21 Jun 2013

ഹണി ബീ - യുവാക്കളെ ചിരിപ്പിക്കുന്ന തേനീച്ച! 5.00/10

സെബാസ്റ്റിന്‍, ഫെര്‍ണാന്‍ഡസ്, ആംബ്രോസ്, അബു, എയ്ഞ്ചല്‍, സാറ എന്നിവര്‍ ആത്മമിത്രങ്ങളാണ്. ഇവരില്‍ സെബസ്റ്റിനും എയ്ഞ്ചലും കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളാണ്. സെബാസ്റ്റിന്‍ താമസിക്കുന്ന വീട്ടില്‍ ദിവസവും എല്ലാവരും ഒത്തുകൂടുകയും തമാശയും ചിരിയും കളിയുമായി അടിപൊളി ജീവിതം നയിക്കുന്നവരാണ്‌. ഒരിക്കല്‍ എയ്ഞ്ചലിന് ഒരു വിവാഹാലോചന വരുന്നു. ഫോര്‍ട്ട്‌ കൊച്ചിയെ വിറപ്പിക്കുന്ന ചട്ടമ്പിമാരായ പുണ്യാളന്‍ ബ്രദേഴ്സിന്റെ ഏക സഹോദരിയായ എയ്ഞ്ചലിന്റെ വിവാഹം ചേട്ടന്മാര്‍ ഉറപ്പിക്കുന്നു. എയ്ഞ്ചലിന്റെ വിവാഹ നിശ്ചയത്തിനു തലേന്ന് നടക്കുന്ന ബാച്ചിലര്‍ പാര്‍ട്ടിയ്ക്ക് ശേഷം ചില സംഭവങ്ങള്‍ അരങ്ങേറുന്നു. ആ സംഭവം സെബാസ്റ്റിറ്റിന്റെയും എയ്ഞ്ചലിന്റെയും സുഹൃത്തുക്കളുടെയും ജീവിതം മാറ്റിമറയ്ക്കുന്നു. തുടര്‍ന്നുണ്ടാകുന്ന രസകരങ്ങളായ സംഭവങ്ങളാണ് ലാലിന്‍റെ പുത്രന്‍ ജീന്‍ പോള്‍ ലാല്‍ അഥവാ ലാല്‍ ജൂനിയര്‍ ആദ്യമായി സംവിധാനം ചെയ്ത ഹണി ബീ എന്ന സിനിമയുടെ കഥ.

ആസിഫ് അലി നായകനായ കിളിപോയീ എന്ന സിനിമയ്ക്ക് ശേഷം എസ്.ജെ.എം.എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ സിബി തൊട്ടുംപുറം, ജോബി മുണ്ടമറ്റം എന്നിവര്‍ സംയുക്തമായി നിര്‍മ്മിച്ച് ഹണി ബീയുടെ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ എഴുതിയതും സംവിധായകന്‍ കൂടിയായ ലാല്‍ ജൂനിയര്‍ തന്നെയാണ്. ചായാഗ്രഹണം - അല്‍ബി, ചിത്രസന്നിവേശം - രതീഷ്‌ രാജ്, സംഗീതം - ദീപക് ദേവ്, കലാസംവിധാനം: പ്രശാന്ത്‌ മാധവ്, സംഘട്ടനം - അന്‍പറിവ് എന്നിവരാണ് പ്രധാന സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. എസ്.ജെ.എം., കലാസംഘം, കാസ് എന്നിവര്‍ ചേര്‍ന്നാണ് ഈ സിനിമ വിതരണം ചെയ്തിരിക്കുന്നത്.

കഥ, തിരക്കഥ: ബിലോ ആവറേജ്
ജീന്‍ പോള്‍ ആദ്യമായി തിരക്കഥയും സംഭാഷണങ്ങളും എഴുതുന്ന സിനിമയാണ് ഹണി ബീ. ഈ സിനിമയുടെ കഥാഗതിയിലെ ചില സന്ദര്‍ഭങ്ങള്‍ കാണുമ്പോള്‍ ഇംഗ്ലീഷ് സിനിമ ഹാങ്ങോവറും, തമിഴ് സിനിമ നാടോടികളും ഓര്‍മ്മയില്‍ വരും. എന്നാല്‍ മേല്പറഞ്ഞ സിനിമകളുമായി വേറെയൊരു രീതിയിലും ഈ സിനിമയ്ക്ക് ബന്ധമില്ല. രസകരമായൊരു പ്രമേയവും, ത്രസിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയുന്ന കഥാസന്ദര്‍ഭങ്ങളും, പ്രധാന അഭിനേതാക്കളുടെ കഥാപാത്രരൂപികരണവും, ചില സഭ്യ-അസഭ്യ സംഭാഷണങ്ങളും തിരക്കഥയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. പ്രേക്ഷകരെ രസിപ്പിച്ചു കൊടുമുടിയിലെത്തിച്ച ശേഷം, രണ്ടാം പകുതിയില്‍ സിനിമ തീര്‍ത്തും കൈവിട്ടു കളഞ്ഞു. ഇഴഞ്ഞുനീങ്ങുന്ന കഥാസന്ദര്‍ഭങ്ങളും, അവിശ്വസനീയത തോന്നിപ്പിക്കുന്ന കഥാഗതിയും, അസഭ്യ സംഭാഷണങ്ങളും, അനവസരത്തിലുള്ള പാട്ടും, നിരാശപെടുത്തുന്ന ക്ലൈമാക്സും അങ്ങനെ...പൂര്‍ണമായും പാളിപ്പോയ തിരക്കഥയായി മാറി. ആദ്യ തിരക്കഥയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാനും കൊച്ചിയിലെ ഫോര്‍ട്ട്‌ കൊച്ചി മചാന്‍സിന്റെ കയ്യടി നേടുവാനും ജീന്‍ പോളിന് സാധിച്ചു.

സംവിധാനം: ആവറേജ്
ടൂര്‍ണമെന്റ് എന്ന ചിത്രത്തില്‍ ലാലിന്റെ സംവിധാന സഹായിയായി സിനിമയിലെത്തിയ മകന്‍ ജീന്‍ പോളിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ആദ്യ സിനിമയാണ് ഹണി ബീ. ലാലിന്‍റെ ആദ്യകാല സിനിമകളില്‍ ഇരുകൈയ്യും നീട്ടി ഏറ്റുവാങ്ങിയ പ്രേക്ഷകര്‍, മകനില്‍ നിന്നും അത്തരത്തിലുള്ള സിനിമകള്‍ പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ പ്രേക്ഷകരുടെ പ്രതീക്ഷ മുഴുവനായി തെറ്റിക്കാതെ,കണ്ടിരിക്കാവുന്ന ഒരു സിനിമ സംവിധാനം ചെയ്യുവാന്‍ ജീന്‍ പോളിന് സാധിച്ചു. ആദ്യ പകുതിയില്‍ നിരവധി തമാശകളും, വ്യതസ്ത രീതിയിലുള്ള സംഘട്ടന രംഗങ്ങളും, ആറംഗ സംഘത്തിന്റെ സൗഹൃദവും കുസൃതികളും ഒക്കെ പ്രേക്ഷകരെ രസിപ്പിച്ചു. എന്നാല്‍ രണ്ടാം പകുതിയുടെ അവസാനം ആയപ്പോള്‍, കഥയ്ക്ക്‌ അനിവാര്യമല്ലാത്ത രംഗങ്ങളും ആലോസരപെടുത്തുന്ന സംഭാഷണങ്ങളും സിനിമയുടെ ആസ്വാദനത്തിന്റെ മാറ്റുകുറച്ചു. അങ്ങനെ, ക്ലൈമാക്സ് എത്തിയപ്പോഴേക്കും പൂര്‍ണമായും സിനിമ സംവിധായകന്റെ കൈവിട്ടു പോയിക്കഴിഞ്ഞിരുന്നു. മികച്ച സാങ്കേതിക വശങ്ങളും നല്ല അഭിനേതാക്കളുടെ പ്രകടനവും ഒരു ശരാശരി സിനിമയുണ്ടാക്കുന്നതില്‍ ജൂനിയര്‍ ലാലിനെ സഹായിച്ചു.

സാങ്കേതികം: ഗുഡ്
പുതുമുഖ ചായാഗ്രാഹകന്‍ ആല്‍ബി ക്യാമറയില്‍ പകര്‍ത്തിയ ഫോര്‍ട്ട്‌ കൊച്ചിയുടെ സ്പന്ദനവും ഊര്‍ജവും അടങ്ങുന്ന ചടുലമായ ദ്രിശ്യങ്ങളും, രതീഷ്‌ രാജിന്റെ കൃത്യതയാര്‍ന്ന ചിത്രസന്നിവേശവും, ദീപക് ദേവ് ഈണമിട്ട ലാല്‍ ആലപിച്ച പാട്ടും, പശ്ചാത്തല സംഗീതവും, അന്‍പറിവിന്റെ സംഘട്ടന രംഗങ്ങളും, പ്രശാന്ത്‌ മാധവിന്റെ കലാസംവിധാനവും സിനിമയ്ക്ക് ഗുണകരമായിട്ടുണ്ട്. ആദ്യ പകുതിയിലെ ഒരു മിനിറ്റ് പോലും ബോറടിക്കാത്തെ പ്രേക്ഷകരെ പിടിചിരുത്തുവാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ടെങ്കില്‍, അതിന്റെ പ്രധാന ഘടഗങ്ങള്‍ മേല്പറഞ്ഞവയാണ്. എന്നാല്‍ രണ്ടാം പകുതിയായപ്പോഴേക്കും, രതീഷ്‌ രാജിന്റെ ചിത്രസന്നിവേശവും ദീപക് ദേവിന്റെ പശ്ചാത്തല സംഗീതവും വേണ്ടത്ര മികവു പുലര്‍ത്തിയില്ല. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, അനു എലിസബത്ത്‌, ലാല്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് വേണ്ടി, ദീപക് ദേവ് സംഗീതം നല്‍ക്കിയ രണ്ടു പാട്ടുകള്‍ സിനിമയിലുണ്ട്. രഞ്ജിത്ത് അമ്പാടിയുടെ മേക്കപ്പും പ്രവീണ്‍ വര്‍മ്മയുടെ വസ്ത്രങ്കാരവും മികവു പുലര്‍ത്തി.

