23 Jun 2013

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് - എ സോഷ്യോ ഫാമിലിയല്‍ പൊളിറ്റിക്കല്‍ ത്രില്ലര്‍! 7.10/10

ഡി.എന്‍.എ.യിലെ ജീനുകളാണ് മനുഷ്യന്റെ സ്വഭാവരൂപികരണത്തിനും സംയോജന-വിഘടന പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണത്തിനും കാരണമാകുന്നത്. അങ്ങനെ രൂപപെടുന്ന സ്വഭാവത്തിനോപ്പം, കുട്ടികാലത്തെ കാഴ്ചകളും സാമൂഹിക രാഷ്ട്രീയ ചുറ്റുപാടുകളും ചേരുമ്പോള്‍ മനുഷ്യന്റെ ചിന്തകള്‍ക്കും പ്രവര്‍ത്തികള്‍ക്കും വരുന്ന മാറ്റമാണ് ഈ സിനിമയുടെ പ്രമേയം. ഓരോ വ്യക്തികള്‍ക്കും അവരുടെതായ ശരികളും തെറ്റുകളുമുണ്ട്. ഇടതുപക്ഷ ചിന്താഗതിക്കാരനായ ചെഗുവര റോയ് എന്ന റോയ് തോമസ്‌, ഇടതുപക്ഷ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് കൈതേരി സഹദേവന്‍, ഏതു രീതിയിലും പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ജീവിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ വട്ടു ജയന്‍ എന്ന പി.കെ.ജയന്‍ എന്നീ വ്യക്തികളുടെ ശരികള്‍ തമ്മില്‍ മാറ്റുരയ്ക്കുമ്പോള്‍, മൂവരുടെയും ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് ഈ സിനിമയുടെ കഥ. ചെഗുവര റോയിയായി മുരളി ഗോപിയും, വട്ടു ജയനായി ഇന്ദ്രജിത്തും, കൈതേരി സഹദേവനായി ഹരീഷ് പേരടിയും അഭിനയിച്ചിരിക്കുന്നു. ഈ അടുത്ത കാലത്ത് എന്ന സിനിമയ്ക്ക് ശേഷം അരുണ്‍കുമാര്‍ അരവിന്ദും മുരളി ഗോപിയും ഒന്നിക്കുന്ന സിനിമയാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. സോഷ്യോ ഫാമിലിയല്‍ പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍പെടുത്താവുന്ന മലയാളത്തിലെ വിരളം സിനിമകളില്‍ ഒന്നാണ് മുരളി ഗോപിയുടെ തൂലികയില്‍ പിറന്ന ഈ സിനിമ.

രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്ത് നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചത് ഷേഹ്നദ് ജലാലാണ്. സംവിധായകന്‍ അരുണ്‍കുമാര്‍ അരവിന്ദ് തന്നെയാണ് ചിത്രസന്നിവേശം നിര്‍വഹിച്ചിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഗോപി സുന്ദറാണ്. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും, അജയന്‍ ചാളിശ്ശേരിയുടെ കലാസംവിധാനവും സിനിമയുടെ പ്രധാന സവിശേഷതകാളാകുന്നു.


