21 Mar 2012

കര്‍മ്മയോഗി

1997ല്‍ സുരേഷ് ഗോപിയ്ക്ക് ഏറ്റവും നല്ല നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത സിനിമയാണ് ജയരാജിന്റെ കളിയാട്ടം. നവാഗതനായ ബല്‍റാം മട്ടന്നൂരാണ്
ഷേക്ക്‌
സ്പിയ്ര്‍ എഴുതിയ ഒഥല്ലോ എന്ന നാടകം ജയരാജിന് വേണ്ടി കളിയാട്ടം സിനിമയുടെ തിരക്കഥയാക്കിയത്. കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ബല്‍റാം മട്ടന്നൂര്‍ ഹാംലെറ്റ് എന്ന ഷേക്ക്‌സ്പിയ്ര്‍ നാടകത്തെ ആസ്പദമാക്കി തിരക്കഥ എഴുതിയ സിനിമയാണ് വി.കെ.പ്രകാശ് സംവിധാനം ചെയ്ത കര്‍മ്മയോഗി. ഹാംലെറ്റ് എന്ന കഥാപാത്രത്തെ കര്‍മ്മയോഗിയില്‍ അവതരിപ്പിച്ചിരിക്കുന്നത് ഇന്ദ്രജിത്താണ്. ഹാംലെറ്റ് എന്ന നാടകത്തിലെ പോലെ ഈ സിനിമയിലെ നായക കഥാപാത്രമായ രുദ്രന്‍ ഗുരുക്കളും ഒരു ദുരന്തനായകനാണ്. ഭഗവാന്‍ ശിവന്റെ അനുയായികളായാ യോഗി സമുദായത്തില്‍ ജനിച്ച ആളുകള്‍ ജീവിക്കുന്ന വടക്കന്‍ കേരളത്തിലെ ഒരു നാട്ടിലാണ് ഈ കഥ സംഭവിക്കുന്നത്‌. യോഗി സമുദായത്തില്‍ ജനിച്ച രുദ്രന്‍ ഗുരുക്കള്‍ ആയോധനകലയില്‍ കേമനാണ്. അച്ഛന്റെ മരണവും, അച്ഛന്റെ അനുജന്‍ ഭൈരവനുമൊത്തുള്ള അമ്മയുടെ രണ്ടാം വിവാഹവും രുദ്രനെ മാനസികമായി തളര്‍ത്തിയിരുന്നു. അച്ഛനെ കൊന്നയാളിനെ കണ്ടുപിടിക്കുക എന്ന ലക്ഷ്യവുമായി ജീവിക്കുന്ന രുദ്രന്‍ ഗുരുക്കളിന് ആ ലക്‌ഷ്യം നിറവെറാനാകുമോ എന്നതാണ് ഈ സിനിമയുടെ സസ്പെന്‍സ്. ബ്യൂട്ടിഫുള്‍ എന്ന സൂപ്പര്‍ ഹിറ്റ്‌ സിനിമയ്ക്ക് ശേഷം വി.കെ.പ്രകാശിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന കര്‍മ്മയോഗി നിര്‍മ്മിച്ചിരിക്കുന്നത് വച്ചന്‍ ഷെട്ടിയും സജിത പ്രകാശും ചേര്‍ന്നാണ്. ആര്‍.ഡി.രാജശേഖറാണ് ഈ സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ബീന പോളാണ് ചിത്രസന്നിവേശം. ഷിബു ചക്രവര്‍ത്തി എഴുതിയ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം നല്ക്കിയിരിക്കുന്ന ഈ സിനിമയില്‍ മൂന്ന് പാട്ടുകളാണുള്ളത്.

കഥ,തിരക്കഥ: ആവറേജ്
മലയാള സിനിമ പ്രേക്ഷകര്‍ എന്നും കൌതുകത്തോടെ കണ്ടിരുന്ന കഥയും കഥാപശ്ചാത്തലവുമാണ് ഈ സിനിമയ്ക്ക് വേണ്ടി തിരക്കഥകൃത്ത് ബല്‍റാം മട്ടന്നൂര്‍ തിരഞ്ഞെടുത്തത്. വടക്കന്‍ കേരളത്തിലെ ആയോധനകലയും അനുഷ്ട്ടാനങ്ങളും, യോഗി സമുദായത്തിലുള്ള മനുഷ്യരുടെ ജീവിതരീതിയും ഒക്കെ മലയാള സിനിമ പ്രേക്ഷകര്‍ക്ക്‌ പുതുമ നിറഞ്ഞവയാണ്.
ഷേക്ക്‌സ്പിയ്ര്‍ എഴുതിയ വിശ്വപ്രസിദ്ധമായ ഹാംലെറ്റ് എന്ന നാടകത്തെ ആസ്പദമാക്കിയുള്ള കഥയും, മേല്പറഞ്ഞ കഥാപശ്ചാത്തലവും കര്‍മ്മയോഗി സിനിമയെ വ്യതസ്തമാക്കുന്നു. പക്ഷെ, ഈ ഗുണങ്ങളൊന്നും ബല്‍റാം എഴുതിയ തിരക്കഥയില്‍ ഇല്ലാത്തതും, ഈ സിനിമയിലെ കഥാപത്രങ്ങളും കഥാഗതിയും കഥയോട് നീതി പുലര്‍ത്താത്ത രീതിയലായതും സിനിമയെ ദോഷകരമായി ബാധിച്ചു. കളിയാട്ടത്തിലൂടെ ഏവരുടെയും പ്രിയപ്പെട്ട എഴുത്തുകാരനായ ബല്‍റാം മട്ടന്നൂര്‍ കര്‍മ്മയോഗി സിനിമയുടെ തിരക്കഥയിലൂടെ ഏവരെയും നിരാശപെടുത്തി എന്ന് പറയുന്നതില്‍ ഖേദമുണ്ട്. മികവുറ്റ കഥയും, കഴിവുള്ള അഭിനെത്തക്കളെയും പൂര്‍ണമായി ഉപയോഗിക്കുവാന്‍ തിരക്കഥ രചയ്താവിനോ സംവിധായകനോ സാധിച്ചിട്ടില്ല.  

സംവിധാനം: ബിലോ ആവറേജ്
വി.കെ.പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുള്‍ എന്ന സിനിമയ്ക്ക് മുമ്പ് തന്നെ അദ്ദേഹം സംവിധാനം ചെയ്ത സിനിമയാണ് കര്‍മ്മയോഗി. വി.കെ.പി എന്നറിയപെടുന്ന സംവിധായകന്റെ പത്നി സജിത പ്രകാശും വച്ചന്‍ ഷെട്ടിയും ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഓരോ രംഗങ്ങളും മികച്ചതായി പ്രേക്ഷകര്‍ക്ക്‌ തോന്നണമെങ്കില്‍, അവര്‍ ഇന്നുവരെ കാണാത്ത മനോഹരമായ വിഷ്വല്‍സ് ഒരുക്കുകയും, അനിയോജ്യമായ പശ്ചാത്ത സംഗീതം നല്‍ക്കുകയും, കഥാപാത്രങ്ങള്‍ക്ക് ഉതകുന്ന രീതിയിലുള്ള നടീനടന്മാരെ അഭിനയിപ്പിക്കുകയും ചെയ്യണമായിരുന്നു സംവിധായകന്‍. ഈ സിനിമയിലെ വില്ലന്‍ കഥാപാത്രം ചെയ്തിരിക്കുന്ന തലൈവാസല്‍ വിജയ്‌ എന്ന നടന് ഒരുപാട് അഭിനയ സാധ്യതകളുള്ള ഒരു കഥാപാത്രം ലഭിച്ചിട്ടും, അത് ഭംഗിയായി അവതരിപ്പിക്കുവാന്‍ സാധിച്ചില്ല. അതുപോലെ തന്നെ, മികച്ച ലോക്കെഷന്‍സ് കണ്ടുപിടിക്കുവാന്‍ സാധിച്ച ചായാഗ്രാഹകന് മികവുറ്റ വിഷ്വല്‍സ് ഒരുക്കുവാനും സാധിച്ചില്ല. വി.കെ.പ്രകാശ്‌ എന്ന സംവിധായകന്‍ ലാഘവത്തോടെ ഈ സിനിമയെ സമീപിച്ചത് കൊണ്ടാവണം മേല്പറഞ്ഞ കാര്യങ്ങള്‍ ഒന്നും ശ്രദ്ധിക്കാതെ പോയത്.  

