30 Aug 2012

റണ്‍ ബേബി റണ്‍ - ക്യാമറമാന്‍ വേണുവിനൊപ്പം പ്രേക്ഷകരും...6.50 / 10

ഡല്‍ഹിയിലെ പ്രശസ്ത പത്രസ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന മാധ്യമ പ്രവര്‍ത്തകനായ വേണു കേരളത്തിലെത്തുന്നു. കേരളത്തിലെ ഒരു സ്വകാര്യ ചാനലില്‍ ജോലി ചെയ്തിരുന്ന വേണു അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ജോലി ഉപേക്ഷിച്ചു ഡല്‍ഹിയിലേക്കു പോയതാണ്. ഒരു പ്രത്യേക ദൗത്യത്തിനു വേണ്ടിയാണ് വേണു ഇപ്പോള്‍ കേരളത്തിലെത്തിയിരിക്കുന്നത്. ആ ദൗത്യം പൂര്‍ത്തികരിക്കുവാന്‍ വേണുവിന്റെ കൂടെയുള്ളത് മുന്‍കാല കാമുകിയും ഇപ്പോഴത്തെ പ്രധാന ശത്രുവുമായ ചാനല്‍ റിപ്പോര്‍ട്ടര്‍ രേണുകയുമാണ്. വേണുവിനും രേണുവിനൊപ്പം, വേണുവിന്റെ സുഹൃത്തും പുതിയ ചാനലിന്റെ ഉടമയുമായ ഹൃഷികേശുമുണ്ട്. അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്, ഭരതന്‍ പിള്ള എന്ന മന്ത്രിയുടെയും വ്യവസായ പ്രമുഖന്‍ രാജന്‍ കര്‍ത്തയുടെയും ചില പണമിടപാടുകള്‍ ഒളിക്യാമറ ഉപയോഗിച്ച് പകര്‍ത്തി ടി.വി.യില്‍ സംപ്രേഷണം ചെയ്യുന്നതിനിടയില്‍ നടന്ന ചതിയുടെ ഫലമാണ് വേണുവും രേണുവും പിരിയുവാനുള്ള പ്രധാന കാരണം. ഭരതന്‍ പിള്ളയെയും രാജന്‍ കര്‍ത്തയുടെയും അധികാര ദുര്‍വിന്യോഗം തടയുവാനും അവരുടെ കാപട്യ മുഖം ചാനലിലൂടെ ജനങ്ങളെ അറിയിക്കുവാനുമാണ് വേണുവും രേണുകയും വീണ്ടും ഒന്നിച്ചത്. ഈ സംഭവങ്ങള്‍ക്കിടയില്‍ വേണുവിന്റെയും രേണുകയുടെയും ജീവിതത്തില്‍ അരങ്ങേറുന്ന ചില പ്രശ്നങ്ങളും, അതില്‍ നിന്നും അവര്‍ രക്ഷപെടുന്നതുമാണ് റണ്‍ ബേബി റണ്‍ എന്ന സിനിമയുടെ കഥ. വേണുവായി മോഹന്‍ലാലും, രേണുകയായി അമല പോളും, ഹൃഷികേശായി ബിജു മേനോനും, ഭരതന്‍ പിള്ളയായി സായികുമാറും, രാജന്‍ കര്‍ത്തായായി സിദ്ദിക്കും അഭിനയിച്ചിരിക്കുന്നു. 

