25 Jun 2013

അഞ്ചു സുന്ദരികള്‍ - സേതുലക്ഷ്മി 7.50, ഇഷ 5.30, ഗൗരി 4.20, കുള്ളന്റെ ഭാര്യ 7.30, ആമി 6.50

രഞ്ജിത്തിന്റെ കേരളകഫെ, മേജര്‍ രവിയുടെ ഒരു യാത്രയില്‍ എന്നീ സിനിമകള്‍ക്ക് ശേഷം അന്തോളോജി വിഭാഗത്തില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ സിനിമയാണ് അഞ്ചു സുന്ദരികള്‍. മലയാള സിനിമയ്ക്ക് പുത്തനുണര്‍വ് നല്‍ക്കിയ സംവിധായകരാണ് അമല്‍ നീരദ്, അന്‍വര്‍ റഷീദ്, ആഷിക് അബു, സമീര്‍ താഹിര്‍ എന്നിവര്‍. അവരോടൊപ്പം ഷൈജു ഖാലിദ്‌ എന്ന ചായഗ്രഹകാനും ചേരുമ്പോള്‍ അഞ്ചു കഴിവുള്ള സംവിധയകരുണ്ടായിരിക്കുന്നു. സമീപകാലത്ത് മലയാളത്തില്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നടീനടന്മാരില്‍ അഞ്ചു പേരാണ് ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ബിജു മേനോന്‍, കാവ്യ മാധവന്‍... ഇവരില്‍ ഓരോരുത്തരും ഓരോ ലഘു സിനിമകളുടെ ഭാഗമാകുമ്പോള്‍ അവയെല്ലാം പ്രേക്ഷകര്‍ സ്വീകരിക്കുവാനുള്ള സാധ്യതകള്‍ ഏറെയാണ്‌.. അതുപോലെ പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമുള്ള വിവിധ തിരക്കഥ രചയ്താക്കള്‍, ചായഗ്രഹാകര്‍, ചിത്രസന്നിവേശകര്‍, സംഗീത സംവിധായകര്‍., അങ്ങനെ വിവിധ മേഘലയിലുള്ള കഴിവുള്ളവര്‍ ഒന്നിക്കുന്ന സിനിമയാണ് അഞ്ചു സുന്ദരികള്‍..

സുന്ദരികളായ അഞ്ചു സ്ത്രീകളെ മകളായും സുഹൃത്തായും കാമുകിയായും ഭാര്യയായും ഓരോ സിനിമകളിലൂടെ അഞ്ചു സംവിധായകര്‍ ചിത്രീകരിച്ചിരിക്കുന്നു. അഞ്ചു ലഘു സിനിമകളില്‍ ആദ്യം ഷൈജു ഖാലിദിന്റെ സേതുലക്ഷ്മിയും, രണ്ടാമാതായി സമീര്‍ താഹിറിന്റെ ഇഷയും, മൂന്നാമത് ആഷിക് അബുവിന്റെ ഗൗരിയും, നാലാമത് അമല്‍ നീരദിന്റെ കുള്ളന്റെ ഭാര്യയും, അവസാനം അന്‍വര്‍ റഷീദിന്റെ ആമിയും.

സേതുലക്ഷ്മി: 7.50/10

കഥ, തിരക്കഥ: 7/10[ഗുഡ്]
എം. മുകുന്ദന്റെ ഫോട്ടോ എന്ന ചെറുകഥയെ ആസ്പദമാക്കി ശ്യാം പുഷ്കരനും മുനീര്‍ അലിയും ചേര്‍ന്നാണ് സേതുലക്ഷ്മിയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. കാലിക പ്രസക്തിയുള്ള ശക്തമായ ഒരു പ്രമേയത്തിന്റെ പിന്‍ബലത്തോടെ എഴുതിയിരിക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ പ്രേക്ഷകരെ ഒരു നിമിഷം നൊമ്പരപെടുത്തുന്നു. 