സാങ്കേതികം: ആവറേജ്
ഷിബു ചക്രവര്‍ത്തി-ഔസേപ്പച്ചന്‍ ടീം ഒരുക്കിയ മൂന്ന് ഗാനങ്ങള്‍ മികച്ചു നില്‍ക്കുന്നു. ഈ
സിനിമയിലെ "ചന്ദ്രചൂഡ" എന്ന തുടങ്ങുന്ന ഗാനം ഏറെ മികച്ചതായി അനുഭവപെട്ടു. ആര്‍.ഡി. രാജശേഖര്‍ ഒരുക്കിയ ദ്രിശ്യങ്ങളും, ബീന പോളിന്റെ സന്നിവേശവും ശരാശരി നിലവാരമേ പുലര്‍ത്തുനുള്ളു. പഴയ കാലഘട്ടത്തിലെ കഥപറയുന്ന ഈ സിനിമയില്‍ നിത്യ മേനോന്റെ വേഷവിധാനം ഒരല്പം പുതുമയുള്ളതു പോലെ അനുഭവപെട്ടു. മറ്റെല്ലാ സാങ്കേതിക വശങ്ങളും ശരാശരി നിലവാരം പുലര്‍ത്തിയിട്ടുണ്ട്. 

അഭിനയം: എബവ് ആവറേജ്
ഹിന്ദി സിനിമകളില്‍ ഒരുകാലത്ത് ഏവരുടെയും പ്രിയപ്പെട്ട നായികയായിരുന്ന പത്മിനി കോലാപുരി ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയാണ് കര്‍മ്മയോഗി. ഇന്ദ്രജിത്ത് അവതരിപ്പിച്ച രുദ്രന്‍ ഗുരുക്കളുടെ അമ്മ മങ്കമ്മയാ
യാണ് പത്മിനി ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ തലൈവാസല്‍ വിജയ്‌, എം.ആര്‍.ഗോപകുമാര്‍, സൈജു കുറുപ്പ്, മണികുട്ടന്‍, അശോകന്‍, ബാബു നമ്പൂതിരി, ശ്രീജിത്ത്‌ രവി, വിനയ് ഫോര്‍ട്ട്‌, നിത്യ മേനോന്‍ എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കള്‍. തലൈവാസല്‍ വിജയ്ക്ക് ശബ്ദം നല്‍ക്കിയ നടന്‍ റിസബാവയ്ക്ക് മികച്ച ഡബ്ബിംഗ് ആര്‍ടിസ്റ്റ്നുള്ള സംസ്ഥാന അവാര്‍ഡ്‌ ലഭിച്ചത് കര്‍മയോഗിയിലൂടെയാണ്. ഈ സിനിമയിലെ എല്ലാ നടീനടന്മാരും മോശമാക്കാതെ അവരവരുടെ രംഗങ്ങള്‍ അഭിനയിച്ചിട്ടുണ്ട്.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. കഥ
2. ലോക്കെഷന്‍സ്
3. ഇന്ദ്രജിത്തും
സൈജു കുറുപ്പും തമ്മിലുള്ള വാള്‍പയറ്റ്   
4. ഷിബു ചക്രവര്‍ത്തി-ഔസേപ്പച്ചന്‍ ടീമിന്റെ പാട്ടുകള്‍
  
സിനിമയുടെ മൈനസ് പോയിന്റ്സ്:
1.കഥാസന്ദര്‍ഭങ്ങളും, കഥാപാത്രങ്ങളും
2.വി.കെ.പ്രകാശിന്റെ സംവിധാനം 

കര്‍മ്മയോഗി റിവ്യൂ: നല്ലൊരു കഥ ലഭിച്ചിട്ടും ബല്‍റാം മട്ടന്നൂരിന് മികച്ച കഥാസന്ദര്‍ഭങ്ങള്‍ എഴുതുവാനോ ശക്തമായ കഥാപാത്രങ്ങളെ സൃഷ്ടിക്കുവാനോ സാധിക്കാഞ്ഞതും, മികവുറ്റ രംഗങ്ങള്‍ ഒരുക്കി കളിയാട്ടം പോലെ ഒരു മികച്ച സിനിമയാക്കുവാന്‍
സംവിധായകന്‍ വി.കെ.പ്രകാശിന് സാധിക്കാഞ്ഞതും കര്‍മ്മയോഗി എന്ന സിനിമയെ ദോഷകരമായി ബാധിച്ചു.

കര്‍മ്മയോഗി റേറ്റിംഗ്: 4.30 / 10  
കഥ,തിരക്കഥ: 5 / 10 [ആവറേജ് ]
സംവിധാനം: 3 / 10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5 / 5 [ആവറേജ് ]
അഭിനയം: 2.5 / 5 [ആവറേജ് ]
ആകെ മൊത്തം: 13 / 30 [4.3 / 10]

സംവിധാനം: വി.കെ.പ്രകാശ്
കഥ, തിരക്കഥ, സംഭാഷണം: ബല്‍റാം മട്ടന്നൂര്‍
നിര്‍മ്മാണം: വച്ചന്‍ ഷെട്ടി, സജിത പ്രകാശ്‌
ചായാഗ്രഹണം: ആര്‍.ഡി. രാജശേഖര്‍
ചിത്രസന്നിവേശം: ബീന പോള്‍
വരികള്‍: ഷിബു ചക്രവര്‍ത്തി
സംഗീതം: ഔസേപ്പച്ചന്‍

20 Mar 2012

ഓറഞ്ച്

2002ല്‍ മമ്മൂട്ടിയെ നായകനായി അഭിനയിച്ച ഫാന്റം എന്ന സിനിമയ്ക്ക് ശേഷം ബിജു വര്‍ക്കി സംവിധാനം നിര്‍വഹിച്ച സിനിമയാണ് ഓറഞ്ച്. സംവിധായകന്‍ ബിജു വര്‍ക്കിയുടെ തന്നെ കഥയ്ക്ക്‌, ബിജു വര്‍ക്കിയും സുരേഷ് കൊച്ചമ്മിണിയും ചേര്‍ന്നാണ് തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ രചിച്ചത്. മറയൂര്‍ എന്ന മലയോര ഗ്രാമ പ്രദേശത്ത് നടക്കുന്ന പ്രണയവും സസ്പെന്‍സും ആക്ഷനും ചേര്‍ന്ന ഒരു ത്രില്ലര്‍ ഗണത്തില്‍പെടുന്ന സിനിമയാണ് ഓറഞ്ച്. കലാഭവന്‍ മണി, ബിജു മേനോന്‍, സലിം കുമാര്‍, പ്രശാന്ത് നാഥ്, ലെന, ഗംഗ ബാബു എന്നിവരാണ് ഓറഞ്ച് സിനിമയിലെ പ്രധാന അഭിനേതാക്കള്‍. സ്വരാജ് ഫിലിംസിന്റെ ബാനറില്‍ രവി ബാംഗ്ലൂര്‍ നിര്‍മ്മിച്ച  ഓറഞ്ച് സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചത് രാമലിംഗമാണ്. റഫീക്ക് അഹമ്മദും സി.ആര്‍.മേനോനും ചേര്‍ന്നെഴുതിയ വരികള്‍ക്ക് സംഗീതം നല്ക്കിയത് മണികാന്ത് ഖദ്രിയും അഫ്സല്‍ യുസഫും ചേര്‍ന്നാണ്. 

യാകോബിയും ഭാര്യ സരിതയും മകള്‍ ദിയയും സന്തോഷകരമായ ജീവിതം മുന്നോട്ടു നയിച്ചുകൊണ്ടിരിക്കുമ്പോള്‍, അവരുടെ ജീവിതത്തിലെ ഭൂതകാലത്ത് സംഭവിച്ച ചില അനിഷ്ടസംഭവങ്ങള്‍ ഓര്‍മപെടുത്തി കൊണ്ട് യക്കോബിയുടെ പഴയ സുഹൃത്ത് ബാബൂട്ടന്‍ വരുന്നു. ബാബൂട്ടന്റെ വരവോടെ സമാധാനപരമായ യക്കോബിയുടെയും സരിതയുടെയും ജീവിതം ദുരിതപൂര്‍ണമാകുന്നു. ഇതിനടയില്‍, അനുജനെ പോലെ സ്നേഹിച്ച ജിത്ത് എന്ന ചെറുപ്പകാരനും, തന്റെ മകള്‍ ദിയയുമായി അടുപ്പത്തിലാണ് എന്നറിയുകയും ചെയ്യുന്ന യാകോബിയുടെ മാനസിക സംഘര്‍ഷത്തിന്റെ കഥയാണ് ബിജു വര്‍ക്കി ഈ സിനിമയിലൂടെ പറയുവാന്‍ ഉദ്ദേശിച്ചത്. യാക്കോബിയായി കലാഭവന്‍ മണിയും, ബാബൂട്ടനായി ബിജു മേനോനും, സരിതയായി ലെനയും, ജിത്തായി പ്രശാന്ത് നാഥും, ദിയയായി ഗംഗ ബാബുവും അഭിനയിച്ചിരിക്കുന്നു.  


കഥ, തിരക്കഥ: ആവറേജ്
സംവിധായകന്‍ ബിജു വര്‍ക്കിയാണ് ഓറഞ്ച് സിനിമയുടെ കഥ എഴുതിയിര്‍ക്കുന്നത്. മലയാള സിനിമയില്‍ ഇതിനുമുമ്പ് പുറത്തിറങ്ങിയ ഒന്നുരണ്ടു സിനിമകളുടെ കഥയുമായി സാമ്യമുള്ള കഥയാണ് ഓറഞ്ച് സിനിമയുടേതു. കേട്ടുപഴകിയ ഒരു പ്രമേയം, തരക്കേടില്ലാത്ത തിരക്കഥയാക്കുവാന്‍ ബിജു വര്‍ക്കിക്കും സുരേഷ് കൊച്ചമ്മിണിയ്ക്കും സാധിച്ചിട്ടുണ്ട്. പ്രേക്ഷകരുടെ കണ്ണുനനയിപ്പിക്കുന്ന അച്ഛന്‍-മകള്‍ ബന്ധവും, നായകനും പ്രതിനായകനും തമ്മിലുള്ള ത്രില്ലിംഗ് ആയ രംഗങ്ങളും സംഭാഷണങ്ങളും, പ്രണയ രംഗങ്ങളും പാട്ടുകളും ഓറഞ്ച് എന്ന സിനിമയെ വ്യതസ്തമാക്കുന്നു.  പ്രേക്ഷകരുടെ യുക്തിയെ ചോദ്യം ചെയ്യാതെ മുന്നോട്ടു നീങ്ങുന്ന കഥയില്‍, ക്ലൈമാക്സിനു തൊട്ടു മുമ്പുള്ള ഒന്നുരണ്ടു രംഗങ്ങള്‍ ഒഴികെ, ഓറഞ്ച് സിനിമയിലെ ഒട്ടുമിക്ക രംഗങ്ങളെല്ലാം പ്രേക്ഷകരെ ആസ്വദിപ്പിക്കുന്നുണ്ട്. ശരാശരി നിലവാരത്തിലുള്ള ഒരു പ്രമേയവും കഥയും, പ്രേക്ഷകര്‍ക്ക്‌ കണ്ടിരിക്കുവാന്‍ പാകത്തിലക്കിയത് ബിജു വര്‍ക്കിയുടെ കഴിവ് തന്നെ എന്നതില്‍ സംശയമില്ല.


സംവിധാനം: ആവറേജ്
ഫാന്റം എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയ സംവിധായകനാണ് ബിജു വര്‍ക്കി.  മേല്‍പറഞ്ഞത്‌ പോലെ, ഓറഞ്ച് എന്ന സിനിമ ശരാശരി നിലവാരത്തില്‍ എത്തുവാനുള്ള കാരണം ബിജു വര്‍ക്കിയുടെ ത്രില്ലടിപ്പിക്കുന്ന സംവിധാനം തന്നെ. കുടുംബബന്ധവും പ്രണയ രംഗങ്ങളും സംഘട്ടന രംഗങ്ങളും സെന്റിമെന്‍സ് നിറഞ്ഞ രംഗങ്ങളും ഒരേ അളവില്‍ സിനിമയില്‍ ഉള്‍പെടുത്തിയത്‌ സംവിധായകന്റെ കഴിവ് തന്നെ. മികച്ച അഭിനെത്തകളെ ഈ സിനിമയിലേക്ക് തിരഞ്ഞെടുത്തതാണ് ബിജു വര്‍ക്കി ചെയ്ത മറ്റൊരു നല്ല കാര്യം. കലാഭവന്‍ മണിയ്ക്ക് സമീപകാലത്ത് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമാണ് ഈ സിനിമയിലെ യക്കോബി. പുതുമയുള്ള കഥകൂടി തിരഞ്ഞെടുക്കുവാന്‍ ബിജു വര്‍ക്കിക്ക് സാധിച്ചിരുന്നുവെങ്കില്‍, ഫാന്റം പോലെ ഓറഞ്ച് സിനിമയും ശ്രദ്ധിക്കപെടുമായിരുന്നു. 
 

 
സാങ്കേതികം: ആവറേജ്
റഫീക്ക് അഹമ്മദും സി.ആര്‍.മേനോനും ചേര്‍ന്നെഴുതിയ വരികള്‍ക്ക് സംഗീതം നല്ക്കിയിരിക്കുന്നത് മണികാന്ത് ഖദ്രിയും അഫ്സല്‍ യുസഫും ചേര്‍ന്നാണ്. രണ്ടു പാട്ടുകളുള്ള ഈ സിനിമയില്‍ രണ്ടും യുഗ്മാഗാനങ്ങളാണ്. കേള്‍ക്കാന്‍ ഇമ്പമുള്ള പാട്ടുകള്‍ മറയൂരിലെ മനോഹരമായ ലോക്കെഷനുകളിലാണ് ചായഗ്രഹകാന്‍ രാമലിംഗം ചിത്രീകരിച്ചിരിക്കുന്നത്. മറയൂരിലെ കണ്ണിനു കുളിര്‍മയുള്ള ലൊക്കേഷനുകള്‍ ക്യാമറയില്‍ പകര്‍ത്തി എന്നതല്ലാതെ പ്രേക്ഷകനെ വിസ്മയിപ്പിക്കുന്ന ദ്രിശ്യങ്ങളൊന്നും രാമലിംഗം പകര്‍ത്തിയിട്ടില്ല. ചിതസന്നിവേശം നിര്‍വഹിച്ച ബി.അജിത്കുമാര്‍, ദ്രിശ്യങ്ങള്‍ വലിച്ചുനീട്ടുവാന്‍ ശ്രമച്ചത് ദോഷകരമായി ബാധിച്ചിട്ടുണ്ട്.


അഭിനയം: എബവ് ആവറേജ്
കലാഭവന്‍ മണിയ്ക്ക് ഏറെ നാളുകള്‍ക്കു ശേഷം ലഭിച്ച ശക്തമായ കഥാപാത്രം മികവുറ്റ രീതിയില്‍ അഭിനയിച്ചു ബലിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. യക്കോബി എന്ന ഭര്‍ത്താവിന്റെ അച്ഛന്റെ സുഹൃത്തിന്റെ മാനസിക സംഘര്‍ഷങ്ങള്‍ വിശ്വസനീയമായി അവതരിപ്പിക്കുവാന്‍ കലാഭവന്‍ മണിയ്ക്ക് കഴിഞ്ഞു. അതുപോലെ തന്നെ, ബിജു മേനോനും, ലെനയും, ഗംഗ ബാബുവും മികച്ച അഭിനയം കാഴ്ച്ചവെചിട്ടുണ്ട് ഈ സിനിമയില്‍. ഇവരെ കൂടാതെ, സലിം കുമാര്‍, മച്ചാന്‍ വര്‍ഗീസ്‌, ജാഫര്‍ ഇടുക്കി, മണികണ്ടന്‍, സോനാ നായര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു ഈ സിനിമയില്‍. 


സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. സംഭാഷണങ്ങള്‍, സംവിധാനം
2. കലാഭവന്‍ മണി, ബിജു മേനോന്‍, ലെന, ഗംഗ ബാബു എന്നിവരുടെ അഭിനയം
3. സിനിമയുടെ ആദ്യപകുതി
4. സംഗീതം

 
സിനിമയുടെ മൈനസ് പോയിന്റ്സ്:
1. പ്രവചിക്കാനവുന്ന കഥ
2. ക്ലൈമാക്സിനു മുമ്പുള്ള രംഗങ്ങള്‍
3. ചിത്രസന്നിവേശം 

  
ഓറഞ്ച് റിവ്യൂ: കേട്ടുപഴകിയ പ്രമേയവും കഥയുമാണ് ഓറഞ്ച് സിനിമയുടെതെങ്കിലും, ബിജു വര്‍ക്കി എഴുതിയ സംഭാഷണങ്ങളും ത്രില്ലടിപ്പിക്കുന്ന സംവിധാനവും കലാഭവന്‍ മണിയുടെ അഭിനയവും ഈ സിനിമയെ വ്യതസ്തമാക്കുന്നു.  
 

