23 Dec 2012

ഡാ തടിയാ - പ്രകാശം പരന്നു, പ്രേക്ഷകര്‍ ചിരിച്ചു, മേഘരൂപനായി തടിയന്‍ ജനഹൃദയങ്ങളിലേക്ക്...6.80/10

ഡാ തടിയാ എന്ന് ഒരു തവണ പോലും ജീവിതത്തില്‍ വിളികേള്‍ക്കാത്ത തടിയന്മാരുണ്ടാവില്ല. കാരണം, സ്വഭാവമായാലും പെരുമാറ്റമായാലും തടിയുള്ളവര്‍ മറ്റുള്ളവരിലില്‍ നിന്നും ഏറെ വ്യതസ്ത പുലര്‍ത്തുന്നവണ്. അവരുടെ ശരീരത്തിലുള്ള വലുപ്പം പോലെ, മനസ്സും ചിന്തയും വളരെ വലുതാണ്‌ എന്നാണു ഈ സിനിമയിലൂടെ ആഷിക് അബുവും കൂട്ടരും പ്രേക്ഷകരോട് പറയുന്നത്. 140 കിലോ തൂക്കമുള്ള ലുക്കാ ജോണ്‍ പ്രകാശ് എന്ന ലൂക്കാച്ചനാണ് ഡാ തടിയായിലെ നായകന്‍. പ്രകാശ്‌ കോണ്‍ഗ്രസ്‌ എന്ന രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിച്ച അന്തരിച്ച പ്രകാശിന്റെ കൊച്ചുമകനാണ് ലൂക്കാ. ലൂക്കാച്ചന്റെ ഭക്ഷണ കാര്യത്തിലും ജീവിതത്തിലും ത്രിപ്ത്തരല്ലാത്ത മാതാപിതാക്കള്‍, ഒട്ടുമിക്ക ദിവസങ്ങളിലും ലൂക്കച്ചനെ ശകാരിക്കുമായിരുന്നു. ആ വീട്ടില്‍ ലൂക്കാച്ചനെ സ്നേഹിച്ചിരുന്നത് അമ്മുമ്മയും, ഷഡി എന്ന വിളിപെരുള്ള അച്ഛന്റെ അനുജന്റെ മകന്‍ സണ്ണിയുമാണ്

വലിയ മനസ്സിന്റെ ഉടമയായ ലൂക്കാച്ചന്റെ സന്തത സഹചാരിയാണ് സണ്ണി. ചെറുപ്പം മുതലേ അവന്‍ കാട്ടികൂട്ടുന്ന വിക്രിയകളില്‍ നിന്നും അവനെ രക്ഷിക്കുന്നത് ലൂക്കാച്ചനാണ്. അവര്‍ വളര്‍ന്നു വലുതായപോഴും സ്ഥിതി മറിചൊന്നുമല്ല. ബാല്യകാലസഖി ആയിരുന്ന ആന്‍ മേരി താടിക്കാരന്‍ ഒരിക്കല്‍ ലൂക്കാച്ചനെ തേടി വരുന്നതോടെ വര്‍ഷങ്ങള്‍ക്കു മുമ്പ് തോന്നിയ പ്രണയം വീണ്ടും തോന്നുന്നു. ചെറുപ്പത്തില്‍ തടിച്ചും ഇപ്പോള്‍ മെലിഞ്ഞും ഇരിക്കുന്ന ആന്‍, ലൂക്കാച്ചനോട് തടി കുറയ്ക്കാന്‍ ആവശ്യപെടുന്നു. അങ്ങനെ, ആന്‍ മേരിയുടെ നിര്‍ദേശ പ്രകാരം ലൂക്കാച്ചന്‍ നിര്‍ണ്ണായകമായ പല തീരുമാനങ്ങളും എടുക്കുന്നു. തുടര്‍ന്ന്, ലൂക്കാച്ചന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളും, അതില്‍ നിന്നും വലിയ മനസ്സിന്റെ ഉടമയായ ലൂക്കാച്ചന്‍ രക്ഷപെട്ടു ജനഹൃദയങ്ങളില്‍ സ്ഥാനമുറപ്പിക്കുന്നതുമാണ് ഈ സിനിമയുടെ കഥ.

