9 Jun 2012

വാദ്ധ്യാര്‍


അലസ മനോഭാവത്തോടെ കാര്യങ്ങളെ സമീപിക്കുന്ന, ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി നടക്കാന്‍ ആഗ്രഹിക്കുന്ന, പഴയ തലമുറയുടെ വാക്കുകളെ പുച്ചിക്കുന്ന ഇന്നത്തെ തലമുറയുടെ പ്രതിനിധിയായ അനൂപ്‌ കൃഷ്ണനാണ് വാദ്ധ്യാര്‍ എന്ന സിനിമയിലെ നായകന്‍. ഉപരിപഠനം പൂര്‍ത്തിയാക്കണം എന്ന് ആഗ്രഹിക്കുന്ന അനൂപിന്, നാട്ടിന്‍പുറത്തെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപകനായി ജോലി ലഭിക്കുന്നു. അധ്യാപകനാകാന്‍ താല്പര്യമില്ലാത്ത അനൂപിന് അമ്മയുടെ നിര്‍ബന്ധപ്രകാരം ആ ജോലി സ്വീകരിക്കേണ്ടി വരുന്നു. അങ്ങനെ, കുട്ടികളെക്കാള്‍ പക്വതയില്ലാത്ത അനൂപ്‌ സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകനാകുന്നു. തുടര്‍ന്ന് അനൂപിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. അനൂപായി ജയസുര്യ അഭിനയിക്കുന്ന ഈ സിനിമയില്‍ ആന്‍ അഗസ്റ്റിന്‍, മേനക, വിജയരാഘവന്‍, നെടുമുടി വേണു, അനില്‍ മുരളി, അനൂപ്‌ ചന്ദ്രന്‍, സലിം കുമാര്‍, ഹരിശ്രീ അശോകന്‍, ജയകൃഷ്ണന്‍, മണികണ്ടന്‍, കൊച്ചുപ്രേമന്‍, ബിജു കുട്ടന്‍, അനൂപ്‌ ശങ്കര്‍, കല്പന, ഗീത വിജയന്‍, വനിതാ കൃഷ്ണചന്ദ്രന്‍, പൊന്നമ്മ ബാബു, സീമ ജി. നായര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. 

ലക്ഷ്മിനാഥ് ക്രിയേഷന്‍സിന്റെ ബാനറില്‍ എന്‍.സുധീഷ്‌ നിര്‍മ്മിച്ച വാദ്ധ്യാര്‍ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ എഴുതിയത് നവാഗതനായ രാജേഷ്‌ രാഘവനും, സംവിധാനം ചെയ്തത് നവാഗതനായ നിധീഷ് ശക്തിയുമാണ്. പ്രദീപ്‌ നായര്‍ ചായാഗ്രഹണം നിര്‍വചിച്ച ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ സന്നിവേശം നിര്‍വഹിച്ചത് രഞ്ജന്‍ എബ്രഹാമാണ്. സന്തോഷ്‌ വര്‍മ, രാജീവ്‌ നായര്‍ എന്നിവരുടെ വരികള്‍ക്ക് ആര്‍.ഗൌതം സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. 

 
കഥ,തിരക്കഥ: മോശം
സര്‍ക്കാര്‍ സ്കൂളും, അവിടത്തെ പാവങ്ങളായ കുട്ടികളും, മടിയന്മാരായ അധ്യാപകരും, അവിടെയ്ക്ക് നന്മയുടെ വെളിച്ചവുമായി എത്തുന്ന നായകനും മലയാള സിനിമയില്‍ ഇതിനു മുമ്പും കഥാപാത്രങ്ങളായിട്ടുണ്ട്. അതെ പശ്ചാത്തലത്തില്‍ വീണ്ടുമൊരു കഥ പറഞ്ഞിരിക്കുകയാണ് രാജേഷ്‌ രാഘവന്‍ എന്ന നവാഗത തിരക്കഥകൃത്ത്. ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ കുഴപ്പങ്ങളും, കൂടുതല്‍ ഫീസ്‌ മേടിച്ചു വിദ്യാഭ്യാസ കച്ചവടം നടത്തുന്ന സ്കൂളുകളെ പരിഹസിച്ചുമുള്ള കഥാസന്ദര്‍ഭങ്ങളും പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ടെങ്കിലും, ഈ സിനിമയുടെ മൂല കഥ അഥവാ പ്രമേയം എന്നത് ഒരുപാട് സിനിമകളിലൂടെ പ്രേക്ഷകര്‍ കണ്ടതാണ്. മേല്പറഞ്ഞ വസ്തുതകളെല്ലാം മോഹന്‍ലാല്‍ നായകനായ സിബി മലയിലിന്റെ ദൂരെ ദൂരെ ഒരു കൂട് കൂട്ടാം, ജയരാജ്‌-ശ്രീനിവാസന്‍ ടീമിന്റെ വിദ്യാരംഭം, കഴിഞ്ഞ വര്ഷം റിലീസായ മാണിക്യക്കല്ല് എന്നീ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക്‌ പരിച്ചതമാണ്. അങ്ങനെയുള്ളൊരു സന്ദര്‍ഭത്തില്‍, അതെ കഥാസന്ദര്‍ഭങ്ങള്‍ വീണ്ടും കാണുവാന്‍ പ്രേക്ഷകര്‍ തയ്യാറാവുമെന്ന് രാജേഷ്‌ രാഘവനെ തോന്നുവാനുള്ള കാരണം മനസിലാകുന്നില്ല. ഈ സിനിമയുടെ പരാജയത്തിനൊരു കാരണം ഈ സിനിമയുടെ കഥയും തിരക്കഥയും തന്നെ. 

സംവിധാനം: മോശം
നവാഗതനായ നിധീഷ് ശക്തി സംവിധാനം നിര്‍വഹിച്ച ആദ്യ സിനിമ സംരംഭം സമ്പൂര്‍ണ പരാജയമാണ് എന്ന് എഴുതുന്നതില്‍ ഖേദിക്കുന്നു. കണ്ടുമടുത്ത കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും പുതുമ നല്‍കിയില്ലെങ്കിലും, വ്യതസ്തമായ രീതിയില്‍ ഈ സിനിമയുടെ കഥ അവതരിപ്പിക്കുവാന്‍ നിധീഷിന് കഴിഞ്ഞിരുന്നുവെങ്കില്‍, ഈ സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുമായിരുന്നു. ഈ സിനിമയുടെ ദൈര്‍ഘ്യം രണ്ടു മണിക്കൂറില്‍ താഴെ കൊണ്ടുവരുകയും പ്രേക്ഷകരെ ബോറടിപ്പിക്കാതെ വിട്ടതുമാണ് ഒരു സംവിധായകന്‍ എന്ന നിലയില്‍ നിധീഷ് ചെയ്ത ഏറ്റവും മികച്ച കാര്യം

സാങ്കേതികം: ബിലോ ആവറേജ്
പ്രദീപ്‌ നായരാണ് വാദ്ധ്യാര്‍ എന്ന സിനിമയ്ക്ക് വേണ്ടി ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. നാട്ടിന്‍പുറത്തെ സ്കൂളും പരിസരവും പകര്‍ത്തി വെച്ചിരിക്കുന്നു എന്നല്ലാതെ ഒരു ചായഗ്രഹകാന്‍ എന്ന നിലയില്‍ പുതിയതൊന്നും ഈ സിനിമയിലില്ല. രഞ്ജന്‍ എബ്രഹാം ആണ് ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ സന്നിവേശം നിര്‍വഹിച്ചിരിക്കുന്നത്. രാജീവ്‌ നായര്‍, സന്തോഷ്‌ വര്‍മ എന്നിവരുടെ വരികള്‍ക്ക് ആര്‍. ഗൌതം സംഗീതം നല്‍കിയിരിക്കുന്നു. അനൂപ്‌ ശങ്കര്‍ പാടിയ വാ വാ വാദ്ധിയാരെ എന്ന തമിഴ് റീമിക്സ് ഗാനം ഉള്‍പ്പടെ രണ്ടു ഗാനങ്ങളുണ്ട് ഈ സിനിമയില്‍. 

