25 Jan 2012

പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍

ഉദയനാണ് താരം എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രമായ രാജപ്പന്‍ തെങ്ങുംമൂട് എന്ന സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാറിന്റെ ജീവിതത്തിലെ തുടര്‍കഥയാണ് പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍. പത്മശ്രീയും ഭരത് അവാര്‍ഡും ഡോക്ടര്‍ പദവിയും ലഭിച്ച സരോജ്, കേണല്‍ പദവി ലഭിക്കുവാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങളും അയാളുടെ സ്ഥിരം പൊങ്ങച്ചങ്ങളും ആരാധകരെ വിഡ്ഢികളായി കരുതി ചൂഷണം ചെയ്തു തല്ലിപൊളി സിനിമകളില്‍ അഭിനയിക്കുന്ന സരോജിനു നേരിടേണ്ടി വരുന്ന തിരിച്ചടികളാണ് ഈ സിനിമയുടെ കഥ. അഭിയിച്ച സിനിമകളെല്ലാം പൊളിഞ്ഞ സരോജ്, ഒരു പുതുമുഖ സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിക്കുകയും അതിലൂടെ സരോജ് എന്ന നടന്റെ സ്വകാര്യ ജീവിതത്തിലുള്ള ചില സത്യങ്ങള്‍ അറിയുകയും ചെയ്യുമ്പോള്‍ സരോജ് എന്ന നടന്‍ തെറ്റുകള്‍ തിരിച്ചറിയുന്നിടത്താണ് ഈ സിനിമ അവസാനിക്കുന്നത്.

വൈശാഖ സിനിമയുടെ ബാനറില്‍ വൈശാഖ രാജന്‍ നിര്‍മ്മിച്ച്‌ നവാഗതനായ സജിന്‍ രാഘവന്‍ സംവിധാനം ചെയ്ത പത്മശ്രീ ഭരത് സരോജ് കുമാറില്‍ ശ്രീനിവാസനെ കൂടാതെ ജഗതി ശ്രീകുമാര്‍, വിനീത് ശ്രീനിവാസന്‍. ഫഹദ് ഫാസില്‍, മുകേഷ്, സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, കൊല്ലം തുളസി, മമ്ത മോഹന്‍ദാസ്‌, ശാരി, അപൂര്‍വ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശ്രീനിവാസന്‍ രചന നിര്‍വഹിച്ച ഈ സിനിമയുടെ ചായാഗ്രാഹകന്‍ എസ്.കുമാറാണ്. കൈതപ്രം, അനില്‍ പനച്ചൂരാന്‍, സന്തോഷ്‌ വര്‍മ്മ എന്നിവര്‍ എഴുതിയ വരികള്‍ക്ക് ദീപക് ദേവാണ് ഈണം പകര്‍ന്നിരിക്കുന്നത്. മൊഴികളും മൌനങ്ങളും എന്ന് തുടങ്ങുന്ന ഗാനം മികവു പുലര്‍ത്തുന്നു.

തിരക്കഥ: ബിലോ ആവറേജ്
ആക്ഷേപ ഹാസ്യ സിനിമകളായ സന്ദേശം, വെള്ളാനകളുടെ നാട് എന്നീ സിനിമകളുടെ തിരക്കഥ രചയ്താവ് ശ്രീനിവാസന്റെ തൂലികയില്‍ ജനിച്ച സിനിമയാണ് ഉദയനാണ് താരം. അതെ സിനിമയിലെ പ്രശസ്ത കഥാപാത്രം സരോജ് കുമാറിന്റെ ജീവിതത്തിലെ സംഭവങ്ങളാണ് പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ എന്ന സിനിമയുടെ കഥ. പ്രത്യേകിച്ച് പുതുമകളൊന്നും അവകാശപെടാനില്ലാത്ത കഥയാണ് ഈ സിനിമയുടേതു എങ്കിലും, സരോജ്കുമാറിന് എന്ത് സംഭവിചിട്ടുണ്ടാകും എന്നറിയാനുള്ള ആകാംഷ പ്രേക്ഷകര്‍ക്ക്‌ ഉണ്ടാകും എന്ന തോന്നലാകും ശ്രീനിവാസന് പ്രജോതനമായത്. സന്ദേശം എന്ന സിനിമയിലും വെള്ളാനകളുടെ നാട് എന്ന സിനിമയിലും കേരള രാഷ്ട്രീയത്തിലെ ഉള്ളുകളികള്‍ സമൂഹത്തിനെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്നാണു ചര്‍ച്ചചെയ്തത് എങ്കില്‍, ഉദയനാണ് താരം എന്ന സിനിമയില്‍, സിനിമയ്ക്കുള്ളിലെ കള്ളത്തരങ്ങളും താരങ്ങളുടെ ജാഡയും മറ്റുമായിരുന്നു ചര്‍ച്ച വിഷയം. മേല്പറഞ്ഞ സിനിമയിലൂടെ ഒരാളെയും മനപ്പൂര്‍വ്വം കളിയാക്കുവാണോ ചെളിവാരിയെറിയാനൊ ശ്രീനിവാസന്‍ ശ്രമിച്ചിട്ടില്ല. പക്ഷെ, സരോജ്കുമാര്‍ എന്ന സിനിമയിലെ ചില സംഭവങ്ങള്‍ കാണുമ്പോള്‍ ചില സൂപ്പര്‍ താരങ്ങളെ ചെളിവാരിയെറിഞ്ഞു കൊണ്ട് നര്‍മ്മം ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എന്ന് ചില ആളുകള്‍ക്ക് സംശയം തോന്നിയതില്‍ തെറ്റില്ല. 

പ്രേക്ഷകര്‍ ഏറെ വിശ്വസിക്കുന്ന ഒരു എഴുത്തുകാരനാണ്‌ ശ്രീനിവാസന്‍. മലയാള സിനിമയിലെ ഒരു സൂപ്പര്‍ താരം പ്രശസ്തി ലഭിക്കുന്നതിനു വേണ്ടി അയാളുടെ പദവി ദുരുപയോഗപ്പെടുത്തുന്നു എന്ന് ശ്രീനിവാസന്റെ സിനിമയില്‍ കണ്ടാല്‍, ഏതൊരു ശരാശരി പ്രേക്ഷകനും അത് വിശ്വസിച്ചുപോകും. സത്യസന്ധമായ ഉദ്ദേശത്തോടെ നിര്‍മ്മിക്കപെട്ട ആക്ഷേപ ഹാസ്യ സിനിമകള്‍ ആസ്വദിക്കുകയും വിജയിപ്പികുകയും ചെയ്ത മലയാള സിനിമ പ്രേക്ഷകരെ പറ്റിക്കുന്ന വിധത്തില്‍ ശ്രീനിവാസന്‍ എഴുതിയ ഈ തിരക്കഥ സരോജ്കുമാര്‍ എന്ന കഥാപാത്രത്തെ വെറുപ്പിക്കുകയാണ് ചെയ്തത്.

സംവിധാനം: ആവറേജ്
നവാഗതനായ സജിന്‍ രാഘവാണ് സരോജ്കുമാര്‍ സംവിധാനം ചെയ്തിരിക്കുന്നത്. ശ്രീനിവാസന്‍ എഴുതിയിരിക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ നല്ല വിഷ്വല്‍സിലൂടെ ചിത്രീകരിക്കുക എന്നത് മാത്രമാണ് സംവിധായകന്‍ ചെയ്തത്. എസ്.കുമാര്‍ എന്ന പ്രഗല്‍ഭനായ ചായഗ്രാഹകനും, വി.സാജന്‍ എന്ന സന്നിവേശകനും ഉള്ളപ്പോള്‍ ഒരു സംവിധാകന്റെ ജോലി എത്രയോ എളുപ്പം. ഉദയനാണ് താരം എന്ന സിനിമയുടെ രണ്ടാം ഭാഗം ആയതിനാല്‍ റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധകനുമായി താരതമ്യം ചെയ്യുമ്പോള്‍ സജിന്‍ രാഘവന്‍ പ്രത്യേകിച്ചൊന്നും ഈ സിനിമയ്ക്ക് വേണ്ടി ചെയ്ത്തിട്ടില്ല എന്ന് തോന്നിപോകും


സാങ്കേതികം: എബവ് ആവറേജ്
കൈതപ്രം, അനില്‍ പനച്ചൂരാന്‍, സന്തോഷ്‌ വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ദീപക് ദേവാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഈ സിനിമയുടെ എടുത്ത പറയേണ്ട സവിശേഷതകളില്‍ ഒന്നാണ് ദീപക് ദേവ് ഈണമിട്ട പാട്ടുകള്‍. മൊഴികളും മൌനങ്ങളും എന്ന് തുടങ്ങുന്ന ഗാനം ദീപക് ദേവിന്റെ ഏറ്റവും മികച്ച പാട്ടുകളുടെ പട്ടികയില്‍ പെടുന്നു. അതുപോലെ തന്നെ, എസ് കുമാര്‍ ഒരുക്കിയ വിഷ്വല്‍സ് മികവു പുലര്‍ത്തുന്നു. ആ ദ്രിശ്യങ്ങളെ മോശമാക്കാത്ത രീതിയില്‍ കൂട്ടിയോജിപ്പിചിരിക്കുന്നു വി.സാജന്‍.

