29 Jun 2012

നമ്പര്‍ 66 മധുര ബസ്‌

പശുപതിയെ നായകനാക്കി വൈരം എന്ന സിനിമയ്ക്ക് ശേഷം എം.എ.നിഷാദ് സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് നമ്പര്‍ 66 മധുര ബസ്‌.കൊലകുറ്റത്തിനു ശിക്ഷ ലഭിച്ച പ്രതി നമ്പര്‍ 66 വരദരാജന്‍ ജയിലില്‍ നിന്നും 3 ദിവസത്തെ പരോളില്‍ പുറത്തിറങ്ങി ഒരു പ്രത്യേക ലക്ഷ്യത്തിനു വേണ്ടി കൊല്ലം ജില്ലയിലെ പുനലൂരില്‍ നിന്നും മധുരയിലേക്ക് പോകുന്നിടത്താണ് ഈ സിനിമ തുടങ്ങുന്നത്. വരദരാജന്‍ കയറിയ മധുര ബസ്സില്‍, അയാള്‍ കിടന്നിരുന്ന അതെ ജയിലില്‍ നിന്നും മറ്റൊരു കുറ്റത്തിന് ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ സൂര്യപത്മം എന്ന പത്മയും ഉണ്ടായിരുന്നു. യാത്രാമധ്യേ ചില അപകടകാരികളില്‍ നിന്നും പത്മയെ രക്ഷിക്കുന്ന വരദനുമായി പത്മ സൗഹൃദത്തിലാകുന്നു. അവള്‍ എന്തിനാണ് മധുരയ്ക്ക് പോകുന്നതെന്നും, അവള്‍ എങ്ങനെ ജയിലിലായി എന്നും വരദനോട് പറയുന്നു. വരദന്‍ എങ്ങനെ കുറ്റക്കാരനായി എന്ന പത്മയുടെ ചോദ്യത്തിന് മറുപടിയായി വരദന്‍ അയാളുടെ ജീവിതകഥ അവളുമായി പങ്കുവെയ്ക്കുന്നു. 

വനം വകുപ്പില്‍ പോലീസില്‍ ജോലി ചെയ്തിരുന്ന വരദന് പ്രിയപെട്ടവരായി രണ്ടുപേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അവരാണ് ഉറ്റചങ്ങാതി സഞ്ജയനും, കുട്ടിക്കാലം മുതലേ സ്നേഹിച്ച ഭാവയാമിയും. വരദനും ഭാവയും തമ്മിലുള്ള സ്നേഹബന്ധം അറിയാമായിരുന്ന സഞ്ജയന്‍, ഒരു പ്രത്യേക സാഹചര്യത്തില്‍ ചില ഇഷ്ടങ്ങള്‍ക്ക് വേണ്ടി വരദനെ ചതിക്കുന്നു. തുടര്‍ന്ന് വരദന്റെ ജീവിതത്തില്‍ ചില അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുന്നു. അതിനു കാരണക്കാരനായ സഞ്ജയന്‍ എന്ന ചതിയനെ കണ്ടുപിടിക്കുവാനും കൊല്ലുവാനുമാണ് പരോളില്‍ ഇറങ്ങിയ വരദന്‍ മധുരയിലേക്ക് പോകുന്നത്. വരദന് സഞ്ജയനെ കണ്ടെത്താനാകുമോ? കൊല്ലനാകുമോ? എന്നെല്ലാമാണ് എം.എ.നിഷാദ് സംവിധാനം ചെയ്ത നമ്പര്‍ 66 മധുര ബസ്‌ എന്ന സിനിമയുടെ ക്ലൈമാക്സ്. വരദനായി പശുപതിയും, സഞ്ജയനായി ഹിന്ദി സിനിമ നടന്‍ മകരന്ദ് ദേശ്പാണ്ടേയും, ഭാവയാമിയായി മല്ലികയും, പത്മയായി പത്മപ്രിയയും അഭിനയിച്ചിരിക്കുന്നു.

കെ.വി. അനില്‍ കഥയും തിരക്കഥയും സംഭാഷണങ്ങളും നമ്പര്‍ 66 മധുര ബസ്‌ നിര്‍മ്മിച്ചിരിക്കുന്നത് എന്‍.എഫ്.സി.എന്റര്‍ടെയിന്‍മെന്റ്സ് ആണ്. പ്രദീപ്‌ നായര്‍ ചായഗ്രഹണവും, സംജത് ചിത്രസന്നിവേശവും നിര്‍വഹിച്ചിരിക്കുന്നു. എം.ജയചന്ദ്രനാണ് സംഗീത സംവിധാനം. 

