25 Jan 2012

പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍

ഉദയനാണ് താരം എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രമായ രാജപ്പന്‍ തെങ്ങുംമൂട് എന്ന സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാറിന്റെ ജീവിതത്തിലെ തുടര്‍കഥയാണ് പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍. പത്മശ്രീയും ഭരത് അവാര്‍ഡും ഡോക്ടര്‍ പദവിയും ലഭിച്ച സരോജ്, കേണല്‍ പദവി ലഭിക്കുവാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങളും അയാളുടെ സ്ഥിരം പൊങ്ങച്ചങ്ങളും ആരാധകരെ വിഡ്ഢികളായി കരുതി ചൂഷണം ചെയ്തു തല്ലിപൊളി സിനിമകളില്‍ അഭിനയിക്കുന്ന സരോജിനു നേരിടേണ്ടി വരുന്ന തിരിച്ചടികളാണ് ഈ സിനിമയുടെ കഥ. അഭിയിച്ച സിനിമകളെല്ലാം പൊളിഞ്ഞ സരോജ്, ഒരു പുതുമുഖ സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിക്കുകയും അതിലൂടെ സരോജ് എന്ന നടന്റെ സ്വകാര്യ ജീവിതത്തിലുള്ള ചില സത്യങ്ങള്‍ അറിയുകയും ചെയ്യുമ്പോള്‍ സരോജ് എന്ന നടന്‍ തെറ്റുകള്‍ തിരിച്ചറിയുന്നിടത്താണ് ഈ സിനിമ അവസാനിക്കുന്നത്.

വൈശാഖ സിനിമയുടെ ബാനറില്‍ വൈശാഖ രാജന്‍ നിര്‍മ്മിച്ച്‌ നവാഗതനായ സജിന്‍ രാഘവന്‍ സംവിധാനം ചെയ്ത പത്മശ്രീ ഭരത് സരോജ് കുമാറില്‍ ശ്രീനിവാസനെ കൂടാതെ ജഗതി ശ്രീകുമാര്‍, വിനീത് ശ്രീനിവാസന്‍. ഫഹദ് ഫാസില്‍, മുകേഷ്, സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, കൊല്ലം തുളസി, മമ്ത മോഹന്‍ദാസ്‌, ശാരി, അപൂര്‍വ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശ്രീനിവാസന്‍ രചന നിര്‍വഹിച്ച ഈ സിനിമയുടെ ചായാഗ്രാഹകന്‍ എസ്.കുമാറാണ്. കൈതപ്രം, അനില്‍ പനച്ചൂരാന്‍, സന്തോഷ്‌ വര്‍മ്മ എന്നിവര്‍ എഴുതിയ വരികള്‍ക്ക് ദീപക് ദേവാണ് ഈണം പകര്‍ന്നിരിക്കുന്നത്. മൊഴികളും മൌനങ്ങളും എന്ന് തുടങ്ങുന്ന ഗാനം മികവു പുലര്‍ത്തുന്നു.

തിരക്കഥ: ബിലോ ആവറേജ്
ആക്ഷേപ ഹാസ്യ സിനിമകളായ സന്ദേശം, വെള്ളാനകളുടെ നാട് എന്നീ സിനിമകളുടെ തിരക്കഥ രചയ്താവ് ശ്രീനിവാസന്റെ തൂലികയില്‍ ജനിച്ച സിനിമയാണ് ഉദയനാണ് താരം. അതെ സിനിമയിലെ പ്രശസ്ത കഥാപാത്രം സരോജ് കുമാറിന്റെ ജീവിതത്തിലെ സംഭവങ്ങളാണ് പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ എന്ന സിനിമയുടെ കഥ. പ്രത്യേകിച്ച് പുതുമകളൊന്നും അവകാശപെടാനില്ലാത്ത കഥയാണ് ഈ സിനിമയുടേതു എങ്കിലും, സരോജ്കുമാറിന് എന്ത് സംഭവിചിട്ടുണ്ടാകും എന്നറിയാനുള്ള ആകാംഷ പ്രേക്ഷകര്‍ക്ക്‌ ഉണ്ടാകും എന്ന തോന്നലാകും ശ്രീനിവാസന് പ്രജോതനമായത്. സന്ദേശം എന്ന സിനിമയിലും വെള്ളാനകളുടെ നാട് എന്ന സിനിമയിലും കേരള രാഷ്ട്രീയത്തിലെ ഉള്ളുകളികള്‍ സമൂഹത്തിനെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്നാണു ചര്‍ച്ചചെയ്തത് എങ്കില്‍, ഉദയനാണ് താരം എന്ന സിനിമയില്‍, സിനിമയ്ക്കുള്ളിലെ കള്ളത്തരങ്ങളും താരങ്ങളുടെ ജാഡയും മറ്റുമായിരുന്നു ചര്‍ച്ച വിഷയം. മേല്പറഞ്ഞ സിനിമയിലൂടെ ഒരാളെയും മനപ്പൂര്‍വ്വം കളിയാക്കുവാണോ ചെളിവാരിയെറിയാനൊ ശ്രീനിവാസന്‍ ശ്രമിച്ചിട്ടില്ല. പക്ഷെ, സരോജ്കുമാര്‍ എന്ന സിനിമയിലെ ചില സംഭവങ്ങള്‍ കാണുമ്പോള്‍ ചില സൂപ്പര്‍ താരങ്ങളെ ചെളിവാരിയെറിഞ്ഞു കൊണ്ട് നര്‍മ്മം ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എന്ന് ചില ആളുകള്‍ക്ക് സംശയം തോന്നിയതില്‍ തെറ്റില്ല. 