അഭിനയം: ആവറേജ്
സരോജ് കുമാര്‍ എന്ന കഥാപാത്രത്തെ എത്രത്തോളം ബോറാക്കാമോ അത് ആവശ്യത്തില്‍ കൂടുതല്‍ ബോറാക്കി അവതരിപ്പിച്ചിട്ടുണ്ട് ശ്രീനിവാസന്‍. ഉദയനാണ് താരം എന്ന സിനിമയില്‍ സരോജ് കുമാര്‍ കാണിക്കുന്ന വിക്രിയകള്‍ പ്രേക്ഷകരെ രസിപ്പിചെങ്കില്‍, ഈ സിനിമയില്‍ സരോജ്കുമാറിനെ കാണുമ്പോള്‍ ഒരു കഥാപാത്രം തമാശ തോന്നിപ്പിക്കുവാന്‍ വേണ്ടി കാട്ടികൂട്ടുന്ന
കോമാളിത്തരങ്ങള്‍ മാത്രമായേ തോന്നുകയുള്ളൂ. ഈ സിനിമയിലെ മറ്റു കഥാപാത്രങ്ങളായ വിനീത് ശ്രീനിവാസന്‍, ഫഹദ് ഫാസില്‍, ജഗതി ശ്രീകുമാര്‍ എന്നിവര്‍ മാത്രമാണ് അവരവര്‍ ചെയ്ത കഥാപാത്രങ്ങളോട് നീതിപുലര്‍ത്തിയത്‌. മമ്ത മോഹന്‍ദാസ്‌, സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, കൊല്ലം തുളസി എന്നിവരുടെ കഥാപാത്രങ്ങള്‍ കൃത്രിമത്വം തോന്നിപ്പിക്കുന്നതായിരുന്നു. മുകേഷ്, അപൂര്‍വ ബോസ്, ശാരി എന്നിവരും ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളാകുന്നു.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്
1 വിനീത് ശ്രീനിവാസന്‍, ഫഹദ് ഫാസില്‍ എന്നിവരുടെ സാന്നിധ്യം
2 ദീപക് ദേവ് ഈണമിട്ട പാട്ടുകള്‍
3 മൊഴികളും മൌനങ്ങളും എന്ന് തുടങ്ങുന്ന പാട്ടും ചിത്രീകരണവും
4 എസ്.കുമാറിന്റെ ചായാഗ്രഹണം 


സിനിമയുടെ മൈനസ് പോയിന്റ്സ്
1 അതിശയോക്തി നിറഞ്ഞ ഒരുപാട് രംഗങ്ങള്‍
2 കൃത്രിമത്വം തോന്നിപ്പിക്കുന്ന ശ്രീനിവാസന്റെ കഥാപാത്രം
3 ശ്രീനിവാസനും സുരാജും കാണിക്കുന്ന കോമാളിത്തരങ്ങള്‍ 
 


പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ റിവ്യൂ: മലയാള സിനിമ വ്യവസായത്തില്‍ സമീപ കാലത്ത് നടന്ന സംഭവങ്ങള്‍ തിരക്കഥയില്‍ ഉള്‍പെടുത്തി പ്രമുഖ സിനിമാതാരങ്ങളെ പരിഹസിക്കുന്ന രീതിയില്‍ ശ്രീനിവാസന്‍ എഴുതിവെച്ച കുറെ കോമാളിത്തരങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇഷ്ടമായേക്കും ഈ സിനിമ.

പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ റേറ്റിംഗ്: 4.50 / 10
തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം: 5 / 10 [ആവറേജ്]
സാങ്കേതികം: 3 / 5 [
എബവ് ആവറേജ്]
അഭിനയം:
2.5 / 5 [ആവറേജ്]
ആകെ മൊത്തം: 13.5 / 30 [4.5 / 10]


സംവിധാനം: സജിന്‍ രാഘവന്‍
കഥ,തിരക്കഥ,സംഭാഷണം: ശ്രീനിവാസന്‍
നിര്‍മ്മാണം: വൈശാഖ രാജന്‍
ചായാഗ്രഹണം: എസ്.കുമാര്‍
ചിത്രസന്നിവേശം:
വി.സാജന്‍
വരികള്‍: കൈതപ്രം, അനില്‍ പനച്ചൂരാന്‍, സന്തോഷ്‌ വര്‍മ്മ
സംഗീതം: ദീപക് ദേവ്

24 Jan 2012

കുഞ്ഞളിയന്‍


ഗോപാലപുരം ഗ്രാമത്തിലെ ഒരുപാട് അംഗങ്ങളുള്ള ഒരു തറവാട്ടിലെ മൂന്ന് സഹോദരിമാരുടെ ഏക സഹോദരനാണ് ജയരാമന്‍. ഒരു പണിയുമില്ലാതെ വെറുതെ നടന്നിരുന്ന ജയരാമനെ കുറിച്ച് അളിയന്മാര്‍ക്കും, നാട്ടുകാര്‍ക്കും വലിയ മതിപോന്നുമില്ല. അങ്ങനെയിരിക്കെയാണ് ജയരാമന്‍ ഗള്‍ഫില്‍ ജോലിയ്ക്ക് പോകുന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ജയരാമന്റെ ബന്ധുകള്‍ക്ക് ജയരാമന്‍ നാട്ടിലേക്ക് മടങ്ങി വരുന്നു എന്നെഴുതിയ ഒരു കത്ത് ലഭിക്കുന്നു. സാമ്പത്തിക മാദ്ധ്യം മൂലം ജോലി നഷ്ടപെടുന്ന ജയരാമനെ സഹായിക്കുന്ന സുഹൃത്ത് പ്രേമന്‍, ജയരാമന്റെ വീട്ടുകാര്‍ക്ക് എഴുതിയതാണ് ആ കത്ത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ജയരാമന് 50 കോടി രൂപ ലോട്ടറി ലഭിച്ചിരിക്കുന്നു എന്നും ആ കത്തില്‍ എഴുതിയിരിക്കുന്നു. ഈ വിവരം അറിയുന്ന അളിയന്മാരും നാട്ടുകാരും ചേര്‍ന്ന് ഗോപാലപുരത്ത് ജയരാമന് ഒരു വലിയ സ്വീകരണം തന്നെ നല്‍ക്കുന്നു. നാട്ടില്‍ മടങ്ങിയെത്തിയ ജയരാമനെ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടികുകയാണ് അവന്റെ സഹോദരിമാരും, അളിയന്മാരും. ഇവരുടെയെല്ലാം ഉദ്ദേശം ജയരാമന്റെ കൈവശമുള്ള പണം കൈക്കലാക്കുക്ക എന്നതാണെന്ന് ജയരാമനും അറിയാം. അങ്ങനെയിരിക്കെയാണ് മായ എന്ന സാമൂഹിക പ്രവര്‍ത്തകയെ ജയരാമന്‍ പരിച്ചയപെടുന്നത്. ജയരമാനെയും, അയാള്‍ക്ക് ലോട്ടറി ലഭിച്ചു എന്ന വാര്‍ത്തയും വിശ്വസിക്കാത്ത ഏക വ്യെക്തിയാണ് മായ. ജയരാമന്റെ കള്ളത്തരം പുറത്തുകൊണ്ടുവരാന്‍ വേണ്ടി ശ്രമിക്കുന്ന മായയെ ഭയന്ന് ജയരാമന്‍ നാടുവിടാന്‍ തീരുമാനിക്കുന്നു. അങ്ങനെയിരിക്കെയാണ് ഗോപാലപുരം ഗ്രാമത്തില്‍ ആരംഭിക്കാനിരിക്കുന്ന കെമികല്‍ ഫാക്ടറി ഉടമകള്‍ ജയരാമനെ സമീപിക്കുകയും, അവരുടെ കൈവശമുള്ള കള്ളപണത്തിനു പകരം ജയരാമന്റെ ലോട്ടറി ടിക്കറ്റ്‌ ആവശ്യപെടുകയും ചെയ്യുന്നു. ലോട്ടറി ടിക്കറ്റ്‌ കൈവശം ഇല്ലാത്ത ജയരാമന്‍ വീണ്ടും കുഴപ്പത്തിലാകുന്നു. തുടര്‍ന്ന് ജയരാമന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ഈ സിനിമയുടെ ക്ലൈമാക്സ്. ജയരമനായി ജയസുര്യയും, മായയായി അനന്യയും, ജയരാമന്റെ അളിയന്മാരായി വിജയരാഘവനും ജഗദീഷും അശോകനും, ചേച്ചിമാരായി ബിന്ദു പണിക്കാരും തെസ്നിഖാനും രശ്മി ബോബനും അഭിനയിച്ചിരിക്കുന്നു. 