ഓറഞ്ച് റേറ്റിംഗ്: 4.50 / 10
കഥ, തിരക്കഥ: 3 / 10 [ബിലോ
ആവറേജ്]
സംവിധാനം: 5 / 10 [ആവറേജ്]
സാങ്കേതികം: 2.5 / 5 [ആവറേജ്]
അഭിനയം: 3 / 5 [എബവ് ആവറേജ്]
ടോട്ടല്‍: 13.5 / 30 [4.5 / 10]

 
കഥ, സംഭാഷണം, സംവിധാനം: ബിജു വര്‍ക്കി
തിരക്കഥ: ബിജു വര്‍ക്കി, സുരേഷ് കൊച്ചമ്മിണി
നിര്‍മ്മാണം: രവി ബാംഗ്ലൂര്‍
ചായാഗ്രഹണം: രാമലിംഗം

ചിതസന്നിവേശം: ബി.അജിത്കുമാര്‍   
വരികള്‍: റഫീക്ക് അഹമ്മദ്, സി.ആര്‍. മേനോന്‍
സംഗീതം: മണികാന്ത് ബദ്രി, അഫ്സല്‍ യുസഫ് 

3 Mar 2012

തത്സമയം ഒരു പെണ്‍കുട്ടി

രതിനിര്‍വേദത്തിനു ശേഷം ടി.കെ.രാജീവ്‌ കുമാര്‍ സംവിധാനം ചെയ്ത സിനിമയാണ് തത്സമയം ഒരു പെണ്‍കുട്ടി. റീല്‍ ടു റീല്‍ സിനി പ്രൊഡക്ഷസിന്റെ ബാനറില്‍ അഞ്ചു സുഹൃത്തുക്കള്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ സിനിമയില്‍ നിത്യ മേനോനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. ഒരു റിയാലിറ്റി ഷോയും അതിലെ മുഖ്യ കഥാപാത്രവുമാകുന്ന മഞ്ജുള അയ്യപ്പന്‍ എന്ന സാധാരണക്കാരിയുടെ വേഷത്തിലാണ് നിത്യ മേനോന്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്. നവാഗതരായ സണ്ണി ജോസഫ്‌, മാനുവല്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് രചന നിര്‍വഹിച്ച ഈ സിനിമയുടെ പ്രമേയം കൌതുകകരമായ ഒരു സംഭവമാണ്. കേരളത്തിലെ കുടുംബങ്ങള്‍ റിയാലിറ്റി ഷോകളെ എങ്ങനെ നോക്കിക്കാണുന്നു എന്നും, അതിനെ ദുര്യുപയോഗപെടുത്തി ചാനലുകാര്‍ സാധാരണക്കാരെ ചൂഷണം ചെയ്യുന്നതുമാണ്  ഈ സിനിമയിലൂടെ ചര്ച്ചചെയ്യപെടുന്ന വിഷയം. സംഗീത പരിപാടികളുടെ റിയാലിറ്റി ഷോ നടത്തി പണം വാരുന്ന മറ്റു ചാനലുകള്‍ക്കെതിരെ ശക്തമായ ഒരു റിയാലിറ്റി ഷോ നടത്തുവാന്‍ തീരുമാനിക്കുകയാണ് റിയല്‍ ടീ വി എന്ന ചാനല്‍. റിയല്‍ ടീ വിയിലെ ഏറ്റവും പുതിയ റിയാലിറ്റി ഷോ ആണ് തത്സമയം ഒരു പെണ്‍കുട്ടി. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങള്‍ തത്സമയം ടീ.വിയില്‍ പ്രക്ഷേപണം ചെയ്യുക എന്നതാണ് ആ ഷോ കൊണ്ട് ചാനലുകാര്‍ ഉദ്ദേശിക്കുന്നത്. പ്രേക്ഷകര്‍ക്ക്‌ റിയാലിറ്റി ഷോ കൂടുതല്‍ ഇഷ്ടപെടുവാന്‍ വേണ്ടി മഞ്ജുളയുടെ ജീവിതത്തില്‍ അവിചാരിതമായ കുറെ പ്രശ്നങ്ങള്‍ സൃഷ്ട്ടികുകയാണ് ചാനലുകാര്‍. ഈ പ്രശ്നങ്ങളൊക്കെ മഞ്ജുള എങ്ങനെ നേരിടുന്നു എന്നാണ് ഈ സിനിമയുടെ കഥ.  

മഞ്ജുള അയ്യപ്പനായി മോശമല്ലാത്ത അഭിനയം കാഴ്ച്ചവെക്കുവാന്‍ നിത്യ മേനോന് സാധിച്ചു. നിത്യയെ കൂടാതെ സിദ്ദിക്ക്, ശ്വേത മേനോന്‍, ബാബുരാജ്, ഉണ്ണി മുകുന്ദന്‍, മണിയന്‍പിള്ള രാജു, ടിനി ടോം, ചെമ്പില്‍ അശോകന്‍, സുരാജ് വെഞ്ഞാറമൂട്, വിനായകന്‍, കോട്ടയം നസീര്‍, കലാഭവന്‍ നവാസ്, കൊച്ചുപ്രേമന്‍, ബൈജു, കെ.പി.എ.സി.ലളിത, ദേവി ചന്ദന എന്നിവരുമുണ്ട് ഈ സിനിമയില്‍. നവാഗതനായ വിനോദ് ഇല്ലംപില്ലി ചായാഗ്രഹണം നിര്‍വഹിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം പൂര്‍ണമായും തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമാണ് നടന്നിരിക്കുന്നത്.  

കഥ, തിരക്കഥ: മോശം
നവാഗതരായ മാനുവല്‍ ജോര്‍ജും സണ്ണി ജോസെഫും ചേര്‍ന്നെഴുതിയ തിരക്കഥയില്‍ അപാകതകള്‍ ഏറെയാണ്‌. കൌതുകകരമായ ഒരു കഥ ഈ സിനിമയ്ക്ക് ഉണ്ടെങ്കിലും, അവിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളിലൂടെയാണ് ഈ സിനിമയുടെ കഥ സഞ്ചരിക്കുന്നത്. കൃത്രിമത്വം നിറഞ്ഞ കഥസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും പ്രവചിക്കനവുന്ന രംഗങ്ങളും ക്ലൈമാക്സും ഈ സിനിമയ്ക്ക് പിന്നിലുള്ള കൌതുകം നഷ്ടപെടുത്തി. തത്സമയം ഒരു പെണ്‍കുട്ടി എന്ന ടീവി പരിപാടിയിലൂടെ കുറെ സാമൂഹ്യ പ്രശ്നങ്ങള്‍ക്കെതിരെ വിരല്ചൂടുന്നുണ്ടെങ്കിലും, ആ പ്രശങ്ങള്‍ പരിഹരിക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ അവിശ്വസനീയത അനുഭവപെട്ടു. സമീപകാലത്തിറങ്ങിയ സിനിമകളുമായി താരതമ്യം ചെയ്താല്‍, ഏറ്റവും മോശമായ തിരക്കഥ രചനയാണ് ഈ സിനിമയുടെത്.

സംവിധാനം: മോശം
കമല്‍ഹാസന്‍(ചാണക്യന്‍), മമ്മൂട്ടി(മഹാനഗരം), മോഹന്‍ലാല്‍(പവിത്രം, ഒരു നാള്‍ വരും), ജയറാം(വക്കാലത്ത് നാരായണന്‍കുട്ടി) തുടങ്ങിയ പ്രഗല്‍ഭരായ നടന്മാരുടെ സിനിമകള്‍ സംവിധാനം ടി.കെ.രാജീവ്‌ കുമാര്‍ ആണ് തത്സമയം ഒരു പെണ്‍കുട്ടി എന്ന സിനിമയുടെ സംവിധായകന്‍. നിലവാരമില്ലാത്ത സംവിധാനമാണ് ഈ സിനിമയെ ഇത്രയ്ക്ക് മോശമാക്കിയത് എന്ന് പറയുന്നതില്‍ ഖേദമുണ്ട്. ലോകത്തുള്ള പല മലയാളികളും തത്സമയം ഒരു പെണ്‍കുട്ടി എന്ന ടീവി ഷോ ഒന്നാം ദിവസം ഏതു സ്ഥലത്ത് നിന്നുകൊണ്ടോ ഇരുന്നുകൊണ്ടോ കാണുന്നുവോ, ഷോയുടെ നാലാം ദിവസവും, അവസാന ദിവസവും പ്രേക്ഷകരെല്ലാവരും അതെ സ്ഥലങ്ങളില്‍ നിന്നാണ് ആ ടീവി ഷോ കാണുന്നത്. സീരിയലുകള്‍ പോലും ഭേദമായി തുടങ്ങിയിരിക്കുന്ന ഈ കാലഘട്ടത്തില്‍, ഇത്രയും അവിശ്വസനീയമായ സിനിമയൊരുക്കുവാന്‍ ടി.കെ.രാജീവ്കുമാറിനു എങ്ങനെ സാധിച്ചു എന്ന വസ്തുത അത്ഭുതത്തോടെ നോക്കിക്കാണുന്നു. 

സാങ്കേതികം: ബിലോ ആവറേജ്
നവാഗതനായ വിനോദ് ഇല്ലംപിള്ളിയാണ് ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സംവിധായകന്റെ നിര്‍ദേശപ്രകാരം കുറെ രംഗങ്ങള്‍ ചിത്രീകരിച്ചു എന്നതല്ലാതെ മറ്റൊന്നും വിനോദ് ചെയ്തിട്ടില്ല. ഈ സിനിമയുടെ ചിത്രസന്നിവേശം നിര്‍വഹിച്ച അജിത്കുമാറും നിലവാരമില്ലാത്ത രീതിയിലാണ് ദ്രിശ്യങ്ങള്‍ ചേര്‍ത്ത് വെച്ചിരിക്കുന്നത്. സാങ്കേതിക വശങ്ങളില്‍ ഭേദമായി തോന്നിയത് ശരത് സംഗീതം നല്‍ക്കിയ പാട്ടുകളാണ്. പോന്നോടുപൂവയീ...എന്ന തുടങ്ങുന്ന ഗാനം മികവുപുലര്‍ത്തി. 

അഭിനയം: ആവറേജ്
തത്സമയം ഒരു പെണ്‍കുട്ടിയായ മഞ്ജുള അയ്യപ്പനെന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നിത്യ മേനോന് മോശമല്ലാത്ത അഭിനയം കാഴ്ചവെച്ചിട്ടുണ്ട്. നിത്യയുടെ അച്ഛന്റെ വേഷമഭിനയിച്ച മണിയന്‍പിള്ള രാജുവും, സിദ്ദിക്കും, ബാബു രാജും, ശ്വേത മേനോനും അവരവരുടെ രംഗങ്ങള്‍ മോശമാക്കിയില്ല. ചെറിയ വേഷമാണ് എങ്കിലും, പുതുമുഖ നടന്‍ ഉണ്ണി മുകുന്ദന്‍ മോശമാക്കിയില്ല.    

സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. പ്രമേയം
2. പോന്നോടുപൂവായി എന്ന് തുടങ്ങുന്ന പാട്ട്  

 
സിനിമയുടെ മൈനസ് പോയിന്റ്സ്:
1. കഥാപാത്രങ്ങളും, കഥാസന്ദര്‍ഭങ്ങളും
2. ടി.കെ. രാജീവ്കുമാറിന്റെ സംവിധാനം
3. ചായാഗ്രഹണം, ചിത്രസന്നിവേശം
4. ക്ലൈമാക്സ്  
 
തത്സമയം ഒരു പെണ്‍കുട്ടി റിവ്യൂ: കെട്ടിച്ചമച്ച കഥാസന്ദര്‍ഭങ്ങള്‍ എന്ന് തോന്നിപ്പിക്കുന്ന കുറെ രംഗങ്ങളും, ടി.കെ രാജീവ്കുമാറിനെ പോലെ പരിചയസമ്പത്തുള്ള ഒരു സംവിധായകനില്‍ നിന്നും പ്രതീക്ഷിക്കാത്ത തരത്തിലുള്ള നിലവാരമില്ലാത്ത സംവിധാനവും തത്സമയം ഒരു പെണ്‍കുട്ടി എന്ന സിനിമയെ നിലവാരമില്ലാത്ത ഒരു സിനിമയാക്കി മാറ്റി.  
 
തത്സമയം ഒരു പെണ്‍കുട്ടി റേറ്റിംഗ്: 2.10 / 10
കഥ, തിരക്കഥ: 1 / 10 [മോശം]
സംവിധാനം:
1 / 10 [മോശം]
സാങ്കേതികം: 2 / 5 [ബിലോ ആവറേജ്]
അഭിനയം: 2.5 / 5 [ആവറേജ്]
ടോട്ടല്‍: 6.5 / 30 [2.1 / 10]
 
സംവിധാനം: ടി.കെ.രാജീവ്കുമാര്‍
നിര്‍മ്മാണം: റീല്‍ ടു റീല്‍
കഥ, തിരക്കഥ, സംഭാഷണം: സണ്ണി ജോസഫ്‌, മാനുവല്‍ ജോര്‍ജ്
ചായാഗ്രഹണം: വിനോദ് ഇല്ലംപിള്ളി
ചിത്രസന്നിവേശം: അജിത്‌കുമാര്‍
വരികള്‍: ബീയര്‍ പ്രസാദ്‌, മുരുകന്‍ കാട്ടാക്കട
സംഗീതം: ശരത് 

28 Feb 2012

ഫാദേര്‍സ് ഡേ

ഇഷ്ടം, നമ്മള്‍, സ്വന്തം ലേഖകന്‍, ആഗതന്‍ എന്നീ സിനിമകളുടെ തിരക്കഥകൃത്ത് കലവൂര്‍ രവികുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് ഫാദേഴ്സ് ഡേ. അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെയും, പിതൃത്വം അന്വേഷിച്ചുള്ള ഒരു മകന്റെ യാത്രയും പ്രതീകാരവുമാണ് ഫാദേഴ്സ് ഡേ എന്ന സിനിമയുടെ കഥ. പുതുമുഖം ഷേഹിന്‍ നായകാനായ ഈ സിനിമയില്‍ 2010ലെ മിസ്സ്‌ കേരളയായി തിരഞ്ഞെടുത്ത ഇന്ദു തമ്പിയാണ് നായിക. അമ്മയുടെ വേഷത്തിലെത്തുന്നത് രേവതിയാണ്‌. ഭരത് ക്രിയേഷന്‍സിന്റെ ബാനറില്‍ ഭരത് സാമുവല്‍ നിര്‍മ്മിച്ച ഫാദേഴ്സ് ഡേ, കലവൂര്‍ രവികുമാര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ്. എസ.ജി.രാമന്‍ ചായാഗ്രഹണം നിര്‍വഹിച്ച ഈ സിനിമയുടെ ചിത്രസന്നിവേശം നിര്‍വഹിച്ചത് കെ.ശ്രീനിവാസാണ്. ഓ.എന്‍.വി.കുറുപ്പ്, രാജീവ്‌ ആലുങ്കല്‍, ബി.ശ്രീലേഖ എന്നിവര്‍ എഴുതിയ പാട്ടിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് എം.ജി.ശ്രീകുമാര്‍, സജിന്‍ മംഗലത്ത് എന്നിവര്‍ ചേര്‍ന്നാണ്. ഔസേപ്പച്ചനാണ് പശ്ചാത്തല സംഗീതം. 

നാല് വ്യക്തികളുടെ ശാരീരിക പീഡനത്തിനിരയായതിന്റെ മാനസിക വിഷമം അനുഭവിച്ചുകൊണ്ട് വര്‍ഷങ്ങളായി ജീവിക്കുന്ന സീതാലക്ഷ്മി എന്ന കോളേജ് അധ്യാപികയെ തേടി, അതെ കോളേജിലേക്ക് ജോസഫ്‌ കെ. ജോസഫ് എന്ന 22 വയസുള്ള ഗവേഷണ വിദ്യാര്‍ഥി എത്തുന്നു. ചില പ്രത്യേക ലക്ഷ്യവുമായി എത്തുന്ന ജോസഫ് കെ.ജോസഫിനെ സാഹയിക്കുന്നത് സീതാലക്ഷ്മിയുടെ അനന്തരവളാണ്. സീതാലക്ഷ്മിയുടെ ജീവിതത്തിലുണ്ടായ ദുരന്തങ്ങളുടെ കാരണക്കാരെ കണ്ടുപിടിക്കുക എന്നതാണ് ജോസഫിന്റെ ലക്‌ഷ്യം. ജോസഫ് അവരെ കണ്ടുപിടിക്കുമോ, അവരോടു പ്രതികാരം ചെയ്യുമോ എന്നതാണ് ഈ സിനിമയുടെ കഥ. ജോസെഫായി ഷേഹിനും, സീതലക്ഷ്മിയായി രേവതിയും അഭിനയിക്കുന്നു. ഇവരെ കൂടാതെ, ലാല്‍, വിനീത്, ശങ്കര്‍, സുരേഷ് കൃഷ്ണ, ജഗതി ശ്രീകുമാര്‍, വിജയ്‌ മേനോന്‍, ഇടവേള ബാബു, വെട്ടുകിളി പ്രകാശ്, ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി, കെ.പി.എ.സി.ലളിത, റീന ബഷീര്‍, മായ വിശ്വനാഥ്, ലക്ഷ്മിപ്രിയ എന്നിവരാണ് ഈ സിനിമയിലെ മറ്റു അഭിനേതാക്കള്‍. 

കഥ, തിരക്കഥ: എബവ് ആവറേജ്
ആഗതന്‍, നവാഗതര്‍ക്ക് സ്വാഗതം എന്നീ സിനിമകള്‍ക്ക്‌ ശേഷം കലവൂര്‍ രവികുമാര്‍ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയ സിനിമയാണ് ഫാദേഴ്സ് ഡേ. അമ്മയെയും അമ്മയുടെ ഭൂതകാലവും അതിനു കാരണക്കാരെയും അന്വേഷിക്കാനെത്തുന്ന ഒരു മകന്റെ അമ്മയോടുള്ള സ്നേഹതതിന്റെയും അമ്മയെ ദ്രോഹിച്ചവരോടുള്ള പ്രതികാരത്തിന്റെയും കഥയാണ് ഫാദേഴ്സ് ഡേ സിനിമയിലൂടെ കലവൂര്‍ രവികുമാര്‍ പറയുവാന്‍ ഉദ്ദേശിച്ചത്. ശക്തമായ ഒരു പ്രമേയവും കഥയും ഈ സിനിമയ്ക്കുണ്ടെങ്കിലും, കെട്ടുറപ്പില്ലാത്ത കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും ഈ സിനിമയെ ഒരു ശരാശരി സിനിമയാക്കി മാറ്റി. സിനിമയുടെ രണ്ടാം പകുതിയില്‍ വില്ലനാമാര്‍ മാനസിക സങ്കര്‍ഷം  അനുഭവിക്കുന്നതിനു വേണ്ടി ജോസഫ് പറയുന്ന സംഭാഷണങ്ങളൊന്നും പ്രേക്ഷകരെ ത്രിപ്തിപെടുത്തുന്നില്ല. എന്നാല്‍, അമ്മയും മകനും തമ്മിലുള്ള സംഭാഷണങ്ങള്‍ മികവു പുലര്‍ത്തിയിട്ടുണ്ട്. സിനിമയുടെ ക്ലൈമാക്സില്‍ അമ്മ മകനെ തിരിച്ചറിയുന്ന രംഗങ്ങളും മകന് അമ്മയോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന രംഗങ്ങളും ഈ സിനിമയുടെ മികച്ച രംഗങ്ങളില്‍ പെടുന്നു. ആരും സിനിമയക്കുവാന്‍ ധൈര്യം കാണിക്കാത്ത ഒരു പ്രമേയം തിരഞ്ഞെടുത്തതിനു കലവൂര്‍ രവികുമാര്‍ പ്രശംസ അര്‍ഹിക്കുന്നു. 


