28 Feb 2012

ഫാദേര്‍സ് ഡേ

ഇഷ്ടം, നമ്മള്‍, സ്വന്തം ലേഖകന്‍, ആഗതന്‍ എന്നീ സിനിമകളുടെ തിരക്കഥകൃത്ത് കലവൂര്‍ രവികുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് ഫാദേഴ്സ് ഡേ. അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെയും, പിതൃത്വം അന്വേഷിച്ചുള്ള ഒരു മകന്റെ യാത്രയും പ്രതീകാരവുമാണ് ഫാദേഴ്സ് ഡേ എന്ന സിനിമയുടെ കഥ. പുതുമുഖം ഷേഹിന്‍ നായകാനായ ഈ സിനിമയില്‍ 2010ലെ മിസ്സ്‌ കേരളയായി തിരഞ്ഞെടുത്ത ഇന്ദു തമ്പിയാണ് നായിക. അമ്മയുടെ വേഷത്തിലെത്തുന്നത് രേവതിയാണ്‌. ഭരത് ക്രിയേഷന്‍സിന്റെ ബാനറില്‍ ഭരത് സാമുവല്‍ നിര്‍മ്മിച്ച ഫാദേഴ്സ് ഡേ, കലവൂര്‍ രവികുമാര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ്. എസ.ജി.രാമന്‍ ചായാഗ്രഹണം നിര്‍വഹിച്ച ഈ സിനിമയുടെ ചിത്രസന്നിവേശം നിര്‍വഹിച്ചത് കെ.ശ്രീനിവാസാണ്. ഓ.എന്‍.വി.കുറുപ്പ്, രാജീവ്‌ ആലുങ്കല്‍, ബി.ശ്രീലേഖ എന്നിവര്‍ എഴുതിയ പാട്ടിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് എം.ജി.ശ്രീകുമാര്‍, സജിന്‍ മംഗലത്ത് എന്നിവര്‍ ചേര്‍ന്നാണ്. ഔസേപ്പച്ചനാണ് പശ്ചാത്തല സംഗീതം. 

നാല് വ്യക്തികളുടെ ശാരീരിക പീഡനത്തിനിരയായതിന്റെ മാനസിക വിഷമം അനുഭവിച്ചുകൊണ്ട് വര്‍ഷങ്ങളായി ജീവിക്കുന്ന സീതാലക്ഷ്മി എന്ന കോളേജ് അധ്യാപികയെ തേടി, അതെ കോളേജിലേക്ക് ജോസഫ്‌ കെ. ജോസഫ് എന്ന 22 വയസുള്ള ഗവേഷണ വിദ്യാര്‍ഥി എത്തുന്നു. ചില പ്രത്യേക ലക്ഷ്യവുമായി എത്തുന്ന ജോസഫ് കെ.ജോസഫിനെ സാഹയിക്കുന്നത് സീതാലക്ഷ്മിയുടെ അനന്തരവളാണ്. സീതാലക്ഷ്മിയുടെ ജീവിതത്തിലുണ്ടായ ദുരന്തങ്ങളുടെ കാരണക്കാരെ കണ്ടുപിടിക്കുക എന്നതാണ് ജോസഫിന്റെ ലക്‌ഷ്യം. ജോസഫ് അവരെ കണ്ടുപിടിക്കുമോ, അവരോടു പ്രതികാരം ചെയ്യുമോ എന്നതാണ് ഈ സിനിമയുടെ കഥ. ജോസെഫായി ഷേഹിനും, സീതലക്ഷ്മിയായി രേവതിയും അഭിനയിക്കുന്നു. ഇവരെ കൂടാതെ, ലാല്‍, വിനീത്, ശങ്കര്‍, സുരേഷ് കൃഷ്ണ, ജഗതി ശ്രീകുമാര്‍, വിജയ്‌ മേനോന്‍, ഇടവേള ബാബു, വെട്ടുകിളി പ്രകാശ്, ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി, കെ.പി.എ.സി.ലളിത, റീന ബഷീര്‍, മായ വിശ്വനാഥ്, ലക്ഷ്മിപ്രിയ എന്നിവരാണ് ഈ സിനിമയിലെ മറ്റു അഭിനേതാക്കള്‍. 

