20 Mar 2012

ഓറഞ്ച്

2002ല്‍ മമ്മൂട്ടിയെ നായകനായി അഭിനയിച്ച ഫാന്റം എന്ന സിനിമയ്ക്ക് ശേഷം ബിജു വര്‍ക്കി സംവിധാനം നിര്‍വഹിച്ച സിനിമയാണ് ഓറഞ്ച്. സംവിധായകന്‍ ബിജു വര്‍ക്കിയുടെ തന്നെ കഥയ്ക്ക്‌, ബിജു വര്‍ക്കിയും സുരേഷ് കൊച്ചമ്മിണിയും ചേര്‍ന്നാണ് തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ രചിച്ചത്. മറയൂര്‍ എന്ന മലയോര ഗ്രാമ പ്രദേശത്ത് നടക്കുന്ന പ്രണയവും സസ്പെന്‍സും ആക്ഷനും ചേര്‍ന്ന ഒരു ത്രില്ലര്‍ ഗണത്തില്‍പെടുന്ന സിനിമയാണ് ഓറഞ്ച്. കലാഭവന്‍ മണി, ബിജു മേനോന്‍, സലിം കുമാര്‍, പ്രശാന്ത് നാഥ്, ലെന, ഗംഗ ബാബു എന്നിവരാണ് ഓറഞ്ച് സിനിമയിലെ പ്രധാന അഭിനേതാക്കള്‍. സ്വരാജ് ഫിലിംസിന്റെ ബാനറില്‍ രവി ബാംഗ്ലൂര്‍ നിര്‍മ്മിച്ച  ഓറഞ്ച് സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചത് രാമലിംഗമാണ്. റഫീക്ക് അഹമ്മദും സി.ആര്‍.മേനോനും ചേര്‍ന്നെഴുതിയ വരികള്‍ക്ക് സംഗീതം നല്ക്കിയത് മണികാന്ത് ഖദ്രിയും അഫ്സല്‍ യുസഫും ചേര്‍ന്നാണ്. 

യാകോബിയും ഭാര്യ സരിതയും മകള്‍ ദിയയും സന്തോഷകരമായ ജീവിതം മുന്നോട്ടു നയിച്ചുകൊണ്ടിരിക്കുമ്പോള്‍, അവരുടെ ജീവിതത്തിലെ ഭൂതകാലത്ത് സംഭവിച്ച ചില അനിഷ്ടസംഭവങ്ങള്‍ ഓര്‍മപെടുത്തി കൊണ്ട് യക്കോബിയുടെ പഴയ സുഹൃത്ത് ബാബൂട്ടന്‍ വരുന്നു. ബാബൂട്ടന്റെ വരവോടെ സമാധാനപരമായ യക്കോബിയുടെയും സരിതയുടെയും ജീവിതം ദുരിതപൂര്‍ണമാകുന്നു. ഇതിനടയില്‍, അനുജനെ പോലെ സ്നേഹിച്ച ജിത്ത് എന്ന ചെറുപ്പകാരനും, തന്റെ മകള്‍ ദിയയുമായി അടുപ്പത്തിലാണ് എന്നറിയുകയും ചെയ്യുന്ന യാകോബിയുടെ മാനസിക സംഘര്‍ഷത്തിന്റെ കഥയാണ് ബിജു വര്‍ക്കി ഈ സിനിമയിലൂടെ പറയുവാന്‍ ഉദ്ദേശിച്ചത്. യാക്കോബിയായി കലാഭവന്‍ മണിയും, ബാബൂട്ടനായി ബിജു മേനോനും, സരിതയായി ലെനയും, ജിത്തായി പ്രശാന്ത് നാഥും, ദിയയായി ഗംഗ ബാബുവും അഭിനയിച്ചിരിക്കുന്നു.  


കഥ, തിരക്കഥ: ആവറേജ്
സംവിധായകന്‍ ബിജു വര്‍ക്കിയാണ് ഓറഞ്ച് സിനിമയുടെ കഥ എഴുതിയിര്‍ക്കുന്നത്. മലയാള സിനിമയില്‍ ഇതിനുമുമ്പ് പുറത്തിറങ്ങിയ ഒന്നുരണ്ടു സിനിമകളുടെ കഥയുമായി സാമ്യമുള്ള കഥയാണ് ഓറഞ്ച് സിനിമയുടേതു. കേട്ടുപഴകിയ ഒരു പ്രമേയം, തരക്കേടില്ലാത്ത തിരക്കഥയാക്കുവാന്‍ ബിജു വര്‍ക്കിക്കും സുരേഷ് കൊച്ചമ്മിണിയ്ക്കും സാധിച്ചിട്ടുണ്ട്. പ്രേക്ഷകരുടെ കണ്ണുനനയിപ്പിക്കുന്ന അച്ഛന്‍-മകള്‍ ബന്ധവും, നായകനും പ്രതിനായകനും തമ്മിലുള്ള ത്രില്ലിംഗ് ആയ രംഗങ്ങളും സംഭാഷണങ്ങളും, പ്രണയ രംഗങ്ങളും പാട്ടുകളും ഓറഞ്ച് എന്ന സിനിമയെ വ്യതസ്തമാക്കുന്നു.  പ്രേക്ഷകരുടെ യുക്തിയെ ചോദ്യം ചെയ്യാതെ മുന്നോട്ടു നീങ്ങുന്ന കഥയില്‍, ക്ലൈമാക്സിനു തൊട്ടു മുമ്പുള്ള ഒന്നുരണ്ടു രംഗങ്ങള്‍ ഒഴികെ, ഓറഞ്ച് സിനിമയിലെ ഒട്ടുമിക്ക രംഗങ്ങളെല്ലാം പ്രേക്ഷകരെ ആസ്വദിപ്പിക്കുന്നുണ്ട്. ശരാശരി നിലവാരത്തിലുള്ള ഒരു പ്രമേയവും കഥയും, പ്രേക്ഷകര്‍ക്ക്‌ കണ്ടിരിക്കുവാന്‍ പാകത്തിലക്കിയത് ബിജു വര്‍ക്കിയുടെ കഴിവ് തന്നെ എന്നതില്‍ സംശയമില്ല.


സംവിധാനം: ആവറേജ്
ഫാന്റം എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയ സംവിധായകനാണ് ബിജു വര്‍ക്കി.  മേല്‍പറഞ്ഞത്‌ പോലെ, ഓറഞ്ച് എന്ന സിനിമ ശരാശരി നിലവാരത്തില്‍ എത്തുവാനുള്ള കാരണം ബിജു വര്‍ക്കിയുടെ ത്രില്ലടിപ്പിക്കുന്ന സംവിധാനം തന്നെ. കുടുംബബന്ധവും പ്രണയ രംഗങ്ങളും സംഘട്ടന രംഗങ്ങളും സെന്റിമെന്‍സ് നിറഞ്ഞ രംഗങ്ങളും ഒരേ അളവില്‍ സിനിമയില്‍ ഉള്‍പെടുത്തിയത്‌ സംവിധായകന്റെ കഴിവ് തന്നെ. മികച്ച അഭിനെത്തകളെ ഈ സിനിമയിലേക്ക് തിരഞ്ഞെടുത്തതാണ് ബിജു വര്‍ക്കി ചെയ്ത മറ്റൊരു നല്ല കാര്യം. കലാഭവന്‍ മണിയ്ക്ക് സമീപകാലത്ത് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമാണ് ഈ സിനിമയിലെ യക്കോബി. പുതുമയുള്ള കഥകൂടി തിരഞ്ഞെടുക്കുവാന്‍ ബിജു വര്‍ക്കിക്ക് സാധിച്ചിരുന്നുവെങ്കില്‍, ഫാന്റം പോലെ ഓറഞ്ച് സിനിമയും ശ്രദ്ധിക്കപെടുമായിരുന്നു. 
 

 
സാങ്കേതികം: ആവറേജ്
റഫീക്ക് അഹമ്മദും സി.ആര്‍.മേനോനും ചേര്‍ന്നെഴുതിയ വരികള്‍ക്ക് സംഗീതം നല്ക്കിയിരിക്കുന്നത് മണികാന്ത് ഖദ്രിയും അഫ്സല്‍ യുസഫും ചേര്‍ന്നാണ്. രണ്ടു പാട്ടുകളുള്ള ഈ സിനിമയില്‍ രണ്ടും യുഗ്മാഗാനങ്ങളാണ്. കേള്‍ക്കാന്‍ ഇമ്പമുള്ള പാട്ടുകള്‍ മറയൂരിലെ മനോഹരമായ ലോക്കെഷനുകളിലാണ് ചായഗ്രഹകാന്‍ രാമലിംഗം ചിത്രീകരിച്ചിരിക്കുന്നത്. മറയൂരിലെ കണ്ണിനു കുളിര്‍മയുള്ള ലൊക്കേഷനുകള്‍ ക്യാമറയില്‍ പകര്‍ത്തി എന്നതല്ലാതെ പ്രേക്ഷകനെ വിസ്മയിപ്പിക്കുന്ന ദ്രിശ്യങ്ങളൊന്നും രാമലിംഗം പകര്‍ത്തിയിട്ടില്ല. ചിതസന്നിവേശം നിര്‍വഹിച്ച ബി.അജിത്കുമാര്‍, ദ്രിശ്യങ്ങള്‍ വലിച്ചുനീട്ടുവാന്‍ ശ്രമച്ചത് ദോഷകരമായി ബാധിച്ചിട്ടുണ്ട്.


