9 Dec 2012

ചാപ്‌റ്റേഴ്‌സ് - വിവിധ അദ്ധ്യായങ്ങള്‍ മികവുറ്റ അവതരണത്തിലൂടെ കോര്‍ത്തിണക്കിയ ഹൈപ്പര്‍ ലിങ്ക് സിനിമ 6.20/10

2012ലെ പരീക്ഷണ സിനിമകളുടെ ഗണത്തില്‍ ഉള്‍പെടുത്താവുന്ന പുതിയ ഒരു ഹൈപ്പര്‍ ലിങ്ക് സിനിമ കൂടി നിര്‍മ്മിക്കപെട്ടിരിക്കുന്നു - ചാപ്‌റ്റേഴ്‌സ്. നവാഗതരായ സുനില്‍ ഇബ്രാഹിം[കഥ,തിരക്കഥ,സംവിധാനം], ഷഫീര്‍ സേട്ട്[നിര്‍മ്മാണം], എം.ആര്‍.വിബിന്‍ [സംഭാഷണങ്ങള്‍,ഗാനരചന] എന്നിവരാണ് ഈ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍. മലയാള സിനിമയില്‍ ഇന്നോളം പരീക്ഷിക്കപെടാത്ത അവതരണമാണ് ഈ സിനിമയെ വ്യതസ്തമാക്കുന്നത്. നാല് അദ്ധ്യായങ്ങളിലൂടെ നാല് സ്ഥലങ്ങളില്‍ നടക്കുന്ന കുറെ സംഭവങ്ങള്‍. ആ സംഭവങ്ങളില്‍ അറിഞ്ഞോ അറിയാതയോ പെട്ടുപോകുന്ന കുറെ മനുഷ്യര്‍. മേല്പറഞ്ഞ സംഭവങ്ങള്‍ തമ്മില്‍, അതിലെ വ്യക്തികള്‍ തമ്മില്‍, അവര്‍ പോലും അറിയാതെ ഒരു ബന്ധം ഉണ്ടാകുന്നു. കഥാവസാനം, ആരും ഒന്നും തിരിച്ചറിയാതെ ആര്‍കും ദോഷകരമായി ഒന്നും സംഭവിക്കാതെ എല്ലാരും ചില നന്മകള്‍ തിരിച്ചറിയുന്നു. ഇതാണ് ഈ സിനിമയുടെ ഇതിവൃത്തം. കഥയിലും കഥാസന്ദര്‍ഭങ്ങളിലും ചെറിയ തെറ്റുകള്‍ ഉണ്ടെങ്കിലും, പ്രേക്ഷകരെ നിരാശപെടുത്താതെ മുമ്പോട്ടു നീങ്ങുന്ന സന്ദര്‍ഭങ്ങളും സംവിധാനവും ഈ സിനിമയ്ക്ക് പുതിയൊരു ഉണര്‍വ് നല്ക്കുന്നുണ്ട്. സുനില്‍ ഇബ്രാഹിമിന്റെ കഥയ്ക്ക്‌, സുനില്‍ തന്നെ തിരക്കഥ എഴുതി, എം.ആര്‍.വിബിനുമായി ചേര്‍ന്ന് സംഭാഷണങ്ങള്‍ എഴുതി, സംവിധാനം നിര്‍വഹിച്ച ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് ഷഫീര്‍ സേട്ടാണ്. കൃഷ്‌ കൈമള്‍ ചായാഗ്രഹണവും, വി.സാജന്‍ ചിത്രസന്നിവേശവും, മെജോ ജോസഫ് പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.

കൃഷ്ണകുമാര്‍, അന്‍വര്‍, ജോബി, കണ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ചുരുങ്ങിയ കാലയളവില്‍ പണം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതാണ് ഒന്നാം അദ്ധ്യയമെങ്കില്‍..., രണ്ടാം അദ്ധ്യയത്തില്‍ സേതു എന്ന വ്യക്തിയും അമ്മയുടെ പ്രായമുള്ള മറ്റൊരു സ്ത്രീയും നടത്തുന്ന ബസ്‌ യാത്രയും, അതിലൂടെ അവര്‍ മനസ്സിലാക്കുന്ന ചില കാര്യങ്ങളുമാണെങ്കില്‍..., അരുണ്‍, ചൂണ്ട, കാനു, ജിന്‍സി എന്നീ സുഹൃത്തുക്കള്‍ ചേര്‍ന്ന് അവരുടെ സുഹൃത്തുക്കളും കമിതാക്കളുമായ ശ്യാമിനെയും പ്രിയയും ഒന്നിപ്പിക്കുവാന്‍ ശ്രമിക്കുന്നതാണ് മൂന്നാം  അദ്ധ്യായത്തിലെങ്കില്‍..., സേതുവിന്റെയും ഭാര്യ ആനിയുടെയും സുഖമില്ലാതെ ആശുപത്രിയില്‍ കിടക്കുന്ന മകന്റെയും കഥയാണ് നാലാം അദ്ധ്യായത്തില്‍ പറഞ്ഞുപോകുന്നത്. മേല്പറഞ്ഞ എല്ലാ സംഭവങ്ങളുടെയും ചുരുളഴിയുന്നത് തുടര്‍ന്നുള്ള രംഗങ്ങളിലാണ്. എന്താണ് മേല്പറഞ്ഞ കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധം എന്നാണു ഈ സിനിമയുടെ സസ്പെന്‍സ്. കൃഷ്ണകുമാറായി നിവിന്‍ പോളിയും, അന്‍വര്‍ ആയി ഹേമന്ത് മേനോനും, ജോബിയായി വിജീഷും, കണ്ണനായി ധര്‍മജന്‍ ബോള്‍ഗാട്ടിയും, സേതുവായി ശ്രീനിവാസനും, അരുണായി വിനീത് കുമാറും, ചൂണ്ടയായി ഷൈനും, ശ്യാമായി രെജത് മേനോനും, കാനുവായി അജു വര്‍ഗീസും, പ്രിയയായി ഗൌതമി നായരും, ജിന്‍സിയായി റിയ സൈറയും, ആനിയായി ലെനയും അഭിനയിച്ചിരിക്കുന്നു.

കഥ,തിരക്കഥ: എബവ് ആവറേജ്
നാല് സ്ഥലങ്ങളിലായി സംഭവിക്കുന്ന നാല് വ്യതസ്ത സംഭവങ്ങള്‍. ആ സംഭവങ്ങള്‍ക്ക് കാരണക്കാരായ ആളുകള്‍ അറിയാതെ അവര്‍ തമ്മില്‍ ഒരു ബന്ധം ഉണ്ടാകുന്നു. ഇതിനു മുമ്പും മലയാള സിനിമയില്‍ ചര്‍ച്ചചെയ്യപെട്ട പ്രമേയമാണെങ്കിലും, മേല്പറഞ്ഞ പ്രമേയം പ്രേക്ഷകരിലെക്കെത്തിക്കുവാന്‍ തിരക്കഥകൃത്ത് സുനില്‍ ഇബ്രാഹിം തിരഞ്ഞെടുത്ത കഥാസന്ദര്‍ഭങ്ങള്‍ പുതുമയുള്ളതും, പ്രേക്ഷകരെ ചിന്തിപ്പിക്കുന്നതുമാണ്. വിവിധ സ്ഥലങ്ങളില്‍ സംഭവിച്ച കാര്യങ്ങള്‍ തമ്മില്‍ കഥാവസാനം വിശ്വസനീയമായ ഒരു ബന്ധം ഇല്ലായെങ്കില്‍, ആ സിനിമ ഒരു ദുരന്തമായി തീരുമായിരുന്നു. ഈ സിനിമയുടെ കാര്യത്തില്‍ സുനില്‍ ഇബ്രാഹിം വിശ്വസനീയമായ രീതിയില്‍ സിനിമയുടെ കഥാസന്ദര്‍ഭങ്ങള്‍ തമ്മില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്. ഓരോ കഥാസന്ദര്‍ഭങ്ങളെയും, ഓരോ കഥാപാത്രങ്ങളെയും വിശ്വസനീയതയോടെയാണ് ഓരോ അദ്ധ്യായങ്ങളിലായി അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്രത്യേകതയാണ് മറ്റുള്ള ഹൈപ്പര്‍ ലിങ്ക് സിനിമകളില്‍ നിന്നും ഈ സിനിമയെ വ്യതസ്തമാക്കുന്നത്. നവാഗതനായ എം.ആര്‍.വിബിന്‍ എന്നയാളുമായി ചേര്‍ന്നാണ് സുനില്‍ ഇബ്രാഹിം ഈ സിനിമയുടെ സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. സിനിമയുടെ ആദ്യ ഭാഗങ്ങളിലുള്ള സംഭാഷണങ്ങള്‍ക്ക് കൃത്രിമത്വം തോന്നിപ്പിച്ചു.നിവിന്‍ പോളി അവതരിപ്പിക്കുന്ന കൃഷ്ണകുമാര്‍ എന്ന കഥാപാത്രത്തോട് അയാളുടെ അച്ഛന്‍ സ്വന്തം മകളുടെ[കൃഷ്ണകുമാറിന്റെ അനുജത്തിയുടെ] വിവാഹ കാര്യം സംസാരിക്കുന്ന സംഭാഷണങ്ങള്‍ തന്നെ ഉദാഹരണം. സിനിമയുടെ മൂല കഥയിലും ഒട്ടനേകം തെറ്റുകുറ്റങ്ങള്‍ ഉണ്ടെങ്കിലും, പുതുമയുള്ള അവതരണം സിനിമയെ രക്ഷിച്ചു. 
 
സംവിധാനം: എബവ് ആവറേജ്
സുനില്‍ ഇബ്രാഹിമിന്റെ ആദ്യ സിനിമ സംരംഭം ഒരു വിജയചിത്രമാകുവാനുള്ള സാധ്യതയാണ് കാണുന്നത്. കാരണം, ഇന്നത്തെ തലമുറയിലെ ന്യൂ ജനറേഷന്‍ സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകരാണ് സിനിമ തിയറ്ററില്‍ പോയി കാണുന്നത്. യഥാര്‍ത്ഥ ന്യൂ ജനറേഷന്‍ സിനിമ എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയാണ് സുനില്‍ ഇബ്രാഹിമും കൂട്ടരും ഉണ്ടാക്കിയിരിക്കുന്നത്. പുതുമയുള്ള കഥയും കഥാസന്ദര്‍ഭങ്ങളും രചിച്ച സംവിധായകന്, വിശ്വസനീയതയോടെ കഥപറയുവാന്‍ സാധിച്ചുവെങ്കിലും, പ്രേക്ഷകര്‍ പ്രതീക്ഷ രീതിയില്‍ അവരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന രീതിയിലുള്ള, സസ്പെന്‍സ് നിറഞ്ഞ ത്രില്ലിംഗ് ആയ രംഗങ്ങളോ ഒരുക്കുവാന്‍ സാധിച്ചില്ല. സിനിമയുടെ ആദ്യഭാഗം ഇഴഞ്ഞു നീങ്ങുന്ന രീതിയിലാണ് മുമ്പോട്ടു പോകുന്നത്. ശ്രീനിവാസനും കെ.പി.എ.സി.ലളിതയും യാത്ര ചെയ്യുന്ന ബസ്‌ അടങ്ങുന്ന രണ്ടാം അദ്ധ്യായം അനാവശ്യമായി വലിച്ചുനീട്ടിയിരിക്കുന്നു. അതുപോലെ ആദ്യം അവതരിപ്പിച്ച അദ്ധ്യായത്തിലെ സുഹൃത്തുക്കള്‍ തമ്മിലുള്ള രംഗങ്ങളും വെട്ടിചുരുക്കമായിരുന്നു. ഈ കുറവുകളൊക്കെ ഉണ്ടെങ്കിലും, ആദ്യ സിനിമ സംരംഭം എന്ന രീതിയില്‍ സുനില്‍ ഇബ്രാഹിമിന് അഭിമാനിക്കാം. 

സാങ്കേതികം: ഗുഡ്
താരതമ്യേനെ പുതുമുഖമായ ചായഗ്രഹകാന്‍ കൃഷ്‌ കൈമളിന്റെ മികച്ച വിഷ്വല്‍സ് ഈ സിനിമയെ പുതുമ തോന്നിപ്പിക്കുന്ന രീതിയിലാക്കുന്നതില്‍ സഹായിച്ചിട്ടുണ്ട്. പുതുമയുള്ള ചിത്രസന്നിവേശത്തിലൂടെ വി.സാജനും സിനിമയുടെ മാറ്റുകൂട്ടുവാന്‍ സഹായിച്ചിട്ടുണ്ട്. റഫീക്ക് അഹമ്മദ്, എം.ആര്‍.വിബിന്‍ എന്നിവരുടെ വരികള്‍ക്ക് മെജോ ജോസഫ് ഈണമിട്ട പാട്ടുകളും വ്യതസ്തത പുലര്‍ത്തുന്നു. മെജോ തന്നെ നല്‍ക്കിയ പശ്ചാത്തല സംഗീതവും സിനിമയുടെ രംഗങ്ങള്‍ക്ക് ചേരുന്നവയാണ്‌. കലാസംവിധാനം നിര്‍വഹിച്ച ജോതിഷ് ശങ്കര്‍, രഞ്ജിത്ത് അമ്പാടിയുടെ മേക്കപ്പ്, സമീറ സനീഷ് നിര്‍വഹിച്ച വസ്ത്രാലങ്കാരം എന്നിവയും സിനിമയോട് ചേര്‍ന്നുപോകുന്നു. 

അഭിനയം: എബവ് ആവറേജ്
ശ്രീനിവാസന്‍, നിവിന്‍ പോളി, ഹേമന്ത് മേനോന്‍, രെജത് മേനോന്‍, വിജീഷ്, ധര്‍മജന്‍, അജു വര്‍ഗീസ്‌, വിനീത് കുമാര്‍, ഷൈന്‍, കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ ഹനീഫ്, സാദിക്ക്, മണികണ്ടന്‍, ശിവജി ഗുരുവായൂര്‍, ചാലി പാല, ഗൌതമി നായര്‍, റിയ സൈറ, ലെന,കെ.പി.എ.സി.ലളിത,വിനീത കൃഷ്ണചന്ദ്രന്‍ എന്നിവരാണ് അഭിനേതാക്കള്‍. ഓരോ കഥാപാത്രങ്ങള്‍ക്കും അനിയോജ്യരായ നടിനടന്മാരെയാണ് ഈ സിനിമയില്‍ അഭിനയിപ്പിചിരിക്കുന്നത്. അഭിനയ സാധ്യതകള്‍ ഏറെയൊന്നും ഇല്ലാത്ത കഥാപാത്ര രൂപികരണമാണെങ്കിലും, തികഞ്ഞ ആത്മാര്‍ഥതയോടെ ഓരോ അഭിനേതാക്കളും അവരവരുടെ രംഗങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. ചേട്ടായീസ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന സുരേഷ് കൃഷ്ണ അദേഹത്തിന്റെ ശബ്ദത്തിലൂടെ ഈ സിനിമയില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്
1.കഥ,തിരക്കഥ
2.കഥയുടെ അവതരണം
3.ചായാഗ്രഹണം, ചിത്രസന്നിവേശം
4.പശ്ചാത്തല സംഗീതം 

സിനിമയുടെ മൈനസ് പോയിന്റ്സ്
1.സിനിമയുടെ ആദ്യ ഭാഗം

ചാപ്‌റ്റേഴ്‌സ് റിവ്യൂ: സംഭവബഹുലമല്ലാത്ത ഒരു കഥയുടെ സാങ്കേതിക തികവോടുകൂടിയ വ്യതസ്തമായ അവതരണവും സുനില്‍ ഇബ്രഹിന്റെ ചാപ്‌റ്റേഴ്‌സിനെ പുതുമയുള്ള ഹൈപ്പര്‍ ലിങ്ക് സിനിമയാക്കുന്നു. 
 
ചാപ്‌റ്റേഴ്‌സ് റേറ്റിംഗ്: 6.20 / 10
കഥ,തിരക്കഥ: 6/10 [എബവ് ആവറേജ്]
സംവിധാനം: 6/10 [എബവ് ആവറേജ്]
സാങ്കേതികം: 3.5/5 [ഗുഡ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍  18.5/30 [6.20/10]


കഥ, തിരക്കഥ, സംവിധാനം: സുനില്‍ ഇബ്രാഹിം
സംഭാഷണങ്ങള്‍: എം.ആര്‍. വിബിന്‍, സുനില്‍ ഇബ്രാഹിം
നിര്‍മ്മാണം: ഷഫീര്‍ സേട്ട്
ബാനര്‍: കുര്‍ബാന്‍ ഫിലിംസ്, ക്യാമ്പസ്‌ ഓക്സ്
ചായാഗ്രഹണം:കൃഷ്‌ കൈമള്‍
ചിത്രസന്നിവേശം:വി. സാജന്‍
ഗാനരചന:റഫീക്ക് അഹമ്മദ്, എം.ആര്‍. വിബിന്‍
സംഗീതം:മെജോ ജോസഫ്
പശ്ചാത്തല സംഗീതം:മെജോ ജോസഫ്
കലാസംവിധാനം:ജോതിഷ് ശങ്കര്‍
മേക്കപ്പ്:രഞ്ജിത്ത് അമ്പാടി
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: രമ്യ മുവീസ് റിലീസ്

1 comment: