15 Dec 2011

സ്വപ്‌നസഞ്ചാരി

കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരം പത്മശ്രീ ജയറാമും സംവിധായകന്‍ കമലും ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ഒന്നിച്ച സിനിമയാണ് സ്വപ്നസഞ്ചാരി. കഥ തുടരുന്നു എന്ന സിനിമയ്ക്ക് ശേഷം ട്രൂ ലൈന്‍ സിനിമയുടെ ബാനറില്‍ തങ്കച്ചന്‍ ഇമ്മാനുവല്‍ നിര്‍മ്മിച്ച സ്വപ്നസഞ്ചാരിയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് കെ.ഗിരീഷ്‌ കുമാറാണ്. ഗിരീഷ്‌ കുമാറും കമലും ചേര്‍ന്നൊരുക്കിയ ഗദ്ദാമ എന്ന സിനിമയില്‍ ചര്‍ച്ച ചെയ്യപെട്ട വിഷയം ഗള്‍ഫില്‍ വീട്ടുവേലയ്ക്കായി പോകുന്ന മലയാളികളുടെ യാതനകളാണെങ്കില്‍, സ്വപ്നസഞ്ചാരിയില്‍ ചര്ച്ചചെയ്യപെടുന്ന വിഷയം ഗള്‍ഫ്‌ മലയാളികള്‍ നാട്ടിലെത്തിയാല്‍ കാണിക്കുന്ന സ്ഥിരം പൊങ്ങച്ചങ്ങളും, പുതിയ വീടും കാറും വാങ്ങുന്നതും, ഒരുപാട് പണം ചിലവാക്കി നാട്ടുകാരുടെ മുമ്പില്‍ പ്രശസ്തി പിടിച്ചുപറ്റുന്നതും, ഒടുവില്‍ അവരുടെ ജീവിതത്തില്‍ പണം ആവശ്യമുള്ളപ്പോള്‍ ചിലവാക്കാന്‍ പണമില്ലാതാകുന്നതുമാണ്.

ചെറുമംഗലം ഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഗുമസ്തനായി ജോലി ചെയ്യുന്ന അജയചന്ദ്രന്‍ നായര്‍ക്ക്‌ (ജയറാം) ജീവിതത്തില്‍ ഒരുപാട് ആഗ്രഹങ്ങളുണ്ട്. ആ ആഗ്രഹങ്ങളൊക്കെ സഫലീകരിക്കുവനായി അജയചന്ദ്രന്‍ ഗള്‍ഫില്‍ പോക്കുന്നു. ധാരാളം പണവുമായി നാട്ടിലെത്തുന്ന അജയന്‍, പുതിയ വീടും കാറും മേടിച്ചും, അമ്പലത്തിലെ ഉത്സവം നടത്തിയും, പാവങ്ങള്‍ക്ക് പണം നല്ക്കാമെന്ന വാഗ്ദാനങ്ങള്‍ നല്ക്കിയും നാട്ടുകാരുടെ മുമ്പില്‍ പ്രശസ്തനാവാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഈ സിനിമയുടെ കഥാതന്തു.

അജയന്‍ കാണിക്കുന്ന പൊങ്ങച്ചങ്ങള്‍ കാണുമ്പോള്‍ അജയന്റെ അച്ഛന്‍ അച്യുതന്‍ നായരും, ഭാര്യ രശ്മിയും അജയനെ പരിഹസിക്കുന്നു. പക്ഷെ, ആ പരിഹാസങ്ങളൊന്നും വകവെയ്ക്കാതെ പണം വാരിയെറിഞ്ഞു പ്രശസ്തി നേടാന്‍ അജയന്‍ ശ്രമങ്ങള്‍ തുടരുന്നു. പ്രശസ്തി നേടാന്‍ പണം ചിലവാക്കുന്ന അജയന്‍ നല്ല പ്രവര്‍ത്തികളും ചെയുന്നത് കൊണ്ട് ഭാര്യയ്ക്കും അച്ഛനും അജയനോട്‌ എന്നും സ്നേഹമായിരുന്നു. അമ്പലത്തിലെ ഉത്സവം നടത്താന്‍ പണം കൊടുക്കുകയും, അനുജത്തിയുടെ വിവാഹം നടത്താന്‍ വസ്ത്രങ്ങളും സ്വര്‍ണവും നല്‍ക്കുകയും, മകള്‍ അച്ചുവിന്റെ സ്കൂളിലെ ഉറ്റസുഹൃത് ലക്ഷ്മിയുടെ ചികിത്സയ്ക്കായി പണം നല്ക്കമെന്നും പറയുകയും ചെയ്യുന്നതോടെ വീട്ടുകാരുടെയും, നാട്ടുകാരുടെയും മുമ്പില്‍ അജയന്‍ ഒരു ഹീറോ ആകുന്നു. അങ്ങനെയിരിക്കെ അവിചാരിതമായി അജയന്റെ ജീവിതത്തില്‍ ചില സംഭവങ്ങളുണ്ടാകുന്നു. അതോടെ, ഏവര്‍ക്കും പ്രിയപെട്ടവനായ അജയനെ എല്ലാവരും വെറുക്കുന്നു. ഇതാണ് സ്വപ്നസഞ്ചാരിയുടെ കഥാസാരം.

കഥ - തിരക്കഥ: ആവറേജ്
വെറുതെ ഒരു ഭാര്യ, സമസ്ത കേരളം പി.ഓ, കാണാകണ്മണി എന്നീ സിനിമകള്‍ക്ക്‌ ശേഷം ജയറാമിനെ കേന്ദ്ര കഥാപാത്രമാക്കി കെ.ഗിരീഷ്‌ കുമാര്‍ എഴുതിയ തിരക്കഥയാണ് ഈ സിനിമയുടെത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന മലയാളികള്‍ നാട്ടില്‍ അവധിയ്ക്ക് വരുമ്പോള്‍ സ്ഥിരം കാണിക്കുന്ന പൊങ്ങച്ചങ്ങളും, നാട്ടുപ്രമാണിയാകാന്‍ വേണ്ടി പണം ധാരാളം ചിലവഴിക്കുന്നതുമെല്ലാം രസകരമായ സന്ദര്‍ഭങ്ങളിലൂടെ, ഒരല്പം ആക്ഷേപഹാസ്യത്തോടെ തിരക്കഥയില്‍ ഉള്പെടുത്തിയിരിക്കുന്നു. അനിയോജ്യരായ നടീനടന്മാരയത് അഭിനയിച്ചത് കൊണ്ട് ഒട്ടുമിക്ക എല്ലാ രംഗങ്ങളും വിശ്വസനീയമായി അനുഭവപെട്ടു. പക്ഷെ, ഈ സിനിമയിലെ രംഗങ്ങളെല്ലാം എത്രയോ മലയാള സിനിമകളില്‍ കണ്ടിട്ടുള്ളതാണ്. കടം കേറിയ നായകനെ ബ്ലേഡ് മാഫിയകള്‍ ചൂഷണം ചെയ്യുന്നതും, ഒരുപാട് മാനസിക പിരിമുരുക്കങ്ങള്‍ക്ക് ഒടുവില്‍ നായകന്‍ നാടുവിടുന്നതും അവസാനം തരിച്ചു വരുന്നതും ഒഴുവാക്കമായിരുന്നു. വെറുതെ ഒരു ഭാര്യ എന്ന സിനിമുയിലൂടെ ഒരുപാട് പ്രതീക്ഷ നല്‍ക്കിയ എഴുത്തുകാരനാണ്‌ കെ.ഗിരീഷ്‌ കുമാര്‍. പക്ഷെ, തുടര്‍ന്നുള്ള സിനിമകളെല്ലാം [ഗദ്ദാമ ഒഴികെ] പ്രതീക്ഷ പോലെ നിലവാരം പുലര്‍ത്തിയില്ല. എങ്കിലും, സമസ്ത കേരളം, കാണാ കണ്മണി എന്നീ സിനിമകളെ അപേക്ഷിച്ച് സ്വപ്നസഞ്ചാരി ഭേദമാണ്. 


സംവിധാനം: എബവ് ആവറേജ്
കൈക്കുടന്ന നിലാവ് എന്ന സിനിമയ്ക്ക് ശേഷം കമലും ജയറാമും ഒന്നിച്ച സിനിമയാണ് സ്വപ്നസഞ്ചാരി.  ഒട്ടേറ പുതുമകളൊന്നും അവകാശപെടാനില്ലാത്ത ഒരു കഥ തിരഞ്ഞെടുത്തു, മോശമല്ലാത്ത രീതിയില്‍ സംവിധാനം ചെയ്തു, കണ്ടിരിക്കാവുന്ന സിനിമയാക്കി മാറ്റിയത് കമല്‍ എന്ന സംവിധായകന്റെ സംവിധാനപാടവം തന്നെ. ശരാശരി നിലവാരമുള്ള തിരക്കഥയില്‍ കുഴപ്പങ്ങള്‍ ഒരുപാടുടെങ്കിലും, കമല്‍ എന്ന സംവിധായകന്‍ അതെല്ലാം ശ്രദ്ധിക്കപെടാത്ത രീതിയില്‍ സംവിധാനം ചെയ്തത് കൊണ്ട് കുടുംബങ്ങള്‍ ഈ സിനിമ സ്വീകരിക്കും എന്ന് കരുതാം. പക്ഷെ, കമലും ജയറാമും ഒന്നിച്ച പെരുവണ്ണപുരത്തെ വിശേഷങ്ങള്‍, ശുഭയാത്ര, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്നീ സിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വപ്നസഞ്ചാരി തികച്ചും നിരാശപെടുത്തുന്നു. ഈ കൂട്ടുകെട്ടിന്റെ മുന്‍കാല സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകര്‍ മറ്റൊരു നല്ല കമല്‍-ജയറാം സിനിമയ്ക്കായി ഇനിയും കാത്തിരിക്കേണ്ടി വന്നേക്കും. 