ആന്റോ ജോസഫ് ഫിലിം കമ്പനിയ്ക്ക് വേണ്ടി ആന്റോ ജോസഫ് നിര്‍മ്മിച്ച്‌, ആഷിക് അബു സംവിധാനം ചെയ്ത ഡാ തടിയാ എന്ന സിനിമയില്‍ പുതുമുഖം ശേഖര്‍ മേനോനാണ് തടിയനായി അഭിനയിക്കുന്നത്. 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയുടെ രചയ്താക്കളായ ശ്യാം പുഷ്ക്കരന്‍, ദിലീഷ് നായര്‍, അഭിലാഷ് കുമാര്‍ എന്നിവരാണ് ഈ സിനിമയുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. ചായാഗ്രഹണം - ഷൈജു ഖാലിദ്‌, ചിത്രസന്നിവേശം - മനോജ്‌, ഭവന്‍ ശ്രീകുമാര്‍, സംഗീതം - ബിജിബാല്‍, കലാസംവിധാനം - ബാവ, ശബ്ദമിശ്രണം - ഡാന്‍ ജോസ്, മേക്കപ്പ് - റഹീം കൊടുങ്ങല്ലൂര്‍, ജിമേഷ്, വസ്ത്രാലങ്കാരം - സമീറ സനീഷ്.

കഥ,തിരക്കഥ: ഗുഡ് 
പുതുമകള്‍ മാത്രം കാണുവാന്‍ ആഗ്രഹിക്കുന്ന ഇന്നത്തെ തലമുറയിലെ ചെറുപ്പകാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കികൊണ്ട്‌ തിരക്കഥയും സംഭാഷണങ്ങളും എഴുതുന്ന രചയ്തക്കളാണ് ശ്യാം പുഷ്കരനും, ദിലീഷ് നായരും, അഭിലാഷ് കുമാറും. വലിയ പ്രത്യേകതകള്‍ ഒന്നുമില്ലാത്ത കഥയാണ് ഈ സിനിമയുടെതെങ്കിലും, പുതുമ നിറഞ്ഞ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും പ്രേക്ഷകരെ ആസ്വദിപ്പിക്കുന്നുണ്ട്. എച്ചുകെട്ടില്ലാത്ത രംഗങ്ങളും, സത്യസന്ധമായ നര്‍മ്മവും ഈ സിനിമയെ പ്രേക്ഷകരോട് കൂടുതല്‍ അടുപ്പിക്കുന്നു. പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത വഴികളിലൂടെ സഞ്ചരിക്കുന്ന കഥയാണ് ഈ സിനിമയുടേതു. അത് തന്നെയാണ് ഈ സിനിമയുടെ പുതുമയും. തടിയന്മാര്‍ അനുഭവിക്കുന്ന മാനസിക പ്രശനങ്ങളിലേക്ക് മാത്രം കഥ ഒതുക്കാതെ, രാഷ്ട്രീയത്തിലെ ചില ഉള്ളുകളിലും ആക്ഷേപ ഹാസ്യത്തിലൂടെ പറഞ്ഞുപോകാനും രചയ്താക്കള്‍ മറക്കുന്നില്ല.അതുപോലെ, ഔഷദ മരുന്നകള്‍ വിറ്റഴിയാന്‍ പരസ്യങ്ങളിലൂടെ പ്രേക്ഷകരെ വഞ്ചിക്കുന്നതും ആക്ഷേപ ഹാസ്യത്തിലൂടെ ഈ സിനിമയില്‍ ചര്‍ച്ചചെയുന്നു. ശ്യാമിനും, ദിലീഷിനും, അഭിലാഷിനും അഭിനന്ദനങ്ങള്‍!

സംവിധാനം: ഗുഡ്
ഇന്നത്തെ സിനിമ പ്രേമികളുടെ പള്‍സ്‌ അറിഞ്ഞ സംവിധായകരില്‍ ഒരാളാണ് ആഷിക് അബു. അദ്ദേഹത്തിന്റെ മുന്‍കാല സിനിമകളായ സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍, 22 ഫീമെയില്‍ കോട്ടയം എന്നീ സിനിമകളിലൂടെ തെളിയിച്ചതാണ് മേല്പറഞ്ഞ വസ്തുത. ഡാ തടിയാ എന്ന സിനിമയില്‍ എത്തിനില്‍ക്കുന്ന സംവിധായകന്‍ ഇത്തവണെയും പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിക്കുന്നില്ല. രസകരമായി വികസിക്കുന്ന കഥ പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കാതെ മുമ്പോട്ടു കൊണ്ടുപോകാന്‍ ആഷികിനു കഴിഞ്ഞു. സിനിമയുടെ രണ്ടാം പകുതിയുടെ അവസാനം നായകനും വില്ലനും തമ്മിലുള്ള സംഘട്ടന രംഗങ്ങള്‍ അവിശ്വസനീയമായി അനുഭവപെട്ടു എന്നതും, രണ്ടാം പകുതിയിലെ ചില രംഗങ്ങള്‍ വലിച്ചുനീട്ടിയതായും അനുഭവപെട്ടു. ആദ്യപകുതി 45 മിനിട്ടുകള്‍ക്കുള്ളില്‍ അവസാനികുകയും, രണ്ടാം പകുതി 1 മണിക്കൂര്‍ 15 മിനുറ്റ് നീണ്ട നിന്നതും ചിത്രസന്നിവേശകന്റെ അശ്രദ്ധയാണോ, അതോ സംവിധായകന്റെ തീരുമാനമാണോ എന്നറിയില്ല. ഈ കാരണം കൊണ്ടാണ് രണ്ടാം പകുതി വലിച്ചുനീട്ടിയതായി തോന്നിയത്. പ്രകാശം പരന്നതിനും, പ്രേക്ഷകര്‍ ചിരിച്ചതിനും, മേഘരൂപനായി തടിയന്‍ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയത്തിനും സംവിധാന മികവു തന്നെ. ആഷികിനും അഭിനന്ദനങ്ങള്‍! 