സംവിധാനം: 8/10 [വെരി ഗുഡ്]
ചായഗ്രഹാകനായി നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഷൈജു ഖാലിദിന്റെ ആദ്യ സംവിധാന സംരംഭം ഗംഭീരമായി. ഈ പ്രമേയത്തിന് അനിയോജ്യമായ രീതിയില്‍ രംഗങ്ങള്‍ ചിത്രീകരിക്കുവാനും, അനിയോജ്യരായ കുട്ടികളെ കണ്ടെത്തുവാനും അവരെ അഭിനയിപ്പിക്കുവാനും, കഥ പറയുന്നതിനായി കണ്ടെത്തിയ ലോക്കേഷനും സിനിമയ്ക്ക് ഗുണം ചെയ്തു. ഈ ലഘു സിനിമകളിലെ ഏതു സിനിമ മറന്നാലും ഒരു പ്രേക്ഷകനും സേതുലക്ഷ്മിയെ മറക്കില്ല. 

സാങ്കേതികം: 3.5/5[ഗുഡ്]
ആല്‍ബിയാണ് ഈ സിനിമയ്ക്ക് വേണ്ടി ദ്രിശ്യങ്ങള്‍ പകര്‍ത്തിയത്. സംവിധായകന്റെ മനസ്സിലുള്ള ഓരോ ഫ്രെയുമുകളും ദ്രിശ്യഭംഗി കൈവിടാതെ വിശ്വസനീയതയോടെ ചിത്രീകരിക്കുവാന്‍ ആല്‍ബിയ്ക്ക് സാധിച്ചു.

അഭിനയം: 4/5[വെരി ഗുഡ്]
സേതുലക്ഷ്മിയായി അവിസ്മരണീയമായ അഭിനയമാണ് ബേബി അനഘ കാഴ്ചവെച്ചിരിക്കുന്നത്. അനഘയോടൊപ്പം മാസ്റ്റര്‍ ചേതനും മികച്ച അഭിനയം കാഴ്ച്ചവെചിരിക്കുന്നു. ആരണ്യകാണ്ഡം എന്ന തമിഴ് സിനിമയിലൂടെ പ്രശസ്തനായ ഗുരു സോമസുന്ദരം ഫോട്ടോഗ്രാഫറുടെ വേഷത്തില്‍ മികച്ച രീതിയില്‍ അഭിനയിച്ചിട്ടുണ്ട്.


സിനിമയില്‍ ഇഷ്ടപെട്ടവ:
1.പ്രമേയം, കഥ
2.കഥാസന്ദര്‍ഭങ്ങള്‍, സംഭാഷണങ്ങള്‍
3.ചായാഗ്രഹണം, സംവിധാനം
4.ബേബി അനഘ, മാസ്റ്റര്‍ ചേതന്‍ എന്നിവരുടെ അഭിനയം

റിവ്യൂ: മികച്ചൊരു പ്രമേയത്തിന്റെ പിന്‍ബലത്തില്‍ നിന്നുകൊണ്ട്  രൂപപെടുത്തിയെടുത്ത കഥയും, കഥയോട് നീതിപുലര്‍ത്തുന്ന കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും, കുട്ടികളുടെ അഭിനയവും, മനോഹരമായ ഫ്രെയിമുകളും, മികച്ച സംവിധാനവും, നൊമ്പരപെടുത്തുന്ന ക്ലൈമാക്സും എല്ലാം ഒത്തുചേര്‍ന്ന മികച്ച ലഘു സിനിമയാണ് സേതുലക്ഷ്മി.