സാങ്കേതികം: എബവ് ആവറേജ്
റഫീക്ക് അഹമ്മദ്‌ എഴുതിയ വരികള്‍ക്ക് സംഗീതം നല്ക്കിയിരിക്കുന്നത് എം.ജയചന്ദ്രനാണ്. സുദീപ് കുമാര്‍, ചിത്ര എന്നിവര്‍ ആലപിച്ച വെള്ളാരം കുന്നിലേറി...ശ്രേയ ഗോശാല്‍ പാടിയ കിളികള്‍ പാടും...എന്നീ പാട്ടുകള്‍ മികവു പുലര്‍ത്തുന്നു. സ്വപ്നസഞ്ചാരിയ്ക്കു വേണ്ടി ദ്രിശ്യങ്ങള്‍ പകര്‍ത്തിയത് അഴഗപ്പനാണ്. സ്നേഹവീടിനു ശേഷം ഗ്രാമീണ പശ്ചാത്തലത്തില്‍  അഴഗപ്പന്‍ ചിത്രീകരിക്കുന്ന സിനിമയാണ് സ്വപ്നസഞ്ചാരി. അഴഗപ്പന്‍ ഒരുക്കിയ ദ്രിശ്യങ്ങള്‍ സന്നിവേശം ചെയ്തിരിക്കുന്നത് കെ.രാജഗോപലാണ്. ഇരുവരും അവരവരുടെ ജോലി ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. ഈ സിനിമയിലെ എല്ലാ സാങ്കേതിക വശങ്ങളും സിനിമയ്ക്ക് ഗുണം
ചെയ്തിട്ടുണ്ട് 

അഭിനയം: ഗുഡ്
കുറെ നാളുകള്‍ക്കു ശേഷം ജയറാമിന് ലഭിച്ച മികച്ച വേഷങ്ങളിലൊന്നാണ് അജയചന്ദ്രന്‍ നായര്‍. മനോഹരമായ അഭിനയത്തിലൂടെ അജയചന്ദ്രന്‍ നായരെ അവതരിപ്പിക്കാന്‍ മലയാളാ സിനിമയില്‍ താന്‍ തന്നെയാണ് ഏറ്റവും നല്ലത് എന്ന് തെളിയിച്ചിരിക്കുകയാണ് ജയറാം. ജയറാമിനെ കൂടാതെ സംവൃത സുനില്‍, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, സലിം കുമാര്‍, ഹരിശ്രീ അശോകന്‍, ശ്രീരാമന്‍, ശിവജി ഗുരുവായൂര്‍, ഇര്‍ഷാദ്, ജയരാജ് വാരിയര്‍, ശശി കലിംഗ, അനു ഇമ്മാനുവല്‍, ഭാമ, മീര നന്ദന്‍, ജയ മേനോന്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു. എല്ലാ അഭിനേതാക്കളും അവരവരുടെ രംഗങ്ങള്‍ മോശമാക്കാതെ അവതരിപ്പിച്ചത് സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്.
     
സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. കമലിന്റെ സംവിധാനം
2. ജയറാമിന്റെ അഭിനയം
3. റഫീക്ക് അഹമ്മദ്‌ - എം.ജയചന്ദ്രന്‍ ഒരുക്കിയ പാട്ടുകള്‍
സിനിമയുടെ മൈനസ് പോയിന്റ്സ്:
1. പ്രവചിക്കനാകുന്ന കഥയും, ക്ലൈമാക്സും
2. കണ്ടുമടുത്ത കഥാസന്ദര്‍ഭങ്ങള്‍


സ്വപ്നസഞ്ചാരി റിവ്യൂ: കഥയിലോ അവതരണത്തിലോ പ്രത്യേകിച്ച് പുതുമകളൊന്നുമില്ലെങ്കിലും, ശരാശരി ജീവിതം നയിക്കുന്ന ഒരു മലയാളിയുടെ വേഷത്തില്‍ ജയറാമിനെ കാണാന്‍ ആഗ്രഹമുള്ള പ്രേക്ഷകര്‍ക്കും, കുടുംബ കഥകള്‍ സിനിമയാക്കിയാല്‍ ഇഷ്ടമുള്ള പ്രേക്ഷകര്‍ക്കും ഇഷ്ടപെടുന്ന രീതിയിലുള്ള സിനിമയുണ്ടാക്കാന്‍ കമലിനും കൂട്ടര്‍ക്കും സാധിച്ചു.

സ്വപ്നസഞ്ചാരി റേറ്റിംഗ്: 5.80 / 10
കഥ - തിരക്കഥ: 5 / 10 [ആവറേജ് ]
സംവിധാനം: 6 / 10 [എബവ് ആവറേജ്]
സാങ്കേതികം: 3 / 5 [
എബവ് ആവറേജ്]
അഭിനയം: 3.5 / 5 [ഗുഡ്]
ആകെ മൊത്തം: 17.5 / 30 [5.80 / 10]


സംവിധാനം: കമല്‍
നിര്‍മ്മാണം: തങ്കച്ചന്‍ ഇമ്മാനുവല്‍
ബാനര്‍: ട്രൂ ലൈന്‍ സിനിമ
കഥ, തിരക്കഥ, സംഭാഷണം: കെ.ഗിരീഷ്‌ കുമാര്‍
ചായാഗ്രഹണം: അഴഗപ്പന്‍
ചിത്രസന്നിവേശം: കെ.രാജഗോപാല്‍
വരികള്‍:: റഫീക്ക് അഹമ്മദ്‌
സംഗീതം:എം.ജയചന്ദ്രന്‍ 

3 Dec 2011

ബ്യുട്ടിഫുള്‍

മലയാള സിനിമ പ്രേമികള്‍ ഓരോ മലയാള സിനിമയെയും വിശേഷിപ്പിക്കുന്നത് അതാത് സിനിമകളുടെ നായകന്മാരുടെയോ, സംവിധായകരുടെയോ, നിര്‍മ്മാണ കമ്പനിയുടെയോ പേരുകളിലായിരിക്കും. സിനിമയില്‍ ഇന്ന് സജീവമായിട്ടുള്ള എഴുത്തുകാരില്‍ രഞ്ജിത്തിനും, ശ്രീനിവാസനും മാത്രം അവകാശപെടാവുന്ന ഒന്നാണ് തിരക്കഥകൃത്തുക്കളുടെ പേരില്‍ ഒരു സിനിമ വിശേഷിപ്പിക്കപെടുന്നു എന്നത്. ആ എഴുത്തുകാരുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് അനൂപ്‌ മേനോന്‍ എന്ന തിരക്കഥകൃത്ത്. മലയാള സിനിമ പ്രേമികള്‍ ഏറെ ഇഷ്ടപെടുന്ന ഈ അഭിനേതാവിന്റെ തൂലികയില്‍ രചിക്കപെട്ട തിരക്കഥയാണ് ബ്യൂട്ടിഫുള്‍ എന്ന സിനിമയുടേത്. ത്രീ കിംഗ്‌സ് എന്ന സിനിമയ്ക്ക് ശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുള്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് ആനന്ദ്‌ കുമാറാണ്. ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് അനൂപ്‌ മേനോനും, ജയസുര്യയുമാണ്. കഴുത്തിനു താഴോട്ട് തളര്‍ന്നു കിടക്കുന്ന കോടീശ്വരനായ സ്റ്റീഫന്‍ എന്നയാളും, ജീവിക്കാന്‍ വേണ്ടി കഷ്ടപാടുകള്‍ ഏറെ അനുഭവിക്കുന്ന പാട്ടുകാരന്‍ ജോണ്‍ എന്നയാളും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് ബ്യൂട്ടിഫുള്‍

