8 Jun 2012

വീണ്ടും കണ്ണൂര്‍

കേരള രാഷ്ട്രീയത്തിലുള്ള ഉള്ളുകളികളും, കണ്ണൂര്‍ എന്ന സ്ഥലത്തിന്റെ രാഷ്ട്രീയ പാരമ്പര്യവും, പുതിയൊരു പ്രത്യേയശാസ്ത്രത്തിന്റെ തുടക്കം കുറിക്കലും ഒക്കെ ചര്‍ച്ചചെയ്യുന്ന സിനിമയാണ് വീണ്ടും കണ്ണൂര്‍. ജയകൃഷ്ണന്‍ എന്ന പത്രപ്രവര്‍ത്തകന്റെ വേഷത്തിലെത്തുന്ന അനൂപ്‌ മേനോനാണ് ഈ സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. 1999ല്‍ കെ.കെ.ഹരിദാസ്‌- റോബിന്‍ തിരുമല ടീമിന്റെ കണ്ണൂര്‍ എന്ന സിനിമയുടെ രണ്ടാം ഭാഗമായ വീണ്ടും കണ്ണൂര്‍ എന്ന ഈ സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് യഥാക്രമം റോബിന്‍ തിരുമലയും കെ.കെ.ഹരിദാസും ചേര്‍ന്നാണ്. കേരളത്തില്‍ നടന്നതും നടക്കാന്‍ സാധ്യതയുള്ളതുമായ കാലികപ്രസക്തിയുള്ള നിരവധി സംഭവങ്ങള്‍ ഈ സിനിമയിലൂടെ ചര്ച്ചചെയ്യപെടുന്നു. രാഷ്ട്രീയത്തില്‍ മുന്നേറുവാനായി ജനപ്രതിനിധികള്‍ ഉപയോഗിക്കുന്ന തന്ത്രങ്ങളും, അതില്‍ സാധാരണക്കാര്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളും ഒക്കെ ഈ സിനിമയില്‍ കഥാസന്ദര്‍ഭങ്ങളാകുന്നു.

കണ്ണൂരിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയായ മാടായി സുരേന്ദ്രന്റെ ഏക മകനാണ് ജയകൃഷ്ണന്‍. ഡല്‍ഹിയില്‍ നിന്നും പഠനവും ജോലിയും ഒക്കെ കഴിഞു കേരളത്തില്‍ എത്തുന്ന ജയകൃഷ്ണന്‍, കണ്ണൂരിന്റെ ഇന്നത്തെ അവസ്ഥ കണ്ടു ഞെട്ടുന്നു. ഒരിക്കല്‍, ജയകൃഷ്ണന് നേരെയുണ്ടായ ഒരു അക്രമത്തില്‍ നിന്നും അയാള്‍ രക്ഷപെടുന്നു. എന്നാല്‍ അയാള്‍ക്ക് പകരം ആ അക്രമത്തിനിരയാകേണ്ടി വന്ന 5 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ കാലുകള്‍ നഷ്ടപെടുകയും ചെയ്ത സംഭവം അയാളെ മാനസികമായി തളര്‍ത്തുകയും ചെയുന്നു. ഈ ദുരിതങ്ങളില്‍ നിന്നും കണ്ണൂര്‍ നിവാസികളെ രക്ഷിക്കുവാനായി പുതിയൊരു രാഷ്ട്രീയ ആശയം കൊണ്ടുവരാന്‍ ജയകൃഷ്ണന്‍ ശ്രമിക്കുന്നതും, ആ ശ്രമങ്ങള്‍ക്കിടയില്‍ അയാള്‍ അനുഭവിക്കേണ്ടി വരുന്ന പ്രശനങ്ങളുമാണ് ഈ സിനിമയുടെ കഥ. ജയകൃഷ്ണനായി അനൂപ്‌ മേനോനും, മാടായി സുരേന്ദ്രനായി ശിവജി ഗുരുവായൂരും അഭിനയിക്കുന്നു.  

