25 Dec 2012

ബാവൂട്ടിയുടെ നാമത്തില്‍ - മമ്മൂട്ടിയുടെ നാമത്തില്‍ കണ്ടിരിക്കാവുന്ന സിനിമ 5.30/10

പ്രാഞ്ചിയേട്ടന്‍ ആന്‍ഡ്‌ ദി സെയിന്റ് എന്ന സിനിമയ്ക്ക് ശേഷം രഞ്ജിത്തിന്റെ തിരക്കഥയില്‍ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ബാവൂട്ടിയുടെ നാമത്തില്‍ സംവിധാനം ചെയ്തിരിക്കുന്നത് ജി.എസ്.വിജയനാണ്. രഞ്ജിത്തിന്റെ നിര്‍മ്മാണ കമ്പനിയായ ക്യാപിറ്റല്‍ തിയറ്ററിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ബാവൂട്ടിയുടെ നാമത്തിലിന്റെ കഥയും, തിരക്കഥയും, സംഭാഷണങ്ങളും എഴുതിയിരിക്കുന്നതും രഞ്ജിത്താണ്. രഞ്ജിത്തിന്റെ ശിഷ്യന്‍ കൂടിയായ ശങ്കര്‍ രാമകൃഷ്ണന്‍, കാവ്യ മാധവന്‍, വിനീത്, കനിഹ, റീമ കല്ലിങ്കല്‍, ഹരിശ്രീ അശോകന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ബിസിനെസുകാരനായ സേതുമാധവന്റെ വിശ്വസ്തനായ ഡ്രൈവറാണ് ബാവൂട്ടി. ഭാര്യ വനജയും, രണ്ടു കുഞ്ഞുങ്ങളും താമസിക്കുന്ന സേതുവിന്‍റെ വീട്ടില്‍, ബാവൂട്ടിയ്ക്ക് പൂര്‍ണ സ്വാന്തത്ര്യമാണുള്ളത്. സേതുവിന്‍റെ ബിസിനെസ്സുകളില്‍ ഒന്നായ സ്ഥലകച്ചവടത്തിലെ ഭാഗ്യചിന്നമാണ് ബാവൂട്ടി. സേതുവിന്‍റെ വീട്ടിലെ എല്ലാവരും ബാവൂട്ടിയെ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് കരുതുന്നത്. സേതുവിനും വനജയ്ക്കും കുട്ടികള്‍ക്കും ഏതാവശ്യത്തിനും ബാവൂട്ടി കൂടെ വേണം. അനാഥനായ ബാവൂട്ടിയ്ക്ക് സേതുവും കുടുംബവും, ഉറ്റചങ്ങാതി അലവിയും മാത്രമാണ് സ്വന്തക്കാരയുള്ളത്. എല്ലാവരെയും മനസ്സറിഞ്ഞു സഹായിക്കുന്ന, അബദ്ധങ്ങളില്‍ ചെന്ന് ചാടുന്നവര്‍ക്ക് വഴിക്കാട്ടിയായി നില്‍ക്കുന്ന എല്ലാവരുടെയും പ്രിയപ്പെട്ട വ്യക്തിയാണ് ബാവൂട്ടി. ഒരിക്കല്‍, സേതുവിന്റെയും വനജയുടെയും ജീവിതത്തെ സാരമായി ബാധിച്ചേക്കാവുന്ന ഒരു വിപത്തില്‍ നിന്നും ബാവൂട്ടി അവരെ രക്ഷിക്കുന്നതാണ് ഈ സിനിമയുടെ കഥ.