ശരീരത്തിലെ ഒരു അവയവം പോലും അനങ്ങാതെ തളര്‍ന്നു കിടക്കുന്ന സ്റ്റീഫന്‍ [ജയസുര്യ] ഒരു കോടീശ്വരനാണ്. അയാളുടെ കൂടെ അച്ഛന്റെ സുഹൃത്തും[ജയന്‍], മാനേജര്‍ കമലാസനനും[നന്ദു] മാത്രമാണുള്ളത്. ജീവിതത്തെ വളരെ പോസിറ്റിവായി കാണുന്ന സ്റ്റീഫന്‍ നാഗരിക ജീവിതം ആസ്വദിക്കുവനായി നാട്ടില്‍ നിന്നും വരുന്നു. ഒരിക്കല്‍, അത്താഴം കഴിക്കുവാനായി ഹോട്ടലില്‍ പോകുന്ന സ്റ്റീഫന്‍, ജോണ്‍[അനൂപ്‌ മേനോന്‍] എന്ന പാട്ടുകാരനെ പരിച്ചയപെടുകയും അയാളെ സ്റ്റീഫന്‍ വീട്ടിലേക്കു ക്ഷണിക്കുകയും, എല്ലാ ദിവസവും സ്റ്റീഫനു വേണ്ടി പാട്ടുകള്‍ പാടുവനായി ആവശ്യപെടുകയും ചെയ്യുന്നു. ആദ്യമൊക്കെ വിസമ്മതിചെങ്കിലും, ജീവിതത്തില്‍ കാശില്ലാതെ കഷ്ടപാടുകള്‍ അനുഭവിക്കുന്ന ജോണ്‍ അതിനു സമ്മതം മൂളുന്നു. അങ്ങനെ ദിവസവും ജോണ്‍ സ്റ്റീഫനു വേണ്ടി പാട്ടുകള്‍ പാടി കൊടുക്കുന്നു. അങ്ങനെ, ജോണും സ്റ്റീഫനും നല്ല സുഹൃത്തുകളായി മാറുന്നു.അങ്ങനെയിരിക്കെ, സ്റ്റീഫനെ സുശ്രുഷിക്കുവനായി അഞ്ജലി[മേഘ്ന] എന്ന സുന്ദരിയായ നേഴ്സ് വരുന്നു. അഞ്ജലിയുടെ വരവോടെ സ്റ്റീഫന്‍റ്റെയും, ജോണിന്റെയും സ്വഭാവത്തിലും ജീവിതത്തിലും ഉണ്ടാകുന്ന മാറ്റങ്ങളാണ് ഈ സിനിമയിലെ തുടര്‍ന്നുള്ള രംഗങ്ങളില്‍ കാണിക്കുന്നത്. 

കഥ - തിരക്കഥ: വെരി ഗുഡ്
മലയാളികള്‍ ഏറെ ഇഷ്ടപെടുന്ന അനൂപ്‌ മേനോനാണ് ഈ സിനിമയുടെ തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ എഴുതിയിരിക്കുന്നത്. മഹത്തായ കഥയൊന്നും ഈ സിനിമയിലിലെങ്കിലും, ആസ്വാദ്യകരമായ തിരക്കഥയും സംഭാഷണങ്ങളും ഈ സിനിമയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമയാക്കുന്നു. രണ്ട് വ്യെക്തികളുടെ ജീവിതത്തിലൂടെ, കാഴ്ചപ്പാടുകളിലൂടെ, സൗഹൃദത്തിലൂടെ കടന്നുപോകുന്ന കഥയാണ് ഈ സിനിമയുടെത്. ജയസുര്യയും അനൂപ്‌ മേനോനും തമ്മിലുള്ള സൗഹൃദം മനോഹരമായാണ് ഈ സിനിമയുടെ തിരക്കഥയില്‍ ഉള്പെടുത്തിയിരിക്കുന്നത്. സിനിമയുടെ കഥയ്ക്ക്‌ ആവശ്യമില്ലാത്ത ഒരു രംഗം പോലും ഈ സിനിമയിലില്ല എന്നത് ഈ സിനിമയുടെ സവിശേഷതകളില്‍ ഒന്നാണ്. ഈ സിനിമ പ്രേക്ഷകര്‍ സ്വീകരിച്ചാല്‍ ഒരു വലിയ വിജയമായാല്‍, അനൂപ്‌ മേനോന്‍ എന്ന വ്യെക്തിയുടെ പേരില്‍ ഇനി സിനിമകള്‍ അറിയപെട്ടു തുടങ്ങും എന്നുറപ്പ്.


സംവിധാനം: ഗുഡ്
പരസ്യ ചിത്രങ്ങളുടെ സംവിധായകാനയിരുന്ന വി.കെ.പ്രകാശ് എന്ന സംവിധായകന്റെ നാളിതുവരെയുള്ള മികച്ച സിനിമ ബ്യൂട്ടിഫുള്‍ എന്ന ഈ സിനിമ തന്നെ. ബ്യൂട്ടിഫുള്‍ എന്ന സിനിമ ഇത്രയ്ക്കും ബ്യൂട്ടിഫുള്ളായത്  ഈ സിനിമയിലെ എല്ലാ ഘടകങ്ങളും ചേരുംപടി ചേര്‍ത്തു നല്ല രീതിയില്‍ പാകപെടുത്തിയെടുത്തത് കൊണ്ടാണ്. അതിനു കാരണം സിനിമയുടെ അമരക്കാരന്‍ വി.കെ.പ്രകാശ് തന്നെ. ലളിതമായ ഒരു കഥയ്ക്ക്‌, ആവശ്യമായ രംഗങ്ങള്‍ മാത്രം രൂപപെടുത്തിയെടുത്തു കൊണ്ട് അനൂപ്‌ മേനോന്‍ ഒരുക്കിയ തിരക്കഥയെ നല്ല വിഷ്വല്‍സ് ഒരുക്കി, നല്ല പശ്ചാത്തല സംഗീതം ഒരുക്കി, നല്ല രീതിയില്‍ സന്നിവേശം ചെയ്തെടുത്തു ഈ സിനിമയെ പ്രേക്ഷകര്‍ക്ക്‌ സമ്മാനിച്ച വി.കെ.പ്രകാശിന് നന്ദി!


സാങ്കേതികം: വെരി ഗുഡ്
ചാപ്പ കുരിശ് എന്ന ആദ്യ സിനിമയിലൂടെ തന്നെ കഴിവ് തെളിയിച്ച ചായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണ്‍ ആണ് ഈ സിനിമയ്ക്ക് വേണ്ടി ദ്രിശ്യങ്ങള്‍ പകര്‍ത്തിയത്.  ഈ സിനിമയിലെ പല രംഗങ്ങളും ജോമോന്‍ ഒരുക്കിയ മനോഹരമായ വിഷ്വല്‍സ് കൊണ്ട് സമ്പന്നമാണ്. ഈ സിനിമ പ്രേക്ഷര്‍ക്കു ഇഷ്ടമാകുന്നതിന്റെ പ്രധാന കാരണം ഈ സിനിമയുടെ തിരക്കഥയും, ചായാഗ്രഹണവും തന്നെ. ജോമോന്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ കൃത്യതയാര്‍ന്ന സന്നിവേശത്തിലൂടെ കൂട്ടിയോജിപ്പിച്ച മഹേഷ്‌ നാരായണനും ഈ സിനിമയുടെ വിജയത്തില്‍ അഭിമാനിക്കാം. അതുപോലെ തന്നെ, ഈ സിനിമയുടെ കലാസംവിധായകന്‍ അജയന്‍ മങ്ങാട്, ചമയം നിര്‍വഹിച്ച ഹസന്‍ എന്നിവരും അവരവരുടെ ജോലികള്‍ നന്നായി ചെയ്തത് കൊണ്ടാണ് ബ്യൂട്ടിഫുള്‍ എന്ന സിനിമയുടെ സാങ്കേതികവശങ്ങള്‍ക്കു മേന്മയേറിയത്. നല്ലൊരു തിരക്കഥ രചയ്താവാണെന്നും മികച്ച അഭിനേതാവനെന്നും തെളിയിച്ച അനൂപ്‌ മേനോന്‍, ഈ സിനിമയിലൂടെ മികച്ചൊരു ഗാനരചയ്താവാണ് എന്നുകൂടി തെളിയിച്ചിരിക്കുകയാണ്. "മഴനീര്‍ തുള്ളികള്‍..." എന്ന അതിമനോഹര ഗാനം ഈ സിനിമയുടെ പ്രധാന സവിശേഷതകളില്‍ ഒന്നാണ്. കോക്ക്ടെയിലിന്റെ സംഗീത സംവിധായകന്‍ രതീഷ്‌ വേഗയാണ് ഈ സിനിമയ്ക്ക് വേണ്ടി സംഗീതവും, പശ്ചാത്തല സംഗീതവും ഒരിക്കിയിരിക്കുന്നത്. സിനിമയുടെ കഥാഗതിയ്ക്ക് അനിയോജ്യമായ പശ്ചാത്തല സംഗീതം ഒരുക്കാന്‍ രതീഷിനു സാധിച്ചിട്ടുണ്ട്. ഈ സിനിമയിലെ മറ്റെല്ലാ സാങ്കേതിക വശങ്ങളും മികച്ചു നില്‍ക്കുന്നു.