ഇവര്‍ വിവാഹിതരായാല്‍, ഹാപ്പി ഹസ്ബന്റ്സ്, ഫോര്‍ ഫ്രെണ്ട്സ് എന്നീ സിനിമകള്‍ക്ക്‌ ശേഷം കൃഷ്ണ പൂജപ്പുര-സജി സുരേന്ദ്രന്‍-ജയസുര്യ ടീം ഒന്നിക്കുന്ന കുഞ്ഞളിയന്‍ നിര്‍മ്മിച്ചിരിക്കുന്നത് ടോമിച്ചന്‍ മുളകുപാടമാണ്. മുളകുപാടം ഫിലംസ് നിര്‍മ്മിച്ച ഫോര്‍ ഫ്രെണ്ട്സിനു ശേഷം ഒരു ചെറിയ ഇടവേളയ്ക്കു ശേഷമാണ് സജി കുഞ്ഞളിയന്‍ ഒരുക്കിയത്. മുന്‍കാല രണ്ടു സിനിമകളും ഹിന്ദി സിനിമയില്‍ [ഹാപ്പി ഹസ്ബന്റ്സ്] നിന്നും ഇംഗ്ലീഷ് സിനിമകളില്‍ [ഫോര്‍ ഫ്രെണ്ട്സ്] നിന്നും പകര്‍ത്തിയ കഥയാണെങ്കിലും, കുഞ്ഞളിയന്‍ കൃഷ്ണ പൂജപ്പുരയുടെ തന്നെ സൃഷ്ടിയാണെന്ന് കരുതാം. കഥയുടെ അവസാനം പഴയകാല പ്രിയദര്‍ശന്‍ സിനിമകളില്‍ കാണുന്നതുപോലെ ഒരു സ്ഥലത്ത് എല്ലാവരും വന്നുചേരുകയും അവരെല്ലാവരും തമ്മില്‍ അടിപിടിയുമായിട്ടാണ് സിനിമ അവസാനിക്കുന്നത്.

കഥ,തിരക്കഥ: മോശം
ഇവര്‍ വിവാഹിതരായാല്‍ എന്ന സിനിമയിലൂടെ ഏറെ പ്രശംസ നേടിയ തിരക്കഥ രചയ്താവാണ് കൃഷ്ണ പൂജപ്പുര. അതിനു ശേഷം അദ്ദേഹം എഴുതിയ തിരക്കഥകളില്‍ ശ്രദ്ധിക്കപെട്ടത് ഹാപ്പി ഹസ്ബന്റ്സ് ആണ്. പിന്നീടു ഇറങ്ങിയ ഫോര്‍ ഫ്രെണ്ട്സും, ഉലകം ചുറ്റും വാലിബനുമെല്ലാം മോശമായ തിരക്കഥ രചനമൂലം പരാജയപെട്ട സിനിമകളാണ്. ലളിതമായ നര്‍മത്തിലൂടെ കഥപറയുന്ന രീതിയാണ് കുഞ്ഞളിയന്‍ സിനിമയുടെ തിരക്കഥയിലൂടെ കൃഷ്ണ പൂജപ്പുര ഉദ്ദേശിചിരിക്കുന്നത്.
കൃഷ്ണ പൂജപ്പുര എന്ന തിരക്കഥ രചയ്താവിലുള്ള പ്രേക്ഷകരുടെ വിശ്വാസം തകര്‍ക്കുന്ന രീതിയിലാണ് ഈ സിനിമയുടെ തിരക്കഥ. ഒരു സിനിമയാക്കാന്‍ പോലും കെല്‍പ്പില്ലാത്ത കഥയാണ് ഈ സിനിമയ്ക്ക് വേണ്ടി കൃഷ്ണ പൂജപ്പുര തിരഞ്ഞെടുത്തത്. മുന്‍കാല മലയാള സിനിമകളില്‍ കണ്ടിട്ടുള്ള കുറെ കഥ സന്ദര്‍ഭങ്ങളും, കേട്ടുമടുത്ത കോമാളിത്തരങ്ങലുള്ള സംഭാഷണങ്ങളും ധാരാളമുള്ള സിനിമയാണ് കുഞ്ഞളിയന്‍.  

സംവിധാനം: ബിലോ ആവറേജ്
സീരിയല്‍ രംഗത്ത് നിന്ന് സിനിമയിലേക്ക് വന്ന ആദ്യ സംവിധായകനാണ് സജി സുരേന്ദ്രന്‍. ഒരുപാട് നല്ല സീരിയലുകള്‍ സംവിധാനം ചെയ്ത സജി, സിനിമ രംഗത്ത് വന്നപ്പോള്‍ തിരഞ്ഞെടുത്തത് നര്‍മ്മ പ്രാധാന്യമുള്ള കഥകളാണ്. ഇവര്‍ വിവാഹിതരായാല്‍, ഹാപ്പി ഹസ്ബന്റ്സ് എനീ സിനിമകളില്‍ കഥയ്ക്ക്‌ ആവശ്യമുള്ള തമാശകള്‍ മാത്രമുള്ളത് കൊണ്ടാണ് ആ സിനിമകള്‍ വിജയിച്ചത്. കുഞ്ഞളിയന്‍ എന്ന സിനിമയില്‍ തമാശയ്ക്ക് വലിയ അവസരങ്ങളൊന്നുമില്ലാത്ത കഥയാണെങ്കിലും അനാവശ്യമായി കുറെ രംഗങ്ങളില്‍ തമാശ കാണിക്കാന്‍ ശ്രമിച്ചിരിക്കുന്നു, ഇതു തന്നെയാണ് ഈ സിനിമയുടെ പ്രധാന പ്രശ്നവും. തൊട്ടടുത്ത രംഗങ്ങളില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് പ്രേക്ഷകന് വളരെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന രീതിയിലാണ് സംവിധായകന്‍ ഈ സിനിമ ഒരുക്കിയിരിക്കുന്നത്.



സാങ്കേതികം: ആവറേജ്
കുഞ്ഞളിയന്‍ സിനിമയുടെ ഏക ആശ്വാസം എന്ന് പറയുന്നത് ഈ സിനിമയുടെ ലോക്കെഷന്‍സ് ആണ്. തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയില്‍ കണ്ടതു പോലെയുള്ള പുഴകളും മലകളും ഒക്കെയുള്ള പൊള്ളാച്ചിയാണ് ഈ സിനിമയില്‍ ഗോപാലപുരമായി ചിത്രീകരിച്ചിരിക്കുന്നത്. അനില്‍ നായരാണ് മനോഹരമയാ ദ്രിശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. മനോജാണ് ചിത്രസന്നിവേശം. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, അനില്‍ പനച്ചൂരാന്‍, ബിയാര്‍ പ്രസാദ് എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്ക്കിയിരിക്കുന്നത് എം.ജി.ശ്രീകുമാറാണ്. ചെമ്പഴുക്ക എന്ന് തുടങ്ങുന്ന പാട്ട് മാത്രമാണ് ഈ സിനിമയില്‍ മനോഹരമായിരിക്കുന്നത്. ഈ സിനിമയിലെ മറ്റെല്ലാ ഗാനങ്ങളും വെറും ബഹളമായി മാത്രം അനുഭവപെട്ടു. 


അഭിനയം: ആവറേജ്
ഒരുപാട് താരങ്ങള്‍ അണിനിരക്കുന്ന ഈ സിനിമയില്‍ ജയസുര്യയും അനന്യയുമായാണ് നായികനായകന്മാരകുന്നത്. ഇവരെ കൂടാതെ വിജയരാഘവന്‍. ജഗദീഷ്, അശോകന്‍, മണികുട്ടന്‍, ആനന്ദ്‌, ഹരിശ്രീ അശോകന്‍. സുരാജ് വെഞ്ഞരമൂട്, മണിയന്‍പിള്ള രാജു, ബിന്ദു പണിക്കര്‍, രെശ്മി ബോബന്‍, ടെസ്നി ഖാന്‍, ഗീത വിജയന്‍, കലാരഞ്ജിനി എന്നിവരാണ്‌ പ്രധാന താരങ്ങള്‍. എല്ലാ നടീനടന്മാരും ഭേദപെട്ട അഭിമായമാണ് ഈ സിനിമയില്‍ കാഴ്ച്ചവെചിരിക്കുന്നത്.

  
സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. ലൊക്കേഷന്‍
2. ജയസുര്യ
3. ചെമ്പഴുക്ക നല്ല ചെമ്പഴുക്ക എന്ന് തുടങ്ങുന്ന ഗാനം 


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. കൃഷ്ണ പൂജപ്പുര എഴുതിയ കഥ, തിരക്കഥ
2. സജി സുരേന്ദ്രന്റെ സംവിധാനം
3. എം.ജി.ശ്രീകുമാര്‍ ഈണമിട്ട ഗാനങ്ങള്‍
4. കണ്ടുമടുത്ത തമാശകളും, കോമാളിതരങ്ങളും  



കുഞ്ഞളിയന്‍ റിവ്യൂ: പുതുമയുള്ള കഥകളും, വ്യെതസ്ഥ സംവിധാനവും, സാങ്കേതിക മികവോട് കൂടിയ അവതരണവും, ഇമ്പമുള്ള ഗാനങ്ങളും ഒക്കെയുള്ള സിനിമകള്‍ കാണുവാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകരെ, കുഞ്ഞളിയന്‍ പോലുള്ള കോമാളിത്തരങ്ങള്‍ കാണിച്ചു പറ്റിക്കുന്ന കൃഷ്ണ പൂജപ്പുരയും സജി സുരേന്ദ്രനും പോലുള്ളവരാണ് മലയാള സിനിമയുടെ യഥാര്‍ത്ഥ പ്രതിസന്ധി. 

കുഞ്ഞളിയന്‍ റേറ്റിംഗ്: 3.00 / 10
കഥ,തിരക്കഥ: 1 / 10 [മോശം]
സംവിധാനം: 3 / 10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5 / 5 [ആവറേജ്]
അഭിനയം:
2.5 / 5 [ആവറേജ്]
ആകെ മൊത്തം: 9 / 30 [3 / 10]

സംവിധാനം: സജി സുരേന്ദ്രന്‍
കഥ,തിരക്കഥ,സംഭാഷണം: കൃഷ്ണ പൂജപ്പുര
നിര്‍മ്മാണം: ടോമിച്ചന്‍ മുളകുപാടം ഫിലംസ്
ചായാഗ്രഹണം: അനില്‍ നായര്‍
ചിത്രസന്നിവേശം: മനോജ്‌
വരികള്‍: വയലാര്‍ ശരത്, അനില്‍ പനച്ചൂരാന്‍, ബിയാര്‍ പ്രസാദ്
സംഗീതം: എം.ജി.ശ്രീകുമാര്‍
  

12 Jan 2012

അസുരവിത്ത്

കൊച്ചി നഗരത്തിലെ ഗുണ്ട സംഘങ്ങളുടെ കഥ പറഞ്ഞ സ്റ്റോപ്പ്‌ വയലന്‍സ് എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് എ.കെ.സാജന്‍ തിരക്കഥയും സംഭാഷണങ്ങളും എഴുതി സംവിധാനം ചെയ്ത അസുരവിത്ത്‌. സ്റ്റോപ്പ്‌ വയലന്‍സ്സില്‍ പ്രിഥ്വിരാജ് അവതരിപ്പിച്ച സാത്താന്റെ മകന്‍ ഡോണ്‍ ബോസ്കോയായിട്ടാണ് ആസിഫ് അലി ഈ സിനിമയില്‍ അഭിനയിക്കുന്നത്. ചെറുപ്പത്തില്‍ തന്നെ അമ്മ ഉപേക്ഷിച്ച ഡോണ്‍ ബോസ്കോ വളര്‍ന്നത്‌ പള്ളിയിലെ അനാഥമന്ദിരത്തിലാണ്. അപ്പന്റെ പഴയകാല കഥകളൊന്നും അറിയാത്ത മകന്‍ ഡോണ്‍ ബോസ്കോ ഒരിക്കല്‍ ഒരു കൊലപാതകം കാണുകയും അതിന്റെ പിന്നിലെ ശക്തികള്‍ ആരാണ് എന്നറിയുകയും ചെയ്യുന്നു. സ്റ്റോപ്പ്‌ വയലന്സിലെ സ്ടീഫെന്‍ പോലീസിന്റെ അപ്പന്‍ അബ്ബയാണ് ഇന്ന് കൊച്ചി നഗരം ഭരിക്കുന്ന പ്രധാന ഗുണ്ടത്തലവന്‍. അബ്ബ ആരാണ് എന്നറിയുന്ന ഡോണ്‍ ബോസ്കോ, അവന്റെ അപ്പന്‍ സാത്താനെ കുറിച്ച് അറിയുകയും സാത്താനെ കൊന്നയാളിനെ കണ്ടുമുട്ടുകയും ചെയ്യുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ ഡോണ്‍ ബോസ്കോ കൊച്ചി നഗരത്തിലെ ഡോണ്‍ ആകുകയും സാത്താന്റെ കൊലയാളികളെ വകവരുത്തുവാന്‍ തീരുമാനമെടുത്തു പോരാടുകയും ചെയ്യുന്നതാണ് അസുരവിത്ത്‌ സിനിമയുടെ കഥ.ഷാജി താണപറമ്പിലാണ് അസുരവിത്ത്‌ നിര്‍മ്മിച്ചിരിക്കുന്നത്.
 
കഥ, തിരക്കഥ: മോശം
സംവിധായകനായ എ.കെ.സാജന്‍ തന്നെയാണ് അസുരവിത്ത്‌ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ രചിച്ചിരിക്കുന്നത്. എ.കെ.സാജന്റെ ഒട്ടുമിക്ക എല്ലാ സിനിമകളുടെയും പ്രമേയം ആക്ഷന്‍ തന്നെയാണ്. 1993
ല്‍ മോഹന്‍ലാല്‍ നായകനായ ബട്ടര്‍ഫ്ലൈസ് ആണ് എ.കെ സാജന്‍ ആദ്യമായി എഴുതിയ തിരക്കഥ. പിന്നീട്, ഒന്ന് രണ്ടു നര്‍മ്മ പ്രാധാന്യമുള്ള സിനിമകള്‍ രചിച്ചതിന് ശേഷം 1994ല്‍ സുരേഷ് ഗോപിയെ നായകനാക്കി രാജിവ് അഞ്ചലിന്റെ കാശ്മീരം, 97ല്‍ കെ.മധു സംവിധാനം ചെയ്ത ജനാധിപത്യം എന്നീ സിനിമകളുടെ തിരക്കഥ രചന നിര്‍വഹിക്കുന്നത്. ഇതേ സിനിമകളുടെ ഗണത്തില്‍ പെടുത്താവുന്ന സ്റ്റോപ്പ്‌ വയലന്‍സും, ചിന്താമണി കൊലകേസും വിജയിച്ച ശേഷം എ.കെ.സാജന്‍ പിന്നീട് ആക്ഷന്‍ തിരക്കഥകള്‍ മാത്രമേ എഴുതിയിട്ടുള്ളൂ. മേല്പറഞ്ഞ എല്ലാ സിനിമകളിലും നമ്മള്‍ കണ്ടിട്ടുള്ള കൊലപാതകങ്ങളും, അടിയും ഇടിയും, നായകന്റെ പഞ്ച് ഡയലോഗുകളും വേഗത കുറഞ്ഞുള്ള നടത്തവും അങ്ങനെയുള്ള സ്ഥിരം കാഴ്ചകള്‍ തന്നെയാണ് അസുരവിത്തിലും കാണിക്കുന്നത്. ദ്രോണയുടെയും, റെഡ് ചില്ലിസിന്റെയും പരാജയം ഉള്‍കൊണ്ടിട്ടും എ.കെ.സാജന്‍ പതിവ് രീതി മാറ്റി ചിന്തിക്കാതെ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി അസുരവിത്ത്‌ എന്ന ലേബല്‍ ഒട്ടിച്ചു വിതരണം ചെയ്തതെന്തിനാണാവോ?

സംവിധാനം: മോശം
മോഹന്‍ലാലിന്റെ റെഡ് ചില്ലീസ്, മമ്മൂട്ടിയുടെ ദ്രോണ 2010 എന്നീ സിനിമകള്‍ക്ക്‌ തിരക്കഥകള്‍ രചിച്ച എ.കെ.സാജന്‍ സ്വന്തന്ത്ര സംവിധായകനായി ഒരുക്കുന്ന മൂന്നാമത്തെ സിനിമയാണ് അസുരവിത്ത്‌. പ്രിഥ്വിരാജ് അഭിനയിച്ച സ്റ്റോപ്പ്‌ വയലന്‍സ്, സുരേഷ് ഗോപി നായകനായ ലങ്ക എന്നീ സിനിമകളാണ് എ.കെ.സാജന്റെ മുന്‍കാല സംവിധാന സംരംഭങ്ങള്‍. മേല്പറഞ്ഞ എല്ലാ സിനിമകളുടേയും പ്രധാന വിഷയം ആക്ഷനും നായകന്‍മാരുടെ ഹീറോയിസവുമാണ്. അതെ ഗണത്തില്‍പെടുന്ന സിനിമാതന്നെയാണ് അസുരവിത്തും. ഒരായിരം പ്രാവശ്യം കണ്ടുമടുത്ത കഥയാണ് ഈ സിനിമയുടെത്. ആര്‍ക്കും ആരെയും എപ്പോള്‍ വേണമെന്ക്കിലും അപായപെടുത്തം. പോലീസോ, നാട്ടുകാരോ ആരും ഒന്നും മിണ്ടുന്നില്ല. ഇങ്ങനയോക്കെയാണോ ഇന്നത്തെ കൊച്ചി എന്ന് പ്രേക്ഷകന് തോന്നിപോകുന്നതില്‍ തെറ്റുപറയാനാകുകയില്ല. പരിതാപകരമായ എഴുതപെട്ട ഈ സിനിമയുടെ തിരക്കഥ ഒരു രീതിയിലും നല്ലതാക്കുവാന്‍ ഒരു സംവിധായകനും സാധിക്കുകയില്ല.

സാങ്കേതികം: ആവറേജ്
വിഷ്ണു നമ്പൂതിരിയാണ് ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഒരു ആക്ഷന്‍ സിനിമയ്ക്ക് വേണ്ടവിധത്തില്‍ ക്യാമറ ചലിപ്പിച്ചു ദ്രിശ്യങ്ങള്‍ എടുക്കുന്നതില്‍ ഒരുപരുധി വരെ വിഷ്ണു വിജയിച്ചിട്ടുണ്ട്. വിഷ്ണു പകര്‍ത്തിയ ദ്രിശ്യങ്ങള്‍ കൂട്ടിയോജിപ്പിച്ചത് രണ്ജിതാണ്. ഇരുവരും ചേര്‍ന്ന അസുരവിത്ത്‌ എന്ന സിനിമ പ്രേക്ഷകര്‍ക്ക്‌ കാണുവാന്‍ പരുവത്തിലുള്ള സിനിമയാക്കുവാന്‍ സാജനെ സഹായിച്ചിട്ടുണ്ട്. പാട്ടുകള്‍ക്ക് പ്രാധാന്യമില്ലാത്ത ഈ സിനിമയുടെ പാട്ടുകളുടെ വരികള്‍ എഴുതിയിരിക്കുന്നത് കൈതപ്രവും, റഫീക്ക് അഹമ്മദും ചേര്‍ന്നാണ്. അല്‍ഫോണ്സും രാജേഷും ചേര്‍ന്നാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. ഗോവിന്ദ് മേനോനാണ് ഈ സിനിമയ്ക്ക് വേണ്ടി എന്തക്കയോ കുറെ ശബ്ദകോലാഹലങ്ങള്‍ പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരിക്കുന്നത്. മലയാള സിനിമയില്‍ ഏറ്റവും പരിചയ സമ്പന്നനായ ത്യാഗരാജനാണ് സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

അഭിനയം:ആവറേജ്
ട്രാഫിക്‌, സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ എന്നീ സിനിമകളിലൂടെ
പ്രേക്ഷകപ്രീതി നേടിയ ആസിഫ് അലിയ്ക്ക്, അസുരവിത്ത്‌ എന്ന ഈ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നഷ്ടമാകുവാന്‍ സാധ്യതയുണ്ട്. സിനിമയുടെ ആദ്യപകുതിയില്‍ സെമിനാരിയില്‍ പഠിക്കുന്ന പാവം ഡോണ്‍ ബോസ്കോ ആയി മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ച ആസിഫ്, സിനിമയുടെ രണ്ടാം പകുതിയില്‍ ആക്ഷന്‍ ഹീറോ ആയ ഡോണ്‍ ആയി അഭിനയിച്ചപ്പോള്‍ കണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്ക്‌ മനസ്സില്‍ ചിരിയാണ് വന്നത്. ഈ സിനിമയില്‍ ഭേദപെട്ട അഭിനയം കാഴ്ചവെച്ചത് സംവൃത സുനില്‍, ലെന, ബാബു രാജ് എന്നിവര്‍ മാത്രമാണ്. ആസിഫ് അലി, വിജയരാഘവന്‍, സിദ്ദിക്ക്, ബാബു രാജ്, അനില്‍ മുരളി, കലാശാല ബാബു, ഐ.എം.വിജയന്‍, ഹരിശ്രീ അശോകന്‍, ഗണപതി, ജിയ ഇറാനി, സംവൃത സുനില്‍, ലെന, രേഖ, അപര്‍ണ്ണ നായര്‍ എന്നിവരാണ് അഭിനേതാക്കള്‍

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. സീനിയര്‍ താരങ്ങളുടെ ഭേദപെട്ട അഭിനയം


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. മുന്‍കാല ഡോണ്‍ / ആക്ഷന്‍ സിനിമകളില്‍ കണ്ടുമടുത്ത കഥാസന്ദര്‍ഭങ്ങള്‍
2. ഒരു രംഗം പോലും പ്രേക്ഷകര്‍ക്ക്‌ മനസ്സിലാകരുത്‌ എന്ന് രീതിയിലുള്ള
സംവിധാന ശൈലി
3. എ.കെ.സാജന്റെ തിരക്കഥ രചന.
4. സിനിമയുടെ രണ്ടാം പകുതിയിലെ ആസിഫ് അലിയുടെ അഭിനയം

അസുരവിത്ത്‌ റിവ്യൂ: കുറെ കൊലപാതക രംഗങ്ങള്‍ ഉള്‍പെടുത്തിയാല്‍ വയലന്‍സ് സിനിമയാകുകയില്ലെന്നും, തോക്ക് കൈയ്യില്‍ കൊടുത്തിട്ട് നായകനെ പതുക്കെ നടത്തിച്ചാല്‍ ഹീറോയിസം ആകുകയില്ലെന്നും, സാങ്കേതിക സഹായത്തോടെ രംഗങ്ങള്‍ വേഗതയോടെ കാണിച്ചാല്‍ ത്രില്ലര്‍ ആകുകയിലെന്നും സംവിധായകന്‍ എ.കെ.സാജന്‍ മനസ്സിലാക്കിയാല്‍ നന്നായിരിക്കും    

അസുരവിത്ത്‌ റേറ്റിംഗ്: 2.30 / 10
കഥ-തിരക്കഥ: 1 /10 [മോശം]
സംവിധാനം:
1 /10 [മോശം]
സാങ്കേതികം: 2.5 / 5 [ആവറേജ്]
അഭിനയം:
2.5 / 5 [ആവറേജ്]
ആകെ മൊത്തം: 7 / 30 [2.3 / 10]

രചന, സംവിധാനം: എ.കെ.സാജന്‍
നിര്‍മ്മാണം: ഷാജി താണപറമ്പില്‍
ചായാഗ്രഹണം: വിഷ്ണു നമ്പൂതിരി
ചിത്രസന്നിവേശം: രഞ്ജിത്ത് ടച്ച്‌ റിവര്‍
വരികള്‍: കൈതപ്രം, റഫീക്ക് അഹമ്മദ്
സംഗീതം: അല്‍ഫോണ്സ്, രാജേഷ്‌ മോഹന്‍
പശ്ചാത്തല സംഗീതം:ഗോവിന്ദ് മേനോന്‍
സംഘട്ടണം: ത്യാഗരാജന്‍

8 Jan 2012

ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട്

മണ്മറഞ്ഞുപോയ അതുല്യപ്രതിഭ ലോഹിതദാസിന്റെ ശിഷ്യര്‍ മനോജും, വിനോദും ചേര്‍ന്ന് മനോജ്‌-വിനോദ് എന്ന പേരില്‍ സംവിധാനം ചെയ്ത് ജോണി സാഗരിക സിനിമ കമ്പനിയുടെ ബാനറില്‍ ജോണി സാഗരിക നിര്‍മ്മിച്ച ഏറ്റവും പുതിയ സിനിമയാണ് ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട്. റീമ കല്ലിങ്ങല്‍ നായികയാവുന്ന ഈ സിനിമയില്‍ ലാലു അലക്സിന്റെ മകന്‍ ബെന്‍, സായികുമാറിന്റെ സഹോദരി പുത്രന്‍ അനു മോഹന്‍, പഴയ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഗോപാലകൃഷ്ണന്റെ കൊച്ചുമകന്‍ വിഷ്ണു, സിബി മലയലിന്റെ മകന്‍ ജോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ഇവരെ കൂടാതെ ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ദിക്ക്, കവിയൂര്‍ പൊന്നമ്മ, ശ്രീജിത്ത്‌ രവി, ഹരിശ്രീ അശോകന്‍, ബാലു വര്‍ഗീസ്‌, ദേവന്‍, ദിനേശ് പണിക്കര്‍, ശശി കലിംഗ, മേനക, വനിതാ, ബിന്ദു പണിക്കര്‍, റീന ബഷീര്‍ എന്നിവരാണ് മറ്റു പ്രമുഖ അഭിനേതാക്കള്‍.

നാഗരിക ജീവിതത്തിന്റെ എല്ലാ കൊള്ളരുതായ്മകളും ചെയ്ത് യുവത്വം ആസ്വദിച്ചു നടക്കുന്ന നാല് സുഹൃത്തുക്കളാണ് അഭിയും, സൂരജും, റോമിയും, അരുണും. ഈ നാല്‍വര്‍ സംഘത്തിനെ എല്ലാ ചീത്ത കാര്യങ്ങള്‍ക്കും പ്രേരിപിക്കുന്നത് ഇവരുടെ സുഹൃത്ത്‌ ബിയോനാണ്. ഈ അഞ്ചു സുഹൃത്തുക്കളും എറണാകുളത്തെ ഒരു ഫ്ലാറ്റിലാണ് താമസിക്കുന്നത്. ഇവരുടെയെല്ലാം മാതാപിതാക്കള്‍ വളരെ തിരക്കുള്ള വ്യക്തികളായത് കൊണ്ട് കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പോലും സമയമില്ല. അതുകൊണ്ട് തന്നെ, കുട്ടികളെല്ലാം തന്തോന്നികളായി നടക്കുന്നത്. കൂട്ടത്തിലെ വില്ലന്‍ ബിയോനുമായി നാല്‍വര്‍ സംഘം തെറ്റിപിരിയുകയും, അതിനെ തുടര്‍ന്ന് ബിയോണ്‍ ചില ഗുണ്ടകളെ കൊണ്ട് അവരെ തല്ലിപ്പികുകയും ചെയ്യുന്നു. അങ്ങനെ, നാലുപേരും വീട്ടുതടങ്ങളിലാകുന്നു.

അങ്ങനേയിരിക്കെ...ഒരിക്കല്‍, അരുണ്‍ ഓര്‍ക്കുട്ട് ചാറ്റിങ്ങിലൂടെ ക്രിസ്റ്റല്‍ എന്ന പെണ്‍കുട്ടിയെ പരിച്ചയപെടുന്നു. ചില പ്രത്യേക ലക്ഷ്യങ്ങള്‍ സാധിക്കുവാന്‍ വേണ്ടി ജെര്‍മനിയിലുള്ള ക്രിസ്റ്റല്‍ കേരളത്തിലേക്ക് വരുകയും നാല്‍വര്‍ സംഗവുമായി നല്ല സൌഹൃദത്തിലാകുകയും ചെയുന്നു. തലതെറിച്ച നാല്‍വര്‍ സംഗത്തിന്റെ സ്വഭാവം നന്നാക്കുക എന്ന ദൌത്യം ഏറ്റെടുക്കുന്ന ക്രിസ്റ്റല്‍ അവരുടെ സ്വഭാവത്തില്‍ നല്ലരീതിയിലുള്ള പല മാറ്റങ്ങളും വരുത്തുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ നാല്‍വര്‍ സംഗത്തിന്റെ ശത്രു ബിയോണ്‍ കൊല്ലപെടുകയും ആ കൊലപാതക കുറ്റം അവരുടെ  തലയില്‍ വരുമെന്ന ഘട്ടത്തില്‍ നാലുപേരും ക്രിസ്റ്റലിന്റെ കൂടെ അവളുടെ നാട്ടിലേക്ക് പോകുന്നു. ചില ലക്ഷ്യങ്ങളുള്ള ക്രിസ്റ്റല്‍ പാലക്കാടുള്ള ഒരു പഴയ തറവാട് വീട്ടില്‍ അമ്മണിയമ്മ എന്ന മുത്തശ്ശിയെ തേടി പോകുന്നു. അവളുടെ കൂടെ അഭിയും, സൂരജും, അരുണും, റോമിയും ആ വീട്ടില്‍ എത്തുന്നു. എന്താണ് ക്രിസ്റ്റലിന്റെ ലക്‌ഷ്യം, എന്താണ് നാല്‍വര്‍ സംഗത്തിന് സംഭവിക്കുന്നത്‌ എന്നെല്ലാമാണ് ഈ സിനിമയുടെ പ്രധാന കഥയും സസ്പെന്‍സ്സും.