സച്ചി-സേതു ടീമിലെ സച്ചി സ്വതന്ത്ര തിരക്കഥകൃത്തായി രചന നിര്‍വഹിച്ച റണ്‍ ബേബി റണ്‍ നിര്‍മ്മിച്ചിരിക്കുന്നത് ഗാലക്സി ഫിലിംസിന് വേണ്ടി മിലന്‍ ജലീലാണ്. സെവന്‍സിനു ശേഷം ജോഷി സംവിധാനം ചെയുന്ന റണ്‍ ബേബി റണ്‍, 2012ലെ ഓണക്കാലത്ത് മിലന്‍ ജലീല്‍ വിതരണത്തിനെത്തിക്കുന്ന രണ്ടാമത്തെ സിനിമയാണ്. മമ്മൂട്ടി നായകനായ താപ്പാനയാണ് മറ്റൊരു സിനിമ. ഒരു ചെവിയ്ക്ക് കേള്‍വിശക്തിയില്ലാത്ത വേണുവിനെ മനോഹരമായി അവതരിപ്പിച്ച മോഹന്‍ലാലും, ഇന്നത്തെ തലമുറയുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചു സിനിമയെടുക്കുവാന്‍ സാധിക്കുന്ന ജോഷിയുടെ സംവിധാനവും, ആര്‍. ഡി. രാജശേഖറിന്റെ ചായഗ്രഹണവും, സച്ചി എഴുതിയ ത്രസിപ്പിക്കുന്ന രംഗങ്ങളും, രതീഷ്‌ വേഗ സംഗീതം നല്‍ക്കി ലാലേട്ടന്‍ പാടിയ ആറ്റുമണമേല്‍ പായയില്‍".. ..എന്ന പാട്ടും മറ്റുമാണ് റണ്‍ ബേബി റണ്‍ എന്ന സിനിമയെ വ്യതസ്തമാക്കുന്നത്.

കഥ, തിരക്കഥ: എബവ് ആവറേജ്
സച്ചി-സേതു ടീം എഴുതിയ എല്ലാ സിനിമകളിലും സസ്പെന്‍സ് നിറഞ്ഞ രംഗങ്ങള്‍ ഉണ്ടെങ്കിലും, റണ്‍ ബേബി റണ്‍ എന്ന സിനിമയ്ക്ക് വേണ്ടി സച്ചി എഴുതിയ ഉദ്യോഗജനകമായ രംഗങ്ങളാണ് ഏറ്റവും മികച്ചു നില്‍ക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ക്യാമറമാന്‍ വേണുവിനെ അതിമാനുഷികനായി ചിത്രീകരിക്കാതെ, കുറ്റങ്ങളും കുറവുകളും ഒക്കെയുള്ള കേള്‍വിശേഷിയില്ലാത്ത സാധാരണക്കാരനായി അവതരിപ്പിച്ചതാണ് ഈ സിനിമയ്ക്ക് ഗുണം ചെയ്തത്. കുറെ നാളുകള്‍ക്കു ശേഷം മോഹന്‍ലാല്‍ എന്ന നടന്റെ കോമഡി നിറഞ്ഞ സംഭാഷണങ്ങളും മുഖഭാവങ്ങളും ഈ സിനിമയിലൂടെ പ്രേക്ഷകര്‍ക്ക്‌ കാണുവാന്‍ സാധിച്ചു. സിനിമയിലുടനീളം പ്രേക്ഷകരെ ത്രസിപ്പിക്കുന്ന രംഗങ്ങള്‍ എഴുതിയതും ഈ സിനിമയ്ക്ക് ഗുണം ചെയ്തു. പ്രതീക്ഷിച്ച വില്ലന്മാരൊക്കെ തന്നെയാണ് ക്ലൈമാക്സില്‍ കണ്ടതെങ്കിലും, ഒളിക്യാമറ വെച്ചുള്ള രംഗങ്ങള്‍ പുതുമ നിറഞ്ഞതും അതിലുപരി വിശ്വസനീയ്മായിരുന്നു. സച്ചി എഴുതിയതില്‍ മോശമായി തോന്നിയത് വില്ലന്മാരായ ഭരതന്‍ പിള്ളയുടെയും രാജന്‍ കര്‍ത്തയുടെയും കഥാപാത്രങ്ങളാണ്. ഈ സിനിമയുടെ കഥയ്ക്ക്‌ അവരുടെ കഥാപാത്രങ്ങള്‍ക്ക് കുറച്ചുക്കൂടി പ്രസക്തി വേണ്ടതായിരുന്നു എന്ന് തോന്നുന്നു. അതുപോലെ, മോഹന്‍ലാലും അമല പോളും തമ്മിലുള്ള പ്രണയ രംഗങ്ങള്‍ ഒഴിവാക്കാമായിരുന്നു. സച്ചിയില്‍ നിന്നും റണ്‍ ബേബി റണ്‍ പോലെയുള്ള ത്രസിപ്പിക്കുന്നതും രസിപ്പിക്കുന്നതുമായ സിനിമകള്‍ ഇനിയും പ്രതീക്ഷിക്കുന്നു. 