കഥ,തിരക്കഥ: ആവറേജ്
ജോണി വാക്കര്‍, നീലഗിരി, വല്യേട്ടന്‍, നസ്രാണി എന്നീ മമ്മൂട്ടി സിനിമകള്‍ക്ക്‌ വേണ്ടിയാണ് രഞ്ജിത്ത് ഇതിനു മുമ്പ് രചന മാത്രം നിര്‍വഹിച്ചിട്ടുള്ളത്. മേല്പറഞ്ഞ സിനിമകളില്‍ നിന്നും ഏറെ വ്യതസ്തമായ കഥയാണ് ബാവൂട്ടിയുടെ നാമത്തിലിനു വേണ്ടി രഞ്ജിത്ത് എഴുതിയിരിക്കുന്നത്. കണ്ടുമടുത്തതും പ്രവചിക്കനാവുന്നതുമായ കഥയാണ് രഞ്ജിത്ത് എഴുതിയതെന്നു അദേഹത്തിന് തന്നെ ബോധ്യമായത് കൊണ്ടാണോ, ഒരു മുന്‍ക്കൂര്‍ ജാമ്യമെന്ന പോലെ സിനിമയുടെ പോസ്റ്ററുകളില്‍ "പരിചിത ജീവിതങ്ങളുടെ കഥയെങ്ങനെ പുതിയ കഥയാകും" എന്നെഴുതിയത്? രഞ്ജിത്ത് എഴുതിയ കഥ എപ്പോഴും വ്യതസ്തമായിരിക്കും എന്ന പ്രതീക്ഷയോടെ സിനിമ കാണാന്‍ പോകുന്നവര്‍ ഈ സിനിമയുടെ കാര്യത്തില്‍ നിരാശരാകേണ്ടി വരും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മലയാള സിനിമകള്‍ കണ്ടുവരുന്ന ഏതൊരു പ്രേക്ഷകനും ഈ സിനിമയിലെ കഥയും കഥാഗതിയും കഥാപാത്രങ്ങളും പ്രവചിക്കാനവുന്നതാണ്. ഈ കുറവുകളൊക്കെ പ്രേക്ഷകര്‍ മറക്കുന്നത് ഈ സിനിമയിലെ സത്യസന്ധമായ ചില നര്‍മ്മമുഹൂര്‍ത്തങ്ങളും, സംഭാഷണങ്ങളും, നടീനടന്മാരുടെ അഭിനയം കാരണമാണ്. പുതുമയില്ലാത്ത കഥാസന്ദര്‍ബങ്ങളെ പലപ്പോഴും രക്ഷിക്കുന്നത് ആ രംഗങ്ങളിലെ സംഭാഷണങ്ങളാണ്. മലപ്പുറം ഭാഷ സംസാരിക്കുന്ന ബാവൂട്ടിയും നീലേശ്വരം ഭാഷ സംസാരിക്കുന്ന വനജയും ഏറെ പുതുമയും നര്‍മ്മവും നല്‍കുന്നുണ്ട്. ലളിതമായ ഒരു കഥയാണെങ്കിലും, ജീവിതഗന്ധിയായ സംഭാഷണങ്ങളും, ക്ലൈമാക്സില്‍ കഥ അവസാനിപ്പിച്ച രീതിയുമൊക്കെ പ്രേക്ഷകര്‍ സ്വീകരിക്കുനുണ്ട്. പ്രാഞ്ചിയേട്ടന് ശേഷം ശക്തമായൊരു കഥാപാത്രം മമ്മൂട്ടിക്ക് നല്‍ക്കി അദ്ദേഹത്തെ രഞ്ജിത്ത് രക്ഷപെടുത്തിയെങ്കിലും, സമീപകാലത്തിറങ്ങിയ രഞ്ജിത്ത് സിനിമകളുടെ തിരക്കഥയുമായി താരതമ്യം ചെയ്യുമ്പോള്‍, ഏതൊരു രഞ്ജിത്ത് ആരധകനെയും ഈ സിനിമ നിരാശപെടുത്തും. 