കഥ-തിരക്കഥ: ഗുഡ്
ഇന്നത്തെ തലമുറയിലുള്ള യുവാക്കള്‍ എങ്ങനയോക്കെ ചിന്തിക്കുന്നു പ്രവര്‍ത്തിക്കുന്നു, നാഗരികതയുടെ തിരക്കില്‍ സ്വന്തം കുട്ടികളെ സ്നേഹിക്കാന്‍ സമയമില്ലാത്ത മാതാപിതാക്കളുടെ ജീവിത രീതികള്‍, അച്ഛനമ്മമാര്‍ അറിയാതെ പോക്കുന്ന കുട്ടികളുടെ ഇഷ്ടങ്ങളും പ്രവര്‍ത്തികളും, ഗ്രാമീണതയുടെ നന്മയും ഗ്രാമത്തില്‍ വളരുന്ന കുട്ടികളുടെ നിഷ്കളംഗതയും എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയുന്ന ഒരു സിനിമ ഉണ്ടാക്കിയതില്‍ മനോജിനും വിനോദിനും എന്നും അഭിമാനിക്കാം. നവാഗത തിരക്കഥ രചയ്താക്കലാണെന്ന് തോന്നിപ്പിക്കാത്ത വിധത്തില്‍ എല്ലാത്തരം പ്രേക്ഷകരെയും ത്രിപ്ത്തിപെടുത്തുന്ന രീതിയില്‍ തിരക്കഥ രചിക്കാന്‍ മനോജും വിനോദും സാധിച്ചു എന്നതാണ് ഈ സിനിമയുടെ വിജയം. നാഗരികതയുടെ ചെളിക്കുണ്ടില്‍ വളര്‍ന്ന ഇന്നത്തെ തലമുറയിലെ യുവാക്കള്‍, ഗ്രാമത്തിലെ നന്മയും സ്നേഹവും കണ്ടു പഠിക്കുന്നതും അത് അവരുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് ഈ സിനിമയിലൂടെ ചര്‍ച്ച ചെയ്യപെടുന്ന പ്രധാന വിഷയം. സിനിമയുടെ രണ്ടാം പകുതിയിലുള്ള ചില രംഗങ്ങള്‍ അതിമനോഹരമായി തന്നെ തിരക്കഥയില്‍ ഉള്ള്പെടുത്തിയിട്ടുണ്ട് മനോജും വിനോദും. അതിനുദാഹരണമാണ് മുത്തശ്ശിയുടെ സ്നേഹം തിരിച്ചറിയുന്ന രംഗങ്ങളും, കുട്ടികള്‍ തെറ്റ് തിരുത്തുന്ന രംഗങ്ങളും. അതുപോലെ തന്നെ, മാതാപിതാക്കളെ അന്വേഷിച്ചു നടക്കുന്ന നായിക അവസാനം അവരെ കണ്ടെത്തുന്ന രംഗങ്ങളും മലയാള സിനിമയില്‍ ഇന്നുവരെ കണ്ടിട്ടുള്ള മികച്ച രംഗങ്ങളുടെ പട്ടികയില്‍ പെടുത്താം.

സംവിധാനം: എബവ് ആവറേജ്
കുറെയേറ നല്ല സിനിമകള്‍ക്ക്‌ തിരക്കഥ എഴുതിയ ശേഷമാണ് ലോഹിതദാസ് സ്വന്തമായി സിനിമകള്‍ സംവിധാനം ചെയ്യുവാന്‍ തീരുമാനിക്കുന്നത്. പക്ഷെ, ശിഷ്യരായ മനോജും വിനോദും ആദ്യ സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതുകയും സംവിധായകര്‍ ആകുകയും ചെയ്തിരിക്കുന്നു. കുറെ കാലത്തിനു ശേഷമാണ് എന്തെകിലും ഒരു സന്ദേശം അടങ്ങുന്ന കഥകളുള്ള സിനിമകള്‍ മലയാളത്തില്‍ പുറത്തിറങ്ങിയിട്ട്. ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന സിനിമയിലൂടെ ശക്തമായ ഒരു സന്ദേശം നല്‍ക്കുവാന്‍ സംവിധായകര്‍ക്ക് സാധിച്ചിരിക്കുന്നു. ഇന്നത്തെ തലമുറയുടെ ജീവിത രീതികള്‍ കാണിക്കുന്ന രംഗങ്ങള്‍ കുറച്ചുകൂടി നല്ലതാക്കമായിരുന്നു എന്ന് തോന്നിപോയി. ആദ്യപകുതിയിലും അവസാന പകുതിയിലുമുള്ള
ചില രംഗങ്ങള്‍ ഒഴുവാക്കി, സിനിമയുടെ ദൈര്‍ഗ്യം കുറച്ചിരുന്നു എങ്കില്‍ ഇതിലും മികച്ചതാകുമായിരുന്നു ഈ സിനിമ..

സാങ്കേതികം: ഗുഡ്
സിനിമയുടെ സംവിധായകരെ പോലെ ഇതിനു വേണ്ടി സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്തവരും പുതുമുഖങ്ങളാണ്. നവാഗതനായ സ്വരൂപ്‌ ഫിലിപ്പ് ഒരുക്കിയ മനോഹരമായ ദ്രിശ്യങ്ങള്‍ കൃത്യമായി കൂട്ടിയോജിപ്പിച്ചത് മെന്റോസ് ആന്റണി എന്ന മറ്റൊരു പുതുമുഖമാണ്. ഇരുവരും മനോഹരമായി അവരവരുടെ ജോലി ചെയ്തിരിക്കുന്നു. കണ്ണിനു കാഴ്ച ശക്തിയില്ലാത്ത ലീല ഗിരീഷ്‌ കുട്ടനാണു ഈ സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ക്ക് സംഗീതം നല്ക്കിയിരിക്കുന്നത്. ആറു പാട്ടുകളുള്ള ഈ സിനിമയില്‍ വിജയ്‌ യേശുദാസ് പാടിയ "സായന്ന മേഘം പോലെ നീ..." എന്ന ഗാനം മികച്ചു നില്‍ക്കുന്നു. ഈ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ഓരോ പുതുമുഖങ്ങള്‍ക്കും അവകാശപെട്ടതാണ് ഈ സിനിമയുടെ വിജയം. 

അഭിനയം: ഗുഡ്
സിനിമ കുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപിചിരിക്കുന്നത്. ലാല് അലക്സിന്റെ മകന്‍ ബെന്നും, സായികുമാറിന്റെ മരുമകന്‍ അനുവും, സിബി മലയിലിന്റെ പുത്രന്‍ ജോയും, ഗോപാലകൃഷ്ണന്റെ പൌത്രന്‍ വിഷ്ണുവും, ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുനും മികച്ച പ്രകടനം കാഴ്ച്ചവെചിരിക്കുകയാണ്. ഇവരോടൊപ്പം റീമ കല്ലിങ്ങലും, ശ്രീജിത്ത്‌ രവിയും, കവിയൂര്‍ പൊന്നമ്മയും മികച്ച അഭിനയം നടത്തിയിട്ടുണ്ട്. പുതുമുഖങ്ങളെ കൂടാതെ കവിയൂര്‍ പൊന്നമ്മ, റീമ കല്ലിങ്ങല്‍, ശ്രീജിത്ത്‌ രവി, മേനക,
ഹരിശ്രീ അശോകന്‍, സിദ്ദിക്ക്, വനിതാ, ശശി കലിംഗ, ദേവന്‍ എന്നിവരുമുണ്ട് ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ഈ സിനിമയില്‍. 
  
സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. മനോജ്‌, വിനോദ് എന്നിവരുടെ തിരക്കഥ രചനയും, സംവിധാനവും
2. പുതുമുഖ നായകന്മാരുടെ അഭിനയം
3.
ലീല ഗിരീഷ് കുട്ടന്‍ എന്ന പുതുമുഖ സംഗീത സംവിധായകന്‍ ഒരുക്കിയ പാട്ടുകള്‍
4. ക്ലൈമാക്സ് രംഗങ്ങള്‍ 


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. സിനിമയുടെ ആദ്യപകുതിയിലെ രണ്ടു മൂന്ന് രംഗങ്ങള്‍
2. സിനിമയുടെ ദൈര്‍ഗ്യം  


ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് റിവ്യൂ: ഇന്നത്തെ യുവ തലമുറയ്ക്ക് ഇഷ്ടപെടാന്‍ സാധ്യതയുള്ള ഘടകങ്ങള്‍ ഉള്ളൊരു സിനിമ എന്നതിലുപരി, അവര്‍ എങ്ങനെയൊക്കെ ചിന്തിക്കണം, പ്രവര്‍ത്തിക്കണം എന്നൊരു സന്ദേശവും കൂടി നല്‍ക്കുന്ന ഓര്‍ക്കുട്ട്  ഒരു ഓര്‍മ്മക്കൂട്ട് എന്ന ഈ സിനിമ, കുടുംബങ്ങളെയും പ്രായമുള്ളവരെയും ചിരിപ്പികുകയും ചിന്തിപ്പിക്കുകയും ചെയ്യും.
  

ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് റേറ്റിംഗ്: 6.70 / 10
കഥ-തിരക്കഥ: 7 / 10 [ഗുഡ്]
സംവിധാനം: 6 / 10 [എബവ് ആവറേജ്]
സാങ്കേതികം: 3.5 / 5 [ഗുഡ്]
അഭിനയം:
3.5 / 5 [ഗുഡ്]
ആകെ മൊത്തം: 20 / 30 [6.7 / 10]
 

രചന, സംവിധാനം: മനോജ്‌-വിനോദ്
നിര്‍മ്മാണം: ജോണി സാഗരിക
ചായാഗ്രഹണം: സ്വരൂപ്‌ ഫിലിപ്പ്
ചിത്രസന്നിവേശം:മെന്റോസ് ആന്റണി
വരികള്‍:റഫീക്ക് അഹമ്മദ്‌, സന്തോഷ്‌ വര്‍മ, സുദീപ് ജോഷി, ശ്രീ പ്രസാദ്‌
സംഗീതം: ലീല ഗിരീഷ് കുട്ടന്‍ 

31 Dec 2011

വെള്ളരിപ്രാവിന്റെ ചങ്ങാതി



ചാന്ദ് വി. ക്രിയേഷന്‍സിനു വേണ്ടി അരുണ്‍ ഘോഷും, ബിജോയ്‌ ചന്ദ്രനും ചേര്‍ന്ന് നിര്‍മ്മിച്ച്‌ അക്കു അക്ബര്‍ സംവിധാനം ചെയ്ത സിനിമയാണ് വെള്ളരിപ്രാവിന്റെ ചങ്ങാതി. മലയാളി സിനിമ പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമുള്ള വിഷയമായ സിനിമയ്ക്കുള്ളിലെ സിനിമ എന്നതാണ് ഈ സിനിമയുടെ പ്രമേയം. കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ സീരിയലിന്റെ കഥാകൃത്ത്‌ ജി.എസ്.അനിലാണ് വെള്ളരിപ്രാവിന്റെ ചങ്ങാതിയുടെ കഥയും, തിരക്കഥയും, സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. സദാനന്തന്റെ സമയം എന്ന സിനിമയ്ക്ക് ശേഷം അക്കു അക്ബര്‍ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത ഈ സിനിമയില്‍ വെള്ളരിപ്രാവായി കാവ്യ മാധവനും വെള്ളരിപ്രാവിന്റെ ചങ്ങാതിയായി ദിലീപുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ഇവരെ കൂടാതെ മനോജ്‌ കെ. ജയനും ഇന്ദ്രജിത്തും പ്രാധനപെട്ട രണ്ടു കഥാപാത്രങ്ങളായി ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നു. രണ്ടു കാലഘട്ടങ്ങളുടെ കഥപറയുന്ന ഈ സിനിമയ്ക്ക് വേണ്ടി വിപിന്‍ മോഹന്‍, സമീര്‍ ഹക് എന്നിവരാണ് ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. മോഹന്‍ സിത്താര ഈണമിട്ട ഗാനങ്ങള്‍ ഈ സിനിമയുടെ എടുത്തു പറയേണ്ട സവിശേഷതകളില്‍ പെടുന്നു. 

35 വര്‍ഷങ്ങള്‍ക്കു മുമ്പ് അഗസ്റ്റിന്‍ ജോസഫ്‌ എന്ന നവാഗത സംവിധായകന്‍ പുതുമുഖങ്ങളെ നായികാനായകന്മാരാക്കി വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമ സംവിധാനം ചെയ്യുന്നു. സത്യനും, നസീറും, ശാരദയും, ഷീലയും മലയാള സിനിമയില്‍ തിളങ്ങിനിന്ന സമയത്താണ് പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഗസ്റ്റിന്‍ ജോസഫ്‌ ഒരു സിനിമ ഒരുക്കുന്നത്. അതുകൊണ്ട് തന്നെ ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നതിനാല്‍ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമ റിലീസ് ആകാതെ പെട്ടിയിലായി പോവുകയും, ആ ദുഖത്തില്‍ അപമാനിതനായ അഗസ്റ്റിന്‍ ജോസഫ്‌ ആത്മഹത്യയും ചെയുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം അഗസ്റ്റിന്‍ ജോസഫിന്റെ മകന്‍ മാണികുഞ്ഞ് ആ സിനിമ റിലീസ് ചെയ്യുവാന്‍ ശ്രമിക്കുന്നു. ആ സിനിമയില്‍ അഭിനയിച്ച പ്രധാന നടീനടന്മാരായ ഷാജഹാനും, മേരി വര്‍ഗീസും, കൃഷ്ണനും എവിടയാണ് എന്ന് അന്വേഷിക്കുന്ന മാണികുഞ്ഞ് ചില സത്യങ്ങള്‍ അറിയുന്നു .ആ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ പ്രണയത്തിലാകുന്ന ഷാജഹാനും മേരിയും അഗസ്റ്റിന്‍ ജോസെഫിന്റെ സഹായത്തോടെ വിവാഹം കഴിച്ചു ജീവിക്കുവാന്‍ തീരുമാനിക്കുന്നു. പക്ഷെ ആ ബന്ധം എതിര്‍ത്തിരുന്ന മേരിയുടെ വീട്ടുകാര്‍ അവരെ ഒന്നിക്കുവാന്‍ സമ്മതിക്കാതെ മേരിയെ ഷാജഹാനില്‍ നിന്നും വേര്‍പിരിക്കുന്നു. ഈ വിവരങ്ങളൊക്കെ അറിയുന്ന മാണികുഞ്ഞ്, 40 വര്‍ഷങ്ങള്‍ക്കു വേഷം ഷാജഹാനെയും മേരിയേയും അന്വേഷിച്ചു കണ്ടുപിടിക്കുവാന്‍ തീരുമാനിക്കുന്നു. അതുപോലെ തന്നെ, വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയില്‍ അഭിനയിച്ച ഓരോ നടീനടന്മാരെയും സിനിമയുടെ റിലീസിന് ക്ഷണിക്കുവാനും ഒരുങ്ങുന്നു.

അപ്പന്‍ സംവിധാനം ചെയ്ത സിനിമ പുറത്തിറക്കണം, ഷാജഹാനെയും മേരിയേയും കണ്ടുപിടിക്കണം എന്ന ലക്ഷ്യവുമായി നടക്കുന്ന മാണികുഞ്ഞിനു ഇതെല്ലാം സാധിക്കുമോ എന്നതാണ് ഈ സിനിമയുടെ തുടര്‍ന്നുള്ള രംഗങ്ങളില്‍ കാണിക്കുന്നത്. ഷാജഹാനായി ദിലീപും, കൃഷ്ണനായി മനോജ്‌ കെ.ജയനും, മേരി വര്‍ഗീസായി കാവ്യ മാധവനും, മാണികുഞ്ഞായി ഇന്ദ്രജിത്തും, അഗസ്റ്റിന്‍ ജോസെഫായി രാമുവും അഭിനയിച്ചിരിക്കുന്നു. 


കഥ-തിരക്കഥ: എബവ് ആവറേജ്
കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ സീരിയലിന്റെ രചയ്താവ് ജി.എസ്.അനില്‍ ആദ്യമായിട്ടാണ് ഒരു സിനിമയ്ക്ക് വേണ്ടി തിരക്കഥ രചിക്കുന്നത്‌. പുതുമകള്‍ ഏറെയുള്ള ഒരു കഥയാണ് ജി.എസ്.അനില്‍ എഴുതിയ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയ്ക്കുള്ളിലെ കഥപറയുന്ന സിനിമ. രണ്ടു കാലഘട്ടങ്ങളിലൂടെയാണ് ഈ സിനിമയുടെ കഥ തിരക്കഥയില്‍ ഉള്പെടിത്തിയിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് ചിത്രീകരിച്ച ഒരു സിനിമയും, അതിലെ കഥാപാത്രങ്ങളായി അഭിനയിച്ച നടീനടന്മാരുടെയും ജീവിതത്തിലൂടെ കടന്നുപോകുന്ന സംഭവങ്ങളുമാണ് ഈ സിനിമയുടെ ഒരു കഥയെങ്കില്‍, റിലീസകാതെ പോയ ഒരു സിനിമ റിലീസാക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന ഒരു ചെറുപ്പകാരന്റെ ശ്രമങ്ങളാണ് മറ്റൊരു കഥ. സിനിമ റിലീസ് ചെയ്യുവാന്‍ ശ്രമിക്കുന്ന രംഗങ്ങളെല്ലാം മികച്ച രീതിയില്‍ എഴുതുവാന്‍ സാധിച്ച ജി.എസ്.അനിലിനു, പഴയ കാലഘട്ടം എഴുതിയ തിരക്കഥയിലെ രംഗങ്ങള്‍ മികവുറ്റതാക്കാന്‍ സാധിച്ചില്ല എന്നതാണ് തിരക്കഥയിലെ പ്രാധാന പോരായ്മ. പഴയ കാലഘട്ടത്തിലെ കഥ ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയിലാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്. ഇന്നത്തെ സിനിമ പ്രേമികള്‍ക്ക് വേഗതയില്ലത്ത സിനിമകള്‍ ദഹിക്കാന്‍ പ്രയാസമാണ് എന്നറിയാതെ പോയതാവാം അനിലിനു പറ്റിയ തെറ്റ്. എങ്കിലും, പുതുമയുള്ള കഥ രചിച്ചതിലും, രണ്ടു കാലഘട്ടങ്ങളെയും വിശ്വസനീയമായ രീതിയില്‍ കൂട്ടിയോജിപ്പിച്ചതിനും ജി.എസ്.അനില്‍ അഭിനന്ദനം അര്‍ഹിക്കുന്നു. 