സംവിധാനം: ഷൈജു ഖാലിദ്‌
കഥ: എം.മുകുന്ദന്‍
തിരക്കഥ, സംഭാഷണങ്ങള്‍: ശ്യാം പുഷ്ക്കരന്‍, മുനീര്‍ അലി
ചായാഗ്രഹണം: ആല്‍ബി
ചിത്രസന്നിവേശം: വിവേക് ഹര്‍ഷന്‍
സംഗീതം: യക്സാന്‍ ഗാരി പെരേര

ഇഷ - 5.30/10

കഥ, തിരക്കഥ: 5/10 [ആവറേജ്]
നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്‍ നിദ്രയ്ക്കു ശേഷം എഴുതുന്ന തിരക്കഥയാണ് ഇഷ. ഒരു ന്യൂ ഇയര്‍ രാവില്‍ പ്രത്യേക സാഹചര്യത്തില്‍വെച്ച് അജ്ഞാതരായ രണ്ടുപേര്‍ പരിചയപെടുന്നതും, അവര്‍ തമ്മില്‍ ഒരു സൗഹൃദം ഉടലെടുക്കുന്നതും, അവസാനം ഒരു ചെറിയ സസ്പെന്‍സോടെ കഥ അവസാനിക്കുകയും ചെയുന്നു. അവസാന രംഗത്തിലെ സസ്പെന്‍സ് ഒഴികെ പ്രേക്ഷകരെ പിടിചിരുത്തുവാന്‍ ഈ ലഘു സിനിമയുടെ കഥാസന്ദര്‍ഭങ്ങള്‍ക്കായിട്ടില്ല. ഇതിലും മികച്ചൊരു കഥയും കഥാസന്ദര്‍ഭങ്ങളും സിദ്ധാര്‍ഥില്‍ നിന്നും പ്രതീക്ഷിച്ചിരുന്നു.

സംവിധാനം: 5/10 [ആവറേജ്]
ചാപ്പ കുരിശിനു ശേഷം സമീര്‍ താഹിര്‍ സംവിധാനം ചെയുന്ന സിനിമയാണ് ഇഷ. ഇഷയിലൂടെ ഹിന്ദി സിനിമ നടി ഇഷ ഷെര്‍വാണി മലയാളത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഒരു പക്കാ ന്യൂ ജനറേഷന്‍ സിനിമ എന്ന് വിളിക്കാവുന്ന ഒന്നാണ് ഈ സിനിമ. വേഗത കൈവിടാതെ ചടുലമായ ദ്രിശ്യങ്ങളിലൂടെ കളര്‍ഫുള്‍ വിഷ്വല്‍സിലൂട കഥ പറയുവാന്‍ സമീര്‍ താഹിര്‍ ശ്രമിച്ചിട്ടുണ്ട്. എന്നാലും കുറെക്കൂടെ കെട്ടുറപ്പുള്ള ഒരു വിഷയം ഈ സിനിമയ്ക്ക് വേണ്ടി തിരഞ്ഞെടുക്കാമായിരുന്നു. സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി ഒഴികെ മറ്റൊരു ആകര്‍ഷണവും സിനിമയ്ക്കില്ല. 

സാങ്കേതികം: 3.5/5 [ഗുഡ്]
ഈ സിനിമയ്ക്ക്  വേണ്ടി ക്യാമറ ചലിപ്പിച്ചത് ഷൈജു ഖാലിദ് ആണ്. മികച്ച വിഷ്വല്‍സും കളര്‍ഫുള്‍ രംഗങ്ങളും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. വേഗത നഷ്ടപെടാത്ത സന്നിവേശവും മോശമായില്ല. പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതവും മികവു പുലര്‍ത്തി.

അഭിനയം: 2.5/5 [ആവറേജ്]
ഹിന്ദി സിനിമയിലൂടെ പ്രശസ്തി നേടിയ ഇഷ ഷേര്‍വാണിയാണ് ഈ സിനിമയിലെ ഇഷ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. മലയാളം അറിയാത്ത ഒരാളായത് കൊണ്ട് ഉച്ചാരണത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, ഇഷയായിയുള്ള അഭിനയം മോശമായില്ല. നിവിന്‍ പോളി നായകനായ ഈ ലഘു സിനിമയില്‍ നിവിന്റെ തന്നെ ശൈലിയില്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചു. ഇവരെ കൂടാതെ മലയാളികള്‍ അല്ലാത്ത മറ്റു മൂന്ന് കഥാപാത്രങ്ങളും സിനിമയിലുണ്ടായിരുന്നു.
 