അഭിനയം: ഗുഡ്
കോക്ക്ടെയിലിനു ശേഷം ജയസുര്യയും അനൂപ്‌ മേനോനും ഒന്നിക്കുന്ന സിനിമയാണ് ബ്യൂട്ടിഫുള്‍. അഭിനയിച്ചു ഫലിപ്പിക്കാന്‍ ഏറെ പ്രയാസമുള്ള ഒരു കഥാപാത്രത്തെ നിഷ്പ്രയാസം അഭിനയിച്ചു മനോഹരമാക്കാന്‍ ജയസുര്യയ്ക്ക് സാധിച്ചു. കഴുത്തിനു താഴോട്ട്
തളര്‍ന്നു കിടക്കുന്ന സ്റ്റീഫന്‍ എന്ന കഥാപാത്രം ജയസുര്യയുടെ സിനിമാജീവിതത്തിലെ ഏറ്റവും മികച്ചത് എന്നുതന്നെ പറയാം. അതുപോലെ, അവരവര്‍ക്ക് ലഭിച്ച കഥാപാത്രത്തോട്  നീതിപുലര്‍ത്താന്‍ അനൂപ്‌ മേനോനും, ടിനി ടോമിനും, ജയനും, നന്ദുവിനും, മേഘ്നയ്ക്കുമൊക്കെ കഴിഞ്ഞിട്ടുണ്ട്. ജയസുര്യ, അനൂപ്‌ മേനോന്‍, ടിനി ടോം, ഉണ്ണി മേനോന്‍, ജയന്‍, നന്ദു, കിഷോര്‍, കൊച്ചു പ്രേമന്‍, കെ.ബി.വേണു, പി.ബാലചന്ദ്രന്‍, മേഘ്ന രാജ്, തെസ്നി ഖാന്‍, പ്രവീണ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. അനൂപ്‌ മേനോന്‍ എഴുതിയ തിരക്കഥ, സംഭാഷണങ്ങള്‍
2. വി.കെ.പ്രകാശിന്റെ സംവിധാനം
3. ജോമോന്‍ ടി.ജോണ്‍ ഒരുക്കിയ ദ്രിശ്യങ്ങള്‍
4. അനൂപ്‌ മേനോന്‍, ജയസുര്യ എന്നിവരുടെ കൂട്ടുകെട്ട്


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. സിനിമയുടെ രണ്ടാം പകുതിയിലെ ഒരു പാട്ട്
2. കുടുംബ പ്രേക്ഷകര്‍ക്ക്‌ ദഹിക്കാത്ത(?)ഒന്ന് രണ്ട് സംഭാഷണങ്ങള് 

ബ്യൂട്ടിഫുള്‍ റിവ്യൂ: ലളിതമായ കഥയും, ആസ്വാദ്യകരമായ കഥാസന്ദര്‍ഭങ്ങളും, അതിശയോക്തി ഇല്ലാത്ത സംഭാഷണങ്ങളും, ദ്രിശ്യസുന്ദരമായ രംഗങ്ങളും, കൃത്യതയാര്‍ന്ന സംവിധാനവും, മികച്ച അഭിനയവും ഒക്കെയുള്ള മനോഹരമായ സിനിമയാണ് ബ്യൂട്ടിഫുള്‍

ബ്യൂട്ടിഫുള്‍ റേറ്റിംഗ്: 7.50 / 10
കഥ-തിരക്കഥ: 8 / 10 [വെരി ഗുഡ്]
സംവിധാനം: 7 / 10 [ഗുഡ്]
സാങ്കേതികം: 4 / 5 [വെരി ഗുഡ്]
അഭിനയം: 3.5 / 5 [ഗുഡ്]
ആകെ മൊത്തം: 22.5 / 30 [7.5 / 10]

സംവിധാനം: വി.കെ.പ്രകാശ്‌
കഥ, തിരക്കഥ, സംഭാഷണം,ഗാനങ്ങള്‍: അനൂപ്‌ മേനോന്‍
നിര്‍മ്മാണം: ആനന്ദ് കുമാര്‍
ചായാഗ്രഹണം: ജോമോന്‍ ടി.ജോണ്‍
ചിത്രസന്നിവേശം: മഹേഷ്‌ നാരായണന്‍
സംഗീതം-പശ്ചാത്തല സംഗീതം: രതീഷ്‌ വേഗ
കല സംവിധാനം: അജയന്‍ മങ്ങാട്
ചമയം: ഹസ്സന്‍ വണ്ടൂര്‍ 
ബാനര്‍: യെസ് സിനിമ കമ്പനി

27 Nov 2011

നായിക

സിനിമ നടീനടന്മാരുടെ ജീവിതം സിനിമ കഥയാക്കിയാല്‍ അതെന്നും പ്രേക്ഷകര്‍ക്ക്‌ പുതുമ നല്‍ക്കുന്ന ഒന്നാണ്. മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് ശ്രീവിദ്യയുടെ കഥയുമായി രഞ്ജിത് തിരക്കഥ എന്ന സിനിമയൊരുക്കി. ആ സിനിമ മികച്ച പ്രേക്ഷക അഭിപ്രായം നേടി വിജയിച്ച സിനിമയായിരുന്നു. രഞ്ജിത്തിനെ പോലെ തന്നെ മികവുറ്റ സംവിധയകാനായ ജയരാജ്നടി ഉര്‍വശി ശാരദയുമായി സാമ്യമുള്ള ഗ്രെയിസ് എന്ന പഴയകാല സിനിമ നടിയുടെ കഥയുമായി നായിക എന്ന സിനിമയുണ്ടാക്കി. ഗ്രെയിസ് എന്ന കഥപാത്രമായി ശാരദയാണ് അഭിനയിച്ചിരിക്കുന്നത്. ഗ്രെയിസിന്റെ യൗവ്വനകാലം അവതരിപ്പിച്ചിരിക്കുന്നത് പത്മപ്രിയയാണ്. മലയാള സിനിമയുടെ നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ ശബ്ദം അനുകരിച്ചുകൊണ്ട് മിമിക്രിയില്‍ നിന്നും മലയാള സിനിമയിലെത്തിയ പത്മശ്രീ ജയറാമാണ് ഈ സിനിമയില്‍ നായക കഥാപാത്രമായ ആനന്ദ്‌ എന്ന സിനിമ നടനായി അഭിനയിച്ചിരിക്കുന്നത്. ഈ സിനിമയില്‍ സത്യന്‍ എന്ന നടന്റെ ജീവിതവുമായി സാമ്യമുള്ള കഥാപാത്രമാണ് ജയറാം അവതരിപ്പിക്കുന്നതെങ്കിലും പ്രേംനസീറിന്റെ ഭാവചലനങ്ങലോടെയാണ്‌ ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്.

ഗ്രേയിസ് എന്ന പഴയകാല സിനിമ നടിയുടെ ജീവിതത്തില്‍ എന്താണ് സംഭവിച്ചത് എന്ന് അന്വേഷണവുമായി അലീന എത്തുന്നിടത്താണ് ഈ സിനിമയുടെ കഥ ആരംഭിക്കുന്നത്. ഗ്രെയിസിനെ കൂടുതല്‍ പരിച്ചയപെടുയും അവരുടെ ജീവിതത്തിലുണ്ടായ സംഭവങ്ങള്‍ അറിയുന്നതോടെ അലീന ഗ്രെയിസിനെ കൂടുതല്‍ സ്നേഹിക്കുന്നു. അവരുടെ ജീവിതത്തിലുണ്ടായ ദുരന്തങ്ങളുടെ കാരണക്കാരനെ കണ്ടുപിടിക്കുക എന്ന ദൌത്യം ഏറ്റെടുക്കുന്നു അലീന. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് ഈ സിനിമയുടെ കഥ അവസാനിക്കുന്നത്. ദീദി ദാമോദരനാണ് ഈ സിനിമയ്ക്ക് വേണ്ടി കഥയും, തിരക്കഥയും, സംഭാഷണങ്ങളും രചിച്ചത്. ദി ട്രെയിന്‍ എന്ന സിനിമയ്ക്ക് ശേഷം ജയരാജ് സംവിധാനം നിര്‍വഹിച്ച നായികയുടെ ചായാഗ്രഹണം നിര്‍വഹിച്ചത് സിനി മുരുക്കുംപുഴയാണ്. ശ്രീകുമാരന്‍ തമ്പി എഴുതിയ വരികള്‍ക്ക് ഈണം നല്ക്കിയത് എം.കെ.അര്‍ജുനനാണ്

കഥ - തിരക്കഥ: ബിലോ ആവറേജ്
പ്രശസ്ത തിരക്കഥ രചയ്താവായ ടി.ദാമോദരന്റെ പുത്രി ദീദി ദാമോദരനാണ് നായികയ്ക്ക് വേണ്ടി കഥയും,തിരക്കഥയും,സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. പഴയകാല സിനിമ നടീനടന്മാരുടെ സിനിമ ജീവതത്തിലെ രീതികളും, സിനിമയുടെ ചിത്രീകരണ രീതികളെല്ലാം പ്രേക്ഷകര്‍ക്ക്‌ പുതുമ നല്‍ക്കുന്നു. കേരള കഫേയിലെ മകള്‍ക്കും, ജയരാജിന്റെ തന്നെ സിനിമയായ ഗുല്‍മോഹറിന്റെയും തിരക്കഥ രചയ്താവായ ദീദി ദാമോദാരനില്‍ നിന്നും ഇതിലും മികച്ചതാണ് പ്രേക്ഷകര്‍ പ്രതീക്ഷിച്ചത്. മികവുറ്റ തിരക്കഥയാക്കാന്‍ സാധ്യതയുള്ള നല്ലൊരു കഥ ലഭിച്ചിട്ടും, അത് പൂര്‍ണമായും ഉപയോഗിക്കാത്തത് കൊണ്ട്, വെറുമൊരു ഡോകുമെന്ററി സിനിമ പോലെ ഇഴഞ്ഞു നീങ്ങുന്ന രീതിയിലാണ് ഈ സിനിമയിലെ പല രംഗങ്ങളും. കേന്ദ്ര കഥാപാത്രമായ ശാരദയുടെതുള്‍പ്പടെ മിക്ക കഥാപാത്രങ്ങളുടെയും അവതരണവും കഥാപാത്ര രൂപീകരണവും ഒക്കെ കുറേക്കൂടി ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഈ സിനിമ നന്നാവുമായിരുന്നു.