അഭിനയം: എബവ് ആവറേജ്
കലാഭവന്‍ മണിയ്ക്ക് ഏറെ നാളുകള്‍ക്കു ശേഷം ലഭിച്ച ശക്തമായ കഥാപാത്രം മികവുറ്റ രീതിയില്‍ അഭിനയിച്ചു ബലിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. യക്കോബി എന്ന ഭര്‍ത്താവിന്റെ അച്ഛന്റെ സുഹൃത്തിന്റെ മാനസിക സംഘര്‍ഷങ്ങള്‍ വിശ്വസനീയമായി അവതരിപ്പിക്കുവാന്‍ കലാഭവന്‍ മണിയ്ക്ക് കഴിഞ്ഞു. അതുപോലെ തന്നെ, ബിജു മേനോനും, ലെനയും, ഗംഗ ബാബുവും മികച്ച അഭിനയം കാഴ്ച്ചവെചിട്ടുണ്ട് ഈ സിനിമയില്‍. ഇവരെ കൂടാതെ, സലിം കുമാര്‍, മച്ചാന്‍ വര്‍ഗീസ്‌, ജാഫര്‍ ഇടുക്കി, മണികണ്ടന്‍, സോനാ നായര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു ഈ സിനിമയില്‍. 


സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. സംഭാഷണങ്ങള്‍, സംവിധാനം
2. കലാഭവന്‍ മണി, ബിജു മേനോന്‍, ലെന, ഗംഗ ബാബു എന്നിവരുടെ അഭിനയം
3. സിനിമയുടെ ആദ്യപകുതി
4. സംഗീതം

 
സിനിമയുടെ മൈനസ് പോയിന്റ്സ്:
1. പ്രവചിക്കാനവുന്ന കഥ
2. ക്ലൈമാക്സിനു മുമ്പുള്ള രംഗങ്ങള്‍
3. ചിത്രസന്നിവേശം 

  
ഓറഞ്ച് റിവ്യൂ: കേട്ടുപഴകിയ പ്രമേയവും കഥയുമാണ് ഓറഞ്ച് സിനിമയുടെതെങ്കിലും, ബിജു വര്‍ക്കി എഴുതിയ സംഭാഷണങ്ങളും ത്രില്ലടിപ്പിക്കുന്ന സംവിധാനവും കലാഭവന്‍ മണിയുടെ അഭിനയവും ഈ സിനിമയെ വ്യതസ്തമാക്കുന്നു.  
 

ഓറഞ്ച് റേറ്റിംഗ്: 4.50 / 10
കഥ, തിരക്കഥ: 3 / 10 [ബിലോ
ആവറേജ്]
സംവിധാനം: 5 / 10 [ആവറേജ്]
സാങ്കേതികം: 2.5 / 5 [ആവറേജ്]
അഭിനയം: 3 / 5 [എബവ് ആവറേജ്]
ടോട്ടല്‍: 13.5 / 30 [4.5 / 10]

 
കഥ, സംഭാഷണം, സംവിധാനം: ബിജു വര്‍ക്കി
തിരക്കഥ: ബിജു വര്‍ക്കി, സുരേഷ് കൊച്ചമ്മിണി
നിര്‍മ്മാണം: രവി ബാംഗ്ലൂര്‍
ചായാഗ്രഹണം: രാമലിംഗം

ചിതസന്നിവേശം: ബി.അജിത്കുമാര്‍   
വരികള്‍: റഫീക്ക് അഹമ്മദ്, സി.ആര്‍. മേനോന്‍
സംഗീതം: മണികാന്ത് ബദ്രി, അഫ്സല്‍ യുസഫ് 

No comments:

Post a Comment