21 Dec 2012

ഐ ലൗ മി - പ്രേക്ഷകരെ ആസ്വദിപ്പിക്കാത്ത ത്രസിപ്പിക്കാത്ത, എന്നാല്‍ ഒരു പ്രാവശ്യം കണ്ടിരിക്കാവുന്ന സിനിമ 4.00/10


വൈശാഖ സിനിമാസിന് വേണ്ടി വൈശാഖ് രാജന്‍ നിര്‍മ്മിച്ച്‌, സച്ചി-സേതു ടീമിലെ സേതു സ്വന്തത്രമായി തിരക്കഥ എഴുതി, ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയാണ് ലൗ മി. കൊച്ചിയിലും, ബാങ്കോകിലും വിയറ്റ്നാമിലുമായി ചിത്രീകരിച്ച ഐ ലൗ മിയില്‍ അനൂപ്‌ മേനോന്‍, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, ഇഷ തല്‍വാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ റാം മോഹന്‍, പ്രേം, സാവി, സമാന്ത എന്നിവരെ അവതരിപ്പിക്കുന്നു. ബാങ്കോക്ക്‌ നഗരത്തിലെ കോടീശ്വരന്മാരില്‍ ഒരാളായ റാം മോഹന്‍ ചില പ്രത്യേക ലക്ഷ്യങ്ങള്‍ക്കായി സാവിയിയെയും പ്രേമിനെയും സമാന്തയെയും ഉപയോഗിക്കുന്നു. കൊച്ചി നഗരത്തില്‍ ചെറിയ ഗുണ്ടപണികളൊക്കെ ചെയ്തു ജീവിച്ചിരുന്ന സാവിയും, സ്ഥലകച്ചവടത്തിലൂടെ തട്ടിപ്പ് കാണിച്ചു ജീവിച്ചു വന്നിരുന്ന പ്രേമും, ഗള്‍ഫില്‍ താമസിച്ചിരുന്ന സമാന്തയും, റാം മോഹന്റെ നിര്‍ദേശപ്രകാരം ബാങ്കോകിലെത്തുന്നു. അവിടെയെത്തിയ മൂവര്‍ സംഘം സൗഹൃദത്തിലാകുന്നു. അതിബുദ്ധിമാനായ റാം മോഹന്‍ മൂന്ന് പേര്‍ക്കും വളരെ നിര്‍ണ്ണായകമായ ഓരോ ജോലികള്‍ നല്‍ക്കുന്നു. തുടര്‍ന്ന് മൂവരുടെയും റാംമോഹന്റെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഐ ലൗ മിയുടെ കഥ. 

മല്ലു സിംഗിന് ശേഷം സേതു തിരക്കഥ നിര്‍വഹിക്കുന്ന ഐ ലൗ മിയുടെ പ്രമേയം പുതുമയുള്ളതാണ്. മറ്റൊരു തിരക്കഥകൃത്തിന്റെ രചനയില്‍ ആദ്യമായാണ് ബി.ഉണ്ണികൃഷ്ണന്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നത്. സതീഷ്‌ കുറുപ്പിന്റെ ചായാഗ്രഹണം, ദീപക് ദേവിന്റെ സംഗീതം, മനോജിന്റെ ചിത്രസന്നിവേശം, അന്‍പു അറിവ്-ജോളി ടീമിന്റെ സംഘട്ടന രംഗങ്ങള്‍ എന്നിവ ഈ സിനിമയുടെ പ്രധാന സവിശേഷതകളാണ്.

കഥ,തിരക്കഥ: ബിലോ ആവറേജ്
സ്വന്തത്ര തിരക്കഥ രചയ്താവയത്തിനു ശേഷം സേതു എഴുതുന്ന രണ്ടാമത്തെ സിനിമയാണ് ഐ ലൗ മി. തിരക്കഥയില്‍ പോരായ്മകള്‍ ഏറെയുണ്ടായിരുന്നുവെങ്കിലും പ്രേക്ഷകര്‍ സ്വീകരിച്ച സിനിമയായിരുന്നു മല്ലു സിംഗ്. ഒരു തിരക്കഥ രചയ്താവെന്ന നിലയില്‍ ശക്തമായൊരു തിരക്കഥ രചിക്കുന്നതില്‍ സേതു ഒരു രീതിയിലും മെച്ചപ്പെട്ടിട്ടില്ല. അവിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളും, രസിപ്പിക്കാത്ത സംഭാഷണങ്ങളും ഐ ലൗ മിയുടെ പ്രധാന പോരായ്മകളില്‍ ഒന്നാണ്. ആകാംഷയുടെ മുള്‍മുനയില്‍ പ്രേക്ഷകരെ നിര്‍ത്തുവാന്‍ ലഭിച്ച ഒട്ടുമിക്ക അവസരങ്ങളും കെട്ടുറപ്പില്ലാത്ത സന്ദര്‍ഭങ്ങളും സംഭാഷണങ്ങളും രചിച്ചുകൊണ്ട് സേതു നഷ്ടപെടുത്തി. അവിശ്വസനീയം എന്ന് തോന്നിപ്പിക്കുന്ന കഥാഗതിയും, യാതൊരു പ്രയോജനവുമില്ലാത്ത കുറെ വളിപ്പ് തമാശകളും, സസ്പെന്‍സ് തോന്നിപ്പിക്കുന്ന എന്നാല്‍ കഥയില്‍ വഴിത്തിരിവ് ഉണ്ടാക്കാത്ത രംഗങ്ങളും സിനിമയെ തളര്‍ത്തി. ഈ കുറവുകള്‍ക്കൊക്കെ ഉണ്ടെങ്കിലും, സസ്പെന്‍സും ചില ട്വിസ്റ്റുകളും പ്രേക്ഷകര്‍ക്ക്‌ ആശ്വാസം നല്‍ക്കുന്നു. സച്ചി എഴുതിയ റണ്‍ ബേബി റണ്‍, ചേട്ടായീസ് എന്നീ സിനിമകളില്‍ കണ്ട രചനയിലുള്ള കൈയ്യടക്കം സേതുവിന്റെ തിരക്കഥയില്‍ കാണുന്നില്ല.

സംവിധാനം: ബിലോ ആവറേജ്
ഗ്രാന്റ്മാസ്റ്ററിന്റെ വിജയത്തിന് ശേഷം ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയുന്ന ഐ ലൗ മി തികച്ചും പുതുമയുള്ളൊരു പ്രമേയമാണ് ചര്ച്ചചെയുന്നത്‌. ഒരു സംവിധായകന്‍ എന്ന നിലയില്‍ തിരക്കഥയിലുള്ള അപാകതകള്‍ തിരിച്ചറിഞ്ഞു തിരുത്തുവാന്‍ ഉണ്ണികൃഷ്ണന് സാധിച്ചില്ല. മുന്‍കാല ബി.ഉണ്ണികൃഷ്ണന്‍ സിനിമകളായ സ്മാര്‍ട്ട്‌ സിറ്റി, ഗ്രാന്റ്മാസ്റ്റര്‍ എന്നിവയില്‍ കണ്ട സംവിധാനത്തിലെ അച്ചടക്കം ഈ സിനിമയിലില്ല. സേതു എഴുതിയ കഥ, സാങ്കേതിക തികവോടെ സംവിധാനം ചെയ്തു എന്നല്ലാതെ ഒരു സംവിധായകന്റെ ചുമതലയില്‍ പെടുന്ന കൃത്യത ഈ സിനിമയിലില്ല. നടീനടന്മാരെ കൈകാര്യം ചെയുന്നതില്‍ പോലും സംവിധായകന്‍ പരാജയപെട്ടു. സസ്പെന്‍സ് നിലനിര്‍ത്തി ചില ഉദ്യോഗജനകമായ മുഹൂര്‍ത്തങ്ങള്‍ ഒരുക്കുന്നതില്‍ ബി.ഉണ്ണികൃഷ്ണന്‍ വിജയിച്ചുവെങ്കിലും, ഒരു മുഴുനീള സസ്പെന്‍സ് സിനിമയക്കുന്നതില്‍ സംവിധായകന്‍ പരാജയപെട്ടു. ബിജു പപ്പനു തമാശ വേഷം നല്‌ക്കിയ സംവിധായകന്‍, ബിജുവിന്റെ അഭിനയം മെച്ചപെടുത്തുന്നതില്‍ പരാജയപെട്ടു. അതുപോലെ ഉണ്ണി മുകുന്ദന്‍, ആസിഫ് അലി എന്നിവരുടെ അഭിനയത്തിന്റെ കാര്യവും തദൈവ തന്നെ. സതീഷ്‌ കുറുപ്പിന്റെ ചായഗ്രഹണവും, ദീപക് ദേവിന്റെ സംഗീതവും, മനോജിന്റെ സന്നിവേശവും, അന്‍പിന്റെ സംഘട്ടന രംഗങ്ങളും മികച്ചതായത് കൊണ്ട് കണ്ടിരിക്കാവുന്ന പരുവത്തിലുള്ള ഒരു സിനിമയായിമാറി ഐ ലൗ മി. പ്രേക്ഷകരെ രസിപ്പിക്കുവാനും ത്രസിപ്പിക്കുവാനും ലഭിച്ച നല്ലൊരു അവസരം നഷ്ടപെടുത്തിയിരിക്കുന്നു തിരക്കഥകൃത്ത് സേതുവും സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനും. 

സാങ്കേതികം: ഗുഡ്
സതീഷ്‌ കുറുപ്പിന്റെ ഉജ്വല ചായാഗ്രഹണവും, മനോജിന്റെ ചിത്രസന്നിവേശവും, ദീപക് ദേവ് ഒരുക്കിയ പാട്ടുകളും സിനിമയുടെ മാറ്റുകൂട്ടുന്നു. വിദേശ ലോക്കെഷനുകളുടെ മനോഹാരിത മുഴുവന്‍ ഒപ്പിയെടുക്കുവാന്‍ സതീഷ്‌ കുറുപ്പിന് സാധിച്ചു. ചടുലമായ ദ്രിശ്യങ്ങളും, പാട്ടുകളുടെ ചിത്രീകരണവും പ്രേക്ഷകര്‍ക്ക്‌ ആസ്വാദനം നല്‍ക്കുന്നു. സിനിമയുടെ രംഗങ്ങള്‍ വേഗതയോടെ കോര്‍ത്തിണക്കി പ്രേക്ഷകരെ കൂടുതല്‍ ബോറടിപ്പിക്കാതെ, രണ്ടു മണിക്കൂറിനുള്ളില്‍ സിനിമ അവസാനിപ്പിച്ചതും മനോജിന്റെ കഴിവ് തന്നെ. റഫീക്ക് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ദീപക് ദേവ് ഈണമിട്ട 2 പാട്ടുകളുണ്ട് ഈ സിനിമയില്‍. രണ്ടു പാട്ടുകളും കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. അന്‍പു അറിവ്-ജോളി ടീമിന്റെ സംഘട്ടന രംഗങ്ങളും മികവുറ്റതായിരുന്നു. അതുപോലെ ജോസഫ് നെല്ലികലിന്റെ കലാസംവിധാനവും, എസ്.ബി.സതീഷിന്റെ മേക്കപ്പും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്.

അഭിനയം: ആവറേജ്
റാം മോഹന്‍ എന്ന കോടീശ്വരന്റെ കഥാപാത്രം അനൂപ്‌ മേനോനില്‍ ഭദ്രം. ചില രംഗങ്ങളില്‍ മികച്ചു നിന്നെങ്കിലും, ഒരു കഥാപാത്രം അച്ചടക്കത്തോടെ അവസാനം വരെ അഭിനയിച്ചു ഫലിപ്പിക്കാന്‍ ഇനിയും ആസിഫ് അലിയ്ക്ക് കഴിഞ്ഞിട്ടില്ല. സംഘട്ടന രംഗങ്ങളില്‍ ശോഭിചെങ്കിലും, പ്രണയ രംഗങ്ങളിലോ അമ്മയോടുള്ള അടുപ്പം പ്രകടിപ്പിക്കുന്ന രംഗങ്ങളിലോ മികവു തെളിയിക്കാന്‍ ഉണ്ണി മുകുന്ദന് സാധിച്ചില്ല. മലയാള ഉച്ചാരണം തെറ്റിച്ചുകൊണ്ട് നിരശപെടുത്തുന്ന പ്രകടനമായിരുന്നു ഇഷ തല്‍വാറിന്റെത്. ആദ്യമായി തമാശ കൈകാര്യം ചെയ്ത ബിജു പപ്പനും നിരാശപെടുത്തി. ഇവരെ കൂടാതെ വിജയകുമാര്‍, ജോജോ, മജീദ്‌, രൂപ മഞ്ജരി, വനിതാ കൃഷ്ണചന്ദ്രന്‍ എന്നിവരുമുണ്ട് ഈ സിനിമയില്‍.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.സതീഷ്‌ കുറുപ്പിന്റെ ചായാഗ്രഹണം, ലോകേഷന്‍സ്
2.ദീപക് ദേവിന്റെ പാട്ടുകള്‍, പശ്ചാത്തല സംഗീതം
3.സിനിമയുടെ വേഗത
4.സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.കഥ, തിരക്കഥ, സംഭാഷണങ്ങള്‍
2.ബി.ഉണ്ണികൃഷ്ണന്റെ സംവിധാനം
3.സിനിമയുടെ ആദ്യ പകുതി
4.പ്രധാന നടീനടന്മാരുടെ അഭിനയം
5.ബിജു പപ്പന്റെ തമാശകള്‍

ലൗ മി റിവ്യൂ: അവിശ്വസനീയമായ കഥയും കെട്ടുറപ്പില്ലാത്ത തിരക്കഥയും കൃത്യതയില്ലാത്ത സംവിധാനവും നടീനടമാരുടെ ജീവനില്ലാത്ത അഭിനയവും ഐ ലൗ മി എന്ന സിനിമയുടെ മാറ്റുകുറയ്ക്കുന്നു.

ലൗ മി റേറ്റിംഗ്: 4.00 / 10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3.5/5 [ഗുഡ്]
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്‍ 12/30 [4/10]

സംവിധാനം: ബി.ഉണ്ണികൃഷ്ണന്‍
കഥ,തിരക്കഥ,സംഭാഷണം: സേതു
നിര്‍മ്മാണം: വൈശാഖ രാജന്‍
ബാനര്‍: വൈശാഖ സിനിമാസ്
ചായാഗ്രഹണം: സതീഷ്‌ കുറുപ്പ്
ചിത്രസന്നിവേശം:മനോജ്‌
ഗാനരചന: റഫീക്ക് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ഹരിനാരായണന്‍
സംഗീതം, പശ്ചാത്തല സംഗീതം: ദീപക് ദേവ്
കലാസംവിധാനം: ജോസഫ് നെല്ലിക്കല്‍
വസ്ത്രാലങ്കാരം:എസ്.ബി.സതീഷ്‌
മേക്കപ്പ്:പ്രദീപ്‌ രംഗന്‍
സംഘട്ടനം: അന്‍പു അറിവ്, ജോളി
വിതരണം: വൈശാഖ റിലീസ്

No comments:

Post a Comment