കഥ, തിരക്കഥ: എബവ് ആവറേജ്
ആഗതന്‍, നവാഗതര്‍ക്ക് സ്വാഗതം എന്നീ സിനിമകള്‍ക്ക്‌ ശേഷം കലവൂര്‍ രവികുമാര്‍ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയ സിനിമയാണ് ഫാദേഴ്സ് ഡേ. അമ്മയെയും അമ്മയുടെ ഭൂതകാലവും അതിനു കാരണക്കാരെയും അന്വേഷിക്കാനെത്തുന്ന ഒരു മകന്റെ അമ്മയോടുള്ള സ്നേഹതതിന്റെയും അമ്മയെ ദ്രോഹിച്ചവരോടുള്ള പ്രതികാരത്തിന്റെയും കഥയാണ് ഫാദേഴ്സ് ഡേ സിനിമയിലൂടെ കലവൂര്‍ രവികുമാര്‍ പറയുവാന്‍ ഉദ്ദേശിച്ചത്. ശക്തമായ ഒരു പ്രമേയവും കഥയും ഈ സിനിമയ്ക്കുണ്ടെങ്കിലും, കെട്ടുറപ്പില്ലാത്ത കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും ഈ സിനിമയെ ഒരു ശരാശരി സിനിമയാക്കി മാറ്റി. സിനിമയുടെ രണ്ടാം പകുതിയില്‍ വില്ലനാമാര്‍ മാനസിക സങ്കര്‍ഷം  അനുഭവിക്കുന്നതിനു വേണ്ടി ജോസഫ് പറയുന്ന സംഭാഷണങ്ങളൊന്നും പ്രേക്ഷകരെ ത്രിപ്തിപെടുത്തുന്നില്ല. എന്നാല്‍, അമ്മയും മകനും തമ്മിലുള്ള സംഭാഷണങ്ങള്‍ മികവു പുലര്‍ത്തിയിട്ടുണ്ട്. സിനിമയുടെ ക്ലൈമാക്സില്‍ അമ്മ മകനെ തിരിച്ചറിയുന്ന രംഗങ്ങളും മകന് അമ്മയോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന രംഗങ്ങളും ഈ സിനിമയുടെ മികച്ച രംഗങ്ങളില്‍ പെടുന്നു. ആരും സിനിമയക്കുവാന്‍ ധൈര്യം കാണിക്കാത്ത ഒരു പ്രമേയം തിരഞ്ഞെടുത്തതിനു കലവൂര്‍ രവികുമാര്‍ പ്രശംസ അര്‍ഹിക്കുന്നു. 


സംവിധാനം: ബിലോ ആവറേജ്
തിരക്കഥകൃത്തുക്കള്‍ സംവിധായകരായ ഭൂരിഭാഗം മലയാള സിനിമകളും പരാജയത്തിന്റെ കയിപ്പറിഞ്ഞവയാണ്. കലവൂര്‍ രവികുമാര്‍ സംവിധാനം ചെയ്ത ഫാദേഴ്സ് ഡേയുടെ വിധിയും മറിച്ചല്ല. ശക്തമായ ഒരു പ്രമേയം വിശ്വസനീയമായ രീതിയില്‍ സംവിധാനം ചെയ്യുന്നതില്‍ കലവൂര്‍ രവികുമാര്‍ പരാജയപെട്ടു. അമ്മയും മകനും തമ്മിലുള്ള ആത്മബന്ധം വെളിവാകുന്ന ക്ലൈമാക്സ് ഉള്‍പ്പടെയുള്ള രംഗങ്ങള്‍ മികച്ച രീതിയില്‍ സംവിധാനം ചെയ്യുവാന്‍ സാധിച്ച സംവിധായകന്, നായകന്‍ പ്രതികാരം വീട്ടുന്ന രംഗങ്ങള്‍ നല്ല രീതിയില്‍ ചിത്രീകരിക്കുവാന്‍ സാധിച്ചില്ല. അതുപോലെ തന്നെ, മികച്ച നടന്മാരായ ലാല്‍, വിനീത്, ജഗതി ശ്രീകുമാര്‍ എന്നിവരെ പൂര്‍ണമായി ഉപയോഗിക്കുവാനും സാധിച്ചില്ല. മികച്ച രീതിയില്‍ ഈ സിനിമ സംവിധാനം ചെയ്തിരിന്നുവെങ്കില്‍, ഈ സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുമായിരുന്നു.
  