സംവിധാനം: ആവറേജ്
മമ്മൂട്ടി-റഹ്മാന്‍ എന്നിവര്‍ അഭിനയിച്ച ചരിത്രം എന്ന സിനിമയിലൂടെയാണ് ജി.എസ്.വിജയന്‍ മലയാള സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് ശ്രീനിവാസന്‍-സുരേഷ് ഗോപി ടീമിന്റെ ആനവാല്‍ മോതിരം, അന്തരിച്ച നടി മോനിഷയുടെ അവസാന സിനിമ ചെപ്പടിവിദ്യ, സായികുമാറിന്റെ ഘോഷയാത്ര, സുരേഷ് ഗോപിയുടെ സാഫല്യം, സുരേഷ് ഗോപി-തബു എന്നിവര്‍ അഭിനയിച്ച കവര്‍ സ്റ്റോറി എന്നീ സിനിമകള്‍ സംവിധാനം ചെയ്ത ജി.എസ്.വിജയന്‍ 12 വര്‍ഷങ്ങള്‍ക്കു ശേഷം സംവിധാനം ചെയ്ത സിനിമയാണ് ബാവൂട്ടിയുടെ നാമത്തില്‍. കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ സിനിമകള്‍ സംവിധാനം ചെയ്യുവാന്‍ ഇഷ്ടമുള്ള ജി.എസ്.വിജയനു ലഭിച്ച ലോട്ടറിയാകുമായിരുന്നു രഞ്ജിത്തിന്റെ തിരക്കഥ. രഞ്ജിത്തിന്റെ മുന്‍കാല സിനിമകളായ തിരക്കഥ മുതല്‍ സ്പിരിറ്റ്‌ വരെ ഓരോന്നിലും ഓരോ സന്ദേശമുണ്ടായിരുന്നു. സമൂഹത്തിനുള്ള അത്തരം സന്ദേശങ്ങളടങ്ങുന്ന കഥകള്‍ രഞ്ജിത്തിന്റെ തൂലികയില്‍ വിരിയുമ്പോള്‍...അത് വന്‍വിജയങ്ങളായിരുന്നു. ബാവൂട്ടിയുടെ നാമത്തിലിന്റെ കാര്യത്തില്‍ വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങള്‍ രചിച്ചു എന്നല്ലാതെ യാതൊരു സന്ദേശവും സമൂഹത്തിനു ഈ സിനിമയിലൂടെ നല്‍കുന്നില്ല. രഞ്ജിത്ത് എഴുതി വെച്ച കഥാസന്ദര്‍ഭങ്ങള്‍ ചിത്രീകരിച്ചു എന്നല്ലാതെ സംവിധായകന്‍ എന്ന നിലയില്‍ ജി.എസ്.വിജയന്‍ മറ്റൊന്നും ചെയ്തിട്ടില്ല. സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്യുന്നവരെയും പൂര്‍ണമായി പ്രയോജനപെടുത്തുവാന്‍ സംവിധായകന് സാധിച്ചിട്ടില്ല.

സാങ്കേതികം: ആവറേജ്
മനോജ്‌ പിള്ളയാണ് ഈ സിനിമയ്ക്ക് വേണ്ടി ദ്രിശ്യങ്ങള്‍ പകര്‍ത്തിയത്. ഏറെ പുതുമകളൊന്നും അവകാശപെടാനില്ലാത്ത രീതിയില്‍ തരക്കേടില്ലാതെ ദ്രിശ്യങ്ങള്‍ പകര്‍ത്തുവാന്‍ മനോജ്‌ പിള്ളയ്ക്ക് സാധിച്ചിട്ടുണ്ട്. മനോജ്‌ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സന്നിവേശം ചെയ്തത് രഞ്ജന്‍ അബ്രഹാമാണ്. ഓരോ രംഗങ്ങളും കൃത്യമായ രീതിയില്‍ സന്നിവേശം ചെയ്തിട്ടുണ്ട് രഞ്ജന്‍ എബ്രഹാം.റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് സംഗീതം നല്ക്കിയത് ഷഹബാസ് അമ്മനാണ്. ഇവര്‍ ചേര്‍ന്ന് ഒരുക്കിയ പാട്ടുകള്‍ ശരാശരിയില്‍ താഴെ നിലവാരം പുലര്‍ത്തുന്നവയും മനസ്സില്‍ തങ്ങിനില്ക്കുന്നവയും അല്ല.

അഭിനയം: ഗുഡ്
ബാവൂട്ടിയെ തികഞ്ഞ ആത്മാര്‍ത്ഥയോടെ അഭിനയിച്ചു കയ്യടി നേടുവാന്‍ മമ്മൂട്ടിക്ക് സാധിച്ചു. മലപ്പുറം ഭാഷ ഉപയോഗിക്കുന്ന കാര്യത്തിലും, സാധാരണക്കാരന്റെ നിഷ്കളംഗതയുള്ള മുഖഭാവം അഭിനയത്തില്‍ കൊണ്ടുവരാനും മമ്മൂട്ടിയ്ക്ക് കഴിഞ്ഞു. മറ്റൊരു എടുത്തു പറയേണ്ട പ്രശംസിക്കേണ്ട പ്രകടനം കാഴ്ചവെച്ചത് കാവ്യ മാധവനാണ്. കാസര്‍ക്കോട് ജില്ലയിലുള്ള മലയാള ഭാഷ സംസാരിക്കുന്ന, നീലേശ്വരം എന്ന സ്ഥലത്ത് ജനിച്ചു വളര്‍ന്ന തനി നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തില്‍ കാവ്യാ മാധവന്‍ നന്നായി അഭിനയിച്ചു. സ്പിരിറ്റിനു ശേഷം ശങ്കര്‍ രാമകൃഷ്ണന് ലഭിച്ച നല്ല വേഷമാണ് ഈ സിനിമയിലെ സേതുമാധവന്‍. ക്ലൈമാക്സ് രംഗങ്ങളില്‍ ഭാര്യയോടു ചൂടാവുന്ന രംഗമോഴികെ, സിനിമയില്‍ ഉടനീളം നല്ല പ്രകടനം ശങ്കര്‍ കാഴ്ച്ചവെചിട്ടുണ്ട്. മലയാള സിനിമയില്‍ ഇന്നുവരെ അഭിനയിച്ചതില്‍ ഏറ്റവും വ്യതസ്തമായൊരു വേഷത്തിലാണ് വിനീത് ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ കനിഹ, റീമാ കല്ലിങ്കല്‍, ഹരിശ്രീ അശോകന്‍, അരുണ്‍ നാരായണന്‍, കോട്ടയം നസീര്‍, മോഹന്‍ ജോസ്, സുധീഷ്‌, സുധീര്‍ കരമന, അഗസ്റ്റിന്‍, ആശ, ലെന എന്നിവരും അഭിനയിച്ചിട്ടുണ്ട് ഈ സിനിമയില്‍. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.മമ്മൂട്ടി, കാവ്യാ മാധവന്‍ എന്നിവരുടെ അഭിനയം
2.കഥാഗതിയും സംഭാഷണങ്ങളും
3.അതിശയോക്തി ഇല്ലാത്ത രംഗങ്ങള്‍
4.ക്ലൈമാക്സ്

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.മൂലകഥ
2.പ്രവചിക്കാനാവുന്ന കഥാസന്ദര്‍ഭങ്ങള്‍
3.പാട്ടുകള്‍

ബാവൂട്ടിയുടെ നാമത്തില്‍ റിവ്യൂ: കുടുംബത്തിനൊപ്പം കണ്ടിരിക്കാവുന്ന സിനിമ എന്ന രീതിയില്‍ കുടുംബങ്ങളെയും, പ്രാഞ്ചിയേട്ടന് ശേഷം മമ്മൂട്ടിയ്ക്ക് ലഭിച്ച മികവുറ്റ കഥാപാത്രമുള്ള സിനിമ എന്ന രീതിയില്‍ ആരാധകരെയും ബാവൂട്ടിയുടെ നാമത്തില്‍ ത്രിപ്തിപെടുത്തുന്നു.

ബാവൂട്ടിയുടെ നാമത്തില്‍ റേറ്റിംഗ്: 5.30/10
കഥ,തിരക്കഥ: 5/10 [ആവറേജ്]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 2.5/5 [ആവറേജ്]
അഭിനയം: 3.5/5 [ഗുഡ്]
ടോട്ടല്‍ 16/30 [5.3/10]

സംവിധാനം: ജി.എസ്.വിജയന്‍
കഥ,തിരക്കഥ,സംഭാഷണം,നിര്‍മ്മാണം: രഞ്ജിത്ത്
ബാനര്‍: ക്യാപിറ്റല്‍ തിയറ്റര്‍
ചായാഗ്രഹണം: മനോജ്‌ പിള്ള
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം
വരികള്‍: റഫീക്ക് അഹമ്മദ്
സംഗീതം: ഷഹബാസ് അമ്മന്‍
കലാസംവിധാനം:സന്തോഷ്‌ രാമന്‍
വസ്ത്രാലങ്കാരം: സമീറ സനീഷ്
മേക്കപ്പ്:റോനെക്സ് സേവ്യര്‍
വിതരണം:സെവന്‍ ആര്‍ട്സ് റിലീസ്

3 comments:

 1. Super analysis! As author rightly said, Bavootty is a a good one time watch for families and mammootty fans. Waiting for your Karmayodha review...

  ReplyDelete
 2. ഈ സിനിമയില്‍ സന്ദേശം ഇല്ല എന്നൊക്കെ പറയുന്നത് സിനിമ ശരിക്കും കാണാത്തത് കൊണ്ടാണ്. അക്രമ രാഷ്ട്രീയത്തിന് എതിരെ ശക്തമായൊരു സന്ദേശം നല്‍ക്കാന്‍ സിനിമ ശ്രമിക്കുന്നുണ്ട്. അക്രമവും അനീതിയും ഒന്നിനും പരിഹാരം അല്ല, സ്നേഹമാണ് നന്മയിലേക്കുള്ള വഴിയെന്നു പറഞ്ഞാണ് രഞ്ജിത്ത് സിനിമ അവസാനിപ്പിക്കുന്നത്. (എല്ലാം കുപ്പിയില്‍ ആക്കി വായില്‍ ഒഴിച്ച് തരണം എന്ന് പറഞ്ഞാല്‍ വല്യ പാടാണേ)

  ReplyDelete
  Replies
  1. @ Mr.Suresh Kumar E Karichery,

   അക്രമ രാഷ്ട്രീയത്തിനെതിരെ എന്ത് സന്ദേശം നല്ക്കുന്നതായാണ് താങ്ങള്‍ക്ക്‌ തോന്നിയത്? ഈ സിനിമയിലെ ഏതു രംഗമാണ് അതിനു ഉദാഹരണമായി താങ്ങള്‍ക്ക്‌ പറയുവാനുള്ളത്? രാജീവ്‌ അഞ്ചല്‍ സംവിധാനം ചെയ്ത ഗുരു, സുരേഷ് ഗോപിയുടെ ഭാരതീയം, സത്യന്‍ അന്തിക്കാടിന്റെ സമൂഹം എന്നീ സിനിമകളൊക്കെ താങ്കള്‍ പറഞ്ഞത് പോലെ അക്രമ രാഷ്ട്രീയം തെറ്റാണ് എന്ന സന്ദേശം നല്‍ക്കുന്ന സിനിമകളാണ്. ഒരുപാട് നന്മയുള്ള ബാവൂട്ടി ചെയ്യുന്ന ഉപകാരങ്ങള്‍ ഏതു തരത്തിലാണ് താങ്ങള്‍ക്ക്‌ അക്രമ രാഷ്ട്രീയത്തിനെതിരായ സന്ദേശമായി തോന്നിയത്? താങ്കള്‍ പറഞ്ഞത് ശരിയാണ്. താങ്കളെ പോലുള്ള ചില ആളുകള്‍ക്ക് സിനിമയുടെ കഥ കുപ്പിയിലാക്കി വായില്‍ ഒഴിച്ച് തന്നാലെ കഥയും സന്ദേശവും മനസ്സിലാകുകയുള്ളൂ!

   Delete