അഭിനയം:ഗുഡ്
ആസിഫ് അലി, ബാബുരാജ്, ലാല്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്‌, സുരേഷ് കൃഷ്ണ, അമിത് ചക്കാലക്കല്‍, വിജയ്‌ ബാബു, സംവിധായകന്‍ ജോയ് മാത്യു, ജയേഷ്, ഹാസിം, ഭാവന, അര്‍ച്ചന കവി, പ്രവീണ, റീന ബഷീര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കുറെ നാളുകള്‍ക്കു ശേഷം ആസിഫ് അലിയ്ക്ക് ലഭിച്ച നല്ല കഥാപാത്രങ്ങളില്‍ ഒന്നാണ് ഈ സിനിമയിലെ സെബാസ്റ്റിന്‍. ആസിഫിന് അഭിനയിച്ചു ഫലിപ്പിക്കാന്‍ സാധിക്കുന്ന കഥാപാത്രങ്ങളില്‍ മികവു പുലര്‍ത്താന്‍ കഴിയുമെന്ന് ഋതു, അപൂര്‍വരാഗം, സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകര്‍ കണ്ടറിഞ്ഞതാണ്. ഈ സിനിമയിലെ നായക കഥാപാത്രം സെബാനും അസിഫിന്റെ അഭിനയ ജീവിതത്തില്‍ ഓര്‍മ്മിക്കപെടുന്ന ഒന്നായിരിക്കും. ഇതേ തരത്തിലാണ് ബാബുരാജിന്റെ ഫെര്‍ണാന്‍ഡസ് എന്ന കഥാപാത്രവും. ഒരുപാട് മോശം സിനിമകള്‍ക്ക്‌ ശേഷം ബാബുരാജിന് ലഭിച്ച മറ്റൊരു ഹ്യൂമര്‍ കഥാപാത്രം. ഡാ തടിയ ഫെയിം ശ്രീനാഥ് ഭാസിയും, തലപ്പാവിലൂടെ സിനിമയിലെത്തിയ ലാലിന്‍റെ സഹോദരി പുത്രന്‍ ബാലു വര്‍ഗീസും മികച്ച രീതിയില്‍ ഹ്യൂമര്‍ കൈകാര്യം ചെയ്യുവാന്‍ അവര്‍ക്കും സാധിക്കുമെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. ലാലിന്‍റെ രൂപവും ഭാവവും, സുരേഷ് കൃഷ്ണയുടെ വേറിട്ട കഥാപാത്രവും, ഭാവനയുടെ രസകരമായ സ്ഥിരം മാനറിസങ്ങളും മികവു പുലര്‍ത്തിയിട്ടുണ്ട്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. സിനിമയുടെ ആദ്യപകുതി
2. ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്‌, ബാബുരാജ്
3. ലാല്‍ ജുനിയറിന്റെ സംവിധാനം
4. സാങ്കേതിക വശങ്ങള്‍

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. സിനിമയുടെ രണ്ടാം പകുതി
2. കഥാസന്ദര്‍ഭങ്ങള്‍
3. അസഭ്യ സംഭാഷണങ്ങള്‍


ഹണി ബീ റിവ്യൂ: ആദ്യ പകുതിയിലെ കഥാസന്ദര്‍ഭങ്ങളും, പ്രധാന നടീനടന്മാരുടെ അഭിനയവും, സംവിധാന മികവുമൊക്കെ ഹണി ബീയെ രസകരമായ സിനിമയാക്കുന്നുണ്ടെങ്കിലും, രണ്ടാം പകുതിയിലെ അസഭ്യ സംഭാഷണങ്ങളും, ലോജിക്കില്ലാത്ത കഥാഗതിയും, ക്ലൈമാക്സും പ്രേക്ഷകരെ തീര്‍ത്തും നിരാശപെടുത്തുന്നു.

ഹണി ബീ റേറ്റിംഗ്: 5.00/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 3.5/5 [ഗുഡ്]
അഭിനയം: 3.5/5 [ഗുഡ്]
ടോട്ടല്‍ 15/30 [5/10]

രചന, സംവിധാനം: ലാല്‍ ജൂനിയര്‍/ജീന്‍ പോള്‍ ലാല്‍
നിര്‍മ്മാണം:സിബി തോട്ടുപുറം,ജോബി മുണ്ടമറ്റം
ബാനര്‍: എസ്.ജെ.എം.എന്റര്‍ടെയിന്‍മെന്റ്സ്
ചായാഗ്രഹണം: ആല്‍ബി
ചിത്രസന്നിവേശം: രതീഷ്‌ രാജ്
ഗാനരചന: കൈതപ്രം, ലാല്‍, അനു എലിസബത്ത്‌
സംഗീതം: ദീപക് ദേവ്
കലാസംവിധാനം: പ്രശാന്ത്‌ മാധവ്
മേക്കപ്പ്: രഞ്ജിത്ത് അമ്പാടി
വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ
ശബ്ദമിശ്രണം: ഡാന്‍ ജോസ്
സംഘട്ടനം: അന്‍പറിവ്
വിതരണം: കലാസംഘം, കാസ്, എസ്.ജെ.എം.റിലീസ്

20 Jun 2013

എ ബി സി ഡി - ജോണി മോനെ ജോണി...ദി ഫിലിം ഈസ്‌ നോട്ട് വെരി ഫണ്ണി! 4.20/10

ജീവിതത്തിന്റെ എരിവും പുളിയും അനുഭവിച്ചറിയുവാനായി മാതാപിതാക്കള്‍ കേരളത്തിലേക്ക്‌ അയച്ച അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്ഡ് ദേസികളായ ജോണ്‍സും കോരയുമാണ്‌ ഈ കഥയിലെ നായകന്മാര്‍. അമേരിക്കയില്‍ ഇരുവരും ചേര്‍ന്നുണ്ടാക്കിയ ഗുരുതരമായ ഒരു പ്രശ്നത്തെ തുടര്‍ന്നു, നാട്ടിലേക്ക് നാടുകടത്തപെട്ട വ്യക്തികളാണ് ജോണ്‍സും കോരയും. അവര്‍ക്കുള്ള മാതാപിതാക്കളുടെ ശിക്ഷയാണ് കേരളത്തിലേക്കുള്ള യാത്രയും പഠനവും. ജോണ്‍സും കോരയും നാട്ടിലെത്തുന്നതോടെ ഇവിടെയും പല പ്രശ്നങ്ങള്‍ അവര്‍ക്ക് അഭിമുഖികരിക്കേണ്ടിവരുന്നു. ആ പ്രശ്നങ്ങള്‍ അവര്‍ എങ്ങനെ തരണം ചെയുന്നു, അതില്‍ നിന്നെല്ലാം അവര്‍ എന്തെല്ലാം പഠിക്കുന്നു, അവര്‍ എങ്ങനെ ജീവിതം മുന്‍പോട്ടു കൊണ്ടുപോകുന്നു എന്നെല്ലാമാണ് എ ബി സി ഡി എന്ന സിനിമയിയുടെ കഥ. ജോണ്‍സ് ആയി യുവാക്കളുടെ ഹരമായി മാറിയ ദുല്‍ഖര്‍ സല്‍മാനും, കോരയായി അക്കരകാഴ്ച്ചകള്‍ ഫെയിം ഗ്രിഗറിയുമാണ് അഭിനയിച്ചിരിക്കുന്നത്.

തമീന്‍സ് പ്രൊഡക്ഷന്‍സിന് വേണ്ടി ഷിബു തമീന്‍സ് നിര്‍മ്മിച്ചിരിക്കുന്ന എ ബി സി ഡി സംവിധാനം ചെയ്തിരിക്കുന്നത് പരസ്യ ചിത്രങ്ങളിലൂടെ സിനിമയിലെത്തിയ മാര്‍ട്ടിന്‍ പ്രകാട്ടാണ്. നവാഗതരായ സൂരജും നീരജും ചേര്‍ന്നെഴുതിയ കഥയ്ക്ക് വേണ്ടി തിരക്കഥയും സംഭാഷണങ്ങളും എഴുതിയത് സംവിധായകന്‍ മാര്‍ട്ടിനും, നവീന്‍ ഭാസ്കറും, സൂരജ്-നീരജും ചേര്‍ന്നാണ്. മലയാള സിനിമയുടെ പുതിയ തലമുറയിലെ സന്തോഷ്‌ ശിവന്‍ എന്ന വിളിക്കുന്ന ജോമോന്‍ ടി. ജോണാണ് ഈ സിനിമയുടെ ചായാഗ്രാഹകന്‍. ഡോണ്‍ മാക്സ് ചിത്രസന്നിവേശവും, ഗോപി സുന്ദര്‍ പശ്ചാത്തല സംഗീതവും പാട്ടുകളുടെ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. ഈ സിനിമയിലെ ജോണി മോനെ ജോണി...എന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.

കഥ, തിരക്കഥ: ബിലോ ആവറേജ്
നവാഗതരായ സൂരജ്-നീരജ് ടീമിന്റെ കഥയ്ക്ക്‌ വേണ്ടി തിരക്കഥയും സംഭാഷണങ്ങളും എഴുതിയത് നവീന്‍ ഭാസ്കര്‍, സംവിധായകന്‍ മാര്‍ട്ടിന്‍ പ്രകാട്ട്, സൂരജ്-നീരജ് എന്നിവര്‍ ചേര്‍ന്നാണ്. വിദേശ രാജ്യങ്ങളില്‍ വളര്‍ന്ന ഇന്നത്തെ തലമുറയിലെ കുട്ടികള്‍ക്ക് ജീവിതത്തിന്റെ നല്ലവശങ്ങളെ കുറിച്ച് മാത്രമേ അറിവുള്ളൂ എന്നും, അവര്‍ ജീവിതത്തിലെ ദുര്‍ക്കടമായ പാതയിലൂടെ സഞ്ചരിക്കാത്തവരായത് കൊണ്ട് പ്രാപ്തിയില്ലാത്തവരായി മാറുന്നു എന്നും ഈ സിനിമയുടെ പ്രമേയം ഓര്‍മ്മപെടുത്തുന്നു. അത്തരത്തില്‍ ജീവിച്ചു വരുന്ന രണ്ടു അമേരിക്കന്‍ മലയാളി യുവാക്കളെ കേരളത്തിലേക്ക് അയച്ചു പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ തീരുമാനിക്കുന്നു. അങ്ങനെ വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം മനസില്ലാമനസ്സോടെ ഇരുവരും കേരളത്തിലെത്തുന്നു. കേരളത്തിലെ ദുര്‍ക്കടമായ ജീവിതരീതി അവരെ പലതും പഠിപ്പിക്കുന്നു, അങ്ങനെ പ്രാപ്തിയുള്ളവരും എത് സാഹചര്യവും തരണം ചെയ്യാന്‍ കഴിവുള്ളവരുമാകുന്നു. ഇരുവരുടെയും ജീവിതരീതി പലരുടെയും ശ്രദ്ധപിടിച്ചുപറ്റുകയും, അവര്‍ക്ക് പ്രശസ്തി നേടിക്കൊടുക്കയും ചെയുന്നു. പല രാഷ്ട്രീയ നേതാക്കളെക്കാള്‍ ജനസമ്മതി നേടുന്ന അവര്‍ തിരിച്ചറിയുന്ന കുറെ വസ്തുതകളാണ് ഈ സിനിമയിലൂടെ തിരക്കഥകൃത്തുക്കള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന സന്ദേശം. പ്രമേയപരമായി മികച്ചതാണെന്ന് തോന്നുനുണ്ടെങ്കിലും, ലോജിക്കില്ലാത്ത കഥാസന്ദര്‍ഭങ്ങളും, അസഭ്യം നിറഞ്ഞ സംഭാഷണങ്ങളും രംഗങ്ങളും, രണ്ടേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യവും പ്രേക്ഷകരെ മുഷിപ്പിച്ചു. കഥയ്ക്ക്‌ അനിയോജ്യമല്ലാത്ത അനിവാര്യമല്ലാത്ത അസഭ്യ സംഭാഷണങ്ങള്‍ ദുല്‍ഖര്‍ സല്‍മാന്റെ ആരാധകരെ പോലും വെറുപ്പിക്കുന്നു. പ്രേക്ഷകരെ രസിപ്പിക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ നല്ലൊരു കഥാസന്ദര്‍ഭങ്ങള്‍ എഴുതുവാന്‍ നവീനും, മാര്‍ട്ടിനും, സൂരജ്-നീരജും ശ്രമിക്കാത്തത് സിനിമയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.

സംവിധാനം: ബിലോ ആവറേജ്
ബെസ്റ്റ് ആക്ടര്‍ എന്ന കന്നിചിത്രത്തിനു ശേഷം മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്യുന്ന എ ബി സി ഡി ചര്‍ച്ചചെയ്യുന്ന വിഷയം പുതുമയുള്ളതാണ് എങ്കിലും, ആ സിനിമയോടുള്ള സംവിധായകന്റെ സമീപനം മറ്റൊരു രീതിയിലായിരുന്നു എങ്കില്‍, മറ്റൊരു ഉസ്താദ് ഹോട്ടല്‍ ആകുമായിരുന്നു ഈ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം. ഇന്നത്തെ തലമുറ തിരിച്ചറിയുന്ന പല ജീവിത യാഥാര്‍ത്യങ്ങളും വസ്തുതകളുമാണ് ഉസ്താദ് ഹോട്ടലും എ ബി സി ഡി യും ചര്‍ച്ചചെയ്യുന്നത്. അന്‍വര്‍ റഷീദ് എന്ന സംവിധായകന്റെ മികവുകൊണ്ട് ഉസ്താദ് ഹോട്ടല്‍ മികച്ചതായപ്പോള്‍, മാര്‍ട്ടിന്‍ പ്രകാട്ട് എന്ന സംവിധായകന്റെ ലാഘവത്തോടെയുള്ള സമീപനം എ ബി സി ഡി യെ സാരമായി ബാധിച്ചു. ജോമോന്‍ ടി. ജോണ്‍, ഗോപി സുന്ദര്‍, ദുല്‍ഖര്‍ സല്‍മാന്‍, ഗ്രിഗറി, അപര്‍ണ്ണ ഗോപിനാഥ് എന്നിവര്‍ ഈ സിനിമയ്ക്ക് വേണ്ടി നല്‍കിയ സംഭാവനകള്‍ ഒന്നുകൊണ്ടുമാത്രമാണ് എ ബി സി ഡി ഇപ്പോഴും പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്. ഒരു ആക്ഷേപഹാസ്യപരമായ സിനിമ ചെയ്യുമ്പോള്‍, എല്ലാതരം പ്രേക്ഷകനും മനസ്സിലാകുംവിധം ലളിതമായി പറഞ്ഞുവെങ്കില്‍, പ്രേക്ഷകര്‍ ഈ സിനിമയെ സ്നേഹിക്കുമായിരുന്നു. കുറെ ആഡംബര രംഗങ്ങളും അസഭ്യ സംഭാഷണങ്ങളുമാണ് ന്യൂ ജനറേഷന്‍ എന്ന വിളിക്കുന്ന പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് എന്ന സംവിധായകന്റെ ചിന്തയാണ് ഈ സിനിമയെ പ്രതികൂലമായി ബാധിച്ചത്.

സാങ്കേതികം: എബവ് ആവറേജ് 
ചുരുങ്ങിയ കാലയളവില്‍ ഏറെ ശ്രദ്ധ നേടിയ രണ്ടു വ്യക്തിത്വങ്ങളാണ് ചായഗ്രഹകാന്‍ ജോമോന്‍ ടി. ജോണും, സംഗീത സംവിധായകന്‍ ഗോപി സുന്ദറും. ഈ സിനിമയുടെ സാങ്കേതിക വശങ്ങളില്‍ ഏറ്റവും മികച്ചു നില്‍ക്കുന്ന മൂന്ന് ഘടഗങ്ങളാണ് വിഷ്വല്‍സും, പാട്ടുകളും, പശ്ചാത്തല സംഗീതവും. അമേരിക്കന്‍ നഗരത്തിന്റെ ആഡംബരമായ ദ്രിശ്യങ്ങളും കേരളത്തിലെ യാഥാര്‍ത്ഥ്യങ്ങളും ഒപ്പിയെടുത്ത ജോമോന്റെ വിഷ്വല്‍സ് സിനിമയ്ക്ക് ഉണര്‍വ് നല്‍കിയിട്ടുണ്ട്. ജോണി മോനെ ജോണി, ശിവനെ...എന്നീ രണ്ടു പാട്ടുകളും കേള്‍ക്കാന്‍ ഇമ്പമുള്ളതായിരുന്നു. സന്തോഷ്‌ വര്‍മയും റഫീക്ക് അഹമ്മദുമാണ് ഗാനരച്ചയ്താക്കള്‍. ഓരോ രംഗങ്ങള്‍ക്കും മികച്ച പശ്ചാത്തല സംഗീതം നല്ക്കുവാനും ഗോപി സുന്ദറിനു സാധിച്ചു എന്നത് പ്രശംസനീയം തന്നെ. ഡോണ്‍ മാക്സ് നിര്‍വഹിച്ച ചിത്രസന്നിവേശം ആദ്യ പകുതിയില്‍ മികവു പുലര്‍ത്തിയെങ്കിലും, രണ്ടാം പകുതിയിലെ രംഗങ്ങള്‍ കോര്‍ത്തിണക്കിയ രീതിയും, രണ്ടേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യവും നിരാശപെടുത്തി. അജയന്‍ മാങ്ങാടിന്റെ കലാസംവിധാനവും, സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും, രഞ്ജിത്ത് അമ്പാടിയുടെ മേക്കപും പതിവ് പോലെ മികവു പുലര്‍ത്തി.

