16 Sep 2012

ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം - ഭൂപടത്തില്‍ ഇല്ലാത്ത ഒരിടവും ലോകത്തോരിടത്തും സംഭവിക്കാത്ത കഥാസന്ദര്‍ഭങ്ങളും 2.30 / 10

പ്രശസ്ത എഴുത്തുകാരന്‍ സേതുമാധവന്റെ ദേശത്തിന്റെ കഥ എന്ന ചെറുകഥയെ ആസ്പദമാക്കി നവാഗതനായ ജോ ചാലിശ്ശേരിയാണ് ഭൂപടത്തില്‍ ഇല്ലാത്ത ഒരിടത്തിന്റെ തിരക്കഥ രചിച്ചത്. നവാഗതനായ രതീഷ്‌ സുകുമാരനാണ്  സംഭാഷണങ്ങള്‍ എഴുതിയതു. തിരക്കഥകൃത്ത് ജോ ചാലിശേരിയാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഡേവിഡ്‌ കാച്ചപ്പിള്ളി നിര്‍മ്മിച്ച ഈ സിനിമയില്‍ ശ്രീനിവാസന്‍, നിവിന്‍ പോളി, ഇനിയ, രാജശ്രീ നായര്‍, സുരാജ് വെഞ്ഞാറമൂട്, നെടുമുടി വേണു, ഇന്നസെന്റ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മാധവന്‍കുട്ടി അധ്യാപകനായി ജോലി ചെയ്യുന്നത് കേരളത്തിലെ ഒരോണംകേറാമൂലയിലാണ്. ആ നാട്ടുവാസികള്‍ക്കെല്ലാം മാധവന്‍കുട്ടി മാഷ്‌ പ്രിയപെട്ടവനാണ്. കവലയിലെ പീടിയുടെ മുകളിലാണ് മാധവന്‍കുട്ടി മാഷ്‌ താമസിക്കുന്നത്. ഭാര്യയും കുട്ടികളും താമസിക്കുന്നത് മറ്റൊരു നാട്ടിലായാതിനാല്‍, തൊട്ടടുത്ത വീട്ടിലെ പെണ്‍കുട്ടി ഭാമയാണ് മാഷിന്റെ വീട്ടിലെ ഭക്ഷണം പാചകം ചെയ്യുന്നത്. മാധവന്‍കുട്ടി മാഷിനു അവള്‍ സ്വന്തം അനുജത്തിയെ പോലെയാണ്. അതെ നാട്ടിലെ തൊഴില്‍രഹിതനായ മുരളിയുമായി ഭാമ അടുപ്പത്തിലായിരുന്നു. മുരളിയും ഭാമയും തമ്മിലുള്ള അടുപ്പം അറിയാവുന്നത് മാധവന്‍കുട്ടി മാഷിനു മാത്രമാണ്. 

ആ നാട്ടിലെ പഞ്ചായത്ത് പ്രസിഡന്റ്‌ എഴുത്തച്ചനും, പ്രതിപക്ഷ നേതാവ് സുഗുണനും തമ്മില്‍ എന്നും പ്രസിഡന്റ്‌ സ്ഥാനത്തെ ചൊല്ലി തകര്‍ക്കമാണ്. അതിനിടയില്‍ ആ നാട്ടില്‍ ഒരു മോഷണം നടക്കുന്നു. ആ കുറ്റം ചെയ്തവരെ പിടികൂടാനായി എഴുത്തച്ചന്‍  പോലീസ് ഉദ്യോഗസ്ഥന്‍ കൂടിയായ അയാളുടെ സുഹൃത്തു ഇടിക്കുളയെ സമീപിക്കുന്നു. ഇരുവരും ചേര്‍ന്ന് കള്ളനെ പിടികൂടാന്‍ സാധിക്കാതെ നാട്ടുകാരുടെ വിമര്‍ശനത്തിനു ഇരകളാകുന്നു. അങ്ങനെയിരിക്കെ എഴുത്തച്ചന്‍ മാധവന്‍കുട്ടി മാഷിനെ സമീപിക്കുകയും കള്ള സാക്ഷി പറയുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അതിനു താല്പര്യമില്ലാത്ത മാഷ് നാടുവിടുന്നു. ഈ പ്രശ്നങ്ങള്‍ക്കിടയില്‍ ആ നാട്ടില്‍ ഒരു കൊലപാതകം നടക്കുന്നു. ഭാമയെ ആരോ പീഡിപ്പിച്ചു കൊല്ലുന്നു. തുടര്‍ന്ന് കഥ വേറൊരു വഴിത്തിരിവിലാകുന്നു. ആരാണ് ഭാമയെ കൊന്നത് എന്നതാണ് ഈ സിനിമയുടെ കഥയും സസ്പെന്‍സും ക്ലൈമാക്സും. മാധവന്‍കുട്ടി മാഷായി ശ്രീനിവാസനും, മുരളിയായി നിവിന്‍ പോളിയും, ഭാമയായി പുതുമുഖം ഇനിയയും, എഴുത്തച്ചനായി നെടുമുടി വേണുവും, ഇടിക്കുളയായി ഇന്നസെന്റും, സുഗുണനായി സുരാജും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: മോശം 
സേതുമാധവന്‍ (സേതു) എഴുതിയ ചെറുകഥ ദേശത്തിന്റെ വിജയം എന്ന ചെറുകഥയുടെ തിരക്കഥ രൂപമാണ് സംവിധായകന്‍ ജോ ചാലിശ്ശേരി എഴുതിയിരിക്കുന്നത്. സമീപകാലത്തിറങ്ങിയ മലയാള സിനിമകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഏറ്റവും മോശം എന്ന് തന്നെ പറയുന്ന ഒന്നാണ് ഈ സിനിമയുടെ തിരക്കഥ. ഒരന്തവും കുന്തവുമില്ലാതെ മുന്നോട്ടു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും അവര്‍ തമിലുള്ള സംഭാഷണങ്ങളും. ശ്രീനിവാസനെയും നെടുമുടി വേണുവിനെയും പോലുള്ള അതുല്യ നടന്മാര്‍ ഇത്തരം പരിതാപകരമായ സിനിമകളില്‍ അഭിനയിക്കുമ്പോള്‍, ഇവരോട് പ്രേക്ഷകര്‍ക്ക്‌ വെറുപ്പാണ് തോന്നുന്നത്. ജോ ചാലിശേരിയുടെ പാഴയിപോയ ഒരു ശ്രമം എന്ന നിലയില്‍ പ്രേക്ഷകര്‍ ജോവിനോട് ക്ഷമിക്കട്ടെ. 

സംവിധാനം: മോശം 
തിരക്കഥയുടെ കാര്യം പറഞ്ഞപോലെയാണ് ജോവിന്റെ സംവിധാന രീതിയും. ലോകത്തൊരിടത്തും സംഭവിക്കാന്‍ സാധ്യതയില്ലാത്ത രീതിയില്‍ ഈ സിനിമയുടെ കഥയും സിനിമയെയും കൊണ്ടെത്തിച്ചത് സംവിധായകന്റെ ഉത്തരവാദിത്വമില്ലായ്മയാണ്. സിനിമ എന്തെന്ന് പോലും മനസ്സിലാക്കാന്‍ ശ്രമിക്കാത്ത സന്തോഷ്‌ പണ്ഡിട്ടിനെ പോലുള്ളവരെ പോലെ മുദ്രകുത്തപെടാന്‍ സ്വയം വഴിയോരുക്കിയിരിക്കയാണ് ഈ പുതുമുഖ സംവിധായകന്‍. 

സാങ്കേതികം: ആവറേജ് 
സമീര്‍ ഹക്ക് ചായാഗ്രഹണം നിര്‍വഹിച്ച ഈ സിനിമയുടെ ലൊക്കേഷനുകള്‍ മാത്രമാണ് ഏക ആശ്വാസം. സമീറിന് നന്ദി! സമീര്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സജിത്ത് ഉണ്ണികൃഷ്ണന്‍ കൂട്ടിയോജിപ്പിച്ചിട്ടുണ്ട്. മോഹന്‍ സിതാര ഈണമിട്ട ഒരു പാട്ടു കേള്‍ക്കാന്‍ ഇമ്പമുള്ളതായിരുന്നു. ഗിരീഷ്‌ മേനോന്റെ കലാസംവിധാനം മികവു പുലര്‍ത്തുന്നു. 

അഭിനയം: ആവറേജ് 
ശ്രീനിവാസന്‍, നിവിന്‍ പോളി, നെടുമുടി വേണു, ഇന്നസെന്റ്, സുരാജ് വെഞ്ഞാറമൂട്, ശശി കലിങ്ക, സുനില്‍ സുഖദ, കൊച്ചുപ്രേമന്‍, രാജശ്രീ നായര്‍, ഇനിയ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍.... ശ്രീനിവാസനും നെടുമുടിയും അവരവരുടെ രംഗങ്ങള്‍ ബോറാക്കിയില്ല. പക്ഷെ ഇന്നസെന്റ് അവതരിപ്പിച്ച കഥാപാത്രം അദേഹത്തിന്റെ ഏറ്റവും മോശം കഥാപാത്രങ്ങളില്‍ ഒന്നാണ്. പരിതാപകരം എന്ന് തന്നെ പറയേണ്ടി വരും. നിവിന്‍ പോളിയും സുരാജും ഒക്കെ സിനിമയുടെ ഒരു ഭാഗം എന്നല്ലാതെ അഭിനയ സാധ്യത ഒന്നുമില്ലാത്ത വേഷങ്ങളാണ് അഭിനയിച്ചിരിക്കുന്നത്. രാജശ്രീയും ഇനിയും നിരാശപെടുത്തിയില്ല.

സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. ലോക്കെഷന്‍സ് 

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. സംവിധാനം 
2. തിരക്കഥ, സംഭാഷണങ്ങള്‍ 
3. ക്ലൈമാക്സ് 
4. ചിത്രസന്നിവേശം 

ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം റിവ്യൂ: ജോ ചാലിശ്ശേരി എന്ന നവാഗത സംവിധായകന്‍ സിനിമയോടുള്ള സ്നേഹംകൊണ്ടാണോ അതോ നിര്‍മ്മാതാവിന്റെ പ്രേരണയിലാണോ ഈ സിനിമ സംവിധാനം ചെയ്യുവാന്‍ തീരുമാനിച്ചത്? പ്രേക്ഷകരോട് എന്തിനീ കൊലവെറി?

ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം റേറ്റിംഗ്: 2.30/10
കഥ, തിരക്കഥ: 1/10 [മോശം]
സംവിധാനം: 1/10 [മോശം]
സാങ്കേതികം: 2.5/5[ആവറേജ്]
അഭിനയം: 2.5/5[ആവറേജ്]
ടോട്ടല്‍ 7 / 30 [2.3/10]

തിരക്കഥ, സംവിധാനം:ജോ ചാലിശ്ശേരി 
കഥ: സേതുമാധവന്‍ 
സംഭാഷണങ്ങള്‍: രതീഷ്‌ സുകുമാരന്‍
നിര്‍മ്മാണം: ഡേവിഡ്‌ കാച്ചപ്പിള്ളി
ചായാഗ്രഹണം: സമീര്‍ ഹക്
ചിത്രസന്നിവേശം: സജിത്ത് ഉണ്ണികൃഷ്ണന്‍ 
വരികള്‍: റഫീക്ക് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
സംഗീതം: മോഹന്‍ സിത്താര 
കലാസംവിധാനം: ഗിരീഷ്‌ മേനോന്‍ 

No comments:

Post a Comment