31 Mar 2012

മാസ്റ്റേഴ്സ്

ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷിപ്പിക്കപെടുന്ന കേരളത്തില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന സ്ത്രീപീഡനങ്ങളും അതിനെ ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളും പീഡിപ്പിക്കപെട്ട സ്ത്രീകളുടെ തുടര്‍ന്നുള്ള ജീവിതവും മലയാള സിനിമകളില്‍ അധികമാരും ചര്‍ച്ച ചെയ്തിട്ടില്ല. മാസ്റ്റേഴ്സ് എന്ന ഈ സിനിമ അടിസ്ഥാനപരമായി ഒരു കുറ്റാന്വേഷണ കഥയാണെങ്കിലും ഈ സിനിമയില്‍ നടന്നതായി കാണിക്കുന്ന സംഭവങ്ങളെല്ലാം യഥാര്‍തത്തില്‍ കേരളത്തില്‍ നടന്ന സംഭവങ്ങളാണ്. അത്തരത്തിലൊരു പ്രമേയം സിനിമയാക്കുവാന്‍ തീരുമാനിച്ച കഥാകൃത്ത് ജിനു എബ്രഹാമിനും സംവിധായകന്‍ ജോണി ആന്റണിയ്ക്കും അഭിനന്ദനങ്ങള്‍. മാസ്റ്റേഴ്സ് സിനിമയ്ക്ക് വേണ്ടി കഥയും തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്ന ജിനു എബ്രഹാം ഒരു പുതുമുഖ തിരക്കഥകൃത്താണ്. ഒരു കച്ചവട സിനിമയ്ക്ക് വേണ്ടിയുള്ള എല്ലാ ചേരുവകളും ചേരുംപടി ചേര്‍ത്ത് പ്രേക്ഷകരില്‍ എത്തിച്ചത് കൊണ്ടാണ് ഈ സിനിമ എല്ലാവരും കാണുവാന്‍ തീരുമാനിച്ചത്. ഹ്യൂമറിന് പ്രാധാന്യം നല്‍കിയുള്ള സിനിമകള്‍ മാത്രം സംവിധാനം ചെയ്തുകൊണ്ടിരുന്ന ജോണി ആന്റണി ആദ്യമായാണ് ഒരു കുറ്റാന്വേഷണ സിനിമയൊരുക്കുന്നത്. പ്രിഥ്വിരാജും ജോണി ആന്റണിയും ആദ്യമായി ഒന്നിക്കുന്ന ഈ സിനിമയില്‍ തമിഴ് സിനിമയിലെ പുതിയ താരോദയം ശശികുമാര്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു. സിന്‍സിയര്‍ സിനിമയുടെ ബാനറില്‍ ബി.ശരത്ചന്ദ്രന്‍ നിര്‍മ്മിച്ച ഈ സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചത് മധു നീലകണ്ടനും സന്നിവേശം നിര്‍വഹിച്ചത് രഞ്ജന്‍ എബ്രഹാമുമാണ്. ഗോപി സുന്ദറാണ് സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും.  