സംവിധാനം: ബിലോ ആവറേജ്
മികച്ച സംവിധായകനുള്ള ദേശീയ ബഹുമതികളടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള സംവിധായകനാണ് ജയരാജ്. അദ്ദേഹം ഈ സിനിമയ്ക്ക് വേണ്ടി നല്ലൊരു കഥ തിരഞ്ഞെടുക്കുകയും, നല്ല അഭിനേതാക്കളെ കണ്ടെത്തി അവര്‍ക്ക് അനിയോജ്യമായ വേഷങ്ങള്‍ നല്‍ക്കുകയും ചെയ്തു. പക്ഷെ, തിരക്കഥയിലുള്ള പോരായ്മകള്‍ സംവിധാനത്തിലൂടെ പരിഹരിച്ചു ഹൃദയസ്പര്‍ശിയായ ഒരു സിനിമയുണ്ടാക്കുന്നതില്‍ ജയരാജ് പരാജയപെട്ടു. മഹത്തായ ഒരു സിനിമയാക്കാവുന്ന കഥയെ വെറും ഒരു ഡോകുമെന്ററി പോലെ ചിത്രീകരിച്ചത് എന്ത് കൊണ്ടാണ് എന്നറിയില്ല. മലയാളികളെന്നും ഇഷ്ടപെടുന്ന മനോഹരമായ പാട്ടുകള്‍ ഈ സിനിമയിലൂടെ വെള്ളിത്തിരയില്‍ വീണ്ടും എത്തിച്ചതിനു ജയരാജിന് നന്ദി!

സാങ്കേതികം: ആവറേജ്
നായിക എന്ന സിനിമ കാണുവാന്‍ പ്രേക്ഷനെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം എന്നത് കസ്തൂരി മണക്കുന്നല്ലോ...എന്ന പഴയ സൂപ്പര്‍ ഹിറ്റ്‌ ഗാനവും, അതിന്റെ ചിത്രീകരണവും തന്നെ. ശ്രീകുമാരന്‍ തമ്പി എഴുതി എം.കെ.അര്‍ജുനന്‍
ഈണമിട്ട ഈ ഗാനം കേള്‍ക്കാന്‍ ഇമ്പമുള്ളതായിരുന്നു. പാട്ട് പോലെ തന്നെ ചിത്രീകരണവും മനോഹരമാക്കിയത് സിനു മുരുക്കുംപുഴ എന്ന ചായഗ്രഹനാണ്. സമീപകാല മലയാള സിനിമകളില്‍ കണ്ടിട്ടുള്ള ഏറ്റവും മോശം ചിത്രസന്നിവേശം ഈ സിനിമയിലേതാണ്. ഷോബിന്‍ സോമന്‍ എന്നയാളാണ് ഈ സിനിമയുടെ ചിത്രസന്നിവേശകന്‍. ചിത്രസന്നിവേശം ഒഴികെ ഈ സിനിമയിലുള്ള മറ്റു സാങ്കേതിക വശങ്ങളെല്ലാം ശരാശരി നിലവാരം പുലര്‍ത്തിയിട്ടുണ്ട്.
  
അഭിനയം: എബവ് ആവറേജ്
ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച എല്ലാ നടീനടന്മാരും നല്ല അഭിനയമാണ് കാഴ്ച്ചവെചിരിക്കുന്നത്. പ്രേം നസീറെന്ന നടന്റെ ഭാവച്ചലനങ്ങള്‍ അവതരിപ്പിച്ച ജയറാമാണ് ഏറ്റവും മികച്ച അഭിനയം കാഴ്ചവെച്ചത്. എടുത്തു പറയേണ്ട മറ്റൊരു മികച്ച പ്രകടനം ശാരദയുടെതാണ്. സിനിമയിലുടനീളം ഒരു മാനസിക രോഗിയായി മികച്ച അഭിനയമാണ് ശാരദ നടത്തിയിരിക്കുന്നത്. അതുപോലെ തന്നെ, പഴകാല സിനിമ നിര്‍മ്മാതാവിന്റെ റോളില്‍ അഭിനയിച്ച സിദ്ദിക്കും, ഗ്രെയിസിന്റെ യൗവ്വനകാലം അവതരിപ്പിച്ച പത്മപ്രിയയും നന്നായി. മമതയും, ജഗതിയും, സലിം കുമാറും, കെ.പി.എ.സി.ലളിതയും, സബിത ജയരാജുമെല്ലാം അവരവരുടെ വേഷങ്ങള്‍ മോശമാക്കിയില്ല. ജയറാം, ശാരദ, പത്മപ്രിയ, മമ്ത, സിദ്ദിക്ക്, ജഗതി ശ്രീകുമാര്‍, സലിം കുമാര്‍, കെ.പി.എ.സി.ലളിത, സുകുമാരി, സബിത ജയരാജ്, സരയൂ, ശശി കലിംഗ, വാവച്ചന്‍, ജോ എന്നിവരെ കൂടാതെ കുറെ പുതുമുഖ അഭിനേതാക്കളും ഉണ്ട് ഈ സിനിമയില്‍.


സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. പ്രമേയം- കഥ
2. കുറെ നല്ല അഭിനയ മുഹൂര്‍ത്തങ്ങള്‍
3. പഴയ
കാല സിനിമകളിലെ പാട്ടുകള്‍

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. തിരക്കഥ
2. സംവിധാനം
 

നായിക റിവ്യൂ: ജയരാജ് എന്ന സംവിധായകന്റെ കഴിവുകേടും, ദീദി ദാമോദരന്റെ കെട്ടുറപ്പില്ലാത്ത തിരക്കഥയും തന്നെയാണ് ക്ലാസ്സ്‌ സിനിമയാക്കാവുന്ന നായിക എന്ന ഈ സിനിമയെ വെറുമൊരു ഡോകുമെന്ററി പോലെയുള്ള സിനിമയാക്കി മാറ്റിയത്. 

നായിക റേറ്റിംഗ്: 3.80 / 10
കഥ-തിരക്കഥ:
3 / 10 [ബിലോ ആവറേജ്]
സംവിധാനം: 3 / 10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5 / 5 [ആവറേജ്]

അഭിനയം: 3 / 5 [എബവ് ആവറേജ്]
ആകെ മൊത്തം: 11.5 / 30 [3.8 / 10 ]

സംവിധാനം: ജയരാജ്
നിര്‍മ്മാണം: തോമസ്‌ ബെഞ്ചമിന്‍
രചന: ദീദി ദാമോദരന്‍
ചായാഗ്രഹണം: സിന് മുരുക്കുംപുഴ
ചിത്രസന്നിവേശം: ഷോബിന്‍ സോമന്‍
വരികള്‍: ശ്രീകുമാരന്‍
തമ്പി
സംഗീതം: എം.കെ.അര്‍ജുനന്‍ 


