22 Sept 2013

നോര്‍ത്ത് 24 കാതം - നേര്‍ദിശയിലേക്കു നയിക്കുന്ന നല്ല സിനിമ 7.00/10

ആമേന്‍ എന്ന സൂപ്പര്‍ ഹിറ്റ്‌ സിനിമയ്ക്ക് ശേഷം ഫഹദ് ഫാസിലും സ്വാതി റെഡ്ഡിയും നായികാനായകന്മാരാകുന്ന സിനിമയാണ് നോര്‍ത്ത് 24 കാതം. നവാഗതനായ അനില്‍ രാധാകൃഷ്ണന്‍ മേനോനാണ് ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ എഴുതി, സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. യാത്രകള്‍ ചിലരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാം എന്ന തലവാചകത്തോടെ പ്രേക്ഷകരിലെക്കെത്തിയ നോര്‍ത്ത് 24 കാതം, സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരെ നേര്‍ദിശയിലേക്ക് നയിക്കുന്ന വിരളം സിനിമകള്‍ ഉള്‍പെടുന്നു. അപരിചിതരായ ഗോപാലകൃഷ്ണന്‍ മാഷും, ഹരികൃഷ്ണനും, നാരായണിയും ഒരു ട്രെയിന്‍ യാത്രക്കിടയില്‍ പരിച്ചയപെടുന്നു. ചില പ്രത്യേക കാരണങ്ങളാല്‍ മൂവരും കൊല്ലം ജില്ലയിലെ ഒരു സ്ഥലത്ത് നിന്നും കോഴിക്കോടിലേക്കു യാത്ര പോകുന്നു. ഹര്‍ത്താല്‍ ദിനമായതിനാല്‍ മൂവരും ഏറെ ദുരിതങ്ങള്‍ അനുഭവിച്ചുക്കൊണ്ടാണ് യാത്ര ചെയ്യുന്നത്. ആ യാത്രയ്ക്കൊടുവില്‍, ഏറെ പ്രത്യേകതയുള്ള സ്വഭാവത്തിനുടമയായ ഹരികൃഷ്ണന്റെ ജീവിത ശൈലിയും ദിനചര്യകളും മാറുന്നു. ഹര്‍ത്താല്‍ ദിനത്തിലുള്ള യാത്ര അയാളെ പലതും പഠിപ്പിക്കുന്നു. എന്തിനാണ് മൂവരും ആ യാത്ര നടത്തുന്നത്?, എന്ത് കാരണങ്ങള്‍ക്കൊണ്ടാണ് ഹരികൃഷ്ണന്റെ സ്വഭാവത്തില്‍ മാറ്റം വന്നത്? എന്നതാണ് ഈ സിനിമയുടെ കഥ. ഹരികൃഷ്ണനായി ഫഹദ് ഫാസിലും, ഗോപാലകൃഷ്ണന്‍ മാഷായി നെടുമുടി വേണുവും, നാരായണിയായി സ്വാതിയും അഭിനയിച്ചിരിക്കുന്നു.

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയ്ക്ക് ശേഷം ഇ ഫോര്‍ എന്റര്‍റ്റെയിന്‍മെന്റ്സിന്റെ ബാനറില്‍ സൂര്യ സിനി ആര്‍ട്ട്സിന് വേണ്ടി സി.വി.സാരഥി നിര്‍മ്മിച്ചിരിക്കുന്ന നോര്‍ത്ത് 24 കാതതിന്റെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജയേഷ് നായരാണ്. ദിലീപ് ഡെന്നിസ് ചിത്രസന്നിവേശവും ഗോവിന്ദ് മേനോന്‍ പശ്ചാത്തല സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ഗോവിന്ദ് മേനോനും റെക്സ് വിജയനുമാണ് ഈ സിനിമയിലെ പാട്ടുകളുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