സാങ്കേതികം: ഗുഡ്
മനോഹരമായ ഫ്രെയിമുകള്‍ ഒരുക്കി ഈ സിനിമയെ ഹൃദ്യമായ ഒരു അനുഭവമാക്കി മാറ്റിയതിന്റെ കഴിവ് ഷൈജു ഖാലിദ് എന്ന ചായഗ്രഹകന്റെതാണ്. സിനിമയിലെ ഫ്ലാഷ് ബാക്ക് രംഗങ്ങള്‍ ചിത്രീകരിച്ചതും പുതുമയോടെയാണ്. ഷൈജു പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സന്നിവേശം ചെയ്തത് മനോജും, ഭവന്‍ ശ്രീകുമാറും ചേര്‍ന്നാണ്. രണ്ടാം പകുതി എന്തുകൊണ്ടാണ് കൂടുതല്‍ സമയം നീട്ടിയത് എന്ന് മനസിലാകുന്നില്ല. രണ്ടാം പകുതിയില്‍ പ്രേക്ഷര്‍ക്കു ഒരല്പം ബോറടിച്ചതിന്റെ കാരണവും ഇത് തന്നെയാണ്. വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, ആര്‍.വേണുഗോപാല്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്ക്കിയത് ബിജിബാലാണ്. മേലെ മോഹവാനം, എന്താണ് ഭായ് എന്നീ ഗാനങ്ങള്‍ കേള്‍ക്കാന്‍ രസമുള്ളവയാണ്. ഇത് കൂടാതെ ഇന്നത്തെ തലമുറയെ ആകര്‍ഷിക്കുവാന്‍ വേണ്ടിയുള്ള രാഷ്ട്രീയ ഗാനവും, സിനിമയുടെ ആദ്യമുള്ള പഞ്ചാരപാട്ടും പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാകുന്നുണ്ട്. ഈ സിനിമയെ ഹൃദ്യമായ അനുഭാവമാക്കി മാറ്റുന്നതില്‍ പ്രധാന പങ്കു വഹിച്ച വ്യക്തിയാണ് ബിജിബാല്‍. മനസ്സിന് കുളിര്‍മ നല്‍ക്കുന്ന പശ്ചാത്തല സംഗീതം ഓരോ രംഗങ്ങള്‍ക്കും പുതിയ ഒരു ഉണര്‍വ് നല്‍ക്കി. അതുപോലെ തന്നെ, സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്ത ഓരോ വ്യക്തിയും മികവു പുലര്‍ത്തി.