സിനിമയില്‍ ഇഷ്ടപെട്ടവ:
1. ക്ലൈമാക്സ്
2. ചായാഗ്രഹണം, കലാസംവിധാനം
3. സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. തിരക്കഥ, സംഭാഷണങ്ങള്‍
2. ഇഷ ഷേര്‍വാണിയുടെ അഭിനയം

റിവ്യൂ: ക്ലൈമാക്സ്  രംഗത്തിലെ ചെറിയൊരു സസ്പെന്‍സും, ആ സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതിയുമൊക്കെ പുതുമ നല്‍കുന്നുണ്ടെങ്കിലും, കഥാസന്ദര്‍ഭങ്ങളും കഥാപാത്രരൂപികരണവും, ഇഷ ഷേര്‍വാണിയുടെ അഭിനയവും നിരാശപെടുത്തി.

സംവിധാനം: സമീര്‍ താഹിര്‍
കഥ, തിരക്കഥ, സംഭാഷണങ്ങള്‍: സിദ്ധാര്‍ഥ് ഭരതന്‍
ചായാഗ്രഹണം: ഷൈജു ഖാലിദ്
ചിത്രസന്നിവേശം: വിവേക് ഹര്‍ഷന്‍
സംഗീതം: പ്രശാന്ത്‌ പിള്ള

ഗൗരി - 4.20/10

കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
അമല്‍ നീരദിന്റെ കഥയ്ക്ക്‌, തിരക്കഥയും സംഭാഷണങ്ങളും എഴുതിയത് അഭിലാഷ് കുമാറാണ്. ലോജിക്കില്ലാത്ത ഒരു കഥയും ബോറടിപ്പിക്കുന്ന കഥാസന്ദര്‍ഭങ്ങളും എന്തിനോ വേണ്ടി ജീവിക്കുന്ന കുറെ കഥാപാത്രങ്ങളും എന്നല്ലാതെ മറ്റൊന്നും ഈ ലഘു സിനിമയുടെ കഥയ്ക്ക്‌ പിന്നില്‍ സംഭവിച്ചിട്ടില്ല.

സംവിധാനം: 3/10 [ബിലോ ആവറേജ്]
രാം ഗോപാല്‍ വര്‍മ്മ സിനിമകളെ ഓര്‍മ്മിപ്പിക്കും പോലെ ഏതോ കുറെ കഥാസന്ദര്‍ഭങ്ങള്‍ സാങ്കേതിക തികവോടെ ചിത്രീകരിച്ചു എന്നല്ലാതെ, പൂര്‍ണമായും കഥയും കഥാസന്ദര്‍ഭങ്ങളെയും കഥാപാത്രങ്ങളെയും ഉള്‍ക്കൊണ്ടിട്ടാണോ ആഷിക് അബു ഈ സിനിമ സംവിധാനം ചെയ്തത് എന്ന സംശയം പ്രേക്ഷകന് തോന്നുന്നതില്‍ തെറ്റില്ല. ആഷിക് അബുവില്‍ നിന്നും ഒരു മികച്ച സിനിമ പ്രതീക്ഷിച്ച എല്ലാവരും നിരാശരായി.

സാങ്കേതികം: 3.5/5 [ഗുഡ്]
രാജീവ് രവിയുടെ ചായാഗ്രഹണ മികവു ഒരുപാട്  സിനിമകളിലൂടെ പ്രേക്ഷകര്‍ കണ്ടറിഞ്ഞതാണ്. ആ വിശ്വാസം തെറ്റിക്കാതെ മികച്ച വിഷ്വല്‍സ് ചിത്രീകരിച്ചുകൊണ്ട് സിനിമയ്ക്ക് ഒരു ജീവന്‍ നല്‍ക്കുവാന്‍ രാജീവിനു സാധിച്ചു. 5 സുന്ദരികളിലെ മറ്റു മൂന്ന് സിനിമകളും മികച്ച രീതിയില്‍ കോര്‍ത്തിണക്കിയ വിവേക് ഹര്‍ഷന്‍ ഇഴഞ്ഞു നീങ്ങുന്ന രീതിയിലാണ് ഈ ലഘു സിനിമ സന്നിവേശം ചെയ്തിരിക്കുന്നത്. ബിജിബാലാണ് സംഗീത സംവിധാനം. 