സംവിധാനം: ഗുഡ്
ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലും ജോഷിയും ഒന്നിക്കുന്ന സിനിമയായ റണ്‍ ബേബി റണ്‍., ജോഷി-മോഹന്‍ലാല്‍ ടീമിന്റെ 9മതു സിനിമയാണ്. കാലഘട്ടം ഏതായാലും നായകന്മാര്‍ ആരായാലും പ്രേക്ഷകര്‍ക്ക്‌ ഇഷ്ടപെടുന്ന രീതിയില്‍ സിനിമയെടുക്കുവാന്‍ സാധിക്കുന്ന സംവിധായകനാണ് ജോഷി. കഴിഞ്ഞ മൂന്ന് നാല് കൊല്ലത്തിനിടയില്‍ മോഹന്‍ലാലിനെ നന്നായി പ്രയോജനപെടുത്തിയ സംവിധായകന്‍ എന്ന വിശേഷണവും ജോഷിയ്ക്ക് സ്വന്തം. ത്രില്ലര്‍ സിനിമകളെടുക്കുന്നതില്‍ ജോഷിയ്ക്കുള്ള കഴിവ് വെളിവാകുന്ന രീതിയില്‍ കൃത്യതയാര്‍ന്ന സംവിധാനമാണ് റണ്‍ ബേബി റണ്ണില്‍ പ്രേക്ഷകര്‍ കണ്ടത്. പ്രേക്ഷകരെ ബോറടിപ്പിക്കാത്ത രംഗങ്ങള്‍ ചിത്രീകരിക്കുകയും, ഒളിക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ രംഗങ്ങള്‍ വിശ്വസനീയതയോടെ അവതരിപ്പികുകയും, മോഹന്‍ലാലിലെ നല്ല നടനെ പൂര്‍ണമായി പ്രയോജനപെടുത്തുകയും, ആര്‍. ഡി.രാജശേഖറിനെ പോലെ കഴിവുള്ള ചായഗ്രഹകനെ ഈ സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചതുമാണ് ജോഷി ചെയ്ത മികച്ച കാര്യങ്ങള്‍... മോഹന്‍ലാലും ജോഷിയും ഒന്നിക്കുന്ന ലോക്പാലിനായി കാത്തിരിക്കുന്നു...

സാങ്കേതികം: ഗുഡ്
ആര്‍. ഡി. രാജശേഖര്‍ പകര്‍ത്തിയ ദ്രിശ്യങ്ങളാണ് ഈ സിനിമയുടെ പ്രധാന സവിശേഷതകളില്‍ ഒന്ന്. ഓരോ രംഗങ്ങള്‍ക്കും അനിയോജ്യമായ രീതിയില്‍ വേഗതയില്‍ ദ്രിശ്യങ്ങള്‍ പകര്‍ത്തിയതും, ഒളിക്യാമറയുടെ ഉപയോഗം വിശ്വസനീയ്തയോടെ ചിത്രീകരിച്ചതും രാജശേഖറിന്റെ കഴിവ് തന്നെ. ശ്യാം ശശിധരനാണ് ഈ ദ്രിശ്യങ്ങള്‍ കൂട്ടിയോജിപ്പിച്ചത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് രതീഷ്‌ വേഗയാണ് സംഗീതം നല്ക്കിയത്. മൂന്ന് പാട്ടുകളുള്ള ഈ സിനിമയില്‍ മോഹന്‍ലാല്‍ ആലപിച്ച ആറ്റുമണമ്മല്‍ പായയില്‍ കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. രതീഷ്‌ വേഗയുടെ പശ്ചാത്തല സംഗീതവും സേതുവിന്‍റെ ശബ്ദമിശ്രണവും, സാബു പ്രവദാസിന്റെ കലാസംവിധാനവും മികവു പുലര്‍ത്തി. 