അഭിനയം:ഗുഡ് 
ജീവിക്കാന്‍ വേണ്ടി ഗുണ്ടയായി മാറുന്ന ലാലു, സ്നേഹത്തോടെ പാചകം ചെയ്തു വിളമ്പുന്ന ഭക്ഷണത്തിനാണ് രുചിയേറുക എന്ന് മനസ്സിലാക്കിയ ഇന്നത്തെ യുവത്വത്തിന്റെ പ്രതിനിദി ഫൈസി, പ്രതികരത്തോടെ ഇരയെ തേടി നടക്കുന്ന ഹര്‍ഷവര്‍ദ്ധന്‍ എന്നീ കഥാപാത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന് ലഭിച്ച മറ്റൊരു വ്യതസ്ത വേഷങ്ങളില്‍ ഒന്നാണ് അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്ഡ് ദേസിയായ ജോണ്‍സ് ഐസക്ക്. ഒരു അമേരിക്കന്‍ മലയാളി യുവാവ് എങ്ങനെയോക്കെയാണോ പെരുമാറുന്നത്, അത് അക്ഷരം പ്രതി ശരിവെയ്ക്കു മിതത്വമാര്‍ന്ന അഭിനയമാണ് ദുല്‍ഖര്‍ ഈ സിനിമയില്‍ കാഴ്ചവെച്ചിരിക്കുന്നത്. അക്കരകാഴ്ച്ചകള്‍ എന്ന സീരിയലിലൂടെ പ്രശസ്തനായ ഗ്രിഗറിയും കോര എന്ന കഥാപാത്രത്തെ മികവോടെ അവതരിപ്പിച്ചു. പുതുമുഖം അപര്‍ണ്ണ ഗോപിനാഥാണ് ഈ സിനിമയിലെ നായികയായി അഭിനയിച്ചിരിക്കുന്നത്. അമേരിക്കയിലെ തിയറ്റര്‍ ആര്‍ട്ടിസ്റ്റ് ആയി ശ്രദ്ധ നേടിയപ്പോഴാണ് ഈ സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. അഭിനയക്കാനറിയാവുന്ന ഒരു നായികയെ കൂടി മലയാള സിനിമയ്ക്ക് ലഭിച്ചിരിക്കുന്നു. ലാലു അലക്സ്, വിജയരാഘവന്‍, റോവിനോ തോമസ്‌, കലാഭവന്‍ നവാസ്, മറിമായം ഫെയിം ശ്രീകുമാര്‍, തമ്പി ആന്റണി, ശിവജി ഗുരുവായൂര്‍, കലാശാല ബാബു എന്നിവരും ഈ സിനിമയില്‍ നന്നായി അഭിനയിച്ചിട്ടുണ്ട്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1.പ്രമേയം
2.ദുല്‍ഖര്‍ സല്‍മാന്‍-ഗ്രിഗറി ടീമിന്റെ അഭിനയം
3.ഗോപി സുന്ദറിന്റെ സംഗീതം
4.ജോമോന്‍ ടി. ജോണിന്റെ വിഷ്വല്‍സ്

സിനിമയില്‍ ഇഷ്ടപെടാത്തവ:
1.കഥയും കഥാസന്ദര്‍ഭങ്ങളും
2.അസഭ്യമായ തമാശകള്‍
3.സിനിമയുടെ ദൈര്‍ഘ്യം


എ ബി സി ഡി റിവ്യൂ: ദുല്‍ഖര്‍ സല്‍മാന്‍-ഗ്രിഗറി കൂട്ടുകെട്ടിന്റെ രസകരമായ മാനറിസങ്ങളും അവര്‍ക്ക് പറ്റുന്ന അബദ്ധങ്ങളും പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ടെങ്കിലും, അപാകതകള്‍ ഏറെയുള്ള കഥാസന്ദര്‍ഭങ്ങളും അസഭ്യം നിറഞ്ഞ സംഭാഷണങ്ങളും രണ്ടേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യവും എ ബി സി ഡി യെ ഒരുവട്ടം മാത്രം കണ്ടിരിക്കാവുന്ന സിനിമയാക്കുന്നു.

എ ബി സി ഡി റേറ്റിംഗ്: 4.20/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 3.5/5 [ഗുഡ്]  
ടോട്ടല്‍ 12.5/30 [4.2/10]

സംവിധാനം: മാര്‍ട്ടിന്‍ പ്രകാട്ട്
കഥ: സൂരജ്-നീരജ്
തിരക്കഥ,സംഭാഷണങ്ങള്‍: നവീന്‍ ഭാസ്കര്‍, മാര്‍ട്ടിന്‍ പ്രകാട്ട്, സൂരജ്-നീരജ്
നിര്‍മ്മാണം: ഷിബു തമീന്‍സ്
ബാനര്‍: തമീന്‍സ് പ്രൊഡക്ഷന്‍സ്
ചായാഗ്രഹണം: ജോമോന്‍ ടി. ജോണ്‍
ചിത്രസന്നിവേശം: ഡോണ്‍ മാക്സ്
ഗാനരചന:സന്തോഷ്‌ വര്‍മ്മ, റഫീക്ക് അഹമ്മദ് 
സംഗീതം: ഗോപി സുന്ദര്‍
പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
കലാസംവിധാനം: അജയ് മങ്ങാട്
മേക്കപ്പ്: രഞ്ജിത്ത് അമ്പാടി
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: തമീന്‍സ് റിലീസ്

17 Jun 2013

താങ്ക് യു - മുന്‍കാല ക്ലാസ്സിക്‌ സിനിമകളുടെ ആവര്‍ത്തനം 4.30/10

ഹിന്ദി സിനിമകളായ എ വെഡ്നെസ്ഡേയും ദോബി ഘാട്ടും, കമല്‍ഹാസനും മോഹന്‍ലാലും ഒന്നിച്ച തമിഴ് സിനിമ ഉന്നൈപ്പോല്‍ ഒരുവനും ഒക്കെ ചര്‍ച്ചചെയ്തതും മുമ്പോട്ടു വെച്ചതുമായ അതെ പ്രമേയവും കഥയുമായാണ് വി.കെ.പ്രകാശ്‌ - ജയസുര്യ ടീമിന്റെ ഏറ്റവും പുതിയ സിനിമ താങ്ക് യു എന്ന സിനിമയും പ്രേക്ഷകരോട് പറയുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്നതും, കേരളത്തിലുള്‍പ്പടെ പല സംസ്ഥാനങ്ങളെയും നടുക്കിയ ഒരു സംഭവവുമാണ് ഈ സിനിമയുടെ പ്രമേയം. ഉന്നതരുടെ ഇടപെടലുകള്‍ മൂലം കുറ്റവാളികള്‍ നിയമത്തിന്റെ അനൂകൂല്യങ്ങള്‍ അനുഭവിക്കുന്നത് കാണുകയും, ഇനിയും ഇതുപോലുള്ള കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യുമെന്ന ഭീതിയില്‍, ഒരു സാധാരണക്കാരന്‍ അയാളുടെ രീതിയില്‍ പ്രതികരിക്കുന്നതാണ് ഈ സിനിമയുടെ കഥ. അജ്ഞാതന്‍ എന്ന മാത്രം വിളിപേരുള്ള സാധാരണക്കാരന്റെ വേഷത്തിലെത്തുന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ ജയസുര്യയാണ്. 

ഒരിടവേളയ്ക്ക് ശേഷം മരിക്കാര്‍ ഫിലിംസിന്റെ ബാനറില്‍ ഷാഹുല്‍ ഹമീദ് മരിക്കാര്‍ നിര്‍മ്മിച്ചിരിക്കുന്ന താങ്ക് യുവില്‍ മൈന എന്ന തമിഴ് സിനിമയിലൂടെ സുപരിചിതനായ സേതു മലയാളത്തിലെത്തുന്നു. പോലീസ് കമ്മിഷ്ണറുടെ വേഷത്തിലാണ് സേതു അഭിനയിക്കുന്നത്. നത്തോലി ഒരു ചെറിയ മീനല്ല എന്ന സിനിമയ്ക്ക് ശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന താങ്ക് യുവിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അരുണ്‍ ലാലാണ്. തമിഴ് സിനിമയിലെ പ്രമുഖ ചായഗ്രാഹകന്‍ അരവിന്ദ് കൃഷ്ണയാണ് ഈ സിനിമയുടെ ചായാഗ്രഹണം. ബാബു രത്നമാണ് ചിത്രസന്നിവേശം. ബിജിബാലാണ് പാട്ടുകള്‍ക്ക് സംഗീതം നല്ക്കിയതും പശ്ചാത്തല സംഗീത സംവിധാനം നിര്‍വഹിച്ചതും.

കഥ, തിരക്കഥ: ബിലോ ആവറേജ്
10.30 എ.എം.ലോക്കല്‍ കോള്‍ എന്ന സിനിമയ്ക്ക് ശേഷം അരുണ്‍ ലാല്‍ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതുന്ന സിനിമയാണ് താങ്ക് യു. മുന്‍കാല ക്ലാസ്സിക് സിനിമകളില്‍ ചര്‍ച്ച ചെയ്തിട്ടുള്ളതും, കാലികപ്രസക്തിയുള്ളതുമായ ഒരു വിഷയം മലയാള ഭാഷയിലൂടെ കേരളത്തിലെ പ്രേക്ഷകരിലേക്കെത്തിക്കുവാന്‍ ശ്രമിച്ചതിനും അരുണ്‍ അഭിനന്ദനം അര്‍ഹിക്കുന്നു. പ്രേക്ഷകര്‍ ഇരുകയ്യുംനീട്ടി സ്വീകരിച്ചതും കലാമൂല്യമുള്ളതുമായ സിനിമകളായിരുന്നു വെഡ്നെസ്ഡേയും ദോബി ഘാട്ടും ഉന്നൈപ്പോല്‍ ഒരുവനുമെല്ലാം. ഈ സിനിമകളുടെ പ്രമേയം കടമെടുത്ത സ്ഥിതിയ്ക്ക്, അതെ സിനിമകളില്‍ പ്രേക്ഷകര്‍ കണ്ടിട്ടുള്ള രംഗങ്ങള്‍ അതേപടി പകര്‍ത്തിയത് അരുണ്‍ ലാലിന് ഒഴിവാക്കാമായിരുന്നു. മേല്പറഞ്ഞ സിനിമകള്‍ കണ്ടിട്ടുള്ള എതൊരു പ്രേക്ഷനും താങ്ക് യുവിലെ രംഗങ്ങള്‍ ഓരോന്നും പ്രവചിക്കാനകുന്ന രീതിയിലായിരുന്നു എഴുതിയിരിക്കുന്നത്. എന്തുകൊണ്ട് മേല്പറഞ്ഞ സിനിമകളുടെ ഔദ്യോഗിക റീമേയ്ക്ക് ആയി ഈ സിനിമയെ സമീപിച്ചില്ല എന്നത് നിര്‍മ്മതാവിനോടും സംവിധയകനോടുമുള്ള ചോദ്യമാണ്? അങ്ങനെയായിരുന്നുവെങ്കില്‍ ഇതിലും മികച്ച ഒരു സിനിമയായി താങ്ക് യുവിനെ പ്രേക്ഷകര്‍ വിലയിരിത്തുമായിരുന്നു.