15 Oct 2011

സാന്‍വിച്ച്

ലൈന്‍ ഓഫ് കളര്‍, സാല്‍ റോസാ മോഷന്‍ പിക്ചര്‍ എന്നീ ബാനറുകള്‍ക്ക് വേണ്ടി എം.സി.അരുണും, സുദീപ് കാരാട്ടും ചേര്‍ന്ന് നിര്‍മ്മിച്ച്‌, നവാഗതനായ എം.എസ്.മനു സംവിധാനം ചെയ്ത സിനിമയാണ് സാന്‍വിച്ച്. കുഞ്ചാക്കോ ബോബന്‍ നായകനായ സാന്‍വിച്ചില്‍ വാടമല്ലിയിലൂടെ സിനിമയിലെത്തിയ റിച്ച പാനായിയും, അനന്യയുമാണ് നായികമാര്‍. നവാഗതനായ രതീഷ്‌ സുകുമാരനാണ് ഈ സിനിമയുടെ തിരക്കഥയും, സംഭാഷണവും രചിച്ചത്. ഒരുപാട് ഊരാക്കുടുക്കുകളില്‍ അറിയാതെ അകപെടുന്ന നായക കഥാപാത്രം അനുഭവിക്കുന്ന പ്രശ്നങ്ങളാണ് ഈ സിനിമയുടെ കഥ. അവസാനം, എല്ലാ പ്രശ്നങ്ങളില്‍ നിന്നും നായകന്‍ ബുദ്ധിപൂര്‍വ്വം രക്ഷപെടുന്നു. പ്രദീപ്‌ നായരാണ് ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്ന സായി രാമചന്ദ്രന്‍ [ കുഞ്ചാക്കോ ബോബന്‍ ] ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന വഴി, അയാള്‍ ഓടിച്ചിരുന്ന കാര്‍ എതിരെ വന്നിരുന്ന വാഹനവുമായി കൂട്ടിയിടിക്കുകയും, ആ അപകടത്തില്‍, അതില്‍ യാത്ര ചെയ്തിരുന്ന ഗുണ്ടാത്തലവന്‍ മരിക്കുകയും ചെയ്യുന്നു. ഇതൊരു അപകടമല്ലെന്നും ഗുണ്ടത്തലവന്റെ കൊല്ലാന്‍ വേണ്ടി തന്നെ സായി വണ്ടി കൊണ്ടിടിച്ചതാണെന്നും ഗുണ്ടയുടെ  അനിയനും സംഘവും കരുതുന്നു.അങ്ങനെ, സായിയോട് പ്രതികാരം ചെയ്യുവാന്‍ അവര്‍ തീരുമാനിക്കുന്നു. ഇതിനിടയില്‍, മരിച്ച ഗുണ്ടയോട് ദേഷ്യമുള്ള ആണ്ടിപെട്ടി നായ്ക്കര്‍ [ സുരാജ് വെഞ്ഞാറമൂട് ] നടന്ന വിവരങ്ങളൊക്കെ അറിയുകയും, സായിയെ ഗുണ്ടകളില്‍ നിന്നും രക്ഷിക്കുവാനുള്ള ദൌത്യം ഏറ്റെടുക്കുകയും ചെയ്യുന്നു. ഗുണ്ടത്തലവനെ കൊല്ലുന്നയാള്‍ക്ക് മാത്രമേ തന്റെ മകളെ വിവാഹം ചെയ്തു കൊടുക്കയുള്ളു എന്ന തീരുമാനം എടുത്തിരുന്ന നായ്ക്കര്‍ സായിയെ തട്ടിക്കൊണ്ടു വരുകയും, സായിയെ കൊണ്ട് നായ്ക്കരുടെ മകളെ വിവാഹം കഴിപ്പിക്കുവാനായി ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നു. നായ്ക്കരുടെ മകള്‍ കണ്മണിയ്ക്ക് [അനന്യ] സായിയെ ഇഷ്ടമാകുകയും, വിവാഹം കഴിക്കുവാന്‍ സമ്മതം മൂളുകയും ചെയ്യുന്നു. അച്ഛന്റെ സുഹൃത്തിന്റെ മകള്‍ ശ്രുതിയുമായി [റിച്ച] വിവാഹം നിശ്ചയിച്ചിരിക്കുന്ന സായി ഇതിനെല്ലാം ഇടയില്‍ പെട്ട് കഷ്ടപ്പെടുകയും സാന്‍വിച്ച് പരുവത്തിലാകുകയും ചെയ്യുന്നു. തുടര്‍ന്ന്, സായിയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ.


കഥ-തിരക്കഥ: മോശം

നവാഗതനായ രതീഷ്‌ സുകുമാരനാണ് സാന്‍വിച്ച് സിനിമയ്ക്ക് വേണ്ടി കഥയും, തിരക്കഥയും, സംഭാഷണങ്ങളും രചിച്ചത്. പുതുമയുള്ള കഥകളുള്ള സിനിമകള്‍ മാത്രം വിജയിക്കുന്ന ഈ കാലഘട്ടത്തില്‍, അവിശ്വസനീയമായ ഒരു കഥ തിരഞ്ഞെടുത്ത്, തമാശ എന്ന പേരില്‍ എന്തക്കയോ കോമാളിത്തരങ്ങള്‍ എഴുതിയാല്‍ തിരക്കഥയാകുകയില്ല എന്ന സത്യം രതീഷ്‌ മറന്നിരിക്കുന്നു. ഈ സിനിമയില്‍, കുഞ്ചാക്കോ ബോബന്റെ നായക കഥാപാത്രം ഉള്‍പ്പടെ എല്ലാ കഥാപാത്രങ്ങളും കണ്ടാല്‍, എച്ച്ചുകെട്ടിയാല്‍ മുഴച്ചിരിക്കും എന്ന പഴമൊഴി ഓര്‍മ്മവരും. അത്രത്തോളം കൃത്രിമത്വം ആ കഥാപാത്രങ്ങള്‍ക്ക് അനുഭവപെട്ടു എന്നതാണ് സത്യം. ഒരു അന്തവും കുന്തവുമില്ലാതെ മുമ്പോട്ടുപോകുന്ന കഥാരീതിയും, തട്ടിക്കൂട്ട് തമാശകളും കുത്തിനിറച്ചു ഉണ്ടാക്കിയെടുത്ത ഒരു സിനിമ.


സംവിധാനം: മോശം
ഷാജി കൈലാസ്, ലെനിന്‍ രാജേന്ദ്രന്‍, എം.എസ്.വിജയന്‍ എന്നിവരുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായാണ് എം.എസ്. മനു ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. നവാഗതരായ സംവിധായകരെല്ലാം മലയാള സിനിമയില്‍ ചുവടുറപ്പിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, പരിതാപകരമായ ഒരു കഥ തിരഞ്ഞെടുക്കുകയും, മോശമായി സംവിധാനം ചെയ്യുകയും ചെയ്തത് എം.എസ്.മനുവിന്റെ കഴിവുകേട് തന്നെയാണ്. ഈ സിനിമയിലെ ചില രംഗങ്ങള്‍ കണ്ടാല്‍, സിനിമ എന്താണ് എന്ന് അറിയാത്ത ഒരാള്‍ സംവിധാനം ചെയ്‌താല്‍ ഇതിലും ഭേദമാകുമെന്നു തോന്നിപോയി. 


സാങ്കേതികം: ബിലോ ആവറേജ്
മുരുഗന്‍ കാട്ടകട, സ്മിത പിഷാരടി എന്നിവരാണ് ഈ സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ രചിച്ചിരിക്കുന്നത്. നവാഗതനായ ജയന്‍ പിഷാരടിയാണ് സംഗീത സംവിധാനം. "പനിനീര്‍ ചെമ്പകങ്ങള്‍...", "ചെമ്പുള്ളി മാനെ...", "ശിവ ശംഭോ.." എന്നിങ്ങനെ തുടങ്ങുന്ന മൂന്ന് പാട്ടുകളാണ് ഈ സിനിമയിലുള്ളത്. ഈ സിനിമയിലെ പനിനീര്‍ ചെമ്പകങ്ങള്‍ എന്ന് തുടങ്ങുന്ന പാട്ട് കേള്‍ക്കാന്‍ മികച്ചതായിരുന്നു. ഈ പാട്ട് സിനിമയില്‍ മികച്ച രീതിയില്‍ ദ്രിശ്യവല്‍ക്കരിക്കുവാനും ചായഗ്രഹകാന്‍ പ്രദീപ്‌ നായര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്. ഡോണ്‍മാക്സ് കമ്പനിയാണ് ചിത്രസന്നിവേശം നിര്‍വഹിച്ചിരിക്കുന്നത്. തരക്കേടില്ലാത്ത രീതിയിലുള്ള സാങ്കേതിക വശങ്ങളെങ്കിലും ഉള്ളതുകൊണ്ട് ഈ സിനിമ അരോചകമായി അനുഭവപെട്ടില്ല.

 
അഭിനയം: ബിലോ ആവറേജ്
കുഞ്ചാക്കോ ബോബന്‍, ലാലു അലെക്സ്, സുരാജ് വെഞ്ഞാറമൂട്, ഗണേഷ് കുമാര്‍, വിജയകുമാര്‍, പി.ശ്രീകുമാര്‍, ഇന്ദ്രന്‍സ്, ജയകൃഷ്ണന്‍, മനുരാജ്, പൂജപ്പുര രവി, കോട്ടയം നസീര്‍, ബിജു പപ്പന്‍, റിച്ച പാനായി, അനന്യ, ശാരി, സോണിയ, സുഭി എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. അഭിനയ സാധ്യതകളൊന്നും ഇല്ലാത്ത കഥാപാത്രങ്ങളാണ് ഈ സിനിമയിലെല്ലാം. മോശമല്ലാത്ത രീതിയില്‍ സായി എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ കുഞ്ചാക്കോ ബോബന്‍ ശ്രമിച്ചിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട് എന്ന നടന്‍ കോമാളിത്തരങ്ങള്‍ മാത്രം കാണിച്ചു അഭിനയിച്ചിട്ടുള്ള സിനിമയാണ് സാന്‍വിച്ച്. അതുപോലെ തന്നെ, വില്ലനായി അഭിനയിച്ച വിജയകുമാറും, നായികയായി അഭിനയിച്ച റിച്ച പാനായിയും വളരെ മോശം അഭിനയമാണ് ഈ സിനിമയില്‍ കാഴ്ചവെച്ചിരിക്കുന്നത്.


സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.കുഞ്ചാക്കോ ബോബന്‍


സിനിമയുടെ മൈനസ് പോയിന്റ്സ്:

1. അവിശ്വസനീയമായ കഥയും, തിരക്കഥയും 
2. സംവിധാനം
3. സുരാജും കൂട്ടരും നടത്തുന്ന കോമാളിത്തരങ്ങള്‍ 
4. തട്ടിക്കൂട്ട് തമാശകള്‍


സാന്‍വിച്ച് റിവ്യൂ: തട്ടിക്കൂട്ട് തമാശകളും അറുബോറന്‍ കഥ സന്ദര്‍ഭങ്ങളും ചേര്‍ത്തൊരുക്കിയ രുചിയില്ലാത്ത ഈ സാന്‍വിച്ച് പ്രേക്ഷകര്‍ ഒഴുവാക്കുന്നാതാവും ഭേദം. ശരാശരി നിലവാരത്തില്‍ പോലും സംവിധാനം ചെയ്യാതെ സിനിമയുണ്ടാക്കി പ്രേക്ഷകരെ പറ്റിക്കുന്ന കാലം കഴിഞ്ഞു എന്ന് എം.എസ്.മനുവും, രതീഷ്‌ സുകുമാരുനും മനസ്സിലാക്കുക! 


സാന്‍വിച്ച് റേറ്റിംഗ്: 2.30 / 10
കഥ-തിരക്കഥ: 1.5 / 10 [മോശം]
സംവിധാനം: 1.5 / 10 [മോശം]
സാങ്കേതികം: 2 / 5 [ബിലോ ആവറേജ്]
അഭിനയം: 2 / 5 [ബിലോ ആവറേജ്]
ആകെ മൊത്തം: 7 / 30 [2.3 / 10]


സംവിധാനം: എം.എസ്.മനു
നിര്‍മ്മാണം: എം.സി.അരുണ്‍, സുദീപ് കാരാട്ട്‌
തിരക്കഥ, സംഭാഷണം: രതീഷ്‌ സുകുമാരന്‍
ചായാഗ്രഹണം: പ്രദീപ്‌ നായര്‍
ചിത്രസന്നിവേശം: ഡോണ്‍മാക്സ് 

സംഗീതം: ജയന്‍ പിഷാരടി വരികള്‍: മുരുഗന്‍ കാട്ടകട, സ്മിത പിഷാരടി         

7 Oct 2011

ഇന്ത്യന്‍ റുപ്പി

ഉറുമിയ്ക്ക് ശേഷം ആഗസ്റ്റ്‌ സിനിമയ്ക്ക് വേണ്ടി പ്രിഥ്വിരാജ്, സന്തോഷ്‌ ശിവന്‍, ഷാജി നടേശന്‍ എന്നിവര്‍ നിര്‍മ്മിച്ച്‌, പ്രാഞ്ചിയെട്ടന്‍ ആന്‍ഡ്‌ ദി സെയിന്റ് എന്ന സിനിമയ്ക്ക് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമയാണ് ഇന്ത്യന്‍ റുപ്പി. ജയപ്രകാശ് എന്ന സ്ഥല കച്ചവടക്കാരന്റെ വേഷത്തിലാണ് പ്രിഥ്വിരാജ് ഇന്ത്യന്‍ റുപ്പിയില്‍ അഭിനയിച്ചിരിക്കുന്നത്. ഈ സിനിമയില്‍ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് തിലകനാണ്. മലയാള സിനിമയിലെ മികച്ച അഭിനേതാവായ തിലകന് അച്ചുത മേനോന്‍ എന്ന ശക്തമായ കഥാപാത്രം നല്‍കി സിനിമയിലേക്ക് തിരിച്ചുകൊണ്ടു വന്ന സംവിധായകന്‍ രഞ്ജിത്ത് അഭിനന്ദനം അര്‍ഹിക്കുന്നു. രഞ്ജിത്ത് തന്നെ രചനയും സംവിധാനവും നിര്‍വഹിച്ച ഈ സിനിമയില്‍ ചര്‍ച്ച ചെയ്യപെടുന്ന പ്രധാന വിഷയം സ്ഥല കച്ചവടവും, അതുമായി ബന്ധപെട്ടു കിടക്കുന്ന പണമിടപാടുകളുമാണ്. പണമുണ്ടാക്കാന്‍ വേണ്ടി കഷ്ടപെടുന്ന ജയപ്രകാശ് എന്ന ചെറുപ്പകാരന്റെ ജീവിതത്തിലൂടെയാണ് ഈ സിനിമയുടെ കഥ വികസിക്കുന്നത്. കോഴിക്കോട് നഗരത്തില്‍ നടക്കുന്ന സ്ഥല കച്ചവടവും, റിയല്‍ എസ്റ്റേറ്റ്‌ മാഫിയകളും, കുഴല്‍ പണവുമെല്ലാം ഈ സിനിമയിലൂടെ ചര്‍ച്ചചെയ്യപെടുന്നുണ്ട്. എസ്.കുമാറാണ് ചായാഗ്രഹണം.

കോഴിക്കോട് നഗരത്തിലെ റിയല്‍ എസ്റ്റേറ്റ്‌ ഇടപാട് നടത്തുന്ന രായിന്‍ [മാമുക്കോയ], ജോയ് [ബിജു പപ്പന്‍] എന്നിവരുടെ കൂട്ടത്തില്‍ കൂടി സ്ഥല കച്ചവടം നടത്തി ചെറിയ ലാഭങ്ങള്‍ ഉണ്ടാക്കി ജീവിക്കുന്നവരാണ് ജെ.പി. എന്ന ജയപ്രകാശും[പ്രിഥ്വിരാജ്], ഹമീദും[ടിനി ടോം]. സ്ഥല കച്ചവടത്തില്‍ വലിയ ലാഭങ്ങള്‍ ഉണ്ടാക്കുമ്പോള്‍ രായിന്‍-ജോയ് എന്നിവര്‍ ജെ.പി യെയും, ഹമീദിനെയും ഒഴിവാക്കുന്നതിന്റെ അമര്‍ഷം അവര്‍ക്ക് രായിനോടും, ജോയിയോടും ഉണ്ട്. പക്ഷെ, വേറൊരു വരുമാന മാര്‍ഗമില്ലത്തതിനാല്‍ അവര്‍ അത് സഹിച്ചു ജീവിക്കുന്നു. ഒരിക്കല്‍, ജെ.പി യെ തേടി അച്ചുത മേനോന്‍[തിലകന്‍] അയാളുടെ സ്ഥലം കച്ചവടമാക്കാന്‍ വരുന്നു. അങ്ങനെ, സ്വതന്ത്രരായി സ്ഥല കച്ചവടം നടത്താന്‍ ആഗ്രഹിക്കുന്ന ജെ.പിയും, ഹമീദും  സന്തോഷിക്കുന്നു. പക്ഷെ, നിര്‍ഭാഗ്യവശാല്‍ ആ കച്ചവടം മുടങ്ങിപോവുകയും അച്ചുത മേനോനെ മകന്‍ വീട്ടില്‍ നിന്നും ഇറക്കിവിടകയും ചെയ്യുന്നു. പെരുവഴിയിലായ അച്ചുത മേനോനെ ജെ.പി അയാളുടെ കൂടെ കൂട്ടുന്നു. അങ്ങനെയിരിക്കെ, ഗോള്‍ഡ്‌ പാപ്പന്‍ [ജഗതി ശ്രീകുമാര്‍] എന്ന പണക്കാരന്റെ സ്ഥലവും, ഷോപ്പിംഗ്‌ മാളും കച്ചവടമാക്കാനുള്ള അവസരം ജെ.പി യെ തേടി വരുന്നു. അച്ചുത മേനോന്റെ ബുദ്ധിയും, ജെ.പി യുടെ കഴിവും ഉപയോഗിച്ച് അവര്‍ ആ അവസരം എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് ഈ സിനിമയുടെ കഥ.

കഥ-തിരക്കഥ: വെരി ഗുഡ്
മികവുറ്റ സിനിമകളുടെ അടിസ്ഥാനം ആ സിനിമയുടെ തിരക്കഥ തന്നെയാണ് എന്ന വസ്തുത ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് രഞ്ജിത്ത്. മംഗലശ്ശേരി നീലകണ്ട്നെയും, ബാലമണിയും, പ്രാഞ്ചിയെട്ടനെയും സൃഷ്ട്ടിച്ച രചയ്താവില്‍ നിന്നും രൂപപെട്ട മറ്റു രണ്ടു മികച്ച കഥാപാത്രങ്ങളാണ് ജയപ്രകാശും, അച്ചുത മേനോനും. കാലിക പ്രസക്തിയുള്ള കഥയാണ് രഞ്ജിത്ത് ഈ സിനിമയ്ക്ക് വേണ്ടി തിരഞ്ഞെടുത്തത്. ആ കഥയ്ക്ക്‌ അനിയോജ്യമായ രീതിയില്‍ എച്ചുകെട്ടലുകളിലാതെ, സത്യസന്ദമായ രീതിയിലാണ് രഞ്ജിത്ത് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തിരക്കഥയും, കഥാസന്ദര്‍ഭങ്ങളും, സംഭാഷണങ്ങളും, കഥാപാത്ര രൂപികരണവും എല്ലാം ഇന്ത്യന്‍ റുപ്പി എന്ന സിനിമയെ രഞ്ജിത്തിന്റെ തന്നെ മികച്ച സൃഷ്ടികളില്‍ ഒന്നാക്കിമാറ്റുന്നു. ഈ സിനിമയില്‍ തിലകന്‍ അവതരിപ്പിക്കുന്ന അച്ചുത മേനോന്‍ എന്ന കഥാപാത്രം സ്ത്രീധനത്തെ കുറിച്ച് പറയുന്ന സംഭാഷണവും, ഈ സിനിമയിലെ ആ രംഗവും മനോഹരമായി ചിത്രീകരിക്കാന്‍ രഞ്ജിത്തിനു സാധിച്ചിട്ടുണ്ട്. പത്മരാജനും, ഭരതനും, ലോഹിതദാസിനും ശേഷം ആര്? എന്ന ചോദ്യത്തിന് ഉത്തരമാകുകയാണ് രഞ്ജിത്ത് എന്നതില്‍ ഒരു സംശയവുമില്ല.