പ്രേക്ഷകര്‍ ഏറെ വിശ്വസിക്കുന്ന ഒരു എഴുത്തുകാരനാണ്‌ ശ്രീനിവാസന്‍. മലയാള സിനിമയിലെ ഒരു സൂപ്പര്‍ താരം പ്രശസ്തി ലഭിക്കുന്നതിനു വേണ്ടി അയാളുടെ പദവി ദുരുപയോഗപ്പെടുത്തുന്നു എന്ന് ശ്രീനിവാസന്റെ സിനിമയില്‍ കണ്ടാല്‍, ഏതൊരു ശരാശരി പ്രേക്ഷകനും അത് വിശ്വസിച്ചുപോകും. സത്യസന്ധമായ ഉദ്ദേശത്തോടെ നിര്‍മ്മിക്കപെട്ട ആക്ഷേപ ഹാസ്യ സിനിമകള്‍ ആസ്വദിക്കുകയും വിജയിപ്പികുകയും ചെയ്ത മലയാള സിനിമ പ്രേക്ഷകരെ പറ്റിക്കുന്ന വിധത്തില്‍ ശ്രീനിവാസന്‍ എഴുതിയ ഈ തിരക്കഥ സരോജ്കുമാര്‍ എന്ന കഥാപാത്രത്തെ വെറുപ്പിക്കുകയാണ് ചെയ്തത്.

സംവിധാനം: ആവറേജ്
നവാഗതനായ സജിന്‍ രാഘവാണ് സരോജ്കുമാര്‍ സംവിധാനം ചെയ്തിരിക്കുന്നത്. ശ്രീനിവാസന്‍ എഴുതിയിരിക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ നല്ല വിഷ്വല്‍സിലൂടെ ചിത്രീകരിക്കുക എന്നത് മാത്രമാണ് സംവിധായകന്‍ ചെയ്തത്. എസ്.കുമാര്‍ എന്ന പ്രഗല്‍ഭനായ ചായഗ്രാഹകനും, വി.സാജന്‍ എന്ന സന്നിവേശകനും ഉള്ളപ്പോള്‍ ഒരു സംവിധാകന്റെ ജോലി എത്രയോ എളുപ്പം. ഉദയനാണ് താരം എന്ന സിനിമയുടെ രണ്ടാം ഭാഗം ആയതിനാല്‍ റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധകനുമായി താരതമ്യം ചെയ്യുമ്പോള്‍ സജിന്‍ രാഘവന്‍ പ്രത്യേകിച്ചൊന്നും ഈ സിനിമയ്ക്ക് വേണ്ടി ചെയ്ത്തിട്ടില്ല എന്ന് തോന്നിപോകും


സാങ്കേതികം: എബവ് ആവറേജ്
കൈതപ്രം, അനില്‍ പനച്ചൂരാന്‍, സന്തോഷ്‌ വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ദീപക് ദേവാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഈ സിനിമയുടെ എടുത്ത പറയേണ്ട സവിശേഷതകളില്‍ ഒന്നാണ് ദീപക് ദേവ് ഈണമിട്ട പാട്ടുകള്‍. മൊഴികളും മൌനങ്ങളും എന്ന് തുടങ്ങുന്ന ഗാനം ദീപക് ദേവിന്റെ ഏറ്റവും മികച്ച പാട്ടുകളുടെ പട്ടികയില്‍ പെടുന്നു. അതുപോലെ തന്നെ, എസ് കുമാര്‍ ഒരുക്കിയ വിഷ്വല്‍സ് മികവു പുലര്‍ത്തുന്നു. ആ ദ്രിശ്യങ്ങളെ മോശമാക്കാത്ത രീതിയില്‍ കൂട്ടിയോജിപ്പിചിരിക്കുന്നു വി.സാജന്‍.