സംവിധാനം: ബിലോ ആവറേജ്
തിരക്കഥകൃത്തുക്കള്‍ സംവിധായകരായ ഭൂരിഭാഗം മലയാള സിനിമകളും പരാജയത്തിന്റെ കയിപ്പറിഞ്ഞവയാണ്. കലവൂര്‍ രവികുമാര്‍ സംവിധാനം ചെയ്ത ഫാദേഴ്സ് ഡേയുടെ വിധിയും മറിച്ചല്ല. ശക്തമായ ഒരു പ്രമേയം വിശ്വസനീയമായ രീതിയില്‍ സംവിധാനം ചെയ്യുന്നതില്‍ കലവൂര്‍ രവികുമാര്‍ പരാജയപെട്ടു. അമ്മയും മകനും തമ്മിലുള്ള ആത്മബന്ധം വെളിവാകുന്ന ക്ലൈമാക്സ് ഉള്‍പ്പടെയുള്ള രംഗങ്ങള്‍ മികച്ച രീതിയില്‍ സംവിധാനം ചെയ്യുവാന്‍ സാധിച്ച സംവിധായകന്, നായകന്‍ പ്രതികാരം വീട്ടുന്ന രംഗങ്ങള്‍ നല്ല രീതിയില്‍ ചിത്രീകരിക്കുവാന്‍ സാധിച്ചില്ല. അതുപോലെ തന്നെ, മികച്ച നടന്മാരായ ലാല്‍, വിനീത്, ജഗതി ശ്രീകുമാര്‍ എന്നിവരെ പൂര്‍ണമായി ഉപയോഗിക്കുവാനും സാധിച്ചില്ല. മികച്ച രീതിയില്‍ ഈ സിനിമ സംവിധാനം ചെയ്തിരിന്നുവെങ്കില്‍, ഈ സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുമായിരുന്നു.
  

സാങ്കേതികം: ആവറേജ്
എസ.ജെ.രാമന്‍ ചായാഗ്രഹണം നിര്‍വഹിച്ച ഫാദേഴ്സ് ഡേയിലെ ദ്രിശ്യങ്ങള്‍ സിനിമയ്ക്കുതക്കുന്നവയയിരുന്നു. എസ്.ജെ. രാമന്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സന്നിവേശം ചെയ്തത് കെ.ശ്രീനിവാസനാണ്. സിനിമയുടെ പലയിടങ്ങളിലും ഇഴച്ചില്‍ അനുഭവപെടുന്ന രീതിയിലാണ് ഈ സിനിമ സന്നിവേശം ചെയ്തിരിക്കുന്നത്.
രണ്ടു പാട്ടുകളുള്ള ഈ സിനിമയുക്ക് വേണ്ടി ഓ.എന്‍.വി.കുറുപ്പ്, രാജീവ്‌ ആലുങ്കല്‍, ബി.ശ്രീലേഖ എന്നിവര്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയത് എം.ജി.ശ്രീകുമാര്‍, സജിന്‍ മംഗലത്ത് എന്നിവര്‍ ചേര്‍ന്നാണ്. ഔസേപ്പച്ചനാണ് പശ്ചാത്തല സംഗീതം.

അഭിനയം: എബവ് ആവറേജ്
നന്ദനം, മിഴിരണ്ടിലും, ഇന്ത്യന്‍ റുപ്പി എന്നീ സിനിമകള്‍ക്ക്‌ ശേഷം രേവതിയ്ക്ക് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമാണ് ഈ സിനിമയിലെ സീതാലക്ഷ്മി. മനോഹരമായി രേവതി സീതാലക്ഷ്മിയെ അവതരിപ്പിച്ചിട്ടുമുണ്ട്. രേവതിയുടെ മകനായി അഭിനയിച്ച ഷേഹിന്‍ പ്രേക്ഷകരെ നിരാശപെടുത്താത്ത  അഭിനയമാണ് ഈ സിനിമയില്‍ നടത്തിയിരിക്കുന്നത്. അതുപോലെ തന്നെ, വിനീതും, ഇന്ദു തമ്പിയും, ലാലും അവരവരുടെ കഥാപാത്രങ്ങള്‍ ഭംഗിയാക്കി. എന്നാല്‍ ശങ്കര്‍, സുരേഷ് കൃഷ്ണ, ഇടവേള ബാബു, വിജയ്‌ മേനോന്‍ എന്നിവരുടെ അഭിനയം പ്രതീക്ഷച്ചതു പോലെ മികച്ചതായില്ല.


സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. പ്രമേയം, കഥ
2. ഷേഹിന്‍, രേവതി, വിനീത് എന്നിവരുടെ അഭിനയം
3. ക്ലൈമാക്സ്

 
സിനിമയുടെ മൈനസ് പോയിന്റ്സ്:
1. സംവിധാനം
2. സംഭാഷണങ്ങള്‍ 
 


ഫാദേഴ്സ് ഡേ റിവ്യൂ: ശക്തമായ ഒരു പ്രമേയം തിരഞ്ഞെടുത്ത കലവൂര്‍ രവികുമാറിന്, നല്ല കഥാസന്ദര്‍ഭങ്ങള്‍ രചിക്കുവാനോ മികച്ച രീതിയില്‍ സിനിമ സംവിധാനം ചെയ്യുവാനോ സാധിച്ചില്ല എന്നതാണ് ഫാദേഴ്സ് ഡേ ശ്രദ്ധിക്കാപെടാതെ പോകുവാനുള്ള കാരണം.
  

ഫാദേഴ്സ് ഡേ റേറ്റിംഗ്: 4.80 / 10
കഥ, തിരക്കഥ: 6 / 10 [എബവ് ആവറേജ്]
സംവിധാനം: 3 / 10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5 / 5 [ആവറേജ്]
അഭിനയം: 3 / 5 [എബവ് ആവറേജ്]
ടോട്ടല്‍: 14.5 / 30 [4.8 / 10]


രചന, സംവിധാനം: കലവൂര്‍ രവികുമാര്‍
നിര്‍മ്മാണം: ഭരത് സാമുവല്‍
ബാനര്‍: ഭരത് ക്രിയേഷന്‍സ്
ചായാഗ്രഹണം: എസ.ജെ.രാമന്‍
ചിത്രസന്നിവേശം: കെ.ശ്രീനിവാസന്‍
വരികള്‍:
ഓ.എന്‍.വി.കുറുപ്പ്, രാജീവ്‌ ആലുങ്കല്‍, ബി.ശ്രീലേഖ
സംഗീതം:
എം.ജി.ശ്രീകുമാര്‍, സജിന്‍ മംഗലത്ത്
പശ്ചാത്തല സംഗീതം: ഔസേപ്പച്ചന്‍

