18 Aug 2012

ഫ്രൈഡേ - സാധാരണക്കാരുടെ ജീവിത കഥ വിശ്വസനീയതയോടെ കോര്‍ത്തിണക്കിയ ഒരു ഹൈപ്പര്‍ -ലിങ്ക് സിനിമ 5.70 / 10


ആലപ്പുഴ നഗരത്തില്‍ 11.11.11 വെള്ളിയാഴ്ച ദിവസം കാവാലത്ത് നിന്നും ആലപ്പുഴയിലേക്ക് സഞ്ചരിക്കുന്ന ബോട്ടില്‍ സാധാരണക്കാരായ കുറെ മനുഷ്യര്‍ യാത്ര ചെയുന്നു. ആലപ്പുഴ നഗരത്തില്‍ എത്തിച്ചേരുന്ന അവര്‍ പല ആവശ്യങ്ങള്‍ക്കായി പലയിടങ്ങളിയായി വന്നവരാണ്. അവരില്‍ കോളേജ് വിദ്യാര്‍ഥികളുണ്ട്, കര്‍ഷകരുണ്ട്, അങ്ങനെ...നല്ലവരും കെട്ടവരുമായ നിരവധിപേരുണ്ട്‌. കര്‍ഷകനായ പുരുഷോത്തമനും അയാളുടെ മക്കളും കൊച്ചുമകളും ആലപുഴയില്‍ എത്തിയത് കൊച്ചുമകളുടെ വിവാഹത്തിനു വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങുവാന്‍ ആണെങ്കില്‍, തന്റെ കുഞ്ഞിനെ ആദ്യമായി ഒന്ന് കാണുവാന്‍ വേണ്ടി അലപുഴയില്‍ എത്തുന്ന ചെറുപ്പക്കാരനും, കാമുകനായ മുനീറിനെ കാണുവാന്‍ കോളേജ് വിദ്യാര്‍ഥിനി ജിന്‍സിയും, ബോട്ട് ജീവിനക്കാരും, പെട്രോള്‍ പമ്പ് ജീവിനക്കരനായ ബോബിച്ചനും ഒക്കെ അതെ ബോട്ടില്‍ അന്നേ ദിവസം ആലപ്പുഴയില്‍ എത്തിയവരാണ്. ഒരു കുഞ്ഞിനെ ദത്തെടുക്കുവനായി അലപുഴയില്‍ എത്തിയ അരുണും പാര്‍വതിയും, പുരുഷുവിന്റെ കൊച്ചുമകളുടെ വരന്‍ ജയനും, ഗര്‍ഭിണിയായ യാച്ചകസ്ത്രീയും, ചെറിയ നായക്കുട്ടിയെ വില്‍ക്കുവാന്‍ നടക്കുന്ന ഗുണ്ടയും ശിങ്കിടിയും ഒക്കെ ആലപുഴയില്‍ അന്നേ ദിവസം പലയിടങ്ങളില്‍ നിന്ന് വന്നവരാണ്. മേല്പറഞ്ഞവരില്‍ പലരും യാത്ര ചെയ്തിരുന്നത് ബാലുവിന്റെ ഓട്ടോറിക്ഷയിലായിരുന്നു. കൊങ്കിണി സമുദായത്തില്‍പെട്ട യുവാവായ ബാലു ഓട്ടോ ഓടിച്ചു ലഭിക്കുന്ന വരുമാനം കൊണ്ടാണ് അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം പോറ്റുന്നത്. അന്നേ ദിവസം വിവാഹ വസ്ത്രങ്ങളെടുക്കുവാന്‍ വന്ന പുരുഷു, ബാലുവിന്റെ ഓട്ടോ റിക്ഷയില്‍ യാത്രചെയ്യുകയും ആഭരണവും മറ്റു സാധനങ്ങളും അടങ്ങുന്ന ബാഗ് ഓട്ടോയില്‍ വെച്ച് മറന്നുപോകുന്നു. ഇതിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങള്‍ ഒരുവശത്ത് നടക്കുമ്പോള്‍, മറുവശത്ത്‌ ജിന്‍സിയും മുനീറും തമ്മിലുള്ള പ്രണയവും, അരുണ്‍-പാര്‍വതി ദമ്പതികള്‍ കുഞ്ഞിനായി അനാഥാലയത്തില്‍ എത്തുന്നതും, യാചക സ്ത്രീയും, ഗുണ്ടയും, ബോട്ട് ജീവിനക്കാരും ഒക്കെ അടങ്ങുന്ന സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങളും ചര്ച്ചചെയ്യപെടുന്നു. ഇവരുടെയെല്ലാം ജീവിതത്തില്‍ നിര്‍ണ്ണായകമായ ഒരു സംഭവം അന്നേ ദിവസം ഉണ്ടാകുന്നതാണ് ഈ സിനിമയുടെ കഥ.  