അഭിനയം: ആവറേജ്
സരോജ് കുമാര്‍ എന്ന കഥാപാത്രത്തെ എത്രത്തോളം ബോറാക്കാമോ അത് ആവശ്യത്തില്‍ കൂടുതല്‍ ബോറാക്കി അവതരിപ്പിച്ചിട്ടുണ്ട് ശ്രീനിവാസന്‍. ഉദയനാണ് താരം എന്ന സിനിമയില്‍ സരോജ് കുമാര്‍ കാണിക്കുന്ന വിക്രിയകള്‍ പ്രേക്ഷകരെ രസിപ്പിചെങ്കില്‍, ഈ സിനിമയില്‍ സരോജ്കുമാറിനെ കാണുമ്പോള്‍ ഒരു കഥാപാത്രം തമാശ തോന്നിപ്പിക്കുവാന്‍ വേണ്ടി കാട്ടികൂട്ടുന്ന
കോമാളിത്തരങ്ങള്‍ മാത്രമായേ തോന്നുകയുള്ളൂ. ഈ സിനിമയിലെ മറ്റു കഥാപാത്രങ്ങളായ വിനീത് ശ്രീനിവാസന്‍, ഫഹദ് ഫാസില്‍, ജഗതി ശ്രീകുമാര്‍ എന്നിവര്‍ മാത്രമാണ് അവരവര്‍ ചെയ്ത കഥാപാത്രങ്ങളോട് നീതിപുലര്‍ത്തിയത്‌. മമ്ത മോഹന്‍ദാസ്‌, സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, കൊല്ലം തുളസി എന്നിവരുടെ കഥാപാത്രങ്ങള്‍ കൃത്രിമത്വം തോന്നിപ്പിക്കുന്നതായിരുന്നു. മുകേഷ്, അപൂര്‍വ ബോസ്, ശാരി എന്നിവരും ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളാകുന്നു.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്
1 വിനീത് ശ്രീനിവാസന്‍, ഫഹദ് ഫാസില്‍ എന്നിവരുടെ സാന്നിധ്യം
2 ദീപക് ദേവ് ഈണമിട്ട പാട്ടുകള്‍
3 മൊഴികളും മൌനങ്ങളും എന്ന് തുടങ്ങുന്ന പാട്ടും ചിത്രീകരണവും
4 എസ്.കുമാറിന്റെ ചായാഗ്രഹണം 


സിനിമയുടെ മൈനസ് പോയിന്റ്സ്
1 അതിശയോക്തി നിറഞ്ഞ ഒരുപാട് രംഗങ്ങള്‍
2 കൃത്രിമത്വം തോന്നിപ്പിക്കുന്ന ശ്രീനിവാസന്റെ കഥാപാത്രം
3 ശ്രീനിവാസനും സുരാജും കാണിക്കുന്ന കോമാളിത്തരങ്ങള്‍ 
 


പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ റിവ്യൂ: മലയാള സിനിമ വ്യവസായത്തില്‍ സമീപ കാലത്ത് നടന്ന സംഭവങ്ങള്‍ തിരക്കഥയില്‍ ഉള്‍പെടുത്തി പ്രമുഖ സിനിമാതാരങ്ങളെ പരിഹസിക്കുന്ന രീതിയില്‍ ശ്രീനിവാസന്‍ എഴുതിവെച്ച കുറെ കോമാളിത്തരങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇഷ്ടമായേക്കും ഈ സിനിമ.

പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ റേറ്റിംഗ്: 4.50 / 10
തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം: 5 / 10 [ആവറേജ്]
സാങ്കേതികം: 3 / 5 [
എബവ് ആവറേജ്]
അഭിനയം:
2.5 / 5 [ആവറേജ്]
ആകെ മൊത്തം: 13.5 / 30 [4.5 / 10]


സംവിധാനം: സജിന്‍ രാഘവന്‍
കഥ,തിരക്കഥ,സംഭാഷണം: ശ്രീനിവാസന്‍
നിര്‍മ്മാണം: വൈശാഖ രാജന്‍
ചായാഗ്രഹണം: എസ്.കുമാര്‍
ചിത്രസന്നിവേശം:
വി.സാജന്‍
വരികള്‍: കൈതപ്രം, അനില്‍ പനച്ചൂരാന്‍, സന്തോഷ്‌ വര്‍മ്മ
സംഗീതം: ദീപക് ദേവ്

No comments:

Post a Comment