18 May 2014

ഹൗ ഓള്‍ഡ് ആര്‍ യു - സ്ത്രീകളും കുടുംബങ്ങളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമ 7.30/10

മഞ്ജു വാര്യര്‍ എന്ന അഭിനേത്രിയുടെ ഗംഭീര തിരിച്ചുവരവിന് വഴിയൊരുക്കിയ സിനിമ എന്ന പേരിലാണ് ഹൗ ഓള്‍ഡ് ആര്‍ യു റിലീസിന് മുമ്പ് അറിയപെട്ടിരുന്നതെങ്കില്‍, സ്ത്രീകള്‍ സ്വപ്നം കാണണമെന്നും ആ സ്വപ്നത്തിനു വേണ്ടി പ്രയത്നിക്കണമെന്നും അവരെ പഠിപ്പിച്ച സിനിമ എന്ന പേരിലാണ് ഹൗ ഓള്‍ഡ് ആര്‍ യു ഇനി മുതല്‍ അറിയപെടാന്‍ പോകുന്നത്. ഇത്തരമൊരു സന്ദേശം സിനിമയിലൂടെ പ്രേക്ഷകരിലെക്കെത്തിച്ച നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, തിരക്കഥകൃത്തുക്കള്‍ ബോബി സഞ്ജയ്‌ എന്നിവര്‍ പ്രത്യേകം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു! 

റവന്യു വകുപ്പിലെ യു ഡി സി ക്ലര്‍ക്കായ നിരുപമ രാജീവന്റെ ലോകം അവരുടെ ഭര്‍ത്താവ് രാജീവനിലും മകള്‍ ലക്ഷ്മിയിലും മാത്രം ഒതുങ്ങതാണ്. നിരുപമയുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ചില സംഭവങ്ങള്‍ അവരുടെ കുടുംബത്തില്‍ സംഭവിക്കുന്നു. ആ സംഭവങ്ങളില്‍ തളരാതെ പുതിയൊരു ചിന്തയിലൂടെ അവര്‍ ജീവിതം തിരിച്ചുപിടിക്കുന്നു. അതിലൂടെ വലിയൊരു സമൂഹ നന്മയ്ക്ക് കാരണമായിത്തീരുന്നു. എന്താണ് നിരുപമയുടെ ജീവിതത്തില്‍ സംഭവിച്ചത്? അവള്‍ സ്വീകരിച്ച മാര്‍ഗം എന്താണ്? അവയെങ്ങനെ സമൂഹത്തിനു പ്രജോദനമായി തീര്‍ന്നത് എന്നതാണ് ഈ സിനിമയുടെ കഥ. നിരുപമയായി മഞ്ജു വാര്യരും, രാജീവനായി കുഞ്ചാക്കോ ബോബനും, ലക്ഷ്മിയായി അമൃത അനില്‍കുമാറും അഭിനയിച്ചിരിക്കുന്നു.

മാജിക് ഫ്രെയ്മ്സിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ ചായാഗ്രഹണം നിര്‍വഹിച്ചത് ആര്‍.ദിവാകറാണ്. മഹേഷ്‌ നാരായണനാണ് ചിത്രസന്നിവേശം. ഗോപി സുന്ദര്‍ ആണ് പാട്ടുകളുടെയും രംഗങ്ങളുടെയും സംഗീത സംവിധാനം നിര്‍വഹിച്ചത്. 

കഥ, തിരക്കഥ: വെരി ഗുഡ്
ബോബി സഞ്ജയ്‌ ടീമിന്റെ ഭാവനയില്‍ നിന്നും മറ്റൊരു മികച്ച സന്ദേശം കേരളത്തിലെ സിനിമ പ്രേക്ഷകരിലൂടെ സമൂഹത്തിലേക്ക് എത്തുന്നു എന്നതില്‍ അവര്‍ക്ക് അഭിമാനിക്കാം. ഓരോ സിനിമയുടെയും നട്ടെല്ല് ആ സിനിമയുടെ തിരക്കഥയാണെന്ന് അടിവരയിട്ട് വീണ്ടും തെളിയിച്ചിരിക്കുകയാണ് സഹോദരങ്ങളായ ബോബിയും സഞ്ജയും. കുടുംബത്തിന്റെ ഭാരം മുഴുവന്‍ ചുമന്ന് നാല് ചുമരുകള്‍ക്കുള്ളില്‍ തീരേണ്ടതല്ല സ്ത്രീകളുടെ ജീവിതമെന്നും അവര്‍ ഓരോരുത്തരം സ്വപ്‌നങ്ങള്‍ കാണണമെന്നും, ആ സ്വപ്നത്തിലേക്ക് എത്തിച്ചേരുവാനുള്ള മാര്‍ഗങ്ങള്‍ സ്വയം കണ്ടെത്തണമെന്നും ഓരോ സ്ത്രീയെയും ഓര്‍മ്മിപ്പിക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ എഴുതുവാന്‍ ഇന്ന് മലയാള സിനിമയില്‍ ബോബി സഞ്ജയ്‌ ടീമിനല്ലാതെ മറ്റാര്‍ക്കും സാധിക്കില്ല. ഓരോ രംഗങ്ങളും വിശ്വസനീയമായ രംഗങ്ങളിലൂടെ മികച്ച സംഭാഷണങ്ങളിലൂടെ പ്രേക്ഷകരിലെക്കെത്തിചിരിക്കുകയാണ് തിരക്കഥകൃത്തുക്കള്‍. ഈ സിനിമ നല്‍ക്കുന്ന സന്ദേശത്തിലൂടെ നല്ലൊരു മാറ്റം കേരളത്തില്‍ സംഭവിക്കട്ടെ എന്ന് ആശംസിക്കുന്നു. മമ്മൂട്ടി - മോഹന്‍ലാല്‍ സിനിമകള്‍ക്ക്‌ വേണ്ടി ആരാധകര്‍ കാത്തിരിക്കുന്ന പോലെ, ഒരുനാള്‍ ബോബി സഞ്ജയ്‌ ടീമിന്റെ സിനിമകള്‍ക്ക്‌ വേണ്ടി മലയാള സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന ദിനമത്ര വിദൂരമല്ല. അഭിനന്ദനങ്ങള്‍!