ഇന്നോവേറ്റിവ്‌ കോണ്‍സെപ്ട്സിന്റെ ബാനറില്‍ സാന്ദ്ര തോമസ്‌, തോമസ്‌ ജോസഫ് പട്ടത്താനം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച് നവാഗതനായ ലിജിന്‍ ജോസ് സംവിധാനം ചെയ്ത ഫ്രൈഡേയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് നജീം കോയയാണ്‌. ജോമോന്‍ തോമസ്‌ ചായഗ്രഹണവും, മനോജ്‌ ചിത്രസന്നിവേശവും, റെക്സ് വിജയന്‍ പശ്ചാത്തലസംഗീതവും നിര്‍വഹിച്ചിരിക്കുന്നു. ബാലു കൃഷ്ണയായി ഫഹദ് ഫാസിലും, പുരുഷോത്തമനായി നെടുമുടി വേണുവും, മുനീറായി മനുവും, ജിന്‍സിയായി ആന്‍ അഗസ്റ്റിനും, അരുണായി പ്രകാശ്‌ ബാരെയും, പാര്‍വതിയായി ആശ ശരത്തും, ജയനായി ടിനി ടോമും വേഷമിടുന്നു.  

കഥ, തിരക്കഥ: ആവറേജ് 
സിബി മലയിലിന്റെ അപൂര്‍വരാഗത്തിന് ശേഷം നജീം കോയ രചന നിര്‍വഹിച്ചിരിക്കുന്ന ഫ്രൈഡേ, ആലപ്പുഴ നിവാസികളായ സാധാരണക്കാരുടെ ജീവിതകഥ പറയുന്ന സിനിമയാണ്. പ്രേക്ഷകരുടെ യുക്തിബോധത്തെ ചോദ്യം ചെയ്യാത്ത സംഭവങ്ങള്‍ വിശ്വസനീയമായ രീതിയില്‍ കോര്‍ത്തിണക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ എഴുതുവാന്‍ നജീം കൊയയക്ക് സാധിച്ചു. നന്മകളും തിന്മകളും ഉള്ള മനുഷ്യര്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടെന്നും, അവരെല്ലാവരും ജീവിതത്തിലെ നിര്‍ണ്ണായക ഘട്ടത്തില്‍ ഒരുമിച്ചു നില്‍ക്കുമെന്നുമാണ് ഈ സിനിമയിലൂടെ നജീം പറയുവാന്‍ ഉദ്ദേശിച്ചത്. പ്രമേയവും കഥയും പ്രേക്ഷകര്‍ക്ക്‌ പുതുമ നല്ക്കുന്നുണ്ടെങ്കിലും, സിനിമ അവസാനിപ്പിച്ച രീതിയും സിനിമയുടെ കഥാഗതിയ്ക്ക് മാറ്റം വരുത്താത്ത, കഥയില്‍ പ്രാധാന്യം ഇല്ലാത്ത നിരവധി കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും പ്രേക്ഷരെ മുഷിപ്പിക്കുനുണ്ട്. ഒറ്റവാക്കില്‍ പറഞ്ഞാല്‍, വിശ്വസനീയമായ കഥ പൂര്‍ണതയില്ലാത്ത തിരക്കഥയാല്‍, മികച്ചതില്‍ നിന്നും ശരാശരി നിലവാരത്തിലേക്ക് താഴ്ന്നു. എന്തല്ലാമോ സംഭവിക്കുവാന്‍ പോകുന്നു എന്ന പ്രതീതി നിലനിര്‍ത്തികൊണ്ട് സഞ്ചരിക്കുന്ന കഥാഗതി, ക്ലൈമാക്സില്‍ എത്തുമ്പോള്‍ ഒന്നുമില്ലാത്ത അവസ്ഥയില്‍ എത്തുന്നതാണ് ഫ്രൈഡേ സിനിമയുടെ തിരക്കഥയിലെ പ്രധാന പ്രശ്നമായി അനുഭവപെട്ടത്‌.   