അഭിനയം: 3/5 [എബവ് ആവറേജ്]
കാവ്യ മാധവന്‍, ബിജു മേനോന്‍, ജയസുര്യ, ടിനി ടോം, റിമി ടോമി, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. കാവ്യാ മാധവന് ലഭിച്ച മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ഈ സിനിമയിലെ ഗൗരി. ബിജു മേനോന്‍ തന്റേതായ ശൈലിയില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചു. ഷൈന്‍ ടോമും, ടിനി ടോമും, റിമി ടോമിയും മോശമാക്കിയില്ല. അവസാന രംഗത്ത് മാത്രം ജയസുര്യ പ്രത്യക്ഷപെട്ടു.

സിനിമയില്‍ ഇഷ്ടപെട്ടവ:
1.രാജീവ് രവിയുടെ ചായാഗ്രഹണം
2.കാവ്യ മാധവന്‍ 

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥ, തിരക്കഥ 
2. സംവിധാനം 

റിവ്യൂ: നല്ലൊരു കഥയോ, വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളോ, കഥ പറയുവാന്‍ ആഷിക് അബു തിരഞ്ഞെടുത്ത രീതിയോ ഒന്നും ഈ ലഘു സിനിമയ്ക്ക് ചേരുന്ന രീതിയിലല്ല. 

സംവിധാനം: ആഷിക് അബു
കഥ: അമല്‍ നീരദ്
തിരക്കഥ, സംഭാഷണങ്ങള്‍: അഭിലാഷ് കുമാര്‍
ചായാഗ്രഹണം: രാജീവ്‌ രവി
ചിത്രസന്നിവേശം: വിവേക് ഹര്‍ഷന്‍
സംഗീതം: ബിജിബാല്‍

കുള്ളന്റെ ഭാര്യ - 7.30/10

കഥ, തിരക്കഥ: 7/10[ഗുഡ്] 
ഒരു ചൈനീസ് സിനിമയുടെ കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടിട്ടാണ് ഉണ്ണി.ആര്‍ കുള്ളന്റെ ഭാര്യ എന്ന ഈ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്. ഒരു വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ ഒരുകൂട്ടം മനുഷ്യരുടെ പ്രവര്‍ത്തികളും, അവര്‍ ചെയുന്ന ശരികളും തെറ്റുകളും, അവര്‍ എങ്ങനെ സമൂഹത്തെ നോക്കിക്കാണുന്നു എന്നുമെല്ലാം ഈ ലഘു സിനിമയിലൂടെ ചര്‍ച്ചചെയുന്നത്. കുള്ളനായ ഭര്‍ത്താവിനെയും അയാളുടെ പോക്കക്കാരിയായ ഭാര്യയേയും അവരുടെ അയല്‍വാസികള്‍ എങ്ങനെ നോക്കിക്കാണുന്നു എന്ന് ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ ഉണ്ണി ആര്‍. തിരക്കഥയില്‍ ഉള്‍പെടുത്തിയിരിക്കുന്നു.

സംവിധാനം: 8/10 [വെരി ഗുഡ്]
അമല്‍ നീരദിന്റെ നാളിതുവരെയുള്ള ഏറ്റവും മികച്ച സിനിമയാണ്  കുള്ളന്റെ ഭാര്യ. മികച്ചൊരു പ്രമേയം പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാകുന്ന രീതിയില്‍ ഒരാളുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിച്ചു വിജയിപ്പിചിട്ടുണ്ടെങ്കില്‍, അത് അമല്‍ നീരദ് എന്ന സംവിധായകന്റെ കഴിവ് തന്നെ. അഭിനന്ദനങ്ങള്‍!

