17 Jun 2013

താങ്ക് യു - മുന്‍കാല ക്ലാസ്സിക്‌ സിനിമകളുടെ ആവര്‍ത്തനം 4.30/10

ഹിന്ദി സിനിമകളായ എ വെഡ്നെസ്ഡേയും ദോബി ഘാട്ടും, കമല്‍ഹാസനും മോഹന്‍ലാലും ഒന്നിച്ച തമിഴ് സിനിമ ഉന്നൈപ്പോല്‍ ഒരുവനും ഒക്കെ ചര്‍ച്ചചെയ്തതും മുമ്പോട്ടു വെച്ചതുമായ അതെ പ്രമേയവും കഥയുമായാണ് വി.കെ.പ്രകാശ്‌ - ജയസുര്യ ടീമിന്റെ ഏറ്റവും പുതിയ സിനിമ താങ്ക് യു എന്ന സിനിമയും പ്രേക്ഷകരോട് പറയുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്നതും, കേരളത്തിലുള്‍പ്പടെ പല സംസ്ഥാനങ്ങളെയും നടുക്കിയ ഒരു സംഭവവുമാണ് ഈ സിനിമയുടെ പ്രമേയം. ഉന്നതരുടെ ഇടപെടലുകള്‍ മൂലം കുറ്റവാളികള്‍ നിയമത്തിന്റെ അനൂകൂല്യങ്ങള്‍ അനുഭവിക്കുന്നത് കാണുകയും, ഇനിയും ഇതുപോലുള്ള കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യുമെന്ന ഭീതിയില്‍, ഒരു സാധാരണക്കാരന്‍ അയാളുടെ രീതിയില്‍ പ്രതികരിക്കുന്നതാണ് ഈ സിനിമയുടെ കഥ. അജ്ഞാതന്‍ എന്ന മാത്രം വിളിപേരുള്ള സാധാരണക്കാരന്റെ വേഷത്തിലെത്തുന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ ജയസുര്യയാണ്. 

ഒരിടവേളയ്ക്ക് ശേഷം മരിക്കാര്‍ ഫിലിംസിന്റെ ബാനറില്‍ ഷാഹുല്‍ ഹമീദ് മരിക്കാര്‍ നിര്‍മ്മിച്ചിരിക്കുന്ന താങ്ക് യുവില്‍ മൈന എന്ന തമിഴ് സിനിമയിലൂടെ സുപരിചിതനായ സേതു മലയാളത്തിലെത്തുന്നു. പോലീസ് കമ്മിഷ്ണറുടെ വേഷത്തിലാണ് സേതു അഭിനയിക്കുന്നത്. നത്തോലി ഒരു ചെറിയ മീനല്ല എന്ന സിനിമയ്ക്ക് ശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന താങ്ക് യുവിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അരുണ്‍ ലാലാണ്. തമിഴ് സിനിമയിലെ പ്രമുഖ ചായഗ്രാഹകന്‍ അരവിന്ദ് കൃഷ്ണയാണ് ഈ സിനിമയുടെ ചായാഗ്രഹണം. ബാബു രത്നമാണ് ചിത്രസന്നിവേശം. ബിജിബാലാണ് പാട്ടുകള്‍ക്ക് സംഗീതം നല്ക്കിയതും പശ്ചാത്തല സംഗീത സംവിധാനം നിര്‍വഹിച്ചതും.

കഥ, തിരക്കഥ: ബിലോ ആവറേജ്
10.30 എ.എം.ലോക്കല്‍ കോള്‍ എന്ന സിനിമയ്ക്ക് ശേഷം അരുണ്‍ ലാല്‍ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതുന്ന സിനിമയാണ് താങ്ക് യു. മുന്‍കാല ക്ലാസ്സിക് സിനിമകളില്‍ ചര്‍ച്ച ചെയ്തിട്ടുള്ളതും, കാലികപ്രസക്തിയുള്ളതുമായ ഒരു വിഷയം മലയാള ഭാഷയിലൂടെ കേരളത്തിലെ പ്രേക്ഷകരിലേക്കെത്തിക്കുവാന്‍ ശ്രമിച്ചതിനും അരുണ്‍ അഭിനന്ദനം അര്‍ഹിക്കുന്നു. പ്രേക്ഷകര്‍ ഇരുകയ്യുംനീട്ടി സ്വീകരിച്ചതും കലാമൂല്യമുള്ളതുമായ സിനിമകളായിരുന്നു വെഡ്നെസ്ഡേയും ദോബി ഘാട്ടും ഉന്നൈപ്പോല്‍ ഒരുവനുമെല്ലാം. ഈ സിനിമകളുടെ പ്രമേയം കടമെടുത്ത സ്ഥിതിയ്ക്ക്, അതെ സിനിമകളില്‍ പ്രേക്ഷകര്‍ കണ്ടിട്ടുള്ള രംഗങ്ങള്‍ അതേപടി പകര്‍ത്തിയത് അരുണ്‍ ലാലിന് ഒഴിവാക്കാമായിരുന്നു. മേല്പറഞ്ഞ സിനിമകള്‍ കണ്ടിട്ടുള്ള എതൊരു പ്രേക്ഷനും താങ്ക് യുവിലെ രംഗങ്ങള്‍ ഓരോന്നും പ്രവചിക്കാനകുന്ന രീതിയിലായിരുന്നു എഴുതിയിരിക്കുന്നത്. എന്തുകൊണ്ട് മേല്പറഞ്ഞ സിനിമകളുടെ ഔദ്യോഗിക റീമേയ്ക്ക് ആയി ഈ സിനിമയെ സമീപിച്ചില്ല എന്നത് നിര്‍മ്മതാവിനോടും സംവിധയകനോടുമുള്ള ചോദ്യമാണ്? അങ്ങനെയായിരുന്നുവെങ്കില്‍ ഇതിലും മികച്ച ഒരു സിനിമയായി താങ്ക് യുവിനെ പ്രേക്ഷകര്‍ വിലയിരിത്തുമായിരുന്നു.

