18 May 2014

മിസ്റ്റര്‍ ഫ്രോഡ് - ലാലിസവും ഫ്രോഡുകളികളും ആരാധകരെ തൃപ്തിപെടുത്തും 4.80/10

മോഹന്‍ലാലിന്‍റെ ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ് ബി.ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച മിസ്റ്റര്‍ ഫ്രോഡ്. മലയാളത്തിലെ ആദ്യ ഹൈടെക് മോഷണ സിനിമ എന്ന പരസ്യ വാചകത്തോടെ ബി.ഉണ്ണികൃഷ്ണന്‍ ഒരുക്കിയ ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് എ.വി.അനൂപാണ്. സതീഷ്‌ കുറുപ്പ് ചായാഗ്രഹണവും, മനോജ്‌ ചിത്രസന്നിവേശവും, ഗോപി സുന്ദര്‍ പശ്ചാത്തല സംഗീതവും, ശിവ സംഘട്ടന രംഗങ്ങളുടെ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ആന്റണി പെരുമ്പാവൂരിന്റെ മാക്സ് ലാബാണ് ഈ സിനിമ വിതരണം ചെയ്തിരിക്കുന്നത്. 

എത്ര പ്രയാസകരമായ മോഷണമാണെങ്കിലും അനായാസം ചെയ്യുവാന്‍ കഴിവുള്ള ഒരു ഹൈടെക് കള്ളന്‍ അഥവാ ഫ്രോഡാണ് ഈ കഥയിലെ നായകന്‍. അയാളെ തേടി ഒരു പ്രാധനപെട്ട ദൗത്യം എത്തുന്നു. കേരളത്തിലെ ഒരു വലിയ കൊട്ടാരത്തിലെ സ്വര്‍ണ്ണശേഖരം മോഷ്ടിക്കുക എന്നതാണ് ആ ദൗത്യം. ആരാണ് ആ ദൗത്യം ഫ്രോഡിനെ ഏല്‍പ്പിക്കുന്നത്? എന്തിനാണ് ഫ്രോഡ് ആ ദൗത്യം ഏറ്റെടുക്കുന്നത്? എന്നതാണ് ഈ സിനിമയിയുടെ കഥ.

കഥ, തിരക്കഥ: ബിലോ ആവറേജ്
ബി.ഉണ്ണികൃഷ്ണന്റെ തിരക്കഥയില്‍ ഏറ്റവും മികച്ചത് എന്ന് തോന്നിയ ഒരു സിനിമയായിരുന്നു ഷാജി കൈലാസിന്റെ ടൈഗര്‍. ഇത്രയും മികച്ച രീതിയില്‍ സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന ഒരു സിനിമ ആ കാലഘട്ടത്തില്‍ മലയാള സിനിമയില്‍ വന്നിട്ടില്ലായിരുന്നു. ആ സിനിമയ്ക്ക് ശേഷം കുടുംബ കഥകളും കുറ്റാന്വേഷണ സിനിമകളും എഴുതിയ ബി.ഉണ്ണികൃഷ്ണന് ഒരു മെഗാ ഹിറ്റ്‌ ലഭിച്ചിരുന്നില്ല. പക്ഷെ, മാടമ്പിയും ഗ്രാന്‍ഡ്‌മാസ്റ്ററും വിജയചിത്രങ്ങളായിരുന്നുവെങ്കിലും മോഹന്‍ലാലിന്‍റെ കഴിവ് മുഴുവന്‍ പ്രകടിപ്പിക്കുവാന്‍ പറ്റുന്ന തരത്തിലായിരുന്നില്ല. എല്ലാ മോഹന്‍ലാല്‍ ആരാധകരെയും സന്തോഷിപ്പിക്കുക, അതിലൂടെ ഒരു മെഗാ ഹിറ്റ്‌ സിനിമയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി.ഉണ്ണികൃഷ്ണന്‍ ഫ്രോഡ് എന്ന സിനിമയുടെ തിരക്കഥ എഴുതിതുടങ്ങിയത്. ഒരു പരുധിവരെ അതില്‍ വിജയിക്കുവാന്‍ ബി ഉണ്ണികൃഷ്ണന് സാധിച്ചിട്ടുമുണ്ട്. ഇന്നത്തെ കാലഘട്ടത്തിലെ സിനിമ പ്രേമികള്‍ താരത്തെയല്ല തിരക്കഥയെയാണ് ഉറ്റുനോക്കുന്നത് എന്ന സത്യം ബി. ഉണ്ണികൃഷ്ണന്‍ മറന്നു പോയെന്നു തോന്നുന്നു. മോഷണ രംഗങ്ങള്‍ ഒന്നും തന്നെ വിശ്വസനീയമല്ലാത്തതും ക്ലൈമാക്സ് രംഗങ്ങള്‍ പ്രവചിക്കാനവുന്നതുമായാത് സിനിമയ്ക്ക് തിരിച്ചടിയായി. രണ്ടാം പകുതിയിലെ ഒട്ടുമിക്ക രംഗങ്ങളും പ്രവചിക്കനായതും സിനിമയുടെ രസംകളഞ്ഞു. താരത്തിന്റെ മൂല്യം വിറ്റുകാശാക്കാന്‍ ശ്രമിക്കുന്നതിനു പകരം, വിശ്വസനീയതയോടെ മോഷണ രംഗങ്ങളുടെ തിരക്കഥ എഴുതിയിരുന്നുവെങ്കില്‍ ഈ സിനിമ ഒരുപക്ഷെ എല്ലാതരം പ്രേക്ഷകരെയും തൃപ്തിപെടുത്തുമായിരുന്നു. 

