4 May 2014

ലോ പോയിന്‍റ് - പ്രേക്ഷകരെ വിഡ്ഢികളാക്കിയ നിയമങ്ങളും ട്വിസ്റ്റുകളും 4.50/10

ഫ്രൈഡേ എന്ന ആദ്യ സിനിമയിലൂടെ തന്നെ തനതായ ഒരു അവതരണ ശൈലി കൊണ്ടുവരാന്‍ ശ്രമിച്ച ലിജിന്‍ ജോസ് സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയാണ് ലോ പോയിന്‍റ്. ഒരുപിടി നല്ല സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ള ഡേവിഡ്‌ കാച്ചപ്പിള്ളിയാണ് ലോ പോയിന്‍റ് നിര്‍മ്മിച്ചിരിക്കുന്നത്. പുതുമുഖം ദേവദാസാണ് ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ എഴുതിയിരിക്കുന്നത്. നീല്‍ ഡികൂഞ്ഞ ചായാഗ്രഹണവും, മനോജ്‌ ചിത്രസന്നിവേശവും, മെജോ ജോസഫ്‌ പാട്ടുകളുടെ സംഗീതവും, ബിജിബാല്‍ പശ്ചാത്തല സംഗീതവും നിര്‍വഹിചിരിക്കുന്നു. കുഞ്ചാക്കോ ബോബന്‍ ഇതാദ്യമായി ഒരു അഭിഭാഷകന്റെ റോളില്‍ അഭിനയിക്കുന്ന സിനിമാകൂടിയായ ലോ പോയിന്റില്‍ നമിത പ്രമോദാണ് നായിക. 

ഒരു കേസ് ജയിക്കുവാന്‍ വേണ്ടി ഏതറ്റവും വരെ പോകുന്ന മിടുക്കനായ യുവ അഭിഭാഷകനാണ് സത്യമോഹന്‍. പീഡന കേസിലെ പ്രതിയെ വരെ നിഷ്പ്രയാസം കുറ്റവിമുക്തനാക്കി കോടതിയില്‍ നിന്ന് രക്ഷിക്കുവാന്‍ കഴിവുള്ള സത്യമോഹനെ തേടി ഒരു ഒത്തുതീര്‍പ്പ് കേസെത്തുന്നു. പ്രണയനൈരാശ്യം മൂലം ആത്മഹത്യ ചെയ്യുവാന്‍ ശ്രമിച്ച മായ എന്ന പെണ്‍കുട്ടിയുടെ കാമുകന്റെ പിതാവാണ് സത്യയെ തേടിയെത്തുന്നത്. തന്റെ മകന്‍ ചെയ്ത വഞ്ചനയ്ക്ക് നഷ്ടപരിഹാരം ചോദിച്ച പെണ്‍കുട്ടിയുടെ വീട്ടുകാരുമായുള്ള ഒത്തുതീര്‍പ്പ് കേസാണ് സത്യെയെ ഏല്‍പ്പിക്കുന്നത്. മായയുടെ ആത്മഹത്യ ശ്രമത്തിനു പിന്നിലെ സത്യങ്ങള്‍ തേടിയിറങ്ങുന്ന സത്യയുടെ കഥയാണ് ലോ പോയിന്‍റ്. സത്യമോഹനായി കുഞ്ചാക്കോ ബോബനും മായയായി നമിത പ്രമോദും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
ഓരോ കഥയും അതിനുള്ളിലുളള പ്രമേയം ആവശ്യപെടുന്ന രീതിയില്‍ പറയുവാന്‍ ശ്രമിച്ചില്ലയെങ്കില്‍ ആ സിനിമ സ്വീകരിക്കുവാനുള്ള സാധ്യത വരെ കുറവാണ്. ലോ പോയിന്‍റ് എന്ന സിനിമയുടെ തിരക്കഥ രചയ്താവായ ദേവദാസ് ഒരു വ്യതസ്തമായ സസ്പെന്‍സ് ത്രില്ലറാണ് ഈ സിനിമയിലൂടെ പറയുവാന്‍ ഉദ്ദേശിച്ചത്. അവസാന നിമിഷം വരെ സസ്പെന്‍സ് നിലനിര്‍ത്തുവാന്‍ വേണ്ടി വളച്ചൊടിച്ച ഒരു അവിശ്വസനീയമായ കഥയും, അതിനു വേണ്ടി രൂപപെടുത്തിയെടുത്ത കുറെ കഥാപാത്രങ്ങളും സിനിമയുടെ പ്രധാന രസംകൊല്ലികളായി. വിശ്വസനീയമായ ഒരു കഥ എഴുതിയതിനു ശേഷം, ആ കഥയില്‍ സസ്പെന്‍സ് ഉള്പെടുത്തുവാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍, ഈ സിനിമ ഒരുപക്ഷെ നല്ലൊരു സസ്പെന്‍സ് ത്രില്ലര്‍ ആയേനെ. കുഞ്ചാക്കോ ബോബന്റെ ഹീറോയിസവും, പ്രേക്ഷകരെ വിഡ്ഢികളാക്കുവാന്‍ വേണ്ടി എഴുതപെട്ട കഥാസന്ദര്‍ഭങ്ങളുമാണ് തിരിച്ചടിയായത്. കുഞ്ചാക്കോ ബോബന്റെ വക്കീല്‍ കഥാപാത്രവും മായയും വാഗമണിലേക്ക് നടത്തുന്ന യാത്ര മാത്രമാണ് ഈ സിനിമയിലെ രസകരമായ രംഗങ്ങള്‍. ക്ലൈമാക്സ് രംഗങ്ങളിലെ ട്വിസ്റ്റുകള്‍ കൊള്ളാമെന്ന് ആദ്യം കാണുമ്പോള്‍ തോന്നുന്നുണ്ടെങ്കിലും, അവയെല്ലാം അടിസ്ഥാനരഹിതമെന്ന് പിന്നീടു തോന്നുന്നതിനു കാരണം വിശ്വസനീയമായ കഥയുടെയും ത്രസിപ്പിക്കുന്ന കഥാസന്ദര്‍ഭങ്ങളുടെയും അഭാവം തന്നെ.