സംവിധാനം: ആവറേജ്
ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ സിനിമകള്‍ക്ക്‌ ശേഷം വി.കെ.പ്രകാശും ജയസുര്യയും ഒന്നിച്ച സിനിമയായ താങ്ക് യു, ചര്‍ച്ചചെയ്യുന്ന വിഷയം കൊണ്ടൊന്നു മാത്രമാണ് ശ്രദ്ധ നേടുന്നത്. കേട്ടുപഴകിയതാണ് എങ്കിലും, ഇന്നും സമൂഹത്തില്‍ നടന്നുവരുന്ന അക്രമങ്ങള്‍ക്ക് എതിരെ വിരല്‍ചൂണ്ടുന്ന ഒരു സിനിമ എന്ന രീതിയില്‍ ഈ സിനിമ ഇനിയും ശ്രദ്ധ നേടട്ടെ എന്ന് ആശംസിക്കുന്നു. ഒരു സംവിധായകനെന്ന നിലയില്‍ വി.കെ.പി.യുടെ ശൈലിയില്‍ തന്നെയാണ് ഈ സിനിമയും അദ്ദേഹം സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ ഒന്ന് രണ്ടു സിനിമകളുടെ പ്രമേയവുമായി സാമ്യമുള്ള സ്ഥിതിയ്ക്ക്, അവതരണത്തില്‍ എങ്കിലും പുതുമ കൊണ്ടുവാരന്‍ സംവിധായകന്‍ ശ്രദ്ധിക്കേണ്ടതായിരുന്നു. ഇഴഞ്ഞു നീങ്ങുന്ന ആദ്യ പകുതിയും, ലോജിക് ഇല്ലാത്ത കഥാസന്ദര്‍ഭങ്ങളും ഈ സിനിമയെ തീര്‍ത്തും നിരാശപെടുത്തുന്നു. കുറ്റവാളിയെ ജീപ്പില്‍ നിന്നും രക്ഷപെടുത്തുന്ന രംഗങ്ങളും, മീഡിയയിലൂടെ വെളിപ്പെടുത്തുന്ന രംഗങ്ങളും പരിചയസമ്പത്തില്ലാത്ത ഒരു സംവിധായകന്‍ സംവിധാനം ചെയ്ത പോലെയാണ് അനുഭവപെട്ടത്‌. ഈ കുറവുകളൊക്കെ ഉണ്ടെകിലും, മേല്പറഞ്ഞ ക്ലാസ്സിക് സിനിമകള്‍ കണ്ടിട്ടില്ലാത്ത മലയാളികള്‍ക്ക് ഒരു നല്ല അനുഭവമായിരിക്കും ഈ സിനിമ.

സാങ്കേതികം: ആവറേജ്
സെല്‍വരാഘവന്റെ നിരവധി സിനിമകള്‍ക്ക്‌ ചായാഗ്രഹണം നിര്‍വഹിച്ച ചായഗ്രഹകനാണ് അരവിന്ദ് കൃഷ്ണ. ത്രസിപ്പിക്കുന്ന കുറെ രംഗങ്ങള്‍ ഈ സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ചുകൊണ്ട് മികച്ചൊരു തുടക്കമാണ് അരവിന്ദിന് മലയാളത്തില്‍ ലഭിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ തമിഴ് സിനിമകളുമായി താരതമ്യം ചെയ്‌താല്‍ ഈ സിനിമയുടെ ചായഗ്രഹണം മികച്ചതായില്ലയെങ്കിലും ഉദ്യോഗജനകമായ രീതിയില്‍ ചിത്രീകരിക്കുവാന്‍ അരവിന്ദിന് സാധിച്ചിട്ടുണ്ട്. ബാബു രത്നമാണ് സിനിമയുടെ രംഗങ്ങള്‍ കോര്‍ത്തിണക്കിയത്. സിനിമയുടെ ആദ്യ പകുതി ഇഴഞ്ഞു നീങ്ങുന്ന രീതിയിലാണ് എന്നത് സിനിമയുടെ ആസ്വാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്ക്കിയത് ബിജിബാലാണ്. സിനിമയുടെ വേഗത കുറയ്ക്കാതെ ഉള്പെടുത്തിയിട്ടുള്ള രണ്ടു പാട്ടുകളുണ്ട് ഈ സിനിമയില്‍. ഓരോ രംഗങ്ങള്‍ക്കും അനിയോജ്യമായ പശ്ചാത്തല സംഗീതം നല്ക്കിയതും ബിജിബാലാണ്. 

അഭിനയം: ആവറേജ് 
ജയസുര്യ, സേതു, സൈജു കുറുപ്പ്, കൈലേഷ്, ടിനി ടോം, പി.ബാലചന്ദ്രന്‍, മുകുന്ദന്‍, സുധീര്‍ കരമന, മൃദുല്‍, ഇബ്രാഹിംകുട്ടി, ഹണി റോസ്, ഐശ്വര്യ ദേവന്‍ എന്നിവരും ഒട്ടേറെ പുതുമുഖങ്ങളും ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ജയസുര്യ തനിക്കു ലഭിച്ച വേഷം മോശമാക്കാതെ അവതരിപ്പിച്ചിട്ടുണ്ട്. ചില രംഗങ്ങളില്‍ കൃത്രിമത്വം തോന്നിപ്പിക്കുമെങ്കിലും, ഈ കഥാപാത്രമായി മാറുവാന്‍ കഠിനമായ ഒരു ശ്രമം ജയസുര്യയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. മൈന എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സേതുവാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ഈ കഥാപാത്രം അവതരിപ്പിക്കുവാന്‍ സേതുവിനെ സമീപിച്ചത് എന്ന് മനസിലാകുനില്ല. ഒരു മലയാളി നടനായിരുന്നു ഈ കഥാപാത്രം അവതരിപ്പിക്കുവാന്‍ അനിയോജ്യമെന്നു തോന്നിപ്പിക്കുന്ന രീതിയിലായിരുന്ന സേതുവിന്‍റെ അഭിനയം. സേതുവിന് ശബ്ദം നല്‍കിയ സീരിയല്‍ നടന്‍ ശരണ്‍ അഭിനന്ദനം അര്‍ഹിക്കുന്നു. കൈലെഷും സൈജുവും ടിനി ടോമും മുകുന്ദനും സുധീര്‍ കരമനയുമെല്ലാം മോശമാക്കാതെ അവരവരുടെ രംഗങ്ങള്‍ അഭിനയിച്ചിട്ടുണ്ട്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1.പ്രമേയം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. അരുണ്‍ലാലിന്‍റെ തിരക്കഥ
2. സേതുവിന്റെ അഭിനയം
3. ക്ലൈമാക്സ്


താങ്ക് യു റിവ്യൂ: മുന്‍കാല ക്ലാസ്സിക് സിനിമാകളായ എ വെഡ്നെസ്ഡേയും, ആമിര്‍ ഖാന്റെ ദോബി ഘാട്ടും, കമല്‍ഹസന്‍-മോഹന്‍ലാല്‍ ടീമിന്റെ ഉന്നൈപ്പോല്‍ ഒരുവനും ഒക്കെ കാണാത്തവര്‍ക്ക് ഇഷ്ടമായേക്കാം താങ്ക് യു.