സംവിധാനം: ആവറേജ്
ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ സിനിമകള്‍ക്ക്‌ ശേഷം വി.കെ.പ്രകാശും ജയസുര്യയും ഒന്നിച്ച സിനിമയായ താങ്ക് യു, ചര്‍ച്ചചെയ്യുന്ന വിഷയം കൊണ്ടൊന്നു മാത്രമാണ് ശ്രദ്ധ നേടുന്നത്. കേട്ടുപഴകിയതാണ് എങ്കിലും, ഇന്നും സമൂഹത്തില്‍ നടന്നുവരുന്ന അക്രമങ്ങള്‍ക്ക് എതിരെ വിരല്‍ചൂണ്ടുന്ന ഒരു സിനിമ എന്ന രീതിയില്‍ ഈ സിനിമ ഇനിയും ശ്രദ്ധ നേടട്ടെ എന്ന് ആശംസിക്കുന്നു. ഒരു സംവിധായകനെന്ന നിലയില്‍ വി.കെ.പി.യുടെ ശൈലിയില്‍ തന്നെയാണ് ഈ സിനിമയും അദ്ദേഹം സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ ഒന്ന് രണ്ടു സിനിമകളുടെ പ്രമേയവുമായി സാമ്യമുള്ള സ്ഥിതിയ്ക്ക്, അവതരണത്തില്‍ എങ്കിലും പുതുമ കൊണ്ടുവാരന്‍ സംവിധായകന്‍ ശ്രദ്ധിക്കേണ്ടതായിരുന്നു. ഇഴഞ്ഞു നീങ്ങുന്ന ആദ്യ പകുതിയും, ലോജിക് ഇല്ലാത്ത കഥാസന്ദര്‍ഭങ്ങളും ഈ സിനിമയെ തീര്‍ത്തും നിരാശപെടുത്തുന്നു. കുറ്റവാളിയെ ജീപ്പില്‍ നിന്നും രക്ഷപെടുത്തുന്ന രംഗങ്ങളും, മീഡിയയിലൂടെ വെളിപ്പെടുത്തുന്ന രംഗങ്ങളും പരിചയസമ്പത്തില്ലാത്ത ഒരു സംവിധായകന്‍ സംവിധാനം ചെയ്ത പോലെയാണ് അനുഭവപെട്ടത്‌. ഈ കുറവുകളൊക്കെ ഉണ്ടെകിലും, മേല്പറഞ്ഞ ക്ലാസ്സിക് സിനിമകള്‍ കണ്ടിട്ടില്ലാത്ത മലയാളികള്‍ക്ക് ഒരു നല്ല അനുഭവമായിരിക്കും ഈ സിനിമ.

സാങ്കേതികം: ആവറേജ്
സെല്‍വരാഘവന്റെ നിരവധി സിനിമകള്‍ക്ക്‌ ചായാഗ്രഹണം നിര്‍വഹിച്ച ചായഗ്രഹകനാണ് അരവിന്ദ് കൃഷ്ണ. ത്രസിപ്പിക്കുന്ന കുറെ രംഗങ്ങള്‍ ഈ സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ചുകൊണ്ട് മികച്ചൊരു തുടക്കമാണ് അരവിന്ദിന് മലയാളത്തില്‍ ലഭിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ തമിഴ് സിനിമകളുമായി താരതമ്യം ചെയ്‌താല്‍ ഈ സിനിമയുടെ ചായഗ്രഹണം മികച്ചതായില്ലയെങ്കിലും ഉദ്യോഗജനകമായ രീതിയില്‍ ചിത്രീകരിക്കുവാന്‍ അരവിന്ദിന് സാധിച്ചിട്ടുണ്ട്. ബാബു രത്നമാണ് സിനിമയുടെ രംഗങ്ങള്‍ കോര്‍ത്തിണക്കിയത്. സിനിമയുടെ ആദ്യ പകുതി ഇഴഞ്ഞു നീങ്ങുന്ന രീതിയിലാണ് എന്നത് സിനിമയുടെ ആസ്വാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്ക്കിയത് ബിജിബാലാണ്. സിനിമയുടെ വേഗത കുറയ്ക്കാതെ ഉള്പെടുത്തിയിട്ടുള്ള രണ്ടു പാട്ടുകളുണ്ട് ഈ സിനിമയില്‍. ഓരോ രംഗങ്ങള്‍ക്കും അനിയോജ്യമായ പശ്ചാത്തല സംഗീതം നല്ക്കിയതും ബിജിബാലാണ്. 