സാങ്കേതികം: 3.5/5 [ഗുഡ്]
എല്ലാ അമല്‍ നീരദ് സിനിമയിലെന്ന പോലെ ഈ ലഘു സിനിമയിലും മഴത്തുള്ളികള്‍ വീഴവെ നായകനും നായികയും കുടയില്‍ മഴയത് നടക്കുന്ന രംഗങ്ങളുണ്ട്. അതിമനോഹരം എന്നല്ലാതെ മറ്റൊന്നും ആ രംഗങ്ങളെ വിശേഷിപ്പിക്കാനില്ല. രണദീവിന്റെ ചായാഗ്രഹണവും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും മികച്ച നിന്ന ഒരു സിനിമയാണിത്. നായക കഥാപാത്രത്തെ കാഴ്ചപാടിലൂടെ സഞ്ചരിക്കുന്ന കഥയ്ക്ക്‌ നൂറു ശതമാനം നീതിപുലര്‍ത്തുന്നതായിരുന്നു ഈ സിനിമയിലെ എല്ലാ സാങ്കേതിക പ്രവര്‍ത്തകരുടെയും സംഭാവന.

അഭിനയം: 3.5/5 [ഗുഡ്]
ദുല്‍ഖര്‍ സല്‍മാന്റെ അഭിനയവും സംഭാഷണ രീതിയുമാണ് ഈ സിനിമയുടെ വിജയത്തിന് ഒരു കാരണം. ദുല്‍ഖര്‍ സല്‍മാനെ കൂടാതെ പുതുമുഖം ജിനു ബെന്‍, റീനു മാത്യൂസ്‌, മുത്തുമണി, ഷേര്‍ളി സോമസുന്ദരം എന്നിവരും കുറെ പുതുമുഖങ്ങളും ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നു.

സിനിമയില്‍ ഇഷ്ടപെട്ടവ:
1.പ്രമേയം, കഥ
2.തിരക്കഥയും സംഭാഷണങ്ങളും 
3.സംവിധാനം
4.ചായാഗ്രഹണം 
5.പശ്ചാത്തല സംഗീതം
6.നടീനടന്മാരുടെ അഭിനയം
 
റിവ്യൂ: ഉണ്ണി ആര്‍. എഴുതിയ കഥയോടും കഥാസന്ദര്‍ഭങ്ങളോടും സംഭാഷണങ്ങളോടും നൂറു ശതമാനം നീതി പുലര്‍ത്തുന്ന രീതിയില്‍, മികച്ച സാങ്കേതിക പ്രവര്‍ത്തകരെയും അഭിനേതാക്കളെയും വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞ് എന്നതാണ് അമല്‍ നീരദിന്റെ ഈ വിജയത്തിന് കാരണമായത്‌.

സംവിധാനം: അമല്‍ നീരദ്
കഥ, തിരക്കഥ, സംഭാഷണങ്ങള്‍: ഉണ്ണി ആര്‍.
ചായാഗ്രഹണം: രണദീവ്
ചിത്രസന്നിവേശം: വിവേക് ഹര്‍ഷന്‍ 
സംഗീതം: ഗോപി സുന്ദര്‍  

ആമി - 6.50/10  

കഥ, തിരക്കഥ: 6/10 [എബവ് ആവറേജ്] 
പുതുമുഖം ഹാഷിര്‍ മുഹമ്മദ്‌ ആദ്യമായി കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയ സിനിമയാണ് ആമി. ബിസിനെസ്സ് ആവശ്യത്തിനായി കൊച്ചിയിലെത്തുന്ന അജ്മലിന്റെ ജീവിതത്തിലെ ഒരു രാത്രിയില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ലഘു സിനിമയുടെ കഥ. അജ്മലിന്റെ ജീവിതത്തിലെ ഓരോ നിര്‍ണ്ണായക ഘട്ടങ്ങളിലും ഫോണിലൂടെ ആമി അജ്മലിനെ രക്ഷിക്കുന്നുണ്ട്. ഓരോ കടങ്കഥയുടെ രൂപത്തിലൂടെ അവളുടെ സ്നേഹം അജ്മലിനു അവള്‍ മനസ്സിലാക്കികൊടുക്കുന്നു.

സംവിധാനം: 7/10 [ഗുഡ്] 
കേരള കഫേയിലെ ബ്രിഡ്ജ് എന്ന ലഘു സിനിമയിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച അന്‍വര്‍ റഷീദ്  ഇത്തവണേ ത്രില്ലര്‍ മൂഡിലുള്ള ഒരു സിനിമയാണ് പ്രേക്ഷകര്‍ക്ക്‌ സമ്മാനിച്ചിരിക്കുന്നത്. രസകരമായ കഥാസന്ദര്‍ഭങ്ങളിലൂടെ മികച്ച ചായാഗ്രഹണ മികവോടെ ഫഹദ് ഫാസിലിന്റെ അഭിനയ മികവിലൂടെ നല്ലൊരു ത്രില്ലര്‍ സംവിധാനം ചെയ്യുവാന്‍ അന്‍വര്‍ റഷീദിനും സാധിച്ചു.

സാങ്കേതികം: 3.5/5 [ഗുഡ്] 
അമല്‍ നീരദിന്റെ ചായാഗ്രഹണം ഈ ലഘു സിനിമയുടെ പ്രധാന സവിശേഷതകളില്‍ ഒന്നാണ്. അഞ്ചു സുന്ദരികളിലെ ഏറ്റവും മികച്ച വിഷ്വല്‍സ് ഈ സിനിമയിലേതാണ് എന്ന് നിസംശയം പറയുവാന്‍ സാധിക്കും. ആകാശത്തിലെ നക്ഷത്രങ്ങളെ കാണിക്കുന്ന രംഗമായാലും ഫഹദിന്റെ  നിഴല്‍ നോക്കി  നടക്കുന്ന രംഗമായാലും ഓരോന്നിനും അതിന്റെ പ്രത്യേക ഭംഗിയുണ്ടായിരുന്നു. യക്സ്സന്‍ ഗാരിയുടെ സംഗീതവും മികവു പുലര്‍ത്തി.

അഭിനയം: 3/5 [എബവ് ആവറേജ്] 
ഫഹദ് ഫാസില്‍, അസ്മിത സൂദ്, ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍, ഹണി റോസ് എന്നിവരാണ്  ഈ സിനിമയിലെ പ്രധാന അഭിനേതാക്കള്‍. നായക കഥാപാത്രത്തെ അവതരിപ്പിച്ച ഫഹദിന്റെ അഭിനയം സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ഈ കഥാപാത്രം അഭിനയിക്കാന്‍ ഏറ്റവും അനിയോജ്യനായ നടന്‍ ഫഹദ് തന്നെ എന്ന് അദ്ദേഹം തെളിയിക്കുന്ന പ്രകടനമാണ് ഈ സിനിമയിലെത്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1.ഫഹദ് ഫാസിലിന്റെ അഭിനയം
2.അന്‍വര്‍ റഷീദിന്റെ സംവിധാനം
3.അമല്‍ നീരദിന്റെ ചായാഗ്രഹണം
4.ക്ലൈമാക്സ് 

സിനിമയില്‍ ഇഷ്ടപെടാത്തവ:  
1.മൂല കഥ

റിവ്യൂ: ഏവരെയും ത്രില്ലടിപ്പിക്കുന്ന ഒരു കഥ വ്യതസ്ത രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച അന്‍വര്‍ റഷീദും, ഏതു വേഷവും തനിക്കിണങ്ങും എന്ന് തെളിയിച്ച ഫഹദ് ഫാസിലും വിജയിച്ചിരിക്കുന്നു.

