15 Sep 2013

ശൃംഗാരവേലന്‍ - ജന"അ"പ്രിയ നായകന്റെയും സംഘത്തിന്റെയും സിനിമാ പാതകം! 3.60/10

കേരള-തമിഴ് നാട് അതിര്‍ത്തിയിലുള്ള ഒരു ഉള്‍നാടന്‍ ഗ്രാമവും, ആ ഗ്രാമത്തിലെ തൊഴില്‍ രഹിതനായ ചെറുപ്പക്കാരനും അവന്റെ സുഹൃത്തുക്കളും. ആ ചെറുപ്പകാരനാകുമല്ലോ ഈ കഥയിലെ നായകന്‍. ആ ഗ്രാമത്തില്‍ നിന്നും ഒരല്പം അകലെയായി ഒരു വലിയ തറവാടും, കുറെ അന്ധവിശ്വാസങ്ങളായി ജീവിക്കുന്ന തമ്പുരാനും തമ്പുരാട്ടിയും അവരുടെ കൊച്ചുമകളും. ആ വലിയ തറവാട്ടിലെ കൊച്ചുമകളാകുമല്ലോ ഈ കഥയിലെ നായിക. ആ കൊച്ചുമകളുടെ വിവാഹം നടക്കുവാനും ജാതകത്തിലെ ദോഷങ്ങളൊക്കെ മാറുവാനും വേണ്ടി പ്രാര്‍ഥനകളും പൂജകളുമൊക്കെ ചെയ്തുകൊണ്ടിരിക്കുന്ന തമ്പുരാനും തമ്പുരാട്ടിയും. ഇതിനിടയില്‍, ചില പ്രത്യേക സാഹചര്യങ്ങള്‍ കാരണം തൊഴില്‍ രഹിതനായ ചെറുപ്പക്കാനും സുഹൃത്തുക്കളും ആ തറവാട്ടില്‍ എത്തുകുകയും അവിടത്തെ അംഗങ്ങളായി മാറുകയും ചെയുന്നു. ഒടുവില്‍ സകലകാലാവല്ലഭാനായ നായകനും, കോടീശ്വരിയും സുന്ദരിയുമായ നായികയും തമ്മില്‍ പ്രണയത്തിലാകുന്നു. തുടര്‍ന്ന് എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് പ്രേക്ഷകര്‍ക്ക്‌ ഊഹിക്കനാവുന്നതെയുള്ളൂ. പ്രത്യേകിച്ച് ആ സിനിമയുടെ തിരക്കഥ രചയ്താക്കള്‍ ഉദയകൃഷ്ണ - സിബി കെ. തോമസ്‌ എന്നിവരും, നായകന്‍ ദിലീപും, തമ്പുരാന്‍ നെടുമുടി വേണുവുമാകുമ്പോള്‍.

ആര്‍.ജെ ക്രിയേഷന്‍സിന്റെ ബാനറില്‍ ജെയ്സണ്‍ ഇളങ്കുളം നിര്‍മ്മിച്ച്‌, മായമോഹിനി എന്ന മെഗാ ഹിറ്റ്‌ സിനിമയ്ക് ശേഷം ജോസ് തോമസ്‌ സംവിധാനം നിര്‍വഹിച്ചു, ദിലീപ് നായകനായ സിനിമയാണ് ശൃംഗാരവേലന്‍. ഉദയകൃഷ്ണ-സിബി കെ.തോമസ്‌ എന്നിവര്‍ ചേര്‍ന്ന് രചന നിര്‍വഹിച്ച ഈ സിനിമയില്‍ തമിഴ്-കന്നഡ നടിയായ വേദികയാണ് നായിക. ലാല്‍, നെടുമുടി വേണു, കലാഭവന്‍ ഷാജോണ്‍, ജോയ് മാത്യു, ബാബു നമ്പൂതിരി, ബാബുരാജ്, ഷമ്മി തിലകന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ്
ദിലീപിന് വേണ്ടി ഉദയകൃഷ്ണയും സിബി കെ.തോമസും തിരക്കഥ എഴുതുന്ന 18മത് സിനിമയാണ് ശൃംഗാരവേലന്‍. ഉദയപുരം സുല്‍ത്താനും, സി.ഐ.ഡി.മൂസയും, റണ്‍വേയും, വെട്ടവും, ലയണും ഒക്കെ പ്രേക്ഷകര്‍ ഏറെ ആസ്വദിക്കുകയും ഇരുകയ്യുംനീട്ടി സ്വീകരിക്കുകയും ചെയ്ത സിനിമകളായിരുന്നു. പക്ഷെ, മായാമോഹിനിയും മരുമകനും കമ്മത്തുമൊക്കെ വിജയ സിനിമകളായിരുന്നുവെങ്കിലും, നല്ല സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകരെയും ദിലീപിന്റെ ആരാധകരെയും ഒരുപോലെ നിരാശപെടുത്തിയ സിനിമകളായിരുന്നു. കണ്ടുമടുത്ത കഥാസന്ദര്‍ഭങ്ങളിലൂടെ, ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ, ദിലീപിന്റെയും ലാലിന്റെയും കോമാളിത്തരങ്ങളിലൂടെ, അനിവാര്യമാല്ലത്ത പാട്ടുകളിലൂടെ, അതിശയോക്തിയുള്ള അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ മുന്‍പോട്ടു പോകുന്ന കഥയും, പ്രേക്ഷകരെ വെറുപ്പിക്കുന്ന രീതിയിലുള്ള ക്ലൈമാക്സ് രംഗങ്ങളിലൂടെ അവസാനിക്കുന്ന സിനിമയും തീര്‍ത്തും നിരാശപെടുത്തുന്നു.

സംവിധാനം: ബിലോ ആവറേജ് 
മായാമോഹിനി എന്ന സിനിമയുടെ വിജയത്തിന് ശേഷം ജോസ് തോമസും ദിലീപും ഒന്നിച്ച ശൃംഗാരവേലനില്‍ നിന്നും മഹത്തായ കലാസൃഷ്ടിയൊന്നും പാവം പ്രേക്ഷകര്‍ ആഗ്രഹിക്കുന്നില്ല. യുക്തിയെ ചോദ്യം ചെയ്യാത്ത കഥാസന്ദര്‍ഭങ്ങളും, വേഗതയോടെ കഥപറയുന്ന രീതിയും, കുട്ടികള്‍ക്ക് ചിരിക്കുവാനുള്ള നല്ല മുഹൂര്‍ത്തങ്ങളും മാത്രം പ്രതീക്ഷിച്ചു തിയറ്ററില്‍ വരുന്ന ശരാശരി കുടുംബ പ്രേക്ഷരെ പോലും വെറുപ്പിക്കുന്ന ചലച്ചിത്രാനുഭാവമാണ് ശൃംഗാരവേലന്‍. കണ്ടുമടുത്ത കഥയാണെന്നും, ദ്വയാര്‍ത്ഥ പ്രയോഗങ്ങളുള്ള തമാശകളാണെന്നുമൊക്കെ അറിവുള്ള സംവിധായകനു, വേഗതയോടെയെങ്കിലും ഈ സിനിമ അവസാനിപ്പിക്കാമായിരുന്നു. ഷാജിയുടെ കളര്‍ഫുള്‍ ദ്രിശ്യങ്ങള്‍ കൂടിയില്ലായിരുന്നുവെങ്കില്‍, പ്രേക്ഷകര്‍ ആദ്യപകുതി കഴിഞ്ഞു തിയറ്റര്‍ വിട്ടുപോകുമായിരുന്നു. അറുബോറന്‍ കഥാസന്ദര്‍ഭങ്ങള്‍ സഹിച്ചു മടുത്ത പ്രേക്ഷകരെ പിന്നെയും വെറുപ്പിക്കുവാന്‍ വേണ്ടി അവിശ്വസനീയമായ ക്ലൈമാക്സിലൂടെ ജോസ് തോമസ്‌ സിനിമ അവസാനിപ്പിച്ചു. മായമോഹിനി പോലെ ശൃംഗാരവേലനും ഒരു വലിയ വിജയമാകുമായിരിക്കാം. പക്ഷെ, പാവം പ്രേക്ഷകരോട് ജോസ് തോമസും സിബി-ഉദയന്‍ ടീമും ചെയുന്നത് ഒരു വലിയ ദ്രോഹമാണ് എന്ന് ഇവര്‍ എന്നാണു മനസ്സിലാക്കുക.


സാങ്കേതികം: ആവറേജ് 
ഷാജിയാണ് ഈ സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചത്. കളര്‍ഫുള്ളായ ദ്രിശ്യങ്ങള്‍ സിനിമയുടെ കഥയും കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും സഹായിച്ചിട്ടുണ്ട്. പാട്ടുകളുടെ ചിത്രീകരണവും, അതിനു വേണ്ടി തിരഞ്ഞെടുത്ത ലോക്കെഷനുകളും മികവു പുലര്‍ത്തി. സൗണ്ട് തോമയുടെ ചിത്രസന്നിവേശം നിര്‍വഹിച്ച ജോണ്‍കുട്ടിയാണ് ഈ സിനിമയുടെ ദ്രിശ്യങ്ങള്‍ കൂട്ടിയോജിപ്പിച്ചത്. ഷാജി പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സംയോജിപ്പിക്കുന്നതിനിടയില്‍ ജോണ്‍ കുട്ടി ഉറക്കത്തില്‍പെട്ടുപോയോ എന്ന സംശയം കണ്ടിരിക്കുന്ന പ്രേക്ഷര്‍ക്കു തോന്നിയിട്ടുണ്ടെങ്കില്‍, അവരെ തെറ്റുപറയാനകില്ല. റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് സംഗീതം നല്ക്കിയത് ബേര്‍ണി ഇഗ്നെഷ്യസ് ആണ്. നാല് പാട്ടുകളുള്ള ഈ സിനിമയില്‍ ഒരൊറ്റ പാട്ട് പോലും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നില്ല. ഗിരീഷ്‌ മേനോന്റെ കലാസംവിധാനവും, സുദേവവന്റെ മേക്കപ്പും, എസ്.ബി. സതീശന്റെ വസ്ത്രാലങ്കാരവും സിനിമയ്ക്ക് ചേരുന്ന രീതിയിലായിരുന്നു.

അഭിനയം: ആവറേജ് 
ദിലീപ്, ലാല്‍, നെടുമുടി വേണു, ജോയ് മാത്യു, കലാഭവന്‍ ഷാജോണ്‍, ബാബു നമ്പൂതിരി, ബാബുരാജ്, ഷമ്മി തിലകന്‍, ശരത് സക്സേന, ചെമ്പില്‍ അശോകന്‍, ശശി കലിങ്ക, ഗീഥാ സലാം, വേദിക, ശ്രീദേവി ഉണ്ണി, അഞ്ചു അരവിന്ദ്, അംബിക മോഹന്‍ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. ദിലീപ് തന്റെ സ്ഥിരം ശൈലയില്‍ കണ്ണനെ അവതരിപ്പിച്ചു. ലാലിന്‍റെ യേശുദാസ് എന്ന കഥാപാത്രം പലയിടങ്ങളിലും ഒരല്പം അമിതാഭിനയം കാഴ്ച്ചവെച്ചുക്കൊണ്ട് പ്രേക്ഷകരെ ചെറിയ രീതിയില്‍ ബോറടിപ്പിച്ചു. നെടുമുടി വേണു മികച്ച രീതിയില്‍ തമ്പുരാന്റെ കഥാപാത്രം അവതരിപ്പിച്ചപ്പോള്‍, ഗോപി പ്രസാദ് എന്ന അധോലോക നായകന്റെ വേഷത്തില്‍ ജോയ് മാത്യു പ്രേക്ഷകരെ വെറുപ്പിച്ചു. സിനിമയുടെ രണ്ടാം പകുതിയില്‍ എത്തിയ ബാബുരാജ് രസിപ്പിച്ചപ്പോള്‍, നേരം എന്ന സിനിമയിലെ ഊക്കന്‍ ടിന്റു എന്ന ഷമ്മി തിലകന്റെ കഥാപാത്രം പ്രേക്ഷകരെ ബോറടിപ്പിച്ചു.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ലാലിന്‍റെ കഥാപാത്രം
2. ഷാജിയുടെ ചായാഗ്രഹണം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥയും കഥാസന്ദര്‍ഭങ്ങളും
2. ജോസ് തോമസിന്റെ സംവിധാനം
3. ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍
4. സിനിമയുടെ ദൈര്‍ഘ്യം
5. ക്ലൈമാക്സ് സംഘട്ടനം
6. പാട്ടുകള്‍

ശൃംഗാരവേലന്‍ റിവ്യൂ: ലോജിക്കില്ലാത്ത കഥാസന്ദര്‍ഭങ്ങളും, പരിതാപകരമായ സംവിധാന രീതിയും, രണ്ടേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യവും, ദ്വയാര്‍ത്ഥ പ്രയോഗങ്ങളും, അവിശ്വസനീയമായ ക്ലൈമാക്സും ചേര്‍ന്നതാണ് ശൃംഗാരവേലന്‍.

ശൃംഗാരവേലന്‍ റേറ്റിംഗ്: 3.60/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 3/10[ബിലോ ആവറേജ്]
സാങ്കേതികം: 2.5/5[ആവറേജ്]
അഭിനയം: 2.5/5[ആവറേജ്]
ടോട്ടല്‍ 11/30 [3.6/10]

സംവിധാനം: ജോസ് തോമസ്‌
നിര്‍മ്മാണം: ജെയ്സണ്‍ ഇളംങ്കുളം
ബാനര്‍: ആര്‍.ജെ.ക്രിയേഷന്‍സ്
രചന: ഉദയ്കൃഷ്ണ-സിബി കെ.തോമസ്‌
ചായാഗ്രഹണം: ഷാജി
ചിത്രസന്നിവേശം: ജോണ്‍കുട്ടി
സംഗീതം: ബേര്‍ണി ഇഗ്നെഷ്യസ്
ഗാനരചന: റഫീക്ക് അഹമ്മദ്
കലാസംവിധാനം: ഗിരീഷ്‌ മേനോന്‍
മേക്കപ്പ്: സുദേവന്‍
വസ്ത്രാലങ്കാരം: എസ്.ബി.സതീശന്‍
വിതരണം: ആര്‍.ജെ. ആന്‍ഡ്‌ മഞ്ജനാഥ റിലീസ്

3 comments:

  1. Very good review . This is wht we are looking for... Real and authentic update ...
    Was not plannig to watch this movie after wht we saw in "mayamohini" ...

    As you said , we are not expecting a gigantic movie from this combination ... But looks like its a disaster ...!!

    Thanks again for your review ...

    ReplyDelete