നിദ്ര

വിജയ്‌ മേനോന്‍,ശാന്തി കൃഷ്ണ, ലാലു അലക്സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മണ്മറഞ്ഞുപോയ അതുല്യപ്രതിഭ ശ്രി.ഭരതന്‍ 1981ല്‍ അണിയിച്ചൊരുക്കിയ സിനിമയാണ് നിദ്ര. 31 വര്‍ഷങ്ങള്‍ക്കു ശേഷം ലുക്സാം ക്രിയെഷന്സിനു വേണ്ടി ഭരതന്റെ മകന്‍ സിദ്ധാര്‍ഥ് ഭരതന്‍ നിദ്ര എന്ന സിനിമയെ പുനരാവിഷ്കരിചിരിക്കുന്നു. വിജയ്‌ മേനോന്‍ അവതരിപിച്ച നായക കഥാപാത്രം പുതിയ നിദ്രയില്‍ അവതരിപ്പിച്ചിരിക്കുന്നത് സംവിധായകന്‍ കൂടിയായ സിദ്ധാര്‍ഥ് ഭരതനാണ്. റീമ കല്ലിങ്ങല്‍ നായികയായ ഈ സിനിമയില്‍ നമ്മള്‍ ഫെയിം ജിഷ്ണു രാഘവന്‍, തലൈവാസല്‍ വിജയ്‌, വിജയ്‌ മേനോന്‍, മണികണ്ടന്‍, ശിവജി ഗുരുവായൂര്‍, രാജിവ് പരമേശ്വരന്‍, കെ.പി.എ.സി.ലളിത, സരയൂ, അംബിക മോഹന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഭരതന്‍ എഴുതിയ തിരക്കഥയ്ക്കും സംഭാഷണങ്ങള്‍ക്കും കാലാനുശ്രിതമായ മാറ്റങ്ങള്‍ വരുത്തിയാണ് സിദ്ധാര്‍ഥ് പുതിയ നിദ്ര ഒരുക്കിയത്. സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ സിനിമയുടെ കഥ എഴുതിയ സന്തോഷ്‌ എച്ചിക്കാനവും സിദ്ധാര്തും ചേര്‍ന്നാണ് നിദ്രയുടെ തിരക്കഥയിലും സംഭാഷണങ്ങളിലും മാറ്റങ്ങള്‍ വരുത്തിയത്. ചാപ്പ കുരിശ് എന്ന സിനിമയുടെ സംവിധായകനും ബിഗ്‌ ബി, ഡാഡി കൂള്‍ സിനിമകളുടെ ചായഗ്രഹകനുമായ സമീര്‍ താഹിര്‍ ആണ് നിദ്രയ്ക്കു വേണ്ടി മനോഹരമായ വിഷ്വല്‍സ് ഒരുക്കിയത്. റഫീക്ക് അഹമ്മദ്‌ എഴുതിയ വരികള്‍ക്ക് ജാസി ഗിഫ്റ്റ് ഈണം പകര്‍ന്ന മൂന്ന് പാട്ടുകളാണ് സിനിമയിലുള്ളത്. ഭവന്‍ ശ്രീകുമാറാണ് ചിത്രസന്നിവേശം. 

ചാലകുടിയിലെ പ്രശസ്തമായ തറവാട്ടിലെ മേനോന്റെ മൂന്ന് ആണ്മക്കളില്‍ രണ്ടാമനാണ് രാജു. ഉപരിപടനത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയ രാജു കളിക്കൂട്ടുകാരിയായ ആശ്വതിയുമായി പ്രണയത്തിലാണ്. മേനോന്റെ തറവാട്ടിലെ ഡ്രൈവര്‍ ആയിരുന്ന ആളുടെ മകളാണ് അശ്വതി എന്നറിഞ്ഞിട്ടും മേനോന്‍ ആ വിവാഹത്തിനു സമ്മതം നല്‍കിയതിനു പിന്നിലൊരു കാരണമുണ്ട്. രോഗബാധിതനായ മേനോന്റെ ഭാര്യയുടെ മരണവാര്‍ത്ത അറിഞ്ഞ രാജുവിന്, അമ്മയുടെ മരണം വരുത്തിയ ദുഃഖം അവന്റെ മാനസിക നില തെറ്റിക്കുന്ന അവസ്ഥയിലെത്തിച്ചു. ഒരുപാട് നാളത്തെ ശുശ്രൂഷയ്ക്ക് ശേഷമാണ് രാജു പൂര്‍ണ ആരോഗ്യവാനായി ജീവിതത്തിലേക്ക് മടങ്ങിവന്നത്. അത് കൊണ്ട് തന്നെ രാജുവിന്റെ ഏതാഗ്രഹവും മേനോന്‍ സാധിച്ചു കൊടുക്കുവാന്‍ തയ്യാറായിരുന്നു. ജീവിതത്തോട് വ്യതസ്തമായ കാഴ്ചപ്പാടുകള്‍ ഉള്ള, കാടുകളെയും മരങ്ങളെയും പുഴകളെയും പ്രകൃതിയെയും ഒരുപാട് സ്നേഹിക്കുന്ന, സ്വഭാവത്തില്‍ വളരെയേറ പ്രത്യേകതകളുള്ള രാജവിന്റെ അസുഖം ആശ്വതിയ്ക്കും അറിയാമായിരുന്നു. മേനോന്റെ ആദ്യപുത്രന്‍ വിശ്വം ആകട്ടെ പണം ഉണ്ടാക്കണം എന്ന ആഗ്രഹുവുമായി വന്‍കിട ബിസിനസ്‌ പദ്ധതികളെല്ലാം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ്. വിശ്വവും അയാളുടെ അളിയന്മാരും മേനോന്റെ വീടിരിക്കുന്ന പരിസരത്തുള്ള കാടും മരങ്ങളും നശിപിച്ചു അവിടെ വലോയൊരു റിസോര്‍ട്ട് നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ്. ഇതറിയുന്ന രാജു അതിനെതിരെ പ്രതികരിക്കുകയും അവരുമായി നിരന്ധരം വഴക്കിടുകയും ചെയ്യുന്നു. സാധാരണ രീതിയില്‍ ചിന്തിക്കുന്ന ഏതൊരു മനുഷ്യനും രാജുവിന് ഭ്രാന്താണെന്നെ തോന്നുകയുള്ളൂ. പക്ഷെ, വേറിട്ട രീതിയില്‍ ചിന്തിക്കുന്ന രാജുവിനെ അയാളുടെ ഭാര്യ അശ്വതി ഒഴികെ മറ്റെലാവരും ഭ്രാന്തനായി ചിത്രീകരിക്കുന്നു. ഈ സംഭവങ്ങളോട് രാജു എങ്ങനെയൊക്കെ പ്രതികരിക്കുന്നു, അയാളുടെ ജീവിതത്തില്‍ പിന്നീട് എന്തൊക്കെ സംഭവിക്കുന്നു എന്നതാണ് ഈ സിനിമയുടെ കഥ.

കഥ-തിരക്കഥ: ഗുഡ്
1981ല്‍ ഭരതന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത നിദ്ര എന്ന സിനിമയുടെ റീമേക്ക് ആണ് സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത 2012ലെ നിദ്ര. ഭരതന്റെ നിദ്രയിലെ തിരക്കഥയില്‍ കാലാനുശ്രിതമായ മാറ്റങ്ങള്‍ മാത്രം വരുത്തിയാണ് സിദ്ധാര്‍ഥ് ഈ സിനിമയുടെ തിരക്കഥ രചന നിര്‍വഹിച്ചിരിക്കുന്നത്. നല്ല സിനിമകളുടെ അടിസ്ഥാനം കെട്ടുറപ്പുള്ള ശക്തമായ തിരക്കഥ തന്നെ എന്ന് ഈ സിനിമയിലൂടെ പ്രേക്ഷകര്‍ക്ക്‌ തിരിച്ചറിയാന്‍ സാധിക്കും. മലയാള സിനിമകളിലെ നല്ല സിനിമകളുടെ പട്ടികയെടുത്തു നോക്കിയാല്‍ ഭരതന്റെ തിരക്കഥയിലുള്ളതും സംവിധാനത്തിലുള്ളതുമായ സിനിമകളുടെ എണ്ണം ഒരുപാടുണ്ടാകും. ഭരതന്‍ സംവിധാനം ചെയ്ത സിനിമകളില്‍ ഒട്ടും തന്നെ ശ്രദ്ധിക്കപെടാത്ത സിനിമയായിരുന്നു നിദ്ര. അതുകൊണ്ട് തന്നെയായിരിക്കും സിദ്ധാര്‍ഥ് ഇന്നത്തെ തലമുറയിലുള്ള പ്രേക്ഷകര്‍ക്കായി ആ സിനിമ റീമേക്ക് ചെയ്യുവാന്‍ തീരുമാനിച്ചത്. സിനിമയുടെ ആദ്യപകുതിയില്‍ സിദ്ധാര്‍ഥ് - റീമ എന്നിവര്‍ വര്‍ഷങ്ങള്‍ക്കു ശേഷം കാണുകയും, ഇപ്പോഴും പരസ്പരം സ്നേഹിക്കുന്നു എന്ന് കാണിക്കുന്ന രംഗങ്ങളും ഒഴികെ മറ്റെല്ലാ രംഗങ്ങളും മികവു പുലര്‍ത്തിയത്‌ കൊണ്ടാവണം ഈ സിനിമ പ്രേക്ഷകരെ ഏറെ രസിപ്പിച്ചത്‌. ഭരതന്‍ എന്ന അതുല്യ പ്രതിഭയുടെ എല്ലാ സിനിമകളും ഇന്നത്തെ തലമുറയിലെ പ്രേക്ഷകര്‍ക്കായി റീമേക്ക് ചെയ്യപെടും എന്ന് കരുതാം.