കഥ, തിരക്കഥ: ബിലോ ആവറേജ്
ശക്തമായ ഒരു പ്രമേയം തിരഞ്ഞെടുക്കാന്‍ റോബിന്‍ തിരുമലയ്ക്ക് കഴിഞ്ഞെങ്കിലും, നല്ലൊരു കഥ രൂപപെടുത്തിയെടുക്കുവാനോ പുതുമയുള്ള കഥ സന്ദര്‍ഭങ്ങള്‍ രചിക്കുവാനോ സാധിച്ചില്ല. 6 വര്ഷം മുമ്പ് പുറത്തിറങ്ങിയ ജയറാം നായകനായ സുന്ദര്‍ ദാസിന്റെ പൗരന്‍ എന്ന സിനിമയിലും ചര്‍ച്ച ചെയ്ത വിഷയം പുതിയ കമ്മ്യൂണിസ്റ്റ് ചിന്താഗതികള്‍ കേരളത്തില്‍ വരണമെന്ന് തന്നെയാണ്. ആ സിനിമ ഒരു പരാജയമായത് എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണോ, അതെ കാരണങ്ങള്‍ തന്നെയാണ് വീണ്ടും കണൂരിനെയും ബാധിച്ചിരിക്കുന്നത്. മനോജ്‌.കെ.ജയന്‍-വാണി വിശ്വനാഥ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ കണ്ണൂര്‍ എന്ന സിനിമയുടെ രണ്ടാം ഭാഗം എന്ന വിശേഷണം ഈ സിനിമയ്ക്ക് ആവശ്യമില്ല. 1997ല്‍ കണ്ണൂരില്‍ നടന്ന കാര്യങ്ങളാണ് ആ സിനിമയുടെ കഥയെങ്കിലും, കെ.കെ.ഹരിദാസ്‌ എന്ന സംവിധായകന്റെ കഴിവുകൊണ്ടും റോബിന്‍ തിരുമലയുടെ തിരക്കഥ രചനയാലും ആ സിനിമ ശ്രദ്ധിക്കപെട്ടു. അതെ ചേരുവകളെല്ലാം ചേര്‍ത്തുകൊണ്ട് ഈ കാലഘട്ടത്തില്‍ സിനിമയുണ്ടാക്കവുവാന്‍ ശ്രമിച്ചാല്‍ പ്രേക്ഷകര്‍ സ്വീകരിക്കുകയില്ല എന്നതിന്റെ തെളിവാണ് വീണ്ടും കണ്ണൂര്‍ എന്ന സിനിമയുടെ പരാജയം..


സംവിധാനം: മോശം
രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥപറയുന്ന മലയാള സിനിമകള്‍ പ്രേക്ഷകര്‍ എക്കാലവും സ്വീകരിചിരിച്ചിട്ടുണ്ട്. പക്ഷെ, കഥയും പ്രമേയവും പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നത് നല്ലൊരു സംവിധായകന് മാത്രം സാധിക്കുന്ന കാര്യമാണ്. കണ്ണൂര്‍ എന്ന സിനിമയിലൂടെ ആ നാടിന്‍റെ രാഷ്ട്രീയ പശ്ചാത്തലം മലയാളികള്‍ക്ക് സുപരിചിതമാക്കികൊടുക്കുവാന്‍ സാധിച്ച ഹരിദാസിന്, വീണ്ടും കണ്ണൂര്‍ എന്ന സിനിമ സംവിധാനം ചെയ്തപ്പോള്‍, മേല്പറഞ്ഞ വിഷയങ്ങളിളൊന്നും ശ്രദ്ധപതിപ്പിക്കുവാന്‍ സാധിക്കാതെ പോയി. സിനിമയുടെ ആദ്യപകുതിയിലും രണ്ടാം പകുതിയിലും അനാവശ്യമായ പാട്ടുകള്‍ കുത്തിനിറച്ചു സിനിമയുടെ വേഗത കളഞ്ഞു. അതുപോലെ തന്നെ, സിനിമയുടെ കഥയും പ്രമേയവും ഒക്കെ നശിപ്പിക്കുന്ന വിധം സസ്പെന്‍സ് ഉള്‍കൊള്ളിക്കുവാന്‍ വേണ്ടി മാത്രം കഥാവസാനം ഒരു സസ്പെന്‍സും, സിനിമ പെട്ടന്ന് അവസാനിപ്പിച്ചുകൊണ്ട് ക്ലൈമാക്സും ബോറാക്കി. 
 