കഥ,തിരക്കഥ: ഗുഡ്
അന്തരിച്ച അനശ്വര നടന്‍ ഭരത് ഗോപിയുടെ മകന്‍ മുരളി ഗോപി രചന നിര്‍വഹിക്കുന്ന മൂന്നാമത്തെ സിനിമയാണിത്. രസികനും ഈ അടുത്ത കാലത്തിനും ശേഷം മുരളി ഗോപിയുടെ മറ്റൊരു അത്യുഗ്രന്‍ തിരക്കഥയാണ് ഈ സിനിമയുടെത്. ഓരോ വ്യക്തിയുടെയും സ്വഭാവം രൂപപെടുന്നത് അയാളുടെ ജനിതകമായ കൂട്ടുകളില്‍ നിന്നും, വളര്‍ന്നു വരുന്ന പ്രായത്തില്‍ അനുഭവിച്ചറിയുന്ന സംഭവങ്ങളില്‍ നിന്നും, രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തില്‍ നിന്നുമെല്ലമാണ് എന്ന് ഈ സിനിമയിലൂടെ മുരളി ഗോപി പ്രേക്ഷകരോട് പറയുന്നത്. ഈ പ്രമേയം പ്രേക്ഷകരിലെക്കെത്തിക്കാന്‍ അനിയോജ്യമായ കഥയും കഥാസന്ദര്‍ഭങ്ങളും കഥാപാത്രരൂപികരണവും എഴുതുവാന്‍ മുരളി ഗോപിയ്ക്ക് സാധിച്ചതാണ് സിനിമയ്ക്ക് ഗുണം ചെയ്തത്. ഇടതുപക്ഷ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുമായി രണ്ടു കഥാപാത്രങ്ങള്‍ക്ക് സാമ്യമുണ്ടെങ്കിലും, അവയൊന്നും നേതാക്കളെ അവഹേളിക്കനുല്ലതല്ല, മറിച്ച് കഥയ്ക്ക്‌ കൂടുതല്‍ വിശ്വാസ്യത തോന്നിപ്പിക്കുവാന്‍ വേണ്ടിയാണ് എന്നത് വ്യക്തം. സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും വിശ്വസനീയമായി അനുഭവപെടുകയും, പ്രേക്ഷകരെ പിടിചിരുത്തുവാന്‍ കഴിവുള്ളവയുമായിരുന്നു. അതുപോലെ, ഈ സിനിമയ്ക്ക് വേണ്ടി മുരളി ഗോപി എഴുതിയ സംഭാഷണങ്ങളെല്ലാം പ്രേക്ഷകര്‍ കയ്യടിയോടെയാണ് സ്വീകരിക്കുന്നത്. മലയാള സിനിമയില്‍ അടുത്തകാലത്തൊന്നും ഇത്രയും മികച്ച കഥാപാത്ര സൃഷ്ടി ഉണ്ടായിട്ടില്ല. ചെഗുവര റോയിയും, കൈതേരി സഹദേവനും, വട്ടു ജയനും എല്ലാം മുരളി ഗോപിയ്ക്കും ഹരീഷ് പരേടിയ്ക്കും ഇന്ദ്രജിത്തിനും ഒക്കെ ലഭിച്ച മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. ഇതുപോലുള്ള മികച്ച സൃഷ്ടികള്‍ മുരളി ഗോപിയ്ക്ക് ഇനിയും എഴുതുവാന്‍ സാധിക്കട്ടെ.

സംവിധാനം:ഗുഡ്
പ്രിയദര്‍ശന്‍ സിനിമകളുടെ ചിത്രസന്നിവേശകനായി സിനിമയിലെത്തിയ സംവിധായകന്‍ അരുണ്‍കുമാര്‍ അരവിവിന്ദിന്റെ മൂന്നാമത്തെ സംവിധാന സംരംഭമാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. ആദ്യ രണ്ടു സിനിമകളായ കോക്ക്ടെയിലും ഈ അടുത്ത കാലത്തും പ്രേക്ഷക ശ്രദ്ധ നേടിയ സസ്പെന്‍സ് ത്രില്ലറുകളായിരുന്നു. അതെ ശ്രേണിയിലേക്ക് രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് മനുഷ്യരുടെ കാഴ്ചപ്പാടുകള്‍ സംവാധിക്കുന്ന മറ്റൊരു മികച്ച ത്രില്ലര്‍ ഒരുക്കുവാന്‍ സംവിധായകന് സാധിച്ചു. മുരളി ഗോപി എഴുതിയ കഥയ്ക്കും കഥാസന്ദര്‍ഭങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും അനിയോജ്യമായ രംഗങ്ങള്‍ ചിത്രീകരിക്കുകയും, മികച്ച നടീനടന്മാരെ അഭിനയിപ്പികുകയും, സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ കഴിവുള്ളവരെ ഈ സിനിമയ്ക്ക് വേണ്ടി ഉപയോഗിക്കുകയും ചെയ്തതാണ് സിനിമയ്ക്ക് ഗുണം ചെയ്തത്. സിനിമയുടെ രണ്ടാം പകുതിയില്‍ഒരല്പം ഇഴച്ചില്‍ അനുഭവപെട്ടു എന്നല്ലാതെ യാതൊരു കുറവും സിനിമയ്ക്കില്ല. മലയാള സിനിമയ്ക്ക് കരുത്തുറ്റ ഒരു നടനെയും നടിയും അരുണ്‍കുമാര്‍ സംഭാവന നല്ക്കിയിരിക്കുന്നു. അവരാണ് യഥാക്രമം ഹരീഷ് പരേടിയും സേതുലക്ഷ്മിയും. മലയാള സിനിമയ്ക്ക് എക്കാലവും ഓര്‍മ്മയില്‍ സൂക്ഷിക്കാനൊരു സോഷ്യോ ഫാമിലിയല്‍ പൊളിറ്റിക്കല്‍ ത്രില്ലര്‍ സംവിധാനം ചെയ്തതില്‍ അരുണ്‍കുമാര്‍ അരവിന്ദിന് അഭിമാനിക്കാം.