കഥ, തിരക്കഥ: മോശം 
എം.ടി, വാസുദേവന്‍‌ നായര്‍ എന്ന അതുല്യപ്രതിഭയുടെ തൂലികയില്‍ ജനിച്ച, മണ്മറഞ്ഞുപോയ മറ്റൊരു പ്രതിഭ ഭരതന്റെ ഭാവനയില്‍ രൂപംകൊണ്ട, മോഹന്‍ലാലും സലിം ഘോഷും ഒന്നിച്ചഭിനയിച്ച താഴ്വാരം, മലയാള സിനിമയിളിന്നോളം ഇറങ്ങിയിട്ടുള്ള ഏറ്റവും മികച്ച പ്രതികാര കഥയാണ്. സുഹൃത്തായിരുന്ന ഒരാളുടെ വഞ്ചനക്കിരയാകുന്ന നായകന്‍, ചെയ്യാത്ത കുറ്റത്തിനുള്ള ജയില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുകയും, പ്രതികാരം വീട്ടുവാനായി വില്ലനെ അന്വേഷിച്ചു നടന്നു കൊല്ലുന്നതാണ് താഴ്വാരം എന്ന സിനിമയുടെ കഥ. കെ.വി.അനില്‍ എഴുതിയ നമ്പര്‍ 66 മധുര ബസ്‌ എന്ന സിനിമയുടെ കഥയ്ക്ക്‌ താഴ്വാരം എന്ന സിനിമയുടെ കഥയോട് അറിഞ്ഞോ അറിയാതയോ ഒരു സാമ്യം തോന്നുന്നുണ്ട്. അതൊരു പ്രധാന കുറവല്ല എന്ന് തോന്നുന്നത് ഈ സിനിമയിലെ ചില കഥ സന്ദര്‍ഭങ്ങള്‍ കാണുമ്പോളാണ്. പട്ടാപകല്‍ ബസ്സില്‍ യാത്ര ചെയ്യുന്ന പെണ്‍കുട്ടിയെ ഗുണ്ടകള്‍ ബലമായി തട്ടിക്കൊണ്ടു പോകുവാന്‍ ശ്രമിക്കുമ്പോള്‍, നായകന്‍ മാത്രം അവരോടു വഴക്കിടുകയും,ബസ്സിലുള്ള മറ്റുള്ള യാത്രക്കാര്‍ ഇങ്ങനെയൊരു സംഭവം ഉണ്ടാകാത്ത രീതിയില്‍ പെരുമാറുമ്പോള്‍, തിരക്കഥകൃത്തും സംവിധായകനും ഉറക്കത്തിലായിരുന്നോ എന്ന് തോന്നിപ്പോകുന്നു. കെട്ടിച്ചമച്ചത് പോലെ അനുഭവപെടുന്ന നിരവധി കഥാസന്ദര്‍ഭങ്ങള്‍ ഈ സിനിമയിലുണ്ട്. അതുപോലെ, കേട്ടുപഴകിയ സംഭാഷണങ്ങളും കണ്ടുമടുത്ത കഥാഗതിയും ബോറടിപ്പിക്കുന്നുണ്ട്. സമീപകാലത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും അശ്രദ്ധയോടെ എഴുതിയ തിരക്കഥയാണ് ഈ സിനിമയുടേതു.

സംവിധാനം: മോശം 
തിരക്കഥ രചയ്താവിന്റെ കാര്യം പറഞ്ഞതുപോലെയാണ് സംവിധായകന്‍ എം.എ.നിഷാദിന്റെ സംവിധാന രീതിയും. പകല്‍, നഗരം, വൈരം എന്നീ സിനിമകളുടെ സംവിധാനം മോശമായിരുന്നു എങ്കിലും, ആ സിനിമയിലൂടെ ചര്‍ച്ചചെയ്ത വിഷയം മികച്ചതായിരുന്നു. ബെസ്റ്റ് ഓഫ് ലക്ക്, ആയുധം എന്ന സിനിമകളിലേക്കു എത്തിയ നിഷാദ്, കഥാപരമായും  സംവിധാനത്തിലും ശ്രദ്ധ പതിപ്പിക്കാത്ത രീതിയിലായി കാര്യങ്ങള്‍. നമ്പര്‍ 66 മധുര ബസ്‌ എന്ന സിനിമയിലും വ്യക്തമായി കാണപെടുന്നതും നല്ലൊരു സംവിധായകന്റെ അഭാവം തന്നെ. പശുപതിയും മകരന്ദ് ദേശ്പാണ്ടേയും ഓവര്‍ ആക്റ്റിംഗ് ചെയ്യുമ്പോള്‍, പത്മപ്രിയയും മല്ലികയും മറ്റു ചിലരും അഭിനയം മറന്നതുപോലെ അഭിനയിക്കുമ്പോള്‍, അതുല്യ നടന്മാരായ തിലകന്‍, ജഗതി എന്നിവര്‍ വെറുതെ വന്നുപോകുന്നു. ഒരു സിനിമ എന്ന രീതിയില്‍ ഇതിനെ മാറ്റിയെടുത്തത് ഈ സിനിമയുടെ ലോക്കെഷനുകളും പ്രദീപ്‌ നായരുടെ ചായാഗ്രഹണവുമാണ്‌.  
 