താങ്ക് യു റേറ്റിംഗ്: 4.30/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 2.5/5 [ആവറേജ്]
അഭിനയം: 2.5/5[ആവറേജ്]
ടോട്ടല്‍ 13/30 [4.3/10]

സംവിധാനം: വി.കെ.പ്രകാശ്
നിര്‍മ്മാണം: ഷാഹുല്‍ ഹമീദ് മരിക്കാര്‍
ബാനര്‍: മരിക്കാര്‍ ഫിലിംസ്
രചന: അരുണ്‍ ലാല്‍
ചായാഗ്രഹണം: അരവിന്ദ് കൃഷ്ണ
ചിത്രസന്നിവേശം: ബാബു രത്നം
പാട്ടുകള്‍: റഫീക്ക് അഹമ്മദ്
സംഗീതം:ബിജിബാല്‍
പശ്ചാത്തല സംഗീതം: ബിജിബാല്‍
കലാസംവിധാനം: സാലൂ കെ.ജോര്‍ജ്
മേക്കപ്പ്: റഷീദ് അഹമ്മദ്
വസ്ത്രാലങ്കാരം:ലിജി പ്രേമന്‍
വിതരണം: മരിക്കാര്‍ റിലീസ്

29 May 2013

അപ്പ്‌ ആന്‍ഡ്‌ ഡൗണ്‍ മുകളില്‍ ഒരാളുണ്ട് - ലോജിക്കില്ലാത്ത കഥയും നിരാശപെടുത്തുന്ന സിനിമയും 3.20/10

 
നഗരത്തിലെ ഒരു ഫ്ലാറ്റിലെ കേടായ ലിഫ്റ്റില്‍ അകപെട്ടുപോകുന്ന കുറെയേറെ വ്യക്തികളും അവരുടെ പ്രശ്നങ്ങളും അതിനിടയില്‍ തെളിയിക്കപെടുന്ന ഒരു കൊലപാതകത്തിന്റെ കുറ്റാന്വേഷണവുമാണ് ഈ സിനിമയുടെ മൂലകഥ. ലിഫ്റ്റ്‌ ഓപ്പറെറ്റര്‍ തമ്പുരാന്‍, സാഹിത്യകാരന്‍ ഇടത്തില്‍ ഗോവിന്ദന്‍ നായര്‍, ഫ്ലാറ്റിന്റെ ഉടമ ക്രിസ്റ്റി, അയാളുടെ ഭാര്യ നര്‍ത്തകി പ്രസന്ന, സിറ്റി പോലീസ് കമ്മിഷ്ണര്‍ സിയാദ്, ഫ്ലാറ്റിന്റെ സെക്രട്ടറിയും ഭാര്യയും, ചെറിയാന്‍ എന്ന ഫ്ലാറ്റിലെ താമസക്കാരനുമാണ് അന്നേ ദിവസം ലിഫ്റ്റില്‍ കുടുങ്ങിപോയ വ്യക്തികള്‍. ഇതിനിടയില്‍ ലിഫ്റ്റിനുള്ളില്‍ ഒരു ശവശരീരം കാണപെടുന്നു. ആരാണ് ആ കൊലപാതകം ചെയ്തത് എന്ന ലിഫ്റ്റിനുള്ളില്‍ വെച്ചുതന്നെ തെളിയിക്കുന്നതുമാണ് ഈ സിനിമയുടെ കഥ. 

ടി.കെ.രാജീവ്കുമാര്‍ എന്ന പ്രഗല്‍ഭ സംവിധായകന്റെ ഏറ്റവും പുതിയ സിനിമയാണ് അപ്പ്‌ ആന്‍ഡ്‌ ഡൗണ്‍ - മുകളില്‍ ഒരാളുണ്ട്! ബ്ലു മര്‍മെയ്ഡ് പിക്ചര്‍ കമ്പനിയുടെ ബാനറില്‍ ആര്‍. കരുണാമൂര്‍ത്തി, വി.ബാലചന്ദ്രന്‍, ലതാ കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമയില്‍ ഇന്ദ്രജിത്ത്, പ്രതാപ്‌ പോത്തന്‍, ഗണേഷ് കുമാര്‍, ഗണേഷിന്റെ മകന്‍ മാസ്റ്റര്‍ ദേവരാമന്‍, ബൈജു, നന്ദു, രജിത്, മേഘ്ന രാജ്, രമ്യ നമ്പീശന്‍, ശ്രുതി മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ജോമോന്‍ തോമസാണ് ചായാഗ്രഹണം. നവാഗതനായ പ്രശാന്ത്‌ മുരളിയാണ് പശ്ചാത്തല സംഗീതം. 

കഥ, തിരക്കഥ: മോശം
തത്സമയം ഒരു പെണ്‍കുട്ടി എന്ന സിനിമയ്ക്ക് ശേഷം മാനുവല്‍ ജോര്‍ജും സണ്ണി ജോസഫും ചേര്‍ന്നാണ് ഈ സിനിമയുടെ കഥാസന്ദര്‍ഭങ്ങള്‍ എഴുതിയിരിക്കുന്നത്. ഇന്ദുഗോപനാണ് സംഭാഷണങ്ങള്. നഗരത്തിലെ പ്രശസ്തമായഒരു ഫ്ലാറ്റില്‍ ലിഫ്റ്റ് കേടാകുകയും, അത് നന്നാക്കുവാന്‍ ഒരുപാട് സമയമെടുക്കുകയും, അതിനിടയില്‍ ഒരു കൊലപാതകത്തിന്റെ കുറ്റാന്വേഷണം നടത്തുകയും പ്രതിയെ കണ്ടുപിടിക്കുകയും അതിനിടയില്‍ നടക്കുന്ന കഥയില്‍ പ്രാധാന്യമില്ലാത്ത കുറെ രംഗങ്ങളും കഥാപാത്രങ്ങളും പ്രേക്ഷകരെ ശരിക്കും ബോറടിപ്പിച്ചു. അവിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളും കൃത്രിമത്വം നിറഞ്ഞ കഥാപാത്രങ്ങളും എല്ലാത്തരം സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകരെയും നിരാശപെടുത്തി.

സംവിധാനം: ബിലോ ആവറേജ്
തത്സമയം ഒരു പെണ്‍കുട്ടി എന്ന സിനിമയ്ക്ക് ശേഷം ടി.കെ.രാജീവ്‌കുമാര്‍ സംവിധാനം ചെയ്ത സിനിമയാണിത്. വ്യതസ്ത കഥകള്‍ മാത്രം തിരഞ്ഞെടുത്തു സിനിമ ചെയ്തിരുന്ന ബുദ്ധിമാനായ ഒരു സംവിധയകനന്‍ എന്ന വിശേഷണം ലഭിച്ച രാജീവ്കുമാറിനു കഴിഞ്ഞ കുറെ കാലങ്ങളായി എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? അപ്പ്‌ ആന്‍ഡ്‌ ഡൗണ്‍ - മുകളില്‍ ഒരാളുണ്ട്! എന്ന അകര്‍ഷണമുള്ള ഒരു പേരും, പുതിയ തലമുറയിലെ പ്രേക്ഷകര്‍ക്കിഷ്ടമുള്ള അഭിനേതാക്കളുടെ സാന്നിധ്യവും, മഹത്തായ സസ്പെന്‍സ് ഉണ്ടെന്നു തോന്നിപ്പിക്കുന്ന പരസ്യ വാചകങ്ങളും പ്രേക്ഷകരെ ത്രിപ്ത്തിപെടുത്തും എന്ന മിഥ്യധാരണയാണ് ഈ സിനിമ ഉണ്ടാക്കപെടാനുള്ള കാരണം എന്ന് തോന്നുന്നു. ലോജിക്കില്ലാത്ത കഥാസന്ദര്‍ഭങ്ങളും ചില നടീനടന്മാരുടെ അഭിനയവും സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതിയും ക്ലൈമാക്സും ഒക്കെ കണ്ടാല്‍, ഇതേ സംവിധയകനാണോ ചാണക്യനും പവിത്രവും മഹാനഗരവുമൊക്കെ സംവിധാനം ചെയ്തത് എന്ന് തോന്നിപോകും. 

സാങ്കേതികം: എബവ് ആവറേജ്
ജോസ്മോന്‍ തോമസാണ് ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഫ്ലാറ്റിലെയും ലിഫ്റ്റിലെയും രംഗങ്ങള്‍ മികവോടെ ചിത്രീകരിക്കുവാന്‍ ജോസ്മോന് സാധിച്ചിട്ടുണ്ട്. ബി. അജിത്കുമാറാണ് രംഗങ്ങള്‍ ഈ സിനിമയിലെ രംഗങ്ങള്‍ കോര്‍ത്തിണക്കിയത്. സിനിമയുടെ വേഗതയെ അനുകൂലമായി ബാധിച്ചത് അജിത്കുമാറിന്റെ ചിത്രസന്നിവേശമാണ്. പുതുമുഖം പ്രശാന്ത്‌ മുരളിയാണ് പശ്ചാത്തല സംഗീതം. ഓരോ രംഗങ്ങള്‍ക്കും ത്രസിപ്പിക്കുന്ന വിധം പശ്ചാത്തല സംഗീതം നല്‍ക്കുവാന്‍ പ്രശാന്തിനും കഴിഞ്ഞിട്ടുണ്ട്. റഫീക്ക് അഹമ്മദ് രചിച്ചു പ്രശാന്ത്‌ തന്നെ ഈണമിട്ട ഒരു പാട്ടാണ് ഈ സിനിമയിലുള്ളത്. മോഹന്‍ദാസിന്റെ കലാസംവിധനമാണ് മികച്ചു നിന്ന മറ്റൊരു ഘടകം. ലിഫ്റ്റ് എന്ന തോന്നിപ്പിക്കുന്ന സെറ്റിടാന്‍ മോഹന്‍ദാസിനു സാധിച്ചു. പ്രദീപാണ് മേക്കപ്പ്. സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും മികവു പുലര്‍ത്തി.