സംവിധാനം: ഗുഡ്
മലയാള സിനിമയിലെ നടീനടന്മാര്‍ക്ക് വിലക്കുകള്‍ ഏര്‍പെടുത്തുന്ന ഈ കാലഘട്ടത്തില്‍, തിലകനെ പോലുള്ള മഹാനടന്മാരെ സിനിമയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ രഞ്ജിത്ത് കാണിച്ച ധൈര്യം പ്രശംസനീയമാണ്. അതുപോലെ തന്നെ, പ്രിഥ്വിരാജിനും, ജഗതി ശ്രീകുമാറിനും, മാമുകോയയ്ക്കും, ടിനി ടോമിനും സമീപ കാലത്ത് ലഭിച്ച ഏറ്റവും നല്ല കഥാപാത്രങ്ങളാണ് ജയപ്രകാശും, ഗോള്‍ഡ്‌ പാപ്പാനും, രായിനും,
ഹമീദും. സംഭാവവിപുലമായ കഥയല്ല ഈ സിനിമയുടെതെങ്കിലും, ഒരു രംഗം പോലും ബോറാക്കാതെ ചിത്രീകരിക്കാന്‍ സംവിധായകന് സാധിച്ചു. ജെ.പി യുടെ കാമുകി ബീനയുടെ [റീമ കല്ലിങ്ങല്‍] കോളേജില്‍ പൂര്‍വ വിദ്യാര്‍ഥികള്‍ നടത്തുന്ന ഒത്തുകൂടല്‍ ചടങ്ങില്‍ ജയപ്രകാശ് ഒരു ഗാനം ആലപിക്കുനുണ്ട്. ഷഹബാസ് അമന്‍ ചിട്ടപെടുത്തിയ ഈ പാട്ട് കേള്‍ക്കാന്‍ മികച്ചതാണെങ്കിലും ഈ സിനിമയില്‍ തീരെ പ്രാധാന്യമില്ലാത്ത ഒരു രംഗമാണിത്. ഈ ചെറിയ കുറവൊഴികെ, രഞ്ജിത്ത് എന്ന സംവിധായകന്റെ മറ്റു സിനിമകള്‍ പോലെ ഇന്ത്യന്‍ റുപ്പിയും മികച്ചതാകുന്നു.

സാങ്കേതികം: എബവ് ആവറേജ്
എസ്. കുമാറാണ് ഈ സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചത്. മോശമല്ലാത്ത രീതിയില്‍ ചിത്രീകരിക്കാന്‍ കുമാറിന് സാധിച്ചു. രഞ്ജിത്ത് സിനിമകളുടെ സ്ഥിരം ചിത്രസന്നിവേശകനാണ് വിജയ്‌ ശങ്കര്‍. വിജയ്‌ ശങ്കറും ഈ സിനിമയ്ക്ക് വേണ്ടി മികച്ച രീതിയില്‍ രംഗങ്ങള്‍ ചേര്‍ത്തുവെച്ചിട്ടുണ്ട്. മുല്ലനെഴിയും, സന്തോഷും ചേര്‍ന്നെഴുതിയ വരികള്‍ക്ക് സംഗീതം നല്ക്കിയത് ഷഹബാസ് അമനാണ്. പുഴയും സന്ധ്യകളും..., പോകയായി..എന്ന പാടുകള്‍ നന്നായി ചിട്ടപെടുത്തന്‍ സാധിച്ചു. പക്ഷെ, ഷഹബാസ് ഒരുക്കിയ പശ്ചാത്തല സംഗീതം അത്ര നന്നായില്ല.


അഭിനയം: വെരി ഗുഡ്
ഇന്ത്യന്‍ റുപ്പിയുടെ നായകന്‍ പ്രിഥ്വിരാജണെങ്കിലും, ഈ സിനിമയില്‍ മികച്ച അഭിനയം കാഴ്ചവെച്ചത് തിലകനാണ്. ഈ മഹാനടനെയാണോ ഇത്രയും കാലം മലയാള സിനിമയില്‍ നിന്നും അകറ്റി നിര്‍ത്തിയത്? അച്ചുത മേനോനായി തിലകന്‍ അഭിനയിക്കുകയയിരുന്നില്ല, പകരം ജീവിക്കുകയായിരുന്നു എന്ന് പറയുന്നതാവും സത്യം. അച്ചുത മേനോന്‍ എന്ന കഥാപാത്രം ഇത്ര മനോഹരമാക്കാന്‍ തനിക്കു മാത്രമേ കഴിയുകയുള്ളൂ എന്ന് തിലകന് തെളിയിച്ചിരിക്കുന്നു. അതുപോലെ തന്നെ, ഗോള്‍ഡ്‌ പപ്പനെ മികവുറ്റതാക്കി കൊണ്ട് ജഗതി ശ്രീകുമാറും ഒപ്പത്തിനൊപ്പം നില്‍ക്കുന്നു. പ്രിഥ്വിരാജ്, തിലകന്‍ , ടിനി ടോം, ജഗതി ശ്രീകുമാര്‍ , മാമുക്കോയ, ലാല് അലക്സ്‌, ബിജു പപ്പന്‍, ഷമ്മി തിലകന്‍, സാദിക്ക്, സുരേഷ് കൃഷ്ണ, ശിവജി ഗുരുവായൂര്‍, ബാബു നമ്പൂതിരി, ശശി കലിംഗ, ഹമീദ്, റീമ കല്ലിങ്ങല്‍, മല്ലിക, രേവതി, സീനത്, കല്പന എന്നിങ്ങനെ ഒരു നീണ്ട താരനിര തന്നെ അണിനിരന്നിരിക്കുന്നു ഈ സിനിമയില്‍. സിനിമയുടെ അവസാനം ആസിഫ് അലി, ഫഹദ് ഫാസില്‍ എന്നിവര്‍ അതിഥി താരങ്ങളായി എത്തുന്നു.

 
സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. രഞ്ജിത്ത് ഒരുക്കിയ തിരക്കഥയും, സംഭാഷണങ്ങളും
2. രഞ്ജിത്തിന്റെ സംവിധാനം
3. തിലകന്റെ അഭിനയം
4. മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍

സിനിമയുടെ മൈനസ് പോയിന്റ്സ്
1. കഥയില്‍ പ്രാധാന്യമില്ലാത്ത ഒരു പാട്ടും, അതിന്റെ ചിത്രീകരണവും
2. പശ്ചാത്തല സംഗീതം 

ഇന്ത്യന്‍ റുപ്പി റിവ്യൂ: കാലികപ്രസക്തിയുള്ള കഥ തിരഞ്ഞെടുത്ത്, ശക്തമായ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കി, മികച്ച രീതിയില്‍ സംവിധാന ചെയ്ത്, തിലകനെ പോലുള്ള അതുല്യ നടന്മാര്‍ക്ക് മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ നല്‍ക്കി സമ്പന്നമാക്കിയ ഇന്ത്യന്‍ റുപ്പി, സംവിധായകന്‍ രഞ്ജിത്തിന്റെ സിനിമ ജീവിതത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി സമ്മാനിക്കുന്നു. അഭിനന്ദനങ്ങള്‍!

ഇന്ത്യന്‍ റുപ്പി റേറ്റിംഗ്: 7.30 / 10
കഥ-തിരക്കഥ: 8 / 10 [വെരി ഗുഡ്] 
സംവിധാനം: 7 / 10 [ഗുഡ്]
സാങ്കേതികം: 3 / 5 [എബവ് ആവറേജ്]
അഭിനയം: 4 / 5 [വെരി ഗുഡ്]
ആകെ മൊത്തം: 22 / 30 [7.3 / 10]

രചന, സംവിധാനം: രഞ്ജിത്ത്
നിര്‍മ്മാണം: പ്രിഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍
ബാനര്‍: ആഗസ്റ്റ്‌ സിനിമ
ചായാഗ്രഹണം: എസ്.കുമാര്‍
ചിത്രസന്നിവേശം: വിജയ്‌ ശങ്കര്‍ 
വരികള്‍:മുല്ലനേഴി, വി.ആര്‍. സന്തോഷ്‌
സംഗീതം, പശ്ചാത്തല സംഗീതം : ഷഹബാസ് അമന്‍