സംവിധാനം: എബവ് ആവറേജ്
ടി.കെ.രാജീവ്കുമാര്‍, വി.കെ.പ്രകാശ് എന്നിവരുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ലിജിന്‍ ജോസ് ആദ്യമായി സംവിധാനം നിര്‍വഹിച്ച സിനിമയാണ് ഫ്രൈഡേ. ട്രാഫിക്‌, സിറ്റി ഓഫ് ഗോഡ് എന്നീ സിനിമകള്‍ക്ക്‌ ശേഷം മലയാളത്തില്‍ ഇറങ്ങുന്ന ഹൈപ്പര്‍ -ലിങ്ക് സിനിമയാണ് ഫ്രൈഡേ. ഒരു നവാഗത സംവിധായകന്‍ എന്ന നിലയില്‍ ലിജിന്‍ ജോസിനു എന്നും അഭിമാനിക്കാവുന്ന രീതിയില്‍ തന്നെയാണ് ഫ്രൈഡേ അദ്ദേഹം സംവിധാനം ചെയ്തിരിക്കുന്നത്. സിനിമ കാണുന്ന പ്രേക്ഷകര്‍ക്ക്‌ ഗ്രഹിക്കുന്ന രീതിയില്‍ ഹൈപ്പര്‍ -ലിങ്ക് സിനിമകള്‍ ചിത്രീകരിക്കുവാന്‍ ഏറെ പ്രയാസമാണ്. അതില്‍ നൂറു ശതമാനു വിജയം കൈവരിച്ചിരിക്കുകയാണ് ലിജിന്‍. വിശ്വസനീയമായ രീതിയില്‍ കുറെ സംഭവങ്ങള്‍ കോര്‍ത്തിണക്കുവാന്‍ ലിജിനും, ലിജിനെ സഹായിച്ച ചായഗ്രഹകാന്‍ ജോമോനും, സന്നിവേശകന്‍ മനോജും, പശ്ചാത്തല സംഗീതം ഒരുക്കിയ റെക്സ് വിജയനും അഭിനന്ദനങ്ങള്‍! മേല്പറഞ്ഞ സവിശേഷതകളൊക്കെ ഈ സിനിമയ്ക്കുണ്ടെങ്കിലും, കഥയില്‍ പ്രാധാന്യമില്ലാത്ത നിരവധി കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും, സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളും പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല. ഈ കാരണങ്ങളാല്‍ ട്രാഫിക്‌ പോലെ മികച്ചതാകുമായിരുന്ന ഒരു സിനിമ, കണ്ടിരിക്കാവുന്ന ഒന്നായി മാത്രം അവസാനിച്ചു എന്നതില്‍ നല്ല സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ക്ക്‌ ഒരല്പം വേദനയുണ്ടാക്കുന്നതാണ്. 
 