അഭിനയം: ആവറേജ്
അഭിനയസാധ്യതകളൊന്നും ഏറെയില്ലാത്ത കഥാപാത്രങ്ങളാണ് ഈ സിനിമയിലുള്ളത്. അല്പമെങ്കിലും പ്രാധാന്യമുള്ള കഥാപാത്രം അവതരിപ്പിക്കുന്നത്‌ മേഘ്ന രാജാണ്. മോശമല്ലാത്ത രീതിയില്‍ ആ കഥാപാത്രം അവതരിപ്പിക്കുവാന്‍ മേഘ്നയ്ക്ക് സാധിച്ചു. ഭാഗ്യലക്ഷ്മിയുടെ ഡബ്ബിംഗ് മികച്ചതായത് കൊണ്ട് മേഘ്ന അവതരിപ്പിച്ച കഥാപാത്രവും മേഘ്നയുടെ അഭിനയവും ശക്തമായി അനുഭവപെട്ടു. ഇന്ദ്രജിത്തും തനിക്കു ലഭിച്ച കഥാപാത്രം മോശമാക്കിയില്ല. പ്രതാപ് പോത്തനും നന്ദുവും ബൈജുവും ഗണേഷും രജിതും മോശമാക്കാതെ അഭിനയിച്ചിട്ടുണ്ട്. ഇവരെ കൂടാതെ പൂജപ്പുര രാധാകൃഷ്ണന്‍, വിജയകുമാര്‍, കൊച്ചുപ്രേമന്‍, വിജയകൃഷ്ണന്‍ എന്നിവരുമുണ്ട് ഈ സിനിമയില്‍.  

സിനിമയില്‍ ഇഷ്ടപെട്ടവ:
1.പ്രശാന്ത്‌ മുരളിയുടെ പശ്ചാത്തല സംഗീതം
2.മോഹന്‍ദാസിന്റെ കലാസംവിധാനം
3.ബി.അജിത്‌കുമാറിന്റെ ചിത്രസന്നിവേശം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1.കൃത്രിമത്വം തോന്നിപിക്കുന്ന കഥാപാത്രങ്ങള്‍
2.ലോജിക്കില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍
3.സംവിധാനം
4.ക്ലൈമാക്സ്
5.സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി

അപ്പ്‌ ആന്‍ഡ്‌ ഡൗണ്‍ മുകളില്‍ ഒരാളുണ്ട് റിവ്യൂ: ലോജിക്കില്ലാത്ത കഥാസന്ദര്‍ഭങ്ങളിലൂടെ വികസിക്കുന്ന കഥയും, ക്രിത്രിമത്വമുള്ള കഥാപാത്രങ്ങളിലൂടെ പറഞ്ഞുപോകുന്ന തണുപ്പന്‍ സംഭാഷണങ്ങളും, ത്രസിപ്പിക്കാത്ത സംവിധാന രീതിയും, പ്രവചിക്കാനവുന്ന സസ്പെന്‍സും ഈ ടി.കെ.രാജീവ്കുമാര്‍ സിനിമയെ ഒരു ദുരന്തമാക്കിമാറ്റി.

അപ്പ്‌ ആന്‍ഡ്‌ ഡൗണ്‍ മുകളില്‍ ഒരാളുണ്ട് റേറ്റിംഗ്: 3.20/10
കഥ, തിരക്കഥ: 1/10 [മോശം]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്‍ 9.5/30 [3.2/10]

കഥ,സംവിധാനം: ടി.കെ.രാജീവ്കുമാര്‍
തിരക്കഥ: മാനുവല്‍ ജോര്‍ജ്, സണ്ണി ജോസഫ്‌
സംഭാഷണങ്ങള്‍: ഇന്ദുഗോപന്‍
ബാനര്‍: ബ്ലു മര്‍മെയ്ഡ് പിക്ചര്‍ കമ്പനി
ചായാഗ്രഹണം:ജോമോന്‍ തോമസ്‌
ചിത്രസന്നിവേശം:ബി.അജിത്കുമാര്‍
പശ്ചാത്തല സംഗീതം:പ്രശാന്ത്‌ മുരളി
കലാസംവിധാനം:മോഹന്‍ദാസ്‌
മേക്കപ്പ്:പ്രദീപ്‌
വസ്ത്രാലങ്കാരം:സമീറ സനീഷ്
വിതരണം:ബ്ലു മര്‍മെയ്ഡ് റിലീസ്

25 May 2013

ഇംഗ്ലീഷ് - പ്രവാസി മനസ്സിലെ ആത്മസംഘര്‍ഷങ്ങളുടെ പുത്തന്‍ ചലച്ചിത്രാനുഭവം 7.00/10

പ്രവാസികളുടെ ജീവിതത്തിലെ ആത്മസംഘര്‍ഷങ്ങള്‍ അതിശയോക്തിയില്ലാതെ അവതരിപ്പിച്ചിട്ടുള്ള സിനിമകള്‍ എന്നും മലയാള സിനിമ പ്രേക്ഷകര്‍ സ്വീകരിച്ചിട്ടുള്ളതാണ്. അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമുള്ള പ്രാവാസി ജീവിതകഥകള്‍ ഒട്ടേറെ സിനിമകളില്‍ വന്നിട്ടുണ്ടെങ്കിലും, ലണ്ടനില്‍ താമസിക്കുന്ന മലയാളി കുടുംബങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങള്‍ ആദ്യമായാണ് മലയാള സിനിമയില്‍ ദ്രിശ്യവല്‍ക്കരിക്കുന്നത്. നാല് വ്യക്തികളിലൂടെ വികസിക്കുന്നതാണ് ഈ സിനിമയുടെ കഥ. ഇഷ്ടപെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെങ്കില്‍ നല്ല നിലയില്‍ എത്തണമെന്ന ആഗ്രഹം മൂലം കഥകളി നടനാകണമെന്ന മോഹം ഉപേക്ഷിചു ലണ്ടനിലെത്തിയ ശങ്കരന്റെയും, ലണ്ടനിലെ ഒരു ആശുപത്രിയില്‍ ഡോക്ടറായി ജോലിചെയ്യുന്ന ഭര്‍ത്താവിന്റെ ചില പ്രവര്‍ത്തികള്‍ മൂലം വേവലാതിപെടുന്ന സരസ്വതി എന്ന തമിഴ് ബ്രാഹ്മണ വീട്ടമ്മയുടെയും, രോഗിയായ അമ്മയുടെ അസുഖത്തെയും പ്രായമായ മകളുടെ അച്ചടക്കമില്ലായ്മയും മനസ്സിനെ അലട്ടുന്ന ജോയ് എന്ന വ്യക്തിയുടെയും, പെണ്ണുങ്ങളെ വശത്താക്കാന്‍ കേമനായ സിബിന്‍ എന്ന ചെറുപ്പക്കാരന്റെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിന്റെ സംഘര്‍ഷങ്ങളിലൂടെയും കടന്നുപോകുന്ന സിനിമയാണ് ഇംഗ്ലീഷ്.

നവരംഗ് സ്ക്രീനിസിന്റെ ബാനറില്‍ ബിനു ദേവ് നിര്‍മ്മിച്ച്‌, അക്കരകാഴ്ച്ചകള്‍ എന്ന ടെലിവിഷന്‍ ആക്ഷേപഹാസ്യ പരിപാടിയുടെ കഥാകൃത്തും സംവിധായകരില്‍ ഒരാളുമായ അജയന്‍ വേണുഗോപാലന്‍ ആദ്യമായി കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതി, ശ്യാമപ്രസാദ് സംവിധാനം ചെയ്ത സിനിമയാണ് ഇംഗ്ലീഷ്. പുതുമുഖം ഉദയന്‍ അമ്പാടി ചായാഗ്രഹണവും, വിനോദ് സുകുമാരന്‍ ചിത്രസന്നിവേശവും, റെക്സ് വിജയന്‍ പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. ജയസുര്യ, നിവിന്‍ പോളി, മുകേഷ്, മുരളി മേനോന്‍, ജോസ് കുട്ടി ( അക്കരകാഴ്ച്ചകള്‍ ), നാദിയമൊയ്തു, രമ്യ നമ്പീശന്‍, സോനാ നായര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ സിനിമ പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത് ലണ്ടനിലാണ്.


കഥ,തിരക്കഥ:ഗുഡ്
കൈരളി ചാനലിലൂടെ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ ആക്ഷേപഹാസ്യ പരിപാടിയാണ് അക്കരകാഴ്ചകള്‍. ഇതേ പേരില്‍ അജയനും കൂട്ടരും അക്കരകാഴ്ച്ചകള്‍ എന്ന സിനിമ വിദേശ മലയാളികള്‍ക്കായി ഒരുക്കിയിരുന്നു. ആ സിനിമയുടെ തിരക്കഥയ്ക്ക് ശേഷം അജയന്‍ വേണുഗോപാലന്‍ എഴുതുന്ന തിരക്കഥയാണ് ഈ സിനിമയുടെത്. കെട്ടുറപ്പുള്ള തിരക്കഥയും, ഹൃദ്യമായതും സഭ്യമായതും റിയലസ്റ്റിക്കുമായ സംഭാഷണങ്ങളും ഈ സിനിമയെ പ്രേക്ഷകരോട് കൂടുതല്‍ അടുപ്പിക്കുന്നു. ഓരോ അഭിനേതാക്കള്‍ക്കും അനിയോജ്യമായ കഥാപാത്രരൂപികരണം കൂടുതല്‍ വിശ്വസനീയത നല്‍ക്കുന്നു. ഈ സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും വിശ്വസനീയതയോടെ കോര്‍ത്തിണക്കിയതാണ് തിരക്കഥയിലെ മറ്റൊരു മികവുറ്റ കാര്യം. ഇനിയും ഇതുപോലുള്ള മികച്ച തിരക്കഥകള്‍ അജയന്‍ വേണുഗോപാലനില്‍ നിന്നും പ്രതീക്ഷിക്കുന്നു.