സാങ്കേതികം: ഗുഡ്
ഈ അടുത്ത കാലത്ത്, ട്രാഫിക്കിന്റെ തമിഴ് പതിപ്പ് ചെന്നൈയില്‍ ഒരു നാള്‍ എന്നീ സിനിമകള്‍ക്ക്‌ ശേഷം ഷെഹ്നാദ് ജലാല്‍ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ഈ സിനിമയില്‍ മൂന്ന് കാലഘട്ടങ്ങള്‍ വരുന്ന രംഗങ്ങളുണ്ട്. 1969 കാലഘട്ടം ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് രംഗങ്ങളായും, 1976 കാലഘട്ടത്തിനു അതനുസരിച്ചുള്ള കളര്‍ടോണ്‍ നല്‍കുകയും, ഈ കാലഘട്ടത്തിനു കഥയ്ക്ക്‌ അനുസരിച്ചുള്ള ദ്രിശ്യഭംഗി നല്‍കുകയും ചെയ്ത ഷെഹ്നാദിനു അഭിനന്ദനങ്ങള്‍. സംവിധായകന്‍ അരുണ്‍കുമാര്‍ അരവിന്ദിന്റെ സന്നിവേശം പുതുമ നല്ക്കുന്നവയും ത്രില്ലടിപ്പിക്കുന്നവയുമായിരുന്നു. രണ്ടാം പകുതിയില്‍ ഒരല്പം ഇഴച്ചില്‍ അനുഭവപെട്ടു എന്നല്ലാതെ മറ്റൊരു കുറവുമില്ലായിരുന്നു. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം നല്‍ക്കിയ മൂന്ന് പാട്ടുകളും മോശമായില്ല. ഓരോ രംഗങ്ങള്‍ക്കും അത്യുഗ്രന്‍ പശ്ചാത്തല സംഗീതമാണ് ഗോപി സുന്ദര്‍ നല്‍കിയിരിക്കുന്നത് എന്നത് ഈ സിനിമയുടെ മറ്റൊരു സവിശേഷതയാകുന്നു. അജയന്റെ കലാസംവിധാനവും മികവു പുലര്‍ത്തിയ മറ്റൊരു സാങ്കേതികവശം. എസ്.ബി.സതീശന്റെ വസ്ത്രാലങ്കാരവും റഹിം നിര്‍വഹിച്ച മേക്കപും ത്യാഗരാജന്റെ സംഘട്ടന രംഗങ്ങളും സിനിമയ്ക്കുതകുന്നവായാണ്. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!

അഭിനയം: വെരി ഗുഡ്
നാളിതുവരെ ലഭിച്ച ഓരോ കഥാപാത്രങ്ങളെയും നൂറു ശതമാനം ആത്മാര്‍ത്ഥയോടെ അവതരിപ്പിച്ച മുരളി ഗോപി, അത്യുഗ്രന്‍ അഭിനയം കാഴ്ചവെച്ചുകൊണ്ട് നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിലെത്തിയ ഹരീഷ് പരേടി, ചുരുങ്ങിയ കാലയളവില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ച ഇന്ദ്രജിത്ത്, നാടകാചാര്യന്‍ എന്‍.എന്‍.പിള്ളയുടെ അഭിനയ മികവു തനിക്കും ലഭിച്ചിട്ടുണ്ട് എന്ന തെളിയിക്കുന്ന രീതിയിലുള്ള പ്രകടനം നടത്തികൊണ്ടിരിക്കുന്ന വിജയരാഘവന്‍, ഇന്നത്തെ മലയാള സിനിമയിലെ ഏറ്റവും മികച്ച സ്വഭാവ നടി ലെന, ഇന്ദ്രജിത്തിന്റെ അമ്മയായി അഭിനയിച്ച പുതുമുഖം സേതുലക്ഷ്മി എന്നിവരുടെ മികവുറ്റ അഭിനയമാണ് ഈ സിനിമയുടെ ഏറ്റവും മികച്ച സവിശേഷത. ഏറെ നാളുകള്‍ക്കു ശേഷം ഒരു സിനിമയിലെ എല്ലാ അഭിനേതാക്കളും മികച്ച രീതിയില്‍ അഭിനയിച്ചിരിക്കുന്നത് ഈ സിനിമയിലാണന്നത് സംവിധായകന് അഭിമാനിക്കാവുന്ന കാര്യങ്ങളില്‍ ഒന്നാണ്. ഇവരെ കൂടാതെ രമ്യ നമ്പീശന്‍, ബൈജു, അഹമ്മദ് സിദ്ദിക്, ശ്രീജിത്ത്‌ രവി, സുധീര്‍ കരമന, ദിനേശ് നായര്‍, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, ദിനേശ് പണിക്കര്‍, ജഗദിഷ്, മാമുക്കോയ, ഇര്‍ഷാദ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, പൂജപ്പുര രാധാകൃഷ്ണന്‍, രമേശ്‌ പിഷാരടി, അനുശ്രീ, കൃഷ്ണപ്രഭ എന്നിവരും ഈ സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

സിനിമയില്‍ ഇഷ്ടപെട്ടവ:
1.പ്രമേയം
2.നടീനടന്മാരുടെ അഭിനയം
3. കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും
4.അരുണ്‍ കുമാറിന്റെ സംവിധാനം
5.പശ്ചാത്തല സംഗീതം, കലാസംവിധാനം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1.ഇഴഞ്ഞു നീങ്ങുന്ന രണ്ടാം പകുതി
2.സിനിമയുടെ ദൈര്‍ഘ്യം

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റിവ്യൂ: മാറ്റങ്ങളുടെ തുടക്കം ഓരോ മനുഷ്യന്റെയും ഡി.എന്‍.എ യുടെ പ്രവര്‍ത്തനങ്ങളാലും കുട്ടിക്കാലത്തെ അനുഭവങ്ങളാലും രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകളാലും ബന്ധപെട്ടിരിക്കുന്നു എന്ന പ്രമേയം പ്രേക്ഷകരിലേക്കിത്തിച്ച അരുണ്‍കുമാര്‍-മുരളി ഗോപി ടീമിന് അഭിനന്ദനങ്ങള്‍!

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റേറ്റിംഗ്: 7.10/10
കഥ,തിരക്കഥ: 7/10 [ഗുഡ്] 
സംവിധാനം: 7/10 [ഗുഡ്]
സാങ്കേതികം: 3.5/5 [ഗുഡ്]
അഭിനയം: 4/5 [വെരി ഗുഡ്]
ടോട്ടല്‍ 21.5/30 [7.1/10]

സംവിധാനം,ചിത്രസന്നിവേശം: അരുണ്‍കുമാര്‍ അരവിന്ദ്
കഥ, തിരക്കഥ, സംഭാഷണം: മുരളി ഗോപി
നിര്‍മ്മാണം: എം. രഞ്ജിത്ത്
ബാനര്‍: രജപുത്ര വിഷ്വല്‍ മീഡിയ
ചായാഗ്രഹണം: ഷെഹ്നാദ് ജലാല്‍
ഗാനരചന:റഫീക്ക് അഹമ്മദ്
സംഗീതം: ഗോപി സുന്ദര്‍
പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
കലാസംവിധാനം: അജയന്‍ ചാളിശ്ശേരി
വസ്ത്രാലങ്കാരം: എസ്.ബി.സതീശന്‍
മേക്കപ്പ്: റഹിം കൊടുങ്ങല്ലൂര്‍
സംഘട്ടനം: ത്യാഗരാജന്‍
വിതരണം: രജപുത്ര റിലീസ്

2 comments:

  1. ഈ സിനിമ കാണാന്‍ പറ്റാത്തതില്‍ വിഷമമുണ്ട്

    ReplyDelete
  2. Sethulakshmi puthumukham alla. http://www.thehindu.com/features/cinema/mother-of-all-roles/article4837339.ece

    ReplyDelete