സംവിധാനം: വെരി ഗുഡ്
സിദ്ധാര്‍ഥ് ആദ്യമായി സംവിധാനം ചെയുന്ന സിനിമയാണ് നിദ്ര. സാധാരണ ഏതൊരു മനുഷ്യനെയും പോലെ ചെറിയ ചെറിയ മാനസിക പ്രശ്നങ്ങളുള്ള, വേറിട്ട രീതിയില്‍ ചിന്തികുകയും പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന രാജു എന്ന വ്യക്തിയെ സമൂഹം എങ്ങനെ നോക്കികാണുന്നു എന്ന ഭരതന്റെ കഥയെ ഏറ്റവും മനോഹരമായി സംവിധാനം ചെയ്തിരിക്കുകയാണ് സിദ്ധാര്‍ഥ്. പഴയ നിദ്രയുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറിയ തെറ്റ്കുറ്റങ്ങളൊക്കെ തിരക്കഥയില്‍ [സിദ്ധാര്‍ഥ് എഴുതിയ തിരക്കഥ] ഉണ്ടെങ്കിലും, ഒരു സംവിധായകനെന്ന നിലയില്‍ മികച്ച അഭിനേതാക്കളെ അഭിനയിപ്പികുകയും, നല്ല സാങ്കേതിക മികവോടെ സിനിമയെ സമീപിക്കുകയും, അതിശയോക്തിയില്ലാതെ വിശ്വസനീയമായ രീതിയില്‍ കഥ പറഞ്ഞുപോവുകയും ചെയ്തിരിക്കുന്നു സിദ്ധാര്‍ഥ്. മലയാള സിനിമയില്‍ നല്ല സിനിമകള്‍ അവസാനിച്ചിട്ടില്ല എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് നിദ്ര സിനിമയുടെ നിര്‍മ്മാതാവ് ലുക്ക്സാം ക്രിയേഷന്‍സിന്റെ സാരഥി സദാനന്ദന്‍. ഇന്നത്തെ തലമുറയിലുള്ള പ്രേക്ഷകര്‍ ഈ സിനിമ സ്വീകരിക്കുമോ എന്നുപോലും ഉറപ്പില്ലാത്ത അവസരത്തില്‍, സംവിധായകന് പിന്തുണ നല്‍ക്കി കൊണ്ട് നിദ്ര നിര്‍മ്മിക്കാന്‍ തീരുമാനിച്ച സദാനന്ദനും, സംവിധായകന്‍ സിദ്ധാര്‍ത്തിനും അഭിനന്ദനങ്ങള്‍!


സാങ്കേതികം: ഗുഡ്
ബിഗ്‌ ബി എന്ന സിനിമയിലൂടെ മികച്ച ചായഗ്രഹകനാണ് താനെന്നു തെളിയിച്ച സമീര്‍ താഹിര്‍ ആണ് നിദ്രയ്ക്കു വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചത്. മനോഹരമായ വിഷ്വല്‍സ് ഒരുക്കി ഈ സിനിമയെ സമ്പന്നമാക്കാന്‍ സമീറിന് സാധിച്ചു. സമീര്‍ ചിത്രീകരിച്ച രംഗങ്ങള്‍ സന്നിവേശം ചെയ്ത ഭവന്‍ ശ്രീകുമാറും മികവു പുലര്‍ത്തി. ഭ്രാന്തമായ അവസ്ഥയിലേക്ക് നായക കഥാപാത്രം പോകുന്ന രംഗങ്ങള്‍ക്ക് അനിയോജ്യമായ പശ്ചാത്തല സംഗീതം ഒരുക്കിയ പ്രശാന്ത്‌ പിള്ളയും മികവു തെളിയിച്ചു. റഫീക്ക് അഹമ്മദ്‌ എഴുതിയ വരികള്‍ക്ക് ജാസി ഗിഫ്റ്റ് ഈണമിട്ട പാട്ടുകളും നന്നായി. ഈ സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച ഓരോ സാങ്കേതിക പ്രവര്‍ത്തകരും ഈ സിനിമയുടെ വിജയത്തില്‍ പങ്കാളികളാണ്.


അഭിനയം: ഗുഡ്
നമ്മള്‍ എന്ന കമല്‍ സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന നടന്മാരാണ് ഭരതന്റെ മകന്‍ സിദ്ധാര്‍ഥ് ഭരതനും, രാഘവന്റെ മകന്‍ ജിഷ്ണു രാഘവനും. ഇവര്‍ രണ്ടുപേരും അനുജനും ചേട്ടനുമായാണ് നിദ്രയില്‍ അഭിനയിക്കുന്നത്. രാജു എന്ന കഥാപാത്രത്തെ അതിമനോഹരമായി അവതരിപിച്ചു കൊണ്ട് ശക്തമായ തിരിച്ചുവരവ്‌ നടത്തിയിക്കുകയാണ് സിദ്ധാര്‍ഥ്. അശ്വതി എന്ന കഥാപത്രം അനുഭവിക്കേണ്ടി വരുന്ന മാനസിക സംഘര്‍ഷങ്ങള്‍ വിശ്വസനീയമായ രീതിയില്‍ അഭിനയിച്ചു ബലിപ്പിക്കാന്‍ സാധിച്ച റീമ കല്ലിങ്ങലും മികവു പുലര്‍ത്തി. മികച്ച നടനും നടിയ്ക്കും ഉള്ള സംസ്ഥാന അവാര്‍ഡ്‌ വരെ ലഭിക്കാന്‍ സാധ്യതയുള്ള രീതിയിലാണ് സിദ്ധാര്‍ഥ്-റിമ എന്നിവര്‍ ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. മേനോനായി തലൈവാസല്‍ വിജയും, വിശ്വം ആയി ജിഷ്ണുവും, രാജുവിന്റെ ഡോക്ടറിന്റെ വേഷത്തില്‍ വിജയ്‌ മേനോനും, രാജുവിന്റെ ചേട്ടത്തിയമ്മയായി സരയുവും നല്ല അഭിനയം കാഴ്ച്ചവെചിരിക്കുന്നു. ഇവരെ കൂടാതെ മണികണ്ടന്‍, ശിവജി ഗുരുവായൂര്‍, കെ.പി.എ.സി.ലളിത, അംബിക മോഹന്‍ എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നു.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. കഥ, തിരക്കഥ, സംഭാഷണങ്ങള്‍
2. സിദ്ധാര്‍ഥ് ഭരതന്റെ സംവിധാനവും അഭിനയവും
3. സന്തോഷ്‌ എച്ചിക്കാനം എഴുതിയ സംഭാഷണങ്ങള്‍
4. സിദ്ധാര്‍ത്, റിമ കല്ലിങ്ങല്‍ എന്നിവരുടെ മികവുറ്റ അഭിനയം
5. സമീര്‍ തഹിറിന്റെ ചായാഗ്രഹണം
6. പ്രശാന്ത്‌ പിള്ളയുടെ പശ്ചാത്തല സംഗീതം 



സിനിമയുടെ മൈനസ് പോയിന്റ്സ്:
1. സിനിമയുടെ തുടക്കത്തിലുള്ള രംഗങ്ങള്‍



നിദ്ര റിവ്യൂ: ജീവിതഗന്ധിയായ കഥയുള്ള, അതിയശയോക്തിയില്ലാതെ റിയാലസ്റ്റിക്ക് ആയ കഥാസന്ദര്‍ഭങ്ങളിലൂടെ വികസിക്കുന്ന, ശക്തമായ അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന, മികവുറ്റ സംവിധാനവും ചായഗ്രഹണവും പശ്ചാത്തല സംഗീതവും പാട്ടുകളും ഒക്കെയുള്ള നിദ്ര എന്ന സിനിമ കാണുമ്പോള്‍, 1980-90 കളിലെ സുവര്‍ണ്ണ കാലഘട്ടത്തിലേക്ക് മലയാള സിനിമ തിരികെപോവുകയാണോ എന്ന് നല്ല സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകന് തോന്നിപോകും.നിദ്ര ടീമിനും സിദ്ധാര്‍ത്ഥ് ഭരതനും അഭിനന്ദനങ്ങള്‍!

നിദ്ര റേറ്റിംഗ്: 7.30 / 10
കഥ-തിരക്കഥ: 7 / 10 [ഗുഡ്]
സംവിധാനം: 8 / 10 [വെരി ഗുഡ്]
സാങ്കേതികം:
3.5 / 5 [ഗുഡ്]
അഭിനയം: 3.5 / 5 [ഗുഡ്]
 
ആകെ മൊത്തം: 22 / 30 [7.3 / 10]

സംവിധാനം: സിദ്ധാര്‍ഥ് ഭരതന്‍
കഥ, തിരക്കഥ: ഭരതന്‍
സംഭാഷണം: സന്തോഷ്‌ എച്ചിക്കാനം
ബാനര്‍: ലുക്ക്സാം ക്രിയേഷന്‍സ്
നിര്‍മ്മാണം: സദാനന്ദന്‍ ലുക്ക്സാം, ഡെബോബ്രാത് മോണ്ടാല്‍
ചായാഗ്രഹണം: സമീര്‍ താഹിര്‍
സന്നിവേശം: ഭവന്‍ ശ്രീകുമാര്‍
സംഗീതം: ജാസി ഗിഫ്റ്റ്
വരികള്‍: റഫീക്ക് അഹമ്മദ് 
പശ്ചാത്തല സംഗീതം: പ്രശാന്ത്‌ പിള്ള