സംവിധാനം: ആവറേജ്
ഫ്രൈഡേ എന്ന സിനിമയിലൂടെ ഒരുപാട് പ്രതീക്ഷ നല്‍ക്കികൊണ്ടു മലയാള സിനിമയിലേക്ക് കടന്നുവന്ന സംവിധായകനാണ് ലിജിന്‍ ജോസ്. ആദ്യ സിനിമയിലൂടെ കുറെ മനുഷ്യരുടെ കഥ പറഞ്ഞ ലിജിന്‍ രണ്ടാമൂഴത്തില്‍ തിരഞ്ഞെടുത്തത് രണ്ടു വ്യക്തികളുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ്. ഒരു വക്കീലും അയാളുടെ കക്ഷിയും തമ്മിലുള്ള സൗഹൃദത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമയുടെ കഥ പറഞ്ഞിരിക്കുന്നത്. കഥാവസാനം അപ്രതീക്ഷിത വഴിത്തിരുവകളിലൂടെ സഞ്ചരിക്കുന്ന ഈ സിനിമ സസ്പെന്‍സ് ത്രില്ലര്‍ ഗണത്തില്‍ ഉള്പെടുത്തവുന്ന സിനിമകളില്‍ ഒന്നാണ്. പക്ഷെ, സംവിധാനത്തിന്റെ പോരായ്മകള്‍കൊണ്ട് പ്രേക്ഷകരെ ഒരുതരത്തിലും ഈ സിനിമ ത്രസിപ്പിക്കുന്നില്ല. സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതിയോ, അവയിലുള്ള യുക്തിപരമായ വസ്തുതകളോ ഒന്നും തന്നെ പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നില്ല. പ്രേക്ഷകരെ വിഡ്ഢികളാക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ കണ്ടിരിക്കാന്‍ തോന്നുന്ന രീതിയിലായത് രണ്ടു മണിക്കൂറില്‍ താഴെയുള്ള ദൈര്‍ഘ്യവും, നീല്‍ ഡികൂഞ്ഞയുടെ ചായാഗ്രഹണവുമാണ്. വാഗമണ്‍ യാത്രയും, ഒരു പാട്ടും മാത്രമാണ് കുറച്ചെങ്കിലും നിലവാരം പുലര്‍ത്തിയ രംഗങ്ങള്‍. ഒരുപക്ഷെ കെട്ടുറപ്പുള്ള തിരക്കഥയാണ് ഈ സിനിമയുടെതെങ്കില്‍, ലിജിന്‍ ജോസിനു നല്ലൊരു സിനിമ അവതരിപ്പിക്കുവാന്‍ സാധിക്കുമായിരുന്നു എന്ന് തോന്നുന്നു. 