കഥ,തിരക്കഥ: ഗുഡ്
സ്വഭാവത്തിലും പെരുമാറ്റത്തിലും പ്രത്യേകള്‍ ഏറെയുള്ള വ്യക്തികളും, ദിനച്ചര്യകളില്‍ കൃത്യനിഷ്ഠതയും അമിതമായ വൃത്തിയും കാത്തുസൂക്ഷിക്കുന്ന വ്യക്തികളും സമൂഹത്തിന്റെ പരിഹാസം ഏറ്റുവാങ്ങുന്നവരാണ്. അത്തരത്തിലുള്ള സ്വഭാവഗുണങ്ങളുള്ള ഹരികൃഷ്ണന്റെ മേല്പറഞ്ഞ സ്വഭാവങ്ങള്‍ എല്ലാം ഒരു യാത്രയോടെ മാറിമറയുന്നു. ചില യാത്രകളും യാത്രക്കിടയില്‍ വന്നു ചേരുന്ന അനുഭവങ്ങളും പരിച്ചയപെടുന്ന വ്യക്തികളും ഒരാളുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കും എന്നതാണ് ഈ സിനിമയിലൂടെ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പ്രേക്ഷകരോട് പറയുന്നത്. ഒരല്പം ഇഴച്ചില്‍ ആദ്യപകുതിയില്‍ അനുഭവപെട്ടിട്ടുണ്ടെങ്കിലും, ഹരികൃഷ്ണന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് മനസ്സിലാക്കികൊടുക്കുവാന്‍ വേണ്ടിയുള്ള കഥാസന്ദര്‍ഭങ്ങളായതിനാല്‍ പ്രേക്ഷകര്‍ കണ്ടിരുന്നു. എന്നാല്‍, മൂവരുടെയും യാത്ര തുടങ്ങി അവസാനിക്കുന്നതു വരെയുള്ള രംഗങ്ങള്‍ എല്ലാത്തരം പ്രേക്ഷകരെയും ആസ്വദിപ്പിച്ചു.കഥയ്ക്ക്‌ അനിവാര്യമാല്ലത്ത ഒരൊറ്റ രംഗമോ സംഭാഷണങ്ങളോ ഈ സിനിമയിലില്ല. അതുപോലെ, എല്ലാതരം സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകനും മനസ്സിലാകുന്ന രീതിയില്‍ കഥ പറഞ്ഞതും തിരക്കഥയുടെ കഴിവ് തന്നെ. 


സംവിധാനം: ഗുഡ്
ഒരു നവാഗത സംവിധായകനാണ് താനെന്ന പ്രേക്ഷകര്‍ക്ക്‌ തോന്നാത്തവിധം ഈ സിനിമ സംവിധാനം ചെയ്യുവാന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന് സാധിച്ചിട്ടുണ്ട്. കഥയില്‍ അടങ്ങിയിട്ടുള്ള ചെറിയ സന്ദേശം എല്ലാത്തരം പ്രേക്ഷകര്‍ക്കും ഗ്രഹിക്കുവാന്‍ സാധിക്കുന്ന വിധത്തില്‍ നര്‍മ്മത്തിന്റെ മേമ്പൊടിയോടെയും വേഗതയോടെയും പ്രേക്ഷകരിലേക്ക് എത്തിക്കുവാന്‍ സംവിധായകന് കഴിഞ്ഞതാണ് ഈ സിനിമയുടെ വിജയം. ഓരോ കഥയ്ക്കും അനിയോജ്യമായ ലൊക്കേഷനുകള്‍ തിരഞ്ഞെടുത്തും, കഴിവുള്ള സാങ്കേതിക പ്രവര്‍ത്തകരെ ഉപയോഗിച്ചുകൊണ്ടും, കഥാപാത്രങ്ങള്‍ക്ക് അനിയോജ്യരായ നടീനടന്മാരെ അഭിനയിപ്പിച്ചുക്കൊണ്ടും ഏവര്‍ക്കും രസിക്കാവുന്ന ചിന്തിക്കാവുന്ന ഒരു സിനിമയെടുത്തു വിജയിപ്പിച്ചു. കഥയില്‍ പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങളോ, രംഗങ്ങളോ, പാട്ടുകളോ, ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ ഒന്നും തന്നെ ഈ സിനിമയില്ല. ഈ ഓണക്കാലത്ത് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും യുവകള്‍ക്കും ഒന്നിച്ചിരുന്നു ആസ്വദിക്കാനാവുന്ന സിനിമ തന്നെയാണ് നോര്‍ത്ത് 24 കാതം. അഭിനന്ദനങ്ങള്‍!