സംവിധാനം: ആവറേജ്
ധൂം, ബില്ല, മങ്കാത്ത എന്നീ അന്യഭാഷ സിനിമകളില്‍ കണ്ടിട്ടുള്ള പ്രമേയാമാണ് ആദ്യമായി മലയാള സിനിമയില്‍ പരീക്ഷിച്ചിരിക്കുന്നത്. ആനയാസം മോഷണം നടത്തുന്ന ഒരു അതിസമര്‍ത്ഥനായ കള്ളന്റെ കഥയാണ് മിസ്റ്റര്‍ ഫ്രോഡ് എന്ന് ചുരുക്കത്തില്‍ പറയാം. മേല്പറഞ്ഞ പ്രമേയമോ കഥയോ പുതുമയുള്ള രീതിയില്‍ അവതരിപ്പിച്ചിരുന്നുവെങ്കില്‍ മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാകുമായിരുന്നു ഈ സിനിമ. മോഹന്‍ലാലിന്‍റെ ആരാധകരെ സന്തോഷിപ്പിക്കുവാന്‍ വേണ്ടി ആദ്യ പകുതിയിലെ രംഗങ്ങള്‍ മികവുറ്റ രീതിയില്‍ ത്രസിപ്പിക്കുന്ന സംഭാഷണങ്ങളുടെയും മികച്ച പശ്ചാത്തല സംഗീതത്തിന്റെയും അകമ്പടിയോടെ അവതരിപ്പിക്കുവാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. പക്ഷെ, രണ്ടാം പകുതിയുടെ അവസാനവും ക്ലൈമാക്സ് രംഗങ്ങളും തീര്‍ത്തും നിരാശജനകമായാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. കണ്ടുമടുത്ത രംഗങ്ങളാണ് തിരക്കഥയില്‍ എഴുതിയിരിക്കുന്നത് എങ്കില്‍, അവ പുതുമയുള്ള കഥാ പശ്ചാത്തലത്തിലെങ്കിലും അവതരിപ്പിക്കാമായിരുന്നു. അവസാന നിമിഷത്തെ സസ്പെന്‍സ് പ്രേക്ഷകര്‍ക്ക്‌ പ്രവചിക്കാനവുകയില്ലെങ്കിലും, അവയ്ക്ക് വലിയ പ്രാധാന്യമുള്ള പോലെയല്ല സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. മാടമ്പിയും ഗ്രാന്‍ഡ്‌മാസ്റ്ററും വിജയച്ച പോലെ മിസ്റ്റര്‍ ഫ്രോഡും വിജയിക്കുമായിരിക്കാം. പക്ഷെ, നല്ലൊരു ത്രില്ലര്‍ സിനിമ പ്രേക്ഷകന് നല്‍ക്കുവാന്‍ ഇതുവരെ അദേഹത്തിന് സാധിച്ചിട്ടില്ല എന്നത് ഖേദകരം തന്നെ. 