സാങ്കേതികം: എബവ് ആവറേജ്
ജോമോന്‍ തോമസ്‌ പകര്‍ത്തിയ ദ്രിശ്യങ്ങള്‍
സിനിമയ്ക്ക് ഉത്തകുന്നവയാണ്. സിനിമയിലെ ക്ലൈമാക്സ് രംഗങ്ങള്‍ വിശ്വസനീയമായി അനുഭവപെട്ടതും ചായഗ്രഹകാന്‍ ജോമോന്റെ കഴിവുതന്നെ. ഇടവേളയില്ലത്ത ആദ്യ മലയാള സിനിമയായ ഫ്രൈഡേയുടെ ചിത്രസന്നിവേശം നിര്‍വഹിച്ച മനോജ്‌, 1 മണിക്കൂര്‍ 40 മിനിറ്റുകള്‍ക്കുള്ളില്‍ സിനിമ വെട്ടിച്ചുരുക്കുകയും, പലയിടങ്ങളിലായി സംഭവിക്കുന്ന കഥകള്‍ പ്രേക്ഷകര്‍ക്ക്‌ മനസ്സിലാകും വിധം കോര്‍ത്തിണക്കുകയും ചെയ്തു. ബീയര്‍ പ്രസാദ്‌ എഴുതിയ പാട്ടുകളുടെ വരികള്‍ക്ക് റോബി എബ്രഹാം ഈണം നല്ക്കിയിര്‍ക്കുന്നു. പ്രത്യേകിച്ച് പുതുമകളൊന്നും അവകാശപെടാനില്ലത്ത മൂന്ന് പാട്ടുകള്‍ ഈ സിനിമയില്‍ ഉണ്ടെങ്കിലും, അവയൊന്നും മോശമായില്ല എന്നതല്ലാതെ പ്രേക്ഷകര്‍ ഏറ്റുപാടുന്ന പാട്ടുകളാകുമെന്ന് തോന്നുന്നില്ല. ബാവയുടെ കലാസംവിധാനവും, കുമാര്‍ ഇടപ്പാളിന്റെ വസ്ത്രാലങ്കാരവും മനോജ്‌ അങ്കമാലിയുടെ ചമയവും സിനിമയ്ക്കുതക്കുന്നവയാണ്. 

അഭിനയം: എബവ് ആവറേജ് 
മലയാള സിനിമയിലെ പുതിയ താരോദയം ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രമല്ലെങ്കിലും, സാധാരണക്കാരന്റെ വേഷവും തനിക്കു ചേരും എന്ന് തെളിയിച്ചിരിക്കുകയാണ് ഫ്രൈഡേ എന്ന ഈ സിനിമയിലൂടെ. മറ്റൊരു എടുത്തു പറയേണ്ട പ്രകടനം കാഴ്ചവെച്ചിരിക്കുന്നത് പുരുഷോത്തമന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നെടുമുടി വേണുവാണ്. മുസ്തഫ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തിയ വിജയരഘവനും, തരികിടയായ കപട വൈദീകനായി അഭിനയിച്ച മണികണ്ടനും, ബോട്ട് മെക്കാനിക്കായി അഭിനയിച്ച ശശി കലിങ്കയും അഭിനയത്തില്‍ മികവു പുലര്‍ത്തി. ഇവരെ കൂടാതെ മനു, ടിനി ടോം, പ്രകാശ്‌ ബാരെ, സുധീര്‍ കരമന, ബൈജു എഴുപുന്ന, നാരായണന്‍കുട്ടി, ധര്‍മജന്‍ ബോള്‍ഗാട്ടി, കലാഭവന്‍ റഹ്മാന്‍, ചെമ്പില്‍ അശോകന്‍, ദിനേശ് നായര്‍, സാലൂ കൂറ്റനാട്, ചെമ്പന്‍ വിനോദ്, വി.കെ.ഉണ്ണികൃഷ്ണന്‍, ചാലി പാല, ആന്‍ അഗസ്റ്റിന്‍, നിമിഷ, സീമ ജി.നായര്‍, ആശ ശരത്, രാജി, ചിഞ്ചു, ആശ ജോസ് എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.  
 

സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. പ്രമേയം, കഥ
2. ലിജിന്‍ ജോസിന്റെ സംവിധാനം
3. നെടുമുടി വേണു, ഫഹദ് ഫാസില്‍ എന്നിവരുടെ അഭിനയം
4. ചായാഗ്രഹണം, ചിത്രസന്നിവേശം 



 സിനിമയുടെ മൈനസ് പോയിന്റ്സ്:
1. കഥാസന്ദര്‍ഭങ്ങള്‍
2. ക്ലൈമാക്സ്
3. പാട്ടുകള്‍



ഫ്രൈഡേ റിവ്യൂ: ആലപ്പുഴ നിവാസികളായ കുറെ മനുഷ്യരുടെ ജീവിതത്തില്‍ ഒരു വെള്ളിയാഴ്ച നടക്കുന്ന സംഭവങ്ങള്‍ വിശ്വസനീയമായ രീതിയില്‍ കോര്‍ത്തിണക്കിയ ഫ്രൈഡേ കണ്ടിരിക്കാവുന്ന സിനിമയാണ്.

ഫ്രൈഡേ റേറ്റിംഗ്: 5.70 / 10
കഥ, തിരക്കഥ: 5 / 10[ആവറേജ്]
സംവിധാനം: 6 / 10 [എബവ് ആവറേജ്]
സാങ്കേതികം: 3 / 5 [എബവ് ആവറേജ്]
അഭിനയം: 3 / 5 [എബവ് ആവറേജ്]
ടോട്ടല്‍:: 17 / 30 [5.7 / 10]


സംവിധാനം: ലിജിന്‍ ജോസ്
നിര്‍മ്മാണം: സാന്ദ്ര തോമസ്‌, തോമസ്‌ ജോസഫ് പട്ടത്താനം
കഥ, തിരക്കഥ, സംഭാഷണം: നജീം കോയ
ചിത്രസന്നിവേശം:മനോജ്‌
ചായാഗ്രഹണം:ജോമോന്‍ തോമസ്‌
വരികള്‍:ബീയര്‍ പ്രസാദ്‌
സംഗീതം:റോബി എബ്രഹാം
പശ്ചാത്തല സംഗീതം:റെക്സ് വിജയന്‍
കലാസംവിധാനം:ബാവ
മേയ്ക്കപ്പ്:മനോജ്‌ അങ്കമാലി
വസ്ത്രാലങ്കാരം:കുമാര്‍ എടപ്പാള്‍

3 comments:

  1. ട്രാഫിക്‌ പോലെ മികച്ചതാകുമായിരുന്ന ഒരു സിനിമ, കണ്ടിരിക്കാവുന്ന ഒന്നായി മാത്രം അവസാനിച്ചു എന്നതില്‍ നല്ല സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ക്ക്‌ ഒരല്പം വേദനയുണ്ടാക്കുന്നതാണ്.

    ReplyDelete
  2. najeem koya was the co writer of ordinary,right?

    ReplyDelete
  3. വലിയ പ്രതീക്ഷയൊന്നും കൂടാതെ കാണാന്‍ പോയാല്‍ ഇപ്പോള്‍ ഇറങ്ങിയിരിക്കുന്ന മറ്റു മസാല തട്ടിക്കൂട്ടുകലെക്കാള്‍ എന്തുകൊണ്ടും ഒരു പടി മുന്നില്‍ തന്നെയാണ് ഫ്രൈഡേ. ലിജിനില്‍ നിന്നും ഇനിയും ഇതിലും നല്ല ചിത്രങ്ങള്‍ പ്രതീക്ഷിക്കാം എന്ന് തോന്നുന്നു.

    ReplyDelete