സംവിധാനം:ഗുഡ്
ദിലീപ് നായകനായ അരികെ എന്ന സിനിമയ്ക് ശേഷം ശ്യാമപ്രസാദ് സംവിധാനം ചെയ്ത സിനിമയാണ് ഇംഗ്ലീഷ്. ശ്യാമപ്രസാദിന്റെ മുന്‍കാല സിനിമകളെ അപേക്ഷിച്ച് ഏറ്റവും വേഗതയുള്ളതും കളര്‍ഫുള്ളായതുമായ സിനിമയാണിത്. ഒരു അവാര്‍ഡ്‌ സിനിമ എന്ന തോന്നലുണ്ടാക്കാതെയുള്ള അവതരണവും, കൃത്യതയോടെ സംവിധാനം ചെയ്തിട്ടുള്ള രംഗങ്ങളും സിനിമയ്ക്ക് ഉണര്‍വ് നല്ക്കുന്നുണ്ട്. സിനിമയുടെ ആദ്യപകുതി ഒരല്പം ഇഴയുന്ന മട്ടിലാണ് മുമ്പോട്ടു നീങ്ങുന്നതെങ്കില്‍, രണ്ടാം പകുതിയിലെ വേഗതയും ചില സസ്പെന്‍സുകളും വിശ്വസനീയമായി തന്നെ അവതരിപ്പിക്കുവാന്‍ സംവിധായകന്‍ സാധിച്ചു. പ്രശസ്ത നടീനടന്മാരായ ജയസുര്യ,മുകേഷ്,മുരളി മേനോന്‍,നാദിയ മൊയ്തു എന്നിവര്‍ക്ക് അനിയോജ്യമായ കഥാപാത്രങ്ങള്‍ നല്ക്കിയതുപോലെ, ലണ്ടന്‍ നിവാസികളായ മലയാളികളെയും മികച്ച രീതിയില്‍ അഭിനയിപ്പിക്കുവാന്‍ ശ്യാമപ്രസാദിന് സാധിച്ചു. മികച്ച സാങ്കേതിക തികവോടെ ഈ സിനിമയെ സമീപിച്ചതാണ് മറ്റൊരു എടുത്തു പറയേണ്ട ഘടകം. മുന്‍കാല ശ്യാമപ്രസാദ് സിനിമകളില്‍ കണ്ടിട്ടില്ലാത്ത ദ്രിശ്യഭംഗി ഈ സിനിമയിലുടനീളമുണ്ട്. നാല് വ്യതികളുടെ ജീവിതം വിശ്വസനീയതയോടെ കോര്‍ത്തിണക്കിയിരിക്കുന്നതാണ് ഏറ്റവും എടുത്ത പറയേണ്ട പ്രശംസിക്കേണ്ട കാര്യം. ഇനിയും ഇതുപോലുള്ള റിയലസ്റ്റിക്ക് സിനിമകള്‍ ശ്യാമപ്രസാദിന്റെ സംഭാവനയായി മലയാളികള്‍ക്ക് ലഭിക്കട്ടെ.

സാങ്കേതികം:ഗുഡ്
പുതുമുഖം ഉദയന്‍ അമ്പാടിയാണ് ലണ്ടന്‍ നഗരത്തിലെ മനോഹാരിത മുഴുവന്‍ ക്യാമറയില്‍ ഒപ്പിയെടിത്തത്. ഓരോ രംഗങ്ങള്‍ക്കും അനിയോജ്യമായ ഫ്രെയിമുകള്‍ ഒരുക്കിയ ഉദയന്‍ ഈ സിനിമയിലൂടെ മലയാള സിനിമയില്‍ ഒരു നിറസാന്നിധ്യമാകുമെന്നുറപ്പ്. ഉദയന്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ വിനോദ് സുകുമാരനാണ് കോര്‍ത്തിണക്കിയത്. സിനിമയിലെ ആദ്യപകുതി ഒരല്‍പം ഇഴഞ്ഞുനീങ്ങുന്ന രീതിയിലാണെങ്കിലും, രണ്ടാം പകുതി വേഗതയോടെ നീങ്ങുന്നു. ഓരോ രംഗങ്ങള്‍ക്കും ഹൃദ്യമായ പശ്ചാത്തല സംഗീതം നല്‍ക്കുവാന്‍ റെക്സ് വിജയന് സാധിച്ചു. 5 പാട്ടുകളുള്ള ഈ സിനിമയില്‍, ഓരോ പാട്ടും പശ്ചാത്തല സംഗീതമായി ഉപയോഗിചത് ഓരോ കഥാപാത്രങ്ങളുടെ ദിനചര്യകള്‍ കോര്‍ത്തിണക്കുന്നതില്‍ ഏറെ പുതുമ നല്ക്കുന്നുമുണ്ട്. ഷിബു ചക്രവര്‍ത്തിയും ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനുമാണ് ഗാനരചന. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!

അഭിനയം: ഗുഡ്
ഇംഗ്ലീഷ് എന്ന ഈ സിനിമയിലെ ഏറ്റവും മികച്ച അഭിനയം കാഴ്ചവെച്ചത് നാദിയ മൊയ്തുവാണ്. സരസ്വതി എന്ന കഥാപാത്രമായി അഭിനയിക്കാതെ യഥാര്‍ത്ഥത്തില്‍ ജീവിക്കുകയായിരുന്നു നാദിയ. ഈ കഥാപാത്രം അവതരിപ്പിക്കുവാന്‍ നാദിയ മാത്രമേയുള്ളൂ എന്ന തോന്നിപ്പിക്കുന്ന മികവാര്‍ന്ന അഭിനയമാണ് ഈ സിനിമയില്‍ കാഴ്ചവെച്ചത്. ജയസുര്യ എന്ന നടന് ലഭിച്ച വ്യതസ്തവും അഭിനയ സാധ്യതയുള്ളതുമായ വേഷമാണ് കഥകളി നടനായ ശങ്കരന്‍. ക്ലൈമാക്സ് രംഗത്തിലെ കഥകളി വേഷമണിഞ്ഞുകൊണ്ടുള്ള പ്രകടനമുള്‍പ്പടെ സിനിമയിലുടനീളം മികച്ച ഭാവപ്രകടനങ്ങള്‍ അഭിനയിച്ച ജയസുര്യയുടെ സമീപകാലത്തെ മികച്ച കഥാപാത്രമാണ് ശങ്കരന്‍. അതുപോലെ, നിവിന്‍ പോളിയ്ക്ക് ലഭിച്ച മറ്റൊരു വ്യതസ്ട വേഷമാണ് ഈ സിനിമയിലെ സിബിന്‍. ഒരല്പം വില്ലത്തരമുള്ള ഈ കഥാപാത്രത്തെ മികവോടെ നിവിന്‍ അവതരിപ്പിച്ചു. മുകേഷ് അവതരിപ്പിച്ച ജോയ് എന്ന കഥാപാത്രവും മുരളി മേനോന്‍ അവതരിപ്പിച്ച ഡോക്ടര്‍ റാമും രമ്യ നമ്പീശന്‍ അവതരിപ്പിച്ച ഗൗരിയും ജോയ് അവതരിപ്പിച്ച ശങ്കരന്റെ സുഹൃത്ത് വേഷവും സോനാ നായരുടെ കഥാപാത്രവും ഹൃദ്യമായി. ചെറിയ വേഷങ്ങളില്‍ അഭിനയിച്ച പ്രാവാസി മലയാളികളും മികച്ച അഭിനയം കാഴ്ച്ചവെചിട്ടുണ്ട്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1.കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും
2.ശ്യാമപ്രസാദിന്റെ സംവിധാനം
3.അഭിനേതാക്കളുടെ പ്രകടനം
4.സിനിമയുടെ രണ്ടാം പകുതി
5.റെക്സ് വിജയന്‍റെ പാട്ടുകള്‍
6.ചായാഗ്രഹണം 

സിനിമയില്‍ ഇഷ്ടപെടാത്തവ:
1.ആദ്യപകുതിയിലെ പ്രവചിക്കാനാവുന്ന രംഗങ്ങള്‍

ഇംഗ്ലീഷ് റിവ്യ: അതിശയോക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങളും, പരിചിതമായ കഥാപാത്രങ്ങളും, മികവാര്‍ന്ന സംവിധാനവും, ലണ്ടനിലെ മനോഹരമായ ലോക്കെഷനുകളും, അത്യുജ്വല അഭിനയ മുഹൂര്‍ത്തങ്ങളും ശ്യാമപ്രസാദിന്റെ ഇംഗ്ലീഷെന്ന സിനിമയിലൂടെ പുതിയൊരു ചലച്ചിത്രാനുഭവം സമ്മാനിക്കുന്നു.

ഇംഗ്ലീഷ് റേറ്റിംഗ്: 7.00/10
കഥ,തിരക്കഥ: 7/10 [ഗുഡ്]
സംവിധാനം:7/10 [ഗുഡ്]
സാങ്കേതികം:3.5/5 [ഗുഡ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍ 21/30 [7.00/10]

സംവിധാനം: ശ്യാമപ്രസാദ്
രചന: അജയന്‍ വേണുഗോപാല്‍
നിര്‍മ്മാണം: ബിനു ദേവ്
ബാനര്‍: നവരംഗ് സ്ക്രീന്‍സ്
ചായാഗ്രഹണം: ഉദയന്‍ അമ്പാടി
ചിത്രസന്നിവേശം: വിനോദ് സുകുമാരന്‍
ഗാനരചന:ഷിബു ചക്രവര്‍ത്തി,ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
സംഗീതം: റെക്സ് വിജയന്‍
പശ്ചാത്തല സംഗീതം: റെക്സ് വിജയന്‍
മേക്കപ്പ്: ജോ കൊരട്ടി
വിതരണം: നവരംഗ് സ്ക്രീന്‍സ്