അഭിനയം: ആവറേജ്  
ജയസുര്യയുടെ തന്നെ മുന്‍കാല സിനിമകളായ കുഞ്ഞളിയന്‍, പയ്യന്‍സ് എന്നീ സിനിമകളെ ഓര്‍മ്മപെടുത്തുന്ന അഭിനയമാണ് വാദ്ധ്യാരിലേത്. സജി സുരേന്ദ്രന്റെ കുഞ്ഞളിയന് ശേഷം ജയസൂര്യ നായകനായി അഭിനയിക്കുന്ന ഈ സിനിമയില്‍ , മലയാളികള്‍ക്ക് ഏറെ സുപരിചിതയായ മേനക സുരേഷ്കുമാര്‍ സ്കൂളിലെ പ്രധാന അധ്യാപികയുടെ വേഷത്തിലെത്തുന്നു. ആന്‍ അഗസ്റ്റിന്‍ നായികയാവുന്ന ഈ സിനിമയില്‍ ഒരു നീണ്ട താരനിര തന്നെ അണിനിരക്കുന്നുണ്ട്. കുറെ നാളുകള്‍ക്കു ശേഷം വിജയരാഘവന് ലഭിച്ച നല്ല വേഷമാണ് ഈ സിനിമയിലെത്. ചെറിയ വേഷമാണെങ്കിലും നെടുമുടി വേണുവും, സലിം കുമാറും, അനൂപ്‌ ചന്ദ്രനും അവരവരുടെ റോളുകള്‍ നന്നായി അവതരിപ്പിച്ചു.
 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. വാ വാ വാദ്ധ്യിയാരെ എന്ന റീ മിക്സ് ഗാനം
2. 2 മണിക്കൂറിനുള്ളില്‍ സിനിമ അവനസാനിക്കുന്നുസിനിമയുടെ മൈനസ് പോയിന്റ്സ്:
1. തിരക്കഥ, സംഭാഷണങ്ങള്‍
2. സംവിധാനം
3. കഥാസന്ദര്‍ഭങ്ങള്‍, കഥാപാത്രങ്ങള്‍
4. ചായാഗ്രഹണം  

 

വാദ്ധ്യാര്‍ റിവ്യൂ: മോഹന്‍ലാലിന്‍റെ ദൂരെ ദൂരെ ഒരു കൂട് കൂട്ടാം, ശ്രീനിവാസന്റെ വിദ്യാരംഭം, പ്രിഥ്വിരാജിന്റെ മാണിക്യകല്ല്‌ എന്നീ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക്‌ സുപരിചിതമായ കഥയും കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും പുതിയൊരു പശ്ചാത്തലത്തില്‍ കാണുവാന്‍ കുഴപ്പമില്ലത്തവര്‍ക്കു പോലും കണ്ടിരിക്കാന്‍ പ്രയാസമുള്ള സിനിമയാണ് നിധീഷ് ശക്തിയുടെ വാദ്ധ്യാര്‍.
 
വാദ്ധ്യാര്‍ റേറ്റിംഗ്: 2.20 / 10
കഥ,തിരക്കഥ: 1 / 10 [മോശം]
സംവിധാനം: 1 / 10 [മോശം]
സാങ്കേതികം: 2 / 5 [ബിലോ ആവറേജ്]
അഭിനയം: 2.5 / 5[ആവറേജ്]
ടോട്ടല്‍: 6.5 / 30 [2.2 / 10]


സംവിധാനം: നിധീഷ് ശക്തി
കഥ,തിരക്കഥ,സംഭാഷണം: രാജേഷ്‌ രാഘവന്‍
നിര്‍മ്മാണം: എന്‍.സുധീഷ്‌
ബാനര്‍: ലക്ഷ്മി നാഥ് ക്രിയേഷന്‍സ്
ചായാഗ്രഹണം: പ്രദീപ്‌ നായര്‍
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം
വരികള്‍: സന്തോഷ്‌ വര്‍മ, രാജീവ്‌ നായര്‍
സംഗീതം: ആര്‍. ഗൌതം

വിതരണം: കലാസംഘം റിലീസ് 

No comments:

Post a Comment