സാങ്കേതികം: ഗുഡ് 
ഈ അടുത്ത കാലത്ത് എന്ന സിനിമയ്ക്ക് ശേഷം ഗോപി സുന്ദര്‍ പശ്ചാത്തല സംഗീതം നിര്‍വഹിച്ചതില്‍ ഏറ്റവും മികച്ചത് എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ഈ സിനിമയിലെത്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുവാന്‍ ചെറുതായൊന്നുമല്ല ഗോപി സുന്ദറിനു സാധിച്ചത്. അഭിനന്ദനങ്ങള്‍! ഒരു ആക്ഷന്‍ സിനിമയ്ക്ക് ആവശ്യമായിട്ടുള്ള ചടുലതയൊരുക്കുവാനും, ആരാധകരെ ആവേശഭരിതരാകുന്ന മോഹന്‍ലാലിന്‍റെ ഭാവഭിനയങ്ങള്‍ കൃത്യമായി ക്യാമറയില്‍ പകര്‍ത്തുവാനും സതീഷ്‌ കുറുപ്പിന് സാധിച്ചിട്ടുണ്ട്. വലിയൊരു കൊട്ടാരത്തിന്റെ നിധിയിരിക്കുന്ന സ്ഥലവും അതിലെക്കെത്തിപറ്റുവാന്‍ ഉപയോഗിക്കുന്ന ഗുഹയും വിശ്വസനീയമായി അനുഭവപെട്ടത്‌ സതീഷ്‌ കുറുപ്പിന്റെ ചായാഗ്രഹമികവു തന്നെ. ഒരു ആക്ഷന്‍ സിനിമയ്ക്ക് വേണ്ടിയുള്ള വേഗത നല്‍ക്കുവാന്‍ മനോജിന്റെ സന്നിവേശത്തിന് ഒരുപരുധി വരെ സാധിച്ചിട്ടുണ്ട്. ആദ്യപകുതിയില്‍ സിനിമയ്ക്ക് നല്‍ക്കിയ വേഗത രണ്ടാം പകുതിയില്‍ കൈവിട്ടു പോയി സിനിമയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. പശ്ചാത്തല സംഗീതത്തിലെ മികവോന്നും പാട്ടുകളുടെ സംഗീതത്തില്‍ കൈവരിക്കുവാന്‍ ഗോപി സുന്ദറിനു സാധിച്ചില്ല. സദാപാലയ എന്ന സെമി ക്ലാസ്സിക്കല്‍ പാട്ട് മാത്രമാണ് മികവു പുലര്‍ത്തിയത്‌. സ്റ്റണ്ട് ശിവയുടെ ആക്ഷന്‍ രംഗങ്ങള്‍ മികവു പുലര്‍ത്തുകയും ആരാധകരെ രസിപ്പിച്ചിട്ടുമുണ്ട്. ജോസഫ്‌ നെല്ലിക്കലിന്റെ കലാസംവിധാനവും എസ്.ബി. സതീഷിന്റെ വസ്ത്രാലങ്കാരവും മികവു പുലര്‍ത്തി. ക്ലൈമാക്സ് രംഗത്തിലുള്ള മോഹന്‍ലാലിന്‍റെ മേക്കപ്പ് ഒഴികെ സിനിമയിലെ എല്ലാ കഥാപാത്രങ്ങളുടെയും മേക്കപ്പും മികവു പുലര്‍ത്തി. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!

അഭിനയം: എബവ് ആവറേജ്
മലയാള സിനിമയില്‍ ഫ്രോഡുകളികള്‍ തന്മയത്വത്തോടെ അവതരിപ്പിക്കുവാന്‍ കഴിവുള്ള ഒരേയൊരു നടനെ ഇന്നുള്ളൂ എന്ന് സത്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യം തന്നെ. ഒരേ സമയം ആരാധകരെയും ആരധകരല്ലത്തവരെയും തൃപ്തിപെടുത്തിക്കൊണ്ട് അനായാസം കഥാപാത്രമായി മാറിക്കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കുവാനും ത്രസിപ്പിക്കുവാനും മോഹന്‍ലാലിനു സാധിച്ച സിനിമയാണ് മിസ്റ്റര്‍ ഫ്രോഡ്. അഭിനയിക്കുന്ന വേഷമേതായാലും തന്റേതായൊരു ശൈലി ആ കഥാപാത്രത്തിനു നല്‍ക്കുവാനുള്ള കഴിവുള്ള നടന്മാരാണ് സിദ്ദിക്കും സായികുമാറും. ഈ സിനിമയിലെ അവരവതരിപ്പിച്ച കഥാപാത്രങ്ങളും വ്യതസ്തമല്ല. സിദ്ദിക്കിന്റെ സഖാവ് ചന്ദ്രശേഖര വര്‍മ്മ എന്ന കഥാപാത്രവും സായികുമാറിന്റെ സാജന്‍ എന്ന പോലീസുകാരനും എടുത്ത പറയേണ്ട പ്രശംസിക്കേണ്ട പ്രകടനങ്ങള്‍ തന്നെ. മലയാള സിനിമയിലെ നവയുഗ നായികമാരില്‍ അഭിനയ മികവു തെളിയിച്ച നടിയാണ് മിയ ജോര്‍ജ്. സരസ്വതി എന്ന കഥാപാത്രത്തെ മികച്ച രീതിയില്‍ തന്നെ മിയ അവതരിപ്പിച്ചിട്ടുണ്ട്. ഇവരെ കൂടാതെ തമിഴ് നടന്‍ വിജയകുമാര്‍, വിജയ്‌ ബാബു, ദേവ് ഗില്‍, ദേവന്‍, സുരേഷ് കൃഷ്ണ, അശ്വിന്‍ മാത്യു, സത്താര്‍, പി.ബാലചന്ദ്രന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, മുകുന്ദന്‍, മനു നായര്‍, രാഹുല്‍ മാധവ്, വി.കെ.ശ്രീരാമന്‍, കലാശാല ബാബു, ബാലാജി, മഞ്ജരി ഫാദ്നിസ്, പല്ലവി പുരോഹിത്, അമൃത അനില്‍കുമാര്‍ എന്നിവരും അതിഥി താരങ്ങളായി സംഗീത സംവിധായകനായ ഗോപി സുന്ദറും പ്രശസ്ത വയലിനിസ്റ്റ് ബാലബാസ്കറും ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നു.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. മോഹന്‍ലാല്‍
2. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം
3. ചായാഗ്രഹണം
4. സംഭാഷണങ്ങള്‍

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥ
2. യുക്തിയില്ലാത്ത മോഷണ രംഗങ്ങള്‍
3. പ്രവചിക്കാനാവുന്ന കഥാഗതി

മിസ്റ്റര്‍ ഫ്രോഡ്: ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുവാന്‍ മികച്ച പശ്ചാത്തല സംഗീതത്തിനും മോഹന്‍ലാലിനെ അഭിനയത്തിനും ത്രസിപ്പിക്കുന്ന സംഭാഷണങ്ങള്‍ക്കും സാധിച്ചപ്പോള്‍, നല്ല ആക്ഷന്‍ സിനിമകളെ സ്നേഹിക്കുന്ന സാധാരണ പ്രേക്ഷനെ നൂറു ശതമാനം തൃപ്തിപെടുത്തുവാന്‍ ഉണ്ണികൃഷ്ണനു സാധിക്കാതെപോയി.

മിസ്റ്റര്‍ ഫ്രോഡ് റേറ്റിംഗ്: 4.80/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 5/10[ആവറേജ്]
സാങ്കേതികം: 3.5/5[ഗുഡ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 14.5/30 [4.8/10]

രചന, സംവിധാനം: ബി.ഉണ്ണികൃഷ്ണന്‍
നിര്‍മ്മാണം: എ.വി.അനൂപ്‌
ബാനര്‍: എ.വി.എ.പ്രൊഡക്ഷന്‍സ്
ചായാഗ്രഹണം: സതീഷ്‌ കുറുപ്പ്
ചിത്രസന്നിവേശം: മനോജ്‌
വരികള്‍: ചിറ്റൂര്‍ ഗോപി, ഹരിനാരായണന്‍, സന്തോഷ് വര്‍മ്മ
സംഗീതം, പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
കലാസംവിധാനം: ജോസഫ്‌ നെല്ലിക്കല്‍
മേക്കപ്പ്: പ്രദീപ്‌ രംഗന്‍
വസ്ത്രാലങ്കാരം: എസ്.ബി.സതീഷ്‌
സംഘട്ടനം: സ്റ്റണ്ട് ശിവ
വിതരണം: മാക്സ് ലാബ് റിലീസ് 

No comments:

Post a Comment