സാങ്കേതികം: ആവറേജ്
എസ.ജെ.രാമന്‍ ചായാഗ്രഹണം നിര്‍വഹിച്ച ഫാദേഴ്സ് ഡേയിലെ ദ്രിശ്യങ്ങള്‍ സിനിമയ്ക്കുതക്കുന്നവയയിരുന്നു. എസ്.ജെ. രാമന്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സന്നിവേശം ചെയ്തത് കെ.ശ്രീനിവാസനാണ്. സിനിമയുടെ പലയിടങ്ങളിലും ഇഴച്ചില്‍ അനുഭവപെടുന്ന രീതിയിലാണ് ഈ സിനിമ സന്നിവേശം ചെയ്തിരിക്കുന്നത്.
രണ്ടു പാട്ടുകളുള്ള ഈ സിനിമയുക്ക് വേണ്ടി ഓ.എന്‍.വി.കുറുപ്പ്, രാജീവ്‌ ആലുങ്കല്‍, ബി.ശ്രീലേഖ എന്നിവര്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയത് എം.ജി.ശ്രീകുമാര്‍, സജിന്‍ മംഗലത്ത് എന്നിവര്‍ ചേര്‍ന്നാണ്. ഔസേപ്പച്ചനാണ് പശ്ചാത്തല സംഗീതം.

അഭിനയം: എബവ് ആവറേജ്
നന്ദനം, മിഴിരണ്ടിലും, ഇന്ത്യന്‍ റുപ്പി എന്നീ സിനിമകള്‍ക്ക്‌ ശേഷം രേവതിയ്ക്ക് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമാണ് ഈ സിനിമയിലെ സീതാലക്ഷ്മി. മനോഹരമായി രേവതി സീതാലക്ഷ്മിയെ അവതരിപ്പിച്ചിട്ടുമുണ്ട്. രേവതിയുടെ മകനായി അഭിനയിച്ച ഷേഹിന്‍ പ്രേക്ഷകരെ നിരാശപെടുത്താത്ത  അഭിനയമാണ് ഈ സിനിമയില്‍ നടത്തിയിരിക്കുന്നത്. അതുപോലെ തന്നെ, വിനീതും, ഇന്ദു തമ്പിയും, ലാലും അവരവരുടെ കഥാപാത്രങ്ങള്‍ ഭംഗിയാക്കി. എന്നാല്‍ ശങ്കര്‍, സുരേഷ് കൃഷ്ണ, ഇടവേള ബാബു, വിജയ്‌ മേനോന്‍ എന്നിവരുടെ അഭിനയം പ്രതീക്ഷച്ചതു പോലെ മികച്ചതായില്ല.


സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. പ്രമേയം, കഥ
2. ഷേഹിന്‍, രേവതി, വിനീത് എന്നിവരുടെ അഭിനയം
3. ക്ലൈമാക്സ്

 
സിനിമയുടെ മൈനസ് പോയിന്റ്സ്:
1. സംവിധാനം
2. സംഭാഷണങ്ങള്‍ 
 


ഫാദേഴ്സ് ഡേ റിവ്യൂ: ശക്തമായ ഒരു പ്രമേയം തിരഞ്ഞെടുത്ത കലവൂര്‍ രവികുമാറിന്, നല്ല കഥാസന്ദര്‍ഭങ്ങള്‍ രചിക്കുവാനോ മികച്ച രീതിയില്‍ സിനിമ സംവിധാനം ചെയ്യുവാനോ സാധിച്ചില്ല എന്നതാണ് ഫാദേഴ്സ് ഡേ ശ്രദ്ധിക്കാപെടാതെ പോകുവാനുള്ള കാരണം.
  

ഫാദേഴ്സ് ഡേ റേറ്റിംഗ്: 4.80 / 10
കഥ, തിരക്കഥ: 6 / 10 [എബവ് ആവറേജ്]
സംവിധാനം: 3 / 10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5 / 5 [ആവറേജ്]
അഭിനയം: 3 / 5 [എബവ് ആവറേജ്]
ടോട്ടല്‍: 14.5 / 30 [4.8 / 10]


രചന, സംവിധാനം: കലവൂര്‍ രവികുമാര്‍
നിര്‍മ്മാണം: ഭരത് സാമുവല്‍
ബാനര്‍: ഭരത് ക്രിയേഷന്‍സ്
ചായാഗ്രഹണം: എസ.ജെ.രാമന്‍
ചിത്രസന്നിവേശം: കെ.ശ്രീനിവാസന്‍
വരികള്‍:
ഓ.എന്‍.വി.കുറുപ്പ്, രാജീവ്‌ ആലുങ്കല്‍, ബി.ശ്രീലേഖ
സംഗീതം:
എം.ജി.ശ്രീകുമാര്‍, സജിന്‍ മംഗലത്ത്
പശ്ചാത്തല സംഗീതം: ഔസേപ്പച്ചന്‍

No comments:

Post a Comment