സാങ്കേതികം: ആവറേജ് 
പ്രദീപ്‌ നായര്‍ പകര്‍ത്തിയ ദ്രിശ്യങ്ങളാണ് ഈ സിനിമയുടെ സവിശേഷത. സംജത് നിര്‍വഹിച്ച സന്നിവേശം സിനിമയ്ക്ക് വേഗത നല്ക്കുന്നുണ്ട്. വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ, രാജീവ്‌ ആലുങ്കല്‍ എന്നിവരുടെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണമിട്ട രണ്ടു പാട്ടുകളുണ്ട് ഈ സിനിമയില്‍. ശരാശരി നിലവാരം പുലര്‍ത്തുന്ന ഗാനങ്ങളുടെ ചിത്രീകരണവും മികച്ചതാണ്.  
അഭിനയം: ബിലോ ആവറേജ് 
പശുപതി, മകരന്ദ് ദേശ്പാണ്ടേ, തിലകന്‍, ജഗതി ശ്രീകുമാര്‍, ജഗദീഷ്, അനില്‍ മുരളി, വിജയ്‌ ബാബു, ചെമ്പില്‍ അശോകന്‍, ശശി കലിങ്ക, സുധീര്‍ കരമന, ചാലി പാല, പത്മപ്രിയ, മല്ലിക, ശ്വേത മേനോന്‍, മഹിമ, സീമ ജി.നായര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുര്യ ടി.വി.യുടെ വൈസ് പ്രസിഡന്റ്‌ വിജയ്‌ ബാബു (ബെന്നി - 22 ഫീമെയില്‍ കോട്ടയം ഫെയിം), അനില്‍ മുരളി എന്നിവരുടെ അഭിനയം ശ്രദ്ധ നേടുന്നു. തിലകന്‍, ജഗതി എന്നിവരുടെ കഥാപാത്രങ്ങളെ പ്രയോജനപെടുത്തിയിട്ടില്ല. പ്രേക്ഷകരെ ഞെട്ടുപ്പിക്കുന്ന രീതിയില്‍ കഥയില്‍ യാതൊരു പ്രയോജനവുമില്ലാതെ ജഗദീഷ് എന്ന നടനെ വില്ലനാക്കിയിരിക്കുന്നു. മേല്‍പറഞ്ഞത്‌ പോലെ, പശുപതിയും മകരന്ദ് ദേശ്പാണ്ടേയും അഭിനയിച്ചു കഷ്ടപെട്ടു. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. ലൊക്കേഷന്‍ 
2. പ്രദീപ്‌ നായരുടെ ചായാഗ്രഹണം 

സിനിമയുടെ മൈനസ് പോയിന്റ്സ്: 
1. പ്രവചിക്കനവുന്ന കഥസന്ദര്‍ഭങ്ങള്‍ 
2. എം.എ.നിഷാദിന്റെ ലോജിക്ക് ഇല്ലാത്ത സംവിധാന രീതി 
3. പശുപതി, മകരന്ദ് ദേശ് പാണ്ടേ എന്നിവരുടെ അമിതമായ അഭിനയം 

നമ്പര്‍ 66 മധുര ബസ്‌ റിവ്യൂ: കണ്ടുമടുത്തതും കേട്ടുപഴകിയതുമായൊരു ഒരു പ്രമേയം വിഷയമാകുന്ന കെ.വി.അനിലിന്റെ തിരക്കഥയും, സിനിമ സംവിധാനം വെറുമൊരു കുട്ടിക്കളിയായി കാണുന്ന എം.എ.നിഷാദ് എന്ന സംവിധായകന്റെ നിലവാരമില്ലാത്ത സംവിധാനവും, പശുപതിയെയും മകരന്ദ് ദേശ്പണ്ടേയെയും പോലുള്ള നടന്മാരുടെ ഓവര്‍ ആക്റ്റിങ്ങും ചേര്‍ന്നപ്പോള്‍ മാറിയ ദുരന്തമാണ് നമ്പര്‍ 66 മധുര ബസ്‌.

നമ്പര്‍ 66 മധുര ബസ്‌ റേറ്റിംഗ്: 2.10/10
കഥ, തിരക്കഥ: 1/10[മോശം]
സംവിധാനം: 1/10[മോശം]
സാങ്കേതികം: 2.5/5[ആവറേജ്]
അഭിനയം: 2/5[ബിലോ ആവറേജ്]
ടോട്ടല്‍ : 6.5/30 [2.1/10]

സംവിധാനം: എം.എ.നിഷാദ്
നിര്‍മ്മാണം: എന്‍.എഫ്‌.എസ് എന്റര്‍റ്റെയിന്‍മെന്റ്സ്
രചന: കെ.വി.അനില്‍
ചായാഗ്രഹണം: പ്രദീപ്‌ നായര്‍
ചിത്രസന്നിവേശം: സംജത്
വരികള്‍: വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ രാജീവ്‌ ആലുങ്കല്‍
സംഗീതം: എം.ജയചന്ദ്രന്‍

No comments:

Post a Comment