അഭിനയം: എബവ് ആവറേജ്
ശേഖര്‍ മേനോന്‍, ശ്രീനാഥ് ഭാസി, നിവിന്‍ പോളി, ആന്‍ അഗസ്റ്റിന്‍, അരുന്ധതി നാഗ്, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, ശ്രീരാമന്‍, കുഞ്ചന്‍, വിനയ് ഫോര്‍ട്ട്‌, ജയരാജ് വാരിയര്‍, എന്‍.എല്‍.ബാലകൃഷ്ണന്‍, മജീദ്‌, ജോസ്മോന്‍, തേസ്നി ഖാന്‍ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. ആഷിക് അബു കണ്ടെത്തിയ ശേഖര്‍ മേനോന്‍ ഈ സിനിമയിലെ തടിയന്റെ വേഷം ചെയ്യുവാന്‍ അനിയോജ്യനായ നടന്‍ തന്നെയാണ്. ഒരുപാട് അഭിനയ സാധ്യതകള്‍ ഒന്നുമില്ലാത്ത കഥാപാത്രം മോശമക്കാതെ അഭിനയിക്കുവാന്‍ ശേഖറിന് സാധിച്ചു. മറ്റൊരു പ്രധാന കഥാപാത്രം അവതരിപ്പിച്ചത് ശ്രീനാഥ് ഭാസിയാണ്. തന്മയത്ത്വോടെ ആ കഥാപാത്രം അവതരിപ്പിക്കുവാന്‍ ശ്രീനാഥിനും സാധിച്ചു. മറ്റൊരു എടുത്തു പറയേണ്ട പ്രകടനം കാഴ്ചവെച്ചത് നിവിന്‍ പോളിയാണ്. ഒരല്പം സസ്പെന്‍സ് നിറഞ്ഞ വേഷമായത് കൊണ്ട് നിവിന്‍ അവതരിപ്പിച്ച രാഹുല്‍ വൈദ്യര്‍ എന്ന കഥാപാത്രത്തെ കുറിച്ച് ചര്‍ച്ചചെയ്യുന്നില്ല. അരുന്ധതി നാഗാണ് ലൂകാച്ചന്റെ അമ്മുമ്മയുടെ വേഷം അഭിനയിച്ചത്. അരുന്ധതിയും അവരുടെ കഥാപാത്രം മികവുറ്റതാക്കി. ശ്രീരാമനും, കുഞ്ചനും, മണിയന്‍പിള്ള രാജുവും, വിനയ് ഫോര്‍ട്ടും അവരവരുടെ രംഗങ്ങള്‍ രസകരമാക്കി. നായികയായി അഭിനയിച്ച ആന്‍ അഗസ്റ്റിനൊഴിച്ചാല്‍ മറ്റെല്ലാവരും അവരവുടെ രംഗങ്ങള്‍ മോശമക്കാതെ അഭിനയിച്ചു.



സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.അഭിനേതാക്കളുടെ കഥാപാത്ര രൂപികരണം
2.ആഷിക് അബുവിന്റെ സംവിധാനം 
3.തിരക്കഥ, സംഭാഷണങ്ങള്‍
4.ചായാഗ്രഹണം
5.പാട്ടുകള്‍, പശ്ചാത്തല സംഗീതം
6.ശ്രീനാഥ് ഭാസി, നിവിന്‍ പോളി എന്നിവരുടെ അഭിനയം

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.ക്ലൈമാക്സ് സംഘട്ടന രംഗങ്ങള്‍
2.ആന്‍ അഗസ്റ്റിന്റെ അഭിനയം 

ഡാ തടിയാ റിവ്യൂ: പുതുമ നിറഞ്ഞ കഥാസന്ദര്‍ഭങ്ങളിലൂടെ വികസിക്കുന്ന ഡാ തടിയാ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും അതുവഴി നന്മയുടെ പ്രകാശം പരത്തുകയും ചെയുന്നു.

ഡാ തടിയാ റേറ്റിംഗ്: 6.80 / 10
കഥ,തിരക്കഥ: 7/10 [ഗുഡ്]
സംവിധാനം: 7/10 [ഗുഡ്]
സാങ്കേതികം: 3.5/5 [ഗുഡ്]
അഭിനയം: 3/5 [എബവ് ആവറേജ്]
ടോട്ടല്‍ 20.5/30 [6.8/10] 

സംവിധാനം: ആഷിക് അബു
കഥ,തിരക്കഥ,സംഭാഷണം:ശ്യാം പുഷ്ക്കരന്‍, ദിലീഷ് നായര്‍, അഭിലാഷ് കുമാര്‍
നിര്‍മ്മാണം: ആന്റോ ജോസഫ്
ബാനര്‍: ആന്റോ ജോസഫ് ഫിലിം കമ്പനി
ചായാഗ്രഹണം: ഷൈജു ഖാലിദ്‌
ചിത്രസന്നിവേശം: മനോജ്‌, ഭവന്‍ ശ്രീകുമാര്‍
ഗാനരചന: വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, ആര്‍.വേണുഗോപാല്‍
സംഗീതം: ബിജിബാല്‍
കലാസംവിധാനം: ബാവ
ശബ്ദമിശ്രണം: ഡാന്‍ ജോസ്
മേക്കപ്പ്: റഹീം കൊടുങ്ങല്ലൂര്‍, ജിമേഷ്
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: ആന്‍ മെഗാ മീഡിയ

No comments:

Post a Comment