 
സാങ്കേതികം: ആവറേജ്
ജിത്തു ദാമോദര്‍ പകര്‍ത്തിയ ദ്രിശ്യങ്ങളും ബിജിത്ത് ബാലയുടെ ചിത്രസന്നിവേശവും റോബിന്‍ തിരുമലയുടെ സംഗീതവുമെല്ലാം ശരാശരി നിലവാരം പുലര്‍ത്തുന്നു. ഒരു ആക്ഷന്‍ മൂടിലുള്ള ത്രില്ലര്‍ സിനിമയ്ക്ക് ആവശ്യമായ രീതിയിലുള്ള വേഗത ഈ സിനിമ നിലനിര്‍ത്തുന്നുന്ടെങ്കിലും, നിലവാരമില്ലാത്ത സംവിധാനത്താല്‍ സാങ്കേതിക വശങ്ങളൊന്നും പ്രേക്ഷകര്‍ ശ്രദ്ധിക്കുന്നതെയില്ല.

അഭിനയം: ആവറേജ് 
വീണ്ടും കണ്ണൂര്‍ എന്ന ഈ സിനിമ രണ്ടു മണിക്കൂര്‍ പ്രേക്ഷകര്‍ കണ്ടിരുന്നുവെങ്കില്‍ അതിനോരെയൊരു കാരണം അനൂപ്‌ മേനോന്‍ എന്ന നടന്റെ സാന്നിധ്യമാണ്. മികച്ച രീതിയില്‍ ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ അനൂപിന് സാധിച്ചിട്ടുണ്ട്. കാതല്‍ സന്ധ്യ നായികയാവുന്ന ഈ സിനിമയില്‍ ശിവജി ഗുരുവായൂര്‍, റിസഭാവ, ടിനി ടോം, ഇര്‍ഷാദ്, രാജീവ്‌ പിള്ള, അരുണ്‍, മനുരാജ്, ബാബു നമ്പൂതിരി, അംബിക മോഹന്‍, സീനത്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. അനൂപ്‌ മേനോന്‍
2. പ്രമേയം 


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. കഥ, തിരക്കഥ
2. സംവിധാനം
3. ക്ലൈമാക്സ് 


വീണ്ടും കണ്ണൂര്‍ റിവ്യൂ: കാലികപ്രസക്തിയുള്ള നിരവധി സംഭവങ്ങള്‍ ചരച്ചചെയ്യുന്ന സിനിമയാണ് എങ്കിലും, കെട്ടുറപ്പില്ലാത്ത തിരക്കഥയാലും മോശം സംവിധാനത്താലും തിരക്കഥകൃത്തും സംവിധായകനും പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തിക്കാന്‍ ഉദേശിച്ച കാര്യങ്ങളൊന്നും അവരിലേക്കെത്തിയില്ല.

വീണ്ടും കണ്ണൂര്‍ റേറ്റിംഗ്: 3.00 / 10
കഥ, തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം: 1 / 10 [മോശം]
സാങ്കേതികം: 2.5 / 5 [ആവറേജ്]
അഭിനയം: 2.5 / 5 [ആവറേജ്]
ടോട്ടല്‍: 9 / 30 [3 / 10]


സംവിധാനം: കെ.കെ.ഹരിദാസ്
രചന, സംഗീത സംവിധാനം: റോബിന്‍ തിരുമല
നിര്‍മ്മാണം: ലത്തീഫ് തിരൂര്‍
ചായാഗ്രഹണം: ജിത്തു ദാമോദര്‍
ചിത്രസന്നിവേശം: ബിജിത്ത് ബാലാ
ബാനര്‍: ഗോള്‍ഡന്‍ വിങ്ങസ്  
 

No comments:

Post a Comment