അഭിനയം: എബവ് ആവറേജ് 
മോഹന്‍ലാലിനു ലഭിച്ച മികച്ച വേഷങ്ങളില്‍ ഒന്നാണ് ക്യാമറമാന്‍ വേണു. കേള്‍വിശക്തി നഷ്ടപെട്ട ഒരാള്‍ എങ്ങനെയോക്കെയാണോ പ്രതികരിക്കുന്നത്, അതുപോലെ തന്നെ പ്രതികരിച്ചു കൊണ്ട് മികച്ച പ്രകടനം കാഴ്ച്ചവെക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു. മോഹന്‍ലാലിനൊപ്പം അമല പോള്‍ മികച്ച അഭിനയം കാഴ്ച്ചവെച്ചുകൊണ്ട് അവരുടെ സ്ഥാനം മലയാള സിനിമയില്‍ ഉറപ്പിച്ചു. ബിജു മേനോനും, മിതുന്‍ രമേഷും, അനില്‍ മുരളിയും, അപര്‍ണ്ണ നായരും, അമീര്‍ നിയാസും അവരവരുടെ രംഗങ്ങള്‍ മികച്ചതാക്കി. വില്ലന്മാരായി എത്തിയ സായികുമാറും സിദ്ദിക്കും മോശമക്കാത്ത അഭിനയിച്ചു. മോഹന്‍ലാല്‍, ബിജു മേനോന്‍, സായികുമാര്‍, സിദ്ദിക്ക്, വിജയരാഘവന്‍, ഷമ്മി തിലകന്‍, കൃഷ്ണകുമാര്‍, മിതുന്‍ രമേശ്‌, അമീര്‍ നിയാസ്, അനില്‍ മുരളി, അനൂപ്‌ ചന്ദ്രന്‍, ജോജോ, ബൈജു ജോസ്, അമല പോള്‍, അപര്‍ണ്ണ നായര്‍ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍.   

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.മോഹന്‍ലാലിന്‍റെ അഭിനയം
2.ജോഷിയുടെ സംവിധാനം 
3.സച്ചി എഴുതിയ ത്രസിപ്പിക്കുന്ന കഥാസന്ദര്‍ഭങ്ങള്‍  
4.ആര്‍. ഡി. രാജശേഖറിന്റെ ചായാഗ്രഹണം

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.സിനിമയുടെ ആദ്യപകുതിയിലെ വേണുവും രേണുവും തമ്മിലുള്ള പ്രണയ രംഗങ്ങള്‍ 
2.സായികുമാര്‍, സിദ്ദിക്ക് എന്നിവരുടെ കഥാപാത്ര രൂപികരണം

റണ്‍ ബേബി റണ്‍ റിവ്യൂ: ത്രസിപ്പിക്കുന്ന ഒട്ടനേകം കഥാസന്ദര്‍ഭങ്ങളും, കൃത്യതയാര്‍ന്ന സംവിധാനവും, നടീനടന്മാരുടെ അഭിനയപാടവവും, സാങ്കേതികതികവും ഈ ജോഷി-മോഹന്‍ലാല്‍ സിനിമയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നായി മാറ്റുവാന്‍ സഹായിച്ചു. 

റണ്‍ ബേബി റണ്‍ റേറ്റിംഗ്: 6.50/10
കഥ, തിരക്കഥ: 6/10[എബവ് ആവറേജ്]
സംവിധാനം: 7/10[ഗുഡ്]
സാങ്കേതികം: 3.5/5[ഗുഡ്]
അഭിനയം: 3/5[എബവ് ആവറേജ്] 
ടോട്ടല്‍: 19.5/30[6.5/10]

സംവിധാനം: ജോഷി
നിര്‍മ്മാണം: മിലന്‍ ജലീല്‍
ബാനര്‍::ഗാലക്സി ഫിലിംസ് 
കഥ,തിരക്കഥ,സംഭാഷണം: സച്ചി
ചായാഗ്രഹണം:ആര്‍..ഡി.രാജശേഖര്‍ 
ചിത്രസന്നിവേശം: ശ്യാം ശശിധരന്‍ 
വരികള്‍: റഫീക്ക് അഹമ്മദ്
സംഗീതം: രതീഷ്‌ വേഗ
കലാസംവിധാനം: സാബു പ്രവദാസ്
ശബ്ദമിശ്രണം: സേതു 
വിതരണം: ഗാലക്സി ഫിലിംസ് 

No comments:

Post a Comment