അഭിനയം: ആവറേജ് 
ജയസുര്യ, സേതു, സൈജു കുറുപ്പ്, കൈലേഷ്, ടിനി ടോം, പി.ബാലചന്ദ്രന്‍, മുകുന്ദന്‍, സുധീര്‍ കരമന, മൃദുല്‍, ഇബ്രാഹിംകുട്ടി, ഹണി റോസ്, ഐശ്വര്യ ദേവന്‍ എന്നിവരും ഒട്ടേറെ പുതുമുഖങ്ങളും ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ജയസുര്യ തനിക്കു ലഭിച്ച വേഷം മോശമാക്കാതെ അവതരിപ്പിച്ചിട്ടുണ്ട്. ചില രംഗങ്ങളില്‍ കൃത്രിമത്വം തോന്നിപ്പിക്കുമെങ്കിലും, ഈ കഥാപാത്രമായി മാറുവാന്‍ കഠിനമായ ഒരു ശ്രമം ജയസുര്യയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. മൈന എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സേതുവാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ഈ കഥാപാത്രം അവതരിപ്പിക്കുവാന്‍ സേതുവിനെ സമീപിച്ചത് എന്ന് മനസിലാകുനില്ല. ഒരു മലയാളി നടനായിരുന്നു ഈ കഥാപാത്രം അവതരിപ്പിക്കുവാന്‍ അനിയോജ്യമെന്നു തോന്നിപ്പിക്കുന്ന രീതിയിലായിരുന്ന സേതുവിന്‍റെ അഭിനയം. സേതുവിന് ശബ്ദം നല്‍കിയ സീരിയല്‍ നടന്‍ ശരണ്‍ അഭിനന്ദനം അര്‍ഹിക്കുന്നു. കൈലെഷും സൈജുവും ടിനി ടോമും മുകുന്ദനും സുധീര്‍ കരമനയുമെല്ലാം മോശമാക്കാതെ അവരവരുടെ രംഗങ്ങള്‍ അഭിനയിച്ചിട്ടുണ്ട്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1.പ്രമേയം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. അരുണ്‍ലാലിന്‍റെ തിരക്കഥ
2. സേതുവിന്റെ അഭിനയം
3. ക്ലൈമാക്സ്


താങ്ക് യു റിവ്യൂ: മുന്‍കാല ക്ലാസ്സിക് സിനിമാകളായ എ വെഡ്നെസ്ഡേയും, ആമിര്‍ ഖാന്റെ ദോബി ഘാട്ടും, കമല്‍ഹസന്‍-മോഹന്‍ലാല്‍ ടീമിന്റെ ഉന്നൈപ്പോല്‍ ഒരുവനും ഒക്കെ കാണാത്തവര്‍ക്ക് ഇഷ്ടമായേക്കാം താങ്ക് യു.

താങ്ക് യു റേറ്റിംഗ്: 4.30/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 2.5/5 [ആവറേജ്]
അഭിനയം: 2.5/5[ആവറേജ്]
ടോട്ടല്‍ 13/30 [4.3/10]

സംവിധാനം: വി.കെ.പ്രകാശ്
നിര്‍മ്മാണം: ഷാഹുല്‍ ഹമീദ് മരിക്കാര്‍
ബാനര്‍: മരിക്കാര്‍ ഫിലിംസ്
രചന: അരുണ്‍ ലാല്‍
ചായാഗ്രഹണം: അരവിന്ദ് കൃഷ്ണ
ചിത്രസന്നിവേശം: ബാബു രത്നം
പാട്ടുകള്‍: റഫീക്ക് അഹമ്മദ്
സംഗീതം:ബിജിബാല്‍
പശ്ചാത്തല സംഗീതം: ബിജിബാല്‍
കലാസംവിധാനം: സാലൂ കെ.ജോര്‍ജ്
മേക്കപ്പ്: റഷീദ് അഹമ്മദ്
വസ്ത്രാലങ്കാരം:ലിജി പ്രേമന്‍
വിതരണം: മരിക്കാര്‍ റിലീസ്

2 comments:

  1. സേതു മലയാളിയല്ലേ.. ?

    ReplyDelete
    Replies
    1. ഹലോ അനീഷ്‌,

      സേതു മലയാളി ആണോ എന്നറിയില്ല. അഭിനയം കണ്ടിട്ട് ആണെന്ന് തോനുന്നില്ല. എന്തായാലും ആ കഥാപാത്രം അവതരിപ്പിക്കുവാന്‍ അനിയോജ്യനല്ല.

      Delete