സാങ്കേതികം: ഗുഡ്
നവാഗതനായ ജയേഷ് നായരാണ് ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. കൊല്ലം മുതല്‍ കോഴിക്കോട് വരെയുള്ള യാത്രയില്‍ മൂവരും ട്രെയിനിലും, ഓട്ടോയിലും, ബസ്സിലും, ബൈക്കിലും, ബോട്ടിലും, ജീപ്പിലും, ടെമ്പോ വാനിലും, കാറിലും, വഞ്ചിയിലും, നടന്നുമൊക്കെ നടത്തുന്ന യാത്രകളും എത്തിച്ചേരുന്ന സ്ഥലങ്ങളും വിശ്വസനീയതയോടെ ദ്രിശ്യവല്‍ക്കരിക്കാന്‍ ജയേഷ് നായര്‍ക്ക്‌ സാധിച്ചു. മേല്പറഞ്ഞ രംഗങ്ങളെല്ലാം വേഗതയോടെ കോര്‍ത്തിണക്കുവാന്‍ ദിലിപ് ഡെന്നിസിന് കഴിഞ്ഞിട്ടുണ്ട്. റഫീക്ക് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക്  പുതുമുഖം ഗോവിന്ദ് മേനോനാണ് സംഗീതം നല്‍കിയിരിക്കുന്നത്. മൂന്ന് പാട്ടുകളും സിനിമയുടെ കഥാസന്ദര്‍ഭങ്ങളുമായി ചേര്‍ന്ന് പോകുന്നവയാണ്. വ്യതസ്തമായ രീതിയില്‍ ചിട്ടപെടുത്തിയ സിനിമയുടെ ടൈറ്റില്‍ ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത് റെക്സ് വിജയനാണ്. ഗോവിന്ദ് മേനോന്റെ പശ്ചാത്തല സംഗീതം ഓരോ രംഗങ്ങള്‍ക്കും മിഴിവേകുന്ന രീതിയിലായത് പ്രേക്ഷകരെ രസിപ്പിച്ചു. രാജാകൃഷ്ണന്റെ ശബ്ദമിശ്രണവും രഞ്ജിത്ത് അമ്പാടിയുടെ മേക്കപ്പും, സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും മികവു പുലര്‍ത്തി.

അഭിനയം: ഗുഡ്
മലയാള സിനിമയിലെ നവയുഗത്തിനു തുടക്കമിട്ട ഫഹദ് ഫാസിലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ഈ സിനിമയിലെ ഹരികൃഷ്ണന്‍. പ്രത്യേകതകള്‍ ഏറെയുള്ള സ്വഭാവത്തിനുടമയായ ഹരികൃഷ്ണനെ അവതരിപ്പിക്കുവാന്‍ ഏറ്റവും അനിയോജ്യനായ നടന്‍ താന്‍ തന്നെയാണ് എന്ന് പ്രേക്ഷകരെ ബോധ്യപെടുത്തുന്ന വിധമായിരുന്നു ഫഹദിന്റെ അഭിനയം. രാജിവ് നാഥ്-മോഹന്‍ലാല്‍ ടീമിന്റെ അഹം എന്ന സിനിമയിലെ മോഹന്‍ലാല്‍ അഭിനയിച്ച കഥാപാത്രത്തെ ഓര്‍മ്മപെടുത്തുന്ന വിധത്തില്‍ സ്വഭാവ സവിശേഷതകളുള്ള കഥാപാത്രമാണ് ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്. ഫഹദ് ഫാസിലിനോപ്പം മലയാളത്തിലെ രണ്ടാമത്തെ സിനിമയില്‍ അഭിനയിച്ച സ്വാതി റെഡ്ഡിയും അഭിനയത്തിന്റെ കാര്യത്തില്‍ മികവു പുലര്‍ത്തി. ഇവരോടൊപ്പം തുല്യ പ്രാധാന്യമുള്ള വേഷത്തില്‍ അഭിനയിച്ച നെടുമുടി വേണു അത്ഭുതപെടുത്തുന്ന അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. ക്ലൈമാക്സ് രംഗങ്ങളിലെ നെടുമുടി വേണുവിന്റെ അഭിനയം സമീപകാലത്തെ ഏറ്റവും മികച്ചത് എന്ന് തന്നെ വിശേഷിപ്പിക്കെണ്ടാതാണ്. ചെറിയ വേഷങ്ങളിലെത്തിയ തമിഴ് നടന്‍ പ്രേംജി അമരനും, ജിനു ജോസും, ചെമ്പന്‍ വിനോദ് ജോസും, ശ്രീനാഥ് ഭാസിയും മികവു പുലര്‍ത്തി. തലൈവാസല്‍ വിജയ്‌, ഗീത, മുകുന്ദന്‍, വിജയന്‍ പെരിങ്ങോട്, പ്രിവിന്‍ വിനിഷ്, ദീപക് നാഥന്‍, സലാം, ശ്രിന്ദ ആഷബ് എന്നിവരുമുണ്ട് ഈ സിനിമയില്‍.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. പ്രമേയം
2. കഥാസന്ദര്‍ഭങ്ങള്‍, കഥാപാത്രങ്ങള്‍
3. ഫഹദ് ഫാസില്‍, നെടുമുടി വേണു എന്നിവരുടെ അഭിനയം
4. അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ സംവിധാനം
5. പശ്ചാത്തല സംഗീതം