സംവിധാനം: അന്‍വര്‍ റഷീദ് 
കഥ, തിരക്കഥ, സംഭാഷണങ്ങള്‍: ഹഷര്‍ മുഹമ്മദ്‌ 
ചായാഗ്രഹണം: അമല്‍ നീരദ് 
ചിത്രസന്നിവേശം: പ്രവീണ്‍ പ്രഭാകര്‍
സംഗീതം: യക്സാന്‍ ഗാരി പെരേര 

അഞ്ചു സുന്ദരികള്‍ റിവ്യൂ: പരീക്ഷണങ്ങളുടെ പാതയിലൂടെ സഞ്ചരിച്ചു വെന്നിക്കൊടി പാറിച്ചുകൊണ്ടിരിക്കുന്ന മലയാള സിനിമയിലേക്ക്, ഒരുപറ്റം പ്രതിഭകളുടെ ഈ ചലച്ചിത്ര സംരംഭം ഇന്നും എന്നും ഓര്‍മ്മിക്കപെടും എന്നുറപ്പ്! 

നിര്‍മ്മാണം: അമല്‍ നീരദ്
ബാനര്‍: അമല്‍ നീരദ് പ്രൊഡക്ഷന്‍സ്
ഗാനരചന: കാവാലം നാരായണപണിക്കര്‍, റഫീക്ക് അഹമ്മദ്, സുനില്‍ രാജ് സത്യാ
കലാസംവിധാനം: ജൊസഫ് നെല്ലിക്കല്‍, പ്രശാന്ത്‌ മാധവ്, ഗോകുല്‍ദാസ്
മേക്കപ്പ്: മനോജ്‌ അങ്കമാലി
വസ്ത്രാലങ്കാരം: സമീറ സനീഷ്, പ്രവീണ്‍ വര്‍മ്മ 
ശബ്ദമിശ്രണം: തപസ് നായക് 
തല്‍സമയ ശബ്ദ ലേഖനം: എസ്. രാധാകൃഷ്ണന്‍ 
വിതരണം: എ.എന്‍.പി. റിലീസ് ത്രൂ ഓഗസ്റ്റ് സിനിമ 

6 comments:

 1. അന്നയും റസൂലിന്റെയും ക്യാമറ ചെയ്തിരിക്കുന്നത് രാജീവ് രവി അല്ല, മധു നീലകണ്ഠന്‍ ആണ്

  ReplyDelete
  Replies
  1. തെറ്റ് ചൂണ്ടിക്കാട്ടിയതിനു നന്ദി! മേല്പറഞ്ഞ തെറ്റ് തിരുത്തിയിട്ടുണ്ട്. തുടര്‍ന്നും നിരൂപണം വായിക്കുക, അഭിപ്രായങ്ങള്‍ എഴുതുക.

   Delete
 2. വിശദമായ റിവ്യൂ നന്നായിട്ടുണ്ട്!!!

  ReplyDelete
 3. ഗൗരി എന്ന സിനിമയിൽ കഥ എങ്ങിനെ അവസാനിപ്പിക്കണം എന്നത് കഥാകൃത്തിനോ സംവിധായകനോ അറിയാതെ പോയി എന്ന് തോന്നി. ഒരു ദുരന്തത്തെ ആദ്യമാദ്യം ഒരു തമാശ മാത്രമായി കാണുകയും സമയം നീങ്ങവേ അത് ആകാംക്ഷയിലേക്കും ഉത്കണ്ഠയിലേക്കും ഡിപ്രഷനിലേക്കും ഒക്കെ മാറുന്ന ഒരു തീം, സത്യത്തിൽ ഏറെ സാധ്യതയുള്ള ഒന്നായി തോന്നി. പക്ഷെ അത് ഒരുക്കിയ രീതി അത്ര നന്നായില്ല എന്നാണ് ആ സിനിമയുടെ പരാജയം.

  ReplyDelete
 4. ഈ സിനിമാ റിവ്യൂവിനോട് സിനിമ കണ്ട ഒരാൾ എന്ന നിലയ്ക്ക് യോജിക്കുന്നു.

  ReplyDelete
 5. ettavum mikacha movie......kullantay barya

  ReplyDelete