സംവിധാനം: ആവറേജ്
വെറുതെ ഒരു ഭാര്യ, കാണകണ്മണി എന്നീ സിനിമകള്‍ക്ക്‌ ശേഷം അക്കു അക്ബര്‍ സംവിധാനം ചെയ്ത സിനിമയാണ് വെള്ളരിപ്രാവിന്റെ ചങ്ങാതി. ഈ വര്ഷം ഒരു നല്ല ദിലീപ് സിനിമപോലും കാണാന്‍ പറ്റാത്ത ദിലീപിന്റെ ആരാധകര്‍ക്കായി വ്യതസ്ത സിനിമയുണ്ടാകാന്‍ ശ്രമിച്ചിരിക്കുകയാണ് ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ അക്കു അക്ബര്‍. കുറെ നാളുകള്‍ക്കു ശേഷം സിനിമയ്ക്കുളിലെ സിനിമ എന്ന പ്രമേയം പുതിയ രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചിരിക്കുകയാണ് അക്കു അക്ബര്‍.
ഈ സിനിമയ്ക്ക് വേണ്ടി പഴയ കാലഘട്ടം ശരിക്കും പഠിച്ചതിനു ശേഷമാണ് അക്കു ഈ സിനിമ സംവിധാനം  ചെയ്തിരിക്കുന്നത്. ഈ സിനിമയില്‍ രണ്ടു കാലഘട്ടങ്ങലൂടെ കടന്നു പോകുന്ന രംഗങ്ങള്‍ എല്ലാം, രണ്ടു രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നതും, ചിത്രസന്നിവേശം ചെയ്തിരിക്കുന്നതും, പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. എന്നിരുന്നാലും മലയാള സിനിമയിലെ മികച്ച സിനിമകളില്‍ ഒന്നാകുവാന്‍ സാധ്യതയുള്ള ഒരു കഥ, അക്കു അക്ബര്‍ എന്ന സംവിധായകന്റെ കഴിവുകേടും അവതരണത്തിലെ പ്രശ്നങ്ങളും കാരണം വെറും ഒരു ശരാശരി സിനിമ മാത്രമായി പോയി എന്ന് പറയുന്നതില്‍ തെറ്റില്ല. നല്ല കഥയും, വ്യതസ്ത രീതിയില്‍ എഴുതപെട്ട തിരക്കഥയും, കഴിവുള്ള നടീനടന്മാരുടെ സാനിധ്യവും പൂര്‍ണമായി പ്രയോജനപെടുത്താതെ അക്കു അക്ബറിന് സാധിച്ചില്ല. 

സാങ്കേതികം: ഗുഡ്
രണ്ടു കാലഘട്ടം പശ്ചാത്തലമാകുന്ന ഈ സിനിമയ്ക്ക് വേണ്ടു വിപിന്‍ മോഹനും, സമീര്‍ ഹക്കുമാണ് ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. പഴയ കാലഘട്ടം ചിത്രീകരിച്ച വിപിന്‍ മോഹന്‍ മികച്ച രീതിയില്‍ തന്നെ ചായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. അതിനു സഹായകമായത് ഗിരീഷ്‌ മേനോന്‍-നാഥന്‍ മണ്ണൂര്‍ എന്നിവര്‍ ഒരുക്കിയ സെറ്റുകളും, കുമാര്‍ ഇടപ്പളിന്റെ വസ്ത്രാലങ്ങാരവുമാണ്. ലിജോ പോള്‍ ആണ് ഈ സിനിമയ്ക്ക് വേണ്ടി ചിത്രസന്നിവേശം ചെയ്തിരിക്കുന്നത്. വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ എഴുതിയ വരികള്‍ക്ക് സംഗീതം നല്ക്കിയത് മോഹന്‍ സിതാരയാണ്. ശ്രവ്യസുന്ദരമായ പാട്ടുകളാണ് ഈ സിനിമയുടെ പ്രധാന സവിശേഷതകില്‍ ഒന്ന്. ശ്രേയ ഗോഷാല്‍-കബീര്‍ എന്നിവര്‍ പാടിയ "പതിനേഴിന്റെ..." എന്ന് തുടങ്ങുന്ന പാട്ട് ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റികഴിഞ്ഞിരിക്കുന്നു.



അഭിനയം: ഗുഡ്
കുറെ നാളുകള്‍ക്കു ശേഷമാണ് ഏറെ അഭിനയ സാധ്യതകളുള്ള ഒരു വേഷം അഭിനയിക്കാന്‍ ദിലീപിനും മനോജ്‌ കെ. ജയനും സാധിച്ചത്. അത് മികവുറ്റതാക്കാന്‍ രണ്ടു നടന്മാരും ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തിരിക്കുന്നു. അവരെപോലെ തന്നെ, കാവ്യ മാധവും, ഇന്ദ്രജിത്തും, സായികുമാറും, മാമുക്കോയയും അവരരുടെ രംഗങ്ങള്‍ മനോഹരമായി അഭിനയിച്ചിരിക്കുന്നു. ദിലീപ്, മനോജ്‌. കെ. ജയന്‍, ഇന്ദ്രജിത്ത്, ലാല്‍, സായികുമാര്‍, വിജയരാഘവന്‍, രാമു, മണിയന്‍പിള്ള രാജു, സാദിക്ക്, മാമുക്കോയ, കൊല്ലം തുളസി, സുരാജ് വെഞ്ഞാറമൂട്, അനില്‍ മുരളി, ശിവജി ഗുരുവായൂര്‍, മജീദ്‌, കലാഭവന്‍ ഹനീഫ്, കാവ്യ മാധവന്‍, സീനത്ത്, സോണിയ,കോട്ടയം ശാന്ത എന്നിവരാണ് ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്.



സിനിമയുടെ പ്ലസ്‌ പോയിന്റ്സ്
1. പുതുമയുള്ള കഥ
2. ദിലീപ്-കാവ്യാ താരജോടികള്‍
3. ദിലീപ്, മനോജ്‌ കെ.ജയന്‍ എന്നിവരുടെ അഭിനയം
4. മോഹന്‍ സിതാര- വയലാര്‍ ശരത് ടീമിന്റെ പാട്ടുകള്‍


സിനിമയുടെ മൈനസ് പോയിന്റ്സ്
1. അക്കു അക്ബറിന്റെ സംവിധാനം
2. പുതുമകളിലാത്ത അവതരണ ശൈലി
3. പ്രവചിക്കനാകുന്ന ക്ലൈമാക്സ്  



വെള്ളരിപ്രാവിന്റെ ചങ്ങാതി റിവ്യൂ: പുതുമയുള്ളതും വ്യതസ്തവുമായ കഥയും, നടീനടന്മാരുടെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങളും പ്രേക്ഷകരെ രസിപ്പിക്കുനുണ്ടെങ്കിലും, അവതരണത്തിലെ പാളിച്ചകളും സംവിധായകന്റെ കഴിവുകേടും കൊണ്ട് കണ്ടിരിക്കാവുന്ന ഒരു ശരാശരി സിനിമ മാത്രമായി വെള്ളരിപ്രാവിന്റെ ചങ്ങാതി.


വെള്ളരിപ്രാവിന്റെ ചങ്ങാതി റേറ്റിംഗ്: 6.00 / 10 
കഥ-തിരക്കഥ: 6 / 10 [എബവ് ആവറേജ്]
സംവിധാനം: 5 / 10 [ആവറേജ്]
സാങ്കേതികം: 3.5 / 5 [ഗുഡ്]
അഭിനയം:
3.5 / 5 [ഗുഡ്]
ആകെ മൊത്തം: 18 / 30 [6 / 10] 


സംവിധാനം: അക്കു അക്ബര്‍
നിര്‍മ്മാണം: അജയ് ഘോഷ്, ബിജോയ്‌ ചന്ദ്രന്‍
രചന: ജി.എസ്.അനില്‍
ചായാഗ്രഹണം: വിപിന്‍ മോഹന്‍, സമീര്‍ ഹക്
ചിത്രസന്നിവേശം: ലിജോ പോള്‍
വരികള്‍: വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
സംഗീതം: മോഹന്‍ സിത്താര
ചമയം:സുദേവന്‍
കലാസംവിധാനം: ഗിരീഷ്‌ മേനോന്‍, നാഥന്‍ മണ്ണൂര്‍

വസ്ത്രാലങ്ങാരം: കുമാര്‍ എടപ്പാള്‍