നോര്‍ത്ത് 24 കാതം റിവ്യൂ: ലളിതമായ കഥാസന്ദര്‍ഭങ്ങളിലൂടെ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ മികച്ചൊരു സന്ദേശം നല്‍ക്കുവാന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോനും കൂട്ടര്‍ക്കും സാധിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍!

നോര്‍ത്ത് 24 കാതം റേറ്റിംഗ്: 7.00/10
കഥ,തിരക്കഥ: 7/10[ഗുഡ്]
സംവിധാനം: 7/10[ഗുഡ്]
സാങ്കേതികം: 3.5/5[ഗുഡ്]
അഭിനയം: 3.5/5[ഗുഡ്] 
ടോട്ടല്‍ 21/30 [7/10]

രചന,സംവിധാനം: അനില്‍ രാധാകൃഷ്ണന്‍ മേനോന്‍
നിര്‍മ്മാണം:സി.വി.സാരഥി
ബാനര്‍: സൂര്യ സിനി ആര്‍ട്ട്സ്
ചായാഗ്രഹണം: ജയേഷ് നായര്‍
ചിത്രസന്നിവേശം: ദിലീപ് ഡെന്നിസ്
ഗാനരചന: റഫീക്ക് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, വിനായക് ശശികുമാര്‍
സംഗീതം: ഗോവിന്ദ് മേനോന്‍, റെക്സ് വിജയന്‍
പശ്ചാത്തല സംഗീതം: ഗോവിന്ദ് മേനോന്‍
കലാസംവിധാനം:ജോതിഷ് ശങ്കര്‍
വസ്ത്രാലങ്കാരം: സമീറ സനീഷ്
മേക്കപ്പ്: രഞ്ജിത്ത് അമ്പാടി
സൗണ്ട് ഡിസൈനര്‍: രാജകൃഷ്ണന്‍
വിതരണം: ഇ ഫോര്‍ എന്റര്‍റ്റെയിന്‍മെന്റ്സ്

5 comments:

  1. movie is not as clinical as reviewed. editings were not perfect. some dialogues were not syncing too. neverthless worth watching for the difference in the story line. fantastic perfo from fahadh...

    ReplyDelete
    Replies
    1. Hi, Thanks for posting comment. Could you please be more specific on which part of the movie you found the dialogue was not syncing? Also, where the editing was not perfect? It would be helpful for us and others to understand.

      Keep on reading and put forward your thoughts.

      Thanks
      Malayala Cinema Niroopanam

      Delete
  2. Thanks for revealing such fascinating information for all of us! If you maintain this specific ideal perform I’ll see complete weblog once more. Thank You!

    ReplyDelete
  3. Replies
    1. LOL.. You only like films like mayamohini ...

      Delete