സാങ്കേതികം: എബവ് ആവറേജ്
നാഗരികതയുടെ ചടുലതയും, പച്ചപ്പിന്റെ സൗന്ദര്യവും ഒപ്പിയെടുത്ത നീല്‍ ഡികൂഞ്ഞയുടെ ചായാഗ്രഹണം മികവു പുലര്‍ത്തി. ഈ സിനിമ ഒരുപരുധി വരെ പ്രേക്ഷകരെ തിയറ്ററുകളില്‍ 2 മണിക്കൂര്‍ നേരം പിടിചിരുത്തിയതിന്റെ ഒരു കാരണം നീല്‍ പകര്‍ത്തിയ ദ്രിശ്യങ്ങളാണ്. മനോജിന്റെ സന്നിവേശവും സിനിമയുടെ രണ്ടാം ഭാഗത്തില്‍ മികച്ചു നിന്നിരുന്നു. ബിജിബാലിന്റെ പശ്ചാത്തല സംഗീതവും സിനിമയുടെ രംഗങ്ങള്‍ക്ക് രസം പകര്‍ന്നിരുന്നു. സന്തോഷ്‌ വര്‍മ്മയുടെയും ജോഫി തരകന്റെയും വരികള്‍ക്ക് മെജോ ജോസഫാണ് സംഗീതം നല്ക്കിയത്. ജോതിഷ് ശങ്കറിന്റെ കലാസംവിധാനവും, കുമാര്‍ ഇടപ്പാളിന്റെ വസ്ത്രാലങ്കാരവും, മനോജ്‌ അങ്കമാലിയുടെ മേക്കപ്പും സിനിമയുടെ കഥയോട് ചേര്‍ന്നുപോകുന്നവയാണ്. 

അഭിനയം: ആവറേജ്
സത്യ എന്ന വക്കീല്‍ വേഷമഭിനയിച്ചു ഫലിപ്പിക്കാന്‍ കുഞ്ചാക്കോ ബോബന്‍ ആദ്യപകുതിയില്‍ കുറെ കഷ്ടപെട്ടു. വളരെ ഗൗരവമുള്ള ഭാവം മുഖത്ത് വരുത്തിയപ്പോഴും എവിടെയെക്കയോ ആ പഴയ പ്രണയ നായകനെ കണ്ടു. രണ്ടാം പകുതിയില്‍ ഭേദപെട്ട പ്രകടനമാണ് ചാക്കോച്ചന്‍ കാഴ്ചവെച്ചത്. മായ എന്ന കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കുവാന്‍ നമിത പ്രമോദിന് സാധിച്ചു. കൃഷ്ണ ശങ്കര്‍, ജോയ് മാത്യു, നെടുമുടി വേണു, ദേവന്‍, പ്രജോദ് കലാഭവന്‍, പി. ബാലചന്ദ്രന്‍, സുരാജ് വെഞ്ഞാറമൂട്, മുകുന്ദന്‍, റിയ സാറ, കെ.പി.എ.സി. ലളിത, ശാരി, പ്രവീണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ചായാഗ്രഹണം
2. നമിത പ്രമോദിന്റെ അഭിനയം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥ
2. രണ്ടാം പകുതിയിലെ കഥാസന്ദര്‍ഭങ്ങള്‍
3. ലോജിക്കില്ലാത്ത ട്വിസ്റ്റുകള്‍

ലോ പോയിന്‍റ് റിവ്യൂ: അവിശ്വസനീയമായൊരു കഥയും പ്രവചിക്കാനാവുന്ന കഥാസന്ദര്‍ഭങ്ങളും ത്രസിപ്പിക്കാത്ത അവതരണ രീതിയും കാണാന്‍ ആഗ്രഹമുള്ളവര്‍ക്ക് കണ്ടുനോക്കം ലോ പോയിന്‍റ്.

ലോ പോയിന്‍റ് റേറ്റിംഗ്: 4.50/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 5/10[ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 2.5/5[ആവറേജ്]
ടോട്ടല്‍ 13.5/30 [4.5/10]

സംവിധാനം: ലിജിന്‍ ജോസ്
രചന: ദേവദാസ്
നിര്‍മ്മാണം: ഡേവിഡ്‌ കാച്ചപ്പള്ളി
ചായാഗ്രഹണം: നീല്‍ ഡികൂഞ്ഞ
ചിത്രസന്നിവേശം: മനോജ്‌
സംഗീതം: മെജോ ജൊസഫ്
പശ്ചാത്തല സംഗീതം: ബിജിബാല്‍
ഗാനരചന: സന്തോഷ്‌ വര്‍മ്മ, ജോഫി തരകന്‍
കലാസംവിധാനം: ജോതിഷ് ശങ്കര്‍
വസ്ത്രാലങ്കാരം: കുമാര്‍ എടപ്പാള്‍
മേക്കപ്പ്: മനോജ്‌ അങ്കമാലി
ശബ്ദമിശ്രണം: ഡാന്‍ ജോസ്
വിതരണം: സെന്‍ട്രല്‍ പിക്ചേഴ്സ് റിലീസ്

No comments:

Post a Comment