ഉറ്റ ചങ്ങാതിമാരായ എ.എസ്.പി ശ്രീരാമകൃഷ്ണനും പത്രപ്രവര്‍ത്തകന്‍ മിലന്‍ പോളും കോട്ടയം ജില്ലയിലാണ് ജോലി ചെയ്യുന്നത്. ഒരിക്കല്‍ മുണ്ടക്കയത്തിനടുത്തു വെച്ച് രണ്ടു കാറുകള്‍ കത്തിയമര്‍ന്ന നിലയില്‍ കണ്ടെത്തുകയും ആ സംഭവത്തില്‍ പ്രമാണിയായ ബാലഗംഗധരനും അയാളുടെ ഡ്രൈവറും എന്ജിനിയറിംഗ് വിദ്യാര്‍ഥിനി ദക്ഷയും കൊല്ലപെടുന്നു. ഈ മരണങ്ങളുടെ കാരണം കണ്ടുപിടിക്കുന്ന കേസിന്റെ ചുമതല ശ്രീരാമകൃഷ്ണന് ലഭിക്കുന്നു. അതിനിടയിലാണ് ഹോട്ടല്‍ ഉടമയും അപരിചിതനായ ഒരു ടാക്സി ഡ്രൈവര്‍ കെട്ടിടത്തിനു മുകളില്‍ നിന്നും താഴേക്കു വീണു മരിക്കുന്നത്. അതൊരു കൊലപാതശ്രമാണെന്ന് കണ്ടെത്തുന്നതും ശ്രീരാമകൃഷ്ണനാണ്. ഈ രണ്ടു സംഭവങ്ങളുടെയും പിന്നിലുള്ള കൊലപാതകിയെ കണ്ടെത്തുന്നതിനിടയിലാണ് ഐസക്ക് പണിക്കര്‍ എന്ന അധ്യാപകനും ആഷ്ലി എന്ന പെണ്‍കുട്ടിയും ഐസക്കിന്റെ വീട്ടില്‍ വിഷം ഉള്ളില്‍ചെന്ന നിലയില്‍ മരണപെട്ടു കിടക്കുന്നത് കാണുന്നത്. ഈ കൊലപാതകവും അന്വേഷിക്കുന്നത് ശ്രീരാമകൃഷ്ണന്‍ തന്നെയാണ്. ആരാണ് ഇവരെയെല്ലാം കൊല്ലുന്നത്? ആ കൊലയാളിയെ ശ്രീരാമകൃഷ്ണന്‍ പിടികൂടുമോ എന്നതാണ് ഈ സിനിമയുടെ സസ്പെന്‍സ്. ശ്രീരാമകൃഷ്ണനായി പ്രിഥ്വിരാജും മിലന്‍ പോളായി ശശികുമാറും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: എബവ് ആവറേജ്
നവാഗതനായ ജിനു എബ്രഹാമാണ് മാസ്റ്റേഴ്സ് സിനിമയ്ക്ക് വേണ്ടി കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. ഒരു കുറ്റാന്വേഷണ കഥയ്ക്ക്‌ അനിയോജ്യമായ രീതിയില്‍ തന്നെയാണ് ജിനു ഈ സിനിമയ്ക്ക് വേണ്ടി കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും രൂപപെടുത്തിയിരിക്കുന്നത്. കുറെ വര്‍ഷങ്ങളായി നമ്മളുടെ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് എതിരെ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളും അതിന്റെ അനന്തര ഫലങ്ങളുമാണ് ഈ സിനിമയുടെ ഇതിവൃത്തം. ഇങ്ങനെ ഒരു പ്രമേയം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തണമെങ്കില്‍ ആ സിനിമയില്‍ എല്ലാത്തരം സിനിമകളിലും കാണുന്ന പോലെയുള്ള ആസ്വാദനത്തിനുള്ള ചേരുവകളെല്ലാം കൃത്യമായി ചേര്‍ക്കണം. കഥയോടൊപ്പം തന്നെ പാട്ടുകളും സൌഹൃദവും നായകന്‍റെ ഹീറോയിസവും സിനിമയില്‍ ഉള്‍പെടുത്തിയത്‌ അതുകൊണ്ടായിരിക്കും. സിനിമയിലുടനീളം പ്രേക്ഷകരെ ത്രില്ലടിപ്പുന്ന നിരവധി രംഗങ്ങളുണ്ടെങ്കിലും ഇടയ്ക്കിടെ കഥയില്‍ ആവശ്യമില്ലാത്ത ചില രംഗങ്ങള്‍ എല്ലാവരെയും ബോറടിപ്പിക്കുനുണ്ട്. സിനിമയുടെ ആദ്യപകുതിയിലുള്ള പാട്ടും, കോടതിയുടെ മുറ്റത്തുവെച്ചുള്ള സംഘട്ടന രംഗങ്ങളും നായകന്റെ ഹീറോയിസം കാണിക്കുവാന്‍ വേണ്ടിയുള്ളതായിരുന്നു.  അതുപോലെ തന്നെ, സിനിമയുടെ ക്ലൈമാക്സ് രംഗങ്ങള്‍ക്ക് ശരാശരി നിലവാരമേ ഉണ്ടായിരുന്നുള്ളൂ. അവസാന രംഗത്തില്‍ പ്രധാന വില്ലനെ കൊല്ലേണ്ടിയിരുന്ന ആളിനെ കൊണ്ട് കൊല്ലിക്കാതെ, വേറൊരു രീതിയില്‍ കഥ അവസാനിപ്പിച്ചതും പ്രേക്ഷകര്‍ക്ക്‌ രസിച്ചില്ല. ഈ കുറവുകളൊക്കെ ഉണ്ടായിരുന്നിട്ടും ഈ സിനിമ പ്രേക്ഷരെ ആകാംഷയുടെ മുള്‍മുനയില്‍ എത്തിക്കുവാന്‍ തിരക്കഥകൃത്തിനു സാധിച്ചു.
 


സംവിധാനം: എബവ് ആവറേജ്
പ്രേക്ഷകരെ ചിരിപ്പിക്കുവാന്‍ വേണ്ടി മാത്രം സിനിമകള്‍ സംവിധാനം ചെയ്തുകൊണ്ടിരുന്ന സംവിധായകനാണ് ജോണി ആന്റണി. മാസ്റ്റേഴ്സ് എന്ന ഈ സിനിമയിലൂടെ ജോണി ആന്റണി ആദ്യമായാണ്‌ ഒരു കുറ്റാന്വേഷണ കഥ സംവിധാനം ചെയ്യുന്നത്. ഒരു നവാഗത തിരക്കഥകൃത്ത് എന്ന രീതിയില്‍ ജിനു എബ്രഹാമിന്റെ തിരക്കഥയില്‍ ചെറിയ ചെറിയ അപാകതകള്‍ ഉണ്ട്. ആ കുറവുകളൊന്നും പ്രേക്ഷകന് തോന്നാത്ത അവരെ ത്രില്ലടിപ്പിക്കുവാന്‍ ജോണി ആന്റണിയ്ക്ക് സാധിച്ചു. മധു നീലകണ്ടന്റെ ചായഗ്രഹണവും രഞ്ജന്‍ എബ്രഹാമിന്റെ സന്നിവേശവും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും ജോണി ആന്റണിയെ സഹായിച്ചിട്ടുണ്ട്. പതിവ് കോമാളി സിനിമകളുടെ രീതിയില്‍ നിന്നും മാറ്റി ചിന്തിക്കുവാന്‍ സംവിധായകന് തോന്നിയത് കാരണം, സമീപ കാലത്തിറങ്ങിയ ഏറ്റവും മികച്ച കുറ്റാന്വേഷണ സിനിമയുണ്ടാക്കുവാന്‍ സംവിധായകന് സാധിച്ചു.

സാങ്കേതികം: എബവ് ആവറേജ്
ഈ സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച എല്ലാ സാങ്കേതിക പ്രവര്‍ത്തകരും ഈ സിനിമയെ മികച്ചതാക്കുവാന്‍ സഹായിച്ചിട്ടുണ്ട്. മധു നീലകണ്ഠന്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ ഒരു കുറ്റാന്വേഷണ സിനിമയ്ക്ക് അനിയോജ്യമായതാണ്. ആ ദ്രിശ്യങ്ങള്‍ എഡിറ്റ്‌ ചെയ്തു കൃത്യമായി സംയോജിപ്പിച്ചത് രഞ്ജന്‍ എബ്രഹാമാണ്. ഈ ദ്രിശ്യങ്ങള്‍ക്കൊക്കെ മാറ്റുകൂട്ടുവാന്‍ ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതത്തിനു സാധിച്ചു. ഷിബു
ചക്രവര്‍ത്തി എഴുതിയ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണമിട്ട 'സുഹൃത്ത്‌ സുഹൃത്ത്‌...' എന്ന പാട്ടിനു ശരാശരി നിലവാരമേയുള്ളൂ.

അഭിനയം: എബവ് ആവറേജ്
ഈ സിനിമയില്‍ ഒന്നോ രണ്ടോ രംഗങ്ങളില്‍ അഭിനയിക്കുവാന്‍ വരെ
പ്രശസ്തരായ താരങ്ങള്‍ തയ്യാറായത് ഈ സിനിമ കൈകാര്യം ചെയ്യുന്ന വിഷയം നല്ലതായത്‌ കൊണ്ടാവണം എന്ന് കരുതാം. കുറെ നാളുകള്‍ക്കു ശേഷമാണ് ഒരു മലയാള സിനിമയില്‍ നീണ്ടൊരു താരനിര അണിനിരക്കുന്നത്. പ്രിഥ്വിരാജ്, ശശികുമാര്‍, മുകേഷ്, ബിജു മേനോന്‍, സിദ്ദിക്ക്, സായികുമാര്‍, വിജയരാഘവന്‍, സലീംകുമാര്‍, ജഗതി ശ്രീകുമാര്‍, ഷമ്മി തിലകന്‍, അനില്‍ മുരളി, സാദിക്ക്, ഭഗത് മാനുവല്‍, കലാഭവന്‍ ഷാജോന്‍, ഇര്‍ഷാദ്, ശശി കലിങ്ക, ചെമ്പില്‍ അശോകന്‍, ജോസ്, മഹേഷ്‌, മജീദ്‌, അലിയാര്‍, പിയ ഭാജ്പായി, അനന്യ, കാതല്‍ സന്ധ്യ, മിത്ര കുര്യന്‍, ഗീത, സുരേഖ, റോസ്‌ലിന്‍ എന്നിവരാണ് ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകന്‍ സമുദ്രക്കനി [ശിക്കാര്‍ ഫെയിം] അതിഥി വേഷത്തിലെത്തുന്നു. മേല്പറഞ്ഞ എല്ലാ നടീനടന്മാരും മികച്ച അഭിനയമാണ് ഈ സിനിമയില്‍ കാഴ്ചവെച്ചിരിക്കുന്നത്. ശശികുമാറിന്റെ മലയാള ഉച്ചാരണവും ഡബ്ബിങ്ങും തമ്മില്‍ യാതൊരു ബന്ധവും തോന്നാത്തത് ചില രംഗങ്ങളെ സാരമായി ബാധിച്ചു.  
    
സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.
ജോണി ആന്റണിയുടെ സംവിധാനം
2. നടീനടന്മാരുടെ അഭിനയം [ശശികുമാര്‍ ഒഴികെ]
3. ഗോപി സുന്ദര്‍ ഒരുക്കിയ പശ്ചാത്തല സംഗീതം
4. മധു നീലകണ്ടന്റെ ചായാഗ്രഹണം  
 



സിനിമയുടെ മൈനസ് പോയിന്റ്സ്:
1. ക്ലൈമാക്സ് രംഗങ്ങള്‍
2. ശശികുമാറിന്റെ മലയാള ഉച്ചാരണവും ഡബ്ബിങ്ങും
3. സിനിമയുടെ രണ്ടാം പകുതിയിലെ അനാവശ്യമായ കുറെ രംഗങ്ങള്‍
4. സിനിമയുടെ ആദ്യ പകുതിയിലെ പാട്ടും, ഒന്ന്-രണ്ടു സംഘട്ടന രംഗങ്ങളും 
 



മാസ്റ്റേഴ്സ് റിവ്യൂ: കഥയില്‍ പ്രാധാന്യമില്ലാത്ത കുറച്ചു രംഗങ്ങളും സിനിമയുടെ ക്ലൈമാക്സും പ്രേക്ഷകരെ ബോറടിപ്പിച്ചു എന്നതൊഴികെ, നമ്മളുടെ സമൂഹത്തില്‍ കുറെ വര്‍ഷങ്ങളായി സ്ത്രീകള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളും ചില യഥാര്‍ത്ഥ സംഭവങ്ങളുടെയും സത്യാവസ്ഥ, സിനിമയ്ക്കാവശ്യമുള്ള എല്ലാ ഘടകങ്ങളും ചേര്‍ത്തു പ്രേക്ഷകരില്‍ എത്തിക്കുവാന്‍ സംവിധായകനും തിരക്കഥകൃത്തിനും അഭിനേതാക്കള്‍ക്കും സാധിച്ചു എന്നതാണ് മാസ്റ്റേഴ്സ് സിനിമയുടെ വിജയം.

മാസ്റ്റേഴ്സ് റേറ്റിംഗ്: 6.00 / 10
കഥ,തിരക്കഥ: 6 / 10 [എബവ് ആവറേജ്]
സംവിധാനം:
6 / 10 [എബവ് ആവറേജ്]
സാങ്കേതികം: 3 / 5 [എബവ് ആവറേജ്]
അഭിനയം:
3 / 5 [എബവ് ആവറേജ്]
ടോട്ടല്‍: 18 / 30 [6 / 10]


സംവിധാനം: ജോണി ആന്റണി
കഥ, തിരക്കഥ, സംഭാഷണം: ജിനു എബ്രഹാം
നിര്‍മ്മാണം: ശരത്ചന്ദ്രന്‍
ബാനര്‍: സിന്‍സിയര്‍ സിനിമ
ചായാഗ്രഹണം: മധു നീലകണ്ഠന്‍
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം
വരികള്‍: ഷിബു ചക്രവര്‍ത്തി
സംഗീതം: ഗോപി സുന്ദര്‍
പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
വിതരണം: സെവന്‍ ആര്‍ട്സ് 

No comments:

Post a Comment