സംവിധാനം: ഗുഡ്
മുംബൈ പോലീസ് എന്ന സിനിമയിലൂടെ മലയാളികളെ മുഴുവന്‍ ഞെട്ടിച്ച സംവിധായകന്റെ ഏറ്റവും പുതിയ സിനിമയായ ഹൗ ഓള്‍ഡ് ആര്‍ യു അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിലെ മറ്റൊരു നാഴികകല്ലായി പ്രേക്ഷകര്‍ എന്നും ഓര്‍മ്മിക്കും. കെട്ടുറപ്പുള്ള നല്ലൊരു തിരക്കഥയെ അതിന്റെ ജീവന്‍ നഷ്ടപെടുത്താതെ, മികച്ച സാങ്കേതിക മികവോടെയും, നല്ല അഭിനേതാക്കളുടെ സഹായത്തോടെയും അവതരിപ്പിക്കുവാന്‍ റോഷന്‍ ആന്‍ഡ്രൂസിന് സാധിച്ചു. സിനിമയുടെ തുടക്കത്തില്‍ ഒരല്പം ആശയകുഴപ്പതിലാകുന്ന പ്രേക്ഷകരെ ഒന്നടങ്കം സിനിമയോടൊപ്പം സഞ്ചരിപ്പിച്ചുകൊണ്ട്‌ അവരെ രസിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്. വളരെ സൂക്ഷമതയോടെ ഈ പ്രമേയം അവതരിപ്പിച്ചില്ലയിരുന്നെങ്കില്‍, മലയാളികളുടെ പ്രിയപ്പെട്ട നായികയുടെ താരമൂല്യം വിറ്റഴിക്കുവാന്‍ ശ്രമിച്ചതായെ പ്രേക്ഷകര്‍ക്ക്‌ തോന്നുകയുള്ളൂ. ഇനിയും ഇതുപോലുള്ള പ്രമേയങ്ങള്‍ സിനിമയാക്കുവാനുള്ള ഭാഗ്യം റോഷന്‍ ആന്‍ഡ്രൂസിന് ലഭിക്കട്ടെ. അഭിനന്ദനങ്ങള്‍!

സാങ്കേതികം: ഗുഡ്
ആര്‍. ദിവാകറിന്റെ ചായാഗ്രഹണം മികച്ചു നിന്നിരുന്ന ഒട്ടനേകം രംഗങ്ങള്‍ ഈ സിനിമയിലുണ്ട്. കഥയ്ക്ക്‌ അനിയോജ്യമായ രീതിയില്‍ രംഗങ്ങള്‍ ചിത്രീകരിച്ചത് കൂടുതല്‍ വിശ്വസനീയത ഈ സിനിമയ്ക്ക് നല്‍ക്കുവാന്‍ സാധിച്ചു. ദിവാകരന്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ കോര്‍ത്തിണക്കിയത് മഹേഷ്‌ നാരായണനാണ്. ആദ്യ പകുതിയില്‍ ഒരല്പം ഇഴച്ചില്‍ അനുഭവപെട്ടു എന്നല്ലാതെ രംഗങ്ങള്‍ കൃത്യതയോടെ കോര്‍ത്തിണക്കുവാന്‍ മഹേഷിനു കഴിഞ്ഞു. റഫീക്ക് അഹമ്മദ്, ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണമിട്ട ഒരൊറ്റ പാട്ട് മാത്രമാണ് ഈ സിനിമയിലുള്ളത്. ഗോപി സുന്ദര്‍ ഈണമിട്ട പാട്ടുകളില്‍ മികച്ച ഒന്ന് തന്നെയാണ് ഈ സിനിമയിലെ വിജനതയില്‍...എന്ന് തുടങ്ങുന്ന പാട്ട്. ഗോപി സുന്ദര്‍ നല്‍കിയ സംഗീതം ഓരോ രംഗങ്ങള്‍ക്കും മിഴിവേകി. സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും രഞ്ജിത്ത് അമ്പാടിയുടെ മേക്കപ്പും മികവു പുലര്‍ത്തി. 

