദ്രവര്‍മ്മ
സംഗീതം: റോണി റാഫേല്‍
സംഘട്ടനം: മാഫിയ ശശി
കലാസംവിധാനം: ബോബന്‍
വസ്ത്രാലങ്കാരം: കുമാര്‍ എടപ്പാള്‍
വിതരണം: ഫ്രീഡിയ എന്റര്‍ടെയിന്‍മെന്റ്സ് - ബീയം റിലീസ്  

1 comment:

  1. സിനിമ ശുദ്ധ ബോറ് പടം തന്നെ..പക്ഷെ ചേട്ടന്‍ എന്തൊക്കെയ ഈ എഴുതി വെച്ചിരിക്കുന്നത്..ഹഹഹ..മൊത്തം "ആവറേജ് " മയമാണല്ലോ, മാര്‍ക്കിടാന്‍ ഇങ്ങേരാരാ വയിസ്‌ ചാന്‍സിലറോ?..ചേട്ടാ റിവ്യൂസ് ഒരുപാടു വായിക്കണം മലയാളത്തില്‍ ഉള്ളതും, ഇംഗ്ലീഷില്‍ ഉള്ളതും, നല്ല സിനിമകള്‍ തച്ചിനിരുന്ന് കാണണം, എന്നിട്ട് വേണം ഇതുപോലത്തെ സാഹസത്തിനു മുതിരാന്‍..അല്ലെങ്കില്‍ പരിഹാസ്യമായി പോകും..

    ReplyDelete