അഭിനയം: ഗുഡ്
നിരുപമ രാജീവായി മഞ്ജു വാര്യര്‍ ജീവിക്കുകയായിരുന്നു എന്ന് പറയുന്നതാവും ഉചിതം. ആദ്യ പകുതിയിലെ ചില രംഗങ്ങളില്‍ മാത്രം അമിതാഭിനയമായി തോന്നിയെങ്കിലും, സിനിമയുടെ രണ്ടാം പകുതിയിലും ക്ലൈമാക്സിലും മിന്നുന്ന പ്രകടനം തന്നെയാണ് മഞ്ജു വാര്യര്‍ കാഴ്ചവെച്ചത്. ഇനിയും ഇതുപോലുള്ള കഥാപാത്രങ്ങള്‍ അഭിനയിക്കുവാനുള്ള അവസരവും ഭാഗ്യവും മഞ്ജുവിനു ലഭിക്കട്ടെ. ഒരല്പം നെഗറ്റിവ് കഥാപാത്രമാണെങ്കിലും തനിക്കു ലഭിച്ച കഥാപാത്രത്തെ മികച്ച രീതിയില്‍ തന്നെ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇവരുടെ മകളായി അഭിനയിച്ച അമൃത അനില്‍കുമാറും അഭിനയമികവ് പുലര്‍ത്തി. ഇവരെ കൂടാതെ വിനയ് ഫോര്‍ട്ട്‌, കുഞ്ചന്‍, ലാല് അലക്സ്, ദേവന്‍, ശങ്കര്‍ രാമകൃഷ്ണന്‍, പ്രേം പ്രകാശ്, സുധീര്‍ കരമന, ജയരാജ് വാര്യര്‍, സിദ്ധാര്‍ത്ഥ ബസു, സുരാജ് വെഞ്ഞാറമൂട്, ഇടവേള ബാബു, വിജയന്‍ പെരിങ്ങോട്, കെ.ടി.സി. അബ്ദുള്ള, വിജയകൃഷ്ണന്‍, ചാലി പാല, കനിഹ, മുത്തുമണി, സേതുലക്ഷ്മി, തെസ്നി ഖാന്‍, വനിതാ കൃഷ്ണചന്ദ്രന്‍, കലാരഞ്ജിനി എന്നിവരും ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. പ്രമേയം
2. തിരക്കഥയും സംഭാഷണങ്ങളും
3. സംവിധാനം
4. മഞ്ജു വാര്യരുടെ അഭിനയം
5. ഗോപി സുന്ദറിന്റെ സംഗീതം

ഹൗ ഓള്‍ഡ് ആര്‍ യു റിവ്യൂ: സ്ത്രീകള്‍ സ്വപ്നം കാണണമെന്നും ആ സ്വപ്നത്തിനു വേണ്ടി പ്രയത്നിക്കണമെന്നും അവരെ പഠിപ്പിച്ച സിനിമ, അവരുടെ ചിന്തകളെ സ്വാധീനിക്കാന്‍ കഴിഞ്ഞ സിനിമ, മികച്ചൊരു സന്ദേശം സമൂഹത്തിനു നല്‍കിയ സിനിമ. 

ഹൗ ഓള്‍ഡ് ആര്‍ യു റേറ്റിംഗ്: 7.30/10
കഥ, തിരക്കഥ: 8/10 [വെരി ഗുഡ്]
സംവിധാനം: 7/10[ഗുഡ്]
സാങ്കേതികം: 3.5/5 [ഗുഡ്]
അഭിനയം: 3.5/5 [ഗുഡ്]
ടോട്ടല്‍: 22/30 [7.3/10]

സംവിധാനം: റോഷന്‍ ആന്‍ഡ്രൂസ്
കഥ, തിരക്കഥ, സംഭാഷണം: ബോബി സഞ്ജയ്‌
ബാനര്‍: മാജിക് ഫ്രെയ്മ്സ്
നിര്‍മ്മാണം: ലിസ്റ്റിന്‍ സ്റ്റീഫന്‍
ചായാഗ്രഹണം: ആര്‍. ദിവാകരന്‍
ചിത്രസന്നിവേശം: മഹേഷ്‌ നാരയണന്‍
വരികള്‍: റഫീക്ക് അഹമ്മദ്, ഹരിനാരായണ്‍
സംഗീതം, പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
കലാസംവിധാനം: സിറില്‍ കുരുവിള
മേക്കപ്പ്: രഞ്ജിത്ത് അമ്പാടി
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: സെന്‍ട്രല്‍ പിക്ചേഴ്സ് റിലീസ് 

1 comment:

  1. വളരെ സൂക്ഷമതയോടെ ഈ പ്രമേയം അവതരിപ്പിച്ചില്ലയിരുന്നെങ്കില്‍, മലയാളികളുടെ പ്രിയപ്പെട്ട നായികയുടെ താരമൂല്യം വിറ്റഴിക്കുവാന്‍ ശ്രമിച്ചതായെ പ്രേക്ഷകര്‍ക്ക്‌ തോന്നുകയുള്